Sunni Afkaar Weekly

Pages

Search

Search Previous Issue

തയമ്മും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എം.എ. ജലീല്‍ സഖാഫി പുല്ലാര
തയമ്മും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വുളൂഇനും കുളിക്കും പകരമായി തിരുനബി(സ്വ)ക്കും സമുദായത്തിനും മാത്രം അല്ലാഹു ഇളവു നല്‍കിയതാണ് തയമ്മും. ഹിജ്‌റ ആറാം വര്‍ഷമാണ് തയമ്മും എന്ന ഇളവ് വന്നത്. നാലാം വര്‍ഷമാണെന്നും അഭിപ്രായമുണ്ട്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവയാണ് തയമ്മുമിന്റെ അടിസ്ഥാനം. സൂറത്തുന്നിസാഇലെ 43ാം ആയത്തിലെ നിങ്ങള്‍ വെള്ളം എത്തിച്ചില്ലെങ്കില്‍ ശുദ്ധിയുള്ള മണ്ണിനെ കരുതുവീന്‍ എന്ന് അല്ലാഹു നിര്‍ദേശിച്ചതില്‍ നിന്നാണ് തയമ്മും’എന്ന പദം വന്നത്. നബി(സ്വ) പറയുന്നു: 'എനിക്കും എന്റെ സമുദായത്തിനും ഭൂമി മുഴുവനും നിസ്‌കാര സ്ഥലവും ശുദ്ധീകരണയോഗ്യവുമാക്കിയിരിക്കുന്നു.' (അഹ്മദ്) തയമ്മും എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം കരുതുക എന്നാണ്. ചില പ്രത്യേക വ്യവസ്ഥകള്‍ക്കു വിധേയമായി മുഖം, രണ്ടു കൈകള്‍ എന്നീ അവയവങ്ങള്‍ക്ക് മണ്ണ് (അടിച്ച കൈ ചേര്‍ക്കുക) ചേര്‍ക്കുക എന്നതാണ് തയമ്മുമിന്റെ ശറഈ അര്‍ത്ഥം. വുളൂഇനു പകരമായുള്ള തയമ്മും പോലെ തന്നെയാണ് കുളിക്കു പകരമായുള്ള തയമ്മുവും. കാരണങ്ങള്‍ വുളൂഇനും കുളിക്കും പകരമായി ഇസ്‌ലാം അനുവദിച്ച തയമ്മുമിനു ചില കാരണങ്ങളുണ്ട്. അവ ഉണ്ടെങ്കില്‍ മാത്രമേ തയമ്മും അനുവദനീയമാവുകയുള്ളൂ. ഒന്ന്; വെള്ളം ഇല്ലാതിരിക്കല്‍. ഇതു തയമ്മും അനുവദനീയമാകാനുള്ള ഒരു കാരണമാണ്. വെള്ളമുണ്ട്, പക്ഷേ, അതു കൈവശപ്പെടുത്താന്‍ മാര്‍ഗമില്ല. എങ്കിലും തയമ്മും ചെയ്യാം. നിസ്‌കാര സമയത്തിന്റെ അവസാന ഭാഗത്ത് വെള്ളം ലഭിക്കുമെന്നുറപ്പുണ്ടെങ്കില്‍ അതിനു കാത്തുനില്‍ക്കാതെ തയമ്മും ചെയ്തു നിസ്‌കരിക്കാമെങ്കിലും അതിനെക്കാള്‍ പുണ്യം അവസാന സമയം വെള്ളം കൊണ്ട് ശുദ്ധീകരിച്ച് നിസ്‌കരിക്കലാണ്. വെള്ളം കിട്ടുമെന്ന് ധാരണയോ സാധ്യതയോ ഉള്ളൂവെങ്കില്‍ അതിനു