Sunni Afkaar Weekly

Pages

Search

Search Previous Issue

കളവ് ഇരുളാണ്

മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്
കളവ് ഇരുളാണ്

മനുഷ്യന്‍ സത്യസന്ധനാവുക എന്നത് ഉന്നതമായ സ്വഭാവ നന്മയും വിശേഷവുമാണ്. അത് ചെറിയ പ്രായത്തിലേ പരിശീലിപ്പിക്കാന്‍ ഇസ്‌ലാം നല്‍കുന്ന പ്രചോദനം തന്നെ മതിയാകും അതിന്റെ പ്രാധാന്യം വ്യക്തമാവാന്‍. കളവാണെന്ന് ഒരു പക്ഷെ നാം അത്ര ഗൗരവത്തില്‍ കാണാത്ത കാര്യമാണെങ്കിലും കുട്ടികള്‍ കേള്‍ക്കേ അതുണ്ടാകുമ്പോള്‍ വലിയ അളവില്‍ ദൂഷ്യഫലം സൃഷ്ടിക്കും. തമാശയായിട്ട് പോലും കുട്ടിയോട് കളവ് പറയരുതേ, ചെയ്യരുതേ എന്ന് കരുതാന്‍ ഇസ് ലാം നിഷ്‌കര്‍ഷിക്കുമ്പോള്‍ നാം തിരിച്ചറിയണം കളവിന്റെ ഗൗരവം. ചെറുപ്പത്തിലെ ശീലം ആയുസ്സ് നീളേ നിലനില്‍ക്കും എന്നത് ചരിത്രവും അനു‘വവുമാണ്. അല്‍അമീന്‍ എന്ന ഒരു വിളി ഒരുനാട് പരക്കെ കേട്ടത് ചരിത്രത്തില്‍ സമാനതകളില്ലാത്ത രേഖയായി ഇന്നുമുണ്ട്. സ്വന്തക്കാര്‍, ബന്ധക്കാര്‍ എന്നൊന്നുമില്ലാതെ എല്ലാവരും ആ ഒരു പേരില്‍ തിരിച്ചറിയാന്‍ മാത്രം പൊതുസമൂഹത്തില്‍ സത്യസന്ധത കാത്തുസൂക്ഷിക്കാന്‍ പുണ്യനബി (സ്വ)ക്ക് സാധ്യമായി. എന്ത് പ്രതിസന്ധി വരുമെന്നാണെങ്കിലും എത്ര നഷ്ടങ്ങള്‍ കൈവരുമെന്നായാലും സത്യം മുറുകെ പിടിക്കുക എന്നത് ഒഴിച്ചുവെക്കാന്‍ പറ്റാത്ത സത്യാനുഭവമായി ഉള്‍കൊള്ളാന്‍ കഴിയണം. ആളുകള്‍ എന്ത് കരുതുമെന്ന അപകര്‍ഷത ഒരു നിമിഷം പോലും വേട്ടയാടരുത്. ഏറ്റവും ദുര്‍ബലമായ തിരസ്‌കരിക്കേണ്ട വിചാരമാണത്. സത്യം എന്നും ധൈര്യമാണ്, അഭിമാനവും കരുത്തുമാണ്. അന്ത്യം വരെ അഭിമാനവും അന്തിമ വിജയവും മനുഷ്യന് അത് നേടികൊടുക്കും. സത്യം പറഞ്ഞതിനാലോ സത്യസന്ധമായി പ്രവര്‍ത്തിച്ചതിനാലോ നിരാശപ്പെടേണ്ടി വരില്ല. എന്നാല്‍ കളവ് മനുഷ്യനെ വേട്ടയാടി കൊണ്ടേയിരിക്കും. കളവ് പറയുന്നതും കള്ളം പ്രവര്‍ത്തിക്കുന്നതും മനുഷ്യനെ ഓരോ നിമിഷവും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും. കളവ് ഇരുളാണ്, ഭയവും അരക്ഷിതാവസ്ഥയുമാണ്. കളവ് പറഞ്ഞ് ജയിച്ചു നിലനിന്ന ആരെയെങ്കിലും ചരിത്രത്തില്‍ കാണാനാകുമോ, ഇല്ല തന്നെ. കളവ് ആരെ കുറിച്ച് പറയുന്നതും വലിയ അപരാതമാണ്. ഇസ്‌ലാമിനെ കുറിച്ചും മുസ് ലിമിനെ കുറിച്ചും കള്ളം പ്രചരിപ്പിക്കുന്നതില്‍ വലിയ ആവേശമാണ് ചിലര്‍ക്ക്. അത് ലോകാടിസ്ഥാനത്തിലുള്ള അജണ്ടയാണ്. എന്ന് തുടങ്ങിയിട്ടുണ്ട്, ആരൊക്കെ കൈമാറി വന്നിട്ടുണ്ട്. കെട്ടിച്ചമച്ചത് കൂട്ടി വച്ച് അത് ആഘോഷമാക്കി കൊണ്ടാടിയവര്‍ എത്രയോ നൂറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും എന്ത് നേടി. ഒരു ഭാഗത്ത് അളവില്ലാത്ത കളവ് പറഞ്ഞുപറഞ്ഞ് പതിഞ്ഞുപോയെങ്കിലും സത്യവും ശരിയും വൈകാതെ തന്നെ വെളിവാകുന്നു, വ്യക്തമാകുന്നു. മുസ് ലിമിനെ ഭീതിയോടെ അവതരിപ്പിക്കുന്നവര്‍ക്ക് ഓരോ നിമിഷവും കൈവിറക്കുന്ന പോലെയാണ് കാര്യങ്ങള്‍. കാരണം, സത്യവും ശരിയനുഭവങ്ങളും വിദൂരമല്ലാത്ത വിധം സുവ്യക്തമാണ്. മുസ്‌ലിമിനെ എക്കാലും ഏതു നാട്ടിലും സ്‌നേഹമായി ആശ്വാസമായി അനുഭവിക്കാനാവുന്നവര്‍ എന്നും ബാക്കിയാവും.

Other Post