കസേരയില്‍ ഇരുന്ന് നിസ്‌കരിക്കാമോ?

? നഷ്ടപ്പെട്ട നിസ്‌കാരം ഖളാഅ് വീട്ടേണ്ടതുണ്ടോ? ഉണ്ട്. കാരണമില്ലാതെ ഖളാആക്കിയ നിസ്‌കാരം ഉടനെ ഖളാഅ് വീട്ടണം. അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനുള്ള സമയമൊഴിച്ച് ബാക്കി മുഴുവന്‍ സമയവും അതിനായി ഉപയോഗപ്പെടുത്തലും ആസന്നമായ നിസ്‌കാരം ഖളാആകുമെന്ന ഭയമില്ലെങ്കില്‍ ആദ്യം ഖളാഅ് വീട്ടലും നിര്‍ബന്ധമാണ്. ഉറക്കം, മറവി എന്നിവകൊണ്ടല്ലാതെ നിസ്‌കാരം ഖളാആക്കാവതല്ല. കാരണമില്ലാതെ ഖളാആയ നിസ്‌കാരമുള്ളവന്‍ പള്ളിയില്‍ വന്നപ്പോള്‍ ആസന്നമായ നിസ്‌കാരത്തിന്റെ ജമാഅത്ത് നടക്കുന്നുവെങ്കില്‍ ഖളാആയ നിസ്‌കാരം നിസ്‌കരിച്ച ശേഷ മല്ലാതെ ആ ജമാഅത്തില്‍ പങ്കെടുക്കാവതല്ല. കാരണമുള്ളതോടെ ഖളാആയ നിസ്‌കാരത്തെ ഉടനെ ഖളാഅ് വീട്ടലും ആസന്നമായ നിസ്‌കാരത്തെക്കാള്‍ മുന്തിക്കലും സുന്നത്താണ്. കാരണമില്ലാതെ ഖളാആയ നിസ്‌കാരത്തെ കാരണത്തോടുകൂടി ഖളാആയതിനെക്കാള്‍ മുന്തിക്കലും നിര്‍ബന്ധമാണ്. നിസ്‌കാരം ഖളാഉള്ളവന്‍ മരണപ്പെട്ടാല്‍ അവനെ തൊട്ട് ഖളാഅ് വീട്ടപ്പെടുകയോ ഫിദ്‌യ നല്‍കപ്പെടുകയോ ചെയ്യേണ്ടതില്ല. നിസ്‌കാരസമയമായ ശേഷം സ്വയം ഉണരുമെന്നോ മറ്റാരെങ്കിലും ഉണര്‍ത്തുമെന്നോ ഉള്ള ഭാവന ഇല്ലെങ്കില്‍ നിസ്‌കാരത്തിനു മുമ്പ് ഉറങ്ങാവതല്ല. ? ആദ്യമായി നിര്‍ബന്ധമാക്കപ്പെട്ട അമല്‍ ഏതാകുന്നു? = ആദ്യമായി നിര്‍ബന്ധമാക്കപ്പെട്ടത് നിസ്‌കാരമാണ്. നബി(സ്വ) പറയുന്നു: 'എന്റെ സമുദായത്തിന്റെ മേല്‍ ആദ്യമായി ഫര്‍ളാക്കപ്പെട്ടതും ആദ്യമായി അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നതും പരലോകത്ത് ആദ്യമായി വിചാരണചെയ്യപ്പെടുന്നതും അഞ്ചു നേരത്തെ നിസ്‌കാരമാകുന്നു.' പ്രവാചകലബ്ധിക്കു ശേഷം 10 വര്‍ഷവും മൂന്നു മാസവും കഴിഞ്ഞ ശേഷം റജബ് മാസം 27ാം രാവിലാണ് അതു നിര്‍ബന്ധമാക്കപ്പെട്ടത്. ധനത്തിന്റെ സകാത്ത് ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തിലും ഫിത്വ്ര്‍ സകാത്ത് ഹിജ്‌റ വര്‍ഷം രണ്ടാം കൊല്ലം റമളാന്‍ 28നുമാണ് നിര്‍ബന്ധമാക്കപ്പെട്ടത്. നോമ്പ് പ്രസ്തുത