തിരുനബി(സ്വ)യുടെ മുലകുടി ബന്ധത്തിലെ സഹോദര, സഹോദരിമാര്‍
തിരുനബി(സ്വ)ക്ക് ചെറുപ്പത്തില്‍ മുലപ്പാല്‍ കൊടുക്കുന്നതിലൂടെ മാതാക്കളായി വരുന്നവരുടെ വിവരണത്തോടൊപ്പം വരുന്നവരാണ് അതു കാരണം സഹോദര സഹോദരിമാരാകാന്‍ ഭാഗ്യം ലഭിച്ചവര്‍. ഹംസ(റ) ആ സഹോദരന്മാരില്‍ പ്രധാനപ്പെട്ട ഒരാളാണ്. സഈദബ്‌നു മന്‍സൂറും ഇബ്‌നുസഅദും ബുഖാരിയും മുസ്‌ലിമും ഇബ്‌നുഅബ്ബാസ്(റ)വില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍, മഹാന്‍ പറയുന്നു: അലി(റ) തിരുനബി(സ്വ)യോട് ചോദിച്ചു- ഹംസ(റ)വിന്റെ മകളെ നിങ്ങള്‍ക്ക് വിവാഹം ചെയ്തുകൂടെ. ഖുറൈശീ വനിതകളില്‍ സുന്ദരിയായവളാണല്ലോ മഹതി. തിരുനബി(സ്വ) മറുപടിപറഞ്ഞു: എന്റെ മുലകുടിബന്ധത്തിലുള്ള ഹംസയുടെ മകളാണ് അവള്‍. (ബുഖാരി, വാള്യം: 3, പേജ്: 202, ത്വബഖാതു ഇബ്‌നുസഅദ്: വാള്യം: 1, പേ: 68, സ്വഹീഹ് മുസ്‌ലിം: ഹദീസ് നമ്പര്‍: 11,12,13). തിരുനബി(സ്വ)ക്ക് മുലകൊടുത്ത ഹലീമ ബീബിയിലൂടെയും സഅദിയ്യയിലൂടെയുമാണ് ഹംസ(റ) മുലകുടി സഹോദരനാകുന്നത്. അബൂസലമത്ത് അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ അസദാണ് മറ്റൊരു സഹോദരന്‍. ഇസ്‌ലാമിലേക്ക് ആദ്യകാലത്തുതന്നെ കടന്നുവന്ന മഹാനാണ് അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ അസദ്(റ). ഇമാം ബുഖാരിയും ഇമാം മുസ് ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനബ ബിന്‍ത് ഉമ്മുസലമ, ഉമ്മുഹബീബ ബിന്‍ത് അബീസുഫ്‌യാനില്‍ നിന്നും ഉദ്ധരിക്കുന്നു- മഹതി പറഞ്ഞു: ഞാന്‍ നബി(സ്വ)യോട് ചോദിച്ചു- എന്റെ ഹോദരി അബൂസുഫ്‌യാന്റെ മകള്‍ ഉസ്സയെ വിവാഹംചെയ്യല്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ? തിരുനബി(സ്വ) തിരിച്ച് ചോദിച്ചു: അതു നിങ്ങള്‍ ഇഷ്ടപ്പെടുമോ? ഉമ്മു ഹബീബ(റ) പറഞ്ഞു: നന്മയുടെ വിഷയത്തില്‍ എന്നോട് കൂറാവാന്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്റെ സഹോദരിയെയാണ്.' അപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: എന്നാല്‍ അവള്‍ എനിക്ക് അനുവദനിയ്യമല്ല. ഇതു കേട്ടപ്പോള്‍ ഉമ്മുഹബീബ(റ) ചോദിച്ചു: 