Sunni Afkaar Weekly

Pages

Search

Search Previous Issue

സ്വന്തം തുപ്പുനീര് വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?

എം.എ. ജലീല്‍ സഖാഫി പുല്ലാര
സ്വന്തം തുപ്പുനീര് വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?

പുണ്യറമളാനിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ നോമ്പ്. അല്ലാഹു അടിമകളുടെ സര്‍വ്വ പാപങ്ങളെയും പൊറുപ്പിക്കുന്നതാണ് നോമ്പ്. ഈ വസ്തുത സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്. നോമ്പ് സ്വഹീഹാകുമ്പോഴാണ് ഈ ഓഫര്‍ ലഭ്യമാവുക. കര്‍മശാസത്ര പണ്ഡിതര്‍ വിവരിച്ച നിബന്ധനകള്‍ പാലിച്ചുള്ള നോമ്പിനാണ് സ്വീകാര്യതയുള്ളത്. നോമ്പിനു രണ്ടു ഫര്‍ളുണ്ട്. ഒന്ന്: എല്ലാ ദിവസവും രാത്രി നിയ്യത്ത് ചെയ്യല്‍. രണ്ട്: നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കല്‍. നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ചോേദ്യാത്തര ശൈലിയില്‍ വിവരിക്കാം. ? നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ഏതെല്ലാം? = തുറക്കപ്പെട്ട ദ്വാരത്തിലൂടെ തടിയുള്ള വസ്തു ഉള്ളിലേക്ക് പ്രവേശിക്കല്‍, സംയോഗം ചെയ്യല്‍ (അത് ഉറയോടുകൂടെയാണെങ്കിലും അല്ലെങ്കിലും നോമ്പ് മുറിയും), മറ്റു രീതിയില്‍ സ്ഖലിപ്പിക്കല്‍, ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍ എന്നിവയാണ് നോമ്പ് മുറിയുന്ന കാര്യങ്ങള്‍. ? സ്വന്തം തുപ്പുനീര് വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ? = മുറിയുന്ന രൂപവും മുറിയാത്ത രൂപവും ഉണ്ട്. വായയിലുള്ള തനിച്ച തുപ്പുനീര് വിഴുങ്ങിയാല്‍ നോമ്പ് മുറിയില്ല. അതേസമയം, വായയുടെ പുറത്തേക്ക് വന്ന (ഉദാ: ചുണ്ടിന്റെ പുറംഭാഗം) തുപ്പുനീര് അകത്തേക്കാക്കി വിഴുങ്ങിയാല്‍ നോമ്പ് മുറിയും. തുപ്പുമ്പോള്‍ ചുണ്ടില്‍ തുപ്പുനീരാകും. അത് തുടച്ചു മാറ്റണം. അത് അകത്തേക്കാവാന്‍ ഇടവരരുത്. പകര്‍ച്ചയായ തുപ്പുനീര് വിഴുങ്ങിയാലും നോമ്പ് മുറിയും. എന്നാല്‍, പല്ലിന്റെ ഇടയില്‍നിന്ന് രക്തം പൊടിയുന്ന രോഗിക്ക് വിട്ടുവീഴ്ചയുണ്ട്. (തുഹ്ഫ) ? നോമ്പുകാരനു കണ്ണില്‍ സുറുമ ഇടാമോ? =സുറുമയിടുന്നതുകൊണ്ട് നോമ്പ് മുറിയില്ല. അതിന്റെ രുചി തൊണ്ടയില്‍ എത്തിയാലും നോമ്പു മുറിയില്ല. എന്നാല്‍, നോമ്പുകാരന്‍ സുറുമ ഇടാതിരിക്കല്‍ സുന്നത്താണ്. ? കണ്ണില്‍ മരുന്നുറ്റിച്ചാല്‍ നോമ്പ് മുറിയുമോ? = നോമ്പ് മുറിയില്ല. അതിന്റെ രുചി തൊണ്ടയില്‍ എത്തിയാലും മുറിയില്ല. (മഹല്ലി: 2/56, തുഹ്ഫ: 3/403). ? കഫം വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ = ഉള്ളില്‍നിന്നു വരുന്ന കഫം വായയുടെ ബാഹ്യഭാഗത്തെത്തി. തുപ്പിക്കളയാന്‍ സൗകര്യപ്പെട്ടിട്ടും തുപ്പാതെ വിഴുങ്ങിയതെങ്കില്‍ നോമ്പ് മുറിയുന്നതാണ്. തൊണ്ടയുടെ നടുവാണ് വായയുടെ ബാഹ്യഭാഗം. നിസ്‌കരിച്ചുകൊണ്ടിരിക്കെ തലച്ചോറില്‍നിന്ന് ഇറങ്ങിവന്ന കഫം തൊണ്ടയുടെ നടുവിലെത്തിയാല്‍ രണ്ടോ കൂടുതലോ അക്ഷരത്തില്‍ വേണ്ടിവന്നാലും കാറി പുറത്തെടുത്ത് തുപ്പിക്കളയണം. ഈ അക്ഷരങ്ങള്‍ വെളിവായതുകാരണം നിസ്‌കാരം ബാത്വിലാവുന്നില്ല. പ്രസ്തുത കഫം വിഴുങ്ങിയാല്‍ നിസ്‌കാരവും നോമ്പും ബാത്വിലാവും. (തുഹ്ഫ: 3/400). ? ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ പെട്ടതാണല്ലോ. എന്നാല്‍, ഒരാള്‍ നാവ് ഉരച്ച് അണ്ണാക്കില്‍ തട്ടുമ്പോള്‍ തികട്ടിവരുന്നത് ഉണ്ടാക്കി ഛര്‍ദ്ദിക്കലാണോ? =അതേ, ഉണ്ടാക്കി ഛര്‍ദ്ദിക്കലാണ്. അതുകൊണ്ടുതന്നെ മിസ്‌വാക്ക് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉണ്ടാക്കി ഛര്‍ദ്ദിക്കലുണ്ടായാല്‍ നോമ്പ് നഷ്ടപ്പെടും. (തുഹ്ഫ: 3/398) ഒരാള്‍ രാത്രിയില്‍ നൂലിന്റെ കുറേ ഭാഗം വിഴുങ്ങി. ബാക്കി ഭാഗം പുറത്തുകിടന്നു. പുലര്‍ന്നപ്പോള്‍ നൂല്‍ അകത്തും പുറത്തുമായി കിടക്കുന്നു. മുഴുവന്‍ വിഴുങ്ങിയാല്‍ പുറത്തുള്ളത് അകത്താക്കിയ വകയില്‍ നോമ്പ് മുറിയും. അകത്തുള്ളതുകൂടി വലിച്ചെടുത്താല്‍ ഉണ്ടാക്കി ഛര്‍ദ്ദിച്ച വകയില്‍ നോമ്പ് മുറിഞ്ഞു. ഒന്നും ചെയ്യാതെ വച്ചാല്‍ നിസ്‌കാരം ബാത്വിലാവുകയും ചെയ്യും. കാരണം, നൂലിന്റെ ഒരറ്റം നജസിലാണല്ലോ. ഈയൊരവസരത്തില്‍ നോമ്പിനും നിസ്‌കാരത്തിനും നൂലിനും കേടുകൂടാതെ രക്ഷപ്പെടണമെങ്കില്‍ മറ്റൊരാള്‍ ഇടപെടണം. നൂല്‍ വിഴുങ്ങിയ വ്യക്തിയെ മറ്റെന്തെങ്കിലും വിഷയത്തില്‍ ശ്രദ്ധ തെറ്റിച്ചു യാദൃച്ഛികമായി രണ്ടാമന്‍ നൂല്‍ വലിച്ചെടുക്കുക. എങ്കില്‍ നോമ്പു മുറിയില്ല. രണ്ടുപേരും ഒത്തുകളിച്ചാല്‍ നോമ്പ് മുറിയും. മറ്റൊരു മാര്‍ഗമുള്ളത് വായയുടെ ബാഹ്യഭാഗത്തുള്ളത് വിഴുങ്ങിയവനു കേടുപറ്റാതെ നൂല്‍ മുറിച്ചുകളയുക എന്നാണ്. അകത്തുള്ളത് അകത്തും പുറത്തുള്ളത് പുറത്തുമാകയാല്‍ നോമ്പും നിസ്‌കാരവും രക്ഷപ്പെട്ടു. വലിച്ചെടുക്കുന്ന പ്രശ്‌നമുദിക്കുന്നത് നൂല്‍ മുറിച്ചെടുക്കാന്‍ സംവിധാനമില്ലെങ്കിലാണ്. ഈ പറഞ്ഞതിനൊന്നും സാധിക്കുന്നില്ലെങ്കില്‍ മുഴുവനും വിഴുങ്ങുകയോ വലിച്ചെടുക്കുകയോ ചെയ്യാം. നോമ്പ് ഖളാ വീട്ടേണ്ടിവരും. (ശര്‍വാനി: 3/399) നോമ്പുകാരന്റെ ഇഞ്ചക്ഷന്‍ ? ഇഞ്ചക്ഷന്‍, ഗ്ലൂക്കോസ് തുടങ്ങിയവ കയറ്റുന്നതുകൊണ്ട് നോമ്പ് മുറിയുമോ? = മുറിയില്ല. ശരീരത്തിന്റെ ഉള്‍ഭാഗം (ജൗഫ്) എന്ന് പേര്‍ പറയുന്നിടത്ത് തടിയുള്ള വല്ല വസ്തുക്കളും പ്രവേശിക്കുന്നതുകൊണ്ടാണ് നോമ്പ് മുറിയുക. ഇതു വായ, മൂക്ക്, ചെവി, മലമൂത്ര ദ്വാരം, മുലക്കണ്ണ് എന്നീ തുറക്കപ്പെട്ട ദ്വാരത്തിലൂടെ പ്രവേശിക്കുകയും