Sunni Afkaar Weekly

Pages

Search

Search Previous Issue

നബി(സ്വ)യുടെ പരിശുദ്ധ പൈതൃക പരമ്പര

പി. മുഹമ്മദ് റഹ്മാനി മഞ്ചേരി
 നബി(സ്വ)യുടെ  പരിശുദ്ധ പൈതൃക പരമ്പര

തിരുനബി(സ്വ)യുടെ കുടുംബപരമ്പര പവിത്രമാണെന്ന് വിവരിച്ചപ്പോള്‍ അനുബന്ധമായിവരുന്ന വിശദീകരണമാണ് ആ പരമ്പരയിലെ ഓരോ വ്യക്തികളും ആരാണെന്നത്. മനുഷ്യപിതാവ് ആദം(അ) മുതല്‍ അബ്ദുല്ല വരെയുള്ള ആ പരമ്പരയില്‍ എത്ര പിതാക്കള്‍ വരുന്നുണ്ടെന്നതും മാതാക്കള്‍ വരുന്നുണ്ടെന്നതും ഒരു വിഷയമാണ്. കിലാബിന്റെ മകന്‍ ഖുസ്വയ്യിന്റെ മകന്‍ മനാഫിന്റെ മകന്‍ ഹാശിമിന്റെ മകന്‍ അബ്ദുല്‍ മുത്തലിബിന്റെ മകന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്(സ്വ) എന്ന പരമ്പരയില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. കിലാബിന്റെ മുകളിലേക്കുള്ള പിതാക്കളെ വിവരിക്കുന്നതില്‍ പണ്ഡിതര്‍ അഭിപ്രായവിത്യാസം പറഞ്ഞിരിക്കുന്നു. എന്നാല്‍, ഇരുപത് പിതാക്കളുടെ പേര് സ്വഹീഹുല്‍ ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്; മുഹമ്മദ് നബി(സ്വ)യുടെ പിതാവ് അബ്ദുല്ല, അവരുടെ പിതാവ് അബ്ദുല്‍മുത്ത്വലിബിന്റെ പിതാവ് ഹാശിമിന്റെ പിതാവ് അബ്ദുമനാഫിന്റെ പിതാവ് ഖുസ്വയ്യിന്റെ പിതാവ് കിലാബിന്റെ പിതാവ് മുര്‍റത്തിന്റെ പിതാവ് കഅ്ബിന്റെ പിതാവ് ലുഅയ്യിന്റെ പിതാവ് ഗാലിബിന്റെ പിതാവ് ഫിഹ്‌റിന്റെ പിതാവ് മാലികിന്റെ പിതാവ് അല്‍ നള്‌റിന്റെ പിതാവ് കിനാനിന്റെ പിതാവ് ഖുസൈമന്റെ പിതാവ് മുദ്‌രികന്റെ പിതാവ് ഇല്‍യാസിന്റെ പിതാവ് മുളറിന്റെ പിതാവ് നിസാറിന്റെ പിതാവ് മുഅദ്ദിന്റെ പിതാവ് അദ്‌നാന്‍. (ബുഖാരി: 1398/3). ഇസ്മാഈല്‍(അ)ന്റെ സന്താനങ്ങളില്‍ പെട്ടവരാണ് അദ്‌നാന്‍ എന്നതില്‍ ഭിന്നാഭിപ്രായമില്ല. എന്നാല്‍, അദ്‌നാന്റെയും ഇസ്മാഈല്‍(അ)ന്റെയും ഇടയില്‍ വരുന്ന പിതാക്കള്‍ എത്രയെന്നതില്‍ ഏകാഭിപ്രായമല്ല ഉള്ളത്. ഇതുപോലെ ഇസ്മാഈല്‍(അ)ന്റെ പിതാവ് ഇബ്‌റാഹീം(അ)ന്റെയും ആദം(അ)ന്റെയും ഇടയിലുള്ള പിതാക്കളെ വിവരിക്കുന്നതിലും ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. അദ്‌നാന്‍ എന്നവരുടെയും ഇസ് മാഈല്‍ എന്നവരുടെയും ഇടയില്‍ എട്ടു പേര് വരുന്ന ഇബ്‌നു അബ്ബാസ്(റ)ന്റെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധമാണ് (സുബുലുല്‍ ഹുദ: 280/1). ശറഫുദ്ദീന്‍ ദിംയാത്വി, ഇസ്സുദ്ദീനുബ്‌നു ജമാഅ, അബുല്‍ ഫത്ഹ്, ബദ്‌റുദ്ദീനുല്‍ ഹലബി തുടങ്ങിയവര്‍ ഈ പരമ്പര അവരുടെ ചരിത്രവിവരണങ്ങളില്‍ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. പക്ഷേ, അബ്ബാസ്(റ)വില്‍നിന്നും ഉദ്ദരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ അദ്‌നാനും ഉസ്മാഈലിനുമടയില്‍ മുപ്പതോളം പിതാക്കന്മാരുണ്ട്. അവരുടെ പേര്‍ അറിയപ്പെട്ടിട്ടില്ല’(അല്‍ മവാഹിബ്: 51/1) എന്നുണ്ട്. ചരിത്രപണ്ഡിതനായ ഇബ്‌നു ഇസ്ഹാഖ്, അദ്‌നാന്‍ മുതല്‍ ആദം(അ) വരെയുള്ള പിതാക്കളുടെ പരമ്പര ഉദ്ദരിച്ചിരിക്കുന്നു (ഇബ്‌നു ഹിശാം: 2/1). ഇബ്‌നു ഇസ്ഹാഖിനോട് പിന്തുടര്‍ന്ന് ആദം(അ) വരെ പിതൃപരമ്പര പറഞ്ഞ പല പണ്ഡിതരുമുണ്ട്. എന്നാല്‍, ആ പരമ്പരയിലെ ചില പിതാക്കളുടെ പേരിലും അദ്ദേഹം നേരെ പിതാവാണോ അതോ പിതൃസഹോദരനാണോ എന്നതിലും അഭിപ്രായ വ്യത്യാസം പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിതൃപരമ്പരയുടെ വിവരണത്തില്‍ ഓരോ പിതാവിന്റെയും ചരിത്രം കൊണ്ടുവരുന്ന രീതിയാണ് ചരിത്ര പണ്ഡിര്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍, ഈ പംക്തിയില്‍ സംഗ്രഹിച്ച് വിവരിക്കുന്ന പഠനരീതി അവലംബിച്ച് വരുന്നതായതിനാല്‍ ആദം(അ) വരെയുള്ള ഓരോ പിതാവിനെയും ഇവിടെ വിവരിക്കുന്നില്ല. തിരുനബി(സ്വ)യുടെ നേരെ പിതാവാകാന്‍ ഭാഗ്യം ലഭിച്ചവരാണ് അബ്ദുല്ല എന്നതിനാലും പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബ് പ്രമുഖനും പിതാമഹന്‍മാരില്‍ ചില അത്ഭുത പ്രത്യേകതകള്‍ ഉള്ള അളെന്ന നിലക്കും രണ്ടു പേരെയും കുറിച്ചുള്ള ഹ്രസ്വ ചരിത്രം ഇവിടെ വിവരിക്കാം. മക്കയിലെ ഖുറൈശീ തറവാട്ടിലെ ഹാശിമിന്റെയും മദീനയിലെ ഖസ്‌റജീ ഗോത്രത്തിലെ സല്‍മയുടെയും പുത്രനായി ശൈബ എന്ന അബ്ദുല്‍ മുത്തലിബ് ക്രിസ്താബ്ദം 497ന് മദീനയില്‍ ജനിച്ചു. ശൈശവവും കൗമാരവും മദീനയില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. ജനിച്ചപ്പോള്‍തന്നെ തലയില്‍ കണ്ട വെളുത്ത മുടി കാരണമാണ് നര ബാധിതന്‍ എന്ന അര്‍ത്ഥംവരുന്ന ശൈബ എന്ന പേര് മാതാവ് ഇട്ടതത്രെ. ശൈബ ജനിക്കുന്നതിനു മുമ്പ് തന്നെ പിതാവ് ഹാശിം ഫലസ്തീനിലെ ഗസ്സയില്‍വെച്ച് മരണമടഞ്ഞിരുന്നു. മക്കയിലെ ഭരണാധികാരിയും ഖുറൈശീ തറവാട്ടിലെ പ്രമുഖനുമായിരുന്നു തന്റെ പിതാവെന്നത് ഉമ്മയില്‍നിന്നു കേട്ടാണ് ശൈബ മനസ്സിലാക്കുന്നത്. ഹാശിമിന്റെ മരണശേഷം മക്കയുടെ അധികാരം ഹാശിമിന്റെ ജ്യേഷ്ടസഹോദരന്‍ മുത്തലിബിന്റെ കരങ്ങളിലാണ് വന്നെത്തിയത്. ഹാശിമിന്റെ പ്രാഗത്ഭ്യം കാരണമാണത്രെ ജ്യേഷ്ടന്റെ മുമ്പ് അധികാരം ലഭിച്ചത്. ഒരിക്കല്‍ മദീനയിലെത്തിയ മക്കക്കാരന്‍ ശൈബയുടെ സംസാരം കേട്ട് പരിചയപ്പെട്ടപ്പോഴാണ് ഇതു തങ്ങളുടെ നേതാവായിരുന്ന ഹാശിമിന്റെ പുത്രനാണെന്ന് മനസ്സിലാക്കുന്നത്. നാട്ടിലെത്തിയ ശേഷം മുത്തലിബിനോട് വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മദീനയിലേക്ക് പുറപ്പെടുകയും ഈ ബാലനെ കണ്ടെത്തി കുടുംബത്തോട് താന്‍ ഹാശിമിന്റെ ജ്യേഷ്ടനാണെന്നതടക്കമുള്ള