Sunni Afkaar Weekly

Pages

Search

Search Previous Issue

ഒരു പിടി ആഗ്രഹങ്ങള്‍

നാഷാദ് റഹ്മാനി മേല്‍മുറി
 ഒരു പിടി  ആഗ്രഹങ്ങള്‍

പ്രിയതമേ, പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓരോ മനസ്സിലുമുണ്ടാകും ഒരുപിടി ആഗ്രഹങ്ങള്‍. അവ നിറവേറ്റാനാവുന്ന അവസരങ്ങളെ നാം ഉപയോഗപ്പെടുത്തുന്നു. നമുക്ക് താങ്ങാനാവുന്ന, വിടരുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന ആഗ്രഹങ്ങളാണ് നമ്മുടെ മനസ്സിനെ സജീവമാക്കുന്നത്, ജീവിതത്തെ മുന്നോട്ട് ചലിപ്പിക്കുന്നത്. പ്രിയേ, ആഗ്രഹങ്ങളില്ലാത്തവരുണ്ടാവുമോ... ഒരാഗ്രഹംപോലും പൊട്ടിമുളയ്ക്കാത്ത മനസ്സിനെ കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. നെഞ്ചെല്ലില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവും ഒരാഗ്രഹമെങ്കിലും. അതു നിറവേറ്റാനുള്ള പ്രയത്‌നമാണ് ജീവിതപന്ഥാവിലൂടെയുള്ള ഗമനം. അതിനുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ഉള്ളില്‍ ജ്വലിച്ചുനില്‍ക്കുന്ന ആഗ്രഹത്തില്‍നിന്നാണ്. നമ്മുടെ സാഹചര്യങ്ങളോട് അനുയോജ്യമായ, മിതമായ ആഗ്രഹങ്ങളെ വെള്ളമൊഴിച്ച് പച്ചപ്പോടെ നിലനിര്‍ത്തുക. അതു നമുക്ക് ഉപകാരപ്പെട്ടേക്കാം. പ്രിയേ, ആഗ്രഹങ്ങളെ കുറിച്ച് മാത്രമാണ് പറഞ്ഞത്, അത്യാഗ്രഹത്തെ കുറിച്ചല്ല. അമിതമായ ആഗ്രഹങ്ങള്‍ വെച്ചുപുലര്‍ത്തി ജീവിതത്തില്‍ നൈരാശ്യത്തിന്റെ പര്‍വതാരോഹണം നടത്തേണ്ടി വന്നവര്‍ നമ്മുടെ പരിസരത്തുണ്ട്. അത്യാഗ്രഹങ്ങള്‍ നിരാശക്ക് കാരണമാവും. ജീവിതത്തെ മടുപ്പിക്കും. മനോധൈര്യം കുറഞ്ഞ അത്യാഗ്രഹികള്‍ ഒരുപക്ഷേ അതുവഴി അമൂല്ല്യമായ ജീവനെ പിച്ചിയിടും. ആഗ്രഹങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ നമുക്ക് കഴിയണം. അനന്തമായ ആകാശത്തു പാറിപ്പറക്കുന്ന പട്ടം പോലെയാണ് ആഗ്രഹങ്ങള്‍. അവ ഉയരങ്ങളില്‍ പറക്കട്ടെ. എന്നാല്‍, പട്ടത്തെ നിയന്ത്രിക്കുന്ന ചരട് നമ്മുടെ കരങ്ങളില്‍ ഭദ്രമാവണം. പരിധിവിട്ടു പോവുന്നു എന്ന് തോന്നുമ്പോള്‍ ചരട് പിടിമുറുക്കണം. നമ്മുടെ പരിധിക്കുള്ളിലേക്ക് വലിച്ചെടുക്കണം. ആഗ്രഹങ്ങള്‍ അമിതമാവുന്നത് എപ്പോഴാണെന്ന് ചിന്തിച്ചിട്ടുണ്ടോ പ്രിയേ. മറ്റുള്ളവരിലേക്കു നോക്കി അവരെപ്പോലെയോ അതിനു