Sunni Afkaar Weekly

Pages

Search

Search Previous Issue

അതീവ ജാഗ്രത അനിവാര്യമാണ്...

നൗഷാദ് റഹ്മാനി മേല്‍മുറി
 അതീവ ജാഗ്രത അനിവാര്യമാണ്...

പ്രിയതമേ... അരുതായ്കള്‍ കൊടികുത്തി വാഴുന്ന കാലമാണിത്. ചുറ്റുപാട് മലീമസമായിരിക്കുന്നു. നമ്മുടെ മാര്‍ഗഭ്രംശം കൊതിച്ച് പിശാച് കെണിവലയിട്ട് കാത്തിരിപ്പാണ്. കിട്ടിയ അവസരങ്ങളൊന്നും അവന്‍ പാഴാക്കുന്നില്ല. സൂക്ഷിക്കേണ്ടത് നമ്മളാണ്. അതീവജാഗ്രതയാണ് വേണ്ടത്. പ്രിയേ... സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവര്‍ വര്‍ധിച്ചു വരികയാണ്. സ്വാര്‍ത്ഥാംബരികളാണ് പലരും. സ്വലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അപരന്റെ വേദനയും പ്രയാസവുമെല്ലാം മറക്കുന്നു. മറ്റുള്ളവര്‍ക്കെന്തുമായിക്കോട്ടെ എന്ന ചിന്താഗതി മനോമുകുരത്തില്‍ ഉദിച്ചു വരുന്നു. അതിനാല്‍ ചുറ്റും അപകടങ്ങള്‍ പതിയിരിപ്പുണ്ട്. കരുതലോടെ മുന്നോട്ട് നീങ്ങലാണഭികാമ്യം. ജീവിതത്തില്‍ ഏറെ ജാഗ്രത കാണിക്കേണ്ടവനാണ് വിശ്വാസി. നേരിന്റെ വഴിയില്‍ സഞ്ചരിക്കുന്ന വിശ്വാസിയെ വഴി മാറാന്‍ പ്രേരിപ്പിക്കുന്ന ഇബ്‌ലീസ് ജീവിതത്തിലുടനീളം നമ്മുടെ കൂടെയുണ്ട്. മനുഷ്യന്റെ രക്തചംക്രമണം നടക്കുന്ന സിരകളിലൂടെ പിശാച് സഞ്ചരിക്കുന്നു. ഈ ലോകത്തിന്റെ സൗന്ദര്യവും സൗകര്യവും മുന്നിലേക്കിട്ട് നമ്മെ വശത്താക്കാനവന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പിടി കൊടുക്കാതിരിക്കാന്‍ ജാഗ്രത അനിവാര്യം. ഭൗതിക കാര്യങ്ങളിലും ജാഗ്രത ആവശ്യമാണ്. സ്വന്തം കീശ വീര്‍പ്പിക്കാനോടി നടക്കുകയാണ് പലരും. അതിനിടെ അപരന്റെ ജീവിതവും വേദനയും അവര്‍ മറന്നു പോകുന്നു. കാശുണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍, ഹലാലും ഹറാമും വേര്‍തിരിക്കാനവര്‍ ശ്രമിക്കുന്നില്ല. സാമ്പത്തിക തട്ടിപ്പുകള്‍ക്കവര്‍ മുന്നോട്ടുവരുന്നു. പല ലാഭങ്ങളും വാഗ്ദാനങ്ങളും പരസ്യപ്പെടുത്തുന്നു. കൂടുതല്‍ ചിന്തിക്കാത്ത പാവങ്ങള്‍ അവരുടെ തട്ടിപ്പ് ബിസിനസില്‍ കുടുങ്ങിപ്പോവുന്നു. എത്രയെത്ര ഓണ്‍ലൈന്‍ ബിസിനസുകളാണ് പൊളിഞ്ഞു നഷ്ടക്കയത്തിലാണ്ടു പോയത്. എന്നിട്ടും തട്ടിപ്പ് വണ്ടിക്ക് തല വെച്ചുകൊടുക്കാന്‍ ധാരാളം പേര്‍ തയ്യാറാവുന്നു. ജാഗ്രതക്കുറവാണ് കാരണം. പ്രിയേ... ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിലും നമുക്ക് ജാഗ്രത വേണ്ടതാണ്. സ്വാര്‍ത്ഥതയുടെ ലോകത്ത് അപരന്റെ ആരോഗ്യത്തേക്കാള്‍ വലുത് സ്വന്തം കീശയാണല്ലോ. മാര്‍ക്കറ്റില്‍ ലഭിക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തിന് ഹാനികരമായതാണ്. നിര്‍മാതാക്കള്‍ക്ക് ഇക്കാര്യം അറിയാത്തതുകൊണ്ടല്ല, കൊള്ളലാഭത്തിന് മറ്റു വഴികളില്ലായിരിക്കാം. നമ്മുടെ ശരീരത്തിന് ഏറെ ഗുണകരം എന്ന് നാം കരുതുന്ന പച്ചക്കറി, പഴങ്ങള്‍ പോലും വിഷം നിറച്ചാണ് വില്‍പ്പന കേന്ദ്രത്തിലെത്തുന്നതെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അവ വളര്‍ത്തിയെടുക്കുന്ന തോട്ടങ്ങളില്‍ നിന്ന് പല റിപ്പോര്‍ട്ടുകളും മുമ്പ് വന്നിട്ടുണ്ട്. മനുഷ്യശരീരത്തിന് വളരെ ഹാനികരമായ വിഷമാണവര്‍ കീടങ്ങളെ നശിപ്പിക്കാനുപയോഗിക്കുന്നത്. മുന്തിരിത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനിയില്‍ പശ ചേര്‍ക്കാറുണ്ടത്രെ. തൂങ്ങിക്കിടക്കുന്ന മുന്തിരിക്കുലയില്‍ പശയടങ്ങിയ കീടനാശിനി ഒട്ടിപ്പിടിച്ചു നില്‍ക്കും. പുറത്ത് ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും നാം കഴിക്കുന്ന പല ഭക്ഷ്യവസ്തുക്കളും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. അവരാഗ്രഹിക്കുന്നത് നമ്മുടെ ആരോഗ്യമല്ല, അവരുടെ സാമ്പത്തിക നേട്ടമാണ്. ജാഗ്രത ഏറെ അനിവാര്യം. പ്രിയേ, ദുനിയാവിലെ ജീവിതം പരീക്ഷണങ്ങളില്‍ പൊതിഞ്ഞതാണ്. പലതരം പരീക്ഷണങ്ങളുടെ പെരുമഴ നമ്മുടെ ജീവിതത്തിനു മേല്‍ പെയ്‌തേക്കാം. അവിടേയും ജാഗ്രത കൈവെടിയരുത്. സാമ്പത്തിക പ്രയാസം ഏറെ തളര്‍ത്തിയേക്കാം. രോഗങ്ങള്‍ വിടാതെ പിന്തുടര്‍ന്നേക്കാം. കുടുംബപരമായ പ്രശ്‌നങ്ങള്‍ ഏറെ വേദനിപ്പിച്ചേക്കാം. എല്ലാം അല്ലാഹുവില്‍ നിന്നാണെന്ന ചിന്ത ജാഗ്രതയുടെ ഭാഗമാണ്. പല ആത്മഹത്യകളും നടക്കുന്നത് ഈ ജാഗ്രതയില്ലായ്മ കൊണ്ടാണ്. പ്രിയേ.. വിശ്വാത്തിന്റെ കാര്യത്തിലാണ് നാം ഏറെ ജാഗ്രത കാണിക്കേണ്ടത്. ഈമാന്‍ നഷ്ടപ്പെട്ടു പോവുന്ന ചിന്ത, വാക്ക്, പ്രവര്‍ത്തനം എന്നിവ നമ്മുടെ ഭാഗത്തുനിന്ന് തീരെയില്ല എന്നുറപ്പു വരുത്തണം. ഈമാന്‍ തെറ്റിക്കുന്ന ധാരാളം കാര്യങ്ങള്‍ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നു. വിശ്വാസിയാവാന്‍ എളുപ്പമാണെന്നത് ശരിയാണ്. എന്നാല്‍ അതിനേക്കാള്‍ എളുപ്പമാണ് ദീനില്‍ നിന്ന് പുറത്ത് പോവാന്‍. നമ്മുടെ ക്യാമ്പസുകളില്‍ നടമാടുന്ന പല പ്രവര്‍ത്തനങ്ങളും നമുക്ക് യോജിക്കാനാവാത്തതാണ്. മതനിരാസത്തിലേക്കും സംസ്‌കാര ശൂന്യതയിലേക്കും കൊണ്ടു പോവുന്ന പല കാര്യങ്ങളിലും നമ്മുടെ മക്കള്‍ കൂടി ഉള്‍പ്പെടുന്നില്ലേ എന്നത് നാം നെഞ്ചില്‍ കൈ വെച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. നാം ജാഗ്രത കാണിക്കുന്നതോടൊപ്പം നമ്മുടെ മക്കളെക്കൂടി ജാഗ്രതയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടു വരണം. മദ്യവും മയക്കുമരുന്നും ഇന്ന് വ്യാപകമാണ്. ചെറിയ കുട്ടികള്‍ വരെ അതിന് വിധേയരാണ്. ഏറെ ഭയാനകമാണ് പുതിയ തലമുറയുടെ ജീവിതരീതി. നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി ബുദ്ധിയും ചിന്താശേഷിയും വിവേകവും സമ്പത്തുമെല്ലാം നഷ്ടപ്പെടുത്തുകയാണ് ചെറുപ്പക്കാര്‍. കുടുംബത്തിനും നാടിനും സമൂഹത്തിനുമെല്ലാം വലിയ നഷ്ടങ്ങളാണ് ഇത് വരുത്തിവെക്കുന്നത്. വലിയ ജാഗ്രത ഇക്കാര്യത്തില്‍ നാം കാണിക്കേണ്ടതുണ്ട്. പ്രിയേ.. നമ്മുടെ പെണ്‍മക്കളെ പ്രണയക്കെണിയില്‍ വീഴ്ത്തി മതം മാറ്റുന്ന ലോബി പ്രവര്‍ത്തിക്കുന്ന കാലമാണിത്. പ്രേമത്തിന് കണ്ണും കാതുമില്ല. പ്രേമം തലക്കു പിടിച്ചാല്‍ പിന്നെ മാതാപിതാക്കളില്ല, ബന്ധുമിത്രാദികളില്ല, ദീനില്ല, സംസ്‌ക്കാരമില്ല. എന്നാല്‍ കാമുകര്‍ ലക്ഷ്യമിടുന്നത് തങ്ങളുടെ ശരീരം മാത്രമാണെന്നവരറിയുമ്പോഴേക്ക് വൈകിപ്പോകുന്നു. പ്രേമക്കേസില്‍ പെട്ട് അന്യമതസ്ഥരോടൊപ്പം പോയവരുടെയൊക്കെ പില്‍ക്കാല അവസ്ഥകള്‍ പരിശോധിച്ച് നോക്കിയാല്‍ ഇക്കാര്യം നമുക്ക് ബോധ്യപ്പെടും. ജാഗ്രത ഏറെ വേണ്ടതാണ് ഇക്കാര്യത്തില്‍. നമ്മുടെ പെണ്‍മക്കള്‍ ജാഗ്രത കാണിക്കണം. അതിനവര്‍ക്ക് ബോധവല്‍ക്കരണം നല്‍കണം. പ്രിയേ.. ദുനിയാവ് ജാഗ്രതയുടേതാണ്. എപ്പോഴും എന്തും സംഭവിക്കാം. ജാഗ്രതയോടെ, കരുതലോടെ, ബോധത്തോടെ, ഈമാനുറപ്പോടെ, പ്രാര്‍ത്ഥനയോടെ, തവക്കുലോടെ ജീവിക്കുക. നാഥന്‍ തൗഫീഖ് നല്‍കട്ടെ... ആമീന്‍