Sunni Afkaar Weekly

Pages

Search

Search Previous Issue

ദുഃഖപ്രകടനങ്ങള്‍ അമിതമാവല്ലേ...

നാഷാദ് റഹ്മാനി മേല്‍മുറി
ദുഃഖപ്രകടനങ്ങള്‍ അമിതമാവല്ലേ...

പ്രിയതമേ, പ്രതിസന്ധികളുടെ സുനാമിത്തിരകളും പ്രയാസങ്ങളുടെ കൊടുങ്കാറ്റും മുന്നറിയിപ്പില്ലാതെ വരാവുന്ന കടല്‍ തീരമാണ് ജീവിതം. പൊള്ളുന്ന വെയിലും പ്രളയമുണ്ടാക്കുന്ന പേമാരിയും ജീവിതത്തില്‍ നാം പ്രതീക്ഷിക്കണം. കാറ്റും കോളും വകവെക്കാതെ തന്റെ കപ്പലിനെ ലക്ഷ്യത്തിലേക്കു നയിക്കുന്ന കപ്പിത്താന്റെ റോളാണ് ജീവിതത്തില്‍ നമുക്ക്. സുഖാഢംഭരങ്ങളില്‍ അനശ്വരം ലയിക്കാനവസരം പരലോകത്താണ്. അങ്ങോട്ടുള്ള യാത്ര ദുരിതപൂര്‍വ്വമായേക്കാം. പരീക്ഷണങ്ങളാണെന്ന ബോധ്യമാണ് വിശ്വാസിക്ക് വേണ്ടത്. പ്രിയേ, ഒട്ടും നിനച്ചിരിക്കാതെ, മനസ്സിനു കനത്ത ആഘാതം വരുത്തിയ വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ. കുടുംബത്തിലെ ചിലരുടെ പെട്ടെന്നുള്ള മരണം, അപകടങ്ങള്‍, ദുരന്തങ്ങള്‍ ഇങ്ങനെ കേള്‍ക്കാനൊട്ടും ഇഷ്ടമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളെ പെട്ടെന്ന് കേള്‍ക്കേണ്ടിവരുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കാറ്? ചിലര്‍ ആര്‍ത്ത് നിലവിളിക്കുന്നു. ചിലര്‍ വായില്‍ തോന്നിയത് വിളിച്ചുപറയുന്നു. ചിലര്‍ ധരിച്ച വസ്ത്രങ്ങള്‍ കീറിപ്പറിക്കുന്നു. ചിലര്‍ കൈയ്യില്‍ കിട്ടിയതെന്തും വലിച്ചെറിയുന്നു. പ്രിയേ, ദുരിതപര്‍വ്വം താണ്ടാന്‍ വിധിക്കപ്പെട്ടവരാണു നമ്മള്‍. നമ്മുടെ ഈമാന്‍ പ്രപഞ്ചനാഥന്‍ പരീക്ഷണത്തിന്റെ തീച്ചൂളയിലിട്ടു പാകപ്പെടുത്തുകയാണ്. തികച്ചും അപ്രതീക്ഷിതമെന്നു നാം വിളിക്കുന്ന സംഭവങ്ങള്‍പോലും യഥാര്‍ത്ഥത്തില്‍ നാം പ്രതീക്ഷിക്കേണ്ടതാണ്. ദുനിയാവ് അങ്ങനെയാണ്. മനസ്സിനെ ഞെക്കിപ്പിഴിഞ്ഞ് ചോരയൊലിപ്പിക്കാതെ ദുനിയാവ് നമ്മെ വെറുതെവിടുമെന്ന് തോന്നുന്നുണ്ടോ പ്രിയേ.. മനസ്സിന് കനത്ത ആഘാതമേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍പോലും നിയന്ത്രണം അനിവാര്യമാണ് വിശ്വാസിക്ക്. അല്ലാഹു വിധിച്ചത് അതേപടി സംഭവിക്കുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്ന നമുക്ക് നിലമറന്നുള്ള നിലവിളിക്ക് അനുവാദമില്ല. കുടുംബത്തിലെ/സൗഹൃദ വലയത്തിലെ/നാട്ടിലെ നാം ഏറെ സ്‌നേഹിക്കുന്ന ഒരാളുടെ പെട്ടെന്നുള്ള മരണം നമ്മെ ഏറെ തളര്‍ത്തും. എന്നാല്‍, ഹൃദയംപൊള്ളുന്ന സംഭവമുണ്ടായാലും വിശ്വാസിക്ക് യോജിക്കാത്ത, ആര്‍ത്ത് നിലവിളിക്കുക, മാറത്തടിച്ച് കരയുക, വായില്‍ വരുന്നത് വിളിച്ചുപറയുക, വസ്ത്രങ്ങള്‍ കീറിപ്പറിക്കുക, കൈയ്യില്‍ കിട്ടിയ സാധനങ്ങള്‍ എറിഞ്ഞുടക്കുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യാവതല്ല. മരണവാര്‍ത്തയറിഞ്ഞാല്‍ ദുഃഖമുണ്ടാവുന്നതും തേങ്ങിക്കരയുന്നതും കണ്ണില്‍നിന്ന് നീര് വരുന്നതും സ്വാഭാവികമാണ്; അതു നിഷിദ്ധമല്ല. എന്നാല്‍, അലറിക്കരയുന്നത് തെറ്റാണ്. ഉമറുബ്‌നുല്‍ഖത്വാബ്(റ)വില്‍നിന്ന് നിവേദനം- നബി(സ്വ) തങ്ങള്‍ പറഞ്ഞു: 'മയ്യിത്തിന്റെമേല്‍ അലറിക്കരഞ്ഞാല്‍ മയ്യിത്ത് തന്റെ ഖബറില്‍വെച്ച് ശിക്ഷിക്കപ്പെടും.' (മുത്തഫഖുന്‍ അലൈഹി) കവിളത്തടിക്കലും വസ്ത്രം കീറലുമടക്കമുള്ള