വേഷം മാന്യമാവട്ടെ

പ്രിയതമേ, വേഷവിധാനത്തിലേക്കുള്ള ഇസ്‌ലാമിന്റെ നോട്ടത്തെ കുറിച്ച് നീ ബോധവതിയാണോ? വിശ്വാസിയുടെ കളങ്കമറ്റ ജീവിതത്തിന് അന്യൂനവും സമ്പൂര്‍ണവുമായ കര്‍മപദ്ധതിയാണ് ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുള്ളത്. അതിലെല്ലാമുണ്ട്, നമ്മുടെ വേഷമടക്കം. മതം അനുശാസിക്കുന്ന വേഷമാണോ നമ്മുടെ സഹോദരിമാര്‍ അണിയാറുള്ളത്. അതോ, സ്വാര്‍ത്ഥതക്കു മുമ്പില്‍ മതമൂല്ല്യങ്ങള്‍ക്ക് വിലയില്ലാതായോ..? പ്രിയേ, വേഷത്തിനു വളരെ പ്രാധാന്യമുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെയും അച്ഛടക്കത്തിന്റെയും ഭാഗമാണത്. വേഷം നോക്കി ആളെ വിലയിരുത്താമെന്ന് പറയാറില്ലേ.. നമ്മുടെ വ്യക്തിത്വം വേഷത്തിലൂടെ പ്രതിഫലിക്കുന്നു. സ്ഥല കാലത്തോട്, നാം പിന്തുടരുന്ന മൂല്ല്യങ്ങളോട് രാജിയാവാത്ത വേഷവിധാനങ്ങള്‍ നമുക്ക് പാരയായി മാറും. നല്ല പക്വതയും വിവേകവുമുള്ളവര്‍ മാന്യമായ വേഷവിധാനം ഇഷ്ടപ്പെടുന്നു. കാലമെത്ര മാറിയാലും സംസ്‌കാരത്തോട് യോജിക്കാത്ത ഫാഷനുകളോട് അവര്‍ക്കറപ്പും വെറുപ്പുമാണ്. പ്രിയേ, പുതിയകാലത്തെ വേഷങ്ങളുടെ സ്വാഭാവമെന്താണ്..? വിശിഷ്യാ സ്ത്രീകളുടെ. സൗന്ദര്യം പ്രകടിപ്പിക്കാനുള്ള മാധ്യമമായിട്ടാണ് ചില സ്ത്രീകള്‍ വേഷത്തെ കാണുന്നത്. ഇഷ്ടംപോലെ വസ്ത്രങ്ങളുണ്ടായിട്ടും നേരാംവണ്ണം മേനി മറയ്ക്കാന്‍ കഴിയാത്തവരാണ് നമ്മുടെ ചില സ്ത്രീകള്‍. വലിയ വിലപിടിപ്പുള്ള വസ്ത്രങ്ങളായിരിക്കാം ഒരുപക്ഷേ എടുക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാനുതകുന്ന വിധമാണ് അതണിഞ്ഞുള്ള നടപ്പ്. വസ്ത്രങ്ങളൊത്തിരി ഉണ്ടായിട്ടും നമ്മുടെ പല സഹോദരിമാരുടെയും ശരീരഭാഗങ്ങള്‍ വേണ്ടവിധം മറയുന്നില്ലെന്നര്‍ത്ഥം. ചില വസ്ത്രങ്ങള്‍ വല പോലെയാണ്. വസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, ധരിച്ചിട്ടുണ്ട്. എന്നാല്‍, മേനിയിലെ പല ഭാഗവും പുറത്തേക്ക് കാണുന്നു. ലജ്ജയും നാണവും ഈ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. സിനിമയും ഇതര വിനോദങ്ങളും നമ്മുടെ യുവതീ യുവാക്കളെയും കൗമാരക്കാരെയും ഒരുതരം മരവിച്ച സംസ്‌കാരശൂന്യതയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഒരു കാലമുണ്ടായിരുന്നു പണ്ട്. എന്നാല്‍, ഇല്ലായ്മയും വല്ലായ്മയും കഥ പറയുന്ന അക്കാലത്തുപോലും മാന്യമായ വേഷവിധാനം ആളുകള്‍ സ്വീകരിച്ചിരുന്നു. പഴയകാലത്തെ പോലെയല്ല ഇന്ന്. പട്ടിണിയും പരിവട്ടവും നമ്മുടെ കുട്ടികള്‍ക്കറിയില്ല. എന്നാല്‍, ചിലരുടെ വസ്ത്രധാരണാരീതി കണ്ടാല്‍ പട്ടിണിയുടെ ആഴിയിലേക്ക് അവരാണ്ടുപോയോ എന്ന് സംശയിക്കും. പ്രിയേ, സ്ത്രീകള്‍ക്ക് അവരുടേതായ വേഷമുണ്ടല്ലോ. അതു പുരുഷന്മാരില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. എന്നാല്‍, സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാരെയും പുരുഷവേഷം ധരിക്കുന്ന സ്ത്രീകളെയും പുറത്ത് ധാരാളമായി കാണാന്‍ സാധിക്കുന്നു. സ്ത്രീയും പുരുഷനും പരസ്പരം വേഷംമാറാന്‍ പാടില്ല. ബുഖാരി ഇമാം(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാരെയും പുരുഷവേഷം ധരിക്കുന്ന സ്ത്രീകളെയും നബി(സ്വ) തങ്ങള്‍ ശപിച്ചിരിക്കുന്നു. നഗ്നത മറയ്ക്കുക എന്നതാണല്ലോ വസ്ത്രം ധരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം. അതോടൊപ്പം, നമ്മുടെ കുലീനതയും സൗന്ദര്യവും പക്വതയും നാം ധരിക്കുന്ന വസ്ത്രങ്ങളിലൂടെ അടയാളപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ആദം സന്തതികളേ, നിങ്ങള്‍ക്ക് നഗ്നത മറയ്ക്കുന്നതിനും അലങ്കാരത്തിനുമുള്ള വസ്ത്രങ്ങള്‍ നാം ഇറക്കിത്തന്നിരിക്കുന്നു. തഖ്‌വയാകുന്ന (സൂക്ഷ്മത) വസ്ത്രമാണ് നിങ്ങള്‍ക്കേറ്റവും ഉത്തമം.(സൂറതുല്‍ അഅ്‌റാഫ്: 26) പ്രിയേ, അഹങ്കാരത്തോടെ, പൊങ്ങച്ചത്തോടെ ആഢംബരം പ്രകടിപ്പിക്കാന്‍ വസ്ത്രം ധരിക്കുന്നത് നിഷിദ്ധമാണ്. മറ്റുള്ളവരെ തന്റെ ആകാരവും സൗന്ദര്യവും കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല സ്ത്രീകളും വസ്ത്രം ധരിക്കുന്നത്. അതിനുതകുന്ന വസ്ത്രങ്ങള്‍ അവര്‍ തെരഞ്ഞെടുക്കുന്നു. ഇത് നമുക്ക് നഷ്ടമേ വരുത്തൂ. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) ഒരിക്കല്‍ അരുള്‍ചെയ്തു. ജനങ്ങളുടെ ദൃഷ്ടി പതിയുവാനും ആഭിജാത്യം നടിക്കുവാനും വസ്ത്രം ധരിച്ചവരിലേക്ക്, അതഴിക്കുന്നതു വരെ അല്ലാഹു കാരുണ്യത്തിന്റെ നോട്ടം നോക്കുകയില്ല. പ്രിയേ, കാലം മാറുന്നതിനനുസരിച്ച് വസ്ത്രത്തിന്റെ കോലവും മാറുകയാണ്. കണ്ടാലറയ്ക്കുന്ന രൂപത്തിലുള്ളതാണ് ചിലരുടെ വസ്ത്രധാരണ. പല ഭാഗവും കീറിപ്പറിഞ്ഞ ജീന്‍സ് പാന്റ് ധരിച്ചു നടക്കുന്നവരെ കണ്ടിട്ടില്ലേ.. പരമദാരിദ്ര്യം പിടിച്ചതു കൊണ്ടല്ല അതു ധരിച്ചു നടക്കുന്നത്. ആ കീറിപ്പറിഞ്ഞതും ഫാഷനാണത്രെ. പാശ്ചാത്യന്‍ സംസ്‌കാരത്തെ അണ്ണാക്ക് തൊടാതെ വാരിവിഴുങ്ങുന്നവരുടെ ചിന്താശേഷി ആരുടെ മുമ്പിലാണ് പണയംവെച്ചത്. ലജ്ജയില്ലാത്ത, നാണംകെട്ട രീതികളെ ഫാഷന്റെ പേരില്‍ ചുമലിലേറ്റി നടക്കുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ. ഡ്രസ്സെടുക്കുന്ന കാര്യത്തില്‍ ധൂര്‍ത്തും പാടില്ല. അയല്‍വാസികളുടെയും കൂട്ടുകാരികളുടെയും വസ്ത്രങ്ങള്‍ കണ്ട് അതിനെക്കാള്‍ മുന്തിയതെടുക്കണമെന്ന മത്സരബുദ്ധി നന്നല്ല. നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ നമുക്ക് മതി. ഇപ്പോള്‍ വിവാഹ സല്‍ക്കാരങ്ങളിലും കലാലയപരിപാടികളിലും കണ്ടുവരുന്ന ഡ്രസ്സ് കോഡ് പല സാധുക്കളെയും പ്രയാസപ്പെടുത്തുന്നതാണ്. മറ്റുള്ളവരോടൊപ്പം ഓടിയെത്താന്‍ ശ്രമിക്കുന്ന, എന്നാല്‍ അതിനേറെ പ്രയാസപ്പെടുന്ന പാവങ്ങള്‍ക്ക് കാലോചിത പരിഷ്‌കാരങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും. അനാവശ്യ പരിഷ്‌കാരങ്ങളോട് മുഖംതിരിക്കാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുമുള്ള മനസ്സ് നാം ഉണ്ടാക്കിയെടുക്കണം. നമ്മുടെ മക്കള്‍ക്കത് പകര്‍ന്നുകൊടുക്കുകയും വേണം. പ്രിയേ, നമ്മുടെ വസ്ത്രവും വസ്ത്രധാരണാ രീതിയും നരകത്തില്‍നിന്ന് നമുക്ക് സംരക്ഷണമേകണം. എന്നാല്‍, അവ കാരണമായി നരകത്തിലേക്കടുക്കുകയാണോ പലരും..? നാം നമ്മെ സൂക്ഷിക്കുക, നമ്മുടെ കുടുംബത്തെയും.