കോപം നശിപ്പിക്കുന്നത്...
പ്രിയതമേ... എന്താണ് ചിന്തിച്ചിരിക്കുന്നത് എന്ന ചോദ്യം പലപ്പോഴും അഭിമുഖീകരിക്കേണ്ടിവരാറില്ലേ. ചിന്തിക്കാനുള്ള കഴിവ് അത്ര നിസ്സാരമല്ല. ചിന്താശേഷിയാണ് മനുഷ്യനെ ഇതര ജീവികളില്‍നിന്നു വ്യത്യസ്തനാക്കുന്നത്. നമ്മുടെ ചിന്താമണ്ഡലം വളരെ വിശാലമാണ്. അവിടെ എന്തും എത്ര അളവിലും ചിന്തിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍, സത്യവിശ്വാസിക്ക് ചില നിയന്ത്രണങ്ങള്‍ അക്കാര്യത്തിലുണ്ടെന്നുമാത്രം. പ്രിയേ... വിശുദ്ധ ഖുര്‍ആനില്‍ പല ഭാഗത്തും ചിന്തിക്കുന്നില്ലേ എന്ന സാരഗര്‍ഭമായ ചോദ്യമുന്നയിക്കുന്നുണ്ട്. അതൊരു ഉണര്‍ത്തലാണ്; മനസ്സിനുള്ള ഒരു തട്ട്. ചിന്തിക്കാന്‍ ഒത്തിരികാര്യങ്ങള്‍ പ്രപഞ്ച നാഥന്‍ ഈ ലോകത്ത് സംവിധാനിച്ചിട്ടുണ്ട്. ചിതറിക്കിടക്കുന്ന ചിന്തകള്‍ അവസാനം എത്തിച്ചേരുന്നത് ഒരേയൊരറ്റത്തിലേക്കാണ്, ആദ്യവും അവസാനവുമില്ലാത്ത അല്ലാഹുവിലേക്ക്. ചിന്തക്കു വലിയ പ്രാധാന്യമുണ്ട്. ഇളംവെയില്‍ പരന്നുകിടക്കുന്ന കടല്‍തീരത്തിരുന്ന് കടലയും കൊറിച്ച് കടലിലേക്ക് നോക്കി ആര്‍ത്തലച്ചുവരുന്ന തിരമാലകളും കരകാണാ സമുദ്രവും ചിന്തയിലാഴ്ത്തിയാല്‍ അല്ലാഹുവിന്റെ അപാരമായ കഴിവുകള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കും. ഈ പ്രപഞ്ചവും അതിലുള്ളതുമെല്ലാം വിരല്‍ചൂണ്ടുന്നത് അല്ലാഹുവിലേക്കാണല്ലോ. നമ്മുടെ ചിന്താമണ്ഡലത്തിലുയിരെടുക്കണം ഇത്തരം ചിന്തകള്‍. പ്രിയേ... മനുഷ്യ മനസ്സിന് അതിരുകളില്ലല്ലോ. കയറ് പൊട്ടിച്ചോടുന്ന കുതിരയെക്കാള്‍ വേഗതയുണ്ടതിന്. അനിയന്ത്രിതമായ മനസ്സിനെ നമ്മുടെ വിവേകവും ബുദ്ധിയും ഉപയോഗിച്ചുകൊണ്ടാണ് നിയന്ത്രിക്കേണ്ടത്. തെറ്റായ കാര്യങ്ങള്‍ ചിന്തയിലിട്ടുരുട്ടിയാല്‍ തിന്മയിലേക്കുള്ള തുടക്കമാണത്. ഓരോ നന്മയും ഓരോ തിന്മയും ആദ്യം പിറക്കുന്നത് നമ്മുടെ മനസ്സിലാണല്ലോ. ചിന്തകള്‍ നന്മ നിറഞ്ഞതാവട്ടെ. പ്രിയേ... നാഥനിലേക്കെത്തുന്ന ചിന്തകള്‍ക്കു നാം സമയം കണ്ടെത്തണം. അല്ലാഹു തആല പറഞ്ഞു. ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകള്‍ മാറിവരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ ഓര്‍ക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവരാണവര്‍. (അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കും) ഞങ്ങളുടെ നാഥാ, നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീ പരിശുദ്ധനാണ്. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍നിന്നും കാത്തുരക്ഷിക്കേണമേ. (സൂറത്തു ആലുഇംറാന്‍: 190,191) നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല എന്നു പറഞ്ഞിട്ട് പ്രാര്‍ത്ഥിക്കുന്നതെന്താണ്...? നീ ഞങ്ങളെ നരകശിക്ഷയില്‍നിന്നു കാത്തുരക്ഷിക്കേണമേ... ബുദ്ധിയുള്ളവര്‍ക്ക് ഇതിലും ചിന്തിക്കാനുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ, അവര്‍ ചിന്തിക്കുന്നില്ലേ തുടങ്ങിയ ഉദ്‌ബോധനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി കാണാം. അല്ലാഹു തആല പറഞ്ഞു: എന്നാല്‍, അവര്‍ ഒട്ടകങ്ങളിലേക്ക് നോക്കുന്നില്ലേ, എങ്ങനെയാണവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആകാശത്തിലേക്കും (അവര്‍ നോക്കുന്നില്ലേ). അതെങ്ങനെയാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്... പര്‍വതങ്ങളിലേക്കും (അവര്‍ നോക്കുന്നില്ലേ), എങ്ങനെയാണവ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്... ഭൂമിയിലേക്കും (അവര്‍ നോക്കുന്നില്ലേ), അതെങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നത്... അതുകൊണ്ട് താങ്കള്‍ ഉദ്‌ബോധനം നടത്തുക. താങ്കള്‍ ഉദ്‌ബോധകന്‍ മാത്രമാണ്. (സൂറത്തുല്‍ ഗാശിയ: 17-21) അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിലേക്ക് ചിന്തയെ നയിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍. പ്രപഞ്ചത്തിലേക്കുള്ള സൂചനകളാണ് പ്രസ്തുത സൂക്തങ്ങളിലുള്ളത്. പ്രപഞ്ചത്തിലെ പല വിസ്മയങ്ങളും ശാസ്ത്രം സമഗ്രപഠനങ്ങള്‍ക്കു വിധേയമാക്കി നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. അനന്തമജ്ഞാതമവര്‍ണനീയമെന്നു കവി വിശേഷിപ്പിച്ച പ്രപഞ്ചത്തിന്റെ പൂര്‍ണചിത്രം ഇതുവരെ ശാസ്ത്രത്തിനു ലഭ്യമായിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോഴും അതേക്കുറിച്ച് പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. സമാന്തര സൗരയൂഥങ്ങളെ കുറിച്ചും പുതിയ ഗ്രഹങ്ങളെ കുറിച്ചും ഇടക്കിടെ ശാസ്ത്രം പുതിയ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ചുറ്റുപാടിലെ കാഴ്ചകള്‍ ചിന്താശേഷിയുള്ള മനുഷ്യനെ അല്ലാഹുവിലേക്കെത്തിക്കുന്നു. വിസ്മയകരമായ സൃഷ്ടിവൈഭവം കണ്ട് ഇസ്‌ലാം പുല്‍കിയവര്‍ നിരവധിയാണ്. നമുക്കുള്ളിലെ ഈമാന്‍ സുദൃഢമാവാനും ഇതെല്ലാം നിദാനമാവണം. മനുഷ്യനെ സ്വര്‍ഗസ്ഥനാക്കുന്നത് ചിന്തയാണ്. നരകജീവിതത്തിലേക്കു തള്ളിവിടുന്നതും ചിന്ത തന്നെ. ചിന്തിക്കേണ്ടത് ചിന്തിക്കാനാണ് മനുഷ്യന് അല്ലാഹു ചിന്ത നല്‍കിയത്. ചിന്തിക്കേണ്ടവ എന്തെല്ലാമെന്നു കണ്ടെത്തേണ്ടതും ചിന്താശേഷി ഉപയോഗിച്ചുകൊണ്ടാണ്. ദുഷ്ചിന്തകളെ ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് ചിന്തിക്കാനും ചിന്താശേഷി ഉപയോഗപ്പെടുത്തണം. അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുകയും എന്നിട്ട് നോക്കിക്കാണുകയും ചെയ്യുന്നില്ലേ എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്. ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ പല ദൃഷ്ടാന്തങ്ങളും അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്. സ്വന്തം ശരീരത്തെ നിയന്ത്രിക്കുകയും മരണാനന്തര ജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍ എന്ന ഹദീസ് ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. പ്രിയേ... ചിന്ത ഉപയോഗിക്കാനുള്ളതാണ്. ഒരു വിശ്വാസിക്ക് എത്രയോ കാര്യങ്ങള്‍ ചിന്തിക്കാനുണ്ട്. അവന്റെ കണ്ണുകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളിലെല്ലാം ചിന്തക്കുള്ള വകയുണ്ട്. ജനനം മുതല്‍ ഇതുവരെ നാം എന്തെല്ലാം കണ്ടു, എന്തെല്ലാം കണ്ടുകൊണ്ടിരിക്കുന്നു, ഇനി എന്തെല്ലാം കാണാനുണ്ട്. കണ്ണില്‍നിന്ന് ഹൃദയത്തിലേക്കൊരു പാലമുണ്ടാക്കണം. നഗ്നനേത്രങ്ങള്‍ക്ക് ഗോചരമായവ ആ പാലത്തിലൂടെ സഞ്ചരിച്ച് ഹൃത്തിലെ ചിന്താമണ്ഡലത്തില്‍ കിടന്ന് കറങ്ങണം. അവയില്‍നിന്നു ലഭ്യമാകുന്ന ഊര്‍ജ്ജം ബോധമണ്ഡലത്തിലേക്കു പ്രവഹിക്കണം. അതിലൂടെ ഈമാന്‍ ത്രസിച്ചുനില്‍ക്കണം. പ്രിയേ... എന്താണ് ചിന്തിക്കുന്നത്.. ചിന്തകളൊക്കെയും നന്മനിറഞ്ഞതാവട്ടെ!