കാത്തുനില്‍ക്കാതെ ആദ്യ സമയത്തുതന്നെ തയമ്മും ചെയ്തു നിസ്‌കരിക്കലാണു പുണ്യം. ഒരാളുടെ കൈവശം ശുദ്ധീകരണത്തിനു തികയാത്ത അല്‍പം വെള്ളമുണ്ടെങ്കില്‍ അതുപയോഗിക്കല്‍ നിര്‍ബന്ധമാണ്. ബാക്കി അവയവങ്ങള്‍ക്കു വേണ്ടി തയമ്മും ചെയ്യണം. രണ്ട്: കുടിവെള്ളത്തിലേക്ക് ആവശ്യം നേരിടല്‍. കൈവശം വെള്ളമുണ്ടെങ്കില്‍തന്നെ ആ വെള്ളം ശുദ്ധീകരണത്തിന് ഉപയോഗിച്ചാല്‍ കുടിവെള്ളം ഇല്ലാതാകുമെങ്കില്‍ ആ വെള്ളം ഉപയോഗിക്കാതെ തയമ്മും ചെയ്തു നിസ്‌കരിക്കാം. വെള്ളമുണ്ടെങ്കിലും അതു കുടിക്കാനാവശ്യമായ വെള്ളം ആയതുകൊണ്ട് അതു മതവീക്ഷണത്തില്‍ വെള്ളമില്ലാത്തതുപോലെയാണ്. തനിക്കോ തന്റെ കൂട്ടുകാര്‍ക്കോ ആട്, മാട്, ഒട്ടകം പോലെയുള്ള ജീവനു വില കല്‍പ്പിക്കപ്പെടുന്ന ജീവികള്‍ക്കോ ദാഹജലത്തിനുള്ള വെള്ളം ഉണ്ടായിരിക്കെ തയമ്മും ചെയ്യാവുന്നതാണ്. മൂന്ന്: വെള്ളം ഉപയോഗിക്കുന്നതിന് തടസ്സമാകുന്ന രോഗം. ഈ വേളയിലും തയമ്മും ചെയ്യാം. വെള്ളം ഉപയോഗിക്കുന്നതുമൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക, സുഖം പ്രാപിക്കാന്‍ താമസംനേരിടുക, തൊഴിലവസരങ്ങളില്‍ വെളിപ്പെടുന്ന പ്രത്യക്ഷാവയവങ്ങളില്‍ വികൃതമാകുന്ന കല ഉണ്ടാവുക തുടങ്ങിയവ ഭയപ്പെടുക എന്നിവ തയമ്മും അനുവദനീയമാകുന്ന രോഗത്തിന്റെ പരിധിയാണ്. ശക്തമായ തണുപ്പുമൂലം മേല്‍ വിവരിച്ച രീതിയില്‍ അപകടങ്ങള്‍ സംഭവിക്കുമെന്ന് ഭയമുണ്ടാവുകയും വെള്ളം ചൂടാക്കി ഉപയോഗിക്കാന്‍ സൗകര്യമില്ലാതെ വരികയും ചെയ്യുമ്പോഴും തയമ്മും ചെയ്യാം. വെള്ളം ഉപയോഗിക്കല്‍ രോഗത്തിനു നാശമാണെന്ന് മനസ്സിലാക്കാന്‍ സ്വന്തം അനുഭവം മതി. വിശ്വാസയോഗ്യരായ ഡോക്ടര്‍മാരെ അവലംബിക്കുകയുമാവാം. നിബന്ധനകള്‍ തയമ്മുമിന്റെ നിബന്ധനകള്‍ ആറെണ്ണമാണ്. അവ പാലിച്ചാലേ പ്രസ്തുത കര്‍മം സാധുവാകൂ. ഒന്ന്: വെള്ളം ഉപയോഗിക്കാന്‍ സാധിക്കാതിരിക്കണം. അവ വിശദമായി കാരണങ്ങള്‍’എന്ന തലവാചകത്തില്‍ വിവരിച്ചല്ലോ. രണ്ട്: തയമ്മുമിന്റെ മുമ്പ് നജസ് നീക്കല്‍. വിടുതിയില്ലാത്ത നജസുകളില്‍നിന്നു ശരീരം മുഴുവനും ശുദ്ധിയാകണമെന്നത് തയമ്മുമിന്റെ ശര്‍ത്വാണ്. നജസ് നീക്കാന്‍ സാധിക്കാതെവന്നാല്‍ തയമ്മും ചെയ്തു നിസ്‌കരിക്കുകയും പിന്നീട് നിസ്‌കാരം മടക്കുകയും വേണമെന്ന് ഇമാം ഇബ്‌നുഹജര്‍(റ) വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന്: ഖിബ്‌ല കണ്ടെത്തല്‍. ഖിബ്‌ല മനസ്സിലാക്കല്‍ ആവശ്യമുള്ളവനു തയമ്മുമിന്റെ മുമ്പായി ഗവേഷണം ചെയ്ത് ഖിബ്‌ല കണ്ടെത്തേണ്ടതുണ്ട്. നാട്ടില്‍വെച്ച് തയമ്മും ചെയ്തു നിസ്‌കരിക്കുമ്പോള്‍ ഈ ശര്‍ത്വ് ആവശ്യമാകുന്നില്ല. കാരണം, ഖിബ്‌ല അറിയുന്നവനായിരിക്കുമല്ലോ. ഖിബ്‌ല കണ്ടെത്തല്‍ ആവശ്യമായവന് അത് അറിഞ്ഞ ശേഷമേ തയമ്മും ചെയ്യാവൂ. അതിനു മുമ്പ് ചെയ്താല്‍ തയമ്മും സാധുവാകില്ല. നാല്: സമയം പ്രവേശിക്കല്‍. ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് തയമ്മും ചെയ്യുമ്പോള്‍ അതു നിര്‍വഹിക്കാനുള്ള സമയം പ്രവേശിച്ച ശേഷമേ തയമ്മും ചെയ്യാവൂ. സമയം നിശ്ചയിക്കപ്പെട്ട പെരുന്നാള്‍, ളുഹാ, റവാതിബ് പോലെയുള്ള സുന്നത്ത് നിസ്‌കാരങ്ങളും ഇപ്രകാരംതന്നെ. അവയുടെ സമയത്തിനു മുമ്പ് തയമ്മും ചെയ്യരുത്. അഞ്ച്: ശുദ്ധീകരണയോഗ്യമായ പൊടിമണ്ണായിരിക്കല്‍. ഏതു നിറത്തിലുള്ള മണ്ണാണെങ്കിലും കുഴപ്പമില്ല. നജസായ മണ്ണ്, ഒരു തയമ്മുമില്‍ ഉപയോഗിച്ച (മുസ്തഅ്മലായ) മണ്ണ് എന്നിവ പറ്റില്ല. തയമ്മുമിന്റെ അവയവത്തില്‍ തടവല്‍ കഴിഞ്ഞ് അവശേഷിക്കുന്ന മണ്ണും അവയവത്തില്‍നിന്ന് ഉതിര്‍ന്നുവീഴുന്നതുമാണ് മുസ്തഅ്മലായ മണ്ണ്. ഒരിടത്ത് കൂട്ടിയിട്ട മണ്ണില്‍നിന്ന് ആവശ്യാനുസരണം കൈയ്യില്‍ കൊട്ടിയെടുത്ത ശേഷം ബാക്കിയുള്ള മണ്ണ് മുസ്തഅ്മലല്ല. അതില്‍നിന്നു വീണ്ടും മണ്ണെടുത്ത് തയമ്മും ചെയ്യാം. പൊടിമണ്ണാവണം എന്നു പറഞ്ഞുവല്ലോ. പ്രകൃതിയില്‍തന്നെ പൊടിയുള്ള മണ്ണാകണമെന്നില്ല. മണല്‍ പൊടിച്ച് പൊടിയാക്കിയാലും മതി. പൊടിയില്ലാത്ത നനഞ്ഞ മണ്ണു പറ്റില്ല. ആറ്: തയമ്മും രണ്ട് അടി കൊണ്ടാവല്‍. ഒരടി മുഖം തടവാനും മറ്റേ അടി രണ്ടു കൈ തടവാനുമാണ്. (വിശദീകരണം വരുന്നുണ്ട്). ഓരോ ഫര്‍ളിനും തയമ്മും ചെയ്യല്‍ നിര്‍ബന്ധമാണ്. വ്യക്തിപരമായ (ഫര്‍ള് ഐന്‍) ഫര്‍ളാണുദ്ദേശ്യം. ഒരു തയമ്മും കൊണ്ടുതന്നെ സുന്നത്ത് നിസ്‌കാരങ്ങളും മയ്യിത്ത് നിസ്‌കാരങ്ങളും അവന്‍ ഉദ്ദേശിച്ചത്ര നിസ്‌കരിക്കാം. തയമ്മുമിന്റെ ഫര്‍ളുകള്‍ അഞ്ചു ഫര്‍ളുകളാണ് തയമ്മുമിനുള്ളത്. ഒന്ന്: മണ്ണെടുക്കല്‍. നിലത്തുനിന്നോ മറ്റോ തടവപ്പെടുന്ന അവയവത്തിലേക്ക് മണ്ണെത്തിക്കുക എന്നാണീ ഫര്‍ളുകൊണ്ടുദ്ദേശ്യം. സ്വന്തം പ്രവൃത്തി കൊണ്ടുതന്നെ മണ്ണ് അവയവത്തില്‍ എത്തണം. എങ്ങനെയെങ്കിലും എത്തിയാല്‍ പോരാ. അതേസമയം, ഒരുത്തന്റെ സമ്മതപ്രകാരം മറ്റൊരാള്‍ തയമ്മും ചെയ്തുകൊടുത്താല്‍ ഈ ഒരുത്തന്‍ നിയ്യത്ത് ചെയ്താല്‍ മതിയാവുന്നതാണ്. കാറ്റ് അടിച്ചുവീശുന്ന സമയം അവിടെ നിന്നപ്പോള്‍ മുഖത്തേക്കും ഇരു കൈയിലേക്കും മണ്ണ് വന്നെത്തുകയും അതു കൈകൊണ്ട് തടവുകയും ചെയ്താല്‍ മതിയാവില്ല. എന്നാല്‍, മുഖത്തോ കൈയ്യിലോ വന്നെത്തിയ മണ്ണ് എടുത്തുകൊണ്ട് മുഖം തടവുകയും പിന്നീട് കൈ തടവുകയും ചെയ്താല്‍ മതിയാകുന്നതാണ്. കാരണം, ഇതിനു മണ്ണെടുക്കുക എന്നു പറയുമല്ലോ. രണ്ട്: നിയ്യത്ത്. മുഖം തടവാന്‍ വേണ്ടി മണ്ണ് അടിച്ചെടുക്കുമ്പോഴാണ് നിയ്യത്തുണ്ടാവേണ്ടത്. മുഖത്തുനിന്ന് അല്‍പം തടവുന്നതു വരെ നിയ്യത്തിനെ നിലനിര്‍ത്തണം. ഫര്‍ളാക്കപ്പെട്ട നിസ്‌കാരം ഹലാലാക്കുന്നുവെന്നോ ശുദ്ധീകരണം അനിവാര്യമായ ത്വവാഫ്, മുസ്ഹഫ് ചുമക്കല്‍, മയ്യിത്ത് നിസ്‌കാരം, ജുമുഅഃ ഖുത്ബ പോലെയുള്ള വല്ല കാര്യങ്ങളും ഹലാലാക്കുന്നുവെന്നോ കരുതുകയാണ് തയമ്മും സ്വഹീഹാകാനുള്ള അനിവാര്യ നിയ്യത്ത്. ശുദ്ധീകരണം ആവശ്യമായ എല്ലാ കാര്യങ്ങളും മേല്‍ വിവരിച്ച എല്ലാ നിയ്യത്ത് കൊണ്ടും ചെയ്യാവതല്ല. ഫര്‍ള് നിസ്‌കാരം, അല്ലെങ്കില്‍ ഫര്‍ളായ ത്വവാഫ് ഹലാലാക്കുന്നുവെന്ന് കരുതിയാല്‍ പ്രസ്തുത തയമ്മും കൊണ്ട് ഫര്‍ളും സുന്നത്തുമായ നിസ്‌കാരങ്ങളും ശുദ്ധി ആവശ്യമായ മറ്റു കാര്യങ്ങളും ചെയ്യാവുന്നതാണ്. സുന്നത്ത് ഹലാലാക്കുന്നുവെന്നോ അല്ലെങ്കില്‍ വെറും നിസ്‌കാരം ഹലാലാക്കുന്നുവെന്നോ കരുതിയാല്‍ ആ തയമ്മുംകൊണ്ട് സുന്നത്തുകള്‍ മാത്രം നിര്‍വഹിക്കാം. ഫര്‍ള് നിര്‍വഹിച്ചുകൂടാ. നിസ്‌കാരം, ത്വവാഫ് എന്നിവയല്ലാത്ത