പരിശുദ്ധ കുടുംബപരമ്പര
തിരുനബി(സ്വ)യുടെ ജനനത്തിനായി അല്ലാഹു തിരഞ്ഞെടുത്ത മാതൃ, പിതൃ പരമ്പര ഏറ്റവും പരിശുദ്ധമായവയെയാണ്. ജനിച്ച ഗോത്രത്തിന്റെയും സമൂഹത്തിന്റെയും മഹത്വത്തിനാല്‍തന്നെ അവിടുത്തെ കുടുംബ പരമ്പരയുടെ പവിത്രത വ്യക്തമാകുമെങ്കിലും പരിശുദ്ധിയുടെ പൂര്‍ണത നിറഞ്ഞു നില്‍കുന്ന കുടുംബ പരമ്പരയെ കൂടി ചര്‍ച്ചചെയ്യല്‍ അനിവാര്യമാണ്. തിരുനബി(സ്വ)യുടെ കുടുംബ പരമ്പരയുടെ പരിശുദ്ധിയില്‍ അക്കാലത്തെ ശത്രുക്കള്‍പോലും സംശയം പ്രകടിപ്പിച്ചില്ലെന്നതുതന്നെ അവര്‍ തിരുകുടുംബത്തെ മനസ്സിലാക്കിയതിന് തെളിവാണ്. റോം രാജാവ് ഹിര്‍ക്കലിന്റെ കൊട്ടാരത്തില്‍ അബൂസുഫ്‌യാനുമായി ഉണ്ടായ സംഭാഷണത്തില്‍ ഈ യാഥാര്‍ത്ഥ്യം അദ്ദേഹം സമ്മതിക്കുന്നുണ്ടല്ലോ. (സുബുലുല്‍ഹുദ: 275) രിസാലത്തിനെ അല്ലാഹു ഏല്‍പ്പിക്കാന്‍ തിരഞ്ഞെടുക്കാറുള്ളത് പവിത്ര പരമ്പരയിലൂടെ വന്നവരെ മാത്രമാണ്. വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് അന്‍ആമിന്റെ 124ാം ആയത്തില്‍ ഈ വസ്തുത അല്ലാഹു എടുത്തുപറയുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ശുഅറാഇന്റെ 219ാം ആയത്തായ സുജൂദുകളില്‍ നിങ്ങളുടെ മറിയല്‍ എന്നതിന്ന് ഇബ്‌നു അബ്ബാസ്(റ) നിന്നും ഇക്‌രിമ(റ) ഉദ്ദരിക്കുന്ന വ്യാഖ്യാനത്തില്‍ ഇങ്ങനെയുണ്ട്: 'നബിയുടെ മുതുകില്‍ നിന്നും നബിയുടെ മുതുകിലേക്കായി അങ്ങ് പ്രവാചകരാവുന്നതുവരെ എത്തി.'’(ബസ്സാര്‍, ത്വബ്‌റാനി) ഇതേ ആയത്തിന്റെ വ്യാഖ്യാനത്തില്‍ അത്വാഅ്(റ) വിവരിക്കുന്നു: 'മുഹമ്മദ് നബി(സ്വ) പ്രവാചകന്മാരില്‍ നിന്നും പ്രവാചകരിലേക്ക് ഉമ്മ പ്രസവിക്കുന്നതുവരെ മാറിക്കൊണ്ടിരിക്കുകയായിരുന്നു.' (അബൂ നുഐം). ഇമാം ബുഖാരി(റ) സ്വഹീഹുല്‍ബുഖാരിയില്‍ ഏറ്റവും ഉത്തമമായ കുടുംബ പരമ്പരയിലൂടെയാണ് എന്റെ ജന്മം എന്ന് വിവരിക്കുന്ന ഹദീസ് സ്വിഫത്തുനബി(സ്വ) എന്ന അധ്യായത്തില്‍ കൊണ്ടുവരുന്നുണ്ട്. ആദം(അ) മുതല്‍ തലമുറ തലമുറയായി മനുഷ്യപരമ്പര വികസിച്ചുവരികയും ഓരോ തലമുറയും ഗോത്രങ്ങളായി മാറുകയും ചെയ്തപ്പോഴെല്ലാം അതില്‍ ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയാണ് അല്ലാഹു തിരുനബി(സ്വ)യെ സംരക്ഷിച്ചുകൊണ്ടുപോന്നത്. ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു- നബി(സ്വ) പറഞ്ഞു: 'അറബികളില്‍ ഉത്തമര്‍ മുളറാണ്. മുളറില്‍ നിന്നും അബ്ദുമനാഫാണ്. അവരില്‍ നിന്നും ഉത്തമര്‍ ബനൂ ഹാശിമാണ്. അവരില്‍നിന്നും ബനൂ അബ്ദുമനാഫും. അല്ലാഹുവിനെ തന്നെ, ആദം (അ) മുതല്‍ തലമുറകള്‍ മാറിവന്നപ്പോഴെല്ലാം ഏറ്റവും ഉത്തമരിലാണ് എന്നെ അല്ലാഹു നിയോഗിച്ചത്. (അബൂനുഐം) കിഴക്കുപടിഞ്ഞാറിന്റെ ഇടയില്‍ മുഹമ്മദ്(സ്വ)യെക്കാളും അവിടുത്തെ കുടുംബമാകുന്ന ബനൂഹാശിമിനെക്കാളും ശ്രേഷ്ഠമായ ആരെയും ഞാന്‍ എത്തിച്ചിട്ടില്ല എന്ന് ജിബ്‌രീല്‍(അ) പറഞ്ഞതായ ഹദീസ് തിരുനബി(സ്വ) നിന്നും ആഇശ(റ) ഉദ്ദരിക്കുന്നുണ്ട്. (ബൈഹഖി, ഇബ്‌നു അസാകീര്‍). മുമ്പ് വിവരിച്ച എല്ലാ റിപ്പോര്‍ട്ടുകള്‍ക്കും ഊന്നല്‍ നല്‍കുന്ന വ്യക്തമാക്കല്‍ ജിബ്‌രീല്‍(അ)ന്റെ ഈ വിവരണത്തിലുണ്ട്. ജിബ്‌രീല്‍(അ) പറഞ്ഞതായ ഈ വിവരണത്തിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ നബി(സ്വ) പറഞ്ഞതായി ഇങ്ങനെയുണ്ട്: 'ഓ മുഹമ്മദ്, പ്രപഞ്ച ലോകമാസകലം ചുറ്റി പരിശോധിക്കാന്‍ അല്ലാഹു എന്നെ അയച്ചു. എല്ലായിടത്തുമെത്തിയെങ്കിലും മുളര്‍ ഗോത്രത്തെക്കാള്‍ പവിത്രമായ മറ്റൊരു ഗോത്രത്തെയും ഞാന്‍ എത്തിച്ചില്ല. തുടര്‍ന്ന് തിരുനബി(സ്വ) കടന്നുവന്ന ഗോത്രങ്ങളെയും ഉപഗോത്രങ്ങളെയും എല്ലാം പരിശോധിച്ചത് വിവരിച്ചശേഷം ജിബ്‌രീല്‍(അ) പറയുന്നു: 'ഏറ്റവും ശ്രേഷ്ഠമായ ഒരാളെ തിരഞ്ഞെടുക്കാന്‍ അല്ലാഹു എന്നോട് കല്‍പ്പിച്ചപ്പോള്‍ അങ്ങയെയല്ലാതെ വേറെയൊരാളെയും ഞാന്‍ എത്തിച്ചില്ല.' (തിര്‍മിദി) തിരുനബി(സ്വ)യുടെ മാതൃ-പിതൃ പരമ്പരയുടെ പവിത്രതയില്‍ ഏറ്റവും പ്രധാനപ്പെട്ടത്, മാതാപിതാക്കളില്‍ ഒരാള്‍പോലും അനുവദനീയമല്ലാത്ത രൂപത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല എന്നതാണ്. അഥവാ, വ്യഭിചാരംവഴി ഒരിക്കലും മുതുകില്‍ നിന്നും മുതുകിലേക്ക് അവിടുത്തെ പവിത്രമായ സഞ്ചാരം നടന്നിട്ടേയില്ല എന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. ഈ വസ്തുത അവിടുത്തെ പരിശുദ്ധ വചനത്തില്‍തന്നെ എടുത്തുപറയുന്നുണ്ട്. അബൂഹുറൈറ(റ) ഉദ്ദരിക്കുന്ന ഹദീസില്‍ തിരുനബി(സ്വ) പറയുന്നു: 'ആദം(അ)ന്റെ മുതുകില്‍നിന്നും ഞാന്‍ പുറപ്പെട്ട് ജന്മം കൊള്ളുന്നത് വരെയും ഒരിക്കലും ഒരു വ്യഭിചാരിയും എന്നെ പ്രസവിച്ചിട്ടില്ല.' (ഇബ്‌നു അസാകീര്‍) അനസുബ്‌നുമാലിക്(റ)വും ഇബ്‌നു