Sunni Afkaar Weekly

Pages

Search

Search Previous Issue

അനന്തരാവകാശം ഒരു പഠനം

എം.എ. ജലീല്‍ സഖാഫി പുല്ലാര
 അനന്തരാവകാശം  ഒരു പഠനം

? ഒരാള്‍ മരിക്കുമ്പോള്‍ അനന്തരാ വകാശികളില്‍ എല്ലാ പുരുഷന്മാരും (ഒറ്റ സ്ത്രീകളും ഇല്ലാതെ) മേളിച്ചാല്‍ എത്ര പേര്‍ക്ക് അവകാശം ലഭിക്കും? = മൂന്നുപേര്‍ക്കു മാത്രം. പിതാവ്, മകന്‍, ഭര്‍ ത്താവ് എന്നിവരാണവര്‍. ? എല്ലാ സ്ത്രീകളും (പുരുഷന്മാരെ കൂടാതെ) മേളിച്ചാലോ? = അഞ്ചു പേര്‍ അവകാശികളാകും. മകള്‍, മകന്റെ മകള്‍, മാതാവ്,‘ഭാര്യ, പൂര്‍ണ സഹോദരി എന്നിവരാണവര്‍. ? എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളും ഒരുമിച്ചുകൂടിയാലോ? = അഞ്ചുപേര്‍ അവകാശമെടുക്കും. മാതാവ്, പിതാവ്, മകന്‍, മകള്‍, ഭാര്യയോ ഭര്‍ത്താവോ. ? ഭര്‍ത്താവിന്റെ വിഹിതമെത്ര? = മരിച്ച ഭാര്യക്ക് സന്താനമില്ലെങ്കില്‍ ഭര്‍ത്താവിനു പകുതി. സന്താനമുണ്ടെങ്കില്‍ നാലിലൊന്ന്. (പകുതി, നാലിലൊന്ന് എന്നിങ്ങനെ രണ്ടു വിധം ഓഹരി മാത്രമാണ് ഭര്‍ത്താവിനുള്ളത്.) ? ഭാര്യയുടെ ഓഹരി? = മരിച്ച ഭര്‍ത്താവിനു സന്താനമില്ലെങ്കില്‍ ഭാര്യക്ക് നാലിലൊന്ന്. സന്താനമുണ്ടെങ്കില്‍ എട്ടിലൊന്ന്. ? ചിലര്‍ ഉള്ളതുകൊണ്ട് മറ്റുചിലര്‍ക്ക് പൂര്‍ണമായ തടസ്സം നേരിടുമല്ലോ. ഉദാ: മകനുണ്ടാകുമ്പോള്‍ മകന്റെ മകന് അവകാശമില്ല. മകന്‍ മകന്റെ മകനെ തടഞ്ഞു. എന്നാല്‍, ഒരിക്കലും ആരാലും തടയപ്പെടാത്ത അവകാശികള്‍ ഉണ്ടോ? = ഉണ്ട്. ആറു പേര്‍. അവര്‍ ഒരിക്കലും തടയപ്പെ ടില്ല- ഉമ്മ, ഉപ്പ, ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍ എന്നിവരാണവര്‍. ? ഗര്‍ഭസ്ഥശിശുവിന് സ്വത്തവകാശമുണ്ടോ? =അതേ, ഉണ്ട്. അതിനു പ്രത്യേകമായ രണ്ടു നിബന്ധനയുണ്ട്. 1) പൂര്‍ണ ജീവനോടെ ജനിക്കുക. 2) പരേതന്റെ മരണശേഷം ഗര്‍ഭസ്ഥശിശുവിന്റെ ആസ്തിക്യം ഉറപ്പാക്കുക. രണ്ടു നിബന്ധനകളോടെ ആസ്തിക്യം ഉറപ്പാക്കാം. ഒന്ന്: പരേതന്റെ മരണാനന്തരം ആറു മാസത്തിനുള്ളില്‍ പ്രസവം നടക്കുക. രണ്ട്: ഗര്‍ഭസ്ഥശിശുവിന്റെ മാതാവ് മറ്റൊരു ‘ര്‍ത്താവുമൊത്ത് ജീവിക്കുന്നില്ലെങ്കില്‍ നാലു വര്‍ഷത്തിനുള്ളില്‍ പ്രസവം നടക്കുക. പൂര്‍ണ ഗര്‍ഭകാലത്തില്‍ ചുരുങ്ങിയത് ആറു