ഇഖ്‌ലാസുണ്ടാവട്ടെ നമ്മുടെ കര്‍മങ്ങളില്‍
പ്രിയതമേ, നന്മയുടെ ആള്‍രൂപമാവാന്‍ നിനക്ക് താല്‍പര്യമില്ലേ.. അതിനല്ലേ നാമെല്ലാം പരിശ്രമിക്കുന്നത്. ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും നാളേക്ക് വേണ്ടിയുള്ള കരുതിവയ്പ്പുകള്‍ നാം മറക്കുന്നില്ല. സുകൃതങ്ങള്‍ ഒരുക്കൂട്ടിവെക്കുകയാണ് നമ്മള്‍. നാളെ, നന്മ തിന്മകള്‍ തൂക്കുന്ന ത്രാസില്‍ നന്മയുടെ ഭാഗത്ത് കനമേറെയാവാന്‍ നമ്മില്‍ പലരും കഠിനാദ്ധ്വാനംചെയ്യുന്നു. എല്ലാം സഫലമാവേണ്ടതുണ്ട്. നമ്മുടെ കര്‍മ്മങ്ങളില്‍ ന്യൂനതയുടെ പുഴുക്കുത്തേറ്റുകൂടാ. അതിനു വേണ്ടത് ആത്മാര്‍ത്ഥതയാണ്. തികച്ചും നിഷ്‌കളങ്കതയോടെ, നിസ്വാര്‍ത്ഥതയോടെയാവണം നമ്മുടെ കര്‍മങ്ങള്‍. ഇഖ്‌ലാസ് ഉണ്ടെങ്കിലേ സല്‍കര്‍മ്മങ്ങള്‍ക്കു സ്വീകാര്യതയുള്ളൂ. പ്രിയേ, ഒത്തിരി സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലേ. എല്ലാം ഇഖ്‌ലാസിന്റെ സംരക്ഷണ കവചത്തില്‍തന്നെയല്ലേ. ഏതെങ്കിലും സല്‍പ്രവര്‍ത്തനം ചെയ്യുമ്പോള്‍ ഭൗതിക നേട്ടം ഹൃദയത്തില്‍ കടന്നുകൂടിയിരുന്നോ. ആളുകള്‍ കാണാനെന്ന ചിന്താഗതി ഉയര്‍ന്നിരുന്നോ. ചെയ്തില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതിയോ. എല്ലാവരും ചെയ്യുന്നു; അതുകൊണ്ട് ചെയ്‌തേക്കാം. അല്ലെങ്കില്‍ ആളുകളെന്ത് വിചാരിക്കും എന്ന് ചിന്തിച്ചോ. ഇഖ്‌ലാസിന് ഭംഗം വരുത്തുന്ന ഇത്തരം ചിന്താഗതികള്‍ നമ്മുടെ കര്‍മ്മങ്ങളെ പൊടിച്ചുകളയും. സല്‍കര്‍മ്മങ്ങള്‍ ധാരാളം ചെയ്യുന്ന എത്രയോ പേര്‍ അവയുടെ പ്രതിഫലം തകര്‍ത്തുകളയുന്നതില്‍ വ്യാപൃതരാണ്. ജാഗ്രതക്കുറവു കൊണ്ട് പലര്‍ക്കും പല നന്മകളും നഷ്ടമാവുകയാണ്. ദുനിയാവില്‍വെച്ച് ധാരാളം സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത വ്യക്തി പരലോകത്തെത്തുമ്പോള്‍ അക്കൗണ്ടില്‍ നന്മകളൊന്നും കാണാതെ ഭയവിഹ്വലതയോടെ നില്‍ക്കുന്ന സന്ദര്‍ഭമുണ്ട്. ചെയ്തുകൂട്ടിയ കര്‍മങ്ങള്‍ ഇഖ്‌ലാസിന്റെ അഭാവംനിമിത്തം നഷ്ടപ്പെട്ടുപോയതാണ്. നാം ചെയ്ത നന്മകള്‍ മറ്റുള്ളവര്‍ക്ക് നല്‍കേണ്ട സന്ദര്‍ഭവുമുണ്ട്. മറ്റൊരാള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്താലോ പറഞ്ഞാലോ പരലോകത്തുവെച്ച് നമ്മുടെ നന്മകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവും. പ്രിയേ, ഇഖ്‌ലാസ് വളരെ പ്രാധാന്യമുള്ളതാണ്. ചെയ്യുന്ന സല്‍പ്രവര്‍ത്തനത്തില്‍ ഇഖ്‌ലാസ് ഇല്ലാതാക്കാന്‍ ഇബ്‌ലീസ് കിണഞ്ഞു ശ്രമിക്കും. നിന്നുകൊടുക്കരുത്; ചിന്താഗതി മാറരുത്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ അങ്ങനെത്തന്നെ ചെയ്യണം. അല്ലാത്തവ ജീവനില്ലാത്ത പ്രവര്‍ത്തനങ്ങളായി മാറും. പ്രിയേ, ജനങ്ങളില്‍നിന്ന് നല്ലവാക്ക് കേള്‍ക്കാന്‍ വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നവരേറെയാണ്. വീട്ടില്‍ കല്ല്യാണമോ സല്‍ക്കാരമോ നടത്തുമ്പോള്‍, അയല്‍വീട്ടില്‍ മുമ്പ് നടന്ന പരിപാടിയെക്കാള്‍ കേമമാണെന്നാളുകള്‍ പറയണം. ക്ഷണം കണ്ട് ആളുകള്‍ ഞെട്ടണം. വിഭവങ്ങളുടെ ആധിക്യത്തെ കുറിച്ച് അങ്ങാടിച്ചര്‍ച്ചകള്‍ നടക്കണം. ആളുകള്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍ ഗംഭീര പാര്‍ട്ടി ഒരുക്കിയവന്‍ എന്നാളുകള്‍തന്നെ ബഹുമാനത്തോടെ നോക്കണം. വളരെയേറെ പുണ്ണ്യമുള്ളതാണ് മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. എന്നാല്‍, ചിന്ത മാറുന്നതോടെ കൂലി ഇല്ലാതാവുന്നു. നാട്ടില്‍ നടക്കുന്ന പല ചടങ്ങുകളും ഇഖ്‌ലാസില്ലാതെയായിപ്പോകുന്നുണ്ടോ എന്ന് സംശയിക്കണം. ആളുകളെന്തുവിചാരിക്കും, അങ്ങനെയൊന്നുമല്ലെങ്കില്‍/ഇല്ലെങ്കില്‍ മോശമാണ് തുടങ്ങിയ ചിന്താഗതികള്‍ പ്രതിഫലത്തെ കരിച്ചുകളയുന്നു. നാട്ടുനടപ്പും നാട്ടാചാരവും മാത്രം നോക്കി പരലോകത്തേക്കുള്ള നീക്കിവെപ്പിനെ കുറിച്ച് ചിന്തിക്കാതെയാണ് പലരും പരിപാടികള്‍ നടത്തുന്നത്. മനസ്സറിഞ്ഞ്, സംതൃപ്തിയോടെ നല്ല നിയ്യത്തോടെ ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിന്റെ പുണ്ണ്യം കണക്കാക്കാനാവാത്തതാണ്. എന്നാല്‍, ആയിരങ്ങളെ വയറു നിറപ്പിച്ചിട്ടും ഒരല്‍പ്പം കൂലിപോലും കരസ്ഥമാക്കാത്തവരും ഉണ്ട്. ഇഖ്‌ലാസ് വളരെ അനിവാര്യമാണ്. ഇഖ്‌ലാസ് കുടികൊള്ളുന്നത് പ്രവര്‍ത്തിക്കുന്നവന്റെ ഹൃദയാന്തരങ്ങളിലാണ്. അബൂഹൂറൈറ(റ) നിവേദനംചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു: അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുന്നത്, നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. (മുസ്‌ലിം). ഹൃദയ വിചാരങ്ങളില്‍ രൂപാന്തരപ്പെടണം കര്‍മ്മങ്ങളുടെ സത്ത്. അകമറിയുന്ന പ്രപഞ്ചനാഥന്റെ മുമ്പില്‍ കാപട്യങ്ങളുടെ പുകപടലങ്ങള്‍കൊണ്ട് മറക്കാനാവില്ല ഒരകതാറും. ജനമനസ്സിന്റെ വിധിയെഴുത്തിനെ തച്ചുടക്കുന്നതാവും ഒരു പക്ഷേ സര്‍വേശ്വരന്റെ വിധിയെഴുത്ത്. മുഖം മനസ്സിന്റെ കണ്ണാടിയെന്ന ചൊല്ല് ഇവ്വിഷയത്തിലേക്ക് തുന്നിച്ചേര്‍ക്കുകയേ വേണ്ട. ദ്വിമുഖങ്ങള്‍ അരങ്ങുവാഴുന്ന കാലത്ത് ആത്മാര്‍ത്ഥതയുടെ അംശങ്ങള്‍ അളന്നു തിട്ടപ്പെടുത്താനാവുന്നവന്‍ അല്ലാഹു മാത്രം. അല്ലാഹു പറയുന്നു: നബിയേ, താങ്കള്‍ പറയുക. നിങ്ങള്‍ ഹൃദയങ്ങളില്‍ മറച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതും അല്ലാഹു അറിയുന്നു.' (സൂറത്തു ആലുഇംറാന്‍: 29) ഉമറുബ്‌നുല്‍ ഖത്വാബ്(റ) പറയുന്നു- നബി(സ്വ) തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു: നിശ്ചയം കര്‍മ്മങ്ങള്‍ (സ്വീകരിക്കപ്പെടുന്നത്) നിയ്യത്തുകള്‍ കൊണ്ടാണ്. നിശ്ചയം ഓരോ മനുഷ്യനും അവന്‍ കരുതിയതുണ്ട്. അല്ലാഹുവിലേക്കും അവന്റെ തിരുദൂതരിലേക്കുമാണ് ഒരാള്‍ ഹിജ്‌റ പോയതെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കുമാണ്. എന്നാല്‍, ദുനിയാവ് കരസ്ഥമാക്കാനോ വല്ല സ്ത്രീയെയും വിവാഹം ചെയ്യാനോ ഉദ്ദേശിച്ചാണ് ഒരാള്‍ ഹിജ്‌റപോയതെങ്കില്‍ അവന്റെ ഹിജ്‌റ അതിലേക്കു തന്നെയാണ്. പ്രിയേ, അല്ലാഹുവിന്റെ ‘വനത്തില്‍ പോയി പരിശുദ്ധ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിലെത്ര പുണ്യമുണ്ട്. നമുക്ക് കണക്കാക്കാനാവുമോ അതിന്റെ പ്രതിഫലം. എന്നാല്‍ ഈ പുണ്യകര്‍മങ്ങളെ പോലും പേരിനും പ്രശസ്തിക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നവരുണ്ട്. നാമെന്തിന് നമുക്ക് ലഭിക്കേണ്ട അമൂല്യ പുണ്യങ്ങളെ നഷ്ടപ്പെടുത്തണം. കൂട്ടുകാരികളും അയല്‍ക്കാരികളും കാണാനുമറിയാനുമല്ലല്ലോ നമ്മുടെ സല്‍പ്രവര്‍ത്തനങ്ങള്‍. എല്ലാം ഇഖ്‌ലാസോടെ, നല്ല നിയ്യത്തോടെ ആവണം. എങ്കില്‍ വിജയമുണ്ട്. നാഥന്‍ അനുഗ്രഹിക്കട്ടെ.