വേണം. അതുപോലെ തലച്ചോറ്, വയറ്, ആമാശയം പോലുള്ള ഉള്‍ഭാഗത്തേക്ക് വല്ല വസ്തുക്കളും കുത്തിക്കയറ്റിയാല്‍ നോമ്പ് മുറിയും. (തുഹ്ഫ: 3/401-403) ഞരമ്പിലേക്കോ മാംസപേശിയിലേക്കോ ഇഞ്ചക്ഷന്‍ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടില്ല. അതുകൊണ്ട് തന്നെ ഇഞ്ചക്ഷന്‍ മസിലിലേക്കായാലും ഞരമ്പിലേക്കായാലും നോമ്പ് മുറിയില്ല. തെളിവ്, ഒന്ന്: ഫസ്ദ്’(കൊത്തിക്കല്‍) കൊണ്ട് നോമ്പ് മുറിയില്ലെന്നു മിക്ക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട്. ഇത് അവിതര്‍ക്കിതമാണെന്ന് തുഹ്ഫ: 3/411ലും പറയുന്നു. ഫസ്ദ് എന്നു പറഞ്ഞാല്‍ ഞരമ്പ് മുറിക്കലാണെന്ന് അറബി ഭാഷാ നിഘണ്ടുവില്‍ കാണാം. (മുഖ്താറുസ്സ്വഹാഹ്: 11/211, ലിസാനുല്‍ അറബ്: 3/336 എന്നിവ ഉദാഹരണങ്ങളാണ്.) ഇപ്രകാരംതന്നെയാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലുള്ളത്. ആവശ്യമില്ലാതെ ഫസ്ദ് പാടില്ലെന്നും കൊമ്പുവെപ്പിക്കലാകാമെന്നും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞതിനു തെളിവായി ഇമാം മാവറദി(റ), ഇമാം റൂയാനി(റ) എന്നിവരെ ഉദ്ധരിച്ച് കൊണ്ട് ഇമാം റംലി(റ) നിഹായയില്‍ പറയുന്നു. ഞരമ്പ് മുറിക്കല്‍ രോഗത്തെ ഉണ്ടാക്കുമെന്നും കൊമ്പുവെപ്പിക്കലാണ് ഉത്തമമെന്നുമുള്ള ഹദീസിനു വേണ്ടിയാണിത്. (ഹാശിയതുശ്ശര്‍വാനി: 5/87) ഞരമ്പ് മുറിക്കുമ്പോള്‍ മുറിക്കുവാന്‍ ഉപയോഗിക്കുന്ന ആയുധം ഞരമ്പിന്റെ ഉള്ളിലേക്ക് എത്തുമെന്നതു തീര്‍ച്ചയാണ്. ഇതില്‍നിന്ന് ഞരമ്പിന്റെ ഉള്ള് നോമ്പ് മുറിയുന്നതിനു പറഞ്ഞ ജൗഫായി പരിഗണിച്ചിട്ടില്ലെന്നു വ്യക്തമാകുന്നു. തെളിവ്, രണ്ട്: ഇമാം അര്‍ദബീലി(റ) പറയുന്നു: 'ഫസ്ദും കൊമ്പുവെക്കലും നടത്തിയ സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് അവയുടെ ഉള്ളിലേക്ക് ചേരുകയും ചെയ്താലും നോമ്പ് മുറിയില്ല.' (അന്‍വാര്‍: 1/160) ഞരമ്പ് മുറിച്ച സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് ഞരമ്പിന്റെ ഉള്ളിലേക്ക് ചേരുകയും ചെയ്താല്‍ നോമ്പ് മുറിയില്ലെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം. ഇതുപോലെത്തന്നെയാണല്ലോ ഇഞ്ചക്ഷനും ഗ്ലൂക്കോസും. തെളിവ്, മൂന്ന്: ഇമാം ഇംറാനി(റ) എഴുതുന്നു: 'ഒരാളുടെ കാലിന്റെ തുടയില്‍ കത്തി പോലോത്തതുകൊണ്ട് കുത്തിയാല്‍ അത് എല്ല് വരെ എത്തിയാലും ഇല്ലെങ്കിലും നോമ്പ് മുറിയില്ല. ജൗഫി(ഉള്ള്)ലേക്ക് ചേരുന്നില്ല എന്നതാണു കാരണം.'”