Sunni Afkaar Weekly

Pages

Search

Search Previous Issue

അബ്ദുല്‍ മുത്വലിബിന്റെ സന്തോഷവും പേരിടലും

പി. മുഹമ്മദ് റഹ്മാനി മഞ്ചേരി
 അബ്ദുല്‍ മുത്വലിബിന്റെ  സന്തോഷവും പേരിടലും

തിരുനബി(സ്വ)യുടെ ജന്മവാര്‍ത്ത മഹതി ആമിന ബീബി(റ) പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷവും കുഞ്ഞിനു പേര് നല്‍കിയതും കഅ്ബാലയത്തില്‍കൊണ്ട് പോയി പ്രത്യേകം പ്രാര്‍ത്ഥന നടത്തിയതും ചരിത്രപ്രസിദ്ധമാണ്. ഇബ്‌നു ഇസ്ഹാഖും വാഖിദിയും ഉദ്ദരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു: 'ആമിന ബീബി(റ) പ്രസവം നടന്നപ്പോള്‍ പിതാമഹന്‍ അബ്ദുല്‍മുത്വലിബിലേക്ക് വിവരം അറിയിക്കാന്‍ ആളെ അയച്ചു. പ്രസവസമയത്തുണ്ടായ സംഭവങ്ങളെയും കുഞ്ഞിനു പേര് വെക്കാന്‍ നിര്‍ദേശിക്കപ്പെട്ടതും അദ്ദേഹം മുഖേന പറഞ്ഞയച്ചു. വിവരം ലഭിച്ചപ്പോള്‍ അബ്ദുല്‍ മുത്വലിബ് വരികയും കുഞ്ഞിനെയും കൊണ്ട് കഅ്ബാലത്തിലേക്ക് പോവുകയും പ്രത്യേകം പ്രാര്‍ത്ഥന നടത്തി അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി മുഹമ്മദ് എന്ന് പേര് വിളിക്കുകയും ചെയ്തു.' (സീറത്തു ഇബ്‌നു ഹിശാം: 159/1) ഇമാം ബൈഹഖി അബുല്‍ഹസനുല്‍ തനൂഖിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുനബി(സ്വ)യുടെ പ്രസവത്തിന്റെ ഏഴാം ദിവസം പിതാമഹന്‍ കുട്ടിക്കു വേണ്ടി അറവ് നടത്തുകയും ഖുറൈശികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. അന്ന് ഖുറൈശികള്‍ അബ്ദുല്‍ മുത്വലിബിനോട് മകന് എന്തു പേരാണ് നല്‍കിയതെന്ന് അന്വേഷിച്ചപ്പോള്‍ മുഹമ്മദ് എന്ന പേര് മറുപടി പറയുകയും പൂര്‍വ്വപിതാക്കളില്‍ നിന്നും ഭിന്നമായി ആ പേര് തിരഞ്ഞെടുക്കാന്‍ കാരണമാരാഞ്ഞപ്പോള്‍ ആകാശത്തും ഭൂമിയിലും എല്ലാവരും സ്തുതിക്കപ്പെടാന്‍ വേണ്ടിയാണ് ഈ പേര് തെരഞ്ഞെടുത്തതെന്ന്’മറുപടിപറയുകയും ചെയ്തുവത്രെ. ഉദ്ധൃത വിവരണം അബൂഉമറും അബുല്‍ ഖാസിമുബ്‌നു അസാകീറും ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നുണ്ട്. ആ റിപ്പോര്‍ട്ടില്‍ ആടിനെ അറുത്തു എന്ന് വ്യക്തമാക്കി പറയുന്നുണ്ട്. കുഞ്ഞിനെയും കൊണ്ട് കഅ്ബാലയത്തില്‍ പോയിവരുമ്പോള്‍ സന്തോഷനിര്‍വൃതിയില്‍ അബ്ദുല്‍മുത്വലിബ് മനോഹരമായ കവിത ആലപിച്ചുകൊണ്ടിരുന്നുവെന്ന് അല്‍ വഫ(96/1)യില്‍ പരാമര്‍ശിക്കുന്നുണ്ട്. മനസ്സില്‍ അത്രയുംവലിയ ദുഃഖമോ സന്തോഷമോ ഉണ്ടാകുമ്പോഴാണല്ലോ അനിയന്ത്രിതമായി കവിതകള്‍ ഒഴുകിവരിക. അബ്ദുല്‍ മുത്വലിബിന്റെ വരികളിലും നിറഞ്ഞുനില്‍ക്കുന്നത് കുട്ടിയാലുണ്ടായ സന്തോഷവും ഭാവിജീവിതത്തില്‍ കുട്ടിക്ക് എല്ലാ കാവലും അല്ലാഹു നല്‍കുന്നതിനായുമുള്ള