Sunni Afkaar Weekly

Pages

Search

Search Previous Issue

തിരുജന്മ ചരിത്രം ആഘോഷപ്പറച്ചിലും പ്രമാണവും

പി. മുഹമ്മദ് റഹ്മാനി മഞ്ചേരി
 തിരുജന്മ ചരിത്രം ആഘോഷപ്പറച്ചിലും പ്രമാണവും

തിരുനബി(സ്വ)യുടെ ജനനവും അനുബന്ധ അത്ഭുതസംഭവങ്ങളും വിവരിച്ചതിന്റെ പിറകെ സുബുലുല്‍ ഹുദ വറശാദ് തിരുനബി(സ്വ)യുടെ മൗലിദ് കര്‍മ്മവുമായി ബന്ധപ്പെട്ട പണ്ഡിതരുടെ ചര്‍ച്ചകളും വിവരണങ്ങളുമാണ് കൊണ്ടുവരുന്നത്. തിരുനബി(സ്വ)യുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഒരുമിച്ചുകൂടുന്നതും മദ്ഹ് പറയുന്നതും പണ്ഡിതചര്‍ച്ചക്ക് വിധേയമായ കാര്യമാണ്. പണ്ഡിതോചിതമായ വൈജ്ഞാനിക ചര്‍ച്ചകളാണ് മൗലിദ് കര്‍മ്മമെന്ന വിധേന ഈ വിഷയസംബന്ധമായി ജ്ഞാനമുള്ളവരെല്ലാം നടത്തുന്നത്. പ്രധാനമായും ലോകത്ത് ഇന്ന് കണ്ടുവരുന്ന രാജകീയവും പ്രൗഢവുമായ ആഘോഷപരിപാടികള്‍ തുടങ്ങിയതും അതിന്റെ ഉദ്ഘാടകനെയുമാണ് ഇത്തരം ചര്‍ച്ചകളില്‍ കൂടുതലും പ്രതിപാദിക്കുന്നത്. ഇതിന്റെ വിധിയും കര്‍മശാസ്ത്ര നിയമങ്ങളും ഫിഖ്ഹീ പണ്ഡിതരും വിവരിച്ചിരിക്കുന്നു. ചരിത്രപരമായ വിവരണത്തില്‍ രാജകീയവും പ്രൗഢവും വിപുലവുമായ നബിദിനാഘോഷങ്ങള്‍ തുടക്കം കുറിക്കുന്നത് വൈകിയാണെന്ന് പണ്ഡിതര്‍ ചരിത്രപരമായി വിവരിക്കുന്നു. ചരിത്രപരമായി രാജകീയ ആഘോഷ പരിപാടികള്‍ എന്ന് പ്രത്യേകം വേര്‍തിരിച്ചു വിവരിക്കാന്‍ കാരണം തിരുനബി(സ്വ)യുടെ മൗലിദ് കര്‍മ്മത്തിന്റെ വിവരണത്തില്‍ വരുന്ന മുളഫര്‍ രാജാവിന്റെ കാലത്തല്ല ഇതിന്റെ അടിസ്ഥാന തുടക്കമെന്ന് ഊന്നിപ്പറയാനാണ്. ഏതു നന്മയെയും വിമര്‍ശനത്തോടെ മാത്രം കാണുന്ന ചില അല്‍പജ്ഞാനികള്‍ മൗലിദ് കര്‍മ്മവുമായി ബന്ധപ്പെട്ടും അപ്രസക്തമായ വിരളം അഭിപ്രായം പ്രകടിപ്പിച്ചതു കാണാന്‍ കഴിയും. അതില്‍ പ്രധാനമായും ഇതിന്റെ ഉത്ഭവം മുളഫര്‍ രാജാവ് മുതലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. സത്യത്തില്‍ അതു വാസ്തവ വിരുദ്ധമാണ്. മൗലിദ് കര്‍മം കഴിഞ്ഞ മൂന്നു നൂറ്റാണ്ടില്‍ ഉദ്ധരിച്ചിട്ടില്ല. ശേഷം വന്നതാണെന്നു പറഞ്ഞതിന്റെ പിറകെ അല്‍ഹാഫില്‍ അബൂല്‍ഖൈര്‍ സഖാവി(റ) പറയുന്നു. പിന്നീട് മുസ്‌ലിംകളുള്ള മറ്റു പ്രദേശങ്ങളിലും നാടുകളിലും മൗലിദ് മാസത്തില്‍ ഉന്നതമായ പ്രവര്‍ത്തനങ്ങളോടെ ആഘോഷകര്‍മങ്ങള്‍ സംഘടിപ്പിക്കുകയും അന്നു രാത്രികളില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും സന്തോഷപ്രകടനങ്ങള്‍ വെളിവാക്കുകയും ചെയ്യുന്നത് നടന്നുവരുന്നു. ആ കൊല്ലം മുഴുവനും മൗലിദിന്റെ ബറക്കത്ത് അവര്‍ക്ക് കിട്ടലിനെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. (ഫതാവാ സഖാവി) ഹാഫിള് അബുല്‍ ഖൈര്‍ ഇബ്‌നുല്‍ ജസ്‌രി(റ) പറയുന്നു: 'മൗലിദിന്റെ പ്രത്യേകതയില്‍ പെട്ടതാണ് ആ വര്‍ഷം മുഴുവന്‍ അവര്‍ കാവലിലും ലക്ഷ്യസാഫല്യ സന്തോഷത്തിലുമായിരിക്കുമെന്നത്.' യൂസുഫ് ശാമി(റ) ഈ വിവരണം കൊണ്ടുവരുമ്പോള്‍ പറയുന്നു: 'രാജാക്കന്‍മാരില്‍നിന്നും ഇത് തുടക്കംകുറിക്കുന്നത് ഇര്‍ബല്‍ പ്രദേശക്കാരനായ രാജാവ് മുളഫര്‍ അബൂ സഈദാണ്.' മഹാനായ മുളഫര്‍ രാജാവിനെ കുറിച്ച് ഇബ്‌നു കസീര്‍ ഏറെ പ്രശംസനീയമായ മദ്ഹുകള്‍ പറയുകയും അദ്ദേഹം റബീഉല്‍ അവ്വലില്‍ തിരുനബി(സ്വ)യുടെ പേരില്‍ പ്രത്യേകമായി മൗലിദ് സംഘടിപ്പിച്ചിരുന്നത് എടുത്തുപറയുകയും ചെയ്യുന്നുണ്ട്. ആ വിവരണത്തില്‍ രാജാവിനു വേണ്ടി അബുല്‍ഖത്വാബ് ഇബ്‌നു ദിഹിയത് എന്നവര്‍ മൗലിദ് കിതാബ് രചിച്ചുകൊടുത്തു എന്നും അതിന്റെ പര് അത്തന്‍വീര്‍ ഫീ മൗലിദില്‍ ബഷീരിന്നദീര്‍ എന്നാണെന്നും അതുകാരണം അദ്ദേഹത്തിന് ആയിരം ദീനാര്‍ സമ്മാനമായി ലഭിച്ചുവെന്നും ഇബ്‌നുകസീര്‍ സ്മരിക്കുന്നുണ്ട്. മുളഫര്‍ രാജാവിന്റെ രാജകീയമായ ആ പരിപാടിയും അതിനായുള്ള ഒരുക്കങ്ങളും ഏറെ പ്രശംസനീയവും ഉദ്ദരിക്കപ്പെട്ടതും പലവിധേന പ്രസിദ്ധവുമാണെന്ന് ചരിത്രവിവരണങ്ങളില്‍നിന്നു ഗ്രഹിക്കാന്‍ കഴിയും. സിബ്തുബ്‌നുല്‍ ജൗസി, മിര്‍ആത്തു സമാനില്‍ മുളഫര്‍ രാജാവിന്റെ മൗലിദ് സദസ്സിലെ സുപ്രയിലുണ്ടാവുന്ന ഭക്ഷണവിഭവങ്ങളുടെ വിവരണം കൊണ്ടുവരുന്നുണ്ട്. ആശ്ചര്യകരവും അല്‍ഭുതകരവുമാണ് മഹാന്റെ ഉദ്ധരണി നല്‍കുന്ന സന്ദേശം. മഹാന്‍ പറയുകയാണ്: 'പൊരിച്ച അയ്യായിരം ആട്ടിന്‍തലയും പത്തായിരം കോഴിയും..... ഭക്ഷണ സുപ്രയിലുണ്ടാകും. സൂഫിയാക്കളും പണ്ഡിതരുമായി അനവധി പേര്‍ ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചുകൂടും.' ഇത്രയും പ്രൗഢിയും ഗാംഭീര്യവുമുള്ള മുളഫര്‍ രാജാവിന്റെ നബിദിനാഘോഷ പരിപാടികള്‍ വിലയിരുത്തുമ്പോള്‍ മഹാന്റെ ജീവിതംകൂടി കൂട്ടിവായിക്കേണ്ടതാണ്. അപ്പോഴാണ് അദ്ദേഹത്തിന്റെ ഇതുമായുള്ള ബന്ധത്തിന്റെ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും ബോധ്യപ്പെടുക. മഹാന്റെ ഭാര്യ, സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സഹോദരി റബീഅത്ത് ബിന്‍ത് അയ്യൂബ് എന്ന മഹതി പറയുന്നു: 'അദ്ദേഹം ധരിക്കുന്ന വസ്ത്രം പരുക്കവും അഞ്ച് ദിര്‍ഹമിനുപോലും വിലയില്ലാത്ത വസ്ത്രവുമായിരുന്നു അദ്ദേഹം ധരിച്ചിരുന്നതത്രെ.' ഇതിന്റെ പേരില്‍ ഭാര്യ ആക്ഷേപസ്വരത്തില്‍ പറയുമ്പോള്‍ മഹാന്‍ പറയുന്ന മറുപടി, വിലപിടിപ്പുള്ള വസ്ത്രം ധരിക്കുകയും ഫഖീര്‍ മിസ്‌കീന്‍മാരെ ഉപേക്ഷിക്കുകയും ചെയ്യുന്നതിനെക്കാള്‍ എനിക്കിഷ്ടം അഞ്ച് ദിര്‍ഹമിന്റെ വസ്ത്രം ധരിച്ച് ബാക്കി മുഴുവനും ദാനം ചെയ്യുന്നതിനാണ്. ഇത്രയുംവലിയ ഔദാര്യവാനും സൂക്ഷ്മാലുവും അല്ലാഹുവിനെ കുറിച്ച് ഭയമുള്ളവരുമായ മഹാനാണ് മുളഫര്‍ എന്നര്‍ത്ഥം. അദ്ദേഹത്തിന്റെ തിരുനബി മൗലിദുമായുള്ള ആ കര്‍മ്മം തീര്‍ച്ചയായും സല്‍പ്രവൃത്തി മാത്രമായിരിക്കുമല്ലോ. ഇദ്ദേഹത്തിന്റെ ഇത്തരം സൂക്ഷ്മജീവിതവും ഔദാര്യമനസ്സും ധാരാളം പണ്ഡിതര്‍ എടുത്തുപറയുകയും മഹാനെ പുകഴ്ത്തുകയും ചെയ്തതു കാണാന്‍ കഴിയും. ഇമാം നവവി(റ)ന്റെ ഗുരുവായ അബൂ ശാമ അല്‍ബാഇസു അല ഇങ്കാരില്‍ ബിദഇ വല്‍ ഹവാദിസ് എന്ന ഗ്രന്ഥത്തില്‍ മഹാനെ ഏറെ പ്രശംസിക്കുന്നുണ്ട്. ചരിത്രപരമായ വിവരണത്തില്‍ മുളഫര്‍ രാജാവ് വന്നപ്പോള്‍ പണ്ഡിതര്‍ അദ്ദേഹത്തിന്റെ മൗലിദ് കര്‍മത്തിലെ വ്യതിരിക്തത വിവരിക്കുകയും അതിനുള്ള കാരണങ്ങള്‍ നീട്ടിപ്പറയുകയുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, ചരിത്രത്തില്‍ മൗലിദ് കര്‍മവും തിരുനബി(സ്വ)യുടെ ജന്മദിന സന്തോഷ ആഘോഷങ്ങളുമായി മുഴുകിയവര്‍ ധാരാളമാണ്. ഇബ്‌നു ള്വഫ്‌റി, ഇബ്‌നു ഖുഫല് എന്ന പേരിലറിയപ്പെട്ട അബുല്‍ ഹസന്‍, അബൂ അബ്ദില്ല മുഹമ്മദുബ്‌നു നുഅ്മാന്‍, ജമാലുദ്ദീനുല്‍ അജമി, യൂസുഫുല്‍ ഹജ്ജാര്‍ തുടങ്ങിയവര്‍ മൗലിദ് ആഘോഷത്തിനെ കൂടുതല്‍ പരിചയപ്പെടുത്തിയും വിപുലമായി സംഘടിപ്പിച്ചും ശ്രദ്ധേയരായവരില്‍ ചിലര്‍ മാത്രമാണ്. മഹാനായ യൂസുഫുബ്‌നു അലിയ്യു ശാമി മൗലിദ് സംഘടിപ്പിച്ചിരുന്നു എന്ന് മാത്രമല്ല, അദ്ദേഹം തിരുനബി(സ്വ)യെ സ്വപ്‌നത്തില്‍ ദര്‍ശിക്കുകയും മൗലിദിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കാണുമായിരുന്നുവെന്ന് ചരിത്രം പറുന്നു. (സുബുലുല്‍ ഹുദ: 440/1) ചുരുക്കത്തില്‍, തിരുനബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കുന്നതും മൗലിദ് കഴിക്കുന്നതും ചരിത്രപരമായി രാജകീയ തുടക്കം നടത്തിയ മഹാന്‍ ഇര്‍ബല്‍ പ്രദേശക്കാരനായ മുളഫര്‍ രാജാവാണ്. എന്നാല്‍, തിരുനബി(സ്വ)യുടെ മൗലിദും അവിടുത്തെ ജനനത്തിലുള്ള സന്തോഷപ്രകടനങ്ങളും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും മുളഫര്‍ രാജാവല്ല തുടങ്ങുന്നത്. യഥാര്‍ത്ഥ തുടക്കവും മുന്‍കാലങ്ങളില്‍ ചെയ്തിരുന്നവരും വേറെതന്നെ വിവരിക്കേണ്ടതാണ്. തുടര്‍ന്നുള്ള എഴുത്തില്‍ അതു കൊണ്ടുവരാം. (ഇന്‍ശാ അല്ലാഹ്)

Other Post