ബലിപെരുന്നാള്‍ കര്‍മങ്ങള്‍

പെരുന്നാള്‍ രാവിലും പകലിലും ചില പ്രത്യേക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പരിശുദ്ധ ഇസ്‌ലാം നമ്മോട് നിര്‍ദേശിച്ചിട്ടുണ്ട്. അവ ഹ്രസ്വമായി വിവരിക്കാം.... ജഗന്നിയന്താവായ അല്ലാഹു സത്യവിശ്വാസികള്‍ക്ക് സമ്മാനിച്ച രണ്ട് ആഘോഷദിനങ്ങളാണ് ചെറിയ പെരുന്നാളും ബലിപെരുന്നാളും. പെരുന്നാള്‍ രാവിലും പകലിലും ചില പ്രത്യേക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പരിശുദ്ധ ഇസ്‌ലാം നമ്മോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉള്ഹിയ്യത്ത് ബലിപെരുന്നാളുമായി ബന്ധപ്പെട്ട ഏറ്റവും മഹത്തായ കര്‍മമാണ് ഉള്ഹിയ്യത്ത്. ബലിപെരുന്നാള്‍ എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ ഉള്ഹിയ്യത്തറക്കുന്ന പെരുന്നാള്‍ എന്നാണ്. ദുല്‍ഹിജ്ജ മാസം 10,11,12,13 ദിവസങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി പ്രത്യേക നിബന്ധനകളോടെ മൃഗത്തെ അറുക്കപ്പെടുന്ന കര്‍മത്തിനാണ് ഉള്ഹിയ്യത്തെന്ന് പറയുന്നത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇജ്മാഉം ഇതിനെ പ്രേരിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: 'നബിയേ, താങ്കളുടെ നാഥനുവേണ്ടി നിസ്‌കരിക്കുകയും അറവ് നടത്തുകയും ചെയ്യുക.' (കൗസര്‍) ഈ സൂക്തത്തിലെ അറവ് ഉള്ഹിയ്യത്താണെന്ന് നിരവധി മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ) പറയുന്നു: 'ബലിപെരുന്നാളില്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള ബലിയെക്കാള്‍ അവന് ഇഷ്ടമുള്ള ഒരു കാര്യവുമില്ല.' ഇമാം ശാഫിഈ(റ) പറയുന്നു: 'ഉള്ഹിയ്യത്തറുക്കാന്‍ കഴിവുള്ളവന് ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഞാന്‍ തയ്യാറല്ല.' ഒരു ബലിപെരുന്നാള്‍ ദിനം നൂറ് ഒട്ടകത്തെ നബി(സ) ബലി ഉള്ഹിയ്യത്ത് അറവ് നടത്തിയിട്ടുണ്ട്. അതില്‍ അറുപത്തിമൂന്നെണ്ണം നബി(സ) സ്വന്തം കൈകൊണ്ട് തന്നെയാണ് അറുത്തത്. ബാക്കി 37 ഒട്ടകങ്ങളെ അറുക്കാന്‍ അലി(റ)യെ ഏല്‍പ്പിച്ചു. ഹിജ്‌റ: വര്‍ഷം രണ്ടിനാണ് ഉള്ഹിയ്യത്ത് നിയമമാക്കപ്പെട്ടത്. നബി(സ്വ) മദീനയില്‍ താമസിച്ച പത്തു വര്‍ഷവും ഉള്ഹിയ്യത്തറവ് നടത്തിയിരുന്നു. (തുര്‍മുദി) നബി(സ്വ)യുടെ വഫാത്തിനുശേഷം നബി(സ്വ)ക്കു വേണ്ടി അലി(റ) ഉള്ഹിയ്യത്ത് നിര്‍വഹിച്ചിരുന്നു. (ശര്‍വാനി: 9/368) ഉള്ഹിയ്യത്ത് കര്‍മം ശക്തമായ സുന്നത്താണെന്ന് മൂന്നു മദ്ഹബും അഭിപ്രായപ്പെടുമ്പോള്‍ അതു നിര്‍ബന്ധമാണെന്നാണ് ഹനഫീ മദ്ഹബ്. (അല്‍മബ്‌സൂത്വ്: 6/171) ബലിപെരുന്നാള്‍ ദിനത്തില്‍ തന്റെയും ആശ്രിതരുടെയും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്കാവശ്യമായ ധനം കഴിച്ചു മിച്ചമുള്ള ബുദ്ധിയുള്ളവനും സ്വതന്ത്രനുമായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് കര്‍മം നിര്‍വഹിക്കല്‍ ശക്തമായ സുന്നത്താണ്. മറ്റൊരാള്‍ക്ക് അയാളുടെ സമ്മതം കൂടാതെ അറുത്താല്‍ പരിഗണിക്കില്ല. വസ്വിയ്യത്ത് കൂടാതെ മരണപ്പെട്ടവര്‍ക്കു വേണ്ടി ബലിയറുക്കലും പരിഗണനീയമല്ല. പിതാവ്, പിതാമഹന്‍ എന്നിവര്‍ അവരുടെ ധനത്തില്‍നിന്ന് ചെറിയ കുട്ടികള്‍ക്കു വേണ്ടി അറുക്കല്‍ സാധുവാകും. കുട്ടിയുടെ സ്വത്തില്‍നിന്ന് ബലിദാനം പാടില്ല. മറ്റു രക്ഷിതാക്കള്‍ കുട്ടിക്കുവേണ്ടി ബലിനടത്തിയാല്‍ പരിഗണിക്കപ്പെടില്ല. ബലിദാനത്തിന് നിയ്യത്ത് അനിവാര്യമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് ഞാന്‍ അറുക്കുന്നു എന്ന് കരുതുക. ഉള്ഹിയ്യത്തറുക്കുന്നു എന്നു മാത്രം കരുതിയാല്‍ അത് നിര്‍ബന്ധമാകുമെന്നതാണ് പ്രബലം. (ഇആനത്ത്: 2/331) മൃഗത്തെ നിര്‍ണയിക്കുന്ന സമയത്തോ അറുക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യുക. പെരുന്നാള്‍ ദിവസം സൂര്യോദയത്തിനുശേഷം രണ്ട് റക്അത്ത് നിസ്‌കാരവും ചുരുങ്ങിയ നിലയില്‍ രണ്ട് ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉള്ഹിയ്യത്തിന്റെ സമയമായി. അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിവസം വരെ (ദുല്‍ഹിജ്ജ 13) അറുക്കാം. അഞ്ചു വയസ്സ് പൂര്‍ത്തിയായ ഒട്ടകം, രണ്ടു വയസ് പൂര്‍ണമായ മാട് (കാള, പശു, പോത്ത്, എരുമ), കോലാട്, ഒരു വയസ്സ് പൂര്‍ത്തിയാവുകയോ, ആറു മാസത്തിനുശേഷം പല്ല് പറിയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് ഉള്ഹിയ്യത്തിന്റെ മൃഗങ്ങള്‍ (നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ആട് കോലാടാണ്. രണ്ടു വയസ്സ് പൂര്‍ത്തിയായിരിക്കണം.) ഒട്ടകത്തിലും മാട് വര്‍ഗത്തിലും ഏഴ് ആളുകള്‍ക്ക് വരെ പങ്കാളിയാവാം. ആടില്‍ കൂറ് പാടില്ല. ഏഴുപേര്‍ കൂടി ഒരു മാടിനെ അറുക്കുന്നതിനെക്കാള്‍ ഉത്തമം ഏഴ് ആടിനെ അറുക്കലാണ്. ഗര്‍ഭം, മുടന്ത്, വ്യക്തമായ രോഗം, അവയവം മുറിഞ്ഞുപോവല്‍, ചെവി, വാല് നഷ്ടപ്പെടുക തുടങ്ങിയ ന്യൂനത മൃഗത്തിലില്ലാതിരിക്കല്‍ നിബന്ധനയാണ്. ചെവിയില്‍ ദ്വാരമോ കീറലോ ഉണ്ടാകുന്നതിന് വിരോധമില്ല. കൊമ്പുള്ളത് അറുക്കലാണ് ഉത്തമം. ബന്ധുക്കള്‍ ഉള്ളവര്‍ക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫായയും അല്ലാത്തവര്‍ക്ക് സുന്നത്ത് ഐനുമാണ്. എല്ലാവര്‍ക്കും സുന്നത്തായിരിക്കേ സുന്നത്ത് കിഫായ എന്നതിന്റെ വിവക്ഷ ഒരാള്‍ ഉള്ഹിയ്യത്തറവ് നിര്‍വഹിച്ചാല്‍ കുടുംബക്കാരുടെയും സുന്നത്തായ തേട്ടം ഒഴിവാകുമെന്നാണ്. പ്രത്യുത, പ്രതിഫലം ലഭിക്കുമെന്നല്ല ഒരു തവണ ഉള്ഹിയ്യത്ത് കര്‍മം നടത്തല്‍ നബി(സ്വ)ക്ക് നിര്‍ബന്ധമായിരുന്നു. പിന്നീടുള്ളതെല്ലാം സുന്നത്തായിരുന്നു. ഉള്ഹിയ്യത്ത് കര്‍മം നിര്‍ബന്ധമാണെന്ന് അഭിപ്രായമുള്ളതുകൊണ്ട് ഇത് ഉപേക്ഷിക്കല്‍ കറാഹത്താണ്. സ്വദഖയെക്കാള്‍ പുണ്യമാണ് ഉള്ഹിയ്യത്ത്. (തുഹ്ഫ: 9/344) ഉള്ഹിയ്യത്തിന്റെ പ്രതിഫലത്തില്‍ ജീവിച്ചിരിക്കുന്നവരെയോ മരണപ്പെട്ടവരെയോ പങ്കാളിയാക്കാം. ഉദാ: ഈ ഉള്ഹിയ്യത്തിന്റെ പ്രതിഫലത്തില്‍ എന്റെ പിതാവിനെ ഞാന്‍ പങ്കാളിയാക്കി എന്നു പറയല്‍ സുന്നത്തായ ഉള്ഹിയ്യത്ത് മാംസത്തിന്റെ അല്‍പം അറുക്കപ്പെട്ട നാട്ടിലെ ഫഖീറിനോ മിസ്‌കീനിനോ നല്‍കല്‍ നിര്‍ബന്ധമാണ്. ബാക്കി മാംസം സ്വന്തം നാട്ടിലോ മറ്റു നാട്ടിലോ നല്‍കാം. നേര്‍ച്ചയാക്കപ്പെട്ട ഉള്ഹിയ്യത്താണെങ്കില്‍ മാംസം മുഴുവനും തോലും മൃഗത്തെ അറുക്കപ്പെട്ട നാട്ടിലെ ഫഖീര്‍/മിസ്‌കീനിനു നല്‍കല്‍ നിര്‍ബന്ധമാണ്. നേര്‍ച്ച ഉള്ഹിയ്യത്ത് നബികുടുംബത്തിനു നല്‍കാന്‍ പാടില്ല. സുന്നത്തോ നേര്‍ച്ചയോ ഏതാവട്ടെ ഉള്ഹിയ്യത്തില്‍നിന്ന് ഒന്നുംതന്നെ കാഫിറുകള്‍ക്ക് നല്‍കാന്‍ പാടില്ല. അഖീഖത്ത് മാംസത്തിനും ഈ നിയമമുണ്ട്. ഉള്ഹിയ്യത്തിന്റെ തോല് വില്‍ക്കാന്‍ പാടില്ല. തോല് വിറ്റവനു ഉള്ഹിയ്യത്തിന്റെ പ്രതിഫലമില്ലെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സ്വദഖ നല്‍കാം. സ്വദഖയായി ലഭിച്ചവനു വില്‍ക്കാം. വാങ്ങുന്നവന്‍ മുസ്‌ലിമായിരിക്കണം. ഉള്ഹിയ്യത്ത് കര്‍മം നിര്‍വഹിച്ചന്‍ മൃഗത്തെ അറുത്ത ഉടനെ രണ്ടു റക്അത്ത് നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (അല്‍ബറക: പേജ്: 411) തക്ബീര്‍ പെരുന്നാള്‍ ദിനത്തിലെ പ്രധാന കര്‍മമാണ് തക്ബീര്‍ ചൊല്ലല്‍. ഈദുല്‍ അള്ഹാ ദിനം സൂര്യന്‍ അസ്തമിച്ചതു മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നത് വരെ നിരന്തരമായി തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. മുര്‍സലായ തക്ബീര്‍ എന്നാണ് ഇതിന്റെ പേര്. പള്ളി, വീട്, അങ്ങാടി, വഴി