ഹത്യയിത്ര നിസ്സാരമോ?
പ്രിയതമേ, വ്യവസായിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മീഡിയകളില്‍ നിറഞ്ഞിരിക്കുന്ന, ഒരു മരവിച്ച പകലിലാണ് ഇതെഴുതുന്നത്. പ്രതികളിലൊരാള്‍ മുസ്‌ലിം പേരുള്ള ഒരു യുവതിയാണ്. ഒരു പച്ച മനുഷ്യനെ ക്രൂരമായി വധിച്ച് ശരീരം വെട്ടിനുറുക്കാന്‍ എങ്ങനെ സാധിച്ചു ആ പെണ്ണുടലിന്.. പെണ്‍മനസ്സ് ലോലവും മൃദുലവുമാണെന്നല്ലേ പറയാറ്.. ഈയടുത്തായി പുറത്തുവരുന്ന പല വാര്‍ത്തകളും അതിനപവാദമാവുന്നുണ്ട്. സ്വന്തം മക്കളെ വധിച്ച് തൂക്കുകയറില്‍ എല്ലാമൊടുക്കിയ യുവതിയുടെ വാര്‍ത്തകള്‍ നാം വായിച്ചതാണല്ലോ. സമാനമായ ധാരാളം വാര്‍ത്തകള്‍ നമുക്ക് അറിയേണ്ടിവരുന്നു. ഈയടുത്തായി കൊലപാതക, ആത്മഹത്യാ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. മക്കളെ വിഷംകൊടുത്ത് കൊന്ന അമ്മമാരുടെ വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് പുത്തരിയല്ല. ദുര്‍ബല നിമിഷത്തില്‍ കിണറ്റില്‍ ചാടി ആത്മഹത്യചെയ്യുന്ന യുവതികള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്. സ്വന്തം ജീവനെയോ അപരന്റെ ജീവനെയോ അപഹരിക്കുന്ന, അതിനൊട്ടും മടിക്കാത്ത മനസ്സ് എങ്ങനെ പാകപ്പെടുന്നു ഇത്ര വലിയ ക്രൂരതയോട്. വര്‍ണ്ണാഭമായ ലോകത്ത്, ജീവിതയാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ച്, മീഡിയകളുടെ തള്ളലുകളില്‍ ലയിച്ച് അമിതമായ ആഗ്രഹങ്ങളും പ്രതീക്ഷകളും വെച്ചുപുലര്‍ത്തുന്നവര്‍ക്ക് നിരാശയുടെ ചെറിയ അംശങ്ങളെ പോലും താങ്ങാനാവുന്നില്ല. ഭൗതികതയുടെ അതിപ്രസരം പലപ്പോഴും വിവേകശൂന്യമായ തീരുമാനങ്ങളിലേക്കാണ് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. പ്രിയേ, കൊലപാതകം വലിയ അപരാധമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം. മനപ്പൂര്‍വ്വം ഒരു സത്യവിശ്വാസിയെ വധിച്ചാല്‍ നരകമാണ് അതിന്റെ പ്രതിഫലം. അതിലവന്‍ ശാശ്വതന്‍. അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും അവന്‍ ഇരയായി. ഭീമമായ ശിക്ഷ അയാള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഭീകരമായ ഏഴു തിന്മകളിലൊന്നാണ് കൊലപാതകം. അബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. വിപല്‍ക്കരമായ ഏഴു തിന്മകളെ വെടിയുക. അവര്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, ഏതൊക്കെയാണവ. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു: 'അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക, മാരണം ചെയ്യുക, അല്ലാഹു നിഷിദ്ധമാക്കിയ ശരീരത്തെ ന്യായരഹിതമായി കൊലപ്പെടുത്തുക, പലിശ തിന്നുക, യതീമിന്റെ സ്വത്ത് ഭക്ഷിക്കുക, ധര്‍മ്മസമരത്തിന്റെ വേളയില്‍ പിന്തിരിഞ്ഞോടുക, തിന്മകളില്‍നിന്ന് വിമുക്തരായ വിശ്വാസിനികളെ കുറിച്ച് വ്യഭിചാരാരോപണം നടത്തുക എന്നിവയാണവ.' (ബുഖാരി, മുസ്‌ലിം). ഒരു വിശ്വാസിയെ വധിക്കുന്നതില്‍ ആകാശഭൂമി നിവാസികള്‍ പങ്കാളികളായിരുന്നാല്‍ അവരെ അല്ലാഹു നരകത്തില്‍ മുഖംകുത്തി വീഴ്ത്തിക്കളയും എന്ന് ഒരു ഹദീസില്‍ കാണാം. ഇബ്‌നുമാജ(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇങ്ങനെ വായിക്കാം. അര്‍ദ്ധ വാക്ക് കൊണ്ടെങ്കിലും ഒരു വിശ്വാസിയെ വധിക്കുവാന്‍ സഹായിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശനായവന്‍ എന്ന് നെറ്റിയില്‍ എഴുതപ്പെട്ട രീതിയില്‍ അല്ലാഹുവിനെ അഭിമുഖീകരിക്കേണ്ടിവരും. പ്രിയേ, അന്യായമായി ഒരാളെ വധിക്കുന്നത് ജനങ്ങളെ മൊത്തം വധിക്കുന്നതിനു തുല്ല്യമാണ് എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ആത്മഹത്യയും വലിയ പാതകമാണ്. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. കഴുത്ത് മുറുക്കി ആത്മഹത്യ ചെയ്താല്‍ നരകത്തിലും അവന്‍ കഴുത്ത് ഞെരുക്കി ആത്മഹത്യ ചെയ്തുകൊണ്ടിരിക്കും. സ്വയം കുത്തി ആത്മഹത്യ ചെയ്തവന്‍ നരകത്തിലും കുത്തി ആത്മഹത്യ ചെയ്തുകൊണ്ടിരിക്കും. ചാടി ആത്മഹത്യ ചെയ്യുന്നവന്‍ നരകത്തിലും ചാടിക്കൊണ്ടിരിക്കും. (ബുഖാരി) ദുനിയാവിനോടുള്ള അത്യാര്‍ത്തിയാണ് പലപ്പോഴും നിരാശയേറ്റുന്നത്. നശ്വരമായ ലോകത്തെങ്ങനെയാണ് ശാശ്വതമായ സുഖം ലഭിക്കുക. ഈ ലോകം പരീക്ഷണങ്ങളുടെ തീച്ചൂളയാണ്. പ്രയാസങ്ങളുടെ കല്ലുവര്‍ഷങ്ങള്‍ പലപ്പോഴും പ്രതീക്ഷിക്കണം. ഹൃദയം അതിനനുസരിച്ച് പാകപ്പെടുത്തണം. പരിസരബോധമില്ലാതെ, കുറേ സ്വപ്നങ്ങള്‍ വാരിക്കൂട്ടിയാല്‍, അമിതമായ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയാല്‍ അവ തകരുമ്പോള്‍ മനസ്സിനു താങ്ങാനാവില്ല. നശ്വരലോകത്തിന്റെ പരിധിയും പരിമിതിയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആഗ്രഹങ്ങള്‍ക്കു മാത്രം മനസ്സില്‍ ഇടം നല്‍കുക. മോശമായ കൂട്ടുകെട്ടും ആധുനികതയോടുള്ള അതിഭ്രമവും മോഡേണിസ്റ്റാവാനുള്ള ത്വരയുമാണ് പലപ്പോഴും കുറ്റകൃത്യങ്ങളിലേക്ക് പലരെയും നയിക്കുന്നത്. ആഗ്രഹിക്കുന്നതെന്തും കരസ്ഥമാക്കാനുള്ള വ്യഗ്രത ശീലിച്ചാല്‍ അതിനു തടസ്സമാവുന്ന കാര്യങ്ങളെ എന്തു വിലകൊടുത്തും നശിപ്പിക്കാനുള്ള ദാഹം മനസ്സിലുണ്ടാവും. പണം ഒരു പ്രശ്‌നമാണെങ്കില്‍ ഏതു തരത്തിലായാലും അതു കിട്ടാനുള്ള വഴി നോക്കും. അതിനുള്ള ശ്രമത്തിലാണ് പല അരുതായ്മകളും സംഭവിക്കുന്നത്. ലോകാവസാനത്തിന്റെ അടയാളങ്ങളിലൊന്നാണ് കൊലപാതകം അധികരിക്കുക എന്നത്. കൊലപാതക/ആത്മഹത്യാ വാര്‍ത്തകളില്ലാതെ പത്രമിറങ്ങാറില്ല. കൊല്ലുന്നവന്, എന്തിനാണ് കൊല്ലുന്നതെന്നറിയാത്ത, കൊല്ലപ്പെടുന്നവന് എന്തിനാണ് കൊല്ലപ്പെടുന്നതെന്നറിയാത്ത കാലം വരുമെന്ന് മുമ്പേ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാപകമായ ഇക്കാലത്ത് അതെല്ലാം പുലര്‍ന്നിരിക്കുന്നു. സ്വാര്‍ത്ഥരാണ് പലരും. മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും വേണ്ടില്ല, തന്റെ കാര്യം സുരക്ഷിതമാവണമെന്നവര്‍ ചിന്തിക്കുന്നു. ഒരു സത്യവിശ്വാസിക്ക് ഒരിക്കലും ഈ മനോഭാവത്തോട് രാജിയാവാനാവില്ല. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്നവനാണ് വിശ്വാസി. ഇതരരുടെ പ്രയാസങ്ങള്‍ സ്വന്തം പ്രയാസങ്ങളായി കണ്ട് അവര്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുള്ള മനസ്സാണ് വിശ്വാസിക്കുണ്ടാകേണ്ടത്. ആരെയും അപായപ്പെടുത്താനല്ല, ആര്‍ക്കും താങ്ങും തണലുമാവാനാണു നാം ശ്രമിക്കേണ്ടത്, എങ്കില്‍ ജീവിതം ധന്യമാവും.