മേലെയോ ആഗ്രഹിക്കുന്ന മനസ്സില്‍ നിരാശ വന്നേക്കാം. നമ്മുടെ സാമ്പത്തികസ്ഥിതിയും ജോലിയും സാഹചര്യങ്ങളും മറന്ന് കൂട്ടുകാരെപ്പോലെയോ അയല്‍വാസികളെപ്പോലെയോ ആഗ്രഹിച്ചാല്‍ അതൊരുപക്ഷേ അത്യാഗ്രഹത്തിന്റെ ലിസ്റ്റില്‍ വരും. ചിലരുടെ ആഗ്രഹങ്ങള്‍ പൊങ്ങച്ചത്തിലേക്കു വഴിമാറാറുണ്ട്. അയല്‍വീട്ടില്‍ നടന്ന വിവാഹസല്‍ക്കാരത്തെക്കാള്‍ മുന്തിയതാവണം തന്റെ വീട്ടിലേതെന്നാഗ്രഹിച്ച് വരുമാനവും ജോലിയും പരിഗണിക്കാതെ കടം വാങ്ങിയും ലോണെടുത്തും പൊങ്ങച്ചം കാണിക്കുന്ന വ്യക്തികള്‍ നമ്മുടെ നാട്ടിലുണ്ടാവും. ബന്ധുവീട്ടിലെ സല്‍ക്കാരത്തില്‍ നിരത്തിയ വിഭവങ്ങളെക്കാള്‍ തന്റെ വീട്ടിലെ സല്‍ക്കാരത്തില്‍ ഇടം പിടിക്കണമെന്ന ആഗ്രഹം മനുഷ്യനെ തിന്മയിലേക്കു നയിക്കുന്നു. കടുത്ത നിരാശയും ജീവിതത്തോടുള്ള മടുപ്പുമാണ് അതിന്റെ പരിണിതഫലം. നല്ല നിയ്യത്തുണ്ടായിരുന്നെങ്കില്‍ പ്രതിഫലം വാരിക്കൂട്ടാമായിരുന്ന എത്ര പരിപാടികളാണ് ആളുകളെന്ത് വിചാരിക്കുമെന്ന ചിന്താഗതി നിഷ്ഫലമാക്കുന്നത്. മറ്റൊരാള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ പുണ്യം ഒട്ടും ചെറുതല്ല. എന്നാല്‍, തികച്ചും ഭൗതികലക്ഷ്യം മാത്രം അതിനു പ്രേരകമാവുമ്പോള്‍ പ്രതിഫലം നഷ്ടപ്പെട്ടുപോവുന്നു. പ്രിയേ, ആഗ്രഹങ്ങള്‍ ദുരാഗ്രഹങ്ങളിലേക്കു വഴിമാറുന്നത് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ദുരാഗ്രഹങ്ങള്‍ ജീവിതത്തെ നശിപ്പിച്ചുകളയുന്നു. ദുരാഗ്രഹം മനസ്സിനെ ഇരുളടഞ്ഞതാക്കുന്നു. പിശാചാണ് ദുരാഗ്രഹങ്ങളെ മുളപ്പിക്കുന്നതും വളര്‍ത്തുന്നതും. അതു കൊണ്ടാണ് ദുരാഗ്രഹങ്ങളുള്ള മനസ്സില്‍ പൈശാചികത നിറയുന്നത്. അവരിലൂടെ വരുന്ന പ്രവൃത്തിയും പിശാചിന്റെ പ്രേരണയോടെയുള്ളതാവും. നാം കേട്ട എത്രയോ കൊലപാതകങ്ങള്‍ ദുരാഗ്രഹങ്ങള്‍ കാരണമായുണ്ടായതാണ്. കാമുകിയോടൊപ്പം ജീവിക്കാന്‍ ഭാര്യയെയും മക്കളെയും ഇല്ലായ്മ ചെയ്ത ഭര്‍ത്താവും കാമുകന്റെ കൂടെ ഒളിച്ചോടാന്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച ഭാര്യയും മാതാപിതാക്കളെ അവഗണിച്ച് ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോയ മകളും സമ്പത്ത് മോഹിച്ച് ബന്ധുക്കളെ ഇല്ലായ്മചെയ്ത യുവാവും ദുരാഗ്രഹങ്ങളുടെ ഇരകളാണ്. ഇത്തരം