Sunni Afkaar Weekly

Pages

Search

Search Previous Issue

പ്രഥമ സൃഷ്ടി

പി. മുഹമ്മദ് റഹ്മാനി മഞ്ചേരി
 പ്രഥമ സൃഷ്ടി

ഇബ്‌റാഹീമുബ്‌നു യഅ്ഖൂബു സഅദി (മരണം- ഹി. 259) തന്റെ താരീഖിലും ഇബ്‌നു അബീ ഹാതം തഫ്‌സീറിലും അബൂഹുറൈറ(റ)വില്‍നിന്നും ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ്വ) പറയുന്നു: ഞാന്‍ സൃഷ്ടിപ്പാല്‍ പ്രഥമരും നിയോഗത്താല്‍ അവസാനത്തവരുമാണ്(ഖസാഇസുല്‍ ഖുബ്‌റ, പേ: 9, വാള്യം: 1). ഇതേ ആശയം ഇബ്‌നു ഇസ്ഹാഖ് ഖതാദയില്‍നിന്നും ഇബ്‌നുകസീര്‍ അബൂ നുഐമില്‍നിന്നും ദലാഇലുല്‍ നുബുവ്വയില്‍ ഉദ്ധരിക്കുന്നുണ്ട്. (സുബുലുല്‍ഹുദാ വറശാദ്, പേജ്: 89, വാള്യം: 1). തിരുനബി(സ്വ)ക്ക് അല്ലാഹു നല്‍കിയ മഹത്വങ്ങളില്‍ ഒന്നാണ് സൃഷ്ടിപ്പില്‍ പ്രഥമരാക്കി എന്നത്. തിരുനബി(സ്വ)യെ സൃഷ്ടിക്കുന്നതുപോലും ആദരവിലും ബഹുമാനത്തിലും പ്രത്യേക പരിഗണനയിലുമാണെന്നു ബോധ്യപ്പെടുത്താന്‍ മലക്കുകള്‍ക്ക് പ്രത്യേകം പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയ വിവരണം അബൂസഈദു നൈസാബൂരി (വഫാത്ത് ഹിജ്‌റ: 307) ശറഫ് എന്ന കിതാബിലും ഇബ്‌നു ജൗസി അല്‍ വഫാ എന്ന കിതാബിലും കൊണ്ടുവന്നിട്ടുണ്ട്. അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ജിബ്‌രീല്‍(അ) ഭൂമിയുടെ മധ്യഭാഗത്തുനിന്ന് മണ്ണെടുത്തതും ഫിര്‍ദൗസിലെയും റഫീഖുല്‍ അഅ്‌ലയിലെയും മലക്കുകളുടെ അടുക്കല്‍ ചെന്നതും ഇന്ന് തിരുനബി(സ്വ) അന്ത്യവിശ്രമംകൊള്ളുന്ന ഇടത്തുനിന്നാണ് ആ മണ്ണെടുത്തതെന്നും അപ്പോളത് പ്രഭാപൂരിതമായിരുന്നുവെന്നും വെളുവെളുത്ത് മുത്ത് പോലെ പ്രകാശമുറ്റിയ അതുമായി മലക്കുകള്‍ അര്‍ശ്, കുര്‍സിയ്യ്, ആകാശങ്ങളും ഭൂമിയും വലയംചെയ്തുവെന്നും തുടങ്ങിയ സംഭവങ്ങള്‍ കഅ്ബുല്‍ അഹ്ബാറില്‍നിന്നും ഉദ്ധരിക്കുന്നുണ്ട്. ഈ ഹദീസിനെ നിരൂപണം ചെയ്തവരുണ്ടെങ്കിലും ഇത് സ്വന്തം അഭിപ്രായത്താല്‍ പറയാന്‍ കഴിയാത്തതാണെന്നും തിരുനബി(സ്വ)യില്‍നിന്നു തന്നെ ലഭിച്ചതാകാന്‍ സാധ്യതയുള്ളതാണെന്നും, മാത്രമല്ല, നിരൂപിച്ചവര്‍ സനദ് ഭാഗത്തിലൂടെ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ഈ ആശയത്തിനു സ്വീകാര്യമായ വേറെയും ഉദ്ധരണികളാല്‍ പ്രഭലത ലഭിക്കുന്നുണ്ടെന്നും സുര്‍കാനി ശര്‍ഹുല്‍ മവാഹിബില്‍ (പേ: 34, വാള്യം: 1) വിശദമാക്കുന്നുണ്ട്. ആദം(അ) മിനെ സൃഷ്ടിക്കുന്നതിന്റെയും രണ്ടായിരം വര്‍ഷം