നിന്റെ മഹത്വം ഏറെ മഹനീയം
പ്രിയതമേ, നിനക്ക് ക്ഷേമം നേരുന്നു; അതിന്നായി പ്രാര്‍ത്ഥിക്കുന്നു. സ്ത്രീജന്മത്തെ കുറിച്ചുള്ള നിന്റെ ചിന്താഗതി എന്താണ്? അപകര്‍ഷതാബോധം എപ്പോഴെങ്കിലും നിന്നെ പിടികൂടാറുണ്ടോ..? പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്കുള്ളില്‍ ഒതുക്കപ്പെട്ടവളെന്ന് എപ്പോഴെങ്കിലും മനസ്സ് മന്ത്രിച്ചിട്ടുണ്ടോ..? പുരുഷനായിരുന്നെങ്കിലെന്ന ആഗ്രഹം അകതാരില്‍ പൂവിട്ടിട്ടുണ്ടോ..? വേണ്ട പ്രിയേ... നിന്റെ മഹത്വവും പരിശുദ്ധിയും എത്ര മഹനീയമാണ്. സ്വര്‍ഗത്തിലേക്കുള്ള നിന്റെ വഴിയെത്ര അനായാസമാണ്. പെണ്ണായി പിറന്നതില്‍ അഭിമാനിക്കാനാവുന്ന എത്രയെത്ര കാര്യങ്ങളാണ് വിശുദ്ധ ഇസ്‌ലാം നമുക്കു മുമ്പില്‍ നിവര്‍ത്തി വെച്ചത്. അതറിയാനുള്ള ത്വര നിന്റെ ഹൃദയാന്തരങ്ങളിലുണ്ടാവണം. അങ്ങനെ ജീവിതാന്ത്യംവരെ ശുഭാപ്തി വിശ്വാസിയാവണം. ആറാം നൂറ്റാണ്ടിലെ ഇരുണ്ട കാലത്തെ കുറിച്ച് നീ കേട്ടിട്ടില്ലേ... പൈശാചികതയുടെ ആള്‍രൂപങ്ങള്‍ അരങ്ങുവാണ കാലം. ഭോഗവസ്തുവായി മാത്രം പലരും പെണ്ണിനെ കണ്ടു. കുടുംബത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുന്നത് അവര്‍ക്കപമാനമായിരുന്നു. ജീവനോടെ പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടിയ നിഷ്ഠൂര സംഭവം. ഹൃദയം വിതുമ്പാതെ കേള്‍ക്കാനാവുമോ..? ആ ഇരുളടഞ്ഞ കാലത്താണ് പരിശുദ്ധ റസൂല്‍ പ്രബോധന ദൗത്യവുമായി കടന്നുവന്നത്. തിരുദൂതര്‍ സ്ത്രീയുടെ മഹത്വം സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുത്തു. പെണ്‍കുഞ്ഞിനെ സംരക്ഷിച്ചാലുള്ള അളവറ്റ പ്രതിഫലത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കി. ഒരു പെണ്‍കുഞ്ഞ് പിറന്നതു മുതല്‍ അവളുടെ മരണംവരെയുള്ള ഓരോ ഘട്ടത്തിലും അവളെ സംരക്ഷിക്കാന്‍ ചിലരെ ചുമതലപ്പെടുത്തി. വിവാഹം വരെ പിതാവും പിന്നീട് ഭര്‍ത്താവും പിന്നീട് മക്കളും അവളെ സംരക്ഷിക്കുന്നു. ഇതില്‍ വീഴ്ച വന്നാലുള്ള പ്രയാസകരമായ ശിക്ഷാമുന്നറിയിപ്പുകളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തി. ചേര്‍ത്തുപിടിക്കലിന്റെ ഈ മനോഹാരിത എത്രത്തോളം സുരക്ഷിതത്വബോധമാണ് ഓരോ സ്ത്രീയുടെ അകതാരിലും രൂപപ്പെടുത്തുന്നത്. സംതൃപ്ത ജീവിതത്തിന് ഇതു തന്നെ ധാരാളം. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്(റ) വില്‍നിന്ന് നിവേദനം. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. ഇഹലോകം ചില ചരക്കുകളാണ്. ഐഹിക വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സദ്‌വൃത്തയായ സ്ത്രീയാണ്. സദ്‌വൃത്തയായ സ്ത്രീയുടെ ഔന്നത്യത്തെ കുറിച്ചാണ് ഈ ഹദീസ്. പിറന്നത് പെണ്‍കുഞ്ഞെന്നറിഞ്ഞാല്‍ നെറ്റി ചുളിയുന്നതിനു പകരം സന്തോഷപ്പൂക്കള്‍ ഹൃദയത്തില്‍ വിടര്‍ന്നുനില്‍ക്കാനുള്ള സാഹചര്യം ഇസ്‌ലാം ഉണ്ടാക്കിയെടുത്തു. അനസുബ്‌നു മാലിക്(റ)വില്‍ നിന്ന് നിവേദനം- നബി(സ്വ) തങ്ങള്‍ അരുള്‍ചെയ്തു: രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതു വരെ സംരക്ഷിച്ചവനും ഞാനും അന്ത്യനാളില്‍ ഇതുപോലെയായിരിക്കും. (നബി(സ്വ) തങ്ങള്‍ തന്റെ വിരലുകള്‍ ചേര്‍ത്തു കാണിച്ചു.) ആഇശ(റ)വില്‍ നിന്ന് നിവേദനം- അവര്‍ പറഞ്ഞു: ഒരിക്കല്‍ ഒരു സ്ത്രീ തന്റെ രണ്ട് പെണ്‍മക്കളെയും കൂട്ടി യാചിച്ചുകൊണ്ട് എന്റെ അടുത്ത് വന്നു. ഒരൊറ്റ കാരക്കയല്ലാതെ ആ സമയത്ത് എന്റെപക്കല്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഞാനത് അവള്‍ക്ക് കൊടുത്തു. അവളത് തന്റെ രണ്ടു മക്കള്‍ക്ക് വീതിച്ചുകൊടുത്തു. അവള്‍ ഒന്നും തിന്നില്ല. പിന്നീടവള്‍ എഴുന്നേറ്റു പോയി. ഉടനെ നബി(സ്വ) തങ്ങള്‍ കടന്നുവന്നു. ഞാനീ വിവരം നബി(സ്വ) തങ്ങളെ അറിയിച്ചു. നബി(സ്വ) തങ്ങള്‍ പറഞ്ഞു- ഈ പെണ്‍കുട്ടികള്‍കാരണം ആരെങ്കിലും പരീക്ഷിക്കപ്പെടുകയും അങ്ങനെ അവര്‍ക്ക് ഗുണം ചെയ്യുകയുമാണെങ്കില്‍ അവര്‍ അവനു നരകത്തില്‍ നിന്നും ഒരു മറയായിത്തീരുന്നതാണ്. (മുത്തഫഖുന്‍ അലൈഹി) സ്ത്രീകളോട് നല്ലനിലയില്‍ പെരുമാറണമെന്ന് വിശുദ്ധ ഖുര്‍ആനില്‍തന്നെ കാണാം. അല്ലാഹു പറഞ്ഞു: അവരോട് (സ്ത്രീകളോട്) നിങ്ങള്‍ നല്ലനിലയില്‍ ഇടപഴകുക. (സൂറത്തുന്നിസാഅ്: 19) പ്രിയേ, ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ സ്ഥാനം വളരെ വലുതാണ്. അവഗണനയുടെ അഗാധ ഗര്‍ത്തത്തില്‍ മുങ്ങിത്താഴുകയായിരുന്ന സ്ത്രീയെ പരിഗണനയുടെ, ആദരവിന്റെ പര്‍വ്വതശിഖരത്തിലിരുത്തിയത് ഈ വിശുദ്ധ മതമാണ്. കാമവെറിയന്മാരും സ്വാര്‍ത്ഥംബരികളും പിച്ചിച്ചീന്തുകയായിരുന്ന അവളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയത് ഈ പവിത്രമതമാണ്. അവള്‍ക്ക് ചുറ്റും കഴുകച്ചിറകുകള്‍ വട്ടമിട്ടു പറന്നപ്പോള്‍ അവള്‍ക്ക് സംരക്ഷണ കവചമൊരുക്കിയത് ഈ ദീന്‍ തന്നെയാണ്. പ്രിയേ, പിന്നെന്തിനാണ് ഇസ്‌ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് ചിലര്‍ മുറവിളി കൂട്ടുന്നത്. അവര്‍ ചരിത്രം പഠിക്കാഞ്ഞിട്ടോ അതോ അറിയാത്തതായി നടിച്ചതോ. ഇസ്‌ലാമിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം അവര്‍ ഉപയോഗപ്പെടുത്തുകയാണോ. വിരലു കടിക്കേണ്ട കാലം അവര്‍ക്ക് അതിവിദൂരമല്ല. ആധുനിക ഫെമിനിച്ചികള്‍ വാവിട്ടു കരയുന്ന സ്വാതന്ത്ര്യം പാരതന്ത്ര്യത്തിന്റെ ചേരുവ നിറഞ്ഞതാണ്. എല്ലാം ഊരിയെറിയുന്ന സ്വാതന്ത്ര്യത്തെയാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അത്തരം സ്വാതന്ത്ര്യം ഇസ്‌ലാം ഒരിക്കലും നല്‍കുന്നില്ല. അച്ചടക്കവും സംസ്‌കാരവും തൊട്ടുതീണ്ടാത്ത പുരോഗമന കാലത്തെ പെണ്ണുടലുകള്‍ക്ക് അവരുടെ അഴിഞ്ഞാട്ടത്തിനു മുസ്‌ലിം നാമധാരികളെ കിട്ടണം. അതിനുള്ള ചീഞ്ഞളിഞ്ഞ കളിയാണവര്‍ പുറത്തെടുക്കുന്നത്. തട്ടമിട്ട ചില പെണ്‍കുട്ടികള്‍ അവരുടെ കെണിവലകളില്‍ കുടുങ്ങുന്നു എന്നത് ഖേദകരമാണ്. ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ലേബലില്‍ പുറത്തെടുക്കുന്നതും അസാംസ്‌കാരികതയും അശ്ലീലതയും അരാജകത്വവുമാണ്. പ്രിയേ, ചുറ്റും കഴുകക്കണ്ണുകളാണ്; കാമവെറിയന്മാരാണ്; വല വിരിച്ച് കാത്തിരിക്കുന്ന വേട്ടക്കാരാണ്. നിനക്കു വേണ്ടി എന്ന ധ്വനിയില്‍ പഞ്ചാരവാക്കുകള്‍ പറയുന്ന വഞ്ചകരാണ്. ശ്രദ്ധിക്കണേ...