അബ്ബാസ്(റ)വും റിപ്പോര്‍ട്ട് ചെയ്ത ഹദീസിലും വ്യക്തമായി നികാഹിലൂടെ മാത്രമാണ് എന്റെ കുടുംബപരമ്പര വരുന്നതെന്ന്’തിരുനബി(സ്വ) പറയുന്നു. (ഇബ്‌നു മര്‍ദവൈഹി, ഇബ്‌നു അസാകീര്‍) ഇമാം ത്വബ്‌റാനി ഉദ്ദരിക്കുന്ന വിവരണത്തില്‍ ആദം(അ) മുതല്‍ എന്റെ ഉമ്മയില്‍നിന്നും ഉപ്പയില്‍നിന്നും ഞാന്‍ പുറപ്പെടുന്നതുവരെ ഇസ്‌ലാമിലെ നികാഹ് പൊലെയുള്ള നികാഹിലൂടെയല്ലാതെ എന്റെ പരമ്പര ഉണ്ടായിട്ടില്ല എന്ന് തിരുനബി(സ്വ) പഠിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ കല്‍ബി എന്നവര്‍ തിരുനബി(സ്വ)ക്ക് അഞ്ഞൂറ് ഉമ്മമാരുടെ പേരുകള്‍ എഴുതിക്കൊടുത്തു. അതില്‍ ഒരാളെപ്പോലും ജാഹിലിയ്യാ കാലത്തെ ഒന്നും എത്തിച്ചില്ല എന്ന വിവരണം ഇബ്‌നുസഅദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. (ത്വബഖാത്ത് ഇബ്‌നു സഅദ്: 1:31). ഈ വിവരണത്തിലെ ഉമ്മമാരുടെ എണ്ണം ഉമ്മയുടെയും ഉപ്പയുടെയും ഭാഗത്തിലൂടെയുള്ള മഹതികളെയെല്ലാം കൂട്ടിയാണ്. (സുബുലുല്‍ഹുദ: 279). അജ്ഞാന കാലത്തെ ജീവിതരീതി വളരെ മലീമസമായിരുന്നു. ഇതു വ്യാപകവുമായിരുന്നു. എന്നാല്‍, തിരുനബി(സ്വ) യുടെ മാതൃ-പിതൃ പരമ്പരയില്‍ ഒരാള്‍പോലും ഇതിന്റെ ഭാഗമായില്ല എന്നതാണ് അവിടുത്തെ പ്രത്യേകത. ആ പവിത്രത ആദം(അ) മുതല്‍ മക്കയില്‍ ഭൂജാതരാവുന്നതുവരെ കാത്തുസംരക്ഷിക്കപ്പെട്ട് പോന്നുവെന്നത് ഉദ്ധൃത ഹദീസുകള്‍ പഠിപ്പിക്കുന്നു. അഥവാ, ഏറ്റവും പവിത്രവും പരിശുദ്ധവുമായ പരമ്പരയിലൂടെയാണ് തിരുനബി(സ്വ) യുടെ പരമ്പരവരുന്നത്. അതില്‍ വ്യഭിചാരത്തിന്റെയോ ജാഹിലിയ്യാ കലത്തിന്റെ മറ്റുവല്ല പോരായ്മകളോ ഒന്നും കലര്‍ന്നിട്ടില്ലെന്നത് തിരുനബി(സ്വ)ക്കുള്ള അംഗീകാരവും അവിടത്തോടുള്ള അല്ലാഹുവിന്റെ പ്രത്യേക പരിഗണനയുമാണ്. വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് അഹ്‌സാബിന്റെ 33ാം ആയത്തില്‍ നബികുടുംബത്തെ വിവരിക്കുമ്പോള്‍ ഈ പരിശുദ്ധ പരമ്പര ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എടുത്തുപറയുന്നുണ്ട്. മാത്രമല്ല, ഈ ആയത്തിന്റെ വിവക്ഷയാണ് ഏറ്റവും ശുദ്ധവഴിയിലൂടെയാണ് എന്റെ ജന്മമുണ്ടായതെന്ന്’ വിവരിക്കുന്ന ഇമാം ത്വബ്‌റാനി ഉദ്ദരിക്കുന്ന ഇബ്‌നുഅബ്ബാസ്(റ)ല്‍നിന്നും വന്ന ഹദീസിന്റെ അവസാനത്തില്‍ തിരുനബി(സ്വ) തന്നെ പറഞ്ഞതായി വന്നിട്ടുണ്ട്.