ശുദ്ധി ആവശ്യമായ മറ്റേതെങ്കിലും ക്രിയകളെ ഹലാലാക്കുന്നുവെന്ന് കരുതിയ തയമ്മും ചെയ്താല്‍ അവ രണ്ടുമല്ലാത്ത കാര്യങ്ങളെല്ലാം നിര്‍വഹിക്കാം. ചുരുക്കത്തില്‍, തയമ്മുമിന്റെ നിയ്യത്തിന്റെ കാര്യത്തില്‍ മൂന്ന് പദവിയാണുള്ളത്. ഒന്ന്: ഫര്‍ളായ നിസ്‌കാരം, ഫര്‍ളായ ത്വവാഫ് എന്നീ രണ്ടു കാര്യങ്ങള്‍ ഹലാലാക്കുന്നുവെന്ന് കരുതല്‍. രണ്ട്: സുന്നത്തു നിസ്‌കാരം, സുന്നത്തായ ത്വവാഫ്, മയ്യിത്തു നിസ്‌കാരം, ജുമുഅഃ ഖുത്ബ എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്‍. മൂന്ന്: മുസ്ഹഫ് ചുമക്കല്‍, ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ് എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്‍. ഈ വിവരിച്ച മൂന്നു പദവികളില്‍ നിന്ന് ഒന്നാം ഇനത്തില്‍ പെട്ട ഏതെങ്കിലുമൊന്ന് കരുതിയാല്‍ ആ തയമ്മുംകൊണ്ട് ഒന്നാം ഇനത്തില്‍പെട്ട കാര്യങ്ങളും രണ്ടും മൂന്നും പദവികളില്‍ പെട്ട കാര്യങ്ങളും ചെയ്യാവുന്നതാണ്. രണ്ടാം പദവിയില്‍ പെട്ട ഏതെങ്കിലുമൊന്നാണു കരുതിയതെങ്കില്‍ ഒന്നാം പദവിയിലെ കാര്യങ്ങള്‍ ചെയ്യാവതല്ല. രണ്ടും മൂന്നും പദവികളിലെ മുഴുവന്‍ കാര്യങ്ങളും നിര്‍വഹിക്കുകയും ചെയ്യാം. മൂന്നാം പദവിയിലെ നിയ്യത്ത് കൊണ്ടുള്ള തയമ്മും കൊണ്ട് ആ പദവിയിലെ കാര്യങ്ങള്‍ ചെയ്യാമെന്നല്ലാതെ ഒന്നും രണ്ടും പദവികളിലെ കാര്യങ്ങള്‍ ചെയ്യാവതല്ല. (തുഹ്ഫ, ശര്‍വാനി: 1/360, 361). മുഖം തടവലാണ് തയമ്മുമിന്റെ മൂന്നാമത്തെ ഫര്‍ള്. മുഖത്തിന്റെ അതിര്‍ത്തിയില്‍ പെട്ട എല്ലാ ഭാഗത്തും തടവല്‍ നിര്‍ബന്ധമാണ്. നീണ്ടുനില്‍ക്കുന്ന താടിയുടെ പുറം‘ാഗം, മൂക്കില്‍നിന്നു ചുണ്ടിലേക്ക് മുന്നിട്ടു നില്‍ക്കുന്ന തുമ്പ് എന്നിവയെല്ലാം തടവല്‍ നിര്‍ബന്ധമാണ്. അവയെല്ലാം മുഖത്തില്‍ പെട്ടതാണ്. രണ്ടു കൈകള്‍ തടവലാണ് നാലാമത്തെ ഫര്‍ള്. രണ്ടു കൈകളും അതിന്റെ മുട്ട് ഉള്‍പ്പെടെയുള്ള ‘ാഗങ്ങള്‍ തടവല്‍ നിര്‍ബന്ധമാണ്. തര്‍ത്തീബാണ് അഞ്ചാമത്തെ ഫര്‍ള്. ആദ്യം മുഖം തടവുകയും ശേഷം രണ്ടു കൈകളും