മാസവും കൂടിയത് നാലു വര്‍ഷവുമാണ്. (ഫത്ഹുല്‍ മുഈന്‍) ? അവകാശികളില്‍ ഗര്‍ഭസ്ഥശിശു ഉണ്ടെങ്കില്‍ ജനനംവരെ സ്വത്ത് വിഹിതം ചെയ്യാതിരിക്കണോ? =അതാണു നല്ലത്. കാരണം, കുട്ടി ആണോ പെണ്ണോ ഒന്നോ ഒന്നിലധികമോ ആവാമല്ലോ. അതു കൊണ്ടുതന്നെ ജനനത്തിനു മുമ്പ് കൃത്യമായ വിഹിതം നിര്‍ണയിക്കാന്‍ കഴിയില്ല. ? ഗര്‍ഭസ്ഥശിശു കാരണം അവകാശം തടയപ്പെടാത്ത വ്യക്തിയുടെ വിഹിതം മാത്രം ഓഹരിചെയ്യാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ജനനം വരെ കാത്തിരിക്കണോ? = വേണ്ട. ഉദാ: ഭാര്യയും രണ്ടു മക്കളും അവകാശികളായി ഉണ്ട്. ഭാര്യ ഗര്‍ഭിണിയുമാണ്. ഇവിടെ ഭാര്യയുടെ എട്ടിലൊന്ന് ഒരിക്കലും തടയപ്പെടില്ലല്ലോ. അവള്‍ക്കത് കൊടുക്കാന്‍ പ്രസവം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ? കാണാതായവന്റെ സ്വത്ത് വീതിച്ചെടുക്കല്‍ എപ്പോള്‍? =ഒരു വിവരവും ലഭിക്കാതെ ഒരാളെ കാണാതായാല്‍ അദ്ദേഹം മരണപ്പെട്ടതായി തെളിവു ലഭിക്കുകയോ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് ഏകദേശം ഉറപ്പു ലഭിക്കുന്ന കാലം കഴിഞ്ഞു പോവുകയോ ചെയ്യാതെ അവന്റെ സ്വത്ത് വിഹിതം വെക്കരുത്. ? മരിച്ചതായി ആരാ വിധി പ്രഖ്യാപിക്കുക. = ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന ഏകദേശ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അവന്‍ മരണപ്പെട്ടതായി അന്വേഷണം നടത്തി ഖാസി പ്രഖ്യാപിക്കണം. വിധി പ്രഖ്യാപിക്കുന്ന സമയത്ത് അനന്തരാവകാശത്തിന് അര്‍ഹതയുള്ളവര്‍ക്കേ അവകാശമുണ്ടാവുകയുള്ളൂ. ? ഒരാള്‍ മരിക്കുമ്പോള്‍ അവകാശികളായി ഒരു മകളും മാതാവും പിതാവും മാത്രമാണുള്ളതെങ്കില്‍ അനന്തരസ്വത്ത് എങ്ങനെ വീതിക്കണം? =സ്വത്ത് ആറ് ഓഹരിവെക്കണം. മകള്‍ക്ക് മൂന്ന് ഓഹരി, പിതാവിന് രണ്ട് ഓഹരി, മാതാവിന് ഒരു ഓഹരി. ? മരിച്ച വ്യക്തിക്ക് ഒരു മകള്‍ മാത്രമാണുള്ളത്. മറ്റു അവകാശികള്‍ ആരുമില്ല. എങ്കിലോ? ? സ്വത്ത് മുഴുവനും മകള്‍ക്കാണ്. അവകാശം എന്ന നിലയ്ക്ക് പകുതിയും മറ്റാരും ഇല്ലാത്തതുകൊണ്ട് ബാക്കിയും എന്ന അടിസ്ഥാനത്തിലാണ് സ്വത്ത് മുഴുവനും മകള്‍ക്ക് അവകാശപ്പെട്ടതായത്. ? ഒരു വ്യക്തി മരിച്ചു, അവകാശികളായി ഭാര്യയും