അറബികളോടുള്ള സ്‌നേഹം തിരുബി(സ്വ)യോടുള്ള സ്‌നേഹമാണ്
തിരുനബി(സ്വ)യുടെ ജനനത്തിന് അല്ലാഹു തെരഞ്ഞെടുത്ത ഭൂമി മക്കയാണെന്ന പോലെ അറബ് ഗോത്രത്തെയാണ് അവിടുത്തെ ജനനത്തിനായി അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നത്. മക്കയെക്കുറിച്ച് പണ്ഡിതര്‍ വിവരിച്ച പോലെ അറബ് സമൂഹത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അറബികളെക്കുറിച്ചുള്ള വിവരണത്തിന് പവിത്രത വരുന്നത് തിരുനബി(സ്വ) ജനിച്ച ഗോത്രമാണെന്ന നിലക്കാണെന്ന് പണ്ഡിതര്‍ എടുത്തുപറയുകയും ചെയ്യുന്നുണ്ട്. (സുബുലുല്‍ ഹുദ: 269). സൂറത്ത് തൗബയുടെ 128ാം ആയത്ത് വിശദീകരിക്കുമ്പോള്‍ ഇബ്‌നു അബ്ബാസ്(റ) ഈ കാര്യം വിവരിക്കുന്നുണ്ട്. അറബികളുടെ പവിത്രത വിവരിച്ച റിപ്പോര്‍ട്ട് ചെയ്ത അബ്ദുബ്‌നു ഹുമൈദ്, ഇബ്‌നു അബീ ഉസാമ, ഇബ്‌നു മുന്‍ദിര്‍ എന്നിവരുടെ ഹദീസുകള്‍ പഠന വിധേയമാക്കി അറബികളുടെ മഹത്ത്വം രൂപപ്പെടാനുള്ള കാരണങ്ങളില്‍ പണ്ഡിതര്‍ പറഞ്ഞ പ്രധാന കാരണം അല്ലാഹു ഇതര ഗോത്രങ്ങളില്‍ നിന്ന് അറബികളെ തിരഞ്ഞെടുക്കുകയും അറബികളില്‍നിന്ന് തിരുനബി(സ്വ)യെ തെരഞ്ഞെടുക്കുകയും ചെയ്തു എന്നതാണ്. ഇബ്‌നു ഉമര്‍(റ) ഉദ്ദരിക്കുന്നു: നബി(സ്വ) പറഞ്ഞു: സൃഷ്ടികളില്‍ നിന്നും മനുഷ്യരെ അല്ലാഹു തെരഞ്ഞെടുത്തു. മനുഷ്യരില്‍ നിന്നും അറബികളെ അല്ലാഹു തിരഞ്ഞെടുത്തു. അറബികളില്‍ നിന്നും മുളറിനെ അല്ലാഹു തിരഞ്ഞെടുത്തു. മുളറില്‍ നിന്നും ഖുറൈശികളെ തിരഞ്ഞെടുത്തു. ഖുറൈശികളില്‍ നിന്നും ബനൂ ഹാശിമിനെ തെരഞ്ഞെടുത്തു. ബനൂ ഹാശിമില്‍ നിന്നും എന്നെ തിരഞ്ഞെടുത്തു. അതിനാല്‍ ആരെങ്കിലും അറബികെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നോടുള്ള സ്‌നേഹം കൊണ്ടാണ്. അവരോട് ആരെങ്കിലും കോപിക്കുന്നുവെങ്കില്‍ എന്നോടുള്ള കോപം കൊണ്ടാണ്(ത്വബ്‌റാനി, ബൈഹഖി). അറബികളെ സ്‌നേഹിക്കണമെന്നും അവരോടുള്ള സ്‌നേഹം തിരുനബി(സ്വ)യോടുള്ള സ്‌നേഹമാണെന്നും അവരോട് കോപമുണ്ടാവരുതെന്നും അവരോട് കോപംവെക്കുന്നത് തിരുനബി(സ്വ)യോടുള്ള കോപമാണെന്നും ഇബ്‌നു ഉമര്‍(റ)വിന്റെ ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട്. ഇബ്‌നു ഉമര്‍(റ)വില്‍ നിന്നും ഉദ്ദരിക്കുന്ന മറ്റൊരു ഹദീസില്‍ ഇതേ വിവരണം പറഞ്ഞതിന്റെ ഒടുവില്‍ തിരുനബി(സ്വ) പറയുന്നുണ്ട്: ഞാന്‍ ശ ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാണ്’(ഹാക്കിം). സൃഷ്ടിപ്പിന്റെ പ്രാരംഭത്തില്‍ ജിബ് രീല്‍(അ) മുഖാന്തിരം അറബികളുടെ മഹത്വം ഉന്നതമാക്കി വേര്‍തിരിച്ചു കാണിച്ചിരുന്നു എന്ന് പഠിപ്പിക്കുന്ന അബൂഹുറൈറ(റ) ഉദ്ദരിക്കുന്ന ഹദീസ് ത്വബ്‌റാനി കൊണ്ട് വരുന്നുണ്ട്. അറബികളുടെ ശ്രേഷ്ട ഒന്നു കൂടെ വ്യക്തമാക്കുന്നതാണ് ആ വിവരണം. