Sunni Afkaar Weekly

Pages

Search

Search Previous Issue

ഫിത്വ്ര്‍ സകാത്തും പെരുന്നാളും

എം.എ. ജലീല്‍ സഖാഫി പുല്ലാര
ഫിത്വ്ര്‍ സകാത്തും  പെരുന്നാളും

ഹിജ്‌റ: രണ്ടാം വര്‍ഷമാണ് ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. നിബന്ധനകള്‍ക്ക് വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്കുവേണ്ടി നല്‍കപ്പെടുന്ന വസ്തു എന്നാണ് ഫിത്വ്ര്‍ സകാത്തിന്റെ ശറഈ അര്‍ത്ഥം. ഇസ്‌ലാമിലെ ഖണ്ഡിതപ്രമാണമായ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണ് ഈ സകാത്തെന്ന് ഇമാം ഇബ്‌നു മുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്. (തുഹ്ഫ: 3/305) മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരവുമായി ബന്ധപ്പെട്ട സകാത്തായതിനാല്‍ ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥയും ഇതുകൊണ്ട് ഉദ്ദേശമില്ല. ചില നിബന്ധനകള്‍ക്കു വിധേയമായി എല്ലാ ശരീരത്തിനും ഇതു ബാധകമാണ്. ഇതു ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളുമാവാം. ഇമാം ശാഫിഈ(റ)യുടെ ഗുരുവര്യര്‍ ഇമാം വകീഅ്(റ) പ്രസ്താവിച്ചു: 'നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക് സഹ്‌വിന്റെ സുജൂദ് പരിഹാരമാകുന്നതുപോലെ റമളാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്കു പരിഹാരമാണ് ഫിത്വ്ര്‍ സകാത്ത്. നോമ്പുകാരനു ശുദ്ധീകരണമാണ് ഫിത്വ്ര്‍ സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്‍കുന്നു.' (തുഹ്ഫ: 3/305, ഫത്ഹുല്‍ മുഈന്‍- പേജ്: 171) നോമ്പില്‍ വരുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത് എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം. പ്രത്യുത, ഫിത്വ്ര്‍ സകാത്ത് നല്‍കുന്നതിലൂടെ ഇക്കാര്യം നടക്കുമെന്നു മാത്രം. നോമ്പില്ലാത്ത കുട്ടികള്‍ക്ക് വരെ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാണല്ലോ. ഉദ്ദേശ്യമെന്ത്? ഒരു മാസത്തെ ആത്മവിശുദ്ധിയുടെ പരിസമാപ്തിയില്‍ അല്ലാഹു മുസ്‌ലിംകള്‍ക്കു നല്‍കിയ ചെറിയപെരുന്നാള്‍ ദിനത്തിലും അതിനോട് ബന്ധപ്പെട്ട് ഒന്നു രണ്ടു ദിവസവും ജനങ്ങള്‍ തൊഴിലിനും അദ്ധ്വാനത്തിനും അവധി നല്‍കുക എന്നത് സ്വാഭാവികമാണ്. ആഘോഷത്തിന്റെ പേരിലുണ്ടാകുന്ന അവധി ദിനങ്ങളില്‍ നാട്ടില്‍ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തില്‍ ഒരു തൊഴിലാളിയും ബുദ്ധിമുട്ടരുതെന്ന ലക്ഷ്യമാണ് ഈ സകാത്തിന്റെ പിന്നിലുള്ളത്. ഇതു സാക്ഷാല്‍കരിക്കാനാണ് ഫിത്വ്ര്‍ സകാത്ത് ഇസ്‌ലാം നിര്‍ബന്ധമാക്കിയത്. (തുഹ്ഫ : 3/319) ഈ ഉദ്ദേശ്യം ഗ്രഹിക്കാതെ ഈ സകാത്തിനെ ഇസ്‌ലാമിന്റെ ഒരു ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായി എടുത്ത് കാണിക്കുന്നത് അബദ്ധമാണ്. മതവൈരികള്‍ പരിഹസിക്കാന്‍ ഇതു വഴിവെക്കും. ബാധ്യത ആര്‍ക്ക് ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യത നിറവേറ്റുക എന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. നിര്‍ബന്ധമാക്കുന്ന വേളയില്‍ താന്‍ ചെലവു കൊടുക്കാന്‍ ശറഇയ്യായി ബാധ്യതപ്പെട്ട അംഗങ്ങള്‍ എത്രയുണ്ടോ അവരുടെ സകാത്തും നല്‍കണം. റമളാന്‍ മാസത്തിന്റെ പരിസമാപ്തിയുടെ നിമിഷവും പെരുന്നാള്‍ രാവ് ആരംഭിക്കുന്ന നിമിഷവും ചേര്‍ന്നതാണ് ഇതു നിര്‍ബന്ധമാക്കുന്ന വേള. ഈ സമയത്ത് തന്റെമേല്‍ ചെലവ് ബാധ്യതപ്പെട്ടവരായി മുസ്‌ലിംകള്‍ ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത് നല്‍കണം. അപ്പോള്‍ റമളാന്‍ അവസാന നാളിലെ സൂര്യാസ്തമയത്തിനു തൊട്ടുമുമ്പും തൊട്ടുപിറകെയും ഒന്നിച്ചു ജീവിക്കുന്നവര്‍ക്കേ ബാധ്യത വരികയുള്ളൂ.. പെരുന്നാള്‍ രാവ് പ്രവേശിച്ച ശേഷം ജനിച്ച കുഞ്ഞിനു വേണ്ടി സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍, പെരുന്നാള്‍ രാവില്‍ മരണപ്പെട്ടവരുടെ സകാത്ത് ബാധ്യതപ്പെട്ടവരുടെമേല്‍ നിര്‍ബന്ധമാവുന്നു. തന്റെ ശരീരം, ഭാര്യ, ചെറിയ മക്കള്‍, പിതാവ്, മാതാവ്, വലിയ മക്കള്‍ എന്നീ ക്രമത്തിലാണ് ചെലവ് ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്. എല്ലാവരുടേതും നല്‍കാന്‍ കഴിവില്ലാത്തവര്‍, ഉള്ളതുകൊണ്ട് ഈ ക്രമത്തില്‍ മുന്‍ഗണന നല്‍കി കൊടുക്കണം. ജോലിക്ക് കഴിവോ ധനമോയുള്ള വലിയ മക്കള്‍ ഒരു കുടുംബനാഥന്റെ കീഴില്‍ വരില്ല. പിതാവിന്റെമേല്‍ അവരുടെ ചെലവും നിര്‍ബന്ധമില്ല. പിതാവ് അവരുടേതു നല്‍കിയാല്‍ തന്നെ അവരുടെ സമ്മതമില്ലെങ്കില്‍ മതിയാവുകയില്ല. ഒന്നിലധികം ഭാര്യമാരുള്ളയാള്‍ എല്ലാവരുടെയും നല്‍കണം. അതിനു വകയില്ലെങ്കില്‍ വകയുള്ളത്ര ഭാര്യമാരുടേത് നല്‍കണം. ഇതില്‍ ആദ്യ ഭാര്യ, രണ്ടാം‘ഭാര്യ എന്ന ക്രമം പാലിക്കേണ്ടതില്ല. തന്റെ ഇഷ്ടപ്രകാരം ആരുടേതും കൊടുക്കാം. ഭാര്യയുടെ സഹായത്തിനു വേണ്ടി വീട്ടില്‍ നിര്‍ത്തിയ ഭര്‍തൃമതിയല്ലാത്ത വേലക്കാരിയുടേതും നല്‍കണം. ചെലവില്ലാതെ കൃത്യമായ വേതനം നിശ്ചയിച്ചു നിറുത്തിയതെങ്കില്‍ അവളുടെ സകാത്ത് നല്‍കേണ്ടതില്ല. ചെലവ് കൂടി കഴിച്ചാണ് വേതനം പറഞ്ഞതെങ്കില്‍ അവളുടേത് കൊടുക്കണം. അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, പെരുന്നാള്‍ രാത്രിയിലെയും പകലിലെയും തന്റെയും ആശ്രിതരുടെയും (തന്നെ ആശ്രയിച്ച് കഴിയുന്ന കോഴി, ആട്, പശു പോലുള്ള വളര്‍ത്തുജീവികളും ഇതിലുള്‍പ്പെടും) ചെലവുകള്‍, വസ്ത്രങ്ങള്‍ കഴിച്ച് മിച്ചമുള്ളതില്‍നിന്നാണ് സകാത്ത് നല്‍കേണ്ടത്. മിച്ചമെന്നാല്‍ ഭക്ഷ്യധാന്യംമാത്രമല്ല. സ്വത്തുക്കളെല്ലാം ഉള്‍പ്പെടും. പക്ഷേ, തനിക്ക് ജീവിതത്തിന് ആവശ്യമായ തൊഴിലുപകരണങ്ങള്‍, സ്ത്രീയുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവയൊന്നും