അടുക്കളയിലെ കര്‍മശാസ്ത്രം

ഏതൊരു മനുഷ്യരുടെയും വലിയ അഭിലാഷമാണ് തനിക്കും ആശ്രിതര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള വീട് സ്വന്തമായി ഉണ്ടാവുക എന്നത്. ഈ മോഹവും ആവശ്യവും അനിവാര്യവുമാണ്. സൗകര്യമുള്ള വാഹനം, വിശാലമായ വീട്, നല്ല അയല്‍ക്കാര്‍, ദീനീബോധമുള്ള ഭാര്യ എന്നിവ സമ്മേളിച്ചവന്‍ മഹാഭാഗ്യവാനാണെന്നു തിരുനബി(സ) പ്രസ്താവിച്ചിട്ടുണ്ട്. വീട്ടില്‍ ബറക്കത്തും ഐശ്വര്യവും വര്‍ധിച്ചതോതിലുണ്ടാവാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ താഴെ വിവരിക്കുന്നുണ്ട്. വീട് നിര്‍മിക്കുമ്പോള്‍ വിശാലമായതുണ്ടാക്കാം. ഭംഗിക്കു വേണ്ടി കനത്ത വിലയുള്ള മാര്‍ബിള്‍ കല്ലുകളോ ടൈല്‍സുകളോ പതിക്കുക, നല്ലയിനം പെയ്ന്റ് അടിക്കുക എന്നിവയെല്ലാം അനുവദനീയമാണ്. വലിയ വീടുണ്ടാക്കലും അലങ്കാരം നടത്തലും ധൂര്‍ത്തോ, ധനം പാഴാക്കലോ അല്ല. അഹങ്കാരം നടിക്കരുതെന്നുമാത്രം. വലിയ വീട് നിര്‍മിക്കുന്നവര്‍ക്കെതിരേയുള്ള നബി(സ) തങ്ങളുടെ താക്കീത് അഹങ്കാരം നടിക്കുമ്പോഴാണെന്ന് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുല്‍ മുഈന്‍) ഈ ലോകത്തും പരലോകത്തും യാതൊരു ഉപകാരവുമില്ലാതെ ധനം നശിപ്പിക്കുന്നതാണ് ഇളാഅത്തുല്‍ മാല്‍ (സമ്പത്തു പാഴാക്കല്‍) തെറ്റായ കാര്യത്തില്‍ ധനം ചെലവഴിക്കുന്നതാണ് തബ്ദീര്‍ (ധൂര്‍ത്തടിക്കല്‍). ഭൗതികലോകത്ത് പ്രശംസയെയും പരലോകത്ത് പ്രതിഫലവും നല്‍കാത്ത ഒന്നാണ് ഇസ്‌റാഫ് (അമിതമായി ചെലവഴിക്കല്‍). (തുഹ്ഫ: 5/168, നിഹായ 4/351 നോക്കുക.) ബറകത്ത് പ്രധാനമാണ് സുബ്ഹ് സമയത്തുള്ള ഉറക്കം നല്ലതല്ല സുബ്ഹ് നിസ്‌കാരം കഴിഞ്ഞാല്‍ കുറച്ചുനേരം കിടന്നുറങ്ങുന്ന ശീലം പലരിലും കാണാറുണ്ട്. സുബ്ഹ് നിസ്‌കാരശേഷം സൂര്യോദയത്തിനു മുമ്പായി ഉറങ്ങുന്ന ശീലം നാം സത്യവിശ്വാസികള്‍ ഒഴിവാക്കേണ്ടതാണ്. കാരണം, പ്രഭാതശേഷമുള്ള സമയം ബറകത്തുള്ള സമയമാണെന്നും പ്രഭാതത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ബറകത്ത് ഉണ്ടെന്നും നബി(സ്വ) അറിയിച്ചിട്ടുണ്ട്. പ്രഭാത സമയത്ത് ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തല്‍ സുന്നത്താണെന്ന് ഫുഖഹാക്കള്‍ വിവരിച്ചിട്ടുണ്ട്. പ്രസ്തുത സമയത്ത് വീടും വീട്ടുകാരും ഉണര്‍ന്നിരിക്കണം. അതാണ് ഐശ്യര്യം. സ്വഖ്‌രില്‍ ഗാമിദിയ്യില്‍(റ) നിന്ന് നിവേദനം- നബി(സ്വ) പ്രാര്‍ത്ഥിച്ചു: 'അല്ലാഹുവേ, എന്റെ ഉമ്മത്തിന് അവരുടെ പ്രഭാതത്തില്‍ നീ ബറകത്ത് ചൊരിയേണമേ.' (അബൂദാവൂദ്: 2606) നബി(സ്വ)യുടെ പ്രാര്‍ത്ഥനയുടെ ഫലം കിട്ടുന്നത് പ്രഭാതത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്. ഉറങ്ങുമ്പോള്‍ ആ സമയത്തെ ബറകത്ത് നഷ്ടമാകുന്നു. അതുകൊണ്ടുതന്നെ ഈ സമയത്തെ ഫലപ്രദമായി നാം ഉപയോഗിക്കണം. ഈ സമയം അല്ലാഹുവിനെ കുറിച്ചുള്ള ദിക്‌റില്‍ കഴിച്ചുകൂട്ടുകയാണ് ഏറ്റവും ശ്രേഷ്ടതയുള്ളത്. ജാബിറുബ്‌നു അബ്ദില്ല(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: 'ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുകയും അങ്ങനെ അവന്‍ അവന്റെ പ്രവേശന സമയത്തും ആഹരിക്കുന്ന സമയത്തും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താല്‍, (അപ്പോള്‍) പിശാച് പറയും: നിങ്ങള്‍ക്ക് (ഇവിടെ) രാത്രി താമസിക്കാനിടമോ രാത്രിഭക്ഷണമോ ഇല്ല.’(എന്നാല്‍) ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിക്കാതിരുന്നാല്‍ പിശാച് പറയും: നിങ്ങള്‍ക്ക് രാത്രി താമസിക്കാനിടം കിട്ടിയിരിക്കുന്നു.’(ഇനി) ഭക്ഷണം കഴിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ പിശാച് പറയും: നിങ്ങള്‍ക്കു രാത്രി താമസിക്കാനുള്ള ഇടവും രാത്രിഭക്ഷണവും കിട്ടിയിരിക്കുന്നു.'’(മുസ്‌ലിം: 2018) ഒരു ഭക്ഷണത്തളികയില്‍നിന്ന് ഒരുമിച്ചിരുന്ന് ഭക്ഷിക്കുമ്പോള്‍ ആ ഭക്ഷണത്തില്‍ ബറക്കത്ത് ലഭിക്കും. ഒരാളുടെ ഭക്ഷണംകൊണ്ട് രണ്ടാള്‍ക്ക് കഴിക്കാനാകും. രണ്ടാളുടെ ഭക്ഷണം കൊണ്ട് മൂന്നാള്‍ക്ക് കഴിക്കാം. മൂന്നാളുടെ ഭക്ഷണം നാലോ അഞ്ചോ പേര്‍ക്ക് കഴിക്കാം. വഹ്ശിയ്യ് ഇബ്‌നു ഹര്‍ബില്‍(റ) നിന്ന് നിവേദനം: സ്വഹാബികള്‍ ചോദിച്ചു: 'പ്രവാചകരേ, ഞങ്ങള്‍ ഭക്ഷിക്കുന്നു. വയര്‍ നിറയാറില്ല.' നബി(സ്വ) ചോദിച്ചു: 'നിങ്ങള്‍ ഒറ്റക്കാണോ ഭക്ഷിക്കുന്നത്?' അവര്‍ പറഞ്ഞു: 'അതേ.' നബി(സ്വ) പറഞ്ഞു: 'നിങ്ങളുടെ ഭക്ഷണത്തില്‍ നിങ്ങള്‍ ഒന്നിച്ചിരിക്കുകയും നിങ്ങള്‍ ബിസ്മി ചൊല്ലുകയും ചെയ്യുക. എന്നാല്‍, നിങ്ങള്‍ക്കതില്‍ ബക്കര്‍ത്ത് ലഭിക്കും.' (സുനനു ഇബ്‌നുമാജ: 3286) അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: 'നിങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷിക്കുക, നിങ്ങള്‍ വേറിട്ടിരുന്ന് (ഭക്ഷിക്കരുതേ). തീര്‍ച്ചയായും ഒന്നിച്ചിരുന്ന് (ഭക്ഷിക്കുന്നതിലാണ് ബറകത്ത്).' (ഇബ്‌നുമാജ:) അടുക്കള: വൃത്തി അനിവാര്യം വീടും പരിസരവും വൃത്തിയില്‍ കൊണ്ടുനടക്കല്‍ അനിവാര്യമാണ്. നബി(സ്വ) പറയുന്നു: 'അല്ലാഹു നല്ലവനാണ്. അവന്‍ നല്ലത് ഇഷ്ടപ്പെടുന്നു. വൃത്തിയുള്ളവനാണ്. വൃത്തിയെ ഇഷ്ടപ്പെടുന്നു. മാന്യനാണ്. മാന്യത ഇഷ്ടപെടുന്നു. ധര്‍മിഷ്ടനാണ്. ധര്‍മശീലം ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങള്‍ വീടിന്റെ മുറ്റവും പരിസരവും വൃത്തിയായി കൊണ്ടുനടക്കുക.' (ബസ്സാര്‍) വൃത്തിയില്ലായ്മ രോഗങ്ങളുണ്ടാക്കും. രോഗം പകരാതിരിക്കാന്‍ ശുചിത്വം നിലനിര്‍ത്തണം. അതുകൊണ്ടുതന്നെ വീടിന്റെ അടുക്കളയും മറ്റും ശ്രദ്ധിക്കണം. കുട്ടികളുടെ വിസര്‍ജ്യങ്ങള്‍ വേഗം ശുദ്ധിയാക്കണം. ഒന്നും വീട്ടില്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ചപ്പുചവറുകള്‍ ചിതറിയും വിതറിയും വൃത്തികേടായാല്‍ വീടിന്റെ അകം ദുഷിക്കും. അവിടെ പരിശുദ്ധമായിരിക്കണം വീടകത്തെ വൃത്തിയും വീട്ടുകാരുടെ മനശ്ശുദ്ധിയും ഒരുത്തൊരുമിച്ചാല്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ വരും. കാണാന്‍ വീടിന്റെ ഓരോ മുറിയും ഭംഗിയിലാക്കണം. ഖുര്‍ആന്‍ ചോദിക്കുന്നു: 'അല്ലാഹു തന്റെ അടിമകള്‍ക്ക് കൊടുത്ത അലങ്കാരങ്ങളെ വേണ്ടെന്നു വെക്കാന്‍ ആര്‍ക്കുണ്ടവകാശം.' (അല്‍അഅ്‌റാഫ്: 32). നബി(സ)ക്കും ഭംഗി പ്രകടമാക്കുന്നത് ഇഷ്ടമാണ്. ഹദീസില്‍ കാണാം: 'അല്ലാഹു അടിമക്കു നല്‍കിയ അനുഗ്രഹം പ്രകടമായിക്കാണാന്‍ അവന്‍ ഇഷ്ടപ്പെടുന്നു.' നബി(സ) പറഞ്ഞു: 'നിങ്ങള്‍ ജൂതന്മാരെപ്പോലെ വീടിനകത്ത് അടിക്കാട്ട് കൂട്ടിവെക്കരുത്.' (ബസ്സാര്‍). സ്വലാഹുദ്ദീന്‍ എന്ന ആധ്യാത്മിക കാവ്യഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇങ്ങനെ പറഞ്ഞുകാണാം: 'അടിച്ചുകൂട്ടി വീട്ടിനകത്ത് കുന്നുകൂട്ടലും രാത്രി സമയത്ത് വീട് അടിച്ചുവാരലും ദാരിദ്ര്യം വിളിച്ചുവരുത്തും.' വീട്ടിനകത്തെ വൃത്തിയും ശുദ്ധിയും ഇല്ലാതാക്കുന്ന മറ്റൊന്നാണ് ചിലന്തിവലകള്‍. അതു ദാരിദ്ര്യത്തെ ഉണ്ടാക്കും. ചിലന്തിവല നജസാണെന്ന് ചില ഇമാമുകള്‍ പ്രസ്താവിച്ചത് ശ്രദ്ധേയമാണ് (ഫത്ഹുല്‍മുഈനില്‍). നബി(സ്വ) പറയുന്നു: 'എട്ടുകാലി പിശാചാണ്; അതുകൊണ്ട് എട്ടുകാലിയെ നിങ്ങള്‍ കൊല്ലുക.' (ഫൈളുല്‍ ഖദീര്‍) അലി(റ)വില്‍ നിന്നു സഅലബി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'എട്ടുകാലിയുടെ വലയില്‍നിന്ന് നിങ്ങളുടെ ഭവനങ്ങളെ നിങ്ങള്‍ ശുദ്ധിയാക്കുക. കാരണം, അവ നീക്കാതിരിക്കല്‍ ദാരിദ്ര്യത്തെ ഉണ്ടാക്കുന്നതാണ്.' ഇമാം ശൈഖ് സകരിയ്യല്‍ അന്‍സ്വാരി(റ) പ്രസ്താവിക്കുന്നു- ഇമാം ശിഹാബുദ്ദീന്‍ റംലി(റ) വിശദീകരിക്കുന്നു: 'ബുദ്ധിമുട്ടാക്കുന്ന ജീവി എന്നതില്‍ എട്ടുകാലികള്‍ ഉള്‍പ്പെടും. അതിനെ കൊല്ലല്‍ സുന്നത്താണ്. കാരണം, അതു വിശജീവിയാെണന്നു ഡൊക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുത്തപ്പെടേണ്ട ധാരണ പൊതുജനങ്ങളില്‍ കുറേ പേര്‍ എട്ടുകാലിയെ കൊല്ലാന്‍ സമ്മതിക്കില്ല. അതു ഗുഹാമുഖത്ത് കൂടുകൂട്ടി നബി(സ്വ)ക്ക് സംരക്ഷണം നല്‍കിയ ജീവിയാണല്ലോ എന്നാണവര്‍ ന്യായം പറയുന്നത്. ഈ ന്യായപ്രകാരം പ്രാവിനെ അറുക്കാന്‍ പാടില്ലെന്നു വരുമല്ലോ. പ്രാവും ഗുഹാമുഖത്ത് നബി(സ്വ)ക്ക് സംരക്ഷണം നല്‍കിയ ജീവിയാണല്ലോ. എന്നാല്‍, പ്രാവിനെ അറുത്ത് തിന്നാമല്ലോ. (ഹാശിയത്തു റംലി: 1/514) നബി(സ്വ) എട്ടുകാലിയെ പുകഴ്ത്തിപ്പറഞ്ഞിട്ടുള്ള ഒരു ഹദീസ് ഇങ്ങനെ: 'എട്ടുകാലിക്ക് അല്ലാഹു പ്രതിഫലം നല്‍കട്ടെ. കാരണം, അതു ഗുഹയില്‍ എനിക്ക് വലകെട്ടി സംരക്ഷണം നല്‍കിയിട്ടുണ്ട്.' ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തുന്നു: ഗുഹാമുഖത്ത് വലകെട്ടിയ എട്ടുകാലിയെ മാത്രം ഉദ്ദേശിച്ചാണ് നബി(സ്വ) പ്രസ്തുത ഹദീസ് പറഞ്ഞത്. എട്ടുകാലിയെ കൊല്ലല്‍ സുന്നത്തെന്നു പഠിപ്പിച്ചത് എട്ടുകാലി വര്‍ഗം മുഴുവത്തിലുമാണ്.' ( ഫൈളുല്‍ ഖദീര്‍) വീടിനകത്ത് നജസ് വീടിനകത്ത് നജസ് വീഴാനിടയായാല്‍ പെട്ടെന്ന് ഒഴിവാക്കണം. ഇസ്‌ലാം ഗൗരവത്തില്‍ കാണുന്ന അഴുക്കുകളാണത്. അക്കൂട്ടത്തില്‍ കാഷ്ടവും മൂത്രവുമാണ് സാധാരണസ്ഥിതിയില്‍ നമ്മുടെ വീട്ടിനകത്ത് ആകാനിടയുള്ളത്. അതുതന്നെ തൊണ്ണൂറ്റൊമ്പത് ശതമാനവും നമ്മുടെ കുഞ്ഞുങ്ങളുടേത് തന്നെയാകും. അവര്‍ മുതിര്‍ന്നു വരുമ്പോള്‍തന്നെ ഇക്കാര്യത്തിലൊക്കെ ആവശ്യമായ ചിട്ട കൊടുക്കണം. പുറത്തോ തൊടിയിലോ, ശ്രദ്ധയുണ്ടെങ്കില്‍ ബാത്ത്‌റൂമില്‍ തന്നെയോ പോയി ആവശ്യം സാധിക്കാനും സാധിച്ചാല്‍ ആ വിവരം ഉടനെ ഉമ്മയെ അറിയിക്കാനും കുട്ടികളെ പഠിപ്പിക്കണം. ഇല്ലെങ്കില്‍ സമയമാകുമ്പോള്‍ കുട്ടി ഉമ്മയെ വിളിക്കണം. എന്നാല്‍, നമുക്കത് കണ്ടെത്താന്‍ പറ്റും. നല്ലശീലങ്ങള്‍ നമ്മള്‍ കുട്ടിയെ പഠിപ്പിച്ചില്ലെങ്കില്‍ കുട്ടി കുടുംബത്തിലോ അയല്‍പക്കത്തോ ഉള്ള ചീത്ത കുട്ടികളില്‍നിന്ന് പഠിക്കും. അതുവച്ച് കുട്ടി നിങ്ങളെയും പഠിപ്പിക്കും. വീടും പരിസരവും എപ്പോഴും വൃത്തികേടാക്കിക്കൊണ്ടിരിക്കും. പഠിപ്പിക്കേണ്ടത് അപ്പപ്പോള്‍ പഠിപ്പിക്കുന്നതാണ് നല്ല വാത്സല്യം. കുട്ടികളുടെയും മറ്റും മൂത്രം ശുദ്ധീകരിക്കുന്നതില്‍ പല സഹോദരിമാരും വേണ്ടത്ര ബോധവതികളല്ല. മുലപ്പാലല്ലാതെ മറ്റൊരു അന്നവും കഴിക്കാത്ത രണ്ടുവയസ്സെത്താത്ത ആണ്‍കുഞ്ഞിന്റെ മൂത്രമായ സ്ഥലത്ത് മൂത്രത്തെക്കാള്‍ കൂടുതല്‍ വെള്ളം കുടഞ്ഞാല്‍ മതി. മറ്റെല്ലാ നജസുകളും ശുദ്ധിയാവാന്‍ അതിന്റെ മണം, രുചി, നിറം എന്നിവ നീങ്ങുന്നതുവരെ കഴുകുകതന്നെ വേണം. അതേസമയം നിറം, വാസന, രുചി തുടങ്ങിയ ഗുണങ്ങള്‍ ഒന്നും ശേഷിക്കാത്തവിധം മൂത്രമായ സ്ഥലം ഉണങ്ങിപ്പോയിട്ടുണ്ടെങ്കില്‍ ഒറ്റ പ്രാവശ്യം വെള്ളമൊഴിച്ചാല്‍തന്നെ വൃത്തിയായി. എന്നാല്‍, ഈവക നിയമങ്ങള്‍ പാലിക്കാതെയാണ് പലരും ഇതൊക്കെ ചെയ്യാറുള്ളത്. അവര്‍ മൂത്രിച്ച സ്ഥലത്ത് ഒരു ശീല നനച്ച് തുടക്കുന്നു. ഇതുകൊണ്ട് നജസൊന്ന് പരന്നുവെന്നല്ലാതെ മറ്റു ഫലമൊന്നും ഉണ്ടാകാറില്ല. വൃത്തിയുണ്ടാവണമെങ്കില്‍ ആദ്യം മൂത്രം, കാഷ്ടം എന്നിവ ആദ്യം ഒഴിവാക്കണം. ശേഷം വെള്ളം ചൊരിച്ച് കഴുകണം. മടികാരണം ഇതു ചെയ്യാതിരുന്നാല്‍ അറിയാത്ത പല നഷ്ടങ്ങളും വന്നുചേരും. മൂത്രത്തിന്റെയും മറ്റും വാസന, നിറം തുടങ്ങിയവ നീങ്ങിക്കിട്ടാന്‍ സോപ്പ് ഉപയോഗിക്കേണ്ടിവന്നാല്‍ അങ്ങനെ ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ വിധി. മറ്റു ജീവികളുടെ കാഷ്ട മൂത്രാദികള്‍ക്കും ഇതുതന്നെയാണ് നിയമം. ദാരിദ്ര്യം: നാം അറിയേണ്ടത് ദാരിദ്ര്യത്തില്‍നിന്നു കാവല്‍ തേടാന്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ദാരിദ്ര്യം അവിശ്വാസത്തിലേക്കുവരെ എത്തിച്ചേക്കാമെന്നും തിരുവചനത്തിലുണ്ട്. ദാരിദ്ര്യം പലവിധ ചീത്ത ചിന്തയിലേക്കും നയിക്കുമെന്നതാണ് വസ്തുത. നമ്മുടെ ചില പ്രവൃത്തികള്‍കൊണ്ട് ദാരിദ്ര്യം വരാമെന്നും അത്തരം കാര്യങ്ങള്‍ സൂക്ഷിക്കണമെന്നും ഒഴിവാക്കണമെന്നും കര്‍മശാസ്ത്ര പണ്ഡിതര്‍ മതഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. നമ്മുടെ വീട്ടില്‍, ജീവിതത്തില്‍ ബറകത്തുണ്ടാകാന്‍ ദാരിദ്ര്യത്തിനു നിമിത്തമാകുന്ന കാര്യങ്ങള്‍ നാം ഒഴിവാക്കണം. അവ വിവരിക്കാം. 1) വുളൂഇന്റെ വെള്ളം വസ്ത്രത്തലപ്പ് കൊണ്ട് തോര്‍ത്തല്‍. കാരണം കൂടാതെ വുളൂഇന്റെ വെള്ളം തോര്‍ത്തല്‍ കറാഹത്താണ്. 