എത്രയോ സംഭവങ്ങള്‍ നാം ദൈനംദിനം കേട്ടുകൊണ്ടിരിക്കുന്നു. പ്രിയേ, ആഗ്രഹങ്ങള്‍ക്കൊരറ്റമില്ലെന്നു കേട്ടിട്ടില്ലേ.. നമ്മുടെ ഒരാഗ്രഹം സാധ്യമാവുമ്പോഴേക്ക് അടുത്ത ആഗ്രഹം അകതാരില്‍ മുളക്കുന്നു. ഒരാള്‍ മരണപ്പെടുമ്പോള്‍ ഒരുപിടി ആഗ്രഹങ്ങളാണ് ആ വീട്ടില്‍ അവശേഷിക്കുന്നത്. ഖബ്‌റില്‍ മയ്യിത്തിനോടൊപ്പം മണ്ണിട്ടു മൂടുന്നത് ഒത്തിരി ആഗ്രഹങ്ങളെ കൂടിയാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍നിന്ന് നിവേദനം- നബി(സ്വ) തങ്ങള്‍ ഒരു ചതുരം വരച്ചു. അതില്‍നിന്നു പുറത്തേക്ക് തെറിച്ചു നില്‍ക്കുംവിധം അതിന്റെ മധ്യത്തിലൂടെ ഒരു വര വരച്ചു. മധ്യത്തിലുള്ള വരയിലേക്ക് എത്തുന്നവിധം ഉള്‍ഭാഗത്ത് തന്നെ കുറേ ചെറിയ വരകളും വരച്ചു. എന്നിട്ട് നബി(സ്വ) തങ്ങള്‍ പറഞ്ഞു. “ഇതാണ് (നടുവില്‍ നീണ്ടു കിടക്കുന്ന വരയാണ്) മനുഷ്യന്‍. ഇതാണ് (ചതുരാകൃതിയിലുള്ള ഈ വരയാണ്) അവന്റെ ആയുസ്സ്. അതവനെ ചുറ്റിക്കിടക്കുകയാണ്. പുറത്തേക്ക് തെറിച്ചുനില്‍ക്കുന്ന വര അവന്റെ ആഗ്രഹാഭിലാഷവും. ചെറിയ വരകള്‍ അവനെ ബാധിച്ചേക്കാവുന്ന വിപത്തുകളുമാണ്. ആപത്തുകളില്‍ ഒന്നില്‍നിന്ന് അവന്‍ രക്ഷപ്പെട്ടാല്‍ മറ്റൊന്ന് അവനെ പിടികൂടും. അതില്‍നിന്ന് അവന്‍ രക്ഷപ്പെട്ടാലോ വേറെ ഒന്ന് അവനെ പിടികൂടും. (ബുഖാരി) ചിന്തിക്കുന്നവര്‍ക്ക് ഏറെ പാഠങ്ങളുള്ള ഹദീസാണിത്. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ആയുസ്സിനപ്പുറത്തേക്ക് നീളമുണ്ടെന്ന വസ്തുത ഇവിടെ വ്യക്തമാക്കപ്പെടുന്നു. അവ മുഴുവന്‍ സഫലമാക്കാന്‍ മരണത്തിനു മുമ്പ് അവനാവില്ല. സര്‍വ സുഖങ്ങളെയും അരിഞ്ഞുവീഴ്ത്തുന്ന മരണമെന്ന യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ അമിതാഗ്രഹങ്ങള്‍ക്കും ദുരാഗ്രഹങ്ങള്‍ക്കുമെവിടെ സ്ഥാനം.? അബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം- നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു: 'സുഖങ്ങളെ ഇല്ലാതാക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളം ഓര്‍ക്കുക.' പ്രിയേ, ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള മനസ്സാണ് നമുക്കു വേണ്ടത്. അതിനു കഴിഞ്ഞാല്‍ ഒത്തിരി അപകടങ്ങളില്‍നിന്ന് നമുക്ക് രക്ഷ നേടാം.