ഭര്‍ത്താവ് സ്വര്‍ഗമാണ്

പ്രിയതമേ, ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം എത്ര ചൈതന്യധന്യമാണ്. കടമകളും കടപ്പാടുകളുമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സല്‍സ്വഭാവിയായ ഭാര്യ എത്ര ഭാഗ്യവതിയാണ്. അവരുടെ വീട് സന്തോഷവും സമാധാനവും പൂത്തുലയുന്ന പൂന്തോട്ടമല്ലേ. സന്തുഷ്ട കുടുംബത്തെ പടുത്തുയര്‍ത്താന്‍ മറ്റെന്തു വേണം. സമ്പത്തല്ലല്ലോ പ്രധാനം, സമാധാനം കളിയാടുന്ന വീടകമല്ലേ. ഭര്‍ത്താവിനെ ജീവനായി കാണുന്ന ഭാര്യയുണ്ടെങ്കില്‍ ആ കുടുംബത്തിനെന്ത് അഴകായിരിക്കും. ആ വീടെത്ര മനോഹരമായിരിക്കും. പ്രിയേ, ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ ആഴമെത്രയാണ്. അതിനെത്ര പ്രാധാന്യമുണ്ടെന്ന് നീ ചിന്തിച്ചിട്ടുണ്ടോ. ഭര്‍ത്താവില്‍ സ്വര്‍ഗത്തിലേക്കുള്ള വഴി കാണാന്‍ കഴിയുന്ന സ്ത്രീയാണ് ബുദ്ധിമതി. അവളാണ് വിവേകമുള്ളവള്‍. അവള്‍ സഞ്ചരിക്കുന്നത് അളവറ്റ സൗഭാഗ്യത്തിലേക്കുള്ള വഴിയിലൂടെയാണ്. ആ വഴിയറ്റത്ത് അമൂല്യമായ നിധി അവളെ കാത്തിരിപ്പുണ്ട്. ജീവിതത്തില്‍ സഹിച്ച സര്‍വ്വ ത്യാഗങ്ങള്‍ക്കുമവിടെ അനേകായിരമിരട്ടി പ്രതിഫലമുണ്ട്. ഭര്‍ത്താവാണ് ഒരു സ്ത്രീയുടെ എല്ലാമെല്ലാം. അതിരുകളില്ലാതെ ഭര്‍ത്താവിനെ സ്‌നേഹിക്കാനാവണം. വിനയാന്വിതമായ മനസ്സോടെ പ്രിയനെ പുല്‍കാന്‍ കഴിയണം. സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാനാവണം. അതിനിടയില്‍ ഈഗോ പൊട്ടിമുളക്കരുത്. അനുസരണാ ബോധമുള്ള മനസ്സോടെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തി ജീവിതം നയിച്ചാല്‍ ഇരുലോകവും വിജയവൈജയന്തി നാട്ടാം. നാഥന്‍ തൗഫീഖ് നല്‍കട്ടെ, ആമീന്‍. വിശുദ്ധ ഖുര്‍ആനിലെ അല്ലാഹുവിന്റെ ചില വചനങ്ങളെ നമുക്ക് ഇങ്ങനെ പരിഭാഷപ്പെടുത്താം. പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ കൈകാര്യകര്‍ത്താക്കളാണ്. അവരില്‍ ചിലരെ (പുരുഷന്മാരെ) ചിലരെക്കാള്‍ (സ്ത്രീകളെ) അല്ലാഹു ശ്രേഷഠമാക്കിയത് കൊണ്ടും അവര്‍ (പുരുഷന്മാര്‍) തങ്ങളുടെ ധനത്തില്‍നിന്നും (സ്ത്രീകള്‍ക്കു വേണ്ടി) ചെലവഴിക്കുന്നതുകൊണ്ടുമാണത്. അതിനാല്‍, ഉത്തമ സ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു (അവരുടെ രഹസ്യം) സൂക്ഷിച്ചതുകൊണ്ട് (ഭര്‍ത്താക്കന്മാരുടെ) രഹസ്യം സൂക്ഷിക്കുന്നവരുമാണ്.' (വിശുദ്ധ ഖുര്‍ആന്‍: 4/34) പ്രിയേ, ഭര്‍ത്താവിനോടുള്ള കടമകളും കടപ്പാടുകളും വിവരിക്കുന്ന ധാരാളം ഹദീസുകളുണ്ട്. ഒരിക്കല്‍ അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) അരുള്‍ ചെയ്തു. ഒരാള്‍ തന്റെ ഭാര്യയെ വിരിപ്പിലേക്കു ക്ഷണിച്ചു. അവള്‍ പോയില്ല. തന്നിമിത്തം അവന്‍ അവളെക്കുറിച്ച് അതൃപ്തനായി കഴിച്ചുകൂട്ടി. എങ്കില്‍ നേരം പുലരുന്നത് വരെയും മലക്കുകള്‍ അവളെ ശപിക്കുന്നതാണ്. അബൂഹുറൈറ(റ)വില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ് നോക്കൂ. നബി(സ്വ) തങ്ങള്‍ അരുള്‍ചെയ്തു. ഭര്‍ത്താവ് സ്ഥലത്തുണ്ടായിരിക്കെ അവന്റെ അനുമതിയില്ലാതെ നോമ്പ് നോല്‍ക്കാനോ വീട്ടില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം നല്‍കാനോ ഒരു സ്ത്രീക്കും പാടുള്ളതല്ല. സുന്നത്തായ നോമ്പ് ഭര്‍ത്താവിന്റെ അനുമതിയില്ലെങ്കില്‍ പറ്റില്ലെന്നറിയുമ്പോഴാണ് എത്രത്തോളം അനുസരണയാണ് ഭര്‍ത്താവിനോട് കാണിക്കേണ്ടതെന്ന് ബോധ്യപ്പെടുന്നത്. അല്ലാഹുവിന്റെ തൃപ്തിയും സന്തോഷവും കൊതിച്ചുകൊണ്ടാണ് ഒരു സ്ത്രീ പ്രിയ ഭര്‍ത്താവിനെ അനുസരിക്കേണ്ടത്. ഈ അനുസരണാശീലവും വിനയംതുളുമ്പുന്ന മനസ്സും പൊളിച്ച് കൈയ്യില്‍തരാനും ഈഗോ കുത്തിനിറയ്ക്കാനും നിനക്കുചുറ്റും പല പൈശാചിക രൂപങ്ങളുമുണ്ട് പ്രിയേ. ചതിക്കുഴികളില്‍ പെട്ടുപോവരുതേ.. നീ സ്വീകരിച്ച വഴി തന്നെയാണു ശരി. പ്രിയേ, ഭര്‍ത്താവിനോടുള്ള അനുസരണയുടെ അങ്ങേയറ്റം പ്രകടമാക്കുന്ന ഒരു ഹദീസ് പറഞ്ഞുതരട്ടെ. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. ജനങ്ങളില്‍ ആര്‍ക്കെങ്കിലും സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നെങ്കില്‍ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ സ്ത്രീയോട് ഞാന്‍ കല്‍പ്പിക്കുമായിരുന്നു. ഇന്നത്തെ ലോകത്തിന്റെ അവസ്ഥ എന്താണ് പ്രിയേ? ഭര്‍ത്താവിനോട് തട്ടിക്കയറുന്ന, ഭര്‍ത്താവിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന എത്ര സ്ത്രീകളാണ് നമുക്ക് ചുറ്റും. ഈഗോയിസം നുരഞ്ഞുപൊന്തി ഭര്‍ത്താവിനെതിരേ ശബ്ദിക്കുന്ന എത്രയെത്ര സ്ത്രീകളാണ് നമ്മുടെ നാടുകളിലുള്ളത്. ജോലി കഴിഞ്ഞെത്തുന്ന പ്രിയതമനെ പുഞ്ചിരിയോടെ സ്വീകരിക്കേണ്ടവളല്ലേ ഭാര്യ. ആ നേരത്തുപോലും ഭര്‍ത്താവിന്റെ മനസ്സിനിട്ട് കുത്തുന്ന എത്രയോ ഭാര്യമാരുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലുള്ള, ഭാര്യമാരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളൊന്തൊക്കെയാണ്. ഭര്‍ത്താവിന്റെ ധനവും തന്റെ ശരീരവും കാത്തുസൂക്ഷിക്കുന്നവളാണ് യഥാര്‍ത്ഥ ഭാര്യ. പല ആഗ്രഹങ്ങളും വെട്ടിച്ചുരുക്കി കിട്ടുന്ന ഓരോ ചില്ലിക്കാശും എടുത്തുവെച്ച് വീട്ടിലേക്ക് അയച്ചു കൊടുക്കുന്ന നിഷ്‌കളങ്കരായ ഭര്‍ത്താക്കന്മാരെ വഞ്ചിക്കുന്ന ഭാര്യമാര്‍ ഇന്ന് വര്‍ധിച്ചുവരികയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാരിവിതറി ഷോപ്പിംഗിന്റെ പേരില്‍ പുറത്തിറങ്ങി വിലസുന്ന ഇത്തരം സ്ത്രീകള്‍ ദുര്‍വ്യയം ചെയ്തു നിര്‍വൃതികൊള്ളുകയാണ്. ഭര്‍ത്താവറിയാതെ, അന്യരുമായി അവിഹിതബന്ധം പുലര്‍ത്തുന്ന സ്ത്രീകളും വര്‍ത്തമാനകാലത്തിന്റെ വേദനയാണ്. പ്രിയേ, നമുക്കു ചുറ്റും കാണുന്ന പല ഭാര്യമാരും വ്യത്യസ്ത സ്വഭാവക്കാരാണ്. അവരില്‍ നന്മയുള്ളവരെ മാത്രം അനുകരിക്കുക. അല്ലാത്തവരെ അവഗണിക്കുക. നീ ഭര്‍ത്താവിന്റെ സ്‌നേഹവും തൃപ്തിയും ആസ്വദിക്കാന്‍ മത്സരിക്കുക. നിന്റെ വിജയം അതിലാണെന്ന് ഉറപ്പിക്കുക. ധാരാളം പ്രതിസന്ധികള്‍ വന്നേക്കാം. പരീക്ഷണങ്ങളുടെ പേമാരി പെയ്‌തേക്കാം. പതറരുത്; തകരരുത്. അല്ലാഹുവിന്റെ തിരുദൂതര്‍ അരുള്‍ ചെയ്തു: 'ഭര്‍ത്താവിന്റെ തൃപ്തിയോടെ ഒരു സ്ത്രീ മരണമടഞ്ഞാല്‍ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.' (തുര്‍മുദി)