2) അധികമായി ഉറങ്ങല്‍. അസറിനു ശേഷം ഉറങ്ങല്‍ ഭ്രാന്ത് ഉണ്ടാകാന്‍വരെ കാരണമാകുമെന്ന് ഇമാമുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബീബി ആഇശ(റ) പറയുന്നു: 'ആരെങ്കിലും അസറിനു ശേഷം ഉറങ്ങുകയും അങ്ങനെ ബുദ്ധിക്കു വല്ല തകറാറും സംഭവിച്ചാല്‍ അതിനവന്‍ സ്വന്തത്തെതന്നെ കുറ്റംപറയട്ടെ.' (തിബ്ബുന്നബവി: 1/19) ഹാഫിള് ഇബ്‌നുഹജറിനില്‍ അസ്ഖലാനി(റ) പറയുന്നു: 'താബിഈ പ്രമുഖനായ മക്ഹൂല്‍(റ) അസറിനു ശേഷം കിടന്നുറങ്ങുന്ന ഒരാളുടെ അരികിലൂടെ നടക്കാനിടയായി. അയാളെ തട്ടിയുണര്‍ത്തിയ ശേഷം മക്ഹൂല്‍(റ) പറഞ്ഞു- ഇതു പിശാചുക്കള്‍ പുറപ്പെടുന്ന സമയമാണ്. ഈ സമയത്തവര്‍ പരന്നൊഴുകും. മനുഷ്യനെ അവര്‍ അടിച്ചുവീഴ്ത്തുകയും അവരുടെ ബാധയേല്‍ക്കുകയും ചെയ്യും.' 3) പൂര്‍ണ നഗ്‌നനായി ഉറങ്ങല്‍. കാണല്‍ നിഷിദ്ധമായ ഒരാളും ഇല്ലെങ്കില്‍പോലും നഗ്‌നത മറയ്ക്കലാണ് ഉത്തമം. ഹറാമായവര്‍ ഉണ്ടെങ്കില്‍ മറയ്ക്കല്‍ നിര്‍ബന്ധമാണ്. 4) വലിയ അശുദ്ധിയോടെ (ജനാബത്ത്) ഭക്ഷണം കഴിക്കല്‍. 5) ഭക്ഷണ സുപ്രയില്‍ വീണുപോയ ഭക്ഷണം നിസാരമായി തള്ളല്‍. അതു പെറുക്കി തിന്നണം. ഭക്ഷണം കഴിച്ച ശേഷം കൈവിരലുകള്‍ നക്കിത്തുടക്കലും പുണ്യമാണ്. നബി(സ്വ) അങ്ങനെ ചെയ്തിരുന്നു. 6) ഉള്ളിത്തോലുകള്‍ കരിക്കല്‍. 7) രാത്രി വീട് തൂത്തുവാരല്‍ 8) റൂമിനുള്ളില്‍ ചപ്പുചവറുകള്‍ കൂട്ടിയിടല്‍ 9 ) ഗുരുനാഥന്മാര്‍ക്കു മുമ്പില്‍ നടക്കല്‍ 10) മാതാപിതാക്കളുടെ പേരു വിളിക്കല്‍ 11) ചെളിവെള്ളം കൊണ്ട് കൈ കഴുകല്‍ 12 ) നിസ്‌കാരം കാര്യമായി ഗൗനിക്കാതിരിക്കല്‍ 13 ) ശരീരത്തില്‍ ധരിച്ചിരിക്കേ വസ്ത്രം തുന്നല്‍ 14) താമസ സ്ഥലത്തെ മാറാലകള്‍ നീക്കാതിരിക്കല്‍. 15) പള്ളിയില്‍നിന്നു (കാരണം കൂടാതെ) തിടുക്കത്തില്‍ പുറത്തുപോകല്‍ 16 ) അതികാലത്തു തന്നെ (അകാരണമായി) അങ്ങാടിയിലേക്കു പോകല്‍ 17 ) അങ്ങാടിയില്‍നിന്നു വേഗം മടങ്ങാതിരിക്കല്‍ 18 ) പാത്രങ്ങള്‍ കഴുകാതെ വെക്കല്‍. ഭക്ഷണം കഴിച്ചാല്‍ വേഗത്തില്‍ പത്രങ്ങള്‍ കഴുകിവെക്കണം. രാത്രി ഉപയോഗിച്ച പാത്രം കഴുകാതെ ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. 