(ഇംറാനി(റ)യുടെ അല്‍ ബയാന്‍: 3/503.) ? നോമ്പിന്റെ പകലില്‍ പ്രമേഹം പരിശോധിക്കാന്‍ വേണ്ടി രക്തമെടുത്താല്‍ നോമ്പ് മുറിയുമോ? =ഇല്ല, മുകളിലെ മറുപടിയില്‍നിന്നുതന്നെ ഇതു സുതരാം വ്യക്തമാണല്ലോ. ? തന്റെ അറിവു കൂടാതെ ഈച്ച വായില്‍ പ്രവേശിച്ചാല്‍ എന്തു ചെയ്യും? = തൊണ്ട വിട്ട് ഇറങ്ങിയാല്‍ ഒന്നും ചെയ്യാനില്ല. അതുകൊണ്ട് നോമ്പ് മുറിയില്ല. പക്ഷേ, അതിനെ പുറത്തെടുക്കല്‍ ഉണ്ടാക്കി ഛര്‍ദ്ദിക്കലാണ്. അതുമൂലം നോമ്പ് മുറിയും. (തുഹ്ഫ: 3/403) ? വഴിയിലുള്ള പൊടിപടലങ്ങള്‍ ഉള്ളിലേക്കു കടന്നാല്‍ നോമ്പ് മുറിയുമോ? =മുറിയില്ല. ഇവകളെ തൊട്ട് സൂക്ഷിക്കല്‍ ബുദ്ധിമുട്ടാണ് എന്ന കാര്യം പരിഗണിച്ചു വന്ന ഇളവാണിത്. (തുഹ്ഫ: 3/403). വായു, രുചി, പുക പോലുള്ളത് തടിയുള്ളതായി ഗണിക്കപ്പെടുന്നവയല്ല. സൂക്ഷ്മ നിരീക്ഷണത്തില്‍ പുകക്ക് തടിയുണ്ടെന്നു വന്നാല്‍ തന്നെ അതുകൊണ്ട് നോമ്പ് മുറിയില്ല. സാധാരണ തടിയുള്ളതായി ഗണിക്കപ്പെടുന്നതല്ലെന്നതുതന്നെ കാരണം. (തുഹ്ഫ: 3/401) പുകവലി മൂലം നോമ്പ് മുറിയുമെന്ന് പറയേണ്ടതില്ലല്ലോ. മുകളില്‍ പറഞ്ഞ പുക കൊണ്ടുള്ള ഉദ്ദേശ്യം പുകവലിയല്ല, സാധാരണ പുകയാണ്. ? വുളൂഇല്‍ വായില്‍ വെള്ളം കൊപ്ലിക്കുന്ന വേളയില്‍ വെള്ളം അകത്തേക്കു പ്രവേശിച്ചാല്‍ നോമ്പ് മുറിയുമോ? =വായില്‍ വെള്ളം കൊപ്ലിക്കല്‍, മൂക്കില്‍ വെള്ളം കയറ്റിചീറ്റല്‍ എന്നിവയില്‍ അമിതമാക്കല്‍ കാരണം വെള്ളം അകത്തു പ്രവേശിച്ചാല്‍ നോമ്പ് മുറിയും. അതുതന്നെ നോമ്പുകാരന്‍ എന്ന ബോധത്തോടെയും അറിവോടെയുമാണെങ്കില്‍. നോമ്പുകാരന്‍ വായില്‍ വെള്ളം കൊപ്ലിക്കുമ്പോഴും മൂക്കില്‍ വെള്ളം കയറ്റുമ്പോഴും അമിതമാക്കല്‍ സുന്നത്തില്ല. നിര്‍ബന്ധമോ സുന്നത്തോ ആയ കാര്യത്തിനു വേണ്ടി വിരോധമില്ലാത്ത രീതിയില്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ അത് ഉള്ളിലേക്കു മുന്‍കടന്നാല്‍ നോമ്പു മുറിയില്ലെന്നു മദ്ഹബില്‍ സ്ഥിരപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ വുളൂഇല്‍ വായില്‍ വെള്ളം കൊപ്ലിക്കുമ്പോള്‍ വെള്ളം മുന്‍കടന്നാല്‍ നോമ്പ് മുറിയില്ല. കാരണം, ഇതു ശര്‍അ് നിര്‍ദ്ദേശിക്കുന്ന കാര്യമാണ്. അതേസമയം, വുളൂഇല്‍ നാലാം പ്രാവശ്യം വായില്‍ വെള്ളം കൊപ്ലിച്ചപ്പോഴാണ് വെള്ളം മുന്‍കടന്നതെങ്കില്‍ അമിതമാക്കലില്ലെങ്കിലും നോമ്പ് മുറിയും. കാരണം, നാലാം പ്രാവശ്യത്തെ പ്രസ്തുത കര്‍മ്മം ശര്‍ഇല്‍ നിര്‍ദ്ദേശമില്ലല്ലോ. അതുപോലെതന്നെ തണുപ്പകറ്റാനുള്ള കുളിയില്‍ അതു വെള്ളം കോരി കുളിച്ചാലും മുങ്ങിക്കുളിച്ചാലും ശരി, വെള്ളം ഉള്ളിലേക്ക് മുന്‍കടന്നാല്‍ നോമ്പ് മുറിയും. കാരണം, ചെയ്യണമെന്ന് ശര്‍ഇല്‍ തേട്ടമില്ലാത്ത കുളിയാണിത്. (കുര്‍ദി 2/175 നോക്കുക) ? വലിയ അശുദ്ധിക്കാരന്റെ കുളിയില്‍ വെള്ളം ഉള്ളിലേക്ക് കടന്നാല്‍ നോമ്പ് മുറിയുമോ? =വെള്ളം ശരീരത്തിലേക്ക് ഒഴിച്ചുകുളിക്കാന്‍ (വെള്ളം കോരി കുളിക്കാന്‍) സൗകര്യമുണ്ടായിരിക്കെ വലിയ അശുദ്ധിക്കാരന്‍ മുങ്ങിക്കുളിച്ചു, അങ്ങനെ വെള്ളം ഉള്ളിലേക്കു കടന്നുവെങ്കില്‍ നോമ്പ് മുറിയും. കാരണം, വലിയ അശുദ്ധിക്കാരന്റെ മുങ്ങിക്കുളി ശര്‍ഇല്‍ തേട്ടമില്ലാത്തതാണ്. വെള്ളം കോരി കുളിക്കലാണ് അവനോടുള്ള നിര്‍ദ്ദേശം. വലിയ അശുദ്ധിക്കാരന്‍ വെള്ളം കോരിക്കുളിക്കുമ്പോള്‍ വെള്ളം ഉള്ളിലേക്കു കടന്നാല്‍ നോമ്പ് മുറിയില്ല. ഫര്‍ള് കുളിപോലെ തന്നെ സുന്നത്ത് കുളിയും. ജുമുഅയുടെ സുന്നത്തുകുളി കുളിക്കുമ്പോള്‍ വെള്ളം മുന്‍കടന്നാല്‍ വെള്ളത്തില്‍ മുങ്ങിയുള്ള കുളിയാണെങ്കില്‍ നോമ്പ് മുറിയുന്നതും വെള്ളം കോരി ശരീരത്തിലേക്ക് ഒഴിച്ചുള്ള കുളിയാണെങ്കില്‍ നോമ്പ് മുറിയാത്തതുമാണ്. (തര്‍ശീഹ്: 162) ഫത്ഹുല്‍ മുഈനിലെ കുളി ? ജുമുഅയുടെ സുന്നത്തുകുളി പോലെയുള്ള സുന്നത്തുകുളി ശര്‍ഇല്‍ നിര്‍ദ്ദേശമുള്ള കുളിയായതിനാല്‍ വെള്ളം ശരീരത്തില്‍ ഒഴിച്ചുകൊണ്ടുള്ള ഇത്തരം കുളിയില്‍ വെള്ളം മുന്‍കടന്നാല്‍ നോമ്പ് മുറിയില്ലെന്നു വ്യക്തമായി. എന്നാല്‍, സുന്നത്തായ കുളിയില്‍ വെള്ളം ഉള്ളിലേക്ക് പ്രവേശിച്ചാല്‍ നോമ്പ് മുറിയുമെന്ന് ഫത്ഹുല്‍ മുഈനിലില്ലേ? = ഫത്ഹുല്‍ മുഈനിലുള്ളത് മുകളില്‍ പറഞ്ഞതിന് എതിരല്ല. എന്തുകൊണ്ടെന്നാല്‍ അതിലുള്ള അല്‍ ഗുസ്‌ലുല്‍ മസ്‌നൂന്‍”എന്ന പദത്തിനു നടപ്പുകുളി, ദിനചര്യാകുളി എന്ന ഭാഷാര്‍ത്ഥമാണ് നല്‍കേണ്ടതെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫത്ഹുല്‍ മുഈനിലെ പ്രസ്തുത പദത്തിനു സുന്നത്തുകുളി എന്ന അര്‍ത്ഥകല്‍പ്പന നടത്തിയാല്‍ അതു ശാഫിഈ മദ്ഹബില്‍ സ്ഥിരപ്പെട്ട നിയമത്തിനു കടകവിരുദ്ധമാകും. തുഹ്ഫ, നിഹായ, മുഗ്‌നി തുടങ്ങി ശാഫിഈ മദ്ഹബിലെ എല്ലാ ഗ്രന്ഥങ്ങളിലുള്ളതിനു വിരുദ്ധവുമാകും. ഈ വസ്തുത മനസ്സിലാക്കിയ അകക്കണ്ണുള്ള പണ്ഡിതന്മാരാണ് നാട്ടുനടപ്പുകുളി എന്ന ഭാഷാര്‍ത്ഥം പ്രസ്തുത പദത്തിനു നല്‍കിയത്. നടപ്പുകുളി ശര്‍ഇല്‍ തേട്ടമില്ലാത്തതായതിനാല്‍ മുങ്ങിക്കുളിച്ചാലും വെള്ളം ശരീരത്തില്‍ ഒഴിച്ചു കുളിച്ചാലും വെള്ളം അകത്തുകടന്നാല്‍ നോമ്പ് മുറിയും. ശരീരം തണുപ്പിക്കാനുള്ള കുളി പോലെത്തന്നെ. ? മൂലക്കുരു പുറത്തുവന്നാല്‍ നോമ്പ് മുറിയുമോ? = ഇല്ല. മൂലക്കുരു സ്വയം മടങ്ങിപ്പോയാലും തള്ളി അകത്താക്കിയാലും നോമ്പ് മുറിയില്ല. കാരണം, അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ ഇളവിനെ തേടുന്ന തരത്തിലുള്ളതാണ്. (ഫത്ഹുല്‍ മുഈന്‍, പേജ്: 191) ? ശൗച്യം ചെയ്യുമ്പോള്‍ നോമ്പ് മുറിയുന്ന രൂപമുണ്ടോ? = ഉണ്ട്. വിരല്‍ പിന്‍ദ്വാരത്തില്‍ പ്രവേശിക്കുകയോ ശുചീകരണ വേളയില്‍ കഴുകല്‍ നിര്‍ബന്ധമായ പരിധിക്കപ്പുറത്തേക്ക് യോനിയില്‍ സ്ത്രീ വിരല്‍ പ്രവേശിക്കുകയോ ചെയ്താല്‍ നോമ്പ് മുറിയും. അതുകൊണ്ടുതന്നെ ശുചീകരണവേളയില്‍ നല്ല ശ്രദ്ധ പുലര്‍ത്തണം. സൗകര്യപ്പെടുമെങ്കില്‍ മലവിസര്‍ജ്ജനം രാത്രി സമയത്താക്കി ശീലിക്കുന്നതാണ് റമളാന്‍ മാസത്തില്‍ നല്ലത്. അതു സുന്നത്തായ കാര്യംകൂടിയാണ്. സ്ത്രീ ഇരുപാദങ്ങളിലിരിക്കുന്ന വേളയില്‍ വ്യക്തമായി പുറത്തേക്ക് പ്രത്യക്ഷമാകുന്ന യോനീഭാഗം സ്ത്രീ കഴുകല്‍ നിര്‍ബന്ധമാണ്. അതിന്റെ അപ്പുറത്തേക്ക് കൈവിരല്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയും. (ഇആനത്ത്: 2/224) ? മറ്റൊരാളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരാള്‍ ഭക്ഷണം കഴിച്ചാല്‍ നോമ്പ് മുറിയുമോ? = ഇല്ല, മുറിയില്ല. (തുഹ്ഫ: 3/404) ഭക്ഷണം രുചിച്ചുനോക്കല്‍ ? നോമ്പുള്ള സമയത്ത് ഭക്ഷണം രുചിച്ചുനോക്കാമോ? ഉപ്പും മുളകും പാകത്തിനുണ്ടോ എന്നറിയാന്‍ സ്ത്രീകള്‍ക്ക് അത് ആവശ്യമായി വരുമല്ലോ. അതുപോലെ ഭക്ഷണം ചെറിയ മക്കള്‍ക്ക് ചവച്ചുകൊടുക്കേണ്ടിയുംവരും. അതു പറ്റുമോ? = നോമ്പ് വേളയില്‍ ഭക്ഷണം രുചിക്കല്‍ കറാഹത്താണ്. അതു തൊണ്ടക്കുഴിയിലേക്കു ചേരാനും നോമ്പു മുറിയാനും ഇടവയ്ക്കുന്ന കാര്യമാണല്ലോ. എന്നാല്‍, ഭക്ഷണത്തിന്റെ പാകവും രുചിയും നോക്കേണ്ട ആവശ്യത്തിനും കുഞ്ഞുങ്ങള്‍ക്ക് ചവച്ചരച്ചുകൊടുക്കേണ്ട ആവശ്യമുള്ളപ്പോഴും ഇതു കറാഹത്തില്ലെന്ന് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ: ശര്‍വാനി: 3/ 425) ? മൂത്രത്തിനു റ്റിയൂബ് ഇട്ടാല്‍ നോമ്പ് മുറിയുമോ? = അതേ, മുറിയും. തുറക്കപ്പെട്ട ദ്വാരത്തിലൂടെ തടിയുള്ള വസ്തു ഉള്ളിലേക്ക് പ്രവേശിക്കുന്നുണ്ടല്ലോ. ? മറയോടു കൂടി സ്വയംഭോഗം നടത്തിയാല്‍ നോമ്പ് മുറിയുമോ? = മറ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വയംഭോഗം കൊണ്ട് മനിയ്യ് പുറപ്പെട്ടാല്‍ നോമ്പ് മുറിയും. അതുപോലെത്തന്നെ മറകൂടാതെയുള്ള സ്പര്‍ശനം മൂലമോ ചുംബനം മൂലമോ മനിയ്യ് പുറപ്പെട്ടാലും നോമ്പ് മുറിയും. അതേസമയം മനിയ്യ് പുറപ്പെടീക്കുക എന്ന ലക്ഷ്യമില്ലാതെ മറയോടുകൂടി ഭാര്യയെ അണഞ്ഞുകൂട്ടി പിടിച്ചു. അതുമൂലം മനിയ്യ് പുറപ്പെട്ടു, എങ്കില്‍ നോമ്പ് മുറിയില്ല. അഴകുള്ള ആണ്‍കുട്ടിയെ സ്പര്‍ശിച്ചതിനാല്‍ സ്ഖലനമുണ്ടായാലും നോമ്പ് മുറിയുന്നില്ലെങ്കിലും ഖളാവീട്ടല്‍ സുന്നത്തുണ്ട്. (തുഹ്ഫ, ശര്‍വാനി: 3/410) ? പകല്‍സമയം ഒരാള്‍ ഭാര്യയെ ചുംബിച്ചു, പിന്നെ കുറച്ചുസമയം കഴിഞ്ഞു സ്ഖലനമുണ്ടായി എന്നാല്‍ നോമ്പ് മുറിയുമോ? =വികാരതരംഗം ആദ്യന്തം നിലനില്‍ക്കുന്നുണ്ടെങ്കില്‍ നോമ്പ് മുറിയും. കാരണം, വികാരം ഇളകിപ്പുറപ്പെടുന്നവര്‍ക്ക് (പുരുഷനും സ്ത്രീക്കും) ഫര്‍ള് നോമ്പില്‍ ചുംബനം കുറ്റമാണ്. അതേസമയം, ഒരാള്‍ റമളാന്റെ രാത്രി ഭാര്യയുമായി തൊട്ടുരുമ്മി സുബ്ഹിന്റെ മുമ്പ് അവസാനിച്ചു. എന്നിട്ടും സുബ്ഹിന്റെ ശേഷം