Sunni Afkaar Weekly

Pages

Search

Search Previous Issue

ഒളിച്ചോടുന്ന നമ്മുടെ പെണ്‍കുട്ടികള്‍

നാഷാദ് റഹ്മാനി മേല്‍മുറി
ഒളിച്ചോടുന്ന  നമ്മുടെ പെണ്‍കുട്ടികള്‍

പ്രിയതമേ, ഹൃദയം നുറുങ്ങുന്ന വാര്‍ത്തകള്‍ക്കു പഞ്ഞമില്ലാത്ത കാലമാണ്. കേള്‍ക്കാനിഷ്ടമില്ലാത്ത വാര്‍ത്തകള്‍ കേട്ടുകേട്ട് ഒരുതരം നിര്‍വികാരത ഇടനെഞ്ചില്‍ തളംകെട്ടിനില്‍ക്കാന്‍ തുടങ്ങിയോ. വായിച്ചുകഴിഞ്ഞാല്‍, സംഭവിക്കരുതായിരുന്നു എന്ന് അകതാരില്‍ അടിക്കുറിപ്പ് വരുന്ന വിധത്തിലുള്ളതല്ലേ മിക്ക വാര്‍ത്തകളും. പോസിറ്റീവ് എനര്‍ജിയെക്കാള്‍ നെഗറ്റീവ് പ്രതിഫലിപ്പിക്കുന്ന വാര്‍ത്തകള്‍ കൂടുകയല്ലേ... ഇതെഴുതുന്നതിന്റെ അല്‍പ്പം മുമ്പ് സുഹൃത്ത് അയച്ചുതന്ന വീഡിയോ കണ്ടു. ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് യുവതി കാമുകന്റെ കൂടെ ഇറങ്ങിപ്പോവുകയാണ്. നമ്മുടെ പെണ്‍കുട്ടികളുടെ മാര്‍ഗഭ്രംശത്തെ അടിവരയിടുന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഇതിനു പരിഹാരങ്ങളില്ലേ...? പ്രിയേ, ഒളിച്ചോട്ട വാര്‍ത്തകള്‍ നിരന്തരം പുറത്തുവരുന്നുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതികള്‍ പോയത്, മക്കളുള്ള യുവതികള്‍ പോയത്, മക്കളെ തനിച്ചാക്കി പോയത്, മക്കളെയും കൂട്ടി കാമുകനെ പ്രാപിച്ചത്, വീട്ടിലുള്ളവരറിയാതെ കാമുകനെ രാത്രികാലങ്ങളില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്, മൊബൈല്‍ വഴി അന്യപുരുഷന്മാരുമായി നിരന്തരബന്ധം വെച്ചുപുലര്‍ത്തുന്നത്, പഠിക്കുന്ന പെണ്‍കുട്ടികള്‍ സ്‌നേഹിക്കുന്നവരോടൊപ്പം കറങ്ങുന്നത് തുടങ്ങിയ വാര്‍ത്തകള്‍ പലപ്പോഴായി വന്നുകൊണ്ടിരിക്കുന്നു. ഈമാനുള്ളവരുടെ ഉള്ളം പൊള്ളുന്ന ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാടുകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രിയേ, ഒളിച്ചോട്ടത്തെ കുറിച്ച് എന്തു പറയുന്നു? നൈമിഷിക സുഖങ്ങള്‍ക്കു വേണ്ടി, ഭാവിയെ കുറിച്ച് ഒട്ടും ചിന്തിക്കാതെയുള്ള എടുത്തുചാട്ടം എന്നതിനെ വിശേഷിപ്പിച്ചുകൂടേ. കഴിഞ്ഞ കാലങ്ങളില്‍ ഒളിച്ചോട്ടം നടത്തിയ യുവതികളുടെ പില്‍ക്കാലജീവിതമൊന്ന് പരിശോധിച്ചുനോക്കൂ. മിക്കവരും ദുരന്തകഥകളിലെ നായികമാരായിട്ടുണ്ടാവും. ഒന്നുകില്‍ അതിദാരുണമായി മരണപ്പെട്ടിട്ടുണ്ടാവും അല്ലെങ്കില്‍ തീവ്രയാതനകളനുഭവിച്ച് ജീവിക്കുന്നുണ്ടാവും. നിയമപരമല്ലാത്ത ബന്ധങ്ങളൊന്നും നമുക്ക് ശാശ്വത സമാധാനം നല്‍കുന്നില്ല. ദുനിയാവും ആഖിറവും