19 ) യാചകരുടെ ഭക്ഷണത്തുട്ടുകള്‍ വാങ്ങിക്കഴിക്കല്‍ 20) വിളക്ക് ഊതിയണക്കല്‍ 21 ) കെട്ടുള്ള പേന കൊണ്ട് എഴുതല്‍ 22 ) പൊട്ടിയ ചീര്‍പ്പ് കൊണ്ട് മുടി ചീകല്‍. ചീര്‍പ്പ് പൊട്ടിയാല്‍ അത് ഒഴിവാക്കുക. 23)മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കല്‍. എല്ലാ ദിവസവും അഞ്ചുതവണ മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. 24) ഇരുന്നു കൊണ്ട് തലപ്പാവ് ധരിക്കല്‍ 25) നിന്നുകൊണ്ട് പാന്റ് ധരിക്കല്‍ 26) ലുബ്ധത കാണിക്കല്‍ 22) പിശുക്കി ചെലവഴിക്കല്‍ 28 ) അമിതമായി ചെലവഴിക്കല്‍ 29 ) തെറ്റു ചെയ്യല്‍. 30 ) വീടിന്റെ ഉമ്മറപ്പടിയില്‍ ഇരിക്കല്‍ 31) പേനിനെ കരിച്ചു കൊല്ലല്‍ 32 ) പേനിനെ ജീവനോടെ ഇടല്‍ 33) കാറ്റിനെ ചീത്ത പറയല്‍ 34) കക്കൂസിലേക്ക് പ്രവേശിക്കുമ്പോള്‍ വലതു കാല്‍ മുന്തിക്കല്‍ 35 ) പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഇടതുകാല്‍ മുന്തിക്കല്‍ 36)‘ഭക്ഷ്യക്ഷാമ വേളയില്‍ ഭക്ഷണധാന്യങ്ങള്‍ പൂഴ്ത്തിവെക്കല്‍ 37) ഭൗതിക ലക്ഷ്യത്തിനു വേണ്ടി ചീത്ത ജനങ്ങളെ പുകഴ്ത്തല്‍ 38) ഭക്ഷണം നീജമായ സ്ഥലത്തേക്ക് വലിച്ചെറിയല്‍ 39) തുണിക്കഷ്ണം കൊണ്ട് അടിച്ചുവാരല്‍ 40) പല്ലു കൊണ്ട് നഖം കടിക്കുക 41) ഉമിക്കരി കൊണ്ട് പല്ല് തേക്കുക 42) കക്കൂസില്‍ വെച്ച് വുളൂ ചെയ്യുക 43) ധരിച്ച വസ്ത്രം കൊണ്ട് മുഖം തോര്‍ത്തുക 44) അളവിലും തൂക്കത്തിലും കൃത്രിമംകാണിക്കുക 45) പുരുഷന്‍ കമഴ്ന്നു കിടക്കല്‍ 46) ആവശ്യക്കാര്‍ക്കു വെള്ളം നല്‍കാതിരിക്കല്‍ 47) രണ്ടുവിരല്‍ കൊണ്ട് ഭക്ഷണം കഴിക്കല്‍ 48) ഔലിയാക്കളെ നിസാരമാക്കല്‍ 49) കവിളുമേല്‍ മുന്‍കൈ താങ്ങി ഇരിക്കല്‍ 50 ) നിസ്‌കാരത്തില്‍ കോട്ടുവായ സംഭവിക്കല്‍ 51) കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കല്‍ 52) പ്രാവിനെ കൂട്ടിലിട്ടു കളിപ്പിക്കല്‍ (ശര്‍വാനി: 1/238, കിതാബു സ്വലാഹുദ്ദീന്‍)