മാപ്പിളയുടെ വഴി

മാപ്പിള എന്ന പേര് തന്നെ വലിയ ആശയം കരുതിവക്കുന്നുണ്ട്. നല്ല പേരും നിലവാരവും അടയാളപ്പെടുത്തിയ മാപ്പിളയുടെ ചരിത്രം അവിസ്മരണീയമാണ്. തനിക്കുവേണ്ടി ജീവിച്ചപ്പോഴും ജീവിത ഫലങ്ങളെ സമൂഹത്തിലേക്ക് വ്യാപകമായി നീട്ടിവച്ച മാപ്പിളയുടെ സ്‌നേഹ തലങ്ങളെ ആര്‍ക്കും ഒഴിച്ച് നിര്‍ത്താനോ തിരസ്‌കരിക്കാനോ സാധിക്കില്ല. വേഷവും ഭാഷയും സംസ്‌കാരവും ഇത്രമേല്‍ മഹോന്നതമായ ഒരു വിഭാഗം കേരള ചരിത്രത്തില്‍ വേറെ ഇല്ല എന്നത് ഒരു സത്യമാണ്. കേരളത്തില്‍ മറ്റിടങ്ങളില്‍ ഇല്ലാത്തതും കാണാത്തതുമായ ഒട്ടധികം നന്മവിശേഷങ്ങള്‍ ഇവിടെ ഉള്ളതിന്റെ കാരണവും പ്രേരണയും ഈ മാപ്പിളമാര്‍ തന്നെ. മാപ്പിളമാര്‍ മഹാപ്പിള്ളമാര്‍ ആയത് വെറുതെയല്ല. ഈ നാടും ജനതയും അനുഭവിച്ച മാപ്പിളജീവിതം എത്രയും അഭിമാനകരമായത് അവര്‍ പഠിച്ചും ശീലിച്ചും പോന്ന മതപരിസരങ്ങളാണ്. നബി(സ്വ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ഇസ്‌ലാം ദീനിന്റെ വെളിച്ചം സ്വഹാബിമാരിലൂടെ നമ്മുടെ നാട്ടിലെത്തി. അവരും താബിഉകളും ഇവിടെ ദീനിന് നേതൃത്വം നല്‍കി കാവലായി നിലകൊണ്ടു. പൊന്നാനി മഖ്ദൂമുമാരും കോഴിക്കോട് ഖാളിമാരും ഈ വഴിക്ക് ജാഗ്രതയോടെ മാര്‍ഗവും മാതൃകയും പകര്‍ന്നു. അതേ വഴിയില്‍ സമസ്തയും നിലകൊണ്ടു. സമസ്ത വന്നതോടെ മാര്‍ഗം ഏറെ സുരക്ഷിതമായി. സമസ്തയുടെ പ്രത്യേകത ഏറ്റവും ചുരുക്കി പറഞ്ഞാല്‍, മാര്‍ഗം കറക്റ്റും മാതൃക പെര്‍ഫെക്റ്റുമാണ്. സമസ്തയ്ക്ക് നേതൃത്വം നല്‍കിയ മഹാത്മാക്കളെ പോലെ ആര്‍ക്കുമില്ല ഒരു നേതൃത്വം. മാപ്പിളമാര്‍ ഇന്നും ജീവിക്കുന്ന വഴിയടയാളം സ്വഹാബിമാര്‍, താബിഉകള്‍, മഖ്ദൂം മഹാത്മാക്കള്‍, സമസ്ത തുടര്‍ന്നുവരുന്ന വഴിയാണ്. അതിനെ പരിഹസിക്കുന്നവരും കൊച്ചാക്കുന്നവരും ചില താല്‍പര്യക്കാര്‍ മാത്രമാണ്. നാടിന്റെ നന്മയോ സമൂഹത്തിന്റെ ഉന്നതിയോ അവര്‍ക്ക് ലക്ഷ്യമല്ല. ചരിത്രം അവരെ അവഗണിക്കും. മഹാത്മാക്കള്‍ ചലിച്ച ശരിവഴിയില്‍ നമുക്ക് ഇനിയും കരുത്തോടെ മുന്നേറാം. അല്ലാഹു സഹായിക്കട്ടെ...