Sunni Afkaar Weekly

Pages

Search

Search Previous Issue

കണ്ണു കാണാത്ത എനിക്ക് ജുമുഅക്ക് പോവണോ?

അബ്ദില്‍ ലത്തീഫ് ഫൈസി പാതിരമണ്ണ
 കണ്ണു കാണാത്ത എനിക്ക്  ജുമുഅക്ക് പോവണോ?

അഞ്ചു വഖ്ത് നിസ്‌കാരങ്ങളില്‍ എല്ലാ നിസ്‌കാരവും ശ്രേഷ്ടതയില്‍ തുല്യമാണോ? അല്ലെങ്കില്‍ ഏറ്റവും ശ്രേഷ്ടമായ നിസ്‌കാരം ഏതാണ്? ശ്രേഷ്ടതയില്‍ വ്യത്യാസമുണ്ടെങ്കില്‍ അതിന്റെ ക്രമം വിവരിക്കുമോ? ജമാഅത്തിന്റെ ശ്രേഷ്ടതയും നിസ്‌കാരത്തിന്റെ ശ്രേഷ്ടതയും ഒരുപോലെയാണോ? -മുസമ്മില്‍ മാന്തവാടി രണ്ടു ശഹാദത്ത് ഉച്ചരിക്കുക എന്ന സല്‍കര്‍മ്മത്തിനുശേഷം ശരീരംകൊണ്ട് ചെയ്യുന്ന അമലുകളില്‍ ഏറ്റവും ശ്രേഷ്ടമേറിയത് നിസ്‌കാരമാകുന്നു. നിസ്‌കാരത്തിലെ ഫര്‍ളുകള്‍ എല്ലാ ഫര്‍ളുകളെക്കാളും നിസ്‌കാരത്തിലെ സുന്നത്തുകള്‍ എല്ലാ സുന്നത്തുകളെക്കാളും ശ്രേഷ്ടമേറിയതാകുന്നു. ശേഷം യഥാക്രമം നോമ്പ്, ഹജ്ജ്, സകാത്ത് -ഇവയ്ക്കാണ് സ്ഥാനം. രണ്ടു റക്അത്ത് നിസ്‌കരിക്കുന്നത് ഒരു നോമ്പ് നോല്‍ക്കുന്നതിനെക്കാള്‍ ശ്രേഷ്ടമാണ് എന്നല്ല ഇതിനര്‍ത്ഥം. മറ്റേതിലെ ശക്തിയേറിയത് ചെയ്ത് ഒന്നുമാത്രം വര്‍ധിപ്പിക്കുകയാണെങ്കില്‍ ഏതു വര്‍ധിപ്പിക്കലാണ് ശ്രേഷ്ടമേറിയത് എന്നാണ് ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. ഒരാള്‍ നിസ്‌കാരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. മറ്റൊരാള്‍ നോമ്പ് വര്‍ധിപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍, നിസ്‌കാരം വര്‍ധിപ്പിക്കലാണ് ഉത്തമം. ഉത്തരത്തിനുള്ള ഒരാമുഖം എന്ന നിലയ്ക്കാണ് ഇത്രയും പറഞ്ഞത്. ഫര്‍ള് നിസ്‌കാരങ്ങള്‍ ശ്രേഷ്ടതയില്‍ എല്ലാം തുല്യമല്ല. ശ്രേഷ്ടത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിഫലം കൂടുതല്‍ എന്നാണ്. അഞ്ചു വഖ്ത് നിസ്‌കാരങ്ങളില്‍ ഏറ്റവും ശ്രേഷ്ടമേറിയത് അസ്വ്ര്‍ നിസ്‌കാരമാണെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിരിക്കുന്നു. അടുത്ത സ്ഥാനം സുബ്ഹ് നിസ്‌കാരത്തിനാണ്. പിന്നീട് യഥാക്രമം ഇശാഅ്, ളുഹ്ര്‍ എന്നിവയാണ്. മഗ്‌രിബ് അവസാനത്തെ പദവിയിലാണ്. (ഫത്ഹുല്‍ മുഈന്‍) എന്നാല്‍, ജമാഅത്തിന്റെ ശ്രേഷ്ടത ഇതില്‍നിന്നു വിഭിന്നമാണ്. ജമാഅത്തിന്റെ ശ്രേഷ്ടതയില്‍ ഒന്നാം സ്ഥാനം ജുമുഅക്കാകുന്നു. വെള്ളിയാഴ്ചയിലെ സുബ്ഹ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. പിന്നീട് യഥാക്രമം സുബ്ഹ്, ഇശാഅ്, അസ്വ്ര്‍ എന്നിവയിലെ ജമാഅത്താണ് ശ്രേഷ്ടമേറിയത്. നിസ്‌കാരത്തിന്റെയും ജമാഅത്തിന്റെയും ശ്രേഷ്ടതയില്‍ ളുഹ്ര്‍ മഗ്‌രിബിനെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു. (തുഹ്ഫ) സുന്നത്ത് നിസ്‌കാരങ്ങളില്‍ ഏറ്റവും ശ്രേഷ്ടമേറിയത് ഏതാണ്? -ജംശി പെരുമുഖം ജമാഅത്ത് സുന്നത്തുള്ളതും, ഇല്ലാത്തതും എന്നിങ്ങനെ സുന്നത്ത് നിസ്‌കാരങ്ങള്‍ രണ്ടുവിധമുണ്ടല്ലോ. ഇതില്‍ ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്‌കാരങ്ങള്‍ക്കാണ് (തറാവീഹ് ഒഴികെ) ശ്രേഷ്ടത കൂടുതലുള്ളത്. ഒന്നാം സ്ഥാനം ബലിപെരുന്നാള്‍ നിസ്‌കാരത്തിനാകുന്നു. തുടര്‍ന്ന് യഥാക്രമം ചെറിയ പെരുന്നാള്‍ നിസ്‌കാരം, സൂര്യഗ്രഹണ നിസ്‌കാരം, ചന്ദ്രഗ്രഹണ നിസ്‌കാരം, മഴയെ തേടാനുള്ള നിസ്‌കാരം എന്നിവയ്ക്കാണ്. സ്വലാത്തുല്‍ വിത്വ്ര്‍ തൊട്ടടുത്ത് നില്‍ക്കുന്നു. പിന്നീട് സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത്. മറ്റു റവാതിബുകള്‍ ഒരേ ഗ്രേഡിലാണ്. മുഅഖദായ റവാതിബുകള്‍ക്ക് അല്ലാത്തതിനെക്കാള്‍ സ്ഥാനമുണ്ട്. അടുത്ത സ്ഥാനമാണ് തറാവീഹിനുള്ളത്. ളുഹാ നിസ്‌കാരം തറാവീഹിനു ശേഷം വരുന്നു. താന്‍ ചെയ്ത പ്രവൃത്തിയോട് ബന്ധിച്ച സുന്നത്ത് നിസ്‌കാരങ്ങള്‍ക്കാണ് പിന്നീട് സ്ഥാനമുള്ളത്. ത്വവാഫിന്റെ സുന്നത്ത് നിസ്‌കാരം ഇതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. തുടര്‍ന്ന് യഥാക്രമം തഹിയ്യത്ത് നിസ്‌കാരം, ഇഹ്‌റാമിന്റെ സുന്നത്ത് നിസ്‌കാരം, വുളുഇന്റെ സുന്നത്ത് നിസ്‌കാരം എന്നിവയ്ക്കാകുന്നു സ്ഥാനമുള്ളത്. അവനില്‍നിന്നുള്ള കാരണം കുടാതെ മധ്യാഹനത്തില്‍നിന്നും തെറ്റുമ്പോഴുള്ള സുന്നത്തുസ്സവാല്‍ പോലെയുള്ളത് അവസാനത്തില്‍ വരുന്നു. തഫ്‌ലു മുത്വ്‌ലഖ് ഇന്ന സമയത്താണോ ഇന്ന കാരണമുണ്ടാവുമ്പോഴോ എന്ന ഉപാധിയില്ലാത്ത സുന്നത്ത് നിസ്‌കാരം ഇവയുടെ എല്ലാം പിന്നിലാണ് ഫുഖഹാഅ് എണ്ണിയിട്ടുള്ളത്. (തുഹ്ഫ) തീരെ കണ്ണുകാണാത്ത അന്ധനാണു ഞാന്‍. വടി കുത്തിപ്പിടിച്ച് അങ്ങാടിയില്‍ പോവാറുണ്ട്? ജുമുഅക്ക് പോവല്‍ എനിക്ക് നിര്‍ബന്ധമില്ലെന്ന് ഒരാള്‍ പറയുന്നതു കേട്ടു. ഇത് ശരിയാണോ? -നഈം ഉര്‍ക്കാട്ടിരി കണ്ണു കാണാത്ത ആള്‍ക്ക് ജുമുഅക്ക് പോകല്‍ നിര്‍ബന്ധമാവണമെങ്കില്‍ കൈപിടിക്കാന്‍ ആളുണ്ടായിരിക്കണം. വഴി കുത്തിപ്പിടിച്ചു നടക്കാന്‍ സാധിക്കുമെങ്കിലും പോവല്‍ നിര്‍ബന്ധമില്ലെന്നാണ് മഹാനായ ഇബ്‌നു ഹജര്‍(റ)വിന്റെ പക്ഷം. സൗജന്യമായി കൈപിടിക്കാന്‍ ആളില്ലെങ്കില്‍ കൂലിക്ക് ആളെ കൂട്ടണം. അമിതമായ കൂലി കൊടുത്ത് പോവേണ്ടതില്ല. കൊടുക്കാന്‍ പൈസ ഇല്ലെങ്കിലും തല്‍ക്കാലം പൈസ ഉണ്ടെങ്കിലും സകാത്തുല്‍ ഫിത്വ്ര്‍ കൊടുക്കാന്‍ കഴിവില്ലാത്തവനു കൂലി കൊടുത്ത് ആളെ കൂട്ടേണ്ടതില്ല. (തുഹ്ഫ)