തിരുനബി(സ്വ) വേദപണ്ഡിതരുടെ പ്രവചനങ്ങളില്‍
പൂര്‍വവേദങ്ങളില്‍ തിരുനബി(സ്വ) യെ പ്രവചിച്ചതുപോലെ അവസാന പ്രവാചകരായി വരാനിരിക്കുന്ന മുഹമ്മദ് നബി(സ്വ)യെ കുറിച്ച് അക്കാലങ്ങളിലെ പണ്ഡിതന്മാരുടേതായും ധാരാളം പ്രവചനങ്ങളുണ്ട്. തിരുനബി (സ്വ)യുടെ നിയോഗകാലത്ത് ഇസ്‌ലാമിലേക്കു വന്ന ക്രൈസ്തവ, ജൂതവിശ്വാസികളില്‍ പലരും അക്കാലത്തെ പണ്ഡിതരില്‍നിന്നും അറിഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിച്ചിരുന്നത്. സ്വഹാബത്തിന്റെ വിവരണങ്ങളില്‍ അത്തരം അനുഭവങ്ങള്‍ കാണാന്‍ കഴിയും. മഹാനായ സ്വഹാബിവര്യന്‍ സല്‍മാനുല്‍ ഫാരിസ്(റ)വിന്റെ ഇസ് ലാമാശ്ലേഷണവുമായി ബന്ധപ്പെട്ട അനുഭവം അത്തരം ഒന്നാണ്. മഹാന്‍ പറയുന്നു: 'ഞാന്‍ പേര്‍ഷ്യക്കാരനാണ്. എന്റെ പിതാവ് രാജ്യനേതാവായിരുന്നു. എന്നോട് വല്ലാതെ ഇഷ്ടം പിതാവ് കാണിച്ചിരുന്നു. ആ സ്‌നേഹംകാരണം എന്നെ പുറത്തെവിടെയും വിടില്ലായിരുന്നു. അഗ്‌നിയാരാധകനായി മാത്രം ജീവിക്കുന്ന എനിക്ക് അതിനപ്പുറം ഒന്നും അറിയില്ലായിരുന്നു. എന്നെക്കാള്‍ പ്രായക്കൂടുതലുള്ള ഒരു സഹോദരനുണ്ടായിരുന്നു എനിക്ക്. ഞങ്ങളെ അടുക്കല്‍നിന്നും അദ്ദേഹം പുറത്തു പോയാല്‍ മുഖം മറയ്ക്കുകയും മലമുകളിലേക്ക് കയറിപ്പോവുകയും ചെയ്യുന്നത് ഞാന്‍ പലപ്പോഴും കാണാറുണ്ട്. ഒരിക്കല്‍ അതിനെക്കുറിച്ചു വിവരംതേടിയപ്പോള്‍ എന്നോട് വെളിപ്പെടുത്തുന്നതില്‍ തനിക്കുള്ള ഭയം അയാല്‍ തുറന്നു പറഞ്ഞു. എന്റെ പ്രായം ചെറിയതാണെന്നും പുറത്താരെങ്കിലും അറിഞ്ഞാല്‍ ഞാന്‍ ചെയ്യുന്ന കാര്യത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നും അറിയിച്ചപ്പോള്‍ എനിക്ക് കൂടുതല്‍ ജിജ്ഞാസയായി. സഹോദരന് ധൈര്യംപകര്‍ന്ന് കാര്യങ്ങളറിയാനുള്ള താല്‍പര്യം ഞാന്‍ പറഞ്ഞപ്പോള്‍ അവിടെ ആരാധനയില്‍ കഴിയുന്ന ഒരു വിഭാഗത്തെ എനിക്ക് പരിചയപ്പെടുത്തി. അഗ്‌നിയാരാധന തെറ്റാണെന്ന് അവര്‍ പറയുന്നുണ്ടെന്ന വിവരവും എനിക്ക് അറിയാന്‍ കഴിഞ്ഞു. എന്റെ നിര്‍ബന്ധംകാരണം അവരുടെ അടുക്കലേക്ക് എന്നെ കൊണ്ടുപോകാന്‍ സഹോദരന്‍ നിര്‍ബന്ധിതനായി. ആറോ ഏഴോ പേരുള്ള അവരുടെ ആരാധനാകര്‍മ്മങ്ങള്‍ ഞാന്‍ കണ്ടു. അവരുടെ അടുക്കല്‍ എത്തിയപ്പോള്‍ പൂര്‍വ്വകാല പ്രവാചകന്മാരെ കുറിച്ചും അവര്‍ പ്രബോധനം ചെയ്തിരുന്ന വിവരങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ തുടങ്ങി. ഈസാനബി(അ)നെ നിയോഗിച്ച രൂപവും അദ്ദേഹത്തിന്റെ ജനനത്തിലെ അത്ഭുതവും എനിക്ക് പറഞ്ഞുതന്നു. അദ്ദേഹത്തില്‍നിന്നും ഉണ്ടായിരുന്ന അമാനുഷിക സംഭവങ്ങള്‍ പലതും എനിക്ക് വിവരിച്ചുതന്നു. അവസാനം അവര്‍ പറഞ്ഞു- 'മോനേ, നിനക്ക് ഒരു