Sunni Afkaar Weekly

Pages

Search

Search Previous Issue

അടുക്കളയിലെ കര്‍മശാസ്ത്രം

എം.എ. ജലീല്‍ സഖാഫി പുല്ലാര
അടുക്കളയിലെ  കര്‍മശാസ്ത്രം

വീടിന്റെ അടുക്കളയും ഭക്ഷണവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. അതിനാല്‍ ആദ്യം ഭക്ഷണത്തെ കുറിച്ചു പറയാം. മനുഷ്യന്റെ ജീവന്‍ നിലനില്‍ക്കാന്‍ ഭക്ഷണപാനീയങ്ങള്‍ അനിവാര്യമാണ്. അതിനുവേണ്ടി അതു കഴിക്കല്‍ നിര്‍ബന്ധവുമാണ്. എന്നാല്‍, ഒരാള്‍ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന പാനീയവും അനുവദനീയമായ സമ്പത്തില്‍നിന്നായിരിക്കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്. അതങ്ങനെയാവുക എന്നതും അതു ശ്രദ്ധിച്ച് ജീവിക്കാന്‍ കഴിയുക എന്നതും ഒരുവലിയ സൗഭാഗ്യമാണ്. അല്ലാഹു പറയുന്നു: 'മനുഷ്യരേ, ഭൂമിയിലുള്ള വസ്തുക്കളില്‍നിന്ന് അനുവദനീയമായതും നല്ലതും നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക.' (അല്‍ബഖറ). ചില ആളുകളുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുന്നതല്ല. അതിന് നബി(സ) പറഞ്ഞ കാരണം ശ്രദ്ധേയമാണ്: 'അവന്റെ ഭക്ഷണവും പാനീയവും അവന്‍ നിഷിദ്ധമായ വിധത്തില്‍ സമ്പാദിച്ചതും അവന്റെ ജീവിതംതന്നെ നിഷിദ്ധതയില്‍ ഊട്ടപ്പെട്ടതുമാണ്. അവന് എങ്ങനെയാണ് ഉത്തരം നല്കുക?' (ബുഖാരി) ഭക്ഷണപാനീയങ്ങളില്‍ ഹലാലും ഹറാമുമുണ്ട്. ഹറാം ഭക്ഷിക്കാതിരിക്കാനും ഹലാലും നല്ലതും മാത്രം ഭക്ഷിക്കാനും നാം തയ്യാറാവണം. അല്ലാഹു പറയുന്നു: 'ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേര് ഉച്ചരിച്ച് അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, കുത്തേറ്റു ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.' (അല്‍ മാഇദ) ഇതുപോലെ, ജീവനുള്ള വസ്തുവില്‍നിന്നും മുറിച്ചെടുത്തതും നിഷിദ്ധംതന്നെ. നബി(സ്വ) പറയുന്നു: 'ജീവനുണ്ടായിരിക്കെ ഒരു മൃഗത്തില്‍നിന്നു മുറിച്ചെടുക്കപ്പെട്ട ഭാഗം ശവമാകുന്നു.' (അബൂദാവൂദ്, തിര്‍മിദി) മാംസാഹാരം നിഷിദ്ധം കടന്നുകൂടാന്‍ ഇന്നു കൂടുതല്‍ സാധ്യതയുള്ളതാണ് മാംസാഹാരം. ലോകെത്ത കോടിക്കണക്കിനു ജനങ്ങള്‍ ജീവിക്കുന്നത് മാംസാഹാരം ഉപയോഗിച്ചാണ്. ആദിമ മനുഷ്യന്‍ ആദംനബി(അ)മിന്റെ പ്രധാന ഭക്ഷണങ്ങളിലൊന്നായി മാംസത്തെ ഇസ്‌ലാമിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭൂമിയില്‍ മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ അനുഗൃഹീത ഭക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാംസം. സ്വര്‍ഗീയ ലോകത്തും പ്രധാന ഭക്ഷണത്തിലൊന്ന് മാംസമാണ്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം മാംസാഹാരം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. മാംസം ഭക്ഷിക്കാനും വിതരണംചെയ്യാനും ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. ഉള്ഹിയ്യത്ത്, അഖീഖത്ത് തുടങ്ങിയവയിലൂടെയും മറ്റുമായി സത്യവിശ്വാസി അതംഗീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണവിഭവങ്ങളിലെ നേതാവായി മാംസത്തെയാണ് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്. ഭക്ഷ്യയോഗ്യമായത് ഭക്ഷ്യയോഗ്യമായ ജീവികളുടെ മാംസം അനുവദനീയമവാന്‍ ഇസ്‌ലാമിക നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് അറുത്തതാവണം. അറവ് സാധുവാകാതിരുന്നാല്‍ അതു ശവമാകുന്നതും ഭക്ഷിക്കല്‍ നിഷിദ്ധമാകുന്നതുമാണ്. ശവം ഭക്ഷിക്കല്‍ നിഷിദ്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കിയതാണ്. ഇക്കാര്യം നാം ഗൗരവത്തോടെ ഓര്‍ക്കേണ്ടതുണ്ട്. അറവിന്റെ കര്‍മശാസ്ത്രം ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരു ജീവി അറുക്കപ്പെട്ടതായി പരിഗണിക്കാന്‍ നാലു നിബന്ധനകള്‍ മേളിച്ചിരിക്കണം. അറവ് എന്ന കര്‍മം, അറുക്കുന്നവന്‍, അറവുജീവി, അറക്കാനുപയോഗിക്കുന്ന ആയുധം എന്നിവയാണവ. അറവു നടത്തുന്നുവെന്ന ഉദ്ദേശ്യം വേണം. ഒരാളുടെ കൈവശമുള്ള കത്തി ജീവിയുടെ കഴുത്തിലേക്കു വീഴുകയും അതുമൂലം ആ ജീവിയുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്താല്‍ അതു ശവമായിട്ടാണ് പരിഗണിക്കുക; ഇസ്‌ലാമിക അറവായി പരിഗണിക്കില്ല. അറവ് എന്ന ഉദ്ദേശ്യമില്ലാത്തതാണ് കാരണം. അറവിനു നിയ്യത്ത് വേണമെന്നല്ല ഈ പറഞ്ഞതിന്റെ ഉദ്ദേശ്യം. അറവിന് ഉപയോഗിക്കുന്ന ആയുധം മൂര്‍ച്ചയുള്ളതാവല്‍ അനിവാര്യമാണ്. എല്ല്, നഖം, പല്ല് എന്നിവ ഒഴികെ മുറിക്കുന്ന മൂര്‍ച്ചയുള്ള എല്ലാ വസ്തുകൊണ്ടും അറവ് നടത്താവുന്നതാണ്. ജീവിയുടെ ദേഹത്ത് തട്ടിയ ആയുധത്തിന്റെ ഭാരം കൊണ്ട് ജീവന്‍ പോയതും അറുക്കുന്നവന്റെ ശക്തി ഉപയോഗിച്ചുകൊണ്ട് (കത്തിയുടെ മൂര്‍ച്ചകൊണ്ടല്ല) ജീവന്‍ നഷ്ടപ്പെട്ടതും ഭക്ഷിക്കാവതല്ല; അതു ശവമാണ്. ശരീഅത്ത് അംഗീകരിച്ച അറവല്ല. അറവ് എങ്ങനെ? ജീവിയുടെ ശ്വാസനാളവും അതിന്റെ താഴെയുള്ള അന്നനാളവും മുഴുവന്‍ മുറിക്കലാണ് അറവ്. ഇവ രണ്ടും മുറിക്കല്‍ നിര്‍ബന്ധമാണ്. കഴുത്തിന്റെ ഇരുഭാഗത്തുമുള്ള രണ്ടു ഞരമ്പുകള്‍ മുറിക്കല്‍ സുന്നത്തുണ്ട്. ജീവന്‍ വേഗത്തില്‍ നഷ്ടപ്പെടാന്‍ അതു സഹായകമാകും. ജീവിയോട് നാം ചെയ്യുന്ന കാരുണ്യമാണത്. കോഴിയെ അറക്കുമ്പോള്‍ അതിന്റെ കഴുത്തില്‍ മുഴച്ചുനില്‍ക്കുന്ന കല്ല(ഹര്‍ഖദത്ത്) തലയുടെ ഭാഗത്താക്കണം. എന്നാല്‍, മാത്രമേ ശ്വാസനാളം മുറിയുകയുള്ളൂ. കല്ല ശ്വാസനാളത്തിന്റെ ഭാഗമായതുകൊണ്ടാണിത്. ഹിര്‍ക്കിദ് എന്നും ഹര്‍ക്കദത്ത് എന്നും പേരുള്ള രണ്ടു ഭാഗങ്ങള്‍ ചങ്കിലും ശ്വാസനാളത്തിലുമായി ഉണ്ട്. നാക്കിന്റെ അടിഭാഗത്തായി ശ്വാസനാളത്തില്‍നിന്നു വായയുടെ ഭാഗത്തേക്ക് പുറപ്പെട്ടുനില്‍ക്കുന്ന ഒന്നാണ് ഹിര്‍ക്കിദ്. ശ്വാസനാളത്തിന്റെ ഭാഗമായി വായയോട് ചേര്‍ന്ന് അല്‍പം പൊങ്ങിനില്‍ക്കുന്ന വട്ടത്തിലുള്ള വസ്തുവാണ് ഹര്‍ഖദത്ത് (കല്ല). ഈ കല്ല ശ്വാസനാളത്തിന്റെ ഭാഗമാണ്. (തുഹ്ഫ: 9/322 നോക്കുക) ഇറച്ചിക്കോഴികള്‍ക്ക് ഇത്തരം ഉയര്‍ന്നുനില്‍ക്കുന്ന കല്ല് കാണാറില്ല. അറുക്കുന്നവന്റെ നിബന്ധന അറുക്കുന്നവന്‍ മുസ്‌ലിമായിരിക്കണം. പുരുഷനും സ്ത്രീക്കും വകതിരിവുള്ള കുട്ടിക്കും അറുക്കാം. അന്ധന്‍ അറുക്കല്‍ കറാഹത്താണ്. മുസ്‌ലിംകള്‍ക്ക് വിവാഹബന്ധം അനുവദനീയമായ ജൂത-ക്രൈസ്തവരില്‍ പെട്ടവര്‍ അറുത്തത് ഭക്ഷ്യയോഗ്യമാണ്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചതാണ്. വിവാഹബന്ധം അനുവദനീയമായ ജൂത-ക്രൈസ്തവരാവണമെന്നത് ശ്രദ്ധേയമാണ്. അതിനുചില നിബന്ധനകള്‍ മേളിക്കണം. അത്തരക്കാരെ ഇന്നു കണ്ടെത്താനാവില്ല. നിബന്ധന ശ്രദ്ധിക്കുക ഇസ്‌റാഈലീ വിഭാഗമാണെങ്കില്‍ അവരുടെ പിതൃ പരമ്പരയിലെ പ്രഥമപുരുഷന്‍ ജൂതമതം സ്വീകരിച്ചത് ആ മതം ദുര്‍ബലപ്പെട്ട ശേഷമാണെന്ന് അറിയപ്പെടാതിരിക്കണം. ഇസ്‌റാഈലി അല്ലെങ്കില്‍ പിതൃപരമ്പരയിലെ പ്രഥമപുരുഷന്‍ തന്റെ മതം സ്വീകരിച്ചത് ആ മതം ദുര്‍ബലപ്പെടുംമുമ്പാണെന്ന് അറിയപ്പെടണം. (ഇആനത്ത്: 2/540) ജീവിയുടെ നിബന്ധന അറുക്കപ്പെടുന്ന ജീവിക്ക് രോഗമില്ലെങ്കില്‍ അറവിന്റെ ആദ്യത്തില്‍ അതിനു സ്ഥിരമായ ജീവനുണ്ടെന്ന ധാരണ ഉണ്ടാവുക. പ്രസ്തുത ജീവന് ഹയാത്തുന്‍ മുസ്തഖിര്‍റത്ത് എന്നു പറയും. ഉപദ്രവകരമായ ചെടി തിന്നതിനാലോ പ്രത്യക്ഷത്തില്‍ ഒരു കാരണവുംകൂടാതെയോ രോഗം പിടിപെട്ട ജീവിയാണെങ്കില്‍ അതിനെ അറുക്കുമ്പോള്‍ ഹയാത്തുല്‍മുസ്തഖിര്‍റത്ത് വേണമെന്നില്ല. അതിന്റെ അവസാന ശ്വാസത്തില്‍ അറുത്താലും മതി. യന്ത്ര അറവ് സാധുവല്ല അറുക്കുന്നവന്‍ ആയുധം നിബന്ധനയോടെ ജീവിയുടെ കഴുത്തില്‍ വെച്ചുകൊണ്ടാകണം അറവ്. യന്ത്രയറവില്‍ അതുണ്ടാകുന്നില്ല. അതില്‍ യന്ത്രയറവ് ഇസ്‌ലാമിക അറവായി