മുമ്പ് അല്ലാഹുവിന്റെ മുമ്പില്‍ ഞാന്‍ പ്രകാശമായിരുന്നുവെന്നും ആ പ്രകാശം തസ്ബീഹ് ചൊല്ലുകയും അതു കേട്ട് മലക്കുകള്‍ തസ്ബീഹ് ചൊല്ലുകയും ചെയ്തിരുന്നു വെന്ന് അല്‍ ഹാഫില്‍ അല്‍ അദനി ഇബ്‌നു അബ്ബാസ്(റ)നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഖാളി ഇയാള് അശിഫ(പേ: 63)യിലും സുയൂഥി ഇമാം അല്‍ഖസാഇസുല്‍ കുബ്‌റ(പേ: 96, വാള്യം:1)യിലും വിവരിക്കുന്നുണ്ട്. തിരുനബി(സ്വ)യുടെ സൃഷ്ടിപ്പിന്റെ ആദ്യഗണം സംബന്ധിച്ച ചര്‍ച്ചയാണ് ഇവിടെ. എന്നാല്‍, ഈ ചര്‍ച്ചയില്‍ തിരുജന്മത്തിന്റെ പ്രത്യക്ഷപ്പെടല്‍ ആണോ അതല്ല, അല്ലാഹുവിന്റെ തീരുമാനമുണ്ടായതിനെ കുറിച്ച അറിയിപ്പാണോ ഇതെന്ന അന്വേഷണം പണ്ഡിതര്‍ക്കിടയില്‍ നടക്കുന്നുണ്ട്. ഇമാം ഗസ്സാലി(റ) അല്ലാഹുവിന്റെ തീരുമാനവും കണക്കാക്കലും ഉണ്ടാവലിനെ പരാമര്‍ശിക്കാനാണ് ഇതെന്ന് പറഞ്ഞെങ്കിലും അതിനെ ശക്തമായി എതിര്‍ക്കുകയും ഉണ്ടാവല്‍ എന്ന അര്‍ത്ഥത്തില്‍തന്നെയാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളതും ആ അര്‍ത്ഥത്തിലാണ് മുകളിലെ എല്ലാ ഹദീസുകളുമെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് ഇമാം സുബുകി(റ). ചുരുക്കത്തില്‍, തിരുനബി(സ്വ)യുടെ സൃഷ്ടിപ്പാണ് ആദ്യമുണ്ടാവുന്നതെന്ന് ഉദ്ദൃത ഹദീസുകള്‍ പഠിപ്പിക്കുന്നു. അഥവാ, പ്രഥമ സൃഷ്ടി മുഹമ്മദ് നബി(സ്വ)യാണ്. ആദം(അ)നെ അറിയുന്നതിനു മുമ്പ് മുഹമ്മദ് നബി(സ്വ)യെ അറിയാന്‍ മലക്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഇബ്‌നുല്‍ജൗസി അല്‍വഫ (പേ: 34 ,വാള്യം:1)യില്‍ പറഞ്ഞത് ഇതിനാല്‍ ശരിയായ വിവരണമാണെന്ന് മനസ്സിലാക്കാം. തിരുനബി(സ്വ)യുടെ സൃഷ്ടിപ്പ് പ്രഥമമാണെന്നപോലെ ലോകത്തുള്ള സകല സൃഷ്ടികള്‍ക്കും കാരണവരും തിരുനബി(സ്വ)യാണ്. ലോകത്തിന്റെ സൃഷ്ടിപ്പിന് ഹേതു മുഹമ്മദ് നബി(സ്വ)യാണെന്ന് വ്യക്തമാക്കുന്ന ധാരാളം ഹദീസുകളുണ്ട്. ഇബ്‌നു അബ്ബാസ്(റ) ഉദ്ദരിക്കുന്നു- ഈസാനബി(അ)ലേക്ക് അല്ലാഹു വഹ്‌യ് അറിയിച്ചു: 'താങ്കള്‍ മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിക്കുകയും നിങ്ങളുടെ സമുദായത്തോട് വിശ്വസിക്കാന്‍ കല്‍പ്പിക്കുകയും ചെയ്യുക. മുഹമ്മദ് നബി(സ്വ) ഇല്ലായിരുന്നുവെങ്കില്‍ ആദംനബി(അ)നെയോ സ്വര്‍ഗത്തെയോ നരഗത്തെയോ ഞാന്‍ സൃഷ്ടിക്കുമായിരുന്നില്ല. വെള്ളത്തിന്റെ മുകളില്‍ അര്‍ശിനെ സൃഷ്ടിച്ചപ്പോഴുണ്ടായിരുന്ന