മൗനമെത്ര മനോഹരം
പ്രിയതമേ, ശബ്ദകോലാഹലങ്ങളുടെ ഈ ലോകത്ത് നിന്റെ ശ്രവണപുടങ്ങള്‍ക്ക് മടുപ്പ് വന്നുതുടങ്ങിയോ.. ബഹളങ്ങളുടെ പരിസരത്തുനിന്ന് ഒച്ചകളില്ലാത്ത സ്വസ്ഥതയുടെ ഒരിടത്തേക്ക് മാറിപ്പോകാന്‍ മനസ്സ് വെമ്പല്‍ കൊള്ളാറുണ്ടോ... അതല്ല, അവയോട് രാജിയായി ഉരുളക്കുപ്പേരി നല്‍കി ചുറ്റുപാടിനോട് പട വെട്ടുകയാണോ... സ്ത്രീകളുടെ നാവിനു നീളം കൂടുതലാണെന്ന് ചിലര്‍ തമാശ പറയാറുണ്ട്. സംസാരപ്രിയരാണ് പല മങ്കമാരും എന്നതു കൊണ്ടാവാം ഇങ്ങനെ പറയപ്പെടുന്നത്. ചില സ്ത്രീകളുടെ ഇടമുറിയാതെയുള്ള സംസാരം കാണുമ്പോള്‍ ഇതു ശരിയല്ലേ എന്നും തോന്നാം. വല്ലാതെ സംസാരിക്കുമ്പോഴാണ് സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിക്കുക എന്ന ചിലരുടെ ധാരണ അബദ്ധജഢിലമാണ്. വായാടികളായ സ്ത്രീകളെ വെറുക്കുന്നവരാണ് പലരും. പ്രിയേ, മൗനം സുന്ദരമാണ്. ചില നേരങ്ങളില്‍ അത് അതിസുന്ദരമാണ്. ഇരുളടഞ്ഞ രാത്രിയില്‍ വെളിച്ചക്കീറു മുന്നില്‍ കാണുമ്പോഴുണ്ടാവുന്ന സംതൃപ്തിയുണ്ടല്ലോ. മൗനത്തിലൂടെ അത്തരമൊത്തിരി സാഹചര്യങ്ങളെ സൃഷ്ടിച്ചെടുക്കാനാവും. രക്തംചിന്തുമായിരുന്ന എത്ര കലാപങ്ങളെയാണ് മൗനം ഇല്ലാതാക്കിയത്. പരസ്പരം അടുക്കാനാവാത്തവിധം കനത്ത ആഘാതമേറ്റ് അകലുമായിരുന്ന എത്ര കുടുംബകലഹങ്ങളാണ് മൗനം തരിപ്പണമാക്കിയത്. അയല്‍പക്കബന്ധങ്ങളില്‍ ഉടലെടുക്കുമായിരുന്ന എത്ര പ്രശ്‌നസങ്കീര്‍ണ സാഹചര്യങ്ങളെയാണ് മൗനം പൊടിച്ചുകളഞ്ഞത്. പ്രിയേ, തിരുദൂതരുടെ ഒരു ഹദീസില്‍ ഇങ്ങനെ കാണാം. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. സല്‍മാനുല്‍ ഫാരിസി(റ) ഒരാള്‍ക്ക് ഉപദേശംനല്‍കിയത് മൗനമവലംബിക്കാനാണ്. അതെങ്ങനെ എനിക്കു സാധ്യമാവുമെന്ന് തിരിച്ചുചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: നിവൃത്തിയില്ലെങ്കില്‍ നല്ല വാക്ക് പറയുക, അല്ലാത്ത സമയത്ത് മൗനം പാലിക്കുക. പ്രിയേ, അയല്‍പക്കത്തെ സ്ത്രീയെ കാണുമ്പോള്‍ നിയന്ത്രണമില്ലാതെ സംസാരിക്കാന്‍ തോന്നുന്നുണ്ടോ? പ്രസ്തുത സംസാരത്തില്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കടന്നുവരുന്നുണ്ടോ? മറ്റൊരാളെ കുറിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അയാളുടെ അഭാവത്തില്‍ പറയുന്നതിന്റെ ഗൗരവമെത്രയെന്ന് നിനക്കറിയില്ലേ..? നാളെ പരലോകത്ത് ഒന്നുമില്ലാതെ പാപ്പരായിപ്പോകുന്ന അവസ്ഥ എത്ര ഗുരുതരമാണ്. ചില സ്ത്രീകള്‍ മണിക്കൂറുകളോളമാണ് ഫോണില്‍ സംസാരിക്കുന്നത്. സ്വന്തം വീട്ടിലേക്കായിരിക്കാം; കൂട്ടുകാരികളാവാം; ഭര്‍തൃകുടുംബത്തില്‍ പെട്ടവരാവാം. സംസാരത്തിനിടെ പലരെയും പരാമര്‍ശിക്കുന്നു; അവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇടക്കു കയറിവരുന്നു; പലരെയുംപറ്റി മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നു. അവസാനം, ആ സംസാരം മുറിയുമ്പോഴേക്ക് എത്ര സല്‍ക്കര്‍മ്മങ്ങളെയാണ് അവ മാന്തിക്കൊണ്ടുപോയതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ...? വാക്ക് മൂര്‍ച്ചയേറിയ ആയുധമാണ്. ചില വാക്കുകള്‍ ഹൃദയത്തില്‍ തറച്ചാല്‍ പറിച്ചെടുക്കാന്‍ പ്രയാസമാണ്. ഹൃത്തടത്തിലെ ആ മുറിവില്‍ ഒരുപാട് കാലം വേദന നീറിപ്പുകയും. പ്രശസ്ത കവി കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഇപ്രകാരമാണ്- വാക്കോളം/തൂക്കമില്ലീ/യൂക്കന്‍ ഭൂമിക്ക് പോലുമേ. കുഞ്ഞുണ്ണിക്കവിതകളില്‍ ഈ വരികളും കാണാം- എനിക്കു തലയില്‍ കൊമ്പില്ല/എനിക്ക് പിന്നില്‍ വാലില്ല/എങ്കിലുമില്ലൊരു വിഷമം വായയി/ലെല്ലില്ലാത്തൊരു നാവില്ലേ... പ്രിയേ, അല്ലെങ്കിലും മൗനം മുറുകെപ്പിടിക്കേണ്ടവര്‍ പുരുഷന്മാരെക്കാള്‍, സ്ത്രീകളല്ലേ... അവള്‍ വാചാലമാവേണ്ടവളാണോ? അടുക്കും ചിട്ടയുമുള്ള സ്ത്രീ സ്വാഭാവികമായും മൗനത്തെ ഇഷ്ടപ്പെടുന്നവളാവും. ആവശ്യത്തിനു മാത്രമാവും അവള്‍ സംസാരിക്കുക. മൗനം ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് സംരക്ഷണകവചമാണ്. ചില നേരം അതു മൂര്‍ച്ചയുള്ള ആയുധമാണ്. ദുഃഖത്തിന്റെ, ആശങ്കയുടെ, ഭയത്തിന്റെ വേഷം ധരിച്ചും മൗനമെത്താറുണ്ട്. ചില സദസ്സുകളില്‍ സംസാരത്തെക്കാള്‍ വാചാലമാവാന്‍ മൗനത്തിനു സാധിക്കും. പ്രിയേ, കൂടുതല്‍ പേരെയും നരകത്തിലേക്ക് കൊണ്ടുപോകുന്നത് ശരീരത്തിലെ രണ്ട് അവയവങ്ങളാണ് നാവും ഗുഹ്യസ്ഥാനവും. അവ രണ്ടും തെറ്റില്‍നിന്നു സംരക്ഷിച്ചവര്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പാണെന്ന് ഹദീസില്‍നിന്ന് മനസ്സിലാക്കാം. ഏഷണി, പരദൂഷണം, കളവ് തുടങ്ങി നാവിന്റെ ദോഷങ്ങള്‍ നിരവധിയുണ്ട്. മൗനം പാലിച്ചവന്‍ വിജയിച്ചു എന്ന പ്രവാചകാദ്ധ്യാപനം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. നബിയേ, എന്താണ് വിജയമെന്ന് ഉഖ്ബതുബ്‌നു ആമിര്‍(റ) നബി(സ്വ) തങ്ങളോട് ചോദിച്ചപ്പോള്‍ നബി(സ്വ) തങ്ങള്‍ നല്‍കിയ മറുപടിയുടെ ആദ്യഭാഗം നീ നിന്റെ നാവിനെ നിയന്ത്രിക്കുക എന്നാണ്. പ്രിയേ, സദാ സമയവും നാവിനെ പിടിച്ചുകെട്ടണമെന്നല്ല മനസ്സിലാക്കേണ്ടത്. വാക്കുകള്‍ക്ക് പ്രസക്തിയുള്ളിടത്ത് സംസാരിക്കുകതന്നെ വേണം. എല്ലാ നേരവും മൗനം ഭൂഷണമല്ലല്ലോ. ചില നേരത്തെ മൗനം തെറ്റിദ്ധാരണ പരത്തും; ശ്രോതാവിനെ ദേഷ്യം പിടിപ്പിക്കും; ശത്രുത മുളച്ചുയരാന്‍ കാരണമാവും. മാത്രമല്ല, തെറ്റ് കാണുമ്പോള്‍ തിരുത്തല്‍ അനിവാര്യമാണല്ലോ. അവിടെ മൗനം നന്നല്ല. എങ്കിലും സംസാരിക്കാന്‍ ലഭിക്കുന്നതിനെക്കാള്‍ മൗനംപാലിക്കാനുള്ള അവസരങ്ങളാവും കൂടുതല്‍ ലഭിക്കുക. പ്രിയേ, ഇന്നുമുതല്‍ നമുക്ക് ശ്രമിക്കാം. മൗനം മനോഹരമാകുന്നിടത്ത് മൗനത്തിലൊളിക്കാം. സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ ഉപയോഗിക്കുംമുമ്പ് ഒന്ന് ചിന്തിക്കാം.