Sunni Afkaar Weekly

Pages

Search

Search Previous Issue

മലിനപ്പെട്ട വസ്തുവിനെ ശുദ്ധിയാക്കല്‍

കെ.പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം
 മലിനപ്പെട്ട വസ്തുവിനെ ശുദ്ധിയാക്കല്‍

മധ്യനിലക്കുള്ള തടിയുള്ള നജസ് കൊണ്ട് മലിനമായ വസ്തു നജസിന്റെ നിറം, മണം, രുചി എന്നിവ നീങ്ങുന്നതുവരെ കഴുകണം. എത്ര പ്രയാസപ്പെട്ട് കഴുകിയിട്ടും നിറമോ വാസനയോ രണ്ടാലൊന്ന് നീങ്ങുന്നില്ലെങ്കില്‍ വിരോധമില്ല. രണ്ടും കൂടിയോ രുചി മാത്രമോ നീങ്ങുന്നില്ലെങ്കില്‍ ശുദ്ധിയാകുന്നതല്ല. മുറിച്ചുകളയലല്ലാതെ മാര്‍ഗമില്ലാത്ത അവസ്ഥയില്‍ ശുദ്ധിയാകുന്നില്ലെങ്കിലും പൊറുക്കപ്പെടുന്നതാണ്. മൂത്രം പോലുള്ള നജസ് കൊണ്ട് മലിനപ്പെട്ടത് അതിന് നിറമോ വാസനയോ രുചിയോ ഇല്ലെങ്കില്‍ അതിന്‍മേല്‍ വെള്ളമൊഴിച്ചാല്‍ മതി. ഭൂമിയില്‍ മൂത്രം പോലുള്ളവ ആവുകയും അതു വറ്റുകയും ചെയ്താല്‍ നജസായ സ്ഥലം മുഴുവനും മൂടുന്നനിലയ്ക്ക് വെള്ളമൊഴിച്ചാല്‍ മതി. വെള്ളം വറ്റിയിട്ടില്ലെങ്കിലും വിരോധമില്ല. കത്തി പോലുള്ളവ നജസില്‍ ഊട്ടപ്പെട്ടാല്‍ അതിനെ കഴുകിയാല്‍ മതിയാകുന്നതാണ്. ഒരു സ്ത്രീയും നായയും തമ്മില്‍ ഇണചേര്‍ന്നതില്‍ ഒരു മനുഷ്യക്കുഞ്ഞ് ജനിച്ചാല്‍ ആ കുട്ടി നജസാകുന്നതാണെങ്കിലും അവന്‍ ശറഇയ്യായ ശാസന ഉള്ളവനാണ്. അപ്പോള്‍ നിസ്‌കാരവും മറ്റും നിര്‍ബന്ധമാണ്. നനവില്ലാത്ത നിലക്ക് ജമാഅത്ത് പോലുള്ളതിന് പള്ളിയില്‍ പ്രവേശിക്കലും അവനെ തുടര്‍ന്ന് നിസ്‌കരിക്കലും അനുവദനീയമാകുന്നു. രണ്ട് ഖുല്ലത്തില്‍ താഴെയുള്ള വെള്ളമാണെങ്കില്‍ മലിനമായ വസ്തു അതില്‍ ഇട്ട് കഴുകാവതല്ല, വെള്ളമൊഴിച്ചുകഴുകേണ്ടതാണ്. പാത്രത്തില്‍ വെള്ളമെടുത്ത് മാംസം പോലെയുള്ളത് അതിലേക്ക് ഇട്ടു കഴുകിയാല്‍ ശുദ്ധിയാകുന്നതല്ല. അതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാഷ്ടം പോലെയുള്ളത് മണ്ണിനോട് അലിഞ്ഞുചേര്‍ന്നാല്‍ കഴുകി വൃത്തിയാക്കാന്‍ കഴിയുകയില്ല. ആ മണ്ണ് എടുത്തു മാറ്റുകതന്നെ വേണം. ഉറച്ച നെയ്യ് പോലെയുള്ളതില്‍ നജസ് വീണാല്‍ അതും അത് തൊട്ട ഭാഗവും എടുത്തുമാറ്റിയാല്‍ മതി. ഉറച്ചതല്ലെങ്കില്‍ മുഴുവനും നജസാകുന്നതാണ്. കുറഞ്ഞ വെള്ളമുള്ള കിണറില്‍ നജസ് വീണാല്‍ വെള്ളം വറ്റിക്കല്‍ കൊണ്ട് അത് ശുദ്ധിയാകുന്നതല്ല. ഉറവ കൊണ്ടോ വെള്ളം ഒഴിക്കല്‍കൊണ്ടോ വെള്ളം രണ്ട് ഖുല്ലത്താവുകയും പകര്‍ച്ച ഇല്ലാതിരിക്കുകയും ചെയ്താല്‍ മാത്രമേ അത് ശുദ്ധിയാവുകയുള്ളൂ. അധികരിച്ച വെള്ളമുള്ള കിണറില്‍ നായ വീണ് വെള്ളം പകര്‍ച്ചയായിട്ടില്ല, എന്നാല്‍ വെള്ളം ശുദ്ധിയുള്ളതാണെങ്കിലും ഉപയോഗിക്കാന്‍ പറ്റാത്തതാണ്. കാരണം, കോരിയെടുത്ത വെള്ളത്തില്‍ രോമമുണ്ട്. അപ്പോള്‍ അതിലെ വെള്ളം മുഴുവനും കോരി ഒഴിവാക്കണം. നായ പോലെയുള്ള നജസ് കൊണ്ട് മലിനപ്പെട്ട വസ്തു ശുദ്ധിയാകണമെങ്കില്‍ നജസിന്റെ തടി നീക്കിയ ശേഷം ഏഴു തവണ കഴുകണം. തടി നീക്കാനായി എത്രതവണ കഴുകിയാലും അത് ഒരു തവണയായി മാത്രമേ പരിഗണിക്കുകയുള്ളൂ. ശേഷം ആറു തവണകൂടി കഴുകണം. ഏഴില്‍ ഒരു തവണ ശുദ്ധിയുള്ള മണ്ണു കലക്കിയ വെള്ളമായിരിക്കുകയും വേണം. മണ്ണു കലക്കിയ വെള്ളം നജസായ മുഴുവന്‍ സ്ഥലത്തും എത്തുകയും വേണ്ടതാണ്. മണ്ണായ സ്ഥലമാണെങ്കില്‍ പ്രത്യേകം മണ്ണ് കലക്കേണ്ടതില്ല. നിസ്‌കാരത്തില്‍ പൊറുക്കപ്പെടുന്ന നജസുകള്‍ രക്തവും ജലവും പൊറുക്കപ്പെടുന്ന വിഷയത്തില്‍ മൂന്ന് ഇനമാണ്. 01) കുറഞ്ഞാലും കൂടിയാലും പൊറുക്കപ്പെടാത്തത്. അതില്‍ പെട്ടതാണ് നായ പോലെയുള്ളതിന്റെ രക്തവും ചലവും, മനപ്പൂര്‍വം ശരീരത്തിലാക്കിയവയും മറ്റു നജസുമായി കൂടിച്ചേര്‍ന്നവയും അപ്രകാരംതന്നെയാണ്. 02) കുറഞ്ഞതാണെങ്കില്‍ പൊറുക്കപ്പെടുന്നവ. അതില്‍ പെട്ടതാണ് അന്യരുടെ ചോരയും ചലവും. 03) എത്ര കൂടുതലാണെങ്കിലും പൊറുക്കപ്പെടുന്നവ. അതില്‍പെട്ടതാണ് ഒലിക്കുന്ന രക്തമില്ലാത്ത കൊതുകുപോലെയുള്ളവയുടെ രക്തവും സ്വന്തം ശരീരത്തിലെ ചോരക്കുരു, മുറിവ് മുതലായവയുടെ രക്തവും ചലവും. മുറിവില്‍നിന്ന് ഒലിക്കുന്ന നീരുകളും ഇത് സ്വയംപ്രവൃത്തി മൂലമുണ്ടായതാണെങ്കില്‍ കുറഞ്ഞതു മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. സ്വശരീരത്തില്‍നിന്നുള്ളതല്ലെങ്കില്‍ കുറഞ്ഞത് മാത്രമേ പൊറുക്കപ്പെടുകയുള്ളൂ. ആര്‍ത്തവരക്തം, പ്രസവരക്തം, തരിമൂക്കില്‍നിന്ന് വരുന്ന രക്തം മുതലായവയും കുറഞ്ഞത് പൊറുക്കപ്പെടുന്നതാണ്. കുറഞ്ഞതും കൂടിയതും കണക്കാക്കല്‍ നാട്ടിലെ പതിവനുസരിച്ചാകുന്നു. കുറഞ്ഞതാണോ കൂടിയതാണോ എന്ന് സംശയമാണെങ്കില്‍ കുറഞ്ഞതായിത്തന്നെ കണക്കാക്കുന്നതാണ്. പല്ലിന്റെ മോണ പൊട്ടി രക്തം വന്നവന്‍ വായ കഴുകാതെ നിസ്‌കരിച്ചാല്‍ അവന്‍ ഉമിനീര് ഇറക്കിയിട്ടില്ലെങ്കില്‍ നിസ്‌കാരം ശരിയാകുന്നതാണ്. ആ രക്തം വായില്‍ ഇരിക്കെ പൊറുക്കപ്പെടുന്നതാണെന്നതാണ് കാരണം. നജസാണെന്ന് ഉറപ്പുള്ള വഴിയിലെ ചളിയില്‍നിന്ന് കുറഞ്ഞത് പൊറുക്കപ്പെടും. എന്നാല്‍, നജസ് വേര്‍തിരിഞ്ഞ് കാണുന്നുവെങ്കില്‍ പൊറുക്കപ്പെടുകയില്ല. ഒരു തല നജസിനോടു ബന്ധിച്ച കയറിന്റെ മറ്റേ തല പിടിച്ചവന്റെയും കല്ലുകൊണ്ട് മനോഹരം ചെയ്തവനെയോ മലമൂത്രധ്വാരം ശുദ്ധിയാകാത്ത ജീവിയെയോ ഉള്ളില്‍ രക്തമുള്ള മുട്ടയെയോ ചുമന്നവന്റെ നിസ്‌കാരം സാധുവാകുന്നതല്ല. നിസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവന്റെ ശരീരത്തിലോ വസ്ത്രത്തിലോ പൊറുക്കപ്പെടാത്ത നജസ് കണ്ടവന്, അവനെ ഉണര്‍ത്തല്‍ നിര്‍ബന്ധമാണ്.