Sunni Afkaar Weekly

Pages

Search

Search Previous Issue

വെള്ള വസ്ത്രം വലിയ മഹത്വങ്ങള്‍

എം.എ. ജലീല്‍ സഖാഫി പുല്ലാര
  വെള്ള വസ്ത്രം  വലിയ മഹത്വങ്ങള്‍

നിസ്‌കാരം സാധുവാകാനുള്ള നിബന്ധനകളില്‍ ഒന്നാണല്ലോ ഔറത്ത് മറക്കല്‍. സ്ത്രീക്കും പുരുഷനും വിഭിന്ന ഔറത്താണുള്ളത്. നിസ്‌കാരത്തിലാണെങ്കിലും അല്ലെങ്കിലും പുരുഷന്റെ ഔറത്ത് മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ്. മുട്ടും പൊക്കിളും ഔറത്തല്ലെങ്കിലും ഔറത്ത് മറച്ചു എന്നുറപ്പാവാന്‍ മുട്ടും പൊക്കിളും അല്‍പം മറയ്ക്കല്‍ നിര്‍ബന്ധമാണ്. ശരീരത്തിന്റെ നിറം കാണാത്തവിധം കട്ടിയുള്ള വസ്ത്രം കൊണ്ടാണ് ഔറത്ത് മറക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി നിസ്‌കരിക്കുകയാണെങ്കിലും ഔറത്ത് മറയ്ക്കണം. കുട്ടികളെ കൊണ്ട് നിസ്‌കാരം ശീലിപ്പിക്കാന്‍ വേണ്ടി നിസ്‌കരിപ്പിക്കുന്നവര്‍ കുട്ടി ഔറത്ത് മറച്ചിട്ടില്ലെങ്കില്‍ കുറ്റക്കാരാകും. കുട്ടിക്ക് കുറ്റമില്ല. രക്ഷകര്‍ത്താവാണ് കുറ്റക്കാരന്‍. ഔറത്തിന്റെ ഭാഗത്തില്‍പ്പെട്ട ഒരൊറ്റ രോമം പുറത്തു കണ്ടാലും നിസ്‌കാരം സാധുവാകുകയില്ല. തുണി എടുക്കേണ്ട രൂപം സത്യവിശ്വാസികള്‍ തുണിയെടുക്കേണ്ട രൂപം ഇങ്ങനെ: ആദ്യം തുണിയുടെ ഇടത്തെ അഗ്രം വലത്തോട്ടും അതിന്റെ മുകളിലായി വലത്തെ ഭാഗം ഇടത്തോട്ടുമാക്കി എടുക്കുക. (തുഹ്ഫ: 3/127) ശരീരത്തിന്റെ ചുറ്റുഭാഗവും മുകള്‍ഭാഗവും മറയ്ക്കലാണു നിര്‍ബന്ധം. അടിഭാഗം മറയ്ക്കല്‍ നിര്‍ബന്ധമില്ല. സ്ത്രീയുടെ ഔറത്തു നാലുവിധമാണ് ഒന്ന്: നിസ്‌കാരത്തിലെ ഔറത്ത്. അതു മുഖവും മുന്‍കൈയ്യും ഒഴിച്ചുള്ള ശരീരത്തിന്റെ എല്ലാ ഭാഗവുമാണ്. ഔറത്തിന്റെ ഏതെങ്കിലും ഭാഗം നിസ്‌കാരത്തില്‍ വെളിവാകുന്നുണ്ടോ എന്നതില്‍ സ്ത്രീകള്‍ക്കു പ്രത്യേകം ശ്രദ്ധവേണം. തലമുടി ചീകി മൊടഞ്ഞു ഭംഗിയാക്കലാണു സ്ത്രീക്കു നല്ലത്. മുടി ചുരുട്ടി വെയ്ക്കല്‍ കറാഹത്തെന്നത് പുരുഷന്മാര്‍ക്കാണു ബാധകം. സ്ത്രീകള്‍ക്കില്ല. ഇഅ്തിദാലില്‍ കൈ ഉയര്‍ത്തുമ്പോഴും മറ്റുവേളയിലും മുന്‍കൈ അല്ലാത്ത കൈയ്യിന്റെ ഭാഗം വെളിവാകാന്‍ സാധ്യത കൂടുതലാണ്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ലൂസുള്ള നിസ്‌കാരക്കുപ്പായമാകുമ്പോള്‍ നിസ്‌കാരക്കുപ്പായത്തിന്റെ കൈ ഫിറ്റാക്കാന്‍ ശ്രമിക്കണം. പുരുഷന്‍ ഞെരിയാണിക്കു താഴെ വസ്ത്രം ഇറക്കല്‍ കറാഹത്താണ്. അഹങ്കാരത്തോടെയാണെങ്കില്‍ ഹറാമുമാണ്. സ്ത്രീ ഞെരിയാണിക്കു താഴെ വസ്ത്രം ഇറക്കല്‍ നിര്‍ബന്ധമാണ്. രണ്ട്: അന്യപുരുഷനു മുമ്പിലുള്ള ഔറത്ത്. അതും സ്ത്രീക്ക് ശരീരം മുഴുവനുമാണ്. ഇതാണു നമ്മുടെ മദ്ഹബിലെ പ്രബലാഭിപ്രായം. വികാരം കൂടാതെ സ്ത്രീയുടെ മുഖവും മുന്‍കൈയും നോക്കല്‍ അനുവദനീയമാണെന്ന അഭിപ്രായം നമ്മുടെ മദ്ഹബില്‍ ഉണ്ട്. മൂന്ന്: സ്ത്രീയുടെ വിവാഹബന്ധം ഹറാമായവരുടെയും മറ്റു മുസ്‌ലിം സ്ത്രീകളുടെയും മുമ്പിലുള്ള ഔറത്ത്. അതു മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ്. നാല്: അമുസ്‌ലിം സ്ത്രീയുടെ മുമ്പില്‍ മുസ്‌ലിം സ്ത്രീയുടെ ഔറത്ത്: സാധാരണ ജോലി സമയത്ത് വെളിവാകുന്ന ശരീരഭാഗമല്ലാത്തെതെല്ലാമാണത്. അവ അമുസ്‌ലിം സ്ത്രീയുടെ മുമ്പില്‍ മുസ്‌ലിം സ്ത്രീ മറച്ചിരിക്കണം. തല, പിരടി തുടങ്ങിയവയെല്ലാം ജോലി സമയം വെളിവാകുന്നതിനാല്‍ അവ അമുസ്‌ലിം സ്ത്രീയുടെ മുമ്പില്‍ ഔറത്തല്ലെന്നു മനസ്സിലാക്കാം. മുസ്‌ലിം സ്ത്രീ അമുസ്‌ലിം സ്ത്രീയുടെ മുമ്പില്‍ മറയ്ക്കല്‍ നിര്‍ബന്ധമായ ഭാഗങ്ങളെല്ലാം ദുര്‍നടപ്പുകാരിയായ മുസ്‌ലിം സ്ത്രീയുടെ മുമ്പിലും മറച്ചിരിക്കണം. സ്ത്രീപുരുഷന്മാരുടെ ശരീരത്തില്‍നിന്നു കാണല്‍ നിഷിദ്ധമായതെല്ലാം ദേഹത്തില്‍നിന്നു പിരിഞ്ഞാലും കാണല്‍ ഹറാമാണ്. സ്ത്രീ കൈകാലുകളില്‍നിന്നു മുറിച്ചെടുക്കുന്ന നഖങ്ങള്‍, മുടി, ഗുഹ്യരോമം തുടങ്ങിയവയെല്ലാം മറയ്ക്കല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ 7/207 നോക്കുക.) കച്ചവടം പോലെയുള്ള ഇടപാട് ചെയ്യുമ്പോള്‍ ആളെ മനസ്സിലാക്കാന്‍ വേണ്ടി സ്ത്രീയുടെ മുഖം നോക്കലും മറിച്ചും അനുവദനീയമാണ്. ഫാതിഹ പോലുള്ള നിര്‍ബന്ധകാര്യം പഠിപ്പിക്കാനും സ്ത്രീയുടെ മുഖം നോക്കാം. വിവാഹിതരാകുന്ന സ്ത്രീപുരുഷന്മാര്‍ക്കും പരസ്പരം നോക്കാം. അതു സുന്നത്താണ്. (ശര്‍വാനി: 7/208) സ്ത്രീ, പുരുഷന്റെ വേഷം ധരിക്കലും പുരുഷന്‍ സ്ത്രീ വേഷം ധരിക്കലും പാടില്ലാത്തതാണ്. ശരീര വണ്ണം പ്രകടമാകുംവിധം ഇടുങ്ങിയ വസ്ത്രം സ്ത്രീ ധരിക്കല്‍ കറാഹത്താണ്. പുരുഷന്‍ അത്തരം ബോഡീഫിറ്റ് വസ്ത്രം ധരിക്കല്‍ നല്ലതിന് എതിരുമാണ്. അല്ലാഹു പറയുന്നു: ആദം സന്തതികളേ, എല്ലാ ആരാധനാവേളയിലും നിങ്ങള്‍ അലങ്കാരം അണിയുക. (അഅ്‌റാഫ്: 31) അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു- നബി(സ) പറയുന്നു: പൊങ്ങഛം അല്‍പം മനസ്സിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ഒരാള്‍ ചോദിച്ചു നബിയേ, ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പുമൊക്കെ നല്ല ഭംഗിയുള്ളതാവാന്‍ താത്പര്യപ്പെടുമല്ലോ (അത് പൊങ്ങച്ചമായി മാറുമോ?). നബി(സ) പറയുന്നു: അല്ലാഹു ഭംഗിയുള്ളവനും ഭംഗി ഇഷ്ടപ്പെടുന്നവനുമാണ്. പൊങ്ങച്ചമെന്നാല്‍ മറ്റുള്ളവന്റെ അവകാശങ്ങള്‍ ധ്വംസിക്കലും ജനങ്ങളെ നിന്ദിക്കലുമാണ്. (സ്വഹീഹ് മുസ്‌ലിം). ഭംഗിയായി വസ്ത്രം ധരിക്കണമെന്നും അതൊരിക്കലും പൊങ്ങച്ചമാകില്ലെന്നുമാണ് മുന്‍ചൊന്ന ഹദീസിന്റെ സാരം. ചീത്ത സംസ്‌കാരം തുണിയെടുക്കുന്ന ചിലയാളുകളില്‍ കണ്ടുവരുന്ന വളരെ മോശമായ പ്രവണതയാണ് തുണി മടക്ക്കുത്തല്‍. മുട്ടുപൊക്കിളിനിടയിലാണ് തന്റെ ഔറത്തെന്ന് ബോധമുള്ളവന്‍ തന്നെ ഇങ്ങനെ ചെയ്യുന്നത് വളരെ ഖേദകരമാണ്. പുണ്യനബി(സ)യുടെ മതാനുയായികള്‍തന്നെയാണ് ബഹുഭൂരിഭാഗവും ഈ വൃത്തികേട് കാണിക്കുന്നത്. മാന്യത നഷ്ടപ്പെടുന്നവിധം വസ്ത്രമെടുക്കുന്നവരും വര്‍ദ്ധിക്കുന്ന കാലമാണിത്. വലിയ ബര്‍മുഡയും മറ്റും ധരിച്ച് തുണി മടക്കിക്കുത്തുന്നവന്‍ നഗ്‌നത മറയ്ക്കുന്നുണ്ടെങ്കിലും തന്റെ മാന്യത നഷ്ടപ്പെടുന്നുണ്ടെന്ന് അറിയാതെപോകുന്നു. വെളുത്ത വസ്ത്രം ഏതു വര്‍ണത്തിലുള്ള വസ്ത്രവും ധരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. നബി(സ്വ) പല സന്ദര്‍ഭങ്ങളില്‍ പല വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചതായി ഹദീസുകളില്‍ കാണാം. എന്നാല്‍, കുങ്കുമ വര്‍ണവും മഞ്ഞച്ചായവും മുക്കിയ വസ്ത്രങ്ങള്‍ പുരുഷന്മാര്‍ ധരിക്കാന്‍ പാടില്ലെന്നു രേഖകളിലുണ്ട്. (ഫത്ഹുല്‍മുഈന്‍). കറുപ്പ് നിറമുള്ള വസ്ത്രവും ചെരിപ്പും നിത്യമായി ധരിക്കല്‍ നല്ലതിന് എതിരാണ്. (ബിഗ്‌യ) വെള്ള വസ്ത്രത്തിന് ഇസ്‌ലാം കൂടുതല്‍ മേന്‍മയും മഹത്വവും കല്‍പ്പിക്കുന്നുണ്ട്. നബി(സ്വ) കൂടുതല്‍ ഇഷ്ടപ്പെടുകയും അണിയുകയും ധരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്ത വസ്ത്രമാണത്. ഉഹ്ദിലും മറ്റു സന്ദര്‍ഭങ്ങളിലും നബിയെ സഹായിക്കാനിറങ്ങിയ മാലാഖമാര്‍ ധരിച്ചിരുന്നത് വെള്ള വസ്ത്രമാണെന്നു കാണാം. (ഉംദതുല്‍ഖാരി) വെള്ള വസ്ത്രത്തിന്റെ മഹത്വം വിളിച്ചോതുന്ന നിരവധി ഹദീസുകളുണ്ട്. നിങ്ങളുടെ വസ്ത്രങ്ങളില്‍നിന്ന് വെള്ളവസ്ത്രം നിങ്ങള്‍ ധരിക്കുക. അതാണ് ഏറ്റവുംനല്ല വസ്ത്രം. നിങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ നിങ്ങള്‍ വെള്ളവസ്ത്രത്തില്‍ കഫന്‍ ചെയ്യുകയും ചെയ്യുക. (തിര്‍മുദി, അബൂദാവൂദ്, ഇബ്‌നുമാജ). പള്ളികളിലും ഖബ്‌റുകളിലും അല്ലാഹുവിനെ സന്ദര്‍ശിക്കാന്‍ വേണ്ടി നിങ്ങളണിയുന്ന ഉടയാടകളില്‍ ഏറ്റവും ഉത്തമം വെള്ള വസ്ത്രമാണ് (ഇബ്‌നുമാജ). വെള്ളിയാഴ്ച ജുമുഅക്കു വേണ്ടി നല്ല വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറഞ്ഞ ഉടനെ വെള്ളയാണ് കൂടുതല്‍ ഉത്തമമെന്ന് പറഞ്ഞതു കാണാം. (തുഹ്ഫ) പെരുന്നാള്‍ ഭംഗിയുടെയും സന്തോഷത്തിന്റെയും ദിനമായതുകൊണ്ട് ഏറ്റവും ഭംഗിയും വിലകൂടിയതുമായ വസ്ത്രമാണ് അന്ന് ധരിക്കേണ്ടത്. മാത്രവുമല്ല, പെരുന്നാളും വെള്ളിയാഴ്ചയും ഒരേ ദിനം വന്നാല്‍ വെള്ളിയാഴ്ചയെ പരിഗണിച്ച് വെള്ള ധരിക്കണമോ പെരുന്നാള്‍ ദിനത്തെ പരിഗണിച്ച് വെള്ളയെക്കാള്‍ നല്ല വസ്ത്രം ധരിക്കണമോ എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണാം. എന്നാലും ആ ദിവസം ജുമുഅക്ക് പോകുന്നസന്ദര്‍ഭമൊഴികെ ബാക്കി സമയങ്ങളില്‍ വെള്ളയെക്കാള്‍ നല്ല വസ്ത്രമുണ്ടെങ്കില്‍ അതു ധരിക്കണമെന്നാണ് പ്രധാനാഭിപ്രായം. (ശര്‍വാനി). എന്നാല്‍, ഒരാളുടെ അടുക്കല്‍ ഉള്ള വസ്ത്രങ്ങളില്‍ ഏറ്റവും നല്ലതും വിലകൂടിയതും വെള്ളയാണെങ്കില്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ ഉത്തമവും സര്‍വ്വപുണ്യങ്ങളും ലഭിക്കുന്നതും അത് ധരിക്കുമ്പോഴാണെന്നതില്‍ തര്‍ക്കമേതുമില്ലല്ലോ. വൃത്തി കൂടുതല്‍ സൂക്ഷിക്കാന്‍ വെള്ളവസ്ത്രം ഉപകാരപ്രദമാണെന്നതില്‍ ആര്‍ക്കും സന്ദേഹമില്ല. ചെളിയോ മറ്റു അഴുക്കോ നജസോ വെള്ളവസ്ത്രത്തിലായാല്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടാനും കഴുകി വൃത്തിയായി കൊണ്ടുനടക്കാനും മറ്റു