മാതാപിതാക്കളും സഹോദരങ്ങ ളുമുണ്ടെങ്കില്‍ സ്വത്ത് എങ്ങനെ വീതിക്കണം? = ഭാര്യക്ക് നാലിലൊന്ന്, മാതാവിന് ആറിലൊന്ന്, ബാക്കി പിതാവിന്. സഹോദരങ്ങള്‍ക്ക് അവകാശമില്ല. ? ദവുല്‍ അര്‍ഹാം എന്നതിന്റെ വിവക്ഷയെന്ത്? = അകന്ന ബന്ധുക്കള്‍ എന്നു പറയാം. അംശാവകാശികളും (അഹ്‌ലുല്‍ ഫര്‍ള് ) ശിഷ്ടാവകാശികളും (അസ്വബ) ഇല്ലെങ്കില്‍ സ്വത്ത് ബൈത്തുല്‍ മാലിന് (ഇസ്‌ലാമിക ഭരണത്തിലെ നീതിയുക്ത പൊതുഖജനാവ്) അവകാശപ്പെട്ടതാണ്. ഇക്കാലത്ത് നമ്മുടെ നാട്ടില്‍ ബൈത്തുല്‍മാല്‍ നിലവിലില്ല. അതിനാല്‍ സ്വത്ത് അകന്ന ബന്ധുക്കള്‍ക്ക് (ദവുല്‍ അര്‍ഹാമിന്) അവകാശപ്പെട്ടാണ്. ?ആരെല്ലാമാണ് ദവുല്‍ അര്‍ഹാമില്‍ ഉള്‍പ്പെടുക? =പതിനൊന്നു കൂട്ടരെ ശൈഖ് മഖ്ദൂം ഫത്ഹുല്‍ മുഈനില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1) മകളുടെ മക്കള്‍ 2) സഹോദരിയുടെ മക്കള്‍ 3) സഹോദര പുത്രിമാര്‍ 4) പിത്യവ്യ പുത്രിമാര്‍ 5) മാതാവിലൊത്ത പിതൃവ്യന്‍ 6) മാതൃ സഹോദരന്‍ 7) മാതൃ സഹോദരി 8) പിതൃ സഹോദരി 9) ഉമ്മയുടെ പിതാവ് 10) ഉമ്മയുടെ പിതാവിന്റെ ഉമ്മ 11 ) ഏകാ മാതാ സഹോദരപുത്രന്‍ ?പരസ്പരം അവകാശമെടുക്കുന്നവര്‍ ഒരപകടത്തില്‍ മരിച്ചാല്‍ സ്വത്ത് എങ്ങനെ വീതിക്കും? =ആദ്യം മരിച്ചത് ആരാണെന്നു വ്യക്തമായാല്‍ ആദ്യം മരിച്ചവന്റ സ്വത്തില്‍ പിന്നീട് മരിച്ച വ്യക്തിക്ക് അവകാശമുണ്ടാകും. (തസ്ഹീലുല്‍ ഫറാഇള്) ? രണ്ടുപേരും ഒരേ സമയത്ത് മരണപ്പെട്ടതായി ബോധ്യപ്പെട്ടാലോ? =എങ്കില്‍ ഇവര്‍ തമ്മില്‍ അവകാശികളല്ല. രണ്ടു പേരുടെയും സ്വത്ത് മറ്റു അവകാശികള്‍ക്ക് കണക്കനുസരിച്ച് വീതിച്ചുകൊടുക്കണം. ? അറബ് ഭാഷയിലുള്ള (ജദ്ദ് ) എന്നതില്‍ മാതാവിന്റെ പിതാവ് പെടില്ലേ? = പെടും. എന്നാല്‍, അനന്തരാവകാശ മസ്അലയില്‍ ജദ്ദ് എന്നാല്‍ പിതാമഹന്‍ മാത്രമാണ്; മാതാവിന്റെ പിതാവല്ല. ? മുര്‍ത്തദ്ദിന് അനന്തരാവകാശം ലഭിക്കില്ലല്ലോ. അവന്റെ മുസ്‌ലിമായ മകനോ? = ലഭിക്കും (ഫതാവല്‍ കുബ്‌റ: 4/339). ? മുര്‍തദ്ദ് ഇസ്‌ലാമിലേക്കു മടങ്ങിവന്നാല്‍ സ്വത്ത് ലഭിക്കുമോ? = ഇല്ല. താന്‍ ആരുടെ സ്വത്താണോ അവകാശമായി എടുക്കുന്നത് അയാള്‍ മരിക്കുന്ന സമയം താന്‍ മുര്‍തദ്ദാണല്ലോ. (മുഗ്‌നി: 3/35 )