നിയന്ത്രണംവിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തെറ്റാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍നിന്ന് നിവേദനം- നബി(സ്വ) തങ്ങള്‍ പറഞ്ഞു: 'കവിളത്തടിക്കുകയും കുപ്പായമാറ് പിച്ചിക്കീറുകയും അനിസ്‌ലാമികമായ കാര്യങ്ങള്‍ വിളിച്ചുപറയുകയും ചെയ്യുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവരല്ല.' (മുത്തഫഖുന്‍ അലൈഹി) ഒരിക്കല്‍ അബൂമൂസാ(റ) കഠിന വേദന കാരണം ബോധരഹിതനായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ തല അദ്ദേഹത്തിന്റെ കുടുംബത്തില ഒരു സ്ത്രീയുടെ മടിയിലായിരുന്നു. അവള്‍ വാവിട്ടുകരയാന്‍ തുടങ്ങി. അത് തടുക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നബി(സ്വ) ആരില്‍ നിന്നെല്ലാം മുക്തി നേടിയിട്ടുണ്ടോ അവരില്‍നിന്നെല്ലാം ഞാനും മുക്തനാണ്. അലറിക്കരയുന്നവളില്‍ നിന്നും, തല മുണ്ഡനം ചെയ്യുന്നവളില്‍നിന്നും, വസ്ത്രം കീറിപ്പറിക്കുന്നവളില്‍നിന്നും നബി(സ്വ) തങ്ങള്‍ മുക്തി നേടിയിരിക്കുന്നു.' (മുത്തഫഖുന്‍ അലൈഹി) മുഗീറത്തുബ്‌നു ശുഅ്ബ(റ)വില്‍നിന്ന് നിവേദനം- അദ്ദേഹം പറയുന്നു: 'നബി(സ്വ) തങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. ആരുടെയെങ്കിലും പേരില്‍ അലറിക്കരയപ്പെട്ടാല്‍ അതുമൂലം അന്ത്യനാളില്‍ അവന്‍ ശിക്ഷിക്കപ്പെടും.' (മുത്തഫഖുന്‍ അലൈഹി) അബ്ദുല്ലാഹിബ്‌നു റവാഹ(റ)വിനു ബോധക്ഷയമുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി, വാജബലാഹ് എന്നും മറ്റും വിളിച്ചു കരയാന്‍ തുടങ്ങി. ബോധം തിരിച്ചുകിട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു:“'നീ എന്തു പറഞ്ഞ് വിലപിക്കുമ്പോഴും നീ അപ്രകാരമാണോ എന്ന് എന്നോട് ചോദിക്കപ്പെടും.' (ബുഖാരി) മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം- നബി(സ്വ) തങ്ങള്‍ അരുള്‍ചെയ്തു: 'അലറിക്കരയുന്നവള്‍ മരണപ്പെടുംമുമ്പ് ഖേദിച്ചു മടങ്ങിയില്ലെങ്കില്‍ ഖത്വിറാന്‍ കൊണ്ടുള്ള വസ്ത്രവും ചൊറിച്ചിലുണ്ടാക്കുന്ന ഒരുതരം അങ്കിയും ധരിപ്പിച്ചുകൊണ്ട് അന്ത്യനാളില്‍ അവള്‍ നിറുത്തപ്പെടുന്നതാണ്.' (മുസ്‌ലിം) അബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം- നബി(സ്വ) തങ്ങള്‍ പറഞ്ഞു: 'മനുഷ്യരിലുള്ള രണ്ടു കാര്യങ്ങള്‍ സത്യനിഷേധികളുടെ സ്വഭാവങ്ങളാണ്. തറവാടിനെ കുറ്റപ്പെടുത്തലും മരിച്ചവന്റെ പേരില്‍ അലമുറയിടലും.' (മുസ്‌ലിം) പ്രിയേ, ഇവ്വിഷയകമായുള്ള ഏതാനും ഹദീസുകള്‍ കണ്ടല്ലോ. സ്വാഭാവികമായ ദുഃഖവും കണ്ണുനീരും തേങ്ങിക്കരയലും തെറ്റാണെന്നു മനസ്സിലാക്കരുത്. പ്രിയ പുത്രന്‍ ഇബ്‌റാഹീം അവര്‍കള്‍ വഫാതായപ്പോള്‍ തിരുദൂതര്‍(സ്വ) തങ്ങളുടെ കണ്ണുകളില്‍നിന്ന് കണ്ണുനീരൊഴുകിയിട്ടുണ്ട്. കാരുണ്യത്തിന്റെ കണ്ണീരാണത്. പ്രിയേ, സന്തോഷവും സന്താപവും ആഘാതവും ആഹ്ലാദവും ജീവിതത്തില്‍ മാറിമാറി വന്നേക്കാം. സന്തോഷവേളയില്‍ അമിതാവേശവും അമിതാഹ്ലാദവും നന്നല്ല എന്നതു പോലെ ദുഃഖവേളയില്‍ അമിതവും അനിയന്ത്രിതവുമായ ദുഃഖപ്രകടനങ്ങള്‍ നന്നല്ല. കൈപ്പേറിയതോ മാധുര്യമുള്ളതോ ആയ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സ്വീകരിക്കാനുതകുന്ന തരത്തില്‍ മനസ്സിനെ നാം പാകപ്പെടുത്തിയെടുക്കണം. എല്ലാം നല്ലതിന് എന്ന് കേട്ടിട്ടില്ലേ. അതെ, വിശ്വാസിക്ക് എല്ലാം നന്മയാണ് പ്രിയേ.