'അവിടുന്ന് അബൂസലമയുടെ മകള്‍ ദുര്‍റത്തിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഞങ്ങള്‍ക്കിടയില്‍ സംസാരമുണ്ടല്ലോ. നബി(സ്വ) അതിനു മറുപടി പറഞ്ഞത് ഇപ്രകാരമാണ്: അവള്‍ എന്റെ മടിത്തട്ടില്‍ വളര്‍ന്നവരല്ലങ്കില്‍പോലും മുലകുടിബന്ധത്തിലുള്ള എന്റെ സഹോദരപുത്രിയാണ്. എനിക്കും അബൂസലമക്കും സുവൈബ മുലതന്നിട്ടുണ്ട്. (ബുഖാരി, വാള്യം: 3, പേ: 202) തിരുനബി(സ്വ)യുടെ മുലകുടിബന്ധത്തിലുള്ള സഹോദരന്മാരെ എണ്ണുന്നതില്‍ മൂന്നാമതായി ചില ഗ്രന്ഥങ്ങളില്‍ അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ)നെ എണ്ണുന്നത് കണ്ടുവരുന്നു. ഇമാം സുഹൈലി റൗളയുടെ 108ാം പേജില്‍ ഇത് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചരിത്രപണ്ഡിതര്‍ ഇതിനു പ്രബലത നല്‍കിയിട്ടില്ല. സുഹൈലിയുടെ എഴുത്തില്‍ വന്ന ഇടര്‍ച്ചയാവാനാണ് സാധ്യതയെന്നാണ് പണ്ഡിതര്‍ വിലയിരുത്തിയിട്ടുള്ളത്. അങ്ങനെ ഉറപ്പിച്ചുപറയാനുള്ള കാരണം സുഹൈലി, സുവൈബയില്‍ നിന്നും നബി(സ്വ)യോട് മുലകുടിബന്ധമുള്ള അബൂസലമയുടെ വിവരണം കൊണ്ടുവരുമ്പോള്‍ അവിടെയാണ് ഇബ്‌നുജഹശ് എന്ന് പ്രയോഗിച്ചിരിക്കുന്നത്. സുവൈബയിലൂടെ മുലകുടിബന്ധത്തിലുള്ള സഹോദരന്‍ അബൂ സലമയാണെന്നത് ബുഖാരി അടക്കമുള്ള സ്വഹീഹായ ഉദ്ധരണികളില്‍ വന്നതാണല്ലോ. (യൂസുഫുശാമി, സുബുലുല്‍ഹുദ: വാള്യം:1, പേ: 463) ഹാരിസുബ്‌നു അബ്ദില്‍ ഉസ്സയുടെ മക്കളായ അബ്ദുല്ല, ഹഫ്‌സ്, ഉമയ്യത് എന്നിവരാണ് പിന്നെയുള്ളവര്‍. നേരത്തേ പറഞ്ഞ ഹലീമ ബീബി വഴിയാണ് ഇവരൊക്കെ മുലകുടിബന്ധത്തില്‍ വരുന്നത്. അബ്ദുല്ല എന്നതിനു പകരം ബൈഹഖി ള്വംറത്ത് എന്നു പറഞ്ഞത് മഹാനില്‍നിന്നും അശ്രദ്ധയില്‍ സംഭവിച്ചതാവാമെന്ന് യൂസുഫു ശാമി പറഞ്ഞിട്ടുണ്ട്. ഹഫ്‌സ് എന്ന പേര് അല്‍ ഇസാബ (വാള്യം: 2, പേജ്: 25) എടുത്തുപറഞ്ഞിട്ടുണ്ടെങ്കിലും ഹാരിസിന്റെ മകന്‍ എന്നതിനു പകരം മുലകൊടുത്ത ഹലീമത്തു സഅദിയ്യയുടെ മകന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ഖിദാമത്ത് എന്നോ ഹുദാഫത്ത് എന്നോ പേരുള്ള ശൈമാഅ് എന്ന മഹതിയാണ് മറ്റൊരു സഹോദി. തിരുനബി(സ്വ)യെ സന്ദര്‍ശിക്കാന്‍ ഒരിക്കല്‍ ശൈമ വന്ന സംഭവം ചരിത്രം ഉദ്ധരിക്കുന്നുണ്ട്. നബി(സ്വ)ക്ക് മഹതിയെ ഓര്‍മ്മയില്‍ വരാതിരുന്നപ്പോള്‍ മുലകുടികാലത്തെ ഓര്‍മിപ്പിക്കുന്ന ആ കാലത്തെ ഒരു അടയാളം പറഞ്ഞതോടെ ഓര്‍മ്മവരികയും മഹതിയെ സ്വീകരിച്ചിരുത്തുകയും ചെയ്തു. (സ്വീറത്തു ഇബ്‌നുഹിശാം: വാള്യം: 2, പേ: 104). അതിമനോഹരമായ വര്‍ണനകളില്‍ ശൈമ തിരുനബി(സ്വ)യെ കുറിച്ച് കവിത ആലപിക്കാറുണ്ടായിരുന്നു. അസ്സഹ്‌റും അല്‍ ഇസാബയും എടുത്തുദ്ധരിച്ച ആ കവിതകളില്‍ മഹതി പറയുന്നുണ്ട്: എന്റെ ഉമ്മ പ്രസവിച്ചിട്ടില്ലാത്ത എന്റെ സഹോദരനാണ് മുഹമ്മദ്(സ്വ), എന്റെ പിതാവിന്റെയോ പിതൃസഹോദരന്മാരുടെയോ സന്താനങ്ങളിലൂടെയുമല്ല ആ സാഹോദര്യം... ......, കഴിഞ്ഞ കാലത്തെയും ജീവിച്ചിരിക്കുന്നവരെയും കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ടരാണ്, ചന്ദ്രനെക്കാള്‍ സൗന്ദര്യമുള്ള മുഖമാണ് മുഹമ്മദ് നബി(സ്വ)ക്ക്. മുലകുടിബന്ധത്തിലുള്ള മറ്റൊരാളാണ് യസീദുബ്‌നു ഉബൈദ് എന്ന പേരിലറിയപ്പെട്ട അബൂവജ്‌സത്ത്. അബൂ ഉമറും മറ്റും കൊണ്ടുവരുന്ന റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിനു ധാരാളം അടിമകളും വസ്ത്രങ്ങളും നബി(സ്വ) നല്‍കിയതായി ഉണ്ട്. ചുരുക്കത്തില്‍, തിരുനബി(സ്വ)ക്ക് മുലകൊടുത്ത സ്ത്രീകള്‍ വഴി മുലകുടിബന്ധത്തിലായി സഹോദരീ സഹോദരന്മാരാകാന്‍ ഭാഗ്യംലഭിച്ചവരാണ് മുകളില്‍ ഉദ്ധരിച്ചവര്‍. അവരുടെ വിശദമായ ചരിത്രവിവരണങ്ങള്‍ ലക്ഷ്യമല്ലാത്തതിനാല്‍ ഇവിടെ കൊണ്ടുവരുന്നില്ല. മുലകുടിബന്ധത്താല്‍ സ്ത്രീകളുമായി വരുന്ന നിയമങ്ങള്‍ പഠിപ്പിക്കല്‍കൂടി മുകളിലെ വിവരണങ്ങളില്‍ ലക്ഷ്യമാണ്. അതുകൊണ്ടാണ് ചില സഹോദരിമാരെ വിവാഹംചെയ്യാന്‍ തിരുനബി(സ്വ)യോട് ആവശ്യപ്പെട്ടപ്പോള്‍ മുലകുടിബന്ധം കാരണം അവര്‍ അനുവദനീയമല്ലെന്നും ഇന്നയിന്ന സ്ത്രീകള്‍ ഞങ്ങള്‍ക്ക് മുലതന്നിട്ടുണ്ടെന്നും നബി(സ്വ) അവരെ പഠിപ്പിക്കാന്‍ കാരണം. അതുപോലെ മുലകുടിബന്ധത്തിലുള്ള സഹോദരിമാരോട് സംസാരിക്കുന്നതും കാണുന്നതും ശൈമയുടെ സംഭവത്തിലൂടെ അനുവദനീയമാണെന്നും തിരുനബി(സ്വ) കാണിച്ചുതരികയാണ്.