അസൂയയെന്ന അര്‍ബുദം

പ്രിയതമേ, ചെയ്തുകൂട്ടിയ നന്മകളെ നശിപ്പിച്ചുകളയുന്ന മാരക രോഗത്തെ കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ... ഹൃദയാന്തരത്തില്‍ ഏതു നിമിഷവും പൊട്ടിമുളക്കാവുന്ന പ്രസ്തുത മഹാമാരിയെ സഗൗരവം സൂക്ഷിക്കണം. അസൂയയാണ്, നാം ആത്മാര്‍ത്ഥതയോടെ ഒരുക്കൂട്ടിയുണ്ടാക്കിയ സല്‍ക്കര്‍മ്മങ്ങളെ തകര്‍ക്കുന്ന ഗുരുതര രോഗം. മത്സരബുദ്ധിയുടെയും സ്വാര്‍ത്ഥതയുടെയും ലോകത്ത് അസൂയ ഇല്ലെങ്കിലേ അത്ഭുതമുള്ളൂ. മറ്റുള്ളവര്‍ക്കു ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഹൃദയത്തിലുണ്ടാകുന്ന ഒരുതരം ചൊറിച്ചില്‍. അവര്‍ക്ക് ലഭിച്ച നേട്ടങ്ങള്‍ നശിക്കണമെന്നുകൂടി ആഗ്രഹിക്കുമ്പോള്‍ അസൂയ പൂര്‍ണമാവുന്നു. ഇത് തെറ്റും ഹൃദയത്തെ ചീത്തയാക്കുന്ന സ്വഭാവവുമാണ്. പ്രിയേ, സ്ത്രീകളുടെ മനസ്സില്‍ അസൂയ വേഗത്തില്‍ പൊട്ടിമുളക്കാറുണ്ടോ.. മറ്റുള്ളവരുടെ ഉയര്‍ച്ചയെയും നേട്ടങ്ങളെയും കാണാനുള്ള മനസ്സ് എപ്പോഴും ഉണ്ടാവാറില്ലേ.. ഇതരരുടെ വളര്‍ച്ചയില്‍ ദുഃഖിക്കുന്ന, തളര്‍ച്ചയില്‍ സന്തോഷിക്കുന്ന ഇടുങ്ങിയ മനസ്സാണോ കൂടെയുള്ളത്... പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി അകതാര്‍ മാറിയോ... അരുത് പ്രിയേ.. അസൂയക്ക് ഭാരമേറെയാണ്. ഹൃത്തടത്തിലുള്ളിടത്തോളം സമാധാനത്തിനും സംതൃപ്തിക്കുമവിടെ സ്ഥലമുണ്ടാവില്ല. ഒട്ടും ഉപകാരമില്ലാത്ത, ഏറെ ഉപദ്രവമുള്ള ആ ഭാണ്ഡം പേറി എന്തിനു നടക്കണം. പുറത്തേക്ക് വലിച്ചെറിഞ്ഞ് ഹൃദയാന്തരത്തെ സംശുദ്ധമാക്കൂ. വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ കാണാം. അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ പേരില്‍ മനുഷ്യരോട് അവര്‍ അസൂയപ്പെടുകയാണോ... (സൂറത്തുന്നിസാഅ്: 54) ഒരിക്കല്‍ അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. നിങ്ങള്‍ അസൂയവെക്കുന്നത് സൂക്ഷിക്കണം. തീ വിറകിനെ (ഉണക്കപ്പുല്ലിനെ) തിന്നുന്നതുപോലെ അസൂയ സല്‍ക്കര്‍മ്മങ്ങളെ തിന്നുകളയുന്നു. മുസ്‌ലിം(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിന്റെ തുടക്കത്തില്‍, നിങ്ങളന്യോന്യം അസൂയവെക്കരുത് എന്ന് കാണാം. പ്രിയേ, അസൂയയുടെ ഉത്ഭവത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ... മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ടതിന്. ആദ്യമനുഷ്യന്‍, പ്രഥമ പ്രവാചകര്‍ ആദം നബി(അ)മിന്റെ മക്കളായിരുന്നല്ലോ ഹാബീലും ഖാബീലും. ലോകചരിത്രത്തിലെ ആദ്യത്തെ കൊലപാതകം ഖാബീല്‍ ഹാബീലിനെ വധിച്ചതാണ്. അസൂയയായിരുന്നു നിദാനം. മറ്റുള്ളവര്‍ക്കു ലഭിച്ച ഭൗതികമോ മതപരമോ ആയ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകണമെന്ന ആഗ്രഹമാണ് അസൂയ. സ്വാര്‍ത്ഥതയുടെ ചൂടും ചൂരും പൊതിഞ്ഞ ദുസ്വഭാവമാണത്. പ്രിയേ, ഹൃദയരോഗങ്ങളാണ് മനുഷ്യനെ കൂടുതല്‍ അപകടത്തിലാക്കുന്നത്. മിക്ക ഹൃദയങ്ങളെയും വിവിധ രോഗങ്ങള്‍ ഗ്രസിച്ചിട്ടുണ്ട്. അവരറിയാതെ അവ അവരെ നക്കിത്തുടക്കുകയാണ്. സമ്പാദിച്ചതൊക്കെയും നശിപ്പിക്കുകയാണ്. സമാധാനത്തെ തല്ലിക്കെടുത്തുകയാണ്; സ്വാസ്ഥ്യം ഇല്ലാതാക്കുകയാണ്. നന്മകളെല്ലാം തരുന്നത് അല്ലാഹുവാണെന്ന് വിശ്വസിക്കുന്ന ഒരു മുസ്‌ലിമിന് എങ്ങനെ അസൂയപ്പെടാനാവും. എങ്ങനെ അപരന്റെ സന്തോഷത്തെ തന്റെ ഹൃദയവേദനയിലേക്ക് മൊഴിമാറ്റം നടത്താനാവും. നാം അസൂയ വെക്കുന്നയാള്‍ സ്വര്‍ഗ്ഗാവകാശിയാണെങ്കില്‍ അസൂയ വെച്ചതുകൊണ്ടെന്ത് ഫലം... ഇനി, നരകാവകാശിയാണെങ്കില്‍ പിന്നെന്തിന് അസൂയവെക്കണം. ഇങ്ങനെ ചിന്തിച്ചാല്‍ അസൂയ മുളച്ചുയരില്ല. അസൂയവെക്കപ്പെട്ട വ്യക്തിക്ക് ഒരുപക്ഷേ, നേട്ടമേ ഉണ്ടാവൂ. ഒരു കവിതാശകലത്തില്‍ വന്നതു നോക്കൂ. ഒരാളുടെ ശ്രേഷ്ഠത ജനങ്ങള്‍ക്കിടയില്‍ പരത്തുവാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അസൂയക്കാരുടെ നാവുകള്‍ അവനു വേണ്ടി അല്ലാഹു തയ്യാറാക്കും. (ഇഹ്‌യ) മുആവിയതുബ്‌നു ഹൈദത്(റ) പറയുന്നു: 'കറ്റുവാഴ തേനിനെ ദുഷിപ്പിക്കുംപ്രകാരം അസൂയ വിശ്വാസത്തെ ദുഷിപ്പിക്കും.' അല്‍ അസ്മഈ(റ) പറയുന്നു: 'ഞാന്‍ നൂറ്റി ഇരുപത് വയസ്സുള്ള ഒരു ഗ്രാമീണനെ കണ്ടു. ഞാന്‍ അത്ഭുതം പ്രകടിപ്പിച്ചു. എത്ര ദീര്‍ഘമാണ് താങ്കളുടെ ആയുസ്സ്. അദ്ദേഹം അരുളി- ഞാന്‍ ആരോടും അസൂയവെക്കാറില്ല. അതിനാല്‍ ഇത്രയുംകാലം ജീവിച്ചു.' (രിസാലതുല്‍ ഖുശൈരീ) ഒരു അറബിക്കവിതയുടെ മൊഴിമാറ്റം ഇങ്ങനെ വായിക്കാം: 'ഉണരുവിന്‍, അല്ലാഹു നല്‍കിയ ഒരു വിശാല അനുഗ്രഹത്തെ സങ്കുചിതത്തത്തോടെ വീക്ഷിക്കരുത്. അസൂയ ഒഴിവാക്കല്‍ നിങ്ങള്‍ക്കു ഭംഗിയാണ്. അസൂയാലു അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്യും.' പ്രിയേ, അസൂയയെ നമുക്ക് മണ്ണിട്ടുമൂടാം. ഹൃദയത്തെ കൂടുതല്‍ വിശാലമാക്കാം. ഹൃദയഭിത്തിയുടെ സങ്കുചിതത്വമാണ് അസൂയക്ക് തഴച്ചുവളരാനുള്ള വളക്കൂറുള്ള മണ്ണ്. നശ്വരതയുടെ ഇഹലോകത്ത് ആരും ശാശ്വതരല്ലെന്ന ചിന്ത അസൂയ ചുരണ്ടിക്കളയാനുള്ള ആയുധമാണ്. അവനൊരു/അവള്‍ക്കൊരു നേട്ടം ലഭിച്ചതുകൊണ്ടെനിക്കെന്ത് നഷ്ടം, എന്ന് ചിന്തിക്കാം. പ്രിയേ, അല്‍മവാഹിബുല്‍ ജലിയ്യയിലെ ഏതാനും വരികളിലൂടെ സഞ്ചരിച്ച് നമുക്ക് നിര്‍ത്താം. മുള്ളുള്ള ഒരു ചെടിയാണസൂയ ജനങ്ങളെ അതു തൊട്ടുപോയാല്‍ കൊന്നുപോകും നിങ്ങളേ അഞ്ചാം സമാഇല്‍ ഒരു മലക്കിരിപ്പുണ്ട് ഹസദിന്റെ നോട്ടം തന്നിലാണെന്നുണ്ട് അഅ്മാലുകള്‍ അവിടെത്തിയാല്‍ നോക്കുന്നതാ ഹസദെന്ന കേടിതിനുണ്ടൊ ഇല്ലേ എന്നതാ ഉണ്ടെന്ന് കണ്ടാല്‍ തല്‍ക്ഷണം തള്ളുന്നതാ ഹസദിന്റെ സ്വാഹിബിലേക്കതും മടങ്ങുന്നതാ...