വിവരങ്ങള്‍ കൈമാറുകയും സഹോദരപുത്രനെ തന്റെ കൂടെ അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആദ്യം മാതാവ് വിസമ്മതിച്ചെങ്കിലും നിര്‍ബന്ധംപിടിച്ചപ്പോള്‍ അവരും സമ്മതിച്ചു. നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ മുത്തലിബിന്റെ വാഹനത്തിനു പിറകിലിരിക്കുന്ന ബലനെ കണ്ട് മക്കക്കാര്‍ പറഞ്ഞത്രെ അബ്ദുല്‍ മുത്തലിബ് അഥവാ മുത്തലിബിന്റെ അടിമ. അങ്ങനെയാണ് ശൈബ എന്ന പേരില്‍ നിന്നും അബ്ദുല്‍ മുത്ത്വലിബ് എന്ന പേരിലേക്ക് വിളിമാറുന്നത്. നീണ്ട നൂറ്റി നാല്‍പത് വര്‍ഷം ജീവിച്ച അബ്ദുല്‍ മുത്ത്വലിബ് സദ്‌പേരുമാറ്റവും ഭരണവൈദഗ്ധ്യവും സത്യസന്ധതയും വിശ്വാസ ദാര്‍ഢ്യവും മൂലം ഏവരെയും പ്രശംസ പിടിച്ചുപറ്റി. സംസം കിണര്‍ പുനര്‍ഖനനം നടത്തുക എന്ന മഹത്തായ സേവനത്തിനു ഭാഗ്യംലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. അബ്ദുല്‍ മുത്ത്വലിബിന്റെ സന്താനങ്ങളില്‍ ഏറെ സ്‌നേഹവും വാല്‍സല്യവുമുള്ള സുമുഖനായ മകനായിരുന്നു അബ്ദുല്ല. സംസം കിണറിന്റെ പുനര്‍ഖനനവുമായി ബന്ധപ്പെട്ട് അബ്ദുല്‍ മുത്ത്വലിബ് അറുക്കാന്‍ നീര്‍ച്ചയാക്കിയ കടം വീട്ടാന്‍ നറുക്ക് വീണിരുന്നത് ഈ അബ്ദുല്ലക്കായിരുന്നു. പിന്നീട് അതില്‍നിന്നും പകരം ഒട്ടകം അറുക്കുന്നതിലൂടെ മഹാനെ അല്ലാഹു രക്ഷപ്പെടുത്തി. അതിസുന്ദരനും മുഖത്ത് പ്രശോഭിച്ചു നില്‍ക്കുന്ന ഒരഭൗമിക പ്രകാശ ചൈതന്യം തിളങ്ങിനില്‍ക്കുന്നതും അബ്ദുല്ലയുടെ പ്രത്യേകതയായിരുന്നു. മക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവനായ അബ്ദുല്ലയില്‍ ദീര്‍ഘദൃക്കായ അബ്ദുല്‍ മുത്ത്വലിബ് പലതും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. വേദജ്ഞാനികളില്‍നിന്നും മറ്റും കേട്ടറിഞ്ഞ സത്യദൂതന്‍ പിറക്കാനുള്ളത് അഭൗമ തേജസ്സുള്ള, സദ്ഗുണ സമ്പന്നനായ ഈ പുത്രനിലാകാമെന്ന് അബ്ദുല്‍ മുത്ത്വലിബ് പ്രതീക്ഷിക്കുന്നുണ്ട്. ബനൂ സുഹ്‌റ ഗോത്രത്തിലെ വഹ്ബിന്റെ പുത്രി ആമിനയെയാണ് അബ്ദുല്ല വധുവായി സ്വീകരിച്ചത്. പക്ഷേ, ആ ദാമ്പത്യ വല്ലരി അധികം നീണ്ടുനില്‍ക്കുന്നതായിരുന്നില്ല. ശാമിലേക്ക് പുറപ്പെട്ട വലിയൊരു വ്യാപാരസംഘത്തോടൊപ്പം പോയ അബ്ദുല്ല മടങ്ങിവരുമ്പോള്‍ രോഗിയാവുകയും അതിനെതുടര്‍ന്ന് മദീനയില്‍ ഇഹലോക വാസം വെടിയുകയും ചെയ്തു. ഒരു മാസത്തോളം മദീനയില്‍ രോഗത്തിലായ ശേഷമാണ് അബ്ദുല്ല മരണപ്പെടുന്നത്. അവിടെ അമ്മാവന്മാരുടെ ഉടമസ്ഥതയിലുള്ള ദാറുന്നാബിഗയില്‍ അവര്‍ അബ്ദുല്ലയെ മറമാടുകയും ചെയ്തു. തിരുനബി(സ്വ)യുടെ ജനനത്തിനു കാരണമാകല്‍ മാത്രമായിരുന്നു അബ്ദുല്ലയും ആമിന ബീവിയും തമ്മിലുള്ള വിവാഹമെന്ന് പല മഹത്തുക്കളും വിലയിരുത്തിയിട്ടുണ്ട്.

Other Post