തടവിക്കൊണ്ട് തര്‍ത്തീബ് പാലിക്കണം. തയമ്മുമിന്റെ സുന്നത്തുകള്‍ ആദ്യത്തില്‍ ബിസ്മി ചൊല്ലല്‍, ഖിബ്‌ലയിലേക്ക് മുന്നിടല്‍, ബിസ്മിയുടെയും മണ്ണ് അടിച്ചെടുക്കുന്നതിന്റെയും ഇടയില്‍ മിസ്‌വാക്ക് ചെയ്യല്‍, രണ്ടു കൈ കൊണ്ട് മണ്ണിനെ ഒരുമിച്ചടിക്കല്‍, ആദ്യത്തെ അടിയുടെ അവസരത്തില്‍ മോതിരം അഴിച്ചുവയ്ക്കല്‍, ഓരോ അടിയിലും കൈവിരലുകള്‍ വിട്ടുപിരിക്കല്‍, മണ്ണിനെ അടിച്ചെടുത്ത ശേഷം മുഖം തടവും മുമ്പ് രണ്ടു കൈ കുടഞ്ഞുകൊണ്ടോ ഊതിക്കൊണ്ടോ മണ്ണിനെ ലഘൂകരിക്കല്‍, മുഖത്തിന്റെ മേല്‍‘ാഗവും വലത് കൈയും മുന്തിക്കല്‍, രണ്ടു കൈ വിരലുകളെ കോര്‍ത്തുകൊണ്ട് തടവല്‍, കൈ തടവുമ്പോള്‍ തോളം കൈ തടവല്‍, ഒരു ഉള്ളം കൈ കൊണ്ട് മറ്റേ ഉള്ളം കൈതടവല്‍, അവയവത്തിന്റെ മേല്‍ കൈശക്തമാക്കി നടത്തല്‍, രണ്ടു തടവലും തുടര്‍ച്ചയായി കൊണ്ടുവരല്‍, തടവല്‍ ആവര്‍ത്തിക്കാതിരിക്കല്‍, നിസ്‌കാരം, അതുപോലെയുള്ളത് അവസാനിക്കുന്നതു വരെ മുഖത്തും കരങ്ങളിലുമുള്ള മണ്ണിനെ തടവാതിരിക്കല്‍, വുളൂ, കുളി എന്നിവയ്ക്കു ശേഷമുള്ള ദിക്ര്!, ദുആകള്‍ തയമ്മുമിനുശേഷം കൊണ്ടുവരല്‍. തയമ്മും ചെയ്ത ശേഷം രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കാരം നിര്‍വഹിക്കല്‍ എന്നിവ തയമ്മുമിന്റെ സുന്നത്തുകളാണ്. മുസ്തഅ്മലായ മണ്ണ് മുസ്തഅ്മലായ വെള്ളം ഉള്ളതുപോലെത്തന്നെ മുസ്തഅ്മലായ മണ്ണുമുണ്ട്. ശരീരത്തില്‍ (മുഖത്തും രണ്ടു കരങ്ങളിലും) തങ്ങി നില്‍ക്കുന്ന മണ്ണിനും തയമ്മുമിന്റെ സമയത്ത് അവയവങ്ങളില്‍ നിന്നു താഴെ വീഴുന്ന മണ്ണിനും മുസ്തഅ്മലായ മണ്ണിന്റെ വിധിയാണുള്ളത്. മണ്ണില്‍ രണ്ടാമത്തെ അടിക്കല്‍ കൊണ്ട് തന്നെ രണ്ട് ഉള്ളന്‍കൈ കൊണ്ട് തടവുക എന്ന ബാധ്യത നിറവേറി. പ്രസ്തുത വേളയില്‍ രണ്ട് കൈയിലുമുള്ള മണ്ണിന് മുസ്തഅ്മലിന്റെ വിധിയില്ല. കൈയില്‍ നിന്നു പിരിഞ്ഞ മണ്ണിനാണ് മുസ്തഅ്മലായ മണ്ണിന്റെ വിധിയുള്ളത്. രണ്ടാം തവണ രണ്ട് ഉള്ളന്‍കൈകൊണ്ട് മണ്ണില്‍ അടിക്കലോടുകൂടി തന്നെ രണ്ട് ഉള്ളന്‍കൈ തടവിയ ബാധ്യതയില്‍ നിന്ന് ഒഴിവായതുകൊണ്ടാണ് രണ്ട് കൈമുട്ടോടുകൂടി