സ്ഖലനം സംഭവിച്ചു. അതുകൊണ്ട് നോമ്പ് മുറിയില്ല. എന്തുകൊണ്ടെന്നാല്‍ രാത്രിയാണല്ലോ ഭാര്യയുമായി തൊട്ടുരുമ്മല്‍ ഉണ്ടായത്. (തുഹ്ഫ: 3/410). ? വിവാഹബന്ധം നിഷിദ്ധമായവരെ സ്പര്‍ശിച്ച് സ്ഖലിച്ചാല്‍ നോമ്പ് മുറിയുമോ? =സ്ഖലനമുണ്ടാകണമെന്ന ലക്ഷത്തോടെ സ്പര്‍ശിച്ച് സ്ഖലിച്ചാല്‍ നോമ്പ് മുറിയും. (ശര്‍വാനി: 3/410) ? മദ്‌യ് പുറപ്പെട്ടാല്‍ നോമ്പ് മുറിയുമോ? =വികാരത്തില്‍ പുറപ്പെടുന്ന മദജലമാണ് മദ്‌യ്. അതു പുറപ്പെട്ടാല്‍ ശാഫിഈ മദ്ഹബില്‍ നോമ്പ് മുറിയില്ല. അതുപോലെതന്നെ, ചിന്ത കാരണം സ്ഖലിച്ചാല്‍ നോമ്പ് മുറിയില്ല. മദ്‌യ് പുറപ്പെട്ടാല്‍ നോമ്പ് മുറിയുമെന്നാണ് ഇമാം മാലിക്കും ഇമാം അഹ്മദും(റ) അഭിപ്രായപ്പെടുന്നത്. (ശര്‍വാനി: 3/409) ? നോമ്പ് അനുഷ്ഠിച്ചുകൊണ്ടിരിക്കേ ആര്‍ത്തവമുണ്ടായാല്‍ നോമ്പിന്റെ സ്ഥിതി? =നോമ്പ് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന സ്ത്രീക്ക് അസ്തമയത്തിനു മുമ്പ് ഹൈളുണ്ടായി. നോമ്പ് മുറിയും. (തുഹ്ഫ: 3/414) ? അവള്‍ക്ക് ഇംസാക്ക് (നോമ്പുകാരെപ്പോലെ പിടിച്ചു നില്ക്കല്‍) നിര്‍ബ്ബന്ധമുണ്ടോ? = ഇല്ലെന്നു മാത്രമല്ല, നോമ്പിന്റെ കരുത്തോടെ അതായത്, പുണ്യവിചാരത്തോടെ അവള്‍ ഇംസാക്ക് ചെയ്യല്‍ നിഷിദ്ധമാണ്. (തുഹ്ഫ: 3/ 414) ? ഉറക്കത്തില്‍ ഇന്ദ്രിയം സ്രവിച്ചാല്‍ നോമ്പു മുറിയുമോ? വലിയ അശുദ്ധിയോടുകൂടി കുളിക്കാതെ നിയ്യത്തുചെയ്ത നോമ്പു ലഭിക്കുമോ?. =ഉറക്കത്തിലെ ശുക്ലസ്രാവംകൊണ്ട് നോമ്പ് മുറിയുകയില്ല. വലിയ അശുദ്ധിയോടെ നിയ്യത്തു ചെയ്തവന്റെ നോമ്പ് സാധുവാകും. (ഫത്ഹുല്‍ മുഈന്‍) നോമ്പും കഫ്ഫാറത്തും ? സംയോഗംകൊണ്ട് നോമ്പ് മുറിയുമല്ലോ. റമളാന്‍ നോമ്പ് അങ്ങനെ ഫസാദാക്കിയാല്‍ നോമ്പ് ഖളാവീട്ടിയാല്‍ മാത്രം മതിയോ? =മതിയാവില്ല. ഖളാഇന്റ പുറമെ കഫ്ഫാറത്ത് (പ്രായശ്ചിത്തം) നിര്‍ബന്ധമാണ്. ? പ്രസ്തുത നോമ്പ് വേഗത്തില്‍ ഖളാവീട്ടണോ? = അതേ, വേഗത്തില്‍ ഖളാവീട്ടല്‍ നിര്‍ബന്ധമാണ് (ശവ്വാല്‍ രണ്ടിനുതന്നെ ഖളാ വീട്ടണം) (ഇആനത്ത്: 2/ 271) ? എന്താണു കഫ്ഫാറത്ത്? =മുഅ്മിനായ അടിമയെ മോചിപ്പിക്കുക, അതിനു സാധ്യമല്ലെങ്കില്‍ രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കുക, അതിനും കഴിയില്ലെങ്കില്‍ അറുപത് മിസ്‌കീന്‍മാര്‍ക്കോ ഫഖീറുമാര്‍ക്കോ ഓരോ മുദ്ദ് വീതം നാട്ടിലെ മുഖ്യ ഭക്ഷ്യവസ്തു നല്‍കുക. ഇതാണു കഫ്ഫാറത്ത്. (ഇആനത്ത്: 2/234) ? സംയോഗംകൊണ്ട് നോമ്പ് ഫസാദാക്കിയ എല്ലാവര്‍ക്കും കഫ്ഫാറത്ത് നിര്‍ബന്ധമുണ്ടോ? = ഇല്ല, പുരുഷന്‍മാര്‍ക്കു മാത്രം. സത്രീകള്‍ക്കില്ല. പുരുഷന്മാരില്‍നിന്നു തന്നെ ചില നിബന്ധനകള്‍ മേളിച്ചവര്‍ക്കു മാത്രമേ കഫ്ഫാറത്തുള്ളൂ. (ഇആനത്ത്: 2/ 270) ? നിബന്ധനകള്‍ ഏതെല്ലാം? = ഒമ്പതു നിബന്ധനകളുണ്ട്. അവ മേളിച്ചാല്‍ മാത്രമേ കഫ്ഫാറത്ത് നിര്‍ബന്ധമാവുകയുള്ളൂ. അവ അക്കമിട്ടു വിവരിക്കാം. 