നാഥന്റെ മുമ്പില്‍ ഹൃദയം തുറക്കാം
പ്രിയതമേ, ആഗ്രഹങ്ങളും ആവശ്യങ്ങളുമൊത്തിരി ഹൃത്തടത്തില്‍ തത്തിക്കളിക്കുന്നുണ്ടോ... സങ്കടങ്ങളും പ്രയാസങ്ങളും ഇടനെഞ്ചില്‍ നീറിനില്‍പ്പുണ്ടോ... എല്ലാം നിറഞ്ഞുകവിഞ്ഞ് വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടോ.. എന്താണ് പരിഹാരം.. എല്ലാം ഇറക്കിവെക്കാന്‍ അവസരമുണ്ടാക്കണം. ആഗ്രഹങ്ങള്‍ സഫലീകൃതമാവണം. ആകുലതകള്‍ ഇല്ലാതാവണം. അതിനുതകുന്ന വഴിയാണ് പ്രാര്‍ത്ഥന. എല്ലാം അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിച്ചാല്‍ നല്ലൊരു വഴി മുന്നില്‍ തെളിഞ്ഞുവരും. പ്രിയേ.. ഹൃദയം വിതുമ്പി പ്രാര്‍ത്ഥനയില്‍ ലയിച്ചുചേരാറില്ലേ... മനസ്സിന്റെ അടിത്തട്ടില്‍ നിന്നു വരുന്ന പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേക ശക്തിയാണ്. പ്രപഞ്ചനാഥനു മുമ്പില്‍ മനമുരുകി തേടിക്കഴിഞ്ഞാല്‍ വല്ലാത്ത ആശ്വാസമാണ്. കേവലം ചുണ്ടുകള്‍ ചലിച്ചതുകൊണ്ട്, മുന്‍കൈ വിടര്‍ത്തിപ്പിടിച്ചതുകൊണ്ട് പ്രാര്‍ത്ഥനയാവുന്നില്ലല്ലോ. ആത്മാവുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം പ്രതീക്ഷിക്കാം. പ്രാര്‍ത്ഥനക്കിരിക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞുപോവാറുണ്ടോ... മനസ്സില്‍നിന്നിറങ്ങാന്‍ മടിച്ചു പ്രാര്‍ത്ഥനാവചനങ്ങള്‍ ഉള്ളില്‍ വെച്ചുതന്നെ ചിതറിത്തെറിക്കാറുണ്ടോ... അല്ലാഹുവിനോട് എന്തെല്ലാമാണ് ചോദിക്കേണ്ടതെന്നറിയാതെ പ്രാര്‍ത്ഥനയില്‍നിന്ന് ഉള്‍വലിയാറുണ്ടോ... എന്തും ചോദിക്കാം. ഏതു ഭാഷയിലും തേടാം. നാഥന്‍ തൃപ്തിപ്പെടുന്നതാവണമെന്ന് മാത്രം. സ്രഷ്ടാവിനോട് ചോദിക്കുന്നത്, ഒരിക്കലും സൃഷ്ടികളോട് ചോദിക്കുന്നതുപോലെയല്ല. മറ്റൊരാളോട് ഒരു കാര്യം പലവട്ടം ചോദിക്കുമ്പോള്‍ അയാള്‍ക്ക് ദേഷ്യംപിടിക്കും. എന്നാല്‍, അല്ലാഹുവിനോട് എത്രയും ചോദിക്കാം. കൂടുതല്‍ ചോദിക്കുന്നുവെങ്കില്‍ അവന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (സൂറത്തു ഗാഫിര്‍: 60) നിങ്ങള്‍ നിങ്ങളുടെ നാഥനോട് വിനയപൂര്‍വ്വം, ഭയത്തോടെ പ്രാര്‍ത്ഥിക്കുക. നിശ്ചയം അവന്‍ അതിരുവിട്ടു കടക്കുന്നതവരെ ഇഷ്ടപ്പെടുന്നില്ല.” (സൂറത്തുല്‍ അഅ്‌റാഫ്: 55) എന്നെപ്പറ്റി എന്റെ അടിമകള്‍ നിന്നോട് ചോദിച്ചാല്‍ പറയുക. ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ചോദിക്കുന്നവന്റെ പ്രാര്‍ത്ഥനക്ക് ഞാന്‍ ഉത്തരംനല്‍കും. അതിനാല്‍, അവരെന്റെ വിളിക്ക് ഉത്തരംനല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.”(സൂറത്തുല്‍ ബഖറ: 186) തുര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരു മുസ്‌ലിം പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു അതിനുത്തരം നല്‍കുകയോ അവന്റെ ദോഷങ്ങളില്‍നിന്ന് അതിനോട് തുല്ല്യമായത് പൊറുക്കുകയോ ചെയ്യും. തെറ്റായ കാര്യം കൊണ്ടോ കുടുംബ ബന്ധം മുറിക്കുന്ന കാര്യം കൊണ്ടോ പ്രാര്‍ത്ഥിച്ചാലൊഴികെ. ധൃതിപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളിലോരോരുത്തരുടെയും ദുആ അല്ലാഹു സ്വീകരിക്കും. ധൃതിയെന്നാല്‍, ഞാന്‍ എന്റെ നാഥനോട് കുറേ പ്രാര്‍ത്ഥിച്ചു. പക്ഷേ, എനിക്കുത്തരം ലഭിച്ചില്ല എന്നു പറയലാണ്. ദുആ ചെയ്യുന്നത് ഒരു സത്യവിശ്വാസിക്കൊരിക്കലും വെറുതെയാവുന്നില്ല. ഒന്നുകില്‍ ഉത്തരം ലഭിക്കും. അല്ലെങ്കില്‍ ദുആ ചെയ്തതിന് കൂലിയുണ്ട്. ദുആ ഇബാദത്താണെന്ന് ഹദീസില്‍ കാണാം. ചോദിക്കുന്നവരെ അല്ലാഹു വെറുതെയാക്കില്ല. സല്‍മാന്‍(റ) വിനെ തൊട്ട് നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ജീവിച്ചിരിക്കുന്നവനും മാന്യനുമാണ്. അവനിലേക്ക് കൈകള്‍ ഉയര്‍ത്തുമ്പോള്‍ അവയെ ഒന്നുമില്ലാതെ മടക്കിക്കളയുന്നതില്‍ അവന്‍ ലജ്ജിക്കുന്നു. ചില സമയങ്ങളിലെ പ്രാര്‍ത്ഥനക്ക് ഉത്തരംലഭിക്കാന്‍ കൂടുതല്‍ സാധ്യതകളുണ്ട്. അറഫാ ദിനം, റമളാനിലെ ദിനരാത്രങ്ങള്‍, വെള്ളി, മറ്റു വിശിഷ്ട ദിനങ്ങള്‍ എന്നീ സമയങ്ങളിലെല്ലാം പ്രാര്‍ത്ഥനക്ക് പ്രാത്യേക ഉത്തരം ലഭിക്കും. നിസ്‌കാരത്തിനു ശേഷം, അര്‍ദ്ധരാത്രി തുടങ്ങിയ സമയങ്ങളിലെ പ്രാര്‍ത്ഥനക്കും ഉത്തരത്തിനുള്ള സാധ്യത കൂടുതലാണ്. വെള്ളിയാഴ്ച ഒരു പ്രത്യേക സമയമുണ്ട്. അന്ന് ആ സമയത്തുള്ള പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്കുന്നു. സുജൂദില്‍ കിടന്നുകൊണ്ടുള്ള ദുആയുടെ ശക്തി അപാരമാണ്. അതുപോലെ അംഗശുദ്ധിവരുത്തി ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിഞ്ഞ് ദുആ ചെയ്യുമ്പോള്‍ അദബോടുകൂടിയുള്ള പ്രാര്‍ത്ഥനയായി അതു മാറുന്നു. തുടക്കത്തിലും ഒടുക്കത്തിലും ഹംദ്, സ്വലാത്ത് എന്നിവ സുന്നത്താണ്. ഉത്തരം ലഭിക്കുമെന്ന ഉറപ്പോടുകൂടിയാണ് റബ്ബിനോട് ചോദിക്കേണ്ടത്. ഉത്തരം ലഭിക്കാന്‍ ഒരുപക്ഷേ താമസം