പിടക്കല്‍, അതിന്റെമേല്‍ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ല എന്നെഴുതിയപ്പോഴാണ് നിശ്ചലമായത്.' (സുബുലുല്‍ഹുദ, പേ: 94, വാള്യം: 1). ഇതുപോലെയൊരു പരിഗണന മലക്കുകള്‍ക്കോ അമ്പിയാക്കള്‍ക്കോ ഇല്ലെന്ന് ഇമാം ജമാലുദ്ദീന്‍ മഹ്മൂദ് ഉദ്ദരിക്കുന്നുണ്ട്. അഥവാ, പ്രഥമമാണെന്നതോടൊപ്പം സൃഷ്ടിലോകത്തിന്റെ തന്നെ കാരണക്കാരാവുന്ന മഹത്വം തിരുനബി(സ്വ)ക്കുണ്ടെന്ന് ഹദീസ് വ്യക്തമാക്കുന്നു. ഇമാം ദൈലമി അവിടുത്തെ മുസ്‌നദില്‍ ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്നും ഉദ്ദരിക്കുന്നു- നബി(സ്വ) പറഞ്ഞു: ഒരിക്കല്‍ ജിബ്‌രീല്‍(അ) എന്റെ അടുക്കല്‍ വന്നപ്പോള്‍ പറഞ്ഞു- ഓ മുഹമ്മദേ, നിങ്ങളില്ലായിരുന്നുവെങ്കില്‍ സ്വര്‍ഗമോ നരഗമോ ഞാന്‍ പടക്കില്ലായിരുന്നുവെന്ന് അല്ലാഹു പറയുന്നുണ്ട്. ഉദ്ദൃത ഹദീസില്‍ സ്വര്‍ഗ-നരഗ സൃഷ്ടിപ്പാണ് പറഞ്ഞിട്ടുള്ളതെങ്കില്‍ പ്രപഞ്ചലോകംതന്നെ സൃഷ്ടിക്കാന്‍ തിരുനബി(സ്വ)യാണ് കാരണമെന്നു വ്യക്തമാക്കുന്ന ഹദീസ് ഇബ്‌നു അസാക്കിര്‍ ഉദ്ദരിക്കുന്നുണ്ട്- സല്‍മാന്‍(റ) പറയുന്നു: ജിബ്‌രീല്‍(അ) നബി(സ്വ)യുടെ അടുക്കല്‍ ഇറങ്ങിവരികയും നിങ്ങളില്ലായിരുന്നുവെങ്കില്‍ പ്രപഞ്ചലോകത്തെ തന്നെ ഞാന്‍ സൃഷ്ടിക്കുമായിരുന്നില്ല എന്ന് അല്ലാഹു പറഞ്ഞതായി അറിയിക്കുകയും ചെയ്തു. ഇതേ ആശയത്തെ ഒന്നുകൂടെ ദൃഢീകരിക്കുന്ന ഖുദ്‌സിയ്യായ ഹദീസ് ബുല്‍ഖൈനി(റ), അലി(റ)യില്‍നിന്ന് ഉദ്ദരിക്കുന്നുണ്ട്. പ്രപഞ്ചലോകത്തെ ഓരോ സൃഷ്ടിയെയും പ്രത്യേകമെടുത്ത് അവയുടെ മുഴുവനും കാരണം തിരുനബി(സ്വ)യാണെന്നു വ്യക്തമാക്കുന്ന മറ്റൊരു വചനം അലി(റ)യില്‍നിന്നും ഉദ്ദരിച്ചത് കാണാന്‍ കഴിയും. ഇമാം ബുല്‍ഖൈനിയുടെ ഫതാവയിലും ഇബ്‌നുസബ്ഇന്റെ ശിഫാഉ സുദൂറിലും ആകാശം, സ്വര്‍ഗം, നരകം തുടങ്ങി സൃഷ്ടികളെ എടുത്തുപറഞ്ഞ് അവയുടെ മുഴുവനും കാരണം തിരുനബി(സ്വ)യാണെന്ന് വിശദീകരിക്കുന്നുണ്ട്. ചുരുക്കത്തില്‍, പ്രഥമമെന്നതോടൊപ്പം സൃഷ്ടിലോകത്തിന്റെ ഉത്ഭവത്തിനു കാരണംകൂടി തിരുനബി(സ്വ)യാണ്. അവിടുത്തെ മഹത്വവും സ്ഥാനവും സൃഷ്ടിലോകത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ള ഓരോ സൃഷ്ടിയും വകവെച്ചുകൊടുക്കാന്‍ ഇതിലൂടെ ബാധ്യതപ്പെട്ടവരാണെന്ന് ബോധ്യമാകുന്നു. . . . പ്രാമാണികമായ മുന്നൂറിലേറെ ഗ്രന്ഥങ്ങളെ അവലംബിച്ച് തിരുനബി(സ്വ)യുടെ ജീവിതത്തിന്റെ സമഗ്ര വിശകലനമാണ് സുബുലുല്‍ഹുദ വറശാദ്.

Other Post