Sunni Afkaar Weekly

Pages

Search

Search Previous Issue

ക്ഷമിക്കാം നമുക്ക്, ഭൂമിയോളം

നാഷാദ് റഹ്മാനി മേല്‍മുറി
ക്ഷമിക്കാം  നമുക്ക്,  ഭൂമിയോളം

പ്രിയതമേ, പ്രയാസങ്ങളുടെ വേലിയേറ്റങ്ങളില്‍ പെട്ട് ജീവിതത്തിനു താളംതെറ്റാറുണ്ടോ... ദുരിതപര്‍വം താണ്ടുമ്പോള്‍ ജീവിതത്തോട് മടുപ്പ് വരാറുണ്ടോ..? എന്തിനീ പരീക്ഷണമെന്ന് ഇടനെഞ്ച് പിടയാറുണ്ടോ..? ക്ഷമിക്കാനുള്ള ശേഷി കൈവരിച്ച മനസ്സില്‍ സംതൃപ്തി പൂത്തുലഞ്ഞുനില്‍ക്കും. അവര്‍ക്കു ജീവിതത്തോട് മടുപ്പ് വരില്ല. പ്രതിസന്ധികളുടെ സുനാമിത്തിരകളിലും പിടിച്ചു നില്‍ക്കാനവര്‍ക്കു സാധിക്കും. ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള, അനിവാര്യമായ സ്വഭാവവിശേഷണമാണ് ക്ഷമ. പ്രിയേ, പ്രയാസങ്ങളില്ലാത്ത ഒരു മനുഷ്യനെ ചൂണ്ടിക്കാണിക്കാന്‍ നിനക്ക് സാധിക്കുമോ..? ഈ ദുനിയാവില്‍, ഓരോരുത്തര്‍ക്കും അവരുടേതായ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. നാം ദൈനംദിന ജീവിതത്തില്‍ കാണുന്ന നമ്മുടെ അയല്‍പക്കത്തെ സഹോദരിമാര്‍ക്ക്, നമ്മുടെ കൂട്ടുകാരികള്‍ക്ക്, കുടുംബത്തിലെ സഹോദരിമാര്‍ക്ക്... അവര്‍ക്കെല്ലാം അവരുടേതായ പ്രയാസങ്ങളുണ്ടാവും. ചിലത് നാമറിയുന്നു, മറ്റുചിലത് നാമറിയുന്നിെല്ലന്നു മാത്രം. ഒരുപക്ഷേ, നാം കാണുന്നതു പുറമേയുള്ള പുഞ്ചിരി മാത്രമായിരിക്കും. അവരുടെ അകതാര്‍ നെരിപ്പോട് പോലെ വിങ്ങുകയാവും. എല്ലാം ക്ഷമിക്കാനുള്ള കഴിവു നേടിയാല്‍ അങ്ങനെയാണ്. ഉള്ളിലെ നീറ്റലത്രയും മറച്ചുപിടിച്ച് സൗന്ദര്യത്തികവാര്‍ന്ന പുഞ്ചിരി സമ്മാനിക്കാന്‍ കഴിയും. കനമേറെയുള്ള നൈരാശ്യം മനസ്സില്‍ ശേഖരിച്ചുവച്ച്, ആ ഭാരംപേറി ജീവിതത്തിലെ അമൂല്ല്യമായ നിമിഷങ്ങളെ നഷ്ടപ്പെടുത്തുന്നത് എന്തിനാണ്? നമ്മുടെ മുന്നിലുള്ള ഓരോ സെക്കന്റും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സംതൃപ്ത മനസ്സോടെ അവ കഴിഞ്ഞുപോകാനിടവരണം. ഏറെ മഹത്വമുള്ള സ്വഭാവമാണ് ക്ഷമ. എല്ലാ വ്യക്തികള്‍ക്കും അതിനു സാധിച്ചുകൊള്ളണമെന്നില്ല. ക്ഷമിക്കാനുള്ള മനസ്സ് ശ്രേഷ്ഠതകളുടെ ഹിമാലയ പര്‍വത്തിലാണ്. ക്ഷമകാരണം, മലപോലെ വരുന്ന പല പ്രശ്‌നങ്ങളും മഞ്ഞുപോലെ ഉരുകിത്തീരുന്നു. ഒരല്‍പ്പ നേരത്തെ ക്ഷമയുടെ അഭാവംനിമിത്തം എത്ര ജീവിതങ്ങളാണ് ഫാനുകളിലും മരക്കൊമ്പുകളിലും ജനല്‍കമ്പികളിലും തൂങ്ങിയാടിയത്. എത്ര അവിവേകികളാണ് കിണറിന്റെ ആഴിയിലേക്ക് ജീവനെടുത്തെറിഞ്ഞത്. സഹോദരിമാരുടെ അക്ഷമ നിമിത്തം എത്ര കുഞ്ഞുങ്ങളാണ് ഈ വര്‍ണാഭമായ ലോകത്തോടു വിടപറഞ്ഞത്. ഒന്ന് ക്ഷമിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നുവെന്ന് വിലപിച്ച് എത്രപേരാണ് തീ തിന്നു ജീവിക്കുന്നത്. പ്രിയേ, നിന്റെ ജീവിതത്തിലും ക്ഷമയുടെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടില്ലേ. ക്ഷമിക്കാനുള്ള കഴിവിന്റെ അനിവാര്യത ദ്യോതിപ്പിക്കുന്ന പല സാഹചര്യങ്ങളും വന്നുചേര്‍ന്നിട്ടില്ലേ... ഇന്നു മുതല്‍ ക്ഷമയെ മുറുകെപിടിച്ചു നോക്കൂ, ജീവിതത്തില്‍ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ക്ഷമയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ധാരാളം ആയത്തുകളും ഹദീസുകളുമുണ്ട്. അല്ലാഹു പറയുന്നു: 'ഭയം, വിശപ്പ് എന്നിവകൊണ്ടും ആളുകളിലും സ്വത്തുകളിലും ഫലങ്ങളിലും കുറവു വരുത്തിക്കൊണ്ടും തീര്‍ച്ചയായും നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. ക്ഷമാശീലരെ സന്തോഷവാര്‍ത്ത അറിയിക്കുക.' (അല്‍ബഖറ: 155) മറ്റൊരിടത്ത് ഇങ്ങനെ കാണാം: 'ക്ഷമ കൈക്കൊള്ളുന്നവര്‍ക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ നല്‍കുന്നതാണ്.' (വിശുദ്ധ ഖുര്‍ആന്‍: 39/10) ക്ഷമ വെളിച്ചമാണെന്ന് ഒരു ഹദീസില്‍ കാണാം. ക്ഷമയെക്കാള്‍ ഉത്തമവും വിസ്തൃതവുമായി ആര്‍ക്കും ഒന്നും നല്‍കപ്പെട്ടിട്ടില്ല എന്ന് മറ്റൊരു ഹദീസിലൂടെ വായിച്ചെടുക്കാം. വിശ്വാസിയുടെ പ്രത്യേകതയെ കുറിച്ച് ഒരിക്കല്‍ തിരുദൂതര്‍(സ്വ) തങ്ങള്‍ അരുള്‍ചെയ്തു: 'സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്. എല്ലാം അവന് ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. സന്തോഷമുള്ള കാര്യം വരുമ്പോള്‍ നന്ദി കാണിക്കുന്നു. അതവന് ഗുണകരമായിത്തീരും. വിഷമം വരുമ്പോള്‍ ക്ഷമിക്കും. അതും അവന് ഗുണകരമായിത്തീരും.' (മുസ്‌ലിം) പ്രിയേ, ഇഹലോകം സത്യവിശ്വാസിക്ക് ജയിലറയാണ്. ഇവിടെ വിഷമങ്ങളും സങ്കടങ്ങളും സ്വാഭാവികം. ക്ഷമയെന്ന ആയുധമുണ്ടെങ്കില്‍ അതെല്ലാം നിസ്സാരവുമാണ്. ഒരിക്കല്‍ അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: 'ഒരു മുസ്‌ലിമിനു ക്ഷീണമോ രോഗമോ ദുഃഖമോ ക്ലേശമോ വ്യസനമോ ബാധിച്ചാല്‍, മുള്ള് കുത്തുന്നതുവരെ അതിനുപകരം അല്ലാഹു പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതാണ്.' (മുത്തഫഖുന്‍ അലൈഹി). അബൂഹുറൈറ(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്- നബി(സ്വ) തങ്ങള്‍ അരുള്‍ചെയ്തു: 'അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അവനെ അല്ലാഹു പരീക്ഷണത്തിനു വിധേയനാക്കും.' (ബുഖാരി) പല പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമാവുന്നത് ക്ഷമയുടെ അഭാവംകൊണ്ടാണ്. രണ്ടു വിഭാഗം പരസ്പരം പ്രശ്‌നത്തിലേക്കു പോകുമ്പോള്‍ അതിലൊരു വിഭാഗം ക്ഷമ കൈക്കൊണ്ടാല്‍ രൂക്ഷമാവാതെ പ്രശ്‌നം അവിടെ തീരും. നമ്മുടെ ചുറ്റുപാടില്‍ ഇന്നു നാം കാണുന്ന പല പിണക്കങ്ങളും ശബ്ദകോലാഹലങ്ങളും വാഗ്വാദങ്ങളും പരസ്പര ചീത്തവിളികളുമെല്ലാം ആരുടെയൊക്കെയോ ക്ഷമയുടെ അഭാവത്തില്‍നിന്നുണ്ടാകുന്നതാണ്. പ്രിയേ, ക്ഷമയെ നമുക്ക് മൂന്നായി തിരിക്കാം. ആരാധനാകര്‍മ്മങ്ങള്‍ ചെയ്യാനുള്ള ക്ഷമ, തെറ്റുകളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കാനുള്ള ക്ഷമ, ദേഷ്യം വരുമ്പോഴും അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ വരുമ്പോഴുമുള്ള ക്ഷമ. ഈ മൂന്നും വിശ്വാസിക്ക് വളരെ അനിവാര്യമാണ്. പിശാച് മനുഷ്യരുടെ സിരകളിലൂടെ പാഞ്ഞുകൊണ്ടിരിക്കുകയാണ്. അവന്റെ ദുര്‍ബോധനങ്ങള്‍ നിരന്തരം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവനെ ധിക്കരിച്ച്, ആട്ടിയകറ്റി നന്മയുടെ ഓരംചേരാന്‍ നല്ല ക്ഷമ വേണ്ടതുണ്ട്. മനുഷ്യമനസ്സില്‍ ഈഗോ സൃഷ്ടിച്ചെടുക്കാന്‍ പിശാചിനു വലിയ പ്രയാസമില്ല. ഈഗോ വളര്‍ന്നുയര്‍ന്ന് പല തിന്മകളിലേക്കും അതു കൊണ്ടെത്തിക്കുന്നു. പ്രിയേ, ക്ഷമ വേണ്ട സന്ദര്‍ഭങ്ങളില്‍ ക്ഷമയെ മുറുകെപ്പിടിക്കുക. ചില നേരങ്ങളില്‍ അല്‍പ്പം താഴ്ന്നുകൊടുത്താലും ഒരു നഷ്ടവും വരില്ല. ഇബ്‌ലീസ് വളര്‍ത്തുന്ന ഈഗോയെ അവിടെവെച്ചുതന്നെ നശിപ്പിക്കുക. നന്മ മാത്രം ഉദ്ദേശിച്ചുള്ള ക്ഷമ നമ്മെ വിജയത്തിലേക്കു നയിക്കും.