1) സംയോഗംകൊണ്ട് നോമ്പിനെ ഫസാദാക്കല്‍ (നോമ്പുകാരനു സംയോഗം ഹറാമാണെന്ന് അറിവുള്ളവന്‍ ഇഷ്ടാനുസരണം മനഃപൂര്‍വ്വം സംയോഗം ചെയ്യുമ്പോഴാണ് നോമ്പ് നഷ്ടപ്പെടുക). നോമ്പാന്നെന്നകാര്യം മറന്നവനോ നിര്‍ബന്ധത്തിനു വഴങ്ങിയവനോ ഇളവു നല്‍കപ്പെടുന്ന വിവരമില്ലാത്തവനോ സംയോഗം ചെയ്താല്‍ കഫ്ഫാറത്തില്ല. 2) റമളാന്‍ നോമ്പ് ആവല്‍. റമളാന്‍ നോമ്പല്ലാത്തവ സംയോഗംകൊണ്ട് ഫസാദാക്കിയാല്‍ കഫ്ഫാറത്ത് ഇല്ല. 3) സംയോഗംകൊണ്ട് അവന്റെ നോമ്പ് ഫസാദാവല്‍. നോമ്പില്ലാത്ത യാത്രക്കാരന്‍ സംയോഗം കൊണ്ട് ഭാര്യയുടെ നോമ്പ് ഫസാദാക്കിയാല്‍ കഫ്ഫാറത്തില്ല. 4) നോമ്പിന്റെ ഫസാദ് സംയോഗം കൊണ്ട് മാത്രമാവല്‍. സംയോഗം കൊണ്ടും മറ്റുള്ളവ കൊണ്ടും ഒപ്പം (ഉദാ: വെള്ളം കുടിക്കല്‍) നോമ്പ് ഫസാദാക്കിയാല്‍ കഫ്ഫാറത്തില്ല. 5) പ്രസ്തുത ദിവസം മുഴുവനും നോമ്പ് പിടിക്കാന്‍ അര്‍ഹനാവല്‍. സംയോഗശേഷം അന്നത്തെ പകലില്‍ ഭ്രാന്ത്, മരണം എന്നിവ അവനുണ്ടായാല്‍ കഫ്ഫാറത്തില്ല. 6) സംയോഗംകൊണ്ട് ഫസാദാക്കിയത് റമളാനിലെ അദാആയ നോമ്പ് ആവല്‍. റമളാന്‍ നോമ്പ് ഖളാ വീട്ടുമ്പോള്‍ സംയോഗംകൊണ്ട് നോമ്പ് ഫസാദാക്കിയാല്‍ കഫ്ഫാറത്തില്ല. 7) സംയോഗം ചെയ്തവന്‍ അതുകൊണ്ട് കുറ്റക്കാരനാവല്‍. യാത്രക്കാരന്‍, രോഗി എന്നിവര്‍ നോമ്പ് മുറിക്കാന്‍ പറ്റുമെന്ന നിയ്യത്തോടെ സംയോഗം ചെയ്തു നോമ്പ് നഷ്ടപ്പെടുത്തിയാല്‍ കഫ്ഫാറത്തില്ല. കാരണം, ആ സംയോഗംകൊണ്ടവര്‍ കുറ്റക്കാരായിട്ടില്ല. 8) സംയോഗത്തിന്റെ കുറ്റം നോമ്പിന്റെ കാരണത്തിനു വേണ്ടിയാവല്‍. യാത്രക്കാരന്‍ നോമ്പു മുറിക്കാമെന്ന ഇളവ് കരുതാതെ സംയോഗം ചെയ്ത് നോമ്പ് നഷ്ടപ്പെടുത്തിയാല്‍ കഫ്ഫാറത്തില്ല. കാരണം, അവന്‍ സംയോഗംകൊണ്ടല്ല കുറ്റക്കാരനായത്, പ്രത്യുത, ഇളവു കരുതാത്തതുകൊണ്ടാണ്. 9) സംയോഗം നിഷിദ്ധമാണെന്ന് ഉറപ്പുണ്ടാവണം. രാത്രിയാണെന ധാരണയില്‍ സംയോഗംചെയ്തു. അതു പകലിലാണു സംഭവിച്ചതെന്നു പിന്നീട് ബോധ്യപ്പെട്ടാല്‍ കഫ്ഫാറത്തില്ല. (ഇആനത്ത്: 2/ 270) ? കഫ്ഫാറത്ത് നല്‍കുമ്പോള്‍ നിയ്യത്ത് വേണോ? = അതേ, നിയ്യത്ത് നിര്‍ബന്ധമാണ്.( ഇആനത്ത്: 2/ 270) ? രണ്ടു മാസം തുടരെ നോമ്പനുഷ്ഠിച്ചുകൊണ്ടിരിക്കെ രോഗം കാരണമോ മറ്റോ ഇടക്ക് നോമ്പ് നഷ്ടപ്പെട്ടാലോ? = തുടര്‍ച്ച നഷ്ടപ്പെട്ടതിനാല്‍ വീണ്ടും രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കണം. (ഇആനത്ത്: 2/ 271) ? അറുപതു മിസ്‌കീന്‍മാര്‍ക്ക് ഓരോ മുദ്ദ് നല്‍കണമെന്നു പറഞ്ഞല്ലോ. അതു വേവിച്ച ഭക്ഷണം മതിയാകുമോ? = മതിയാവില്ല. വേവിക്കാത്തതു (നമ്മുടെ നാട്ടില്‍ അരി) നല്‍കണം. (ഇആനത്ത്: 2/ 271)