Sunni Afkaar Weekly

Pages

Search

Search Previous Issue

തിരുനബി(സ്വ)യുടെ ജന്മത്തോടൊപ്പമുണ്ടായ പ്രകാശം

പി. മുഹമ്മദ് റഹ്മാനി മഞ്ചേരി
 തിരുനബി(സ്വ)യുടെ  ജന്മത്തോടൊപ്പമുണ്ടായ പ്രകാശം

തിരുനബി(സ്വ)യുടെ ജന്മസമയം അസാധാരണ സംഭവങ്ങള്‍ക്കു സാക്ഷിയായത് ചരിത്രമാണ്. മാതാവ് ആമിന ബീബി(റ) പ്രസവത്തോടനുബന്ധിച്ചും ശേഷവും പല അത്ഭുതങ്ങളും കാണുകയും ആശ്ചര്യഭരിതയാവുകയും ചെയ്ത രംഗം ആ സമയത്തിനു സാക്ഷിയായ സ്ത്രീകളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രകാശപൂരിതമായ അന്തരീക്ഷം ചുറ്റും രൂപപ്പെട്ടതും അതില്‍ കിസ്‌റാ കൈസര്‍ വെളിവായതും വിവരണങ്ങളിലുണ്ട്. തിരുനബി(സ്വ)ക്ക് ഉമ്മയില്‍ നിന്നും കിട്ടിയ അറിവിന്റെ വിവരണമായി ഒരിക്കല്‍ പറഞ്ഞ സംഭവം അബൂ അജ്ഫാഅ് ഉദ്ദരിക്കുന്നു: നബി(സ്വ) പറഞ്ഞു- എന്റെ പ്രസവസമയത്ത് ഒരു പ്രകാശം ഉമ്മ കാണുകയും അതില്‍ ബുസ്‌റ പട്ടണത്തിലെ കൊട്ടാരങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നത് കാണുകയും ചെയ്തു.(ത്വബഖാത്: 1/63) ഈ ഹദീസില്‍ പറഞ്ഞ ബുസ്‌റ ശാമിലെ ഒരു നാടാണ്. ഇവിടെ ഇസ് ലാമിന്റെ പ്രകാശം കടന്നുചെന്നു എന്നു മാത്രമല്ല, ശാമില്‍നിന്ന് ആദ്യം വിജയിച്ച നാട് ബുസ്‌റയായിരുന്നു. (സുബുലുല്‍ ഹുദ: 1/ 411) ഉസ്മാനുബ്‌നു അബില്‍ ആസ്(റ)ന്റെ മാതാവ് ആമിനാ ബീബി(റ) തിരുനബി(സ്വ)യുടെ ജനനത്തിന്റെ രാത്രിയിലെ അനുഭവം പറഞ്ഞത് അല്‍ വഫയില്‍ എടുത്തുദ്ധരിക്കുന്നുണ്ട്. മഹതി പറഞ്ഞു: അന്നു പ്രകാശപൂരിതമായ ആ ഭവനത്തോളം മറ്റൊരു വീടും കണ്ടിട്ടില്ല. ഒരു നക്ഷത്രം താന്നു താന്ന് വരുന്നത് എനിക്ക് കാണാമായിരുന്നു. ആ നക്ഷത്രം എന്റെമേല്‍ പതിക്കുമെന്നുതന്നെ കരുതുമാര്‍ അത് അടുത്തുവന്നു. പ്രസവം നടന്നപ്പോള്‍ അതിശ്ശക്തമായ ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. അതിന്റെ ശക്തിയില്‍ വീട് പോലും കാണാനാവാത്ത അവസ്ഥയുണ്ടായി. (അല്‍വഫാ: 1/94) ഇര്‍ബാളുബ്‌നു സാരിയ്യ(റ) തിരുനബി(സ്വ)യില്‍നിന്നും അവിടുത്തെ ജനനത്തെ കുറിച്ച് വിശദീകരിക്കുന്ന ദീര്‍ഘമായ ഹദീസില്‍ പറയുന്നു: പ്രസവസമയത്ത് പ്രത്യക്ഷപ്പെട്ട ഒരു പ്രകാശത്തില്‍ കൊട്ടാരങ്ങള്‍ വെളിപ്പെട്ട് ഞാന്‍ കണ്ടു എന്ന് ഉമ്മ പറഞ്ഞു. (മുസ്‌നദ് അഹ്മദ്: 4/127) ഇബ്‌നു ഹിബ്ബാന്‍ ഉദ്ദരിക്കുന്ന മറ്റൊരു ഹദീസില്‍ ആമിനാ ബീബി(റ)യില്‍നിന്നും ഹലീമ ബീബി(റ) പറയുന്നു. തീര്‍ച്ചയായും എന്റെ മകന് പ്രത്യേകതയുണ്ട്. ഗര്‍ഭംചുമന്നപ്പോള്‍ അതിന്റെ പ്രയാസങ്ങള്‍ എനിക്കില്ലായിരുന്നു. ഗര്‍ഭകാലത്ത് പ്രത്യേകം ബര്‍ക്കത്ത് എനിക്ക് ലഭിക്കുമായിരുന്നു. പ്രസവ സമയത്ത് പ്രത്യക്ഷപ്പെട്ട ഒരു പ്രകാശത്തില്‍ ബുസ്‌റയിലെ ഒട്ടകങ്ങള്‍ എനിക്ക് വഴിപ്പെടുന്നതു ഞാന്‍ കണ്ടു. കുട്ടിയെ നിലത്തു വെച്ചപ്പോള്‍ സാധാരണ കുട്ടികളെ പോലെയല്ല, രണ്ട് കൈകള്‍ നിലത്ത് ഊന്നി തല ആകാശത്തേക്ക് ഉയര്‍ത്തിയതായി എനിക്ക് കാണാന്‍ കഴിഞ്ഞു. ഉദ്ദൃത ഹദീസുകളില്‍ പ്രകാശത്തില്‍ പ്രകടമായ കൊട്ടാരങ്ങളുടെ വിവരണമാണുള്ളതെങ്കില്‍ മറ്റുപല റിപ്പോര്‍ട്ടിലും കിഴക്കുപടിഞ്ഞാര്‍ ചക്രവാളങ്ങള്‍വരെ കാണാന്‍ കഴിഞ്ഞു എന്നുണ്ട്. ഇബ്‌നു സഅദും ഇബ്‌നു അസാകീറും ഇബ്‌നു അബ്ബാസ്(റ)വില്‍നിന്നും ഉദ്ദരിക്കുന്ന റിപ്പോര്‍ട്ടില്‍ ആമിന(റ) പറയുന്നു: എന്റെ മകന്‍ മുഹമ്മദ്(സ്വ) എന്നില്‍നിന്ന് വിട്ടുപിരിഞ്ഞപ്പോള്‍ പുറപ്പെട്ട പ്രകാശത്തില്‍ കിഴക്കുപടിഞ്ഞാറിന്റെ ഇടയിലുള്ളത് മുഴുവന്‍ എനിക്ക് വെളിപ്പെടുകയുണ്ടായി. തിരുനബി(സ്വ)യോട് തന്നെ ജനനത്തിന്റെ പ്രാരംഭവും അനുബന്ധ കാര്യങ്ങളും അേന്വഷിക്കുന്ന അബൂ ഉമാമയോട് പറയുന്ന മറുപടി ഇമാം അഹ് മദും ഇബ്‌നു സഅദും കൊണ്ടുവരുന്നുണ്ട്. അതില്‍ അല്‍പ്പംകൂടി വിശദീകരണമുണ്ട്. അബൂ ഉമാമ ചോദിച്ചു: യാ റസൂലുല്ലാ, അങ്ങയുടെ കാര്യങ്ങളുടെ തുടക്കം എങ്ങനെയായിരുന്നു? തിരുനബി(സ്വ) പറഞ്ഞു: ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ത്ഥനയും ഈസാ നബി(അ)യുടെ സന്തോഷ സുവിശേഷവുമാണ് ഞാന്‍. എന്റെ പ്രസവസമയത്ത് മാതാവിനു വെളിപ്പെട്ട പ്രകാശത്തില്‍ ശാമിലെ കൊട്ടാരങ്ങള്‍ കാണാന്‍ സാധ്യമായി. (മുസ്‌നദ് അഹമദ്: 5/262) ഇബ്‌നു സഅദ്, മുഹമ്മദുല്‍ അസ്‌ലമിയില്‍നിന്നും ഉദ്ദരിക്കുന്ന വിവരണത്തില്‍ ആമിനാ ബീബി(റ)ക്ക് ഉണ്ടായ പ്രകാശ പ്രത്യക്ഷപ്പെടല്‍ പറഞ്ഞ ശേഷം കുഞ്ഞ് മുട്ടുകുത്തി, ഇരു കൈകളും ഭൂമിയില്‍ ഊന്നി, പിന്നീട് ഒരു പിടിമണ്ണു വാരി, തല ആകാശത്തിലേക്ക് ഉയര്‍ത്തി, അപ്പോഴുണ്ടായ പ്രകാശത്തില്‍ ശാമും അവിടുത്തെ അങ്ങാടികളും ബുസ്‌റയിലെ ഒട്ടകങ്ങളുടെ പിരടികളുംവരെ ഞാന്‍ കണ്ടു എന്ന് പറയുന്നുണ്ട്. സവിശേഷവും പ്രത്യേകത നിറഞ്ഞതുമായിരുന്നു തിരുജന്മമെന്ന് ഓരോ വിവരണവും അറിയിക്കുന്നു. അസാധാരണമായ പ്രസവരംഗങ്ങളാണ് മാതാവ് ആമിനാ ബീബി(റ)ക്ക് അനുഭവപ്പെട്ടത്. ഗര്‍ഭസമയത്തെ പ്രയാസങ്ങള്‍ ഉണ്ടാകാത്തപോലെ പ്രസവ പ്രയാസങ്ങളും സഹിക്കേണ്ടിവന്നിട്ടില്ല. പ്രസവത്തോടൊപ്പം വരാനിരിക്കുന്ന ഉയര്‍ച്ചയും വളര്‍ച്ചയും സൂചിപ്പിക്കുന്ന രംഗങ്ങളായിരുന്നു അവിടെ ഉണ്ടായത്. ശാമിലെ കൊട്ടാരങ്ങള്‍ ആ പ്രകാശത്തില്‍ വെളിപ്പെട്ടതിന്റെ ഉള്‍സാരം അവിടങ്ങളെല്ലാം തിരുനബി(സ്വ)ക്ക് കീഴില്‍ വരുമെന്നാണെന്നു പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ശാമിനെ കാണിച്ചതില്‍ മറ്റൊരു പ്രത്യേകതകൂടി ഉണ്ട്. പൂര്‍വ്വ വേദങ്ങളില്‍ തിരുനബി(സ്വ)യുടെ ജന്മസ്ഥലം മക്കയാണെന്നും യാത്രപോവുക യസ്‌രിബിലേക്കാണെന്നും ശാമ് കീഴടക്കുമെന്നുമുണ്ട്. ഇതിലെ ശാമിനെ ഇപ്പോള്‍തന്നെ സൂചനയായി കാണിക്കുകയായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ശാമിനെ ജയിച്ചടക്കുക അത്ര എളുപ്പമുള്ള പ്രതീക്ഷയല്ല. എന്നാല്‍, വേദഗ്രന്ഥങ്ങളില്‍ അവിടെ ജയിച്ചടക്കുന്ന പ്രവാചകനാണ് ഇനി വരാനുള്ളതെന്ന് വിവരിച്ചതുമാണ്. ആ പ്രവചനത്തിനു ബലം നല്‍കുന്നതാണ് ഈ പ്രകാശത്തിലെ പ്രത്യക്ഷപ്പെടല്‍ എന്നതും ഈ ജനിക്കുന്ന കുട്ടി തന്നെയാണ് വരാനിരിക്കുന്ന പ്രവാചകരാവാനുള്ള ആളെന്നതും തെളിയിക്കുകയും ബോധ്യപ്പെടുത്തുകയുമാണ് പ്രസവസമയം തന്നെ. ഈ ശാമിനെ വിശദമായി വിവരിക്കുന്ന ഗ്രന്ഥരചനതന്നെ പില്‍ക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഹാഫില്‍ മുന്‍ദിര്‍(റ)വിന്റെ അത്തര്‍ഗീബ് വത്തര്‍ഹീബില്‍ ശാമിന്റെ ശ്രേഷ്ടതയും പ്രത്യേകതയും കൂടുതല്‍ വിവരിക്കുന്നുണ്ട്. (സുബുലുല്‍ഹുദ: 1/ 412) ശാമിനെ കാണിച്ചതിന്റെ മറ്റൊരു വിശദീകരണം നിര്‍ജീവമായ എല്ലാ ഇടങ്ങളും തിരുനബി(സ്വ) ജീവസ്സുറ്റതാക്കുമെന്നാണെന്ന് ചില പണ്ഡിതര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ശിര്‍ക്കിന്റെ ഇരുളുകള്‍ നീങ്ങുന്നതും ഹിദായത്തിന്റെ വെളിച്ചം പ്രത്യക്ഷപ്പെടുന്നതുമാണ് ഇതിനാല്‍ ലക്ഷ്യമെന്ന് എല്ലാ വിവരണങ്ങളുടെയും ചുരുക്കം മനസ്സിലാക്കാം. (സുബ്‌ലുല്‍ഹുദ: 1/413) പ്രസവസമയത്തെ പ്രകാശം വെളിപ്പെടലും മറ്റ് അത്ഭുതങ്ങളും പ്രസിദ്ധവും അന്നു പ്രചാരംസിദ്ധിച്ചതുമായിരുന്നുവെന്നതിന് അബ്ബാസ്(റ) തിരുനബി(സ്വ)യെ പ്രശംസിച്ച് പാടുന്ന ഒരു കവിത വ്യക്തമാക്കുന്നുണ്ട്. ആ കവിതയില്‍ ഉദ്ധൃത സംഭവങ്ങളിലേക്കെല്ലാം വിരല്‍ചൂണ്ടുന്നുണ്ട്. പ്രകാശം പുറപ്പെട്ടതും പ്രാകശത്തില്‍ പ്രത്യക്ഷപ്പെട്ട് കണ്ടതുമായ കാര്യങ്ങളെപ്പോലെ ഭൂമിയില്‍ മുട്ടുകുത്തി നിന്നതും ഇരു കരങ്ങളും ഊന്നിയതും ഒരുപിടി മണ്ണു വാരിയെടുത്തതുമെല്ലാം ധാരാളം റിപ്പോര്‍ട്ടുകളില്‍ വരുന്നുണ്ട്. ഇതിലെ ഓരോ പ്രവൃത്തിയെയും വെവ്വേറെ വ്യാഖ്യാനിച്ച പണ്ഡിതരുമുണ്ട്.

Other Post