നഷ്ടപ്പെടുത്തുന്ന നമ്മുടെ പെണ്‍കുട്ടികളെ ചിന്താശൂന്യതയില്‍നിന്നു വിവേക പരിസരത്തേക്ക് കൊണ്ടുവരല്‍ അനിവാര്യമായിരിക്കുന്നു. മതബോധം നമുക്ക് കാര്യമായി പകര്‍ന്നുലഭിക്കുന്നത് മദ്‌റസകളില്‍ നിന്നാണ്. എന്നാല്‍, സ്‌കൂള്‍ പഠനത്തിന്റെ പേരില്‍ മുതിര്‍ന്ന ക്ലാസ്സിലെ പെണ്‍കുട്ടികള്‍ മദ്‌റസാ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കുന്നത് കണ്ടുവരുന്നു. വീട്ടുകാരും ഇക്കാര്യത്തില്‍ കുട്ടികളുടെ ഭാഗത്താണ്. ഉയര്‍ന്ന ക്ലാസ്സിലല്ലേ, അവള്‍ക്കു പഠിക്കാന്‍ നേരം കിട്ടില്ല. ഇതാണ് അവരുടെ ന്യായം. എന്നാല്‍, മതബോധം കുറഞ്ഞാല്‍ ഭാവിയില്‍ തീ തിന്നു ജീവിക്കേണ്ടി വരുന്നത് നാം തന്നെയാണെന്ന ചിന്ത രക്ഷിതാക്കള്‍ക്കില്ലാതെപോയി. നമ്മുടെ നാട്ടിലെ മദ്‌റസയില്‍ എത്ര വരെ പഠിക്കാന്‍ സൗകര്യമുണ്ടോ അത്രയും പഠിക്കാന്‍ നമ്മുടെ മക്കള്‍ക്ക് അവസരം കൊടുക്കണം. ഇടക്കാലത്തുവെച്ച് മദ്‌റസ നിര്‍ത്താന്‍ അവര്‍ താല്‍പര്യംകാണിച്ചാല്‍ പോലും അവരെ അതിനു സമ്മതിക്കരുത്. മദ്‌റസയുടെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുകയാണു വേണ്ടത്. മദ്‌റസാ പഠനം കഴിഞ്ഞാല്‍ അതിനപ്പുറം മതവിദ്യ പഠിക്കാന്‍ ഏതെല്ലാം അവസരങ്ങളുണ്ടോ അതെല്ലാം ഉപയോഗപ്പെടുത്തണം. പെണ്‍കുട്ടികള്‍ക്ക് ദീനീ പഠനം സാധ്യമാക്കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്നുണ്ടല്ലോ. അവരുടെ വേഷവിധാനങ്ങളിലും ഏറെ ശ്രദ്ധവേണം. ദീനീ ചൈതന്യം നമ്മുടെ പെണ്‍മക്കളുടെ വേഷത്തില്‍ പ്രകടമാവണം. ഭാര്യയുടെ വേഷം മതപരമായി അനുയോജ്യമാണെന്ന് ഭര്‍ത്താവ് ഉറപ്പുവരുത്തണം. മാന്യമായ ഡ്രസ്സിംഗ് പരിശീലിച്ചാല്‍തന്നെ ഏറെ അപകടങ്ങളില്‍നിന്നു രക്ഷ നേടാം. പ്രിയേ, പെണ്‍കുട്ടികളുടെ കൈകളില്‍ മൊബൈല്‍ ഫോണ്‍ ഭദ്രമായിത്തന്നെ ഉണ്ട്. മക്കള്‍ ആവശ്യപ്പെടുമ്പോഴേക്ക് രക്ഷിതാക്കള്‍ മൊബൈല്‍ വാങ്ങിക്കൊടുക്കുന്നു. അവരത് ഏതു തരത്തില്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് നിരീക്ഷിക്കുന്നുമില്ല. പ്രിയേ, മൊബൈല്‍ നമ്മുടെ മക്കളുടെ ബാല്ല്യം പിഴുതെടുത്തു എന്നുതന്നെ പറഞ്ഞുകൂടേ? നമ്മുടെ ബാല്ല്യവും ഇപ്പോഴത്തെ മക്കളുടെ ബാല്ല്യവും താരതമ്യംചെയ്താല്‍ തന്നെ ഈ വസ്തുത ബോധ്യപ്പെടും. മക്കള്‍ക്ക് മൊബൈല്‍ വഴി ആരോടെല്ലാം കോണ്‍ടാക്ട് ഉണ്ട്, അവര്‍ എന്തിനാണ് മൊബൈല്‍ ഉപയോഗിക്കുന്നത്, ഏതെല്ലാം ആപ്പുകള്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ രക്ഷിതാക്കളുടെ ശ്രദ്ധ അനിവാര്യമാണ്. മൊബൈല്‍ ഫോണാണ് പല ഒളിച്ചോട്ട കഥകളിലെയും വില്ലന്‍ കഥാപാത്രം. അന്യരെ അന്യരായി കാണാനുള്ള മതബോധം നമ്മുടെ മക്കള്‍ക്കു നാം നല്‍കേണ്ടതുണ്ട്. അന്യരുമായി ഇടപഴകുന്നതിന്റെ ഭവിഷ്യത്തും അതിര്‍വരമ്പുകളും വ്യക്തമായി അവരെ ബോധ്യപ്പെടുത്തണം. കസിന്‍ എന്ന പദത്തിന്റെ മറവില്‍ എന്തു തെമ്മാടിത്തരങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കളോട് സഹതാപമേയുള്ളൂ. മാതൃസഹോദരന്റെ/ പിതൃസഹോദരന്റെ ആണ്‍മക്കളോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്ന പെണ്‍കുട്ടികളുണ്ട്. അവര്‍ അന്യരാണെന്ന ബോധം ആ മക്കള്‍ അറിയുന്നേയില്ല. രക്ഷിതാക്കള്‍ അതവരെ ബോധ്യപ്പെടുത്തുന്നുമില്ല. പീഡനക്കേസുകളില്‍ മിക്കതും കുടുംബങ്ങളില്‍നിന്നോ പരിചയവലയങ്ങളില്‍നിന്നോ ആണ് ഉണ്ടാവുന്നത് എന്ന റിപ്പോര്‍ട്ട് ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രിയേ, സ്‌നേഹമാണഖിലസാരമൂഴിയില്‍ എന്ന കുമാരനാശാന്റെ വരി കേട്ടിട്ടില്ലേ. സ്‌നേഹത്തെയാണ് ഇവിടെ ചൂഷണം ചെയ്യുന്നത്. നാം പരാമര്‍ശിച്ച അരുതായ്മകളെല്ലാം സംഭവിക്കുന്നത് സ്‌നേഹം നിമിത്തമാണ്. സ്‌നേഹം ലഭിക്കേണ്ട ഭാഗത്തുനിന്ന് കിട്ടാതാവുമ്പോള്‍ കിട്ടുന്ന ഭാഗത്തേക്ക് അവരുടെ മനസ്സ് ചായുന്നു. ഈ പ്രപഞ്ചത്തില്‍ ഏതിനെയും അടുപ്പിക്കാനും കീഴ്‌പ്പെടുത്താനും കഴിയുന്ന ആയുധമാണ് സ്‌നേഹം. ഭര്‍ത്താവ് ഭാര്യയെ ഉള്ളറിഞ്ഞു സ്‌നേഹിക്കണം; ഭാര്യ ഭര്‍ത്താവിനെയും. രക്ഷിതാക്കള്‍ മക്കള്‍ക്ക് നിര്‍ല്ലോഭമായ സ്‌നേഹം നല്‍കണം. എങ്കില്‍ കാപട്യവും കാമാര്‍ത്തിയും നിറഞ്ഞ നൈമിഷിക സ്‌നേഹത്തിനു പിന്നാലെ അവര്‍ ഇറങ്ങിപ്പോവില്ല. പ്രിയേ, തന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന, തന്റെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും താല്‍പര്യപൂര്‍വ്വം ചെവിതരുന്ന ഭര്‍ത്താവിനെ വഞ്ചിക്കാന്‍ ഏതെങ്കിലും ഭാര്യക്ക് സാധിക്കുമോ...? മക്കളെ ഹൃദയംതുറന്ന് കേള്‍ക്കാനും അവരോട് കുശലാന്വേഷണം നടത്താനും അവരുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും ഉള്ളറിഞ്ഞ് പങ്കെടുക്കാനും സാധിക്കുന്ന രക്ഷിതാക്കളെ വിട്ട് ഏതെങ്കിലും പെണ്‍കുട്ടി ഇറങ്ങിപ്പോകുമോ..? കുറേ കാഷ് ചെലവഴിച്ച് അവര്‍ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുക്കലല്ലല്ലോ സ്‌നേഹം. പ്രിയേ, ഹൃദയം വേദനിക്കുന്ന വാര്‍ത്തകള്‍ ഇനി കേള്‍ക്കാതിരിക്കട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.