തിരുനബി(സ്വ)ക്ക് മുലയൂട്ടിയ വനിതകള്‍
തിരുനബി(സ്വ)യുടെ ജീവിതവുമായി ബന്ധപ്പെട്ട ഏതു കാര്യത്തെയും പ്രാധാന്യപൂര്‍വ്വം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ ജനനശേഷം മുലയൂട്ടിയവര്‍ ആരൊക്കെയാണ് എന്ന് ചരിത്രം പരിശോധിച്ചിട്ടുണ്ട്. 'പത്ത് സ്ത്രീകള്‍ തിരുനബി(സ്വ)ക്ക് മുലകൊടുത്തിട്ടുണ്ടത്രെ' (സുബുലുല്‍ ഹുദ: 1: 457). അവരുടെ ചരിത്രവിവരണം സ്വതന്ത്രമായി സമാഹരിച്ച ഗ്രന്ഥങ്ങളുണ്ട്. യൂസുഫു ശാമി ഹ്രസ്വമായ അവതരണത്തിലൂടെ അവരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. മുലയൂട്ടിയവരില്‍ ആദ്യവനിത തിരുനബിയുടെ ഉമ്മ ആമിനബീബി(റ) തന്നെയാണ്. സ്വാഹിബുല്‍ മൗരിദും ഗുററും മറ്റുപല പണ്ഡിതരും വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസമാണ് ഉമ്മ മുലയൂട്ടിയത്. രണ്ടാമത്തെ സഹോദരി സുവൈബയാണ്. മഹതിയുടെ ഇസ്‌ലാം സ്വീകരിക്കലുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നത ചരിത്രപണ്ഡിതര്‍ക്കിടയിലുണ്ട്. ഭൂരിഭാഗം പണ്ഡിതരും വിശ്വസിച്ചിട്ടില്ല എന്ന അഭിപ്രായത്തെയാണ് പ്രഭലമാക്കുന്നത്. അബൂനുഐം ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇബ്‌നു മുന്ദത് എന്ന മഹാനല്ലാതെ മഹതിയുടെ വിശ്വാസത്തെ പറഞ്ഞ വേറെ ഒരാളെയും അറിയില്ല’എന്ന് പറയുന്നുണ്ട്. എന്നാല്‍, ഇബ്‌നു സഅദിന്റെ ത്വബഖാത്തില്‍നിന്നും തിരുനബി(സ്വ) മുലകൊടുത്തവര്‍ എന്ന അധ്യായം വിവരിക്കുമ്പോള്‍ മഹതി വിശ്വസിച്ചിട്ടില്ല എന്ന് അറിയിക്കുന്ന നിലക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ, ഇബ്‌നു മുന്ദയുടെ അഭിപ്രായത്തെ തള്ളാന്‍മാത്രം ഈ അഭിപ്രായം മതിയാകില്ല എന്ന് പറഞ്ഞവരുണ്ട്. ഇബ്‌നു ജൗസിയുടെ അഭിപ്രായത്തിലും വിശ്വാസിയായതായി അറിയില്ല എന്നാണുള്ളത്. സുവൈബതുല്‍ അസ്‌ലമി എന്ന മഹതി തിരുനബി(സ്വ)ക്ക് മുലയൂട്ടിയത് ഹലീമതുസഅദിയ്യ എന്ന സ്ത്രീ വരുന്നത് വരെയാണ്. സുവൈബ മുമ്പ് ഹംസ(റ)വിനും മുലകൊടുത്തിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ അബൂലഹബ് മോചിപ്പിച്ച അദ്ദേഹത്തിന്റെ അടിമയായിരുന്ന സൂവൈബതുല്‍ അസ് ലമിയാണ് ഈ മഹതി. ബുഖാരിയും അബ്ദുറസാഖും മറ്റുപല പ്രമുഖരും ഉദ്ധരിച്ച, തിരുനബി(സ്വ)യുടെ ജനന സന്തോഷവാര്‍ത്ത അറിയിച്ചതിനെ തുടര്‍ന്ന് അബൂലഹബ് തന്റെ അടിമയെ മോചിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച ദിവസം ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ കാരണമായ സുവൈബതുല്‍ അസ്‌ലമി എന്ന അടിമസ്ത്രീ. മൂന്നാമതായി തിരുനബി(സ്വ)ക്ക് മുലയൂട്ടിയ സ്ത്രീ ബനൂസഅദ് ഗോത്രത്തില്‍ പെട്ട ഒരു മഹതിയാണ്. ആ ഗോത്രത്തില്‍നിന്നും അറിയപ്പെട്ട ഹലീമയല്ലാത്ത മറ്റൊരു സ്ത്രീയാണ് ഇത് (ത്വബഖാത്ത് ഇബ്‌നു സഅദ്: 68:1). നാലാമത്തെ വനിത ഖൗലബിന്‍ത് മുന്ദിര്‍ എന്ന മഹതിയാണ്. പക്ഷേ, മഹതി തിരുനബി(സ്വ)ക്ക് മുലയൂട്ടിയതില്‍ അഭിപ്രായവ്യത്യാസം പണ്ഡിതര്‍ക്കുണ്ട്. തിരുനബി(സ്വ)യുടെ മകന്‍ ഇബ്‌റാഹീം എന്ന കുട്ടിക്കാണ് മഹതി മുലകൊടുത്തതെന്നതാണ് വസ്തുത എന്ന് ഇബ്‌നു സഅദും അബൂഅംറും മറ്റും ഉദ്ധരിക്കുകയും അല്‍ ഇസ്വാബയില്‍ അങ്ങനെത്തന്നെ വ്യക്തമാക്കി പറയുകയും ചെയ്തിട്ടുണ്ട്. (അല്‍ ഇസ്വാബ: 87:76). എന്നാല്‍, ഈ വിഷയത്തില്‍ ഖാസി ഇസ്സുദ്ദീന്‍ ബ്‌നു ജമാഅ ഉണര്‍ത്തുന്നതുവരെ ആരും തിരുത്തിയിട്ടില്ലത്രെ. അദ്ദേഹമാണ്, ഖൗല എന്ന വനിത മകന്‍ ഇബ്‌റാഹീം എന്ന കുട്ടിക്കാണ് മുലകൊടുത്തത്, തിരുനബി(സ്വ)ക്ക് അല്ല എന്നു വ്യക്തമാക്കുകയും മകന്‍ എന്ന് പറയാതെവന്ന എഴുത്ത് ഇബ്‌നു അമീനിനു വന്ന പിഴവാണെന്ന് തിരുത്തുകയും ചെയ്തത്. ഉമ്മു ഐമന്‍ ബറക എന്ന മഹതിയാണ് അഞ്ചാമത്തേത്. ഇമാം ഖുര്‍ത്വുബി മഹതിയെ ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍, തിരുനബി(സ്വ)യെ പോറ്റിവളര്‍ത്തിയ സഹോദിമാരിലാണ് ബറകത് എന്ന സ്ത്രീ ഉള്ളതെന്നാണ് പ്രബലം. ആറ്, ഏഴ്, എട്ട് വനിതകള്‍ ബനൂസുലൈം ഗോത്രത്തില്‍നിന്നുള്ള സ്ത്രീകളാണ്. ബനൂസുലൈമിലെ മൂന്ന് സഹോദരിമാരുടെ അടുക്കലൂടെ കുട്ടിയായിരിക്കുന്ന തിരുനബി(സ്വ)യെ കൊണ്ടുപോകുംനേരം അവര്‍ക്ക് മുലയൂട്ടാന്‍ ഭാഗ്യംലഭിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. (സുബുലുല്‍ഹുദ: 1:460) ഒമ്പതാമത്തെ വനിത ഉമ്മുഫര്‍വത് എന്ന സഹോദരിയാണ്. ഇമാം മുസ്തഗ്ഫരി ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പത്താമത്തെ, തിരുനബി(സ്വ)ക്ക് മുലയൂട്ടിയ വനിത ഹലീമത്തു സഅദിയ്യ എന്ന സ്ത്രീയാണ്. ചരിത്രത്തില്‍ ഏറെ പ്രസിദ്ധമായ സ്ത്രീ കൂടിയാണ് മഹതി. ഉമ്മുകബ്ശ എന്ന വിളിപ്പേരിലാണ് മഹതി അറിയപ്പെടുന്നതെന്ന് ഇമാം നവവി(റ) വിവരിച്ചിട്ടുണ്ട്. മഹതിയുടെ പക്കലായിരിക്കുമ്പോഴാണ് തിരുനബി(സ്വ)യുടെ നെഞ്ചു കീറിയ സംഭവമടക്കമുള്ള പലതും ഉണ്ടാവുന്നത്. സന്ദര്‍ഭോചിതമായി അവയെല്ലാം വിവരിക്കാം. ചുരുക്കത്തില്‍, പരിശുദ്ധ റസൂലിനു മുലകുടിബന്ധത്തിലൂടെയുള്ള മാതാക്കള്‍ ആരാണെന്നും അവര്‍ എത്രപേരുണ്ടെന്നും അതിലൂടെ മുലകുടി സഹോദര, സഹോദരിമാരായി വരുന്നവര്‍ ആരൊക്കെയാണെന്നും സുവ്യക്തമായി ചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവരുടെ പൂര്‍ണ വിവരങ്ങള്‍ പഠനവിധേയമാക്കിയ രചനകളും അന്വേഷണ റിപ്പോര്‍ട്ടുകളും ലഭ്യമാണെന്നത് ഏതു വിധേനയും ഒരു സംശയത്തിനും വകതരാത്തവിധം പരിശുദ്ധരും സമ്പൂര്‍ണരുമാണ് തിരുനബി(സ്വ) എന്ന് മാനവ കുലത്തിനെ ബോധ്യപ്പെടുത്തല്‍ കൂടി ഇതിലൂടെ അല്ലാഹു ലക്ഷ്യമാക്കുന്നു. മൂന്നു സ്ത്രീകളുടെ അടുക്കലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്ക് മുലകൊടുക്കാന്‍ ഭാഗ്യമുണ്ടായ അപൂര്‍വ്വ സംഭവംപോലും ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തിവെച്ചതും പില്‍ക്കാലത്ത് കൃത്യമായ പരമ്പരയിലൂടെ അത് ഉദ്ധരിച്ചുവന്നതും അതുകൊണ്ടാണല്ലോ.