തിരുനബി(സ്വ)യുടെ ജന്മത്തോടനുബന്ധിച്ച അത്ഭുത സംഭവങ്ങള്‍
തിരുനബി(സ്വ)യുടെ ജനനത്തിന്റെ അനുബന്ധമായി അപ്പോഴും മുമ്പും തുടര്‍ന്നും ധാരാളം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രകാശം അനുഭവപ്പെട്ട ഉമ്മയുടെയും മറ്റും വിവരണങ്ങള്‍ പറഞ്ഞപോലെ വേറെയും ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്, സാധാരണ കുട്ടികളില്‍നിന്നു വ്യത്യസ്തമായി ചേലാകര്‍മ്മംചെയ്യപ്പെട്ടവരും പൊക്കിള്‍കൊടി മുറിക്കപ്പെട്ടവരുമായി ജനിച്ചുവെന്നത്. പ്രസവിച്ചു വീണപ്പോള്‍തന്നെ അവിടുത്തെ ചേലാകര്‍മം കഴിഞ്ഞിട്ടുണ്ട്; പൊക്കിള്‍കൊടി മുറിക്കപ്പെട്ടിട്ടുമുണ്ട്. നബി(സ്വ)യില്‍നിന്നും അനസുബ്‌നു മാലിക്(റ) ഉദ്ദരിക്കുന്നു- 'ഞാന്‍ ചേലാകര്‍മം ചെയ്തവരായി ജനിച്ചുവെന്നത് അല്ലാഹു എനിക്കു തന്ന ആദരവാണ്. എന്റെ നഗ്‌നത ഒരാള്‍ക്കും കാണേണ്ടിവന്നിട്ടില്ല.' (അല്‍വഫാ: 97/1). ഇതേ ആശയം ഇമാം ത്വബ്‌റാനിയും അബൂ നുഐമും ഇബ്‌നു അസാകീറും ഉദ്ദരിച്ചിട്ടുണ്ട്. (സുബുലുല്‍ഹുദ: 420/1). തിരുനബി(സ്വ)യുടെ ജനനം ഈ വിധത്തിലാണ് ഉണ്ടായതെന്ന് തീര്‍ത്തു പറഞ്ഞ പല പണ്ഡിതരുമുണ്ട്. കിതാബുല്‍ ജാമിഇല്‍ ഹിശാമുബ്‌നു മുഹമ്മദും മുഹബ്ബിറില്‍ ഇബ്‌നു ഹബീബൂം വിശാഹില്‍ ഇബ്‌നു ദുറൈദും ഇലലു വതല്‍ഖീഹില്‍ ഇബ്‌നു ജൗസിയും ഇതേ വിവരണം കൊണ്ടുവന്ന ചില പണ്ഡിതരാണ്. മാത്രമല്ല, മുസ്തദ്‌റകില്‍ ഹാക്കിം തിരുനബി(സ്വ)യുടെ ജനനം ചേലാകര്‍മം ചെയ്തവരായിട്ടാണെന്നത് മുതവാതിറാണെന്ന് പറഞ്ഞിരിക്കുന്നു. (സുബുലുല്‍ ഹുദ: 420/1). എന്നാല്‍, ഇമാം ദഹബി മുതവാതിറിനെ അംഗീകരിച്ചിട്ടില്ല. മുതവാതിറിന്റെ വിഷയത്തില്‍ അഭിപ്രായഭിന്നത വന്നപ്പോള്‍ പണ്ഡിതര്‍ ആ വിഷയത്തില്‍ വിശദീകരണം നല്‍കുന്നുണ്ട്. അതിങ്ങനെയാണ്: 'തിരുനബി(സ്വ)യുടെ ജനനം നടന്നത് ഉദ്ധൃത രൂപത്തിലാണെന്നത് ഏറെ പ്രസിദ്ധവും പ്രചുരപ്രചാരം സിദ്ധിച്ചതുമാണെന്ന അടിസ്ഥാനത്തില്‍ അനിഷേധ്യമായി സ്ഥിരപ്പെട്ടതാണെന്ന അര്‍ത്ഥത്തില്‍ മുതവാതിറെന്നും എന്നാല്‍ ഹദീസ് നിദാനശാസ്ത്രത്തിലെ ശര്‍ത്തുകള്‍ ഒത്തിട്ടുള്ള മുതവാതിറല്ലെന്നതിനാല്‍ മുതവാതിറല്ലെന്നുമാണ് എതിര്‍ത്തവര്‍ ഉദ്ദേശിക്കുന്നത് എന്നുമാണ് പണ്ഡിതവിശദീകരണം. അഥവാ, ഹദീസ് നിദാന ശാസ്ത്രപ്രകാരമുള്ള നിബന്ധന ഒത്ത മുതവാതിര്‍ എന്നു പറയാവതെല്ലങ്കിലും ഈ സംഭവത്തിന്റെ പ്രചാരവും പ്രസിദ്ധിയും കണക്കിലെടുത്ത് മുതവാതിറിന്റെ ദറജയിലാണെന്ന് പറയുകയുമാവാം എന്ന് വന്നു. അബൂ ബകറത്ത് എന്നിവരില്‍നിന്നും ഖത്വീബ് ഉദ്ദരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ ഹൃദയം പിളര്‍ന്ന അന്ന് ജിബ് രീല്‍(അ) ചേലാകര്‍മ്മവും തിരുനബി(സ്വ)ക്ക് ചെയ്തുകൊടുത്തു എന്ന മൗഖൂഫായ ഹദീസ് സനദ് ഭാഗത്തിലൂടെ സ്വഹീഹല്ലെന്ന് നിരൂപണം വന്നിട്ടുണ്ട്. ഇമാം ദഹബി തന്നെ ഈ ഹദീസിനെ മുന്‍കറായ ഹദീസെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുപോലെ ജനനശേഷമാണ് ചേലാകര്‍മ്മം ഉണ്ടായതെന്ന് ധ്വനിപ്പിക്കുന്ന ഹദീസുകളെ പണ്ഡിതര്‍ വിമര്‍ശനവിധേയമാക്കുകയും അവയുടെ പ്രഭലത ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്. പണ്ഡിതര്‍ക്കിടയില്‍ ചേലാകര്‍മംചെയ്ത സ്ഥിതിയില്‍ ജനനമുണ്ടായെന്ന ഹദീസിലെ ആശയത്തിനാണ് പ്രാമുഖ്യമുള്ളത്. മാനുഷികമായി വരാവുന്ന ഒരു ന്യൂനതയും ഇല്ലാതെയാണ് തിരുജന്മമുണ്ടായിട്ടുള്ളത് എന്നതിനാല്‍ സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന ലിംഗാഗ്രചര്‍മം പിന്നീട് നീക്കംചെയ്യേണ്ടതും മലിനങ്ങളും മറ്റും അതിന്റെ ഉള്ളില്‍ തങ്ങാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ന്യൂനതയായിവരുന്നതിനാലും അതൊരിക്കലും തിരുനബി(സ്വ)ക്ക് യോചിച്ചതെല്ലന്നു പണ്ഡിതര്‍ സമര്‍ത്ഥിച്ചിരിക്കുന്നു. എന്നാല്‍, നെഞ്ച് കീറലും ശുദ്ധിയാക്കലും പിന്നീടാണ് ഉണ്ടായതെന്നത് ഇതിനോട് എതിരല്ല. കാരണം, പൊക്കിള്‍ കൊടിയും ആ ചര്‍മ്മവും മനുഷ്യരില്‍ ബാഹ്യമായി ഉള്ളവയാണ്. നെഞ്ച് പിളര്‍ത്തി ശുദ്ധിയാക്കിയ പില്‍ക്കാല സംഭവം ആന്തരികാവയവത്തെയാണ്. ബാഹ്യമായ കാര്യങ്ങളില്‍ മറ്റൊരാളുടെ സഹായങ്ങളും ഔദാര്യങ്ങള്‍ പോലും സ്വീകരിക്കേണ്ടിവരരുതെന്ന ഔന്നത്യവും കൂടിയുണ്ട് ഇതില്‍. ഇബ്‌നു സഅദ്(റ), ഇബ്‌നു ഇസ്ഹാഖ്(റ)ല്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു- ആമിന ബീബി(റ) പറഞ്ഞു: 'തിരുനബി(സ്വ)യെ ഞാന്‍ പ്രസവിക്കുമ്പോള്‍ പൂര്‍ണ്ണ വൃത്തിയിലായിരുന്നു.' (ത്വബഖാത്ത്). ചുരുക്കത്തില്‍ ജന്മസമയത്ത് തന്നെ പൂര്‍ണതയിലാണ് തിരുനബി(സ്വ) ഉള്ളത്. ചേലാകര്‍മ്മവും പൊക്കിള്‍കൊടി മുറിക്കലുമെല്ലാം കഴിഞ്ഞവരായിട്ടാണ് അവിടുത്തെ ജന്മമുണ്ടായിട്ടുള്ളത്. തിരുജന്മത്തിന്റെ അനുബന്ധമായി ഉണ്ടായ മറ്റൊന്നാണ് ഇബ്‌ലീസിനു തേങ്ങിക്കരയേണ്ടിവന്നു എന്നത്. നാലു പ്രാവശ്യമാണ് ഇബ്‌ലീസിനു തേങ്ങിക്കരയേണ്ടിവന്നതെന്നും ഒന്ന് അവനെ ശപിക്കപ്പെട്ടപ്പോഴും രണ്ട്, ഭൂമിയിലേക്കിറക്കിയപ്പോഴും മൂന്ന്, തിരുനബി(സ്വ)യുടെ ജനനമുണ്ടായപ്പോഴും നാല്, ഫാതിഹ സൂറത്ത് ഇറക്കിയപ്പോഴുമാണെന്ന് സുഹൈലിയും അബൂറബീഉം മറ്റും അല്‍ഹാഫില്‍ ബഖിയ്യി ബ്‌നു മഖ്‌ലദില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (റൗള്: 