റബ്ബുണ്ട്; പരലോകമുണ്ട്. അവിടെ സ്വര്‍ഗവും നരകവുമുണ്ട്. ഈ അഗ്‌നിയാരാധകരായവര്‍ സത്യനിഷേധികളാണ്. അല്ലാഹു അതിനെ തൃപ്തിപ്പെടുകയില്ല. അവര്‍ യഥാര്‍ത്ഥ മതത്തിന്റെ വക്താക്കളല്ല. പിന്നീട് അവരെ കാണാന്‍ ചെന്നപ്പോഴും മുമ്പുള്ളപോലെ വിവരിച്ചുതന്നു. അതോടെ അവരുടെകൂടെ കൂടാന്‍ തീരുമാനിച്ചു. എന്നാല്‍, അവര്‍ പറഞ്ഞു- ഞങ്ങള്‍ ചെയ്യുന്നപോലെ പൂര്‍ണതയില്‍ ചെയ്യാന്‍ നിനക്ക് സാധ്യമാകണമെന്നില്ല.' എങ്കിലും ചെറിയ രൂപത്തില്‍ ചെയ്യുകയും ഉറങ്ങുകയും ചെയ്യുക. ഈ വിവരം രാജാവ് അറിയുകയും ഇവരെകൊള്ളെ ചെന്ന് അവര്‍ക്ക് ചെയ്തുകൊടുത്തിരുന്ന സൗകര്യങ്ങളും സഹായങ്ങളും ഉണര്‍ത്തിയ ശേഷം അദ്ദേഹം പറഞ്ഞത്രെ. ഇപ്പോള്‍ നിങ്ങള്‍ എന്റെ മകനിലേക്കു വരികയും അവനെ കേടുവരുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ നാട്ടിലേക്ക് എളുപ്പം തിരിച്ചു പോയില്ലെങ്കില്‍ കഠിനമായി ഞാന്‍ ശിക്ഷിക്കും. അതിനവര്‍ ഇങ്ങനെ മറുപടിപറഞ്ഞത്രെ. താങ്കള്‍ക്ക് ബുദ്ധിമുട്ടാകുന്നത് ഞങ്ങള്‍ ചെയ്യില്ല. ഞങ്ങള്‍ നന്മ മാത്രമാണ് ഉദ്ദേശിച്ചത്. തുടര്‍ന്ന് മകനെ രാജാവ് തടഞ്ഞപ്പോള്‍ സഹോദരനോട് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന് തഖ്‌വ ചെയ്യുക. ഈ മതം അല്ലാഹുവിന്റെ മതമാണെന്നും മറ്റുള്ളത് തെറ്റാണെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. ഞങ്ങളും ഞങ്ങളുടെ പിതാവും ആ തെറ്റായ മതത്തിലാണെന്നും നിങ്ങള്‍ക്കറിയാം. അല്ലാഹുവിനെ മനസ്സിലാക്കാത്തവരുമാണ്. ഞാന്‍ ഈ കൂട്ടരുടെ കൂടെ പോയാല്‍ പിതാവ് തിരയുകയും അവരെയടക്കം പിടികൂടുകയും ചെയ്യും. പിന്നീട് സഹോദരനെ കണ്ടപ്പോള്‍ അദ്ദേഹത്തോട് ഈ വിഷയം ആവര്‍ത്തിച്ചു. സഹോദരന്‍ മറുപടി പറഞ്ഞത്. ഞാന്‍ എന്റെ ജീവിതാവശ്യങ്ങളിലാണ്. ശേഷം അവര്‍ യാത്രതിരിക്കുന്ന ദിവസം അവരെ കാണാന്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു. സല്‍മാന്‍, നിങ്ങള്‍ക്കു ഞങ്ങള്‍ നല്‍കിയ ഉപദേശത്തിലായി ജീവിക്കുക, ഞങ്ങളുടെ കൂടെ വരേണ്ടതില്ല. അവരെ വിട്ടുപിരിയാന്‍ കഴിയില്ലെന്ന് സല്‍മാന്‍(റ) തീര്‍ത്തുപറഞ്ഞു. അവര്‍ വിലക്കിയെങ്കിലും അവസാനം അവരെ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. യാത്രചെയ്ത് അവര്‍ ഒരിടത്തെത്തിയപ്പോള്‍ ആ നാട്ടുകാര്‍ വിവരങ്ങള്‍ ആരായുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. വഴിയല്‍വച്ച് മറ്റൊരു വിഭാഗത്തെ കാണാന്‍ കൂടെയുള്ളവര്‍ പോകാനൊരുങ്ങിയപ്പോള്‍ സല്‍മാന്‍(റ)നോട് അവിടെത്തന്നെ നില്‍ക്കാന്‍ ആവശ്യപ്പെെട്ടങ്കിലും അദ്ദേഹം അവരെ വിട്ടുപിരിയാന്‍ തയ്യാറായില്ല. അവിടെ എത്തിയപ്പോള്‍ ഏറെ ആദരണീയരും ബഹുമാന്യരുമായ ഒരാളെ കാണാന്‍ കഴിഞ്ഞു. കൂടെയുള്ളവര്‍ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സല്‍മാന്‍(റ) പറയുന്നു- എന്നെ കുറിച്ച് അദ്ദേഹം അവരോട് ആരാഞ്ഞപ്പോള്‍ അവര്‍ എല്ലാം വിവരിച്ചുകൊടുത്തു. അദ്ദേഹം പൂര്‍വ പ്രവാചകരെ കുറിച്ചും ഈസാനബി(അ)നെ കുറിച്ചും വിവരിച്ചു. ഉപദേശങ്ങള്‍ കഴിഞ്ഞ അദ്ദേഹം എണീറ്റു; കൂടെ ഞാനും എണീറ്റു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം വിലക്ക് പറഞ്ഞെങ്കിലും തീര്‍ച്ചയിലും അദ്ദേഹത്തിന്റെ കൂടെ കൂടാന്‍ തീരുമാനിച്ചകാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം അടുത്തുള്ള ഒരു ഗുഹ കാണിക്കുകയും ഇതില്‍നിന്നും ദിവസത്തില്‍ ഒരുവട്ടം മാത്രമേ ഞാന്‍ പുറത്തുവരാറുള്ളൂവെന്ന് അറിയിക്കുകയും തുടരുന്നത് പ്രയാസമാണെന്നറിയിക്കുകയും ചെയ്തു. പക്ഷേ, വിട്ടുപിരിയാന്‍ സന്നദ്ധനല്ലെന്നറിയിക്കുകയും ഒപ്പംകൂടാന്‍ തീരുമാനിക്കുകയും ചെയ്ത് സല്‍മാനുല്‍ ഫാരിസി അവിടെത്തന്നെ നിന്നു. പിന്നീട് ആ നാടു വിട്ട് പോകാന്‍ അദ്ദേഹം തീരുമാനമെടുത്തപ്പോള്‍ സല്‍ മാന്‍(റ)നോട് അദ്ദേഹം പറഞ്ഞു: 'തിഹാമയില്‍നിന്നും അഹ്മദ് എന്നു പേരുള്ള ഒരു പ്രവാചകര്‍ വരും. അവരില്‍ വിശ്വസിക്കുക.' സല്‍മാനുല്‍ ഫാരിസിക്ക് മുഹമ്മദ് നബി(സ്വ)യെ കുറിച്ചുള്ള വിശേഷണങ്ങള്‍ അദ്ദേഹം പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നീട് തിരുനബി(സ്വ)യിലേക്ക് എത്തുന്നതിനു മുമ്പ് അനവധി അനുഭവങ്ങളിലൂടെ യാത്രചെയ്യേണ്ടിവരുന്നുണ്ട്. പക്ഷേ, പ്രവചിക്കപ്പെട്ട പ്രവാചകരെ പ്രതീക്ഷയിലൂടെ അദ്ദേഹം കാത്തിരിക്കുകയായിരുന്നു. അവസാനം, പ്രവാചകരെ കണ്ടുമുട്ടിയ സന്തോഷം സല്‍മാനുല്‍ ഫാരിസി(റ) പങ്കുവെക്കുന്നുണ്ട്. സല്‍മാനുല്‍ ഫാരിസിയുടെ സമാന ചരിത്രം അനവധി സ്വഹാബികള്‍ക്കുണ്ട്. ഇബ്‌നു ഇസ്ഹാഖ്, ആസിമ് ബ്‌നു ഉമറില്‍നിന്നും ഉദ്ധരിക്കുന്ന ഒരു വിവരണത്തില്‍ വേദക്കാരായ പണ്ഡിതര്‍ തിരുനബി(സ്വ)യെ പരിചയപ്പെടുത്തിയിരുന്നതും വരാനുള്ള പ്രവാചകരാണെന്ന് പ്രവചിച്ചിരുന്നതും വിവരിക്കുന്നുണ്ട്. ഖൈബ്‌റിലെ യഹൂദികള്‍ ഗത്ഫാനുമായി യുദ്ധമുണ്ടാകുമ്പോള്‍ വരാനുള്ള പ്രവാചകരെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും ഉത്തരം ലഭിച്ചിരുന്നതും ഇബ്‌നുഅബ്ബാസ്(റ) വിവരിക്കുന്നുണ്ട്. ഇബ്‌നു സഅദ്, സഈദുബ്‌നു മുസയ്യബില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്ധരണിയില്‍ തിരുനബി(സ്വ)യെ കുറിച്ച് വേദപണ്ഡിതന്മാര്‍ പറഞ്ഞിരുന്ന വിശേഷണങ്ങളെ കുറിച്ചുള്ള അറിവ് അക്കാലത്തുള്ളവര്‍ക്കുണ്ടായിരുന്നു എന്നുണ്ട്.