വാചകങ്ങളാണ് പ്രാര്‍ത്ഥനാകവിതയിലുള്ളത്. അബ്ദുല്‍മുത്വലിബ് തിരുനബി(സ്വ)ക്ക് മുഹമ്മദ് എന്നു വെച്ചത് അല്ലാഹുവിന്റെ അടുക്കല്‍നിന്നും പ്രത്യേകമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മഹാന്‍മാര്‍ വിവരിച്ചിട്ടുണ്ട്. സുഹൈലിയും അബൂറബീഉം സ്വപ്‌നത്തിലൂടെയാണ് അബ്ദുല്‍മുത്വലിബിന് അല്ലാഹു സന്ദേശം നല്‍കിയതെന്ന അഭിപ്രായക്കാരാണ്. (റൗള: 105/1, അല്‍ ഇക്തിഫാഅ്: 168/1) വിശുദ്ധ ഖുര്‍ആന്‍ മുന്‍വേദങ്ങളില്‍ വരാനിരിക്കുന്ന പ്രവാചകരെ പരിചയപ്പെടുത്തുന്നുണ്ടെന്നു മാത്രമല്ല, ആ പ്രവാചകരുടെ പേരും എടുത്തുപറഞ്ഞിട്ടുണ്ട്. മാതാവ് ആമിനബീബി(റ)ക്ക് ഗര്‍ഭകാലത്ത് അനുഭവപ്പെട്ടിരുന്ന സന്തോഷ വിവരങ്ങളില്‍ കുഞ്ഞിനു നല്‍കേണ്ട പേരുകൂടി ലഭിച്ചിരുന്നുവെന്നത് അവിടുത്തേക്ക് അല്ലാഹു നല്‍കിയിട്ടുള്ള അംഗീകാരമാണ്. സാധാരണ ഉപയോഗിച്ചുവരുന്ന പേരുകളില്‍നിന്ന് വ്യത്യസ്തമായി പിതാമഹന് അത്തരമൊരു പേര് തിരഞ്ഞെടുക്കാന്‍ അല്ലാഹു പ്രേരണനല്‍കിയതും പ്രത്യേക പരിഗണന കാരണമാണ്. പല കാരണങ്ങളാല്‍ ഈ കുഞ്ഞ് വളര്‍ന്ന് ഉന്നതങ്ങളിലെത്തുമെന്ന് മനസ്സിലാക്കിയിരുന്ന അബ്ദുല്‍മുത്വലിബ്, പൂര്‍വ്വീകരുടെ പേരില്‍നിന്നും മാറാനുള്ള കാരണമാരാഞ്ഞവരോട് പറയുന്ന മറുപടിയും ആ പ്രതീക്ഷയുടെ പ്രത്യാശയാണ് പ്രകടിപ്പിക്കുന്നത്. അബ്ദുല്‍ മുത്വലിബ് കുഞ്ഞിനു വേണ്ടി പ്രത്യേകം സദ്യയൊരുക്കുകയും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. തിരുനബി(സ്വ)ക്ക് പേരു വെച്ചത് അബ്ദുല്‍മുത്വലിബ് ആണോ ആമിന ബീബി(റ)യാണോ എന്നൊരു ചര്‍ച്ച ചരിത്ര പണ്ഡിതന്‍മാര്‍ക്കിടയിലുണ്ട്. അബ്ദുറസാഖിന്റെ റിപ്പോര്‍ട്ടില്‍ പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് എന്നും മാതാവ് ആമിന ബീബി(റ) എന്നിങ്ങനെ രണ്ട് അഭിപ്രായവും വന്നതാണ് ചര്‍ച്ചക്ക് കാരണം. എന്നാല്‍, മാതാവിനു ലഭിച്ച സന്തോഷ സന്ദേശങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന മുഹമ്മദ് എന്ന പേരിടാനുള്ള നിര്‍ദേശം പിതാമഹന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പേരിട്ടതെന്ന സംയോജിപ്പിച്ച വിലയിരുത്തലാണ് പണ്ഡിതര്‍ ചെയ്തിട്ടുള്ളത്. മാത്രമല്ല, പിതാമഹന്‍ കുഞ്ഞിനു വേറൊരു പേര് കണ്ടുവെച്ചിരുന്നു എന്നൊരു റിപ്പോര്‍ട്ടിലുണ്ട്. അതുകൂടി കൂട്ടിവായിക്കുമ്പോള്‍ ആ സംയോജിത വായന ശരിയാവുന്നുണ്ട്. അബ്ദുല്‍മുത്വലിബ് തന്നെ ഈ പേര് സ്വപ്‌നംകണ്ടിരുന്നുവെന്നൊരു റിപ്പോര്‍ട്ടിലുമുണ്ട്. ശ്രദ്ധേയമായ മറ്റൊരു ചര്‍ച്ച ഇതിലുള്ളത്; പേരു വെച്ചത് അല്ലാഹു തന്നെയാണ്. ആദം(അ)നെ സൃഷ്ടിച്ച ശേഷം അദ്ദേഹം അര്‍ശിന്റെ തൂണിലേക്കു നോക്കിയപ്പോള്‍ അവിടെ മുഹമ്മദ് എന്ന പേര് കണ്ട, മുമ്പ് വിവരിച്ച ഹദീസിനെയാണ് ഇതിനു പണ്ഡിതന്മാര്‍ പ്രമാണമാക്കിയിട്ടുള്ളത്. ഇതിനെ വിലയിരുത്തിയും പണ്ഡിതര്‍ വിശദീകരിച്ചത്; ഭൂമിയില്‍ ജനനശേഷം കുഞ്ഞിന് പേരു വിളിക്കല്‍ എന്ന കര്‍മം ചെയ്തത് പിതാമഹന്‍ അബ്ദുല്‍ മുത്വലിബാണ് എന്നാണ്. തിരുനബി(സ്വ)യുടെ ജനനത്തോടെ മറ്റെല്ലാവരെക്കാളും സ്‌നേഹവും വാത്സല്യവും അബ്ദുല്‍മുത്വലിബ് റസൂലുല്ലാ(സ്വ)ക്ക് നല്‍കിയിരുന്നു. സ്വന്തം മക്കളെക്കാളും പരിഗണനയും സ്ഥാനവും അവിടുത്തേക്കായിരുന്നു. പിതാവില്ലാത്ത അനാഥത്വം ഒരിക്കലും അറിയിക്കാതെ സംരക്ഷിക്കാന്‍ അബ്ദുല്‍മുത്വലിബ് ശ്രദ്ധിച്ചു. മാതാവിന്റെ വിയോഗംകൂടി നടന്നതോടെ പൂര്‍ണ സംരക്ഷണം അബ്ദുല്‍മുത്വലിബ് ഏറ്റെടുത്തു. യാത്രകളിലും പൊതുപരിപാടികളിലും കൂടെ കൂട്ടുകയും അരികിലിരുത്തുകയും ചെയ്യുമായിരുന്നു. കഅ്ബയുടെ ചാരത്ത് പലപ്പോഴും അബ്ദുല്‍മുത്വലിബിന്റെ കൂടെ തിരുനബി(സ്വ) ഉണ്ടാകുമായിരുന്നു. തിരുനബി(സ്വ)യുടെ എട്ടാമത്തെ വയസ്സില്‍ അബ്ദുല്‍മുത്വലിബ് വിടപറയുന്നത് വരെയും ആ സംരക്ഷണവും പരിപാലനവും പൂര്‍ണമായും നിലനിന്നു. അബ്ദുല്‍മുത്വലിബിനെ കുറിച്ചുള്ള വിവരണം ഖുറൈശികള്‍ക്കിടയില്‍ ഉന്നതിയുടെയും മഹത്വത്തിന്റെയുമാണ്. ഔദാര്യവാനും കൃപാലുവും സ്‌നേഹനിധിയും ശ്രേഷ്ഠനും സര്‍വ്വാംഗീകാരമുള്ളവരുമാണ്. ഖുറൈശികളുടെ നേതാവായി കണ്ടിരുന്ന ഇദ്ദേഹത്തിന്റെ സല്‍ഗുണങ്ങളില്‍ എടുത്തുപറയുന്ന മഹത്വമാണ് എല്ലാ നന്മകളും ജീവിതചര്യയാക്കുകയും അതിനെ ഉപദേശിക്കുകയും ചെയ്യുക എന്നത്. ബിംബാരാധന നിരാകരിക്കുകയും ഏകദൈവ വിശ്വാസം ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നുവെന്നത് ചരിത്രമാണ്. മദ്യപാനത്തെയും വ്യഭിചാരത്തെയും ശക്തമായി എതിര്‍ക്കുകയും നേര്‍ച്ചകളും കരാറുകളും പൂര്‍ത്തിയാക്കണമെന്നും കട്ടവന്റെ കൈ മുറിക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്യുമായിരുന്നു. ഇങ്ങനെ എല്ലാം കൊണ്ടും ശ്രദ്ധേയനായ മഹാനായിരുന്നു അബ്ദുല്‍മുത്വലിബ്. അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ തിരുനബി (സ്വ) ഏറെ സുരക്ഷിതരും സന്തുഷ്ടരുമായിരുന്നു. അബ്ദുല്‍മുത്വലിബിനുണ്ടായിരുന്ന അംഗീകാരവും തിരുനബി(സ്വ)യുടെ മനസ്സിലുണ്ടായിരുന്ന സ്ഥാനവുമാണ് ഹുനൈന്‍ യുദ്ധത്തില്‍ അനുചരന്മാരില്‍ ചിലര്‍ യുദ്ധക്കളത്തില്‍നിന്നും അകന്നപ്പോള്‍ ധീരതയോടെ അടര്‍ക്കളത്തില്‍ ഉറച്ചുനിന്ന തിരുനബി(സ്വ) ഞാന്‍ നബിയാണ് കളവല്ല, ഞാന്‍ അബ്ദുല്‍മുത്വലിബിന്റെ മകനാണ്’എന്ന് ഉച്ചയ്സ്ഥരം പ്രഖ്യാപിക്കാന്‍ കാരണം.

Other Post