105/1, ഇക്തിഫാഅ്: 167/1) നബി(സ്വ)യുടെ ജന്മരാത്രി ഇബ്‌ലീസ് തന്റെ അനുയായികളോട് ആ ജനനത്തെ കുറിച്ചു പറയുകയും അനുയായികളുടെ നിര്‍ദേശപ്രകാരം തിരുനബി(സ്വ)യുടെ അടുക്കലേക്ക് പോവുകയും അടുത്ത് എത്തിയപ്പോഴേക്കും ജിബ്‌രീല്‍ (അ) ചവിട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഭവം തിരുനബി(സ്വ)യില്‍ നിന്നും ഇബ്‌നു അബീ ഹാതിം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈ ഹദീസില്‍ നമ്മുടെ കാര്യങ്ങള്‍ നടത്തുന്നതിന് എതിരായ ആളാണ് ജനിച്ചതെന്ന് ഇബ്‌ലീസ് സങ്കടപ്പെടുന്നുണ്ട്. നബി(സ്വ)യുടെ ജനനം ദുഃഖവും വ്യസനവും സങ്കടവുമാണ് ഇബ്‌ലീസിന് ഉണ്ടാക്കിയത്. ഇത് തിരുനബി(സ്വ)യുടെ മാഹാത്മ്യവും വരാനിരിക്കുന്ന പരിവര്‍ത്തനങ്ങളെ കുറിച്ചും ഇബ്‌ലീസ് മനസ്സിലാക്കിയതിനാലാണ്. തൊട്ടിലില്‍ ആയിരിക്കുമ്പോള്‍തന്നെ സംസാരിച്ചു എന്നതും ജനനത്തിന്റെ അനുബന്ധമായി ഉണ്ടായ മറ്റൊരു സംഭവമാണ്. അബ്ബാസ്(റ)നെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ മഹാന്‍ തിരുനബി(സ്വ)യോട് ഇസ്‌ലാം സ്വീകരിക്കാനുള്ള കാരണം പറഞ്ഞത് അങ്ങ് തൊട്ടിലായിരിക്കുമ്പോള്‍ ചന്ദ്രനിലേക്ക് ചൂണ്ടുകയും അതിനോട് കിന്നാരംപറയുകയും ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു എന്നാണ്. ഈ സംഭവം ത്വബ്‌റാനിയും ബൈഹഖിയും ഉദ്ദരിച്ചിട്ടുണ്ട്. ഇബ്‌നു സബ്അ്(റ) ഖസാഇസില്‍ മലക്കുകള്‍ തിരുനബി(സ്വ)ക്ക് തൊട്ടില്‍ ആട്ടിക്കൊടുത്തിരുന്നുവെന്നും ആദ്യമായി തിരുനബി(സ്വ) സംസാരിച്ചത് അല്ലാഹു അക്ബര്‍ കബീറ വല്‍ഹംദുലില്ലാഹി കസീറ എന്നായിരുന്നുവെന്നും ഉദ്ദരിച്ചിട്ടുണ്ട്. (സുബ്‌ലുല്‍ ഹുദ: 423/1). ജനനം നടന്നതോടെ ഇബ്‌ലീസിനും അനുയായികള്‍ക്കും വാനലോകം തടയപ്പെട്ടുവെന്നതും മറ്റൊരു പ്രത്യേകതയാണ്. സുബൈറുബ്‌നു ബക്കാറും ഇബ്‌നു അസാകീറും ഉദ്ദരിക്കുന്ന റിപ്പോര്‍ട്ടില്‍ ഏഴ് ആകാശങ്ങളിലേക്കും എത്തിപ്പെടാനും അവിടങ്ങളിലെ ചര്‍ച്ചകള്‍ കട്ടുകേള്‍ക്കാനും ഇബ്‌ലീസിനു സാധിച്ചിരുന്നുവെന്നും ഈസാ(അ)ന്റെ ജനനത്തോടെ മൂന്ന് ആകാശം തടയപ്പെട്ടുവെന്നും പിന്നീട് തിരുനബി(സ്വ)യുടെ ജനനത്തോടെ ഏഴ് ആകാശവും തടയപ്പെട്ടുവെന്നും പറയുന്നുണ്ട്. ആകാശലോകത്ത് നടക്കുന്ന മലക്കുകളുടെ ചര്‍ച്ചകള്‍ കട്ടുകേട്ട് തങ്ങളുടെ ആരാധകരിലേക്ക് ആ വിവരം കൈമാറിയിരുന്ന ഇബ്‌ലീസിന്റെ പ്രവര്‍ത്തനത്തെ ഹദീസുകളില്‍ ധാരാളം വിവരണമുണ്ട്. പിന്നീട് തിരുജന്മത്തോടെ പൂര്‍ണ്ണമായും വാനലോകത്തെ തൊട്ട് ഇബ്‌ലീസിനെ തടയപ്പെട്ടു വെന്നും ഹദീസിലുണ്ട്.