റമളാന്‍ നോമ്പും കുട്ടികളും
പവിത്രമായ റമളാന്‍ മാസത്തില്‍ നമ്മുടെ കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ മാസം നമ്മുടെ കുട്ടികള്‍ക്ക് എല്ലാ നന്മകളും വരുത്തുന്നതാകട്ടെ. എത്ര കുട്ടികളാണ് മാതാപിതാക്കള്‍ക്കും സമുദായത്തിനും ഉപകാരപ്പെടുന്നവരായി റമളാനെന്ന വിദ്യാലയത്തില്‍നിന്നും പുറത്തുവന്നിരിക്കുന്നത്. നബി മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുന്ന മൂന്നു കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ അതില്‍ പറഞ്ഞ ഒന്ന് തങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍കര്‍മിയായ സന്താനത്തെയാണ്. അവര്‍ അങ്ങനെയുള്ള മക്കളായിത്തീരണമെങ്കില്‍ നല്ല രീതിയില്‍ അവരെ നാം വളര്‍ത്തേണ്ടതുണ്ട്. അവരെ നാം വളരെയധികം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. അവരില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാനും ദുസ്സ്വഭാവത്തിന്റ കണികകളെങ്കിലും അവരിലുണ്ടെങ്കില്‍ അവ പിഴുതെറിയാനും നാം തയ്യാറാവേണ്ടതുണ്ട്. ഒരുപക്ഷേ, ഇനി പറയുന്ന കാര്യങ്ങള്‍ ഇതിനെല്ലാം സഹായകമായേക്കും. റമളാന്‍പിറക്കുന്നതോടെ മാതാപിതാക്കളെല്ലാം നോമ്പുകാല സദ്യവട്ടങ്ങളുടെ തിരക്കുകളില്‍ മുഴുകുന്നു. ചിലര്‍ തങ്ങളുടെ കുട്ടികള്‍ പകല്‍ മുഴുവന്‍ എങ്ങനെ പട്ടിണികിടക്കുമെന്നതിനെപ്പറ്റി ആശങ്കാകുലരാണ്. ചിലര്‍ക്ക് വളരെ സന്തോഷമായിരിക്കും. എന്തായാലും അധിക മാതാപിതാക്കളും തങ്ങളുടെ കുട്ടികളില്‍ നന്‍മ നട്ടുവളര്‍ത്താന്‍ ഈ അവസരം എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ സംബന്ധിച്ച് യാതൊരു കാഴ്ചപ്പാടുമില്ലാത്തവരാണ്. ഇസ്‌ലാമിന്റെ ഒട്ടേറെ മഹിതമൂല്യങ്ങളെപ്പറ്റി അവര്‍ക്ക് അറിവു പകര്‍ന്നുകൊടുക്കാനും അതേപ്പറ്റി വിശ്വാസമുള്‍ക്കൊണ്ട് ജീവിക്കാനും അതു ശീലമായി വളര്‍ത്തിയെടുക്കാനും ഈ റമളാനിനെ ഉപയോഗപ്പെടുത്താം. കേവലം നോമ്പുപിടിക്കുക, പ്രാര്‍ഥനകള്‍ പഠിക്കുക, നിസ്‌കാരശീലം വളര്‍ത്തുക എന്നതു മാത്രമല്ല, ഭാവിയുടെ വാഗ്ദാനമായി അവരെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള മാര്‍ഗത്തില്‍ കൊണ്ടുവരേണ്ടതാണ്. റമളാനില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വീട്ടില്‍ രക്ഷകര്‍ത്താക്കളുടെ അവസ്ഥയെന്താണ്? വീടു വൃത്തിയാക്കാനും വീട്ടിലേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും ഇനി സമയമില്ലല്ലോ എന്ന വെപ്രാളം ഗൃഹനായികയ്ക്ക്. നോമ്പുതുറക്കുംമുമ്പ് വീട്ടിലെത്തുവാന്‍ കഴിയുംവിധം ഓഫീസിലെ അധികജോലികള്‍ പെട്ടെന്നു ചെയ്തുതീര്‍ക്കാന്‍ അതിരാവിലെ എഴുന്നേല്‍ക്കുന്ന ഗൃഹനാഥന്‍. രണ്ടുപേരും സന്തോഷത്തിലാണ്. പക്ഷേ, ആളുകള്‍ ക്ഷീണിതരുംക്ഷിപ്രകോപികളുമായി കാണപ്പെടുന്നതിനു കാരണമെന്താണ്? അതിഥികളും ബന്ധുക്കളും വീട്ടില്‍ വന്ന് നോമ്പിന്റെ സല്‍ക്കാരം കഴിഞ്ഞു സന്തോഷത്തോടെ പിരിഞ്ഞുപോകുന്നു. ഇതെല്ലാം കഴിഞ്ഞ് നിസ്‌കാരത്തിനുപോലും നില്‍ക്കാനാകാത്തവിധം ക്ഷീണിച്ചവശയായിക്കിടക്കുന്ന ഉമ്മ ഇത്തരത്തില്‍ വീട്ടിലെ കാര്യങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന കുട്ടിക്ക് റമളാനെ കുറിച്ച് മനസ്സില്‍ തികട്ടിവരുന്ന സങ്കല്‍പമെന്താണെന്നു നാം എപ്പോഴെങ്കിലും ഓര്‍ത്തുനോക്കിയിട്ടുണ്ടോ? അതുകൊണ്ടാണ് നമ്മുടെ നോമ്പുകളും അവയ്ക്കുള്ള തയ്യാറെടുപ്പുകളും അനുഷ്ഠാനങ്ങളും കുട്ടികള്‍ക്ക് തെറ്റുധാരണ പകരാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കണമെന്നു പ്രത്യേകം സൂചിപ്പിക്കുന്നത്. റമളാനല്ലാത്ത ഘട്ടത്തില്‍ പലപ്പോഴും കുടുംബാംഗങ്ങള്‍ ഒത്തുകൂടാറുണ്ട്. പക്ഷേ, റമളാന്റെ പ്രത്യേകത നോമ്പുതുറ സമയത്ത് അവര്‍ വീട്ടില്‍ ഉണ്ടാകുമെന്നതാണ്. അതുകൊണ്ടുതന്നെ റമളാനോടനുബന്ധിച്ച് വളരെ തിരക്കുപിടിച്ച ജോലികളും കാര്യപരിപാടികളും നമുക്കുണ്ടെങ്കില്‍തന്നെയും പുഞ്ചിരിക്കുന്ന മുഖഭാവത്തോടെ കുട്ടികളോടൊത്ത് അല്‍പസമയം ചെലവഴിക്കാന്‍ നാം തയ്യാറായേ മതിയാവൂ. നേരത്തേ ജോലിയൊക്കെ തീര്‍ത്ത് ഓഫീസില്‍നിന്നു മടങ്ങിയെത്തുന്ന, ക്ഷീണിതനായി നോമ്പുതുറസമയംവരെ കിടന്നുറങ്ങുന്ന ഒരു പിതാവിനെയല്ല കുട്ടിക്ക് റമളാന്‍ സമ്മാനിക്കേണ്ടത്. അടുക്കളയിലെ നൂറുകൂട്ടം പണികളുടെ നടുവില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടുന്ന ഉമ്മയെയല്ല റമളാന്‍ കാട്ടിക്കൊടുക്കേണ്ടത്. അല്പനേരം തമാശകളൊക്കെപ്പറഞ്ഞ് അതുകഴിഞ്ഞ് അടുക്കളയില്‍ ചെന്ന് മക്കളും മാതാപിതാക്കളുംകൂടി ജോലികളെല്ലാം പരസ്പരം പങ്കിട്ടെടുത്ത് ചെയ്തുതീര്‍ക്കുന്നതിന്റെ അനുഭൂതി കുട്ടികള്‍ക്ക് നല്‍കിനോക്കൂ. അതുപോലെ, നിസ്‌കരിക്കുമ്പോള്‍ അതിലൊക്കെ കുട്ടികളെക്കൂടി പങ്കെടുപ്പിച്ച് പ്രാര്‍ഥനയ്ക്കുശേഷം കുട്ടികളോടൊത്ത് അല്‍പനേരം ഒളിച്ചുതൊട്ട് (Hide and Seek) കളിയും പൊട്ടിച്ചിരിയുമൊക്കെയായി അല്‍പസമയം ചെലവഴിച്ചുനോക്കൂ. കുട്ടികള്‍ക്ക് പതുക്കെ നിസ്‌കാരത്തോട് താല്‍പര്യം തോന്നിത്തുടങ്ങും. മാത്രമല്ല, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം ഊഷ്മളമാവുകയും ചെയ്യും.