കളറുകളെക്കാള്‍ സൗകര്യപ്രദമാണ്. വസ്ത്രശുദ്ധി മനുഷ്യജീവിതത്തിലെ ടെന്‍ഷനകറ്റാന്‍ കൂടുതല്‍ സഹായകമാണെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്. ഖത്വീബിന്റെ വസ്ത്രം ഖതീബിന്റെ വസ്ത്രം മുഴുവനും വെളുത്ത നിറമാകല്‍ സുന്നത്തുണ്ട്. അടിവസ്ത്രവും മുകള്‍ വസ്ത്രവും ഇക്കാര്യത്തില്‍ സമമാണ്. ഇനി മുഴുവനും വെളുത്ത നിറമല്ലെങ്കിലും അടിവസ്ത്രമല്ലാത്തത് വെളുത്തതാവല്‍ സുന്നത്തുണ്ട്. ഖത്വീബല്ലാത്തവര്‍ക്കും ഈ സുന്നത്തുകള്‍ ബാധകമാണ്. വെള്ളിയാഴ്ചയല്ലാത്ത ദിവസങ്ങളിലും ഇവ സുന്നത്തുണ്ട്. നബി(സ്വ) പറയുന്നു: വസ്ത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉത്തമം വെളുത്ത വസ്ത്രമാണ്. (അബൂദാവൂദ്) നിസ്‌കാരത്തിലും അല്ലാത്തപ്പോഴും കറുത്ത വസ്ത്രം ധരിക്കല്‍ സുന്നത്തില്ല. ഖതീബ് കറുത്ത കോട്ട് ധരിച്ചാല്‍ വെള്ള വസ്ത്രം ധരിക്കുകയെന്ന സുന്നത്ത് നഷ്ടപ്പെടും. കള്ളിത്തുണി, പുള്ളിത്തുണി എന്നിവ ധരിച്ച് നിസ്‌കരിക്കല്‍ കറാഹത്താണ്. അടിയില്‍ കള്ളിത്തുണിയും മുകളില്‍ വെളുത്ത ഖമീസും ധരിച്ചാല്‍ വസ്ത്രം മുഴുവനും വെളുത്തതാവണം എന്ന സുന്നത്ത് നഷ്ടപ്പെടും. വസ്ത്രം മുഴുവനും വെളുത്തതാവല്‍ സുന്നത്താണ്. (ശര്‍വാനി: 2/ 474) നിസ്‌കാരത്തിലും അല്ലാത്തപ്പോഴും ഭംഗി ഉദ്ദേശിച്ച് തലപ്പാവ് അണിയല്‍ സുന്നത്തുണ്ട്. (തുഹ്ഫ: 3/36) തലപ്പാവ് അണിഞ്ഞുള്ള ഒരു നിസ്‌കാരത്തിന് അതണിയാതെയുള്ള എഴുപത് നിസ്‌കാരത്തിന്റെ പുണ്യമുെണ്ടന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. കളര്‍ തലപ്പാവ് കൊണ്ട് സുന്നത്ത് ലഭിക്കുമെങ്കിലും വെളുത്ത തലപ്പാവിന്റെ പുണ്യം ലഭിക്കില്ല. തൊപ്പി ധരിച്ചാലും തലപ്പാവിന്റെ പുണ്യം ലഭ്യമാകുമെന്ന് ബിഗ്‌യ:യില്‍ കാണാം. തലപ്പാവ് അണിയുന്നവര്‍ക്ക് അതിന് വാല് വെക്കല്‍ സുന്നത്തുണ്ട്. എന്നാല്‍ വാല് വെക്കാതിരിക്കല്‍ കറാഹത്തില്ല. തലപ്പാവിന്റെ വാല് ഇരു ചുമരുകള്‍ക്കിടയില്‍ ഇടലാണ് ഉത്തമം. വാലിന്റ നീളം ഏറ്റവും ചുരുങ്ങിയത് നാലു വിരലും കൂടിയാല്‍ ഒരു മുഴവുമാണ്. (ഫത്ഹുല്‍ മുഈന്‍) വെള്ള വസ്ത്രം ഉത്തമം എന്നത് പുരുഷന്മാരുടെ പ്രത്യേകതയൊന്നുമല്ല. സ്ത്രീകള്‍ക്കും ഏറ്റവും ഉത്തമം വെളുത്ത വസ്ത്രം തന്നെയാണ്.