Sunni Afkaar Weekly

Pages

Search

Search Previous Issue

അല്ലാഹു നല്‍കിയ ആദരവും മഹത്വവും

പി. മുഹമ്മദ് റഹ്മാനി മഞ്ചേരി
 അല്ലാഹു നല്‍കിയ  ആദരവും മഹത്വവും

മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു സൃഷ്ടി ലോകത്ത് ഏറ്റവുംവലിയ ആദരവാണു നല്‍കിയിട്ടുള്ളത്. അവിടുത്തോടുള്ള മാഹാത്മ്യത്തിന്റെയും ആദരവിന്റെയും പ്രകടനങ്ങള്‍ അല്ലാഹു പലവിധത്തില്‍ ലോകത്തിന് അറിയിച്ചുകൊടുത്തിട്ടുണ്ട്. അവയെത്രയും സൃഷ്ടികളില്‍ തിരുനബി(സ്വ)യോട് ഉണ്ടാവേണ്ട ബഹുമാനവും സ്‌നേഹവും വര്‍ധിക്കാനും മുഹമ്മദ് നബി(സ്വ)യെ അംഗീകരിക്കാനും വിശ്വസിക്കാനും കൂടുതല്‍ പ്രചോദനമുണ്ടാക്കാന്‍ കാരണമാകും. അല്ലാഹുവിന്റെ പരിശുദ്ധമായ നാമങ്ങള്‍ എഴുതിയ ഉന്നതങ്ങളില്‍ മുഹമ്മദ് നബി(സ്വ)യുടെ പേര് പ്രത്യേക പരിഗണയോടെ രേഖപ്പെടുത്തിയത് ആ ആദരവിന്റെ ഭാഗമാണ്. പരിശുദ്ധ പേരുകളുടെ കൂടെ രണ്ടാമതൊരു പേര് തിരുനബി(സ്വ)യുടേതല്ലാതെ മറ്റൊരാളുടേതുമിെല്ലന്നതു ശ്രദ്ധേയമാണ്. അര്‍ശിലും മലക്കൂത്ത് ലോകത്തും അല്ലാഹുവിന്റെ പേര് കൊത്തിവെച്ചതിന്റെ തൊട്ടടുത്താണ് തിരുനബി(സ്വ)യുടെ പേരുള്ളതെന്ന് ധാരാളം വിവരണങ്ങളില്‍ വന്നിട്ടുണ്ട്. അര്‍ശില്‍ തിരുനബി(സ്വ)യുടേതല്ലാത്ത മറ്റൊരാളുടെ പേരും അല്ലാഹുവിന്റെ പേരിന്റെ കൂടെ ഇെല്ലന്ന് അല്ലാമ ഖാലിദുബ്‌നു മഹ്മൂദ്(റ) ഉദ്ധരിക്കുന്നുണ്ട്. ആദംനബി(അ) സ്വര്‍ഗത്തില്‍നിന്നും വിലക്കിയ പഴം ഭക്ഷിച്ചതുമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന കൂട്ടത്തില്‍ മുഹമ്മദ് നബി(സ്വ)യുടെ ഹഖ് കൊണ്ട് പാപമോചനം തേടിയ വിവരണം ഹാക്കിമും ത്വബ്‌റാനിയും ഇബ്‌നുഉമര്‍(റ)നിന്ന് ഉദ്ധരിക്കുന്നുണ്ട്. ആ ഹദീസില്‍ താങ്കള്‍ക്ക് മുഹമ്മദ് നബി(സ്വ)യുടെ ഹഖ് കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ എങ്ങനെയാണ് മുഹമ്മദിനെ അറിഞ്ഞതെന്ന അല്ലാഹുവിന്റെ ചോദ്യത്തിന് എന്നെ സൃഷ്ടിച്ച ശേഷം ഞാന്‍ തല ഉയര്‍ത്തിയപ്പോള്‍ അര്‍ശിന്റെ തൂണില്‍ ആദ്യം കാണുന്നത് നിന്റെ പേരിന്റെ കൂടെ മുഹമ്മദ് റസൂലുല്ല എന്നാണ്. നീ പരിഗണിക്കുന്ന ഒരാളെയല്ലാതെ അവിടെ എഴുതില്ലല്ലോ എന്ന് ആദം പറഞ്ഞതായും ഹദീസില്‍ വന്നിട്ടുണ്ട്. ആദം നബി(അ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ മുഹമ്മദ് നബി(സ്വ)യെ തവസ്സുലാക്കിയതും തിരുമേനി(സ്വ)യുടെ പേര് അര്‍ശിന്റെ തൂണില്‍നിന്നു ലഭിച്ചതും വിവരിക്കുന്ന റിപ്പോര്‍ട്ട് അല്‍വഫ(വാള്യം: 1, പേ: 33)യിലും സീറത്തു ഇബ്‌നുകസീറി (വാള്യം: 1, പേ: 329)ലും എടുത്തുദ്ധരിക്കുന്നുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ നാമം തവസ്സുലാക്കിയതിലൂടെ അല്ലാഹു ആദം നബി(അ)ന് വിടുതി നല്‍കിയതിലും തിരുനബി(സ്വ)യുടെ മാഹാത്മ്യമം പഠിപ്പിക്കലുണ്ടെന്ന് യൂസുഫു ശാമി പറയുന്നു (സുബുലുല്‍ ഹുദ, വാള്യം: 1, പേ: 103). ഇബ്‌നു അബീ ആസിം (മ: 287) മുസ്‌നദിലും അബൂ നുഐം അനസ്(റ)വില്‍ നിന്നും ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടില്‍ അല്ലാഹു മൂസാനബി(അ)നോട് പറയുന്നുണ്ട് - ഓ മൂസാ! മുഹമ്മദ് നബി(സ്വ)യെ നിഷേധിക്കുന്നതായി ഒരാള്‍ എന്നെ കണ്ടുമുട്ടിയാല്‍ ഞാനവനെ നരകത്തില്‍ പ്രവേശിപ്പിക്കും. മൂസാനബി(അ) ചോദിച്ചു: 'ആരാണ് മുഹമ്മദ്.' അല്ലാഹു മറുപടി പറഞ്ഞു: 'എന്റെ ഇസ്സത്തിനെയും ജലാലിയ്യത്തിനെയും തന്നെയാണു സത്യം, മുഹമ്മദിനെക്കാള്‍ ആദരവുള്ള ഒരു സൃഷ്ടിയെയും ഞാന്‍ പടച്ചിട്ടില്ല. ആകാശത്തെയും ഭൂമിയെയും സൂര്യ ചന്ദ്രനെയും പടക്കുന്നതിന്റെ രണ്ടായിരം വര്‍ഷം മുമ്പ് അര്‍ശില്‍ എന്റെ പേരിന്റെ കൂടെ ആ പേര് ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.' (ഖസാഇസുല്‍ ഖുബ്‌റ, വാള്യം: 1, പേ: 33). ആദം നബി(അ) അല്ലാഹുവിന്റെ വിലക്കിനെതിരായി കനി ഭക്ഷിച്ച, മുമ്പ് ഉദ്ധരിച്ച ഹദീസിന്റെ മറ്റൊരു റിപ്പോര്‍ട്ട് അലി(റ)വില്‍നിന്ന് ഇബ്‌നു മുന്ദിര്‍(റ) ഉദ്ധരിക്കുന്നുണ്ട്. അതില്‍ ജിബ്‌രീല്‍(അ) ഈ പ്രാര്‍ത്ഥന പ്രത്യേകം പഠിപ്പിച്ചതും ആദംനബി(അ) മുഹമ്മദ് നബിയുടെ പേരിനെ കുറിച്ച് നേരത്തെ പറഞ്ഞ മറുപടിയും വ്യക്തമാക്കുന്നുണ്ട്. ആദം സന്തതികള്‍ക്കിടയില്‍ ഉണ്ടായ ഒരു തര്‍ക്കം ഇബ്‌നുഅബിദുന്‍യാ സഈദുബ്‌നു ജുബൈര്‍(റ)ല്‍നിന്നും ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ടര്‍ ആരാണെന്ന അവരുടെ തര്‍ക്കത്തില്‍ ചിലര്‍ പറഞ്ഞു- ആദമാണ് ഏറ്റവും ശ്രേഷ്ടര്‍. കാരണം അല്ലാഹു നേരിട്ട് പടച്ചവരാണല്ലോ. മറ്റുചിലര്‍ പറഞ്ഞു മലക്കുകളാണ് ഏറ്റവും ശ്രേഷ്ടര്‍, അവര്‍ തെറ്റുകള്‍ വരാത്തവരാണല്ലോ.’അവസാനം, അവര്‍ ആദമിനോട് ഈ വിഷയം അവതരിപ്പിച്ചു. അപ്പോള്‍ ആദംനബി(അ) പറഞ്ഞു: 'എന്നില്‍ റൂഹ് ഊതിയ ഉടനെ ഞാന്‍ അര്‍ശിലേക്ക് തലയുയര്‍ത്തിയപ്പോള്‍ അതിന്റെ തൂണില്‍ മുഹമ്മദ് റസൂലുല്ലാഹ് എന്നാണ് ആദ്യം കാണുന്നത്. അതുകൊണ്ട് ഏറ്റവും ഉന്നതരായ സൃഷ്ടി മുഹമ്മദ് നബി(സ്വ)യാണ്.' അഥവാ, മുഹമ്മദ് നബി(സ്വ)ക്കുള്ള ശ്രേഷ്ടത സര്‍വ്വാത്മനാ അംഗീകരിക്കേണ്ടിവരുന്ന വിധത്തില്‍ അല്ലാഹു അതിനുള്ള സംവിധാനങ്ങള്‍ പ്രപഞ്ചാരംഭം മുതല്‍ ചെയ്തിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഇലകളിലും വാതിലുകളിലും ഖുബ്ബകളിലും എന്റെ പേര് അല്ലാഹു രേഖപ്പെടുത്തുകയും ആദമിനെ ശൈത്വാന്‍ വഞ്ചിച്ചപ്പോള്‍ എന്റെ പേരുകൊണ്ടാണ് ശഫാഅത്ത് തേടിയതെന്നും നബി(സ്വ) പറഞ്ഞതായി മൈസറത്തില്‍നിന്നും ഇബ്‌നു ജൗസി ഉദ്ധരിക്കുന്ന വിവരണം അല്‍വഫയുടെ 33ാം പേജിലുണ്ട്. നോക്കുന്നിടത്തെല്ലാം ഒരാളെ കാണാന്‍ കഴിയുക എന്നുള്ളത് അയാളെ ഓര്‍ത്തുകൊണ്ടേയിരിക്കാന്‍ പ്രേരണയാണ്. ഇന്ത്യയുമായുണ്ടായ ഒരു യുദ്ധവേളയില്‍ ഇവിടത്തെ ഒരു ചുവന്ന പുഷ്പത്തിന്റെ ഇലയില്‍ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് എന്ന് രേഖപ്പെടുത്തിയത് കണ്ടതായി ആബൂ വാഇലില്‍നിന്നും ഇബ്‌നു അബി ദുന്‍യാ വിവരിക്കുന്നുണ്ട്. ആദം നബി(അ) ശീസ് നബി(അ) നോട് തഖ്‌വയോടെ ജീവിക്കാനും അല്ലാഹുവിന്റെ പേര് പറയുന്നിടത്തെല്ലാം മുഹമ്മദ് നബി(സ്വ)യുടെ പേരു പറയാനും നിര്‍ദ്ദേശിക്കുന്നുണ്ട്. മഹാന്‍ അതിനുള്ള കാരണം പറഞ്ഞത്, എന്നെ പടച്ച് സ്വര്‍ഗലോകത്തു ഞാന്‍ വസിക്കുമ്പോള്‍ അവിടുത്തെ റൂമുകളിലും കൊട്ടാരങ്ങളിലുമെല്ലാം എഴുതപ്പെട്ട പേരാണ് മുഹമ്മദ് എന്നാണ്. ആകാശങ്ങളില്‍ ഞാന്‍ ചുറ്റിയപ്പോഴും ആ പേര് എല്ലായിടത്തും എഴുതിയതായി എനിക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍, അല്ലാഹുവിന്റെ പേരിന്റെ കൂടെ മുഹമ്മദ് നബി(സ്വ)യുടെ പേര് കൂടി പറയണമെന്ന് ആദം(അ) മകന്‍ ശീസ് നബി(അ)നെ പഠിപ്പിക്കുകയാണ്. മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു നല്‍കുന്ന ആദരവില്‍, അവിടുത്തെ പേരിനെ സ്വന്തം പേരിന്റെ കൂടെ എഴുതി എന്നതു മാത്രം മതിയാകും ആ ആദരവ് മനസ്സിലാക്കാന്‍. ഇബ്‌നു അസാകീര്‍ താരീഖ് ദിമശ്കിലും അബുല്‍ ഹുസൈന്‍ അലി(റ) ഇന്ത്യയില്‍ മുഹമ്മദ് എന്ന പേര് എഴുതിയ പുഷ്പ്പം കണ്ടത് വിവരിച്ചിരിക്കുന്നു. ഇതേ രൂപത്തില്‍ പലയിടത്തും തിരുനബി(സ്വ)യുടെ പേര് രേഖപ്പെടുത്തിയവരികള്‍ കാണാനിടയായ പല സംഭവങ്ങളും വന്നിട്ടുണ്ട്. മസാലികുല്‍ അബ്‌സാറില്‍ ഇബ്‌നു സഈദും ഖുറാസാനിന്‍ ഇതേപോലെ ഒരു സംഭവം ഉണ്ടായത് സംവാത്വിയെ തൊട്ട് ഖാളിയും ഇന്ത്യയിലൊരിടത്ത് ഉണ്ടായ അനുഭവം റൗളു റയ്യാഹീനില്‍ അബ്ദുല്ലാഹില്‍ യാഫിഈ(റ)വും കൊണ്ടുവരുന്നുണ്ട്. ഇതെല്ലാം അല്ലാഹു അവന്റെ ഏറ്റവും ആദരവായ സൃഷ്ടിയെ എല്ലായിടത്തും പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതും ആ സൃഷ്ടിയോട് ആദരവും ബഹുമാനവും മറ്റുള്ളവരില്‍ ഉണ്ടാക്കിയെടുക്കാനുമായി ചെയ്യുന്നതാണ്.

Other Post