ജമാഅത്ത് നിസ്‌കാരം അശ്രദ്ധ അപകടമാണ്

തനിച്ചു നിസ്‌കരിക്കുന്നതിനെക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലം ലഭിക്കുന്ന നിസ്‌കാരമാണല്ലോ ജമാഅത്ത് നിസ്‌കാരം. പക്ഷേ, അശ്രദ്ധകാരണം ചിലപ്പോള്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും മറ്റുചിലപ്പോള്‍ നിസ്‌കാരംതന്നെ ബാത്വിലാവുകയും ചെയ്യും. പലരും അശ്രദ്ധയിലകപ്പെടുന്ന ഏതാനും മസ്അലകളാണിവിടെ വിവരിക്കുന്നത്. ഇമാമുമായുള്ള തുടര്‍ച്ച സാധുവാകാന്‍ അവന്റെ നീക്കങ്ങള്‍ അറിയണം. ഇമാമിനെയോ സ്വഫ്ഫില്‍ ഉള്ള ചിലരെയോ കാണുക, ഇമാമിന്റെയോ അവന്റെ നീക്കങ്ങള്‍ എത്തിച്ചുകൊടുക്കുന്നവന്റെ(മുബല്ലിഗ്)യോ ശബ്ദം കേള്‍ക്കുക എന്നിവകൊണ്ട് ഇതു സാധിക്കും. ഇമാമും മഅ്മൂമും പള്ളിയിലാണെങ്കില്‍ അവരുടെ ഇടയില്‍ എത്രദൂരമുണ്ടെങ്കിലും റൂമുകള്‍ മറയിട്ടാലും തുടര്‍ച്ച സാധുവാകും. എങ്കിലും ഇമാമിലേക്ക് സാധാരണനിലയില്‍ എത്തിച്ചേരാന്‍ കഴിയണം. പള്ളിയുടെ മുകളിലുള്ളവര്‍ താഴെയുള്ള ഇമാമിനെ തുടര്‍ന്നു നിസ്‌കരിക്കുന്നത് സാധുവാകണമെങ്കില്‍ പള്ളിയില്‍നിന്നു മുകളിലേക്ക് കോണി വേണം. പള്ളിയായി വഖ്ഫ് ചെയ്യപ്പെടാത്ത സ്ഥലത്തുനിന്ന് കോണിയുണ്ടായതുകൊണ്ട് പ്രയോജനമില്ല. കോണിയുടെ അടിഭാഗവും തല ഭാഗവും പള്ളിയിലായാല്‍ മതി. മറ്റു ഭാഗങ്ങള്‍ പള്ളിയില്‍ തന്നെയാവണമെന്നില്ല. (ശര്‍വാനി: 2/314) ഇമാം പള്ളിയുടെ മുകളിലും മഅ്മൂം താഴെമുയാണെങ്കിലും തുടര്‍ച്ച സ്വഹീഹാകും. പള്ളിയുടെ മുകളിലുണ്ടാക്കപ്പെടുന്ന ദ്വാരം അടച്ചിട്ടാലും തുടര്‍ച്ചയുടെ നിബന്ധനകള്‍ ഒത്താല്‍ തുടര്‍ച്ച സാധുവാകും. ദ്വാരം ഉണ്ടാവല്‍ തുടര്‍ച്ചയുടെ നിബന്ധനകളില്‍ പെട്ടതല്ല. ഇമാമിലേക്ക് സാധാരണനിലയില്‍ എത്തിച്ചേരാന്‍ കഴിയണമെന്നു പറഞ്ഞുവല്ലോ. പ്രസ്തുത വഴി മഅ്മൂമിന്റെ പിന്നിലാണെങ്കിലും വിരോധമില്ല. ഖിബ്‌ലയില്‍നിന്നും തെറ്റുന്ന അവസ്ഥയിലാണെങ്കിലും വിരോധമില്ലെന്നു ചുരുക്കം. കോണിയുടെ വാതില്‍ അടച്ചിട്ടാലും ചാവി കൊണ്ട് പൂട്ടിയാലും മുകളിലുള്ളവരുടെ തുടര്‍ച്ച സാധുവാകും; ജുമുഅയും മറ്റു നിസ്‌കാരങ്ങളും സ്വഹീഹാകും. ഇമാമും മഅ്മൂമും പള്ളിയിലല്ലെങ്കില്‍ അവര്‍ക്കിടയില്‍ സുമാര്‍ മുന്നൂറ് (മൂന്നു മുഴുമല്ല) മുഴത്തിലധികം അകലമില്ലാതിരിക്കണം. ഇമാമോ മഅ്മൂമോ രണ്ടിലൊരാള്‍ പള്ളിയിലും മറ്റവന്‍ പള്ളിയുടെ പുറത്തുമായാലും അവര്‍ക്കിടയില്‍ മുന്നൂറ് മുഴത്തിലധികം ദൂരമില്ലാതിരിക്കല്‍ അനിവാര്യമാണ്. അതുപോലെ, സഞ്ചാരത്തെയോ കാണലിനെയോ തടയുന്ന മറ ഇല്ലാതിരിക്കണം. എന്നാല്‍, ഇമാമിനെ കാണലിനെ വിലങ്ങുന്ന മറയുള്ളിടത്ത് ഇമാമിനെയോ അവന്റെ കെട്ടിടത്തിലുള്ളവനെയോ കാണുന്ന നിലയില്‍ മറയിലെ പ്രവേശനകവാടത്തിനു നേരെ ഒരാള്‍ നിന്നാല്‍ അവന്റെയും അവന്റെ കെട്ടിടത്തിലുള്ളവന്റെയും തുടര്‍ച്ച സാധുവാകും. ഖിബ്‌ലയെ പിന്നിലാക്കാത്തവിധം ഇമാമിലേക്ക് ചെന്നുചേരാന്‍ മഅ്മൂമീങ്ങളില്‍പ്പെട്ട ആര്‍ക്കെങ്കിലും കഴിയണം. പിന്നില്‍ വഴിയുണ്ടായിട്ടു കാര്യമില്ല. മുന്നില്‍ (നേരെ മുന്നിലോ മുന്നിലെ വലതുഭാഗത്തോ ഇടതു ഭാഗത്തോ) വഴി വേണം. ഇമാമിലേക്ക് ചെന്നുചേരാന്‍ സാധിക്കുന്ന വഴിയിലൂടെതന്നെ ഇമാമിനെ കാണാന്‍ സാധിക്കണം. ജനലിലൂടെ കണ്ടതു കൊണ്ട് പ്രയോജനമില്ല. പള്ളിയിലുള്ള ഇമാമിനെ പള്ളിയുടെ വലത്തോ ഇടത്തോ ഉള്ള വരാന്തയില്‍ (പള്ളിയല്ലാത്ത സ്ഥലത്ത് വെച്ച്) തുടര്‍ന്നവന് തന്റെ മുന്നിലുള്ള വഴിയിലൂടെ (മുന്നിലോ മുന്നിലെ വലത്തോ ഇടത്തോ ഉള്ള വാതിലിലൂടെ) ഇമാമിലേക്ക് ചെന്നുചേരാന്‍ കഴിയണം. പിന്നില്‍ വഴിയുണ്ടായതുകൊണ്ട് പ്രയോജനമില്ല. വീട്ടില്‍വെച്ച് ജമാഅത്ത് നിസ്‌കാരം നിര്‍വഹിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. വീടിന്റെ ഒരു മുറിയില്‍ ഇമാമും നേരെ പിന്നിലെ മുറിയില്‍ മഅ്മൂമീങ്ങളും നിസ്‌കരിച്ചാല്‍ വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും വിരി തൂക്കിയതിനാല്‍ ഇമാമിനെ കാണാത്തതിനാല്‍ തുടര്‍ച്ച സാധുവല്ല. (ഫത്ഹുല്‍ മുഈന്‍, പേജ്: 123) ഇമാമിനു തന്റെ നിയ്യത്തിലോ തക്ബീറത്തുല്‍ ഇഹ്‌റാമിലോ സംശയം വന്നാല്‍ തുടര്‍ന്ന മഅ്മൂമീങ്ങള്‍ അറിയാതെ വീണ്ടും നിയ്യത്ത് ചെയ്ത് തക്ബീര്‍ ചൊല്ലി നിസ്‌കാരത്തില്‍ പ്രവേശിക്കാം. അതുകൊണ്ട് മഅ്മൂമീങ്ങളുടെ നിസ്‌കാരത്തിനോ തുടര്‍ച്ചക്കോ കോട്ടം വരില്ല. (ഫത്ഹുല്‍മുഈന്‍, ഇആനത്ത്: 2/39) ഇമാമിനെ തുടരാന്‍ ഒരു പുരുഷ മഅ്മൂം (കുട്ടിയാണെങ്കിലും) മാത്രമുള്ളൂവെങ്കില്‍ ഇമാമിന്റെ അടുത്ത് വലതു ഭാഗത്ത് നില്‍ക്കണം; ഇമാമിന്റെ ഒപ്പം നില്‍ക്കരുത്. ഇമാമിനെ തുടരാന്‍ രണ്ടു പേരോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ അവര്‍ ഇമാമിന്റെ പിന്നില്‍ സ്വഫ് ആയി നില്‍ക്കണം. ഇമാമും ഒരു പുരുഷ മഅ്മൂമും (കുട്ടിയാണെങ്കിലും) നിസ്‌കരിച്ചുകൊണ്ടിരിക്കെ മറ്റൊരു പുരുഷന്‍ (കുട്ടിയാണെങ്കിലും) വന്നാല്‍ അയാള്‍ ഇമാമിന്റെ അടുത്തായി ഇടതു ഭാഗത്തുനിന്നു നിസ്‌കാരത്തില്‍ പ്രവേശിക്കണം. ശേഷം രണ്ട് മഅ്മൂമും പിന്നിലേക്കു നീങ്ങി സ്വഫ് ആയി നില്‍ക്കണം. (ഇമാം മുന്തുകയുമാവാം.) രണ്ടാമത് വരുന്ന ആള്‍ ഇമാമിന്റ വലതു ഭാഗത്ത് നിസ്‌കരിക്കുന്നവനെ തോണ്ടി, വലിച്ച് പിന്നിലേക്ക് ആക്കുന്ന പരിപാടി ഇന്നു പലപ്പോഴും കാണുന്നു. അതു ശരിയല്ല. അങ്ങനെ ആരെങ്കിലും തോണ്ടിയാലും ഇമാമിന്റെ വലതു ഭാഗത്തു നില്‍ക്കുന്നവന്‍ പിന്നിലേക്ക് നീങ്ങരുത്. നീങ്ങിയാല്‍ ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്ത് വന്നു. അതിനാല്‍, പ്രസ്തുത സെക്കന്റുകളിലുള്ള ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുന്നതാണ്. പ്രായം തികഞ്ഞവരും ആണ്‍കുട്ടികളും മഅ്മൂമുകളായി ഉണ്ടെങ്കില്‍ ആദ്യ സ്വഫില്‍ പ്രായം തികഞ്ഞവരും പിന്നെ ആണ്‍കുട്ടികളുമാണ് നില്‍ക്കേണ്ടത്. പ്രായം തികഞ്ഞവരുടെ സ്വഫില്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ ആണ്‍കുട്ടികള്‍ക്കു നില്‍ക്കാം. (ഇനി ആണ്‍കുട്ടികള്‍ ഒന്നാം സ്വഫില്‍ നിന്നാല്‍ അവരെ അവിടെനിന്നു മാറ്റരുത്.) പ്രായം തികഞ്ഞവരും ആണ്‍കുട്ടികളും സ്ത്രീകളുമുണ്ടെങ്കില്‍ ഏറ്റവും പിന്നിലെ സ്വഫ്ഫിലാണ് സ്ത്രീകള്‍ നില്‍ക്കേണ്ടത്. മുന്നിലെ സ്വഫില്‍ സ്ഥലം ഉണ്ടെങ്കിലും അവിടെ നില്‍ക്കരുത്. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയിലും ഓരോ സ്വഫുകള്‍ക്കിടയിലും മൂന്നു മുഴത്തിനെക്കാള്‍ അകലം ഉണ്ടാകരുത്. പുരുഷന്റെ പിന്നില്‍ സ്ത്രീകളാണെങ്കില്‍ മൂന്നു മുഴത്തെക്കാള്‍ പിന്തി നില്‍ക്കണം. ഇമാമിനെ തുടരാന്‍ ഒരു സ്ത്രീ മാത്രമാണുള്ളതെങ്കില്‍ (വിവാഹബന്ധം നിഷിദ്ധമായവളാണെങ്കിലും ശരി) അവള്‍ കൂടുതല്‍ അകന്നു പിന്നിലാണ് നില്‍ക്കേണ്ടത്; വലതു ഭാഗത്തല്ല. ഇമാമും ഒരു പുരുഷ മഅ്മൂമും നിസ്‌കരിച്ചുകൊണ്ടിരിക്കേ ഒരു സത്രീ തുടരാന്‍ വന്നാല്‍ അവള്‍ മഅ്മൂമിന്റെ പിന്നില്‍ കൂടുതല്‍ അകന്നു നില്‍ക്കണം. സ്ത്രീ ഇമാമിന്റെ പിന്നില്‍ പുരുഷവര്‍ഗത്തിനു തുടരാവതല്ല. മഅ്മൂമ് താന്‍ ഇമാമുമായി തുടര്‍ന്നു നിസ്‌കരിക്കുന്നുവെന്നു കരുതണം (മഅല്‍ ഇമാമി). ഈ കരുത്ത് തുടര്‍ച്ച സാധുവാകാനുള്ള നിബന്ധനയാണ്. സാധാ ജമാഅത്തുകളില്‍ തുടര്‍ച്ചയെ കരുതിയിട്ടില്ലെങ്കില്‍ തനിച്ചു നിസ്‌കരിച്ചവനായി പരിഗണിക്കും. തുടര്‍ച്ചയെ കരുതാതെ ഒരാള്‍ മറ്റൊരാളുടെ നിസ്‌കാരം മനപ്പൂര്‍വ്വം അനുഗമിക്കുകയും അതിനു വേണ്ടി സാധാരണഗതിയില്‍ ദീര്‍ഘനേരം അവനെ പ്രതീക്ഷിക്കുകയും ചെയ്താല്‍ നിസ്‌കാരം ബാത്വിലാകും. സാധാ ജമാഅത്തുകളില്‍ ഇമാം താന്‍ ഇമാമാണെന്നു കരുതല്‍ സുന്നത്താണ്. കരുതിയാല്‍ മാത്രമേ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ. ജുമുഅ നിസ്‌കാരത്തില്‍ ഇമാമും മഅ്മൂമുകളും ജമാഅത്തിനെ കരുതണം. അല്ലെങ്കില്‍ ജുമുഅ സാധുവാകില്ല. ഇമാം ഓത്തിന്റെ സുജൂദ് ചെയ്യുകയും ആ സ്ഥിതിക്ക് അത് ഉപേക്ഷിക്കല്‍ ഹറാമാണെന്ന് അറിഞ്ഞുകൊണ്ട് മനപ്പൂര്‍വ്വം മഅ്മൂം അത് ഉപേക്ഷിച്ചാല്‍ അവന്റെ നിസ്‌കാരം ബാത്വിലാകും. മറവിയുടെ സുജൂദ് ഇമാം ചെയ്താല്‍ മഅ്മൂമും ചെയ്യണം. അതേസമയം, ഇമാം ഉപേക്ഷിച്ചാല്‍ മഅ്മൂം ഉപേക്ഷിക്കണമെന്നില്ല. മാത്രമല്ല, മഅ്മൂം ചെയ്യലാണ് സുന്നത്ത്. കാരണംകൊണ്ട് സ്വഫ് പൂര്‍ത്തിയാവാതെ മറ്റൊരു സ്വഫ് കെട്ടുന്നതുകൊണ്ടും സ്വഫില്‍ തന്നെ അകലംപാലിക്കല്‍ കൊണ്ടും ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടില്ല- കാരണം ഉണ്ടല്ലോ. കാരണം ഉണ്ടാകുമ്പോള്‍ പ്രശ്‌നമില്ലെന്ന് ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയിലും ഇമാം റംലി(റ) നിഹായയിലും വ്യക്തമാക്കിയിട്ടുണ്ട്. ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്ത് ചെയ്താല്‍ ആ കറാഹത്ത് സംഭവിച്ചതിലുള്ള ജമാഅത്തിന്റെ പ്രതിഫലം മാത്രമാണ് നഷ്ടപ്പെടുക; നിസ്‌കാരം മുഴുവനത്തിലും നഷ്ടപ്പെടില്ല. (ഇആനത്ത്: 2/39) രണ്ടാം സുജൂദില്‍നിന്നു എഴുന്നേല്‍ക്കുമ്പോള്‍ ഖിയാമിന്റെ മുമ്പ് ഇസ്തിറാഹത്തിന്റെ ഇരുത്തം ഇമാം ഒഴിവാക്കിയാലും മഅ്മൂമുകള്‍ക്ക് സുന്നത്തുണ്ട്. മസ്ബൂഖിനെ തുടരല്‍ മസ്ബൂഖിനെ തുടര്‍ന്നു നിസ്‌കരിക്കാം; നിസ്‌കാരം സ്വഹീഹാകും. എന്നാല്‍, മസ്ബൂഖീങ്ങളില്‍ പെട്ട ഒരാളെ മറ്റു മസ്ബൂഖീങ്ങള്‍ തുടര്‍ന്നാല്‍ നിസ്‌കാരം സ്വഹീഹാകുമെങ്കിലും ആ തുടര്‍ച്ച ജുമുഅ: അല്ലാത്തതില്‍ കറാഹത്താണ്. ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്തായതിനാല്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടും. ജുമുഅയില്‍ പ്രസ്തുത തുടര്‍ച്ച സ്വഹീഹല്ല. (തര്‍ശീഹ്, പേജ്: 114, ശര്‍വാനി: 2/283, ബിഗ്‌യ: 72) എ.സി പള്ളിയും തുടര്‍ച്ചയും ഇപ്പോള്‍ പല പള്ളിയുടെയും അകത്തെ റൂമില്‍ എ.സി വെച്ചിട്ടുണ്ട്. അതിനാല്‍തന്നെ ജമാഅത്ത് നിസ്‌കാരവേളയില്‍ വാതിലുകള്‍ അടക്കാറുണ്ട്. പള്ളിയുടെ വരാന്ത പള്ളിയായി വഖ്ഫ് ചെയ്തിട്ടുമുണ്ടാവില്ല. അപ്പോള്‍ വരാന്തയില്‍നിന്ന് അടക്കപ്പെട്ട റൂമിലുള്ള ഇമാമിനെ തുടര്‍ന്നു നിസ്‌കരിക്കാന്‍ പറ്റില്ല; പ്രസ്തുത തുടര്‍ച്ച സ്വഹീഹല്ല. ഇക്കാര്യം ശ്രദ്ധിക്കണം. പള്ളിയിലുള്ള ഇമാമിനെ പള്ളിയല്ലാത്ത സ്ഥലത്ത് നിന്നു തുടര്‍ന്നു നിസ്‌കരിക്കുമ്പോള്‍ പ്രത്യേകമായ മൂന്നു നിബന്ധനകളുണ്ട്. (ഇമാമും മഅ്മൂമും പള്ളിയിലാണെങ്കില്‍ ആ മൂന്നു നിബന്ധനകളും ഇല്ല.) ഒന്ന്: ഖിബ്‌ലയെ പിന്നിലാക്കാത്ത വിധം ഇമാമിലേക്ക് ചെന്നു ചേരാന്‍ മഅ്മൂമിന്റെ മുന്നില്‍ (നേരെ മുന്നിലോ മുന്നിലെ വലതു-ഇടതു ഭാഗത്തോ) തുറന്നിട്ട സാധാരണയുള്ള വഴിയുണ്ടാവണം. പിന്നില്‍ വഴിയുണ്ടായിട്ട് കാര്യമില്ല. രണ്ട്: സാധാരണ നിലയില്‍ ഇമാമിലേക്ക് ചെന്നുചേരാന്‍ സാധിക്കുന്ന വഴിയിലൂടെതന്നെ ഇമാമിനെയോ ഇമാം നില്‍ക്കുന്ന റൂമിലുള്ള മഅ്മൂമിനെയോ കാണാന്‍ കഴിയണം. (ആ വഴിയില്‍ മഅ്മൂം നില്‍ക്കണം.) ജനലിലൂടെ കണ്ടതുകൊണ്ട് പ്രയോജനമില്ല. മൂന്ന്: ഇമാമിന്റെയും നേരെ പിന്നിലെ മഅ്മൂമിന്റെയും ഇടയില്‍ (അതുപോലെ ഓരോ സ്വഫ്ഫിന്റെയും ഇടയില്‍) മുന്നൂറ് (300 ) മുഴത്തെക്കാള്‍ അകലമില്ലാതിരിക്കണം. ഇമാമും മഅ്മൂമും പള്ളിയിലാണെങ്കില്‍ മഅ്മൂമിന്റെ മുന്നില്‍ വഴി വേണമെന്നില്ല. പിന്നില്‍ വഴിയുണ്ടായാലും മതി. ആ വഴി താല്‍ക്കാലികമായി അടച്ചാല്‍ പോലും (അടച്ച പൂട്ടിന്റെ ചാവി നഷ്ടപ്പെട്ടാല്‍ പോലും) പ്രശ്‌നമില്ല. വരാന്ത പള്ളിയാണെങ്കില്‍ പ്രശ്‌നമില്ല. എ.സി ഉള്ള റൂം അടച്ചിടുകയും വരാന്ത പള്ളിയായി വഖ്ഫ് ചെയ്യാത്ത അവസ്ഥയുമാകുമ്പോള്‍ തുടര്‍ച്ച സ്വഹീഹാകാനുള്ള മാര്‍ഗം വരാന്തകളിലെ ആദ്യ സ്വഫ് ഉള്ള സ്ഥലം വഖ്ഫ് ചെയ്യുക എന്നതാണ്. എന്നാല്‍, മുന്നില്‍ വഴി ഇല്ലാതെതന്നെ, ഇമാമിനെ കാണാതെതന്നെ തുടര്‍ച്ച സ്വഹീഹാകും. പള്ളിയില്‍ എ.സി വച്ചതുകൊണ്ട് പള്ളിയില്‍നിന്നു മുകളിലെ തട്ടിലേക്കുള്ള കോണി തല്‍ക്കാലം ഒരു മൂടി കൊണ്ട് അടച്ചിട്ടാലും (ആര്‍ക്കും തുറക്കാനും അതിലൂടെ മുകളിലേക്ക് കയറാനും സാധിക്കും) ഇപ്പോള്‍ മുകളിലെ പള്ളി ഹാളിലേക്ക് പള്ളിയല്ലാത്ത സ്ഥലത്തുള്ള കോണിയിലൂടെയാണ് എല്ലാവരും കയറുന്നത് എങ്കിലും പള്ളിമുകളിലുള്ളവര്‍ താഴെയുള്ള ഇമാമിനെ തുടര്‍ന്നു നിസ്‌കരിക്കാം. തുടര്‍ച്ച സ്വഹീഹാണ്. (കൂടുതല്‍ പഠനത്തിന് തുഹ്ഫ: 2/318,320, ബാജൂരി: 1/235, ബിഗ്‌യ: 70,71, ഖല്‍യൂബി: 1/24 നോക്കുക.) പള്ളിയുടെ താഴെ നിലയില്‍ ഇമാമും മഅ്മൂമുകളില്‍ പലരും മുകളിലെ നിലയിലും നില്‍ക്കുമ്പോള്‍ മുകളിലുള്ളവരുടെ തുടര്‍ച്ച സ്വഹീഹാവണമെങ്കില്‍ മുകളിലേക്കുള്ള കോണി പള്ളിയില്‍നിന്നാവണം. (ആ കോണിയിലൂടെ തന്നെ കയറണമെന്ന നിയമമില്ല.) (ഫത്ഹുല്‍ മുഈന്‍, പേജ്: 123) കോണി നില്‍ക്കുന്ന ഭാഗങ്ങള്‍ മുഴുവനും പള്ളിയായി വഖ്ഫ് ചെയ്യണമെന്നില്ല; കോണിയുടെ അടിഭാഗവും തലഭാഗവും പള്ളിയായാല്‍ മതി. മറ്റു ഭാഗങ്ങള്‍ പള്ളിയില്‍തന്നെ ആകണമെന്നില്ല. (ശര്‍വാനി: 2/3 14) പുത്തന്‍വാദികളുടെ പല പള്ളികളിലും കോണി പള്ളിയുടെ പുറത്താണ് കാണാറുള്ളത്. അത്തരം പള്ളിയില്‍ താഴെ നിലയിലുള്ള ഇമാമിനെ മുകളിലുള്ളവര്‍ക്ക് തുടരാവതല്ല; തുടര്‍ച്ച സ്വഹീഹാവില്ല.