തടവിയാല്‍ ഒരു ഉള്ളന്‍ കൈകൊണ്ട് മറ്റേ ഉള്ളന്‍കൈ തടവല്‍ സുന്നത്തിന്റെ കൂട്ടത്തില്‍ എണ്ണിയത്. (ഉമൈറ 1/91) തയമ്മുമിന്റെ രൂപം ഖിബ്‌ലയിലേക്കു മുന്നിട്ട് ബിസ്മി ചൊല്ലുക, ശേഷം മിസ്‌വാക്ക് ചെയ്യുക, കൈവിരലില്‍ മോതിരമുണ്ടെങ്കില്‍ അത് അഴിച്ചുവയ്ക്കുക, ശേഷം ഫര്‍ളാക്കപ്പെട്ട നിസ്‌കാരത്തെ ഞാന്‍ ഹലാലാക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് രണ്ടു കൈ ശുദ്ധമായ പൊടിമണ്ണില്‍ അടിച്ച് കൈകുടഞ്ഞു മണ്ണ് ലഘുവാക്കി മുഖം പരിപൂര്‍ണമായി തടവുക. മൂക്കിന്റെ ഭാഗവും താടിയുടെ ഭാഗവുമെല്ലാം ശ്രദ്ധിച്ചു തടവണം. മുഖം, കൈ എന്നിവയിലുള്ള മുടിയുടെ കുറ്റിയിലേക്ക് മണ്ണ് ചേര്‍ക്കല്‍ നിര്‍ബന്ധമില്ല. അത് ബുദ്ധിമുട്ടാണെന്നാണ് ഫുഖഹാഅ് കാരണം പറഞ്ഞത്. തിങ്ങിയ താടിയുടെ ഉള്‍ഭാഗവും നിര്‍ബന്ധമില്ല. (തുഹ്ഫ, ശര്‍വാനി: 1/362) രണ്ടാം തവണ കൈ മണ്ണിലടിച്ച് ആദ്യം ഇടതു കൈകൊണ്ട് വലതു കൈ മുട്ട് വരെയും പിന്നെ വലത് കൈകൊണ്ട് ഇടതുകൈ മുട്ടു വരെയും തടവുക. കൈ തടവേണ്ട രൂപം: ഇടത് കൈയിന്റെ വിരലുകളുടെ പള്ളകള്‍ കൊണ്ട് (തള്ളവിരല്‍ ഒഴികെ, അത് ഉയര്‍ത്തി പ്പിടിക്കണം) വലത് കൈയിന്റെ തള്ളവിരല്‍ ഒഴികെയുള്ള വിരലുകളുടെ തലമുതല്‍ പുറം ഭാഗം മുട്ട് ഉള്‍പ്പെടെ കൈയിന്റെ പുറംഭാഗം തടവുക. ശേഷം ഇടത് മുന്‍ കൈയിന്റെ പള്ള കൊണ്ട് വലതുകൈയിന്റെ പള്ളഭാഗം മുട്ട് മുതല്‍ തടവുക. ശേഷം ഇടതു കൈയിന്റെ തള്ളവിരല്‍ കൊണ്ട് വലതു കൈയിന്റെ തള്ളവിരലിന്റെ പുറം ഭാഗം തടവുക. ഈ വിവരിച്ചതുപോലെ ഇടതുകൈ വലത് കൈകൊണ്ട് തടവുക. അതിനുശേഷം രണ്ടില്‍ ഒന്നിന്റെ ഉള്ളന്‍ കൈ കൊണ്ട് മറ്റേത് തടവുക. വിരലുകള്‍ പരസ്പരം കോര്‍ക്കുക. രണ്ടാം തവണ മണ്ണ് അടിച്ചെടുക്കുമ്പോള്‍ കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരല്‍ നിര്‍ബന്ധമാണ്. എങ്കിലേ തയമ്മും സ്വഹീഹാവുകയുള്ളൂ. നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷമേ തയമ്മും ചെയ്യാവൂ എന്നു പറഞ്ഞല്ലോ. എന്നാല്‍, ഒരാള്‍ ളുഹ്ര്! നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷേ, ളുഹ്ര്! നിസ്‌കരിച്ചില്ല. എങ്കില്‍ ആ തയമ്മും കൊണ്ട് അസ്വ്‌റിന്റെ സമയം പ്രവേശിച്ച ശേഷം അസ്വര്‍ നിസ്‌കരിക്കാം. കാരണം തയമ്മും ഇവിടെ സ്വഹീഹായിട്ടുണ്ട്. (തുഹ്ഫ 1/360). അതേസമയം ഒരാള്‍ ളുഹാ നിസ്‌കാരം നിര്‍വഹിക്കാന്‍ വേണ്ടി ളുഹായുടെ സമയത്തിനുശേഷം തയമ്മും ചെയ്തു. പ്രസ്തുത തയമ്മും കൊണ്ട് ളുഹാ നിസ്‌കരിച്ചാലും ഇല്ലെങ്കിലും ളുഹ്‌റിന്റെ സമയമായ ശേഷം ളുഹ്ര്! നിസ്‌കരിക്കാവതല്ല. കാരണം, ളുഹാ സുന്നത്തും ളുഹ്ര്! നിര്‍ബന്ധവുമാണല്ലോ. ളുഹാ നിസ്‌കാരം നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കുകയും ളുഹായുടെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷേ, ളുഹാ നിസ്‌കരിച്ചില്ല. എങ്കില്‍ ളുഹ്‌റിന്റെ സമയം പ്രവേശിച്ച ശേഷം ളുഹ്ര്! നിസ്‌കരിക്കാം. കാരണം, നേര്‍ച്ചയാക്കപ്പെട്ട ളുഹാ നിസ്‌കാരവും ളുഹ്‌റും നിര്‍ബന്ധമാണ്. (തുഹ്ഫ: 1/360) മുറിവും തയമ്മുമും ദേഹത്ത് മുറിവുള്ളതിനാല്‍ സാധ്യമായ ‘ാഗങ്ങളെല്ലാം കഴുകി ബാക്കി ‘ാഗങ്ങള്‍ക്കു വേണ്ടി തയമ്മും ചെയ്ത വലിയ അശുദ്ധിക്കാരന്‍ രോഗം സുഖപ്പെട്ടാല്‍ മുമ്പ് കഴുകാന്‍ സാധിക്കാത്ത ‘ാഗവും കഴുകല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ: 1/365) വെള്ളം പൂര്‍ണമായോ ‘ാഗികമായോ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ വലിയ അശുദ്ധിക്കുവേണ്ടി തയമ്മും ചെയ്ത രോഗി സുഖം പ്രാപിച്ചാല്‍ കുളിക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ രോഗം സുഖപ്പെടലോടു കൂടി തയമ്മും ബാത്വിലായി. എന്നതാണ് ഇതിന്റെ കാരണം. (തുഹ്ഫ 1/365) മുറിവ് കാരണം വലിയ അശുദ്ധിക്കാരന്‍ തയമ്മും ചെയ്ത ശേഷം തയമ്മുമിന്റെ അവയവത്തില്‍ നിന്ന് കഴുകാന്‍ സൗകര്യമായ ഭാഗങ്ങള്‍ കഴുകലാണ് ഉത്തമം. മണ്ണിന്റെ അടയാളത്തെ വെള്ളം നീക്കിക്കളയുന്നതിനുവേണ്ടിയാണിത്. വലിയ അശുദ്ധിക്കാരന്‍ കഴുകാന്‍ സൗകര്യമായതു കഴുകിയ ശേഷം തയമ്മും ചെയ്താലും സാധുവാണ്. കുളി നിര്‍ബന്ധമായവന്റെ ശരീരത്തില്‍ എത്ര സ്ഥലത്ത് മുറിവുണ്ടെങ്കിലും ഒരു തയമ്മും ചെയ്താല്‍ മതി.