പരിഗണിക്കില്ല. സ്വിച്ച് ഇടുന്നവര്‍ മുസ്‌ലിമായാല്‍മതി എന്ന ചിലരുടെ പുതിയ കണ്ടുപിടിത്തം കഴിഞ്ഞകാല പണ്ഡിതര്‍ പറയാത്തതും അടിസ്ഥാനരഹിതവുമാണ്. ഒരു സംഭവം സാര്‍വ്വത്രികമായി എന്നത് അതിന്റെ സാധുതയ്ക്ക് തെളിവല്ല. തികച്ചും അനുവദനീയം എന്നുറപ്പുള്ള ഭക്ഷണം കഴിക്കുക, അല്ലാത്തത് ഉപേക്ഷിക്കുക. അതാണ് സൂക്ഷ്മതയുള്ളവരുടെ അടയാളം. ധൂര്‍ത്ത് ഭക്ഷണകാര്യത്തിലും മറ്റും ധൂര്‍ത്ത് പാടില്ല. ധൂര്‍ത്തല്ലാത്തതിന് ധൂര്‍ത്ത് എന്നു വിധിയെഴുതാനും പാടില്ല. തെറ്റായ കാര്യങ്ങളില്‍ സമ്പത്ത് ചെലവഴിക്കലാണ് ധൂര്‍ത്ത്. തെറ്റായ കാര്യത്തില്‍ ആരെങ്കിലും ഒരു ദിര്‍ഹം ചെലവഴിച്ചാല്‍തന്നെ അവന്‍ ധൂര്‍ത്തടിച്ചവനാണ്. (റാസി: 20/135) സ്വദഖകള്‍, ഖൈറായ മറ്റു മാര്‍ഗങ്ങള്‍,‘ഭക്ഷണം, വസ്ത്രം എന്നിവയില്‍ ധനം ചെലവഴിക്കല്‍ ധൂര്‍ത്തല്ല. ഇമാം ഇബ്‌നുഹജര്‍(റ) പ്രസ്താവിക്കുന്നു: 'ഒരാളുടെ നിലയ്ക്കും അവസ്ഥയ്ക്കും മീതയായ രീതിയില്‍ ഭക്ഷണം, വസ്ത്രം, ഖൈറായ മാര്‍ഗം എന്നിവയില്‍ ധനം ചെലവഴിക്കല്‍ ധൂര്‍ത്തല്ല.' (തുഹ്ഫ: 5/167,168) വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍ നല്‍കുന്നത് പുണ്യാര്‍ഹമാണ്. എന്നാല്‍, വീട്ടാന്‍ വ്യക്തമായ മാര്‍ഗം കാണാതെ കടം വാങ്ങി ഇവ ചെയ്യാവതല്ല. അതു തെറ്റാണ്. (തുഹ്ഫ: 3/34) ഒരാള്‍ സ്വന്തം കാര്യത്തില്‍ ഭക്ഷണപാനീയങ്ങളില്‍ വിശാലതചെയ്യാതിരിക്കലാണ് സുന്നത്ത്. (തുഹ്ഫ: 3/34, ജമല്‍: 2/88) വിശേഷ ദിന ഭക്ഷണം പെരുന്നാള്‍, ബറാഅത്ത് രാവ്, മുഹര്‍റം പത്ത് പോലെയുള്ള വിശേഷ ദിനങ്ങളില്‍ പായസം, മറ്റു പലഹാരം എന്നിവ ഉണ്ടാക്കുന്ന പതിവ് ചില നാടുകളില്‍ ഉണ്ട്. അതിനെ നമ്മുടെ കര്‍മശാസ്ത്ര പണ്ഡിതര്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ കറിയോടുകൂടെ പഴവര്‍ഗംകൂടി നല്‍കുന്ന പതിവ് നാട്ടിലുണ്ടെങ്കില്‍ കറിയോടൊപ്പം പഴ വര്‍ഗംകൂടി ഭര്‍ത്താവ് ഭാര്യക്ക് നല്‍കല്‍ നിര്‍ബന്ധമാണെന്ന മസ്അല വിവരിച്ചുകൊണ്ട് ഇമാം സുലൈമാനുല്‍ ജമല്‍(റ) വിവരിക്കുന്നു: 'പെരുന്നാള്‍ ദിനം, ബറാഅത്ത് രാവ്, മുഹര്‍റം പത്ത് തുടങ്ങിയ ദിനങ്ങളില്‍ പതിവുള്ള മധുരപലഹാരം, മറ്റു വിഭവങ്ങള്‍ ഭര്‍ത്താവ് അവന്റെ ആവത് അനുസരിച്ച് ഭാര്യയ്ക്ക് നല്‍കലും നിര്‍ബന്ധമാണ്.' (ഹാശിയത്തുല്‍ജമല്‍: 4/490) ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഭക്ഷണം കഴിക്കുമ്പോള്‍ നല്ലകാര്യങ്ങള്‍ സംസാരിക്കല്‍ സുന്നത്താണ്. ഇക്കാര്യം നമ്മുടെ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പഠിപ്പിച്ചിട്ടുണ്ട്. (ശര്‍വാനി: 