വര്‍ഷം ശഅ്ബാന്‍ മാസത്തിലും ഹജ്ജ് ഹിജ്‌റ ആറാം വര്‍ഷത്തിലുമാണ് നിര്‍ബന്ധമാക്കപ്പെട്ടത്. ഇരുന്ന് നിസ്‌കരിക്കാമോ? ഫര്‍ള് നിസ്‌കാരത്തില്‍ നില്‍ക്കാന്‍ കഴിവുള്ളവന്‍ നില്‍ക്കല്‍ ഫര്‍ളാണ്. കയര്‍ പോലുള്ളവയില്‍ പിടിച്ചോ മറ്റു വസ്തുവില്‍ ചാരിയോ മറ്റൊരാള്‍ പിടിച്ചോ നില്‍ക്കാന്‍ കഴിയുമെങ്കില്‍നിന്ന് തന്നെ നിസ്‌കരിക്കണം. അല്‍പസമയം നില്‍ക്കാന്‍ കഴിയുമെങ്കില്‍ കഴിയുന്ന സമയമോ നില്‍ക്കണം. പ്രതിഫലം നല്‍കിയാലേ സഹായത്തിന് ആളെ ലഭിക്കുകയുള്ളൂവെങ്കില്‍ അതു നല്‍കാന്‍ കഴിവുണ്ടെങ്കില്‍ അതു നിര്‍ബന്ധമാണ്. ഒരുനിലക്കും നില്‍ക്കാന്‍ കഴിയാത്തവന്‍ ഇരുന്ന് നിസ്‌കരിക്കണം. ഇരിക്കല്‍ ഏതു രൂപത്തിലുമാകാമെങ്കിലും നായ ഇരിക്കുന്ന പോലെ ഇരിക്കല്‍ കറാഹത്താണ്. ഇരുന്ന് നിസ്‌കരിക്കുന്നവന്‍ റുകൂഇല്‍ നെറ്റി കാല്‍മുട്ടിന്റെ അപ്പുറത്തേക്ക് നേരിടുന്ന രൂപത്തില്‍ കുനിയല്‍ നിര്‍ബന്ധമാണ്. സുജൂദിനു പരമാവധി കുനിയുകയും കഴിയുന്ന അവയവം നിലത്ത് വെക്കുകയും ചെയ്യണം. തലയണപോലുള്ളവ വച്ച് അതിന്‍മേല്‍ നെറ്റി വെച്ചാല്‍ തലയെക്കാള്‍ ഊരഭാഗം ഉയര്‍ത്താന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യല്‍ നിര്‍ബന്ധമാണ്. ഫാത്തിഹ ഓതുന്ന സമയം മാത്രമേ നില്‍ക്കാന്‍ കഴിയുകയുള്ളൂവെങ്കില്‍ സൂറത്ത് ഒഴിവാക്കലാണ് നല്ലതെങ്കിലും ഇരുന്ന് സൂറത്ത് ഓതാവുന്നതാണ്. അവന്‍ റുകൂഇനുവേണ്ടി നിന്ന് റുകൂഅ് ചെയ്യണം. ഒറ്റക്ക് നിസ്‌കരിച്ചാല്‍ നിന്ന് നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ കഴിയുന്നവന് ജമാഅത്തില്‍ കൂടിയാല്‍ അതിനു കഴിയുകയില്ല എങ്കില്‍ ഒറ്റക്ക് നിസ്‌കരിക്കലാണ് നല്ലത്. നിന്നു നിസ്‌കരിച്ചാല്‍ മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവന് ഇരുന്ന് നിസ്‌കരിച്ചാല്‍ അതിനു കഴിയുമെങ്കില്‍ ഇരുന്ന് നിസ്‌കരിക്കണം. നില്‍ക്കാന്‍ കഴിവുള്ളവനും ഇരിക്കാന്‍ കഴിയാത്തവനുമാണെങ്കില്‍ നിന്നാണ് നിസ്‌കരിക്കേണ്ടത്, കസേരയില്‍ ഇരുന്നല്ല. അവന്‍ നിന്നുതന്നെ റകൂഅ് ചെയ്യണം. സുജൂദിന് കസേരയില്‍ ഇരിക്കാം.