നേരിട്ടേക്കാം. അതിലാകും ഖൈറ് എന്ന് വിശ്വസിക്കലാണ് അഭികാമ്യം. സല്‍ക്കര്‍മ്മങ്ങള്‍ നിരന്തരം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം സുനിശ്ചിതമാണ്. നാഥനിലേക്ക് കൈകള്‍ ഉയര്‍ത്തിയാലുടനെ ഉത്തരം ലഭിച്ചിരുന്ന എത്രയോ മഹാന്മാര്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. പ്രിയേ... നിഷിദ്ധമായ ഭക്ഷണം കഴിച്ചു ജീവിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കണമെന്നില്ല. ഭക്ഷണം ഹലാലാവുക എന്നത് വളരെ പ്രധാനമാണ്. കഴിക്കുംമുമ്പ് ചിന്തിക്കണം, മുന്നിലിരിക്കുന്ന ഈ ഭക്ഷണം ഹലാലോ ഹറാമോ... അല്ലാഹ്... അല്ലാഹ് എന്ന് വിളിച്ചു പ്രാര്‍ത്ഥിക്കുന്ന ചിലരെ കുറിച്ച് ഹദീസുകളില്‍ കാണാം. അവരുടെ വസ്ത്രം നിഷിദ്ധമാണ്. ഭക്ഷണം നിഷിദ്ധമാണ്. ഹറാമില്‍ പൊതിഞ്ഞിരിക്കുകയാണവര്‍. പിന്നെയെങ്ങനെ അവര്‍ക്ക് ഉത്തരം ലഭിക്കും. അന്ത്യനാളില്‍ അല്ലാഹു സത്യവിശ്വാസികളോട് ചോദിക്കും. മുഅ്മിനേ... ഞാന്‍ നിന്നോട് എന്നോട് ചോദിക്കാന്‍ കല്‍പ്പിച്ചിരുന്നില്ലേ... ഉത്തരം നല്‍കാമെന്നു ഞാന്‍ വാഗ്ദാനം നല്‍കിയിരുന്നില്ലേ... നീ എന്നോട് പ്രാര്‍ത്ഥിച്ചോ... അവന്‍ പറയും. അതെ രക്ഷിതാവേ... അല്ലാഹു പറയും നീ ചോദിച്ചതിന് ഞാന്‍ ഉത്തരം നല്‍കാതെയുണ്ടാവില്ല. നീ നിന്റെ ഒരു പ്രയാസം ദൂരീകരിക്കാന്‍ ഇന്നാലിന്ന ദിവസം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ദൂരീകരിച്ചില്ലേ... അപ്പോള്‍ അവന്‍ പറയും, അതെ നാഥാ...”അപ്പോള്‍ അല്ലാഹു പറയും- ഞാന്‍ നിനക്ക് ദുനിയാവില്‍ വെച്ച് തന്നതാണ്. നിന്റെ ഇന്നാലിന്ന പ്രയാസത്തിനു വേണ്ടി ഒരിക്കല്‍ നീ തേടി. പക്ഷേ, ഞാന്‍ അതു നീക്കിയില്ല അല്ലേ...”അവന്‍ പറയും. അതെ എന്റെ രക്ഷിതാവേ.. അല്ലാഹു പറയും. അതിനു പകരമായി സ്വര്‍ഗത്തില്‍ നിനക്കായി ഇന്നാലിന്നതൊക്കെ തയ്യാറാക്കിവെച്ചിട്ടുണ്ട്. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു: സത്യവിശ്വാസിയായ അടിമയുടെ ദുആക്ക് ഒന്നുകില്‍ ദുനിയാവില്‍നിന്നു മറുപടി ലഭിക്കും. അല്ലെങ്കില്‍ ആഖിറത്തില്‍ നിന്നാകും. ആ സമയത്ത് വിശ്വാസി പറയും. എന്റെ ഒരു പ്രാര്‍ത്ഥനക്കും ദുനിയാവില്‍ വെച്ച് മറുപടികിട്ടാതിരുന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പ്രിയേ... പ്രാര്‍ത്ഥനകള്‍ക്കായി സമയം നീക്കിവെക്കാം. നാഥന്റെ മുമ്പില്‍ ഹൃദയം തുറക്കാം.