Sunni Afkaar Weekly

Pages

Search

Search Previous Issue

സ്ത്രീ സൗന്ദര്യം വില്‍പ്പനക്ക്

നാഷാദ് റഹ്മാനി മേല്‍മുറി
സ്ത്രീ സൗന്ദര്യം  വില്‍പ്പനക്ക്

പ്രിയതമേ, പാതയോരത്തെ പരസ്യബോര്‍ഡുകളില്‍ പെണ്‍രൂപങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത് നീ ശ്രദ്ധിച്ചിട്ടില്ലേ. മിക്ക പരസ്യങ്ങളുടെയും കാതലായ വശം സ്ത്രീയാണ്. അവള്‍ പല്ലു കാട്ടി ചിരിക്കുന്ന ചിത്രമുണ്ടെങ്കില്‍ ഏത് ഉല്‍പ്പന്നത്തിനും മാര്‍ക്കറ്റുണ്ടെന്ന് ഉല്‍പ്പാദകര്‍ കണക്കുകൂട്ടുന്നു. സ്ത്രീയുമായി യാതൊരു ബന്ധവുമില്ലാത്ത വസ്തുക്കളുടെ പരസ്യങ്ങളില്‍പോലും അവള്‍ ചിരിച്ചുനില്‍ക്കുന്നു. സ്ത്രീകളില്‍ ചിലരതിനെ അഭിമാനമായി കാണുന്നു. നാണവും ലജ്ജയുമില്ലാത്തവര്‍ക്കത് സന്തോഷത്തിനുള്ള വകയാണ്. സ്ത്രീ കമ്പോളവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവളുടെ ശരീരം, സൗന്ദര്യം, നോട്ടം, നടപ്പ്, ഇരിപ്പ്, വസ്ത്രം എന്നുവേണ്ട, അവളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കച്ചവടച്ചരക്കായി മാറിയിരിക്കുന്നു. കവലകളിലെ ചില പരസ്യബോര്‍ഡുകളിലേക്ക് നോക്കുന്നതുപോലും അറപ്പുളവാക്കുന്നു. കുടുംബസമേതം യാത്ര പോകുമ്പോഴാവും മുന്നിലെ ഭീമന്‍ പരസ്യബോര്‍ഡുകളില്‍ അടിവസ്ത്രം ധരിച്ച പെണ്ണുടലിന്റെ കൂറ്റന്‍ ചിത്രങ്ങള്‍ കണ്ണില്‍പ്പെടുക. സ്ത്രീ സമൂഹത്തെ ഇങ്ങനെ പരസ്യമായി അപമാനിച്ചിട്ടും ആര്‍ക്കുമൊരു പരാതി പോലുമില്ലാത്തതെന്താണ് പ്രിയേ... നാട്ടിലെ പതിവു കാഴ്ച്ചകളിലേക്ക് അനുവദനീയമോ അല്ലയോ എന്നാലോചിക്കാതെ മനസ്സ് നല്‍കുന്ന നിരവധിപേര്‍ നമുക്കിടയിലുണ്ട്. കാലത്തിന്റെ ചുവരെഴുത്തു വായിക്കാത്ത പഴഞ്ചന്‍ എന്ന വിളിപ്പേരു ലഭിക്കാതിരിക്കാന്‍ പാടുപെടുകയാണ് അത്തരക്കാര്‍. എത്ര അര്‍ത്ഥശൂന്യമാണെങ്കിലും ജനറല്‍ ചിന്താഗതിയുടെ പക്ഷം ചേരുന്നതില്‍ ദുരഭിമാനംകൊള്ളുകയാണവര്‍. അങ്ങനെയായാലെന്താ.. ഇങ്ങനെയായാലെന്താ എന്ന ചോദ്യശരങ്ങള്‍ മുസ്‌ലിം പേരുള്ള പെണ്‍കുട്ടികളുടെ ഭാഗത്തുനിന്ന് പോലും നിര്‍ലജ്ജം ഉയരുകയാണ്. പ്രിയേ, നാണവും ലജ്ജയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതിന്റെ അടയാളങ്ങളല്ലേ ഇതെല്ലാം. മോഡേണിസ്റ്റുകളാവാനാണ് പുതിയകാലത്തെ പെണ്‍കുട്ടികള്‍ മത്സരിക്കുന്നത്. വിദേശികളുടെ സംസ്‌കാരത്തെ അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ വെമ്പല്‍കൊള്ളുകയാണ് നമ്മുടെ സമുദായത്തിലുള്ളവര്‍പോലും. പ്രിയേ, സൗന്ദര്യപ്രദര്‍ശനം അഭിമാനമായി കാണുന്ന കാലമല്ലേയിത്. ശരീരം മറയ്ക്കാനുള്ളതാണ് വസ്ത്രങ്ങളെന്ന കാര്യംപോലും മറന്നുപോകുന്നു പല പെണ്‍രൂപങ്ങളും. ഏതൊക്കെ രീതിയില്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കാമെന്ന ചിന്തയോടെയാണ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്ലാതെ ഒരു ദിവസം പോലും കഴിയാനാവാത്ത അവസ്ഥയാണ് പല സ്ത്രീകള്‍ക്കും. ഭര്‍ത്താവിനു മുമ്പില്‍ മാത്രം പ്രദര്‍ശിപ്പിക്കേണ്ട സൗന്ദര്യത്തെ നാട്ടുകാര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് നിര്‍വൃതി അടയുന്ന യുവതികളേറെയില്ലേ നമുക്കിടയില്‍. ഭാര്യ സുന്ദരിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കിട്ടുന്ന അവസരമായി ചില ഭര്‍ത്താക്കന്മാര്‍ ഇതിനെ കാണുന്നു. എത്ര ലജ്ജാകരമാണിത്. ഭാര്യയെ മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്ന ഭര്‍ത്താവെത്ര നീചനാണ്. പരപുരുഷന്മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ ഇക്കിളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് ചാഞ്ഞും ചരിഞ്ഞും നടക്കുന്ന സ്ത്രീകള്‍ ഭയാനകമായ ഭാവിയെ മറന്നുപോവുകയാണ്. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) അരുള്‍ ചെയ്തു: 'രണ്ടു വിഭാഗം ആളുകള്‍ നരകവാസികളാണ്. ഞാന്‍ അവരെ കണ്ടിട്ടില്ല. പശുവിന്റെ വാല്‍ പോലെയുള്ള ചാട്ടവാര്‍ കൊണ്ട് ജനങ്ങളെ മര്‍ദ്ദിക്കുന്നവരാണ് അവരിലൊരു കൂട്ടര്‍. (രണ്ടാമത്തെ വിഭാഗം) ചില സ്ത്രീകളാണ്. അവര്‍ വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും നഗ്നരാണ്. ചാഞ്ഞും ചെരിഞ്ഞും നടക്കുമ്പോള്‍ അവരുടെ തലമുടി സഞ്ചരിക്കുന്ന ഒട്ടകത്തിന്റെ പൂഞ്ഞ പോലെയായിരിക്കും. അവര്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ലെന്നു മാത്രമല്ല സ്വര്‍ഗീയ പരിമളംപോലും ആസ്വദിക്കുവാന്‍ സാധ്യമല്ല. സ്വര്‍ഗീയ പരിമളം ഇന്നാലിന്ന വഴിദൂരത്തേക്കടിച്ചു വീശുന്നതാണ്.' (മുസ്‌ലിം) പെണ്ണിനെയും അവളുടെ സൗന്ദര്യത്തെയും വിറ്റ് കാശാക്കുന്ന സ്വാര്‍ത്ഥംഭരികള്‍ വര്‍ദ്ധിച്ച കാലമാണിത്. പുറത്തേക്കിറങ്ങിയാല്‍ കണ്ണിലുടക്കുന്ന പരസ്യബോര്‍ഡുകളിലധികവും പെണ്ണുടല്‍ കൊണ്ട് അലങ്കരിച്ചതും ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടുതന്നെയാണ്. ചാനലുകളിലും യൂട്യൂബിലും ഒഴുകിവരുന്ന പരസ്യങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് സ്ത്രീ സൗന്ദര്യംതന്നെ. കച്ചവടസ്ഥാപനങ്ങളില്‍ ചിലര്‍ സൗന്ദര്യമുള്ള സ്ത്രീകളെ സെയില്‍സിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുന്നു. പ്രിയേ, സ്ത്രീകളോടുള്ള ആദരവോ പരിഗണനയോ ആണോ അവരുടെ ചേതോവികാരം.. ഒരിക്കലുമല്ല. കാശ് വാരാന്‍ പറ്റുന്ന ഉപഭോഗ വസ്തുവായി സ്ത്രീ ശരീരം മാറിയിരിക്കുന്നു. പ്രിയേ, കാലം മാറുന്നതിനനുസരിച്ച് സംസ്‌കാരം കുറഞ്ഞുവരികയാണ്. ഈമാനുള്ളവര്‍ക്ക് ജീവിതം കൂടുതല്‍ ദുസ്സഹമാവുന്നു. തിന്മകള്‍ തലക്കു മുകളില്‍ തൂങ്ങിയാടുന്ന കാലം. വിശിഷ്യാ, സ്ത്രീയുമായി ബന്ധപ്പെട്ട തിന്മകള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം എന്ന കവിവാക്യമെത്ര അന്വര്‍ത്ഥം. 'നിങ്ങള്‍ സ്വഭവനങ്ങളില്‍ അടങ്ങിയൊതുങ്ങി കഴിയുക. മുമ്പ് ജാഹിലിയ്യാ കാലത്തു ചെയ്തിരുന്നപോലെ നിങ്ങള്‍ സൗന്ദര്യപ്രകടനം നടത്തരുത്.' (വിശുദ്ധ ഖുര്‍ആന്‍) നബി(സ്വ) തങ്ങള്‍ അരുള്‍ചെയ്തു. നിശ്ചയം സ്ത്രീ മറഞ്ഞിരിക്കേണ്ടവളാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളില്‍ വെളിപ്പെടും. അവള്‍ സ്വന്തം വീടിന്റെ അകത്തളങ്ങളിലാണ് അല്ലാഹുവിലേക്കടുക്കുവാന്‍ ഏറ്റവും ഉചിതം. (തുര്‍മുദി) പ്രിയേ, കാലം മോശമാണോ... അല്ല. ഈ കാലത്ത് താമസിക്കുന്ന പലരുമാണ് മോശം. സാഹചര്യങ്ങളും അത്തരത്തിലാണ്. നാം നമ്മെ സൂക്ഷിക്കുക, നമുക്ക് വേണ്ടപ്പെട്ടവരെയും.