എല്ലാവരിലേക്കുമായി എന്നെ നിയോഗിച്ചു

സൃഷ്ടികളില്‍ ശ്രേഷ്ടരായ തിരുനബി(സ്വ)ക്ക് അല്ലാഹു നല്‍കിയ അംഗീകാരത്തിന്റെ ഭാഗമാണ് മറ്റു പ്രവാചകന്മാര്‍പോലും അവിടുത്തെ അംഗീകരിക്കുന്നവരും സഹായിക്കുന്നവരുമാകണമെന്നത്. തിരുനബി(സ്വ)യുടെ പ്രബോധനകാലത്ത് ജീവിക്കുന്ന പ്രവാചകര്‍(സ്വ) അവിടുത്തെ വിശ്വസിച്ച് അംഗീകരിക്കണമെന്നതും ഖുര്‍ആന്റെ കല്‍പ്പനയാണ്. സൂറത്ത് ആലുഇംറാന്റെ 81,82 ആയത്തുകളില്‍ ഈ വിഷയം അല്ലാഹു പിഠിപ്പിക്കുന്നുണ്ട്. ഇപ്രകാരമാകണമെന്ന് തിരുനബി(സ്വ)ക്കുള്ള അംഗീകാരമായി മുഴുവന്‍ പ്രവാചകന്മാരോടും കരാറെടുത്തിട്ടുണ്ടെന്നും അതേ ആയത്ത് വിശദീകരിക്കുന്നു. നൂഹ് നബി(അ) മുതലുള്ള മുഴുവന്‍ പ്രവാചകന്‍മാരോടും അവര്‍ ജീവിച്ചിരിക്കെ മുഹമ്മദ് നബി(സ്വ)യുടെ നിയോഗമുണ്ടായാല്‍ അവിടുത്തെ വിശ്വസിക്കണമെന്നും സഹായിക്കണമെന്നും കരാറെടുത്തിട്ടുണ്ടെന്ന് ഇബ്‌നു അബീ ഹാതിം ഉദ്ധരിക്കുന്നുണ്ട്. (ഖസാഇസ്, വാള്യം: 1, പേ: 22). അലി(റ)വില്‍നിന്നും ഇബ്‌നുജരീര്‍(റ) ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടില്‍ ആദംനബ(അ) മുതലുള്ള മുഴുവന്‍ പ്രവാചകന്മാരോടും കരാര്‍ വാങ്ങിയതായി വിവരിച്ചിരിക്കുന്നു. ഇബ്‌നു അബ്ബാസ്(റ) വിവരിക്കുമ്പോള്‍ പ്രവാചകന്മാര്‍ എല്ലാവരോടും ഇത്തരമൊരു കരാറെടുക്കാതെ അയച്ചിട്ടില്ല എന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. (താരീഖ് ഇബ്‌നുകസീര്‍) തഖ്‌യുദ്ദീനു സുബ്കി(റ) ഉദ്ധൃത ആയത്ത് വിശദീകരിക്കുമ്പോള്‍ പറയുന്നു: 'തിരുനബി(സ്വ)യുടെ മാഹാത്മ്യത്തെ അറിയിക്കുന്ന ഈ ആയത്ത് പൂര്‍വ പ്രവാചകന്‍മാരുടെ ജീവിതകാലത്താണ് തിരുനബി(സ്വ)യുടെ നിയോഗമുണ്ടായതെങ്കില്‍ അവര്‍ക്കും ആ കാലത്തുള്ള റസൂലായി മുഹമ്മദ് നബി(സ്വ) ആകുമെന്ന് അറിയിക്കുന്നു. അതോടെ എക്കാലത്തേക്കുമുള്ള പ്രവാചകരാണ് മുഹമ്മദ് നബി(സ്വ)യെന്നും ഈ ആയത്തിന് അര്‍ഥമുണ്ട്. എല്ലാവരിലേക്കുമായി എന്നെ നിയോഗിച്ചിരിക്കുന്നു എന്ന ഹദീസിന്റെ ആശയംതന്നെയാണ് ആയത്തിനുള്ളത്. (സുബുലുല്‍ഹുദ, വാള്യം: 1, പേജ്: 109). ഇവിടെ തിരുനബി(സ്വ)ക്ക് അവര്‍ണനീയമായ മാഹാത്മ്യവും ബഹുമാനവും സ്ഥാപിച്ചുനല്‍കുന്നുണ്ട്. സകല സൃഷ്ടികളെക്കാളും ശ്രേഷ്ടരാണ് തിരനബി(സ്വ) എന്ന് ഇതിലൂടെ വരുന്നു. എല്ലാ പ്രവാചകരും തിരുനബി(സ്വ)ക്ക് താഴെയാണെന്നും. ഇതിന്റെ പ്രത്യക്ഷ പ്രകടനമാണ് പരലോകത്ത് അവിടുത്തെ കൊടിക്കീഴില്‍ എല്ലാ പ്രവാചകന്മാരും അണിനിരക്കുമെന്നത്. ഇഹലോകത്തു തന്നെ ഇസ്‌റാഇന്റെ രാത്രി മുഴുവന്‍ പ്രവാചകന്‍മാരും തിരനബി(സ്വ)യുടെ പിറകില്‍ മഅ്മൂമായി നിസ്‌കരിച്ചതും അതിന്റെ ബോധ്യപ്പെടുത്തലാണ്. അതിനാല്‍ ഇബ്‌റാഹീം നബി(അ)ന്റെയോ മൂസാനബി(അ)ന്റെയോ ഈസാ നബി(അ)ന്റെയോ മറ്റു പ്രവാചകന്മാരുടെയോ കാലത്ത് തിരുനബി(സ്വ) നിയോഗിക്കപ്പെടുന്നതോടെ അവരുടെയെല്ലാം പ്രവാചകത്വദൗത്യം അവസാനിക്കുന്നതും പിന്നീടുള്ള കാലം തിരുനബി(സ്വ)യുടെ അനുയായികളായി ജീവിക്കേണ്ടതുമാണ്. ഇതിനെ വ്യക്തമാക്കാന്‍ കൂടിയാണ് ഈസാനബി(അ)ന്റെ രണ്ടാം വരവുണ്ടാവുന്നത്. (സുബുലുല്‍ഹുദ, വാള്യം: 1, പേ: 110). ഈസാ നബി(അ) അവസാന നാളില്‍ വരുമ്പോള്‍ മുഹമ്മദ് നബി(സ്വ)യുടെ ശരീഅത്ത് പ്രകാരമാണ് ജീവിക്കുക. സ്വന്തം ശരീഅത്തും അവിടുത്തെ രിസാലത്തും മുഹമ്മദ് നബി(സ്വ)യുടെ നിയോഗത്തോടെ അപ്രസക്തമായി എന്നര്‍ത്ഥം. താങ്കള്‍ സൂര്യനും മറ്റുള്ളവര്‍ നക്ഷത്രങ്ങളുമാണ്, സൂര്യവെളിച്ചത്തില്‍ നക്ഷത്രങ്ങളൊന്നും വെളിവാകില്ലെന്ന കവിവാക്യം അന്വര്‍ത്ഥമാക്കുംപോലെയാണ് തിരുനബി(സ്വ)യുടെ ഉപമ. തിരുനബി(സ്വ)യെ വര്‍ണിച്ചുകൊണ്ട് ഇതേ ആശയത്തില്‍ മനോഹരമായ ഒരു കവിത ഇമാം ബൂസ്വൂരി(റ)വിനും ഉണ്ട്. ചുരുക്കത്തില്‍, പ്രാമുഖ്യവും പ്രാധാന്യവും തിരുനബി(സ്വ)ക്കാണ്. അവിടുത്തെ നിയോഗത്തോടെ മറ്റെല്ലാ പ്രവാചകന്മാരും നക്ഷത്രസമാനം ആ പ്രഭക്കു മുമ്പില്‍ മങ്ങുന്നതാണ്. അവിടുത്തെ ആഗമനത്തോടെ വിശ്വാസവും സഹായവും പിന്തുടര്‍ച്ചയും തിരുനബി(സ്വ)യിലേക്കു തിരിയണമെന്നത് മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ മഹത്തായ സ്വീകാര്യതയും ആദരവും അംഗീകാരവുമാണ്. ഒരിക്കല്‍ ഉമര്‍(റ) തൗറാത്തിലെ ചില വചനങ്ങളുമായി തിരുഹള്‌റത്തില്‍ വന്ന സംഭവം ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബി(സ്വ)യുടെ മുഖം ആ സമയം വിവര്‍ണമാകുകയും അല്ലാഹുവിനെയാണു സത്യം, മൂസാനബി(അ) ഇപ്പോള്‍ ഉണ്ടെങ്കില്‍ എന്നെ പിന്‍പറ്റലല്ലാതെ അദ്ദേഹത്തിന് അനുവാദമിെല്ലന്ന് പറയുകയും ചെയ്തുവെന്ന ഹദീസ് ഇതിനെ വ്യക്തമാക്കുന്ന വിശദീകരണമാണ്. തിരുനബി(സ്വ)യുടെ പ്രതിനിധികളുടെ സ്ഥാനത്താണ് മറ്റുള്ള പ്രവാചകര്‍ എന്നു പറഞ്ഞ പണ്ഡിതരുണ്ട്. യഥാര്‍ത്ഥ ആള്‍ വരുന്നതോടെ പ്രതിനിധികളുടെ റോള്‍ അവസാനിക്കുമല്ലോ. അതുപോലെ, മറ്റു പ്രവാചകന്‍മാരുടെ എല്ലാ പ്രബോധന പ്രവര്‍ത്തനങ്ങളും തിരുനബി(സ്വ)യുടെ സാന്നിധ്യത്തോടെ അവസാനിപ്പിക്കേണ്ടതും അവിടുത്തെ അനുചരരായി പ്രവര്‍ത്തിക്കേണ്ടതുമാണ്. ചുരുക്കത്തില്‍, തിരുനബി(സ്വ)യുടെ മഹത്വം എല്ലാ വര്‍ണനകള്‍ക്കും മുകളിലാണ്. പ്രവാചകന്‍മാര്‍പോലും പ്രബോധനത്തിന്റെ കാര്യത്തിലാണെങ്കിലും തിരുനബി(സ്വ)ക്കു മുമ്പില്‍ ആ മഹത്വം അംഗീകരിച്ചുകൊടുക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നുംവരുന്നു. ആ സ്ഥാനവും മഹത്വവും എക്കാലത്തും ഉയര്‍ന്നുനില്‍ക്കുന്നതാണെന്നും ഇതിലൂടെ പഠിപ്പിക്കുന്നു. ആ മാഹാത്മ്യം അല്ലാഹു തന്നെ പ്രവാചകരെക്കൊണ്ട് കരാറിലൂടെ അംഗീകരിപ്പിച്ചതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നതുമാണ്.