എന്നിവിടങ്ങളില്‍നിന്നെല്ലാം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പുരുഷന്മാര്‍ ശബ്ദം ഉയര്‍ത്തി ചൊല്ലല്‍ സുന്നത്തുണ്ട്. അന്യര്‍ കേള്‍ക്കത്തക്ക രീതിയില്‍ സ്ത്രീ ശബ്ദമുയര്‍ത്തി ചൊല്ലരുത്. തക്ബീറുകളില്‍ വളരെ പുണ്യമുള്ള വചനം അല്ലാഹു അക്ബറുല്ലാഹു... വലില്ലാഹില്‍ ഹംദ്’എന്ന പ്രസിദ്ധിയാര്‍ജ്ജിച്ച തക്ബീറാണ്. ഈ വാചകത്തിലെ ആദ്യത്തെ മൂന്നു തക്ബീര്‍ ചേര്‍ത്തുകൊണ്ട് (അല്ലാഹു അക്ബറുല്ലാഹു) ഉച്ചരിക്കണം. മുറിച്ചു മുറിച്ചല്ല (അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍) ചൊല്ലേണ്ടത്. (അദ്കാര്‍, പേജ്: 156) അല്ലാഹു വലിയവനാണ് എന്ന പ്രഖ്യാപനമാണ് തക്ബീര്‍. മറ്റുള്ളവര്‍ ചെറിയവര്‍ എന്ന വിനയം അതില്‍ അടങ്ങിയിട്ടുണ്ട്. ആരാധനക്കര്‍ഹര്‍ അല്ലാഹു മാത്രമാണ്. സര്‍വ്വ സ്തുതിയും അവനാണ് എന്നുള്ളതാണ് പ്രസിദ്ധ തക്ബീറില്‍ അടങ്ങിയിട്ടുള്ളത്. അറഫാ ദിനം (ദുല്‍ഹിജ്ജ ഒമ്പത്) സുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനം (ദുല്‍ഹിജ്ജ: 13) സൂര്യന്‍ അസ്തമിക്കുന്നത് വരെയുള്ള അഞ്ചു ദിവസങ്ങളില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഫര്‍ളും സുന്നത്തുമായ എല്ലാ നിസ്‌കാരങ്ങള്‍ക്ക് ഉടനെ ( നിസ്‌കാരാനന്തരമുള്ള ദിക്ര്‍, ദുആയുടെ മുമ്പ്) തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഈ തക്ബീറിന്റെ പേര് മുഖയ്യദ് എന്നാണ്. ബലിപെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ഖുത്ബയുടെ മുമ്പ് തക്ബീര്‍ സുന്നത്തുണ്ട്. പെരുന്നാള്‍ നിസ്‌കാരം ഈദുല്‍ അള്ഹാ ദിനത്തിലെ അതിപ്രധാനപ്പെട്ട കര്‍മമാണ് പെരുന്നാള്‍ നിസ്‌കാരം. ബലിപെരുന്നാള്‍ സുന്നത്ത് നിസ്‌കാരം രണ്ടു റക്അത്തു ഞാന്‍ നിസ്‌കരിക്കുന്നു എന്ന നിയ്യത്തോടെ തക്ബീറത്തുല്‍ ഇഹ്‌റാം ചൊല്ലി നിസ്‌കാരത്തില്‍ പ്രവേശിക്കണം. ഇമാമ് ഇമാമായി എന്നും മഅ്മൂം ഇമാമോടുകൂടെ എന്നും നിയ്യത്തില്‍ ചേര്‍ക്കണം. നിയ്യത്ത് എന്നത് മനസ്സിലെ കരുത്താണ്. അതാണു നിര്‍ബന്ധം. കരുതുന്നത് ഉച്ചരിക്കല്‍ സുന്നത്തുണ്ട്. തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ വേളയില്‍ സാധാരണ പോലെ ഇരു കരങ്ങളും ഇരു ചുമലുകള്‍ക്കു നേരെ ഉയര്‍ത്തി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ കെട്ടണം. പിന്നീട് പ്രാരംഭ പ്രാര്‍ത്ഥന. അതിനുശേഷം അഊദുവിനു മുമ്പായി എഴു തക്ബീറുകള്‍ ചൊല്ലണം. തക്ബീറുകള്‍ ചൊല്ലുമ്പോള്‍ ഇരു കരങ്ങള്‍ ചുമലുകള്‍ക്ക് നേരെ ഉയര്‍ത്തി മുകളില്‍ പറഞ്ഞ രീതിയില്‍ കെട്ടണം. ഏഴില്‍ ഓരോ തക്ബീറുകള്‍ക്കിടയില്‍ സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്നു ചൊല്ലല്‍ സുന്നത്തുണ്ട്. ഏഴു തക്ബീറുകള്‍ക്ക് ശേഷം ഫാതിഹ ഓതുക ശേഷം ഒരു സൂറത്ത് ഓതുക (സബ്ബിഹിസ്മ സൂറത്ത് പ്രത്യേകം സുന്നത്തുള്ളതാണ്.) രണ്ടാം റക്അത്തില്‍ ഫാതിഹയുടെ മുമ്പ് അഞ്ച് തക്ബീര്‍ ചൊല്ലുക. തക്ബീറുകള്‍ ചൊല്ലുമ്പോള്‍ കരങ്ങള്‍ ചുമലുകള്‍ക്ക് നേരെ ഉയര്‍ത്തി മുമ്പ് വിവരിച്ചതു പോലെ കെട്ടണം. തക്ബീറുകള്‍ക്കിടയില്‍ മുകളില്‍ പറഞ്ഞ ദിക്ര്‍ ചൊല്ലുക. പിന്നെ ഫാതിഹയും സൂറത്തും ഓതുക (ഹല്‍അതാക സൂറത്ത് പ്രത്യേകം സുന്നത്തുള്ളതാണ്. അങ്ങനെ രണ്ടു റക്അത്ത് നിസ്‌കരിച്ചു സലാം വീട്ടുക. പെരുന്നാള്‍ നിസ്‌കാരം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വകതിരിവുള്ള കുട്ടികള്‍ക്കുമെല്ലാം സുന്നത്താണ്. ഒറ്റക്കും സംഘമായും നിസ്‌കരിക്കാം. തിരുനബി(സ്വ)യുടെ ഉമ്മത്തിന്റെ സവിശേഷതയാണ് പെരുന്നാള്‍ നിസ്‌കാരം. മുന്‍ ഉമ്മത്തുകള്‍ക്കൊന്നും ഇതുണ്ടായിരുന്നില്ല. പെരുന്നാള്‍ ഖുത്വുബ പെരുന്നാള്‍ നിസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചാല്‍ പുരുഷന്‍മാര്‍ക്ക് രണ്ട് ഖുതുബ സുന്നത്തുണ്ട്. അവരില്‍ ആരെങ്കിലും ഒരാള്‍ ഇതു നിര്‍വഹിക്കണം. സ്ത്രീകള്‍ മാത്രം നിര്‍വഹിക്കപ്പെടുന്ന നിസ്‌കാരശേഷം ഖുതുബ സുന്നത്തില്ല. എന്നാല്‍, സ്ത്രീകള്‍ക്ക് പുരുഷന്‍ ഇമാമത്ത് നില്‍ക്കലാണല്ലോ കൂടുതല്‍ പുണ്യം. (മഹല്ലി: 1/222) മഅ്മൂമുകള്‍ മുഴുവന്‍ സ്ത്രീകളാണെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി പുരുഷന്‍ ഖുതുബ നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. (ശര്‍വാനി:3/40) ഒന്നാം ഖുത്ബയുടെ തുടക്കത്തില്‍ ഒമ്പതും രണ്ടാം ഖുത്ബയുടെ തുടക്കത്തില്‍ ഏഴും തക്ബീര്‍ ചൊല്ലണം. ഈ ഒമ്പതും ഏഴും തക്ബീറുകള്‍ ഓരോന്നും മുറിച്ചുമുറിച്ച് (അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍) കൊണ്ടാണ് ചൊല്ലേണ്ടത്, ചേര്‍ത്തിക്കൊണ്ടല്ല. (തുഹ്ഫ: 3/46, നിഹായ: 2/392) ഖുത്വുബയുടെ ഇടയില്‍ തക്ബീര്‍ വര്‍ധിപ്പിക്കലും ഖുത്വുബയുടെ ആദ്യത്തിലുള്ള ഒമ്പതും ഏഴും തക്ബീറുകള്‍ക്കു പുറമെ രണ്ട് ഖുത്വുബയുടെ ഇടയില്‍ തക്ബീര്‍ കൊണ്ടു പിരിക്കലും സുന്നത്താണെന്ന് ഇമാം സുബ്കി(റ) പ്രസ്താവിച്ചിട്ടുണ്ട്. (അലിയ്യുശ്ശബ്‌റാമല്ലിസി: 2/392) അപ്പോള്‍ രണ്ടാം ഖുത്വുബ നിര്‍വഹിക്കാന്‍ ഏഴുന്നേറ്റുനിന്ന ശേഷം അല്ലാഹു അക്ബര്‍’എന്ന് ഒരു തവണ ചൊല്ലി സുബ്ഹാനല്ലാഹ് എന്നതിന്റെ തോതില്‍ മൗനം പാലിച്ച് ഏഴു തക്ബീര്‍ ചൊല്ലി ഖുത്വുബ ആരംഭിക്കണം. (തഖ്‌രീറു ഫത്ഹുല്‍ മൂഈന്‍, പേജ്: 101) പെരുന്നാള്‍ ആശംസ പെരുന്നാളിനു പരസ്പരം ആശംസകളര്‍പ്പിക്കല്‍ സുന്നത്താണ്. തഖബ്ബലല്ലാഹു മിന്നാ വമിന്‍കും (അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കട്ടെ) എന്ന വചനമാണ് ഇമാം ബൈഹഖി(റ) ആശംസാവചനമായി ഉദ്ധരിച്ചത്. ഈ ആശംസയോടൊപ്പം കൈപിടിച്ച് മുസാഫഹത്തു നടത്തലും സുന്നത്താണ്. കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യുന്ന രീതിയും കാണാറുണ്ട്. സന്തോഷവേളയില്‍ അതു നല്ലതാണെന്ന് അഭിപ്രായപ്പെട്ട ഇമാമുകളുണ്ട്. സ്വഹാബികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ കൈ പിടിച്ച് മുസാഫഹത്ത് ചെയ്യും. യാത്രകഴിഞ്ഞു വരുമ്പോള്‍ അവര്‍ പരസ്പരം ആലിംഗനം ചെയ്യും. (ത്വബ്‌റാനി) സജ്ജനങ്ങളുടെയോ സയ്യിദന്മാരുടെയോ പണ്ഡിതന്‍മാരുടെയോ കൈകള്‍ പിടിച്ച് മുസാഫഹത് ചെയ്യുമ്പോള്‍ കൈ ചുംബിക്കല്‍ സുന്നത്താണ്. (മുസാഫഹത് നടത്തിയ തന്റെ കൈ സ്വയം ചുംബിക്കുന്നതും പുണ്യംതന്നെ.) (ബിഗ്‌യ: 187) പെരുന്നാള്‍ രാവ് പെരുന്നാള്‍ രാവും പകലും പ്രാര്‍ത്ഥനയ്ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന സമയമാണ്. അവ ഇബാദത്ത് കൊണ്ട് സജീവമാക്കല്‍ ശക്തമായ സുന്നത്താണെന്ന് ഫുഖഹാഅ് വിവരിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന അഞ്ചു രാവുകളില്‍ ഒന്നു ബലിപെരുന്നാള്‍ രാവാണ്. മൈലാഞ്ചിയണിയല്‍ പെരുന്നാളിനായാലും അല്ലെങ്കിലും അലങ്കാരത്തിനു വേണ്ടി പുരുഷന്മാര്‍ കൈക്കാലുകളില്‍ മൈലാഞ്ചിയണിയല്‍ നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ മരണംകാരണമായി ഇദ്ദയിലുള്ള സ്ത്രീകള്‍ക്കും അലങ്കാരത്തിനുവേണ്ടി മൈലാഞ്ചിയണിയല്‍ ഹറാമാണ്. ഭര്‍ത്യമതികള്‍ക്കാണ് സുന്നത്തുള്ളത്. അല്ലാത്ത സ്ത്രീകള്‍ക്ക് അനുവദനീയമാണ്. പെരുന്നാള്‍ ദിനം പെരുന്നാള്‍ കുളി എന്ന നിയ്യത്തോടെ കുളിക്കലും പുതുവസ്ത്രം ധരിക്കലും അത്തര്‍ പുരട്ടലുമെല്ലാം പ്രത്യേകം സുന്നത്താണ്. എന്നാല്‍, സ്ത്രീകള്‍ അത്തര്‍ പൂശി യാത്രചെയ്യാന്‍ പാടില്ല.കുടുംബ ബന്ധം പുലര്‍ത്തലും പാവങ്ങളെ സഹായിക്കലും രോഗീസന്ദര്‍ശനം നടത്തലും മറ്റു കാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളിയാകലുമെല്ലാം വലിയ പുണ്യമുള്ള കാര്യങ്ങളാണ്.