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: സൃഷ്ടിപ്പിഭസമയത്ത് ജിബ് രീല്‍(അ)നെ അല്ലാഹു ജനങ്ങളെ രണ്ട് ഭാഗമാക്കാന്‍ നിയോഗിച്ചു. അറബികളെ ഒരു വിഭാഗവും അനറബികളെ മറ്റൊരു വിഭാഗവുമാക്കി ജിബ്‌രീല്‍(അ) മാറ്റി. പിന്നീട് അറബികളെ വീണ്ടും വിഭജനം വരുത്തി... അതില്‍ നിന്നെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഖുറൈശികളില്‍ നിന്നാണ് അല്ലാഹു എന്നെ നിയോഗിച്ചത്’(ത്വബ്‌റാനി). വാസിത് ബ്‌നു അസ്ഖഅ്(റ) ഉദ്ദരിക്കുന്നു. നബി(സ്വ) പറഞ്ഞു: ഇബ്‌റാഹീം(അ)ന്റെയും ഇസ്മാഈല്‍(അ)ന്റെയും സന്താനങ്ങളെ അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തു. ഇസ്മാഈല്‍(അ)ന്റെ സന്താനങ്ങളില്‍ നിന്നും കിനാനയെ അല്ലാഹു തെരഞ്ഞെടുത്തു. കിനാന സന്താനങ്ങളില്‍ നിന്നും ഖുറൈശികളെ അല്ലാഹു തിരഞ്ഞെടുത്തു. ഖുറൈശികളില്‍ നിന്നും ബനൂ ഹാശിമിനെ അല്ലാഹു തിരഞ്ഞെടുത്തു. എന്നെ ബനൂ ഹാശിമില്‍ നിന്നും അല്ലാഹു തിരഞ്ഞെടുത്തു’(മുസ്‌ലിം, തിര്‍മിദി). ഉദ്ധൃത ഹദീസുകളിലൂടെ തിരുനബി(സ്വ)യുടെ ജനനത്തിന് അല്ലാഹു അറബികളെയാണ് തിരഞ്ഞെടുത്തത് എന്ന് സമര്‍ത്തിക്കുകയാണ്. ആ അറബികള്‍ക്കാണ് മനുഷ്യ ഗോത്രങ്ങളില്‍ നിന്നും പ്രത്യേകതയും ശ്രേഷ്ഠതയുമുള്ളതെന്നും ഹദീസുകളില്‍ വ്യക്തമാക്കലുണ്ട്. അത് കൊണ്ട് തന്നെ ഈ അറബികളെ സ്‌നേഹിക്കേണ്ടതിന്റെയും ആദരിക്കേണ്ടതിന്റെയും പ്രധാന്യം ഇതേ ഹദീസുകള്‍ പഠിപ്പിക്കുന്നുവെന്ന് മഹത്തുക്കള്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. പണ്ഡിതരുടെ ഈ ഉദ്‌ബോധനത്തിന് ബലം നല്‍കുന്നതാണ് അനസ്(റ)വിന്റെ ഹദീസ്. മഹാന്‍ ഉദ്ദരിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘ അറബികളെ ഒരാള്‍ സ്‌നേഹിച്ചാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. അറബികളോട് ഒരാള്‍ കോപം വെച്ചാല്‍ അവന്‍ എന്നോടാണ് കോപിക്കുന്നത്(ത്വബ്‌റാനി). മുകളില്‍ ത്വബ്‌റാനിയുടെ ഇബ്‌നു ഉമര്‍(റ) ഉദ്ദരിച്ച ഹദീസ് നമ്മള്‍ കണ്ടതാണ്. എന്നോടുള്ള സ്‌നേഹം അറബികളോടുള്ള സ്‌നേഹമാണെന്നും എന്നോടുള്ള കോപം അറബികളോടുള്ള കോപമാണെന്നും ആ ഹദീസ് പഠിപ്പിക്കുന്നുണ്ട്. അഥവാ തിരുനബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ ഭാഗം തന്നെയാണ് അവിടുന്ന് ഈ ‘ൂമുഖത്തേക്ക് വരാന്‍ കാരണമായ ഗോത്രത്തെ ബഹുമാനിക്കുക എന്നതും. ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: മൂന്ന് കാരണങ്ങളാല്‍ നിങ്ങള്‍ അറബികളെ സ്‌നേഹിക്കണം. ഒന്ന്, ഞാന്‍ അറബിയാണ്. രണ്ട്, ഖുര്‍ആന്‍ അറബിയാണ്. മൂന്ന്, സ്വര്‍ഗാവകാശികളുടെ ഭാഷ അറബിയാണ്(ത്വബ്‌റാനി). തിരുനബി(സ്വ)യുടെ ഗോത്രമായി എന്ന കാരണത്താല്‍ തന്നെ ആദരിക്കേണ്ടവരും ബഹുമാനിക്കേണ്ടവരും സ്‌നേഹിക്കേണ്ടവരുമാണ് അറബികള്‍ എന്ന് വന്നു. ഈ ചര്‍ച്ചയുടെ ഭാഗമായി പണ്ഡിതര്‍ വിവരിച്ച മറ്റൊരു കാര്യമാണ്; തിരനബി(സ്വ)യുടെ ഗോത്രത്തോട് ഒരാള്‍ക്കുണ്ടാകുന്ന വെറുപ്പ് മതത്തിനോട് തന്നെയുള്ള വെറുപ്പും എതിര്‍പ്പുമാണെന്നത്. സല്‍മാന്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ്വ) എന്നോട് പറഞ്ഞു: സല്‍മാന്‍, നീ എന്നോട് കോപിക്കരുത്, അങ്ങനെയുണ്ടായാല്‍ നിന്റെ മതത്തില്‍ നിന്ന് നീ വിട്ടവനാകും. ഞാന്‍ ചോദിച്ചു. ഞാന്‍ എങ്ങനെ അങ്ങയെ കോപിപിക്കും. അങ്ങ് കാരണമെല്ലെ എനിക്ക് ഹിദായത്ത് ലഭിച്ചത്. നബി(സ്വ) പറഞ്ഞു. നീ അറബികളോട് കോപിച്ചാല്‍ എന്നോട് കോപിക്കുകയാണ്.(തിര്‍മിദി). അഥവാ അവരോടുള്ള കോപം ഈ മതത്തോട് തന്നെ അകലലാണെന്ന് സാരം. അറബികളോട് കോപിക്കുന്നവന്റെ വിശ്വസം ബലഹീനമാണെന്നും അവനില്‍ കാപട്ട്യമുണ്ടെന്നും തിരുനബി(സ്വ) പഠിപ്പിക്കുന്നുണ്ട്. അലി(റ) ഉദ്ദരിക്കുന്നു. നബി(സ്വ) പറഞ്ഞു: അറബികളോട് കപടവിശ്വാസി മാത്രമേ കോപിക്കുകയൊള്ളു(ത്വബ്‌റാനി). അറബി ഗോത്രത്തില്‍ നിന്നും ഖുറൈശികളെ അല്ലാഹു തിരഞ്ഞെടുത്തു എന്ന് തിരുനബി(സ്വ) തന്നെ പറഞ്ഞ ഉദ്ധൃത ഹദീസ് അറബികളില്‍ നിന്നും ഖുറൈശികള്‍ക്കുള്ള മഹത്വം അറിയിക്കുന്നുണ്ടല്ലോ. അതിനാല്‍ തന്നെ ഖുറൈശികളെ അറബികളില്‍ നിന്നും പ്രത്യേകം പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം പണ്ഡിതര്‍ ഹദീസുകളുടെ വെളിച്ചത്തില്‍ വിവരിക്കുന്നുണ്ട്. അനസ്(റ) ഉദ്ദരിക്കുന്നു. നബി(സ്വ) പറഞ്ഞു: ഖുറൈശികളോട് സ്‌നേഹം വെക്കല്‍ ഈമാനും അവരോട് കോപിക്കല്‍ കുഫ്‌റുമാണ്(ത്വബ്‌റാനി). ഇമാം ബുഖാരിയും ഇമാം മുസ് ലിമും ഉദ്ദരിക്കുന്ന അബൂഹുറൈറ(റ)വില്‍ നിന്നുള്ള സമാനമായ മറ്റൊരു ഹദീസ് കുറച്ച് കൂടി ഈ വിഷയത്തിലെ ഗൗരവം എടുത്തുകാണിക്കുന്നുണ്ട്. ചുരുക്കത്തില്‍ അറബികളെയും അവരുടെ ഉപഗോത്രങ്ങളില്‍ നിന്നും ഖുറൈശികളെ പ്രത്യേകിച്ചും ബഹുമാനിക്കേണ്ടതാണെന്നും അവരെ സ്‌നേഹിക്കേണ്ടതാണെന്നും പലവിധേന വന്ന ഉദ്ദരണികളിലെല്ലാം വ്യക്തമാക്കുന്നു. അതിനെല്ലാം പ്രധാനകാരണം തിരുനബി(സ്വ)യുടെ ജനനത്തിന് കാരണമായ ഗോത്രമാണ് അറബികള്‍ എന്നതാണ്.