വിറ്റു മിച്ചമുണ്ടാക്കി സകാത്ത് നല്‍കല്‍ ബാധ്യതയില്ല. പറമ്പ്, തോട്ടം പോലെയുള്ളവ മിച്ചമുള്ളതില്‍ പെടും. ആവശ്യത്തില്‍ കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉള്‍പ്പെടും. മറ്റു പലരില്‍നിന്നും സകാത്ത് ലഭിച്ചിട്ടു മിച്ചംവന്നതാണെങ്കിലും സകാത്ത് കൊടുക്കണം. പക്ഷേ, പെരുന്നാള്‍രാത്രി ആരംഭിക്കുംമുമ്പ് ഇങ്ങനെ ലഭിച്ചു മിച്ചംവന്നതാകണം. ആകയാല്‍ മിക്ക കുടുംബങ്ങളും ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ. എന്നാല്‍, മിച്ചമുള്ള സ്വത്തുവഹകളുടെ അത്രതന്നെയോ അതിലധികമോ കടബാധ്യത ഉണ്ടെങ്കില്‍ (ആകടത്തിന്റെ അവധിയായില്ലെങ്കിലും) പ്രസ്തുത മിച്ചം പരിഗണിക്കുകയില്ല. കടവും കഴിച്ചു മിച്ചം വേണം. എങ്കിലേ സകാത്ത് കൊടുക്കേണ്ടതുള്ളൂ. (ഇആനത്ത്) എന്തു കൊടുക്കണം നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്‍കേണ്ടത്. പല ധാന്യങ്ങള്‍ ഭക്ഷ്യധാന്യമായി ഉപയോഗമുണ്ടെങ്കില്‍ ഏതും കൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയഇനം ധാന്യംതന്നെ നല്‍കിയാലും വാങ്ങുന്നവര്‍ ഇഷ്ടപ്പെട്ടാലേ സാധുവാകുകയുള്ളൂ. നമ്മുടെ നാട്ടില്‍ പുഴുക്കുത്തില്ലാത്ത അരികള്‍ ഏതുമാകാം. പച്ചരിയും പറ്റും. ബിരിയാണി അരി, നെയ്‌ച്ചോറിന്റെ അരി എന്നിവയെല്ലാം പറ്റും. ധാന്യത്തിനു പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം. (തുഹ്ഫ: 3/324) ശാഫിഈ മദ്ഹബില്‍ ധാന്യത്തിനു പകരം വില കൊടുത്താല്‍ മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ്. (നിഹായ: 3/123, മുഗ്‌നി: 1/407) ഗള്‍ഫിലുള്ളവര്‍ അവിടുത്തെ മുഖ്യാഹാരം അവരുടെ സകാത്തായിട്ടും നാട്ടിലുള്ള അവരുടെ ആശ്രിതരുടെ സകാത്ത് നാട്ടിലെ മുഖ്യാഹാരവും നല്‍കണം. നാട്ടിലുള്ള ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍ എന്നിവരുടെ സകാത്ത് നല്‍കാന്‍ അവന്‍ ഒരു വ്യക്തിയെ വക്കാലത്താക്കണം. ഭാര്യയെ തന്നെ വക്കാലത്താക്കാം. വക്കാലത്താക്കാതെ തന്റെ ഭാര്യ അവളുടെയും മക്കളുടെയും സകാത്ത് എന്ന നിലയ്ക്ക് അവന്റെ അരി വിതരണംചെയ്താല്‍ മതിയാവില്ല. ഇക്കാര്യം ഗള്‍ഫിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോണിലൂടെയോ കത്ത് മുഖേനയോ വക്കാലത്താക്കാം. ഭര്‍ത്താവ് ഭാര്യയുടെ സകാത്ത് നല്‍കുന്നില്ലെങ്കില്‍ ഭാര്യക്ക് തന്റെ സകാത്ത് നല്‍കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ചെലവും സകാത്തും ഭര്‍ത്താവിനു നിര്‍ബന്ധമില്ല. അവള്‍ക്കാണു നിര്‍ബന്ധം. നികാഹ് കഴിഞ്ഞു പക്ഷേ, ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അവളുമായി ബന്ധപ്പെടാന്‍ അവള്‍ തടസ്സം നില്‍ക്കുന്നില്ലെങ്കില്‍ അവളുടെ സകാത്ത് അവളുടെ നാട്ടില്‍ അവന്‍ നല്‍കണം. താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ഭ്രാന്തന്‍, ബുദ്ധിമാന്ദ്യര്‍, അടിമ എന്നിവരുടെ സകാത്തും നല്‍കണം. ആരുടെ സകാത്താണോ നല്‍കുന്നത് അയാള്‍ സൂര്യാസ്തമയസമയം എവിടെയാണോ, ആ നാട്ടിലെ അവകാശികള്‍ക്കാണു നല്‍കേണ്ടത്. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്ര അന്നേരം എവിടെ എത്തിയോ അവിടുത്തെ അവകാശികള്‍ക്കു നല്‍കണം. ഇതാണ് ശാഫിഈ മദ്ഹബ്. എന്നാല്‍, ഒരു സ്ഥലത്ത് അവകാശപ്പെട്ട സകാത്ത് മറ്റൊരു സ്ഥലത്തേക്ക് നീക്കംചെയ്യാമെന്ന അഭിപ്രായം സ്വീകരിക്കാമെന്ന് ഇമാമുകള്‍ പ്രസ്താവിച്ചതായി ഫതാവാ ഇബ്‌നി സിയാദിലും (പേജ് 234) മറ്റും ഉദ്ധരിച്ചിട്ടുണ്ട്. എത്ര നല്‍കണം ഒരാള്‍ക്ക് ഒരു സ്വാഅ് വീതമാണു നല്‍കേണ്ടത്. ഒരു അളവുപാത്രമാണിത്. നബി(സ്വ)യുടെ കാലത്തുള്ള സ്വാഅ് ആണ് പരിഗണിക്കുക. അതിനാല്‍ നബിയുടെ സ്വാഇനെക്കാള്‍ കുറവില്ലെന്ന് ഉറപ്പുവരുന്നതു നല്‍കണം. 3.200 ലിറ്ററാണ് ഒരു സ്വാഅ്. തൂക്കമനുസരിച്ച് കൃത്യം പറയാന്‍ കഴിയില്ല. അരിയുടെ ഭാരവ്യത്യാസമനുസരിച്ച് തൂക്കത്തില്‍ അന്തരം വരും. ഇന്നുള്ള അരി മൂന്നു കിലോ ഗ്രാം വരുമെന്നു തൂക്കിനോക്കിയാല്‍ നമുക്ക് ബോധ്യപ്പെടും. പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പുതന്നെ വിതരണം ചെയ്യുകയാണ് നല്ലത്. പിന്തിക്കല്‍ കറാഹത്താണ്. പക്ഷേ, ബന്ധുക്കള്‍, അയല്‍ക്കാര്‍ പോലെയുള്ളവരെ പ്രതീക്ഷിച്ച്ു പിന്തിക്കല്‍ സുന്നത്തുണ്ട്. എന്നാല്‍, സൂര്യാസ്തമയം വിട്ട് പിന്തിക്കരുത്. അതു കാരണമില്ലെങ്കില്‍ നിഷിദ്ധമാണ്. രണ്ടു നിബന്ധനകള്‍ സകാത്ത് നല്‍കുന്നവന്‍ രണ്ടു നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഒന്നു, നിയ്യത്ത്. തന്റെയും ആശ്രിതരുടെയും ഫിത്വ്ര്‍ സകാത്ത് നല്‍കുന്നു എന്ന് കരുതല്‍. സകാത്ത് നല്‍കുമ്പോഴോ അരി അളന്ന് വക്കുമ്പോഴോ നിയ്യത്ത് ചെയ്യാം. രണ്ട്, അവകാശികള്‍ക്ക് നല്‍കല്‍. നിര്‍ണ്ണിതമായ അവകാശികള്‍ക്കു നല്‍കാന്‍ വേണ്ടി കുട്ടിയെ വക്കാലത്താക്കാം. അപ്പോള്‍ സകാത്ത് നിര്‍ബന്ധമായവന്‍തന്നെ നിയ്യത്ത് ചെയ്യണം. എന്നാല്‍, പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്‌ലിമിനെ സക്കാത്ത് നല്‍കാന്‍ വക്കാലത്താക്കുകയാണെങ്കില്‍ നിയ്യത്തും വക്കാലത്താക്കാവുന്നതാണ്. പ്രസ്തുത വേളയില്‍ അവകാശിയെ നിര്‍ണയിച്ചുകൊടുക്കല്‍ സകാത്ത് നിര്‍ബന്ധമായവന് നിര്‍ബന്ധമില്ല. (ഇആനത്ത്: 2/180) സകാത്ത് മുന്തിക്കാമോ? ശവ്വാല്‍ മാസപ്പിറവിയോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ ആഗതമായതു മുതല്‍ നല്‍കാവുന്നതാണ്. പക്ഷേ, ഇങ്ങനെ കൊടുക്കുമ്പോള്‍ ശവ്വാല്‍ മാസത്തിന്റെ ആദ്യ നിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്. അപ്പോള്‍ റമളാന്‍ മാസത്തില്‍ ഫിത്വര്‍ സകാത്ത് വാങ്ങിയവന്‍ ശവ്വാലാകുമ്പോഴേക്ക് മരിക്കുകയോ മുര്‍ത്തദ്ദാവുകയോ സകാത്തായി ലഭിച്ച സ്വത്ത് കൊണ്ടല്ലാതെ ധനികനാവുകയോ ചെയ്താല്‍ നേരത്തെ നല്‍കിയത് സകാത്തായി പരിഗണിക്കില്ല. ഫിത്ര്‍ സകാത്തായി നമുക്കു ലഭിച്ച അരി നമ്മുടെ ഫിത്ര്‍ സകാത്തായി നല്‍കാം. നമുക്കു തന്ന വ്യക്തിക്കുതന്നെ തിരിച്ചുനല്‍കിയാലും വിരോധമില്ല. രണ്ടു പേരുടെ സകാത്തും വീടും. (മുഗ്‌നി: 2/120) ഭര്‍ത്താവില്‍നിന്നു ചെലവ് ലഭിക്കേണ്ട രീതിയില്‍ കിട്ടി ജീവിക്കുന്ന ഭര്‍തൃമതിക്ക് ഫഖീര്‍, മിസ്‌കീന്‍ എന്ന നിലയില്‍ സകാത്ത് നല്‍കാവതല്ല. കാരണം, മറ്റൊരാളുടെ നിര്‍ബന്ധചെലവില്‍ സുഖമായി ജീവിക്കുന്നവര്‍ ഫഖീറോ മിസ്‌കീനോ ആവില്ല. (തുഹ്ഫ: 7/152) ഭര്‍ത്താവില്‍നിന്നു ചെലവ് ലഭിക്കാത്തവള്‍ ഫഖീര്‍, മിസ്‌കീന്‍ ഇനത്തില്‍ പെടുന്നത് തടസ്സമല്ല. ജോലിക്കു കഴിയുന്ന അല്ലെങ്കില്‍ ധനികനായ വലിയ ആണ്‍മക്കളുടെ സകാത്ത് നല്‍കേണ്ട ബാധ്യത പിതാവിനില്ല. കാരണം, പ്രസ്തുത മകനു ചെലവ് നല്‍കല്‍ പിതാവിനു നിര്‍ബന്ധമില്ലല്ലോ. അപ്പോള്‍ ഫിത്ര്‍ സകാത്ത് നല്‍കലും നിര്‍ബന്ധമില്ല. (ബുഷ്‌റല്‍കരീം: 1/514) പ്രസ്തുത മകന്റെ ഫിത്ര്‍ സകാത്ത് പിതാവ് മകന്റെ സമ്മതത്തോടെ നല്‍കിയാല്‍ മാത്രമേ സകാത്ത് വീടുകയുള്ളൂ. സമ്മതം കൂടാതെ നല്‍കുന്ന രീതി കൂടുതല്‍ നടക്കാറുണ്ട്. അക്കാര്യം പ്രത്യേകം ഉണര്‍ത്തേണ്ടതാണ്. സമ്പത്ത് കൊണ്ട് ധനികനായ പിതാവിന്റെ സകാത്ത് സമ്മതമില്ലാതെ മകന്‍ നല്‍കിയാലും സകാത്ത് വീടുകയില്ല. ഈ ഏര്‍പ്പാടും കൂടുതലായി നടക്കാറുണ്ട്. പ്രത്യേകം ഉണര്‍ത്തേണ്ട കാര്യമാണിത്. ( ബുഷ്‌റല്‍കരീം: 1/514) അഞ്ചു വിഭാഗത്തിനു സകാത്ത് നല്‍കല്‍ അനുവദനീയമല്ല. ഒന്ന്: തന്റെ സ്വത്ത് കൊണ്ടോ അനുയോജ്യമായ ജോലി കൊണ്ടോ ശരാശരി ആയുസ് കാലം (അറുപത് എഴുപത് വയസ്സ്) ജീവിക്കാന്‍ വകയുള്ള ധനികന്‍. രണ്ട്: മോചനപ്പത്രം എഴുതപ്പെടാത്ത അടിമ. മൂന്ന്: ഹാശിം, മുത്വലിബ് കുടുംബത്തില്‍ പെട്ടവര്‍ (നബി(സ്വ)യുടെ കുടുംബം സയ്യിദുമാര്‍) നാല്: സകാത് കൊടുക്കുന്ന വ്യക്തി ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ (ഉദാ: ഭാര്യ) അഞ്ച്: അമുസ്‌ലിംകള്‍. (തുഹ്ഫത്തുല്‍ ഹബീബ് അലാ ശര്‍ഹില്‍ ഖത്വീബ്: 2/366,367, ഫത്ഹുല്‍മുഈന്‍) പെരുന്നാള്‍: കര്‍മങ്ങള്‍ അല്ലാഹു സത്യവിശ്വാസികള്‍ക്ക് സമ്മാനിച്ച രണ്ടു ആഘോഷ ദിനങ്ങളാണ് ഈദുല്‍ഫിത്വറും ഈദുല്‍ അള്ഹായും. വര്‍ഷംതോറും രണ്ടു പെരുന്നാള്‍ സുദിനങ്ങള്‍ ആവര്‍ത്തിച്ചുവരുന്നതുകൊണ്ടാണ് ആവര്‍ത്തിച്ചുവരിക എന്നര്‍ത്ഥമുള്ള ഔദ് എന്ന ക്രിയാധാതുവില്‍നിന്ന് ഈദ്’വന്നത്. തക്ബീര്‍ പെരുന്നാള്‍ ദിനത്തിലെ പ്രധാന കര്‍മമാണ് തക്ബീര്‍ ചൊല്ലല്‍. ഈദുല്‍ഫിത്വര്‍ ദിനം സൂര്യന്‍ അസ്തമിച്ചതു മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നത് വരെ നിരന്തരമായി തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പള്ളി, വീട്, അങ്ങാടി, വഴി എന്നിവിടങ്ങളില്‍നിന്നെല്ലാം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പുരുഷന്മാര്‍ ശബ്ദം ഉയര്‍ത്തി ചൊല്ലല്‍ സുന്നത്തുണ്ട്. അന്യര്‍ കേള്‍ക്കത്തക്ക രീതിയില്‍ സ്ത്രീ ശബ്ദമുയര്‍ത്തി ചൊല്ലരുത്. തക്ബീറുകളില്‍ വളരെ പുണ്യമുള്ള വചനം അല്ലാഹു അക്ബറുല്ലാഹു... വലില്ലാഹില്‍ഹംദ് എന്ന പ്രസിദ്ധിയാര്‍ജ്ജിച്ച തക്ബീറാണ്. ഈ വാചകത്തിലെ ആദ്യത്തെ മൂന്നു തക്ബീര്‍ ചേര്‍ത്തുകൊണ്ട് (അല്ലാഹു അക്ബറുല്ലാഹു) ഉച്ചരിക്കണം. മുറിച്ചു മുറിച്ചല്ല (അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍) ചൊല്ലേണ്ടത്. (അദ്കാര്‍, പേജ്: 156) അല്ലാഹു വലിയവനാെണന്ന പ്രഖ്യാപനമാണ് തക്ബീര്‍. മറ്റുള്ളവര്‍ ചെറിയവര്‍ എന്ന വിനയം അതില്‍ അടങ്ങിയിട്ടുണ്ട്. ആരാധനക്കര്‍ഹര്‍ അല്ലാഹു മാത്രമാണ്. സര്‍വ്വ സ്തുതിയും അവനാണ് എന്നുള്ളതാണ് പ്രസിദ്ധ തക്ബീറില്‍ അടങ്ങിയിട്ടുള്ളത്. പെരുന്നാള്‍ നിസ്‌കാരം ഈദുല്‍ഫിത്വര്‍ ദിനത്തിലെ അതിപ്രധാനപ്പെട്ട കര്‍മമാണ് പെരുന്നാള്‍ നിസ്‌കാരം. ചെറിയ പെരുന്നാള്‍ സുന്നത്ത് നിസ്‌കാരം രണ്ടു റക്അത്ത് ഞാന്‍ നിസ്‌കരിക്കുന്നു എന്ന നിയ്യത്തോടെ തക്ബീറത്തുല്‍ ഇഹ്‌റാം ചൊല്ലി നിസ്‌കാരത്തില്‍ പ്രവേശിക്കണം. ഇമാമ് ഇമാമായി എന്നും മഅ്മൂം ഇമാമോടു കൂടെ എന്നും നിയ്യത്തില്‍ ചേര്‍ക്കണം. നിയ്യത്ത് എന്നത് മനസ്സിലെ കരുത്താണ്. അതാണു നിര്‍ബന്ധം. കരുതുന്നത് ഉച്ചരിക്കല്‍ സുന്നത്തുണ്ട്. തക്ബീറത്തുല്‍ഇഹ്‌റാമിന്റെ വേളയില്‍ സാധാരണ പോലെ ഇരു കരങ്ങളും ഇരു ചുമലുകള്‍ക്കുനേരെ ഉയര്‍ത്തി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ കെട്ടണം. പിന്നീട് പ്രാരംഭ പ്രാര്‍ത്ഥന. അതിനു ശേഷം അഊദുവിനു മുമ്പായി ഏഴു തക്ബീറുകള്‍ ചൊല്ലണം. തക്ബീറുകള്‍ ചൊല്ലുമ്പോള്‍ ഇരു കരങ്ങള്‍ ചുമലുകള്‍ക്ക് നേരെ ഉയര്‍ത്തി മുകളില്‍ പറഞ്ഞ രീതിയില്‍ കെട്ടണം. ഏഴില്‍ ഓരോ തക്ബീറുകള്‍ക്കിടയില്‍ സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്നു ചൊല്ലല്‍ സുന്നത്തുണ്ട്. ഏഴു തക്ബീറുകള്‍ക്കു ശേഷം ഫാതിഹ ഓതുക ശേഷം ഒരു സൂറത്ത് ഓതുക (സബ്ബിഹിസ്മ സൂറത്ത് പ്രത്യേകം സുന്നത്തുള്ളതാണ്.) രണ്ടാം റക്അത്തില്‍ ഫാതിഹയുടെ മുമ്പ് അഞ്ചു തക്ബീര്‍ ചൊല്ലുക. തക്ബീറുകള്‍ ചൊല്ലുമ്പോള്‍ കരങ്ങള്‍ ചുമലുകള്‍ക്കു നേരെ ഉയര്‍ത്തി മുമ്പ് വിവരിച്ചതുപോലെ കെട്ടണം. തക്ബീറുകള്‍ക്കിടയില്‍ മുകളില്‍ പറഞ്ഞ ദിക്ര്‍ ചൊല്ലുക. പിന്നെ ഫാതിഹയും സൂറത്തും ഓതുക ഹല്‍അതാക്ക സൂറത്ത് പ്രത്യേകം സുന്നത്തുള്ളതാണ്. അങ്ങനെ രണ്ടു റക്അത്തു നിസ്‌കരിച്ചു സലാം വീട്ടുക. പെരുന്നാള്‍ നിസ്‌കാരം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വകതിരിവുള്ള കുട്ടികള്‍ക്കുമെല്ലാം സുന്നത്താണ്. ഒറ്റക്കും സംഘമായും നിസ്‌കരിക്കാം. തിരുനബി(സ്വ)യുടെ ഉമ്മത്തിന്റെ സവിശേഷതയാണ് പെരുന്നാള്‍ നിസ്‌കാരം. മുന്‍ ഉമ്മത്തുകള്‍ക്കൊന്നും ഇതുണ്ടായിരുന്നില്ല. പെരുന്നാള്‍ ഖുത്വുബ പെരുന്നാള്‍ നിസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചാല്‍ പുരുഷന്‍മാര്‍ക്ക് രണ്ട് ഖുത്ബ സുന്നത്തുണ്ട്. അവരില്‍ ആരെങ്കിലും ഒരാള്‍ ഇതു നിര്‍വഹിക്കണം. സ്ത്രീകള്‍ മാത്രം നിര്‍വഹിക്കപ്പെടുന്ന നിസ്‌കാരശേഷം ഖുതുബ സുന്നത്തില്ല. എന്നാല്‍, സ്ത്രീകള്‍ക്കു പുരുഷന്‍ ഇമാമത്ത് നില്‍ക്കലാണല്ലോ കൂടുതല്‍ പുണ്യം. (മഹല്ലി: 1/222) മഅ്മൂമുകള്‍ മുഴുവന്‍ സ്ത്രീകളാണെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി പുരുഷന്‍ ഖുതുബ നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. (ശര്‍വാനി: 3/40) ഒന്നാം ഖുത്ബയുടെ തുടക്കത്തില്‍ ഒമ്പതും രണ്ടാം ഖുത്ബയുടെ തുടക്കത്തില്‍ ഏഴും തക്ബീര്‍ ചൊല്ലണം. ഈ ഒമ്പതും ഏഴും തക്ബീറുകള്‍ ഓരോന്നും മുറിച്ചു മുറിച്ച് (അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍) കൊണ്ടാണ് ചൊല്ലേണ്ടത്, ചേര്‍ത്തിക്കൊണ്ടല്ല. (തുഹ്ഫ: 3/46, നിഹായ: 2/392) ഖുത്വുബയുടെ ഇടയില്‍ തക്ബീര്‍ വര്‍ധിപ്പിക്കലും ഖുത്വുബയുടെ ആദ്യത്തിലുള്ള ഒമ്പതും ഏഴും തക്ബീറുകള്‍ക്കു പുറമെ രണ്ടു ഖുത്വുബയുടെ ഇടയില്‍ തക്ബീര്‍ കൊണ്ടു പിരിക്കലും സുന്നത്താണെന്ന് ഇമാം സുബ്കി(റ) പ്രസ്താവിച്ചിട്ടുണ്ട്. (അലിയ്യുശ്ശബറാമല്ലിസി: 2/392) അപ്പോള്‍ രണ്ടാം ഖുത്വുബ നിര്‍വഹിക്കാന്‍ ഏഴുന്നേറ്റുനിന്ന ശേഷം അല്ലാഹു അക്ബര്‍ എന്നു ഒരു തവണ ചൊല്ലി സുബ്ഹാനല്ലാഹ് എന്നതിന്റെ തോതില്‍ മൗനം പാലിച്ചു ഏഴു തക്ബീര്‍ ചൊല്ലി ഖുത്വുബ ആരംഭിക്കണം. (തഖ്‌രീറു ഫത്ഹുല്‍ മൂഈന്‍ -പേജ്: 101) പെരുന്നാള്‍ ആശംസ പെരുന്നാളിനു പരസ്പരം ആശംസകള്‍ അര്‍പ്പിക്കല്‍ സുന്നത്താണ്. തഖബ്ബലല്ലാഹു മിന്നാ വമിന്‍കും (അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കട്ടെ) എന്ന വചനമാണ് ഇമാം ബൈഹഖി(റ) ആശംസാ വചനമായി ഉദ്ധരിച്ചത്. ഈ ആശംസയോടൊപ്പം കൈ പിടിച്ച് മുസാഫഹത്ത് നടത്തലും സുന്നത്താണ്. കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യുന്ന രീതിയും കാണാറുണ്ട്. സന്തോഷ വേളയില്‍ അതു നല്ലതാണെന്ന് അഭിപ്രായപ്പെട്ട ഇമാമുകളുണ്ട്. സ്വഹാബികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ കൈ പിടിച്ചു മുസാഫഹത്ത് ചെയ്യും. യാത്ര കഴിഞ്ഞു വരുമ്പോള്‍ അവര്‍ പരസ്പരം ആലിംഗനംചെയ്യും. (ത്വബ്‌റാനി). സജ്ജനങ്ങളുടെയോ സയ്യിദന്മാരുടെയോ പണ്ഡിതന്‍മാരുടെയോ കൈകള്‍ പിടിച്ചു മുസാഫഹത് ചെയ്യുമ്പോള്‍ കൈ ചുംബിക്കല്‍ സുന്നത്താണ്. (മുസാഫഹത് നടത്തിയ തന്റെ കൈ സ്വയം ചുംബിക്കുന്നതും പുണ്യംതന്നെ) (ബിഗ്‌യ: 187). വിനോദം വിനോദം അനുവദനീയവും പ്രോത്സാഹനമര്‍ഹിക്കുന്നതുമായ കായിക വിനോദവും പാട്ടുകളും ആസ്വദിക്കുന്നതും നടത്തുന്നതും പെരുന്നാള്‍ ദിനങ്ങളില്‍ അനുവദിക്കപ്പെട്ടതാണ്. ഒരു പെരുന്നാള്‍ ദിനത്തില്‍ ആഇശ(റ)യുടെ വീട്ടില്‍ ഏതാനും പെണ്‍കുട്ടികള്‍ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോള്‍ നബി(സ്വ) അവിടെ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. വീട്ടില്‍ പ്രവേശിച്ച സിദ്ദീഖ്(റ) ഇതു കണ്ട് മകളെ ശകാരിച്ചു നബി തങ്ങള്‍ കിടക്കുമ്പോഴാണോ ഈ പാട്ട്? സിദ്ദീഖ്(റ) ചോദിച്ചു. നബി(സ്വ) മുഖം തുറന്ന് സിദ്ദീഖ്(റ)നോട് പറഞ്ഞു: 'അബൂബക്കര്‍, ഇന്ന് പെരുന്നാളല്ലേ, അവര്‍ പാടി ആസ്വദിക്കട്ടെ.' ഒരു പെരുന്നാള്‍ ദിനത്തില്‍ അന്നത്തെ പ്രധാന യുദ്ധോപകരണമായ ചെറു കുന്തങ്ങളെറിഞ്ഞും അതുകൊണ്ട് കുത്തിയും പരസ്പരം കളിച്ചു നബി(സ്വ) തങ്ങളെ കാണാന്‍ മസ്ജിദുന്നബവിയിലേക്കു വന്ന അബ്‌സീനിയന്‍ സംഘത്തിന്റെ കായികപരിശീലനവും വിനോദവും ആഇശ(റ)യുടെ വീടിന്റെ വാതില്‍ക്കലില്‍നിന്നു വീക്ഷിച്ച നബിതങ്ങളോടൊപ്പം നബിയുടെ മറവില്‍ അരികുപറ്റി പ്രിയപത്‌നി ആഇശ(റ)യും കാണാന്‍ തുനിഞ്ഞപ്പോള്‍ നിനക്കും കാണണോ എന്നു ചോദിച്ചുകൊണ്ട് നബി(സ്വ) അവരോട് വീണ്ടും കളിക്കാനാവശ്യപ്പെടുകയും മണവാട്ടിയായ ആഇശ(റ)യുടെ പൂതി തീരുവോളം വാതില്‍പടിയില്‍ നിന്നുകൊടുക്കുകയും ചെയ്ത സംഭവം സ്വഹീഹുല്‍ബുഖാരിയിലും സ്വഹീഹുല്‍ മുസ്‌ലിമിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാം വിലക്കു കല്‍പ്പിക്കാത്ത ഏത് വിനോദവും നടത്താം, കാണാം, ആസ്വദിക്കാം. പെരുന്നാള്‍ രാവും പകലും പ്രാര്‍ത്ഥനയ്ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന സമയമാണ്. അവ ഇബാദത്ത് കൊണ്ട് സജീവമാക്കല്‍ ശക്തമായ സുന്നത്താണെന്ന് ഫുഖഹാഅ് വിവരിച്ചിട്ടുണ്ട്. പെരുന്നാളിന്നായാലും അല്ലെങ്കിലും അലങ്കാരത്തിനു വേണ്ടി പുരുഷന്മാര്‍ മൈലാഞ്ചി അണിയല്‍ നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ മരണം കാരണമായി ഇദ്ദയിലുള്ള സ്ത്രീകള്‍ക്കും അലങ്കാരത്തിനു വേണ്ടി മൈലാഞ്ചി അണിയല്‍ ഹറാമാണ്. ഭര്‍ത്യമതികള്‍ക്കാണ് സുന്നത്തുള്ളത്. അല്ലാത്ത സ്ത്രീകള്‍ക്ക് അനുവദനീയമാണ്. പെരുന്നാള്‍ ദിനം പെരുന്നാള്‍ കുളി എന്ന നിയ്യത്തോടെ കുളിക്കലും പുതുവസ്ത്രം ധരിക്കലും അത്തര്‍ പുരട്ടലുമെല്ലാം പ്രത്യേകം സുന്നത്താണ്. എന്നാല്‍, സ്ത്രീകള്‍ അത്തര്‍ പൂശി യാത്ര ചെയ്യാന്‍ പാടില്ല. കുടുംബ ബന്ധം പുലര്‍ത്തലും പാവങ്ങളെ സഹായിക്കലും രോഗീസന്ദര്‍ശനം നടത്തലും മറ്റു കാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളിയാകലുമെല്ലാം വലിയ പുണ്യമുള്ള കാര്യങ്ങളാണ്.