9/379) ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുടെ വായയില്‍ ഭക്ഷണമുണ്ടെങ്കില്‍ അവനോട് സലാം പറയല്‍ സുന്നത്തില്ല. വിഴുങ്ങിയ ശേഷം രണ്ടാമത് ഭക്ഷണം വായയില്‍ വെക്കുന്നതിനു മുമ്പ് സലാം പറയല്‍ സുന്നത്തും മടക്കല്‍ നിര്‍ബന്ധവുമാണ്. (തുഹ്ഫ: ശര്‍വാനി) ഭക്ഷണം കഴിക്കുമ്പോള്‍ ഇരു പാദങ്ങളുടെയും മുകള്‍ഭാഗം നിലത്തുവെച്ച് കാല്‍മുട്ടുകള്‍ മടക്കി ഇരിക്കുകയോ വലതുകാല്‍ നാട്ടി വെച്ച് ഇടതു പാദത്തിന്‍മേല്‍ ഇരിക്കുകയോ ചെയ്യാം. ഇതാണ് സുന്നത്തായ രീതി. പഴവര്‍ഗങ്ങള്‍ ഒഴികെയുള്ളവ ചാരിയിരുന്നോ ചെരിഞ്ഞുകിടന്നോ ഭക്ഷിക്കല്‍ കറാഹത്താണ്. (ഫത്ഹുല്‍ മുഈന്‍) ഇന്ന് ആധുനിക സൗകര്യങ്ങള്‍ വന്നപ്പോള്‍ ഈ സുന്നത്ത് പലര്‍ക്കും നഷ്ടപ്പെട്ടു. ഭക്ഷണ മര്യാദകള്‍ ബിസ്മി കൊണ്ട് ആരംഭിക്കുക ആഇശ(റ) നിവേദനം- നബി(സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാല്‍, അവന്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കട്ടെ. ഇനിയവന്‍ തുടക്കത്തില്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാന്‍ മറന്നാല്‍ അവനിങ്ങനെ പറയട്ടെ, ആദ്യത്തിലും അന്ത്യത്തിലും അല്ലാഹുവിന്റെ നാമംകൊണ്ട് ഞാന്‍ തുടങ്ങുന്നു.' (ബിസ്മില്ലാഹി അവ്വലഹു വ ആഖിറഹു- അബൂദാവൂദ്: 3769). അബ്ദുല്ലാഹിബ്‌നു മസ്ഊദ് നിവേദനം ചെയ്യുന്നു- റസൂല്‍(സ) പറഞ്ഞു: 'ആരെങ്കിലും ഭക്ഷണം കഴിക്കുന്നതിന്റെ ആദ്യത്തില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കാന്‍ മറന്നുപോയാല്‍ അതിന്റെ ആദ്യത്തിലും അന്ത്യത്തിലും അല്ലാഹുവിന്റെ നാമംകൊണ്ട് എന്ന് പറയട്ടെ. നിശ്ചയം അതു ഭക്ഷണം പുതുതായി കഴിക്കുന്നതുപോലെയാണ്. അതു ഭക്ഷണത്തില്‍ പറ്റിയ മ്ലേച്ഛതകളെ തടയുന്നു.' (ഇബ്‌നുഹിബ്ബാന്‍: 5213) അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അവസാനിപ്പിക്കുക സഹ്‌ലുബ്‌നു മുആദുബ്‌നു അനസ് തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു- നബി(സ) പറഞ്ഞു: 'ആരെങ്കിലും ഭക്ഷണംകഴിച്ച ശേഷം (എന്നെ ഈ ഭക്ഷണം ഭക്ഷിപ്പിക്കുകയും എന്റെ ഒരു കഴിവുമില്ലാതെ എനിക്കിത് നല്‍കുകയും ചെയ്ത അല്ലാഹുവിന് സര്‍വസ്തുതിയും) എന്ന് പറയുകയാണെങ്കില്‍, അവന്റെ മുന്‍കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.' (തിര്‍മിദി: 3792) വലതു കൈ കൊണ്ട് കഴിക്കുക ചെറിയ അളവില്‍ എടുത്ത് കഴിക്കുക. നന്നായി ചവച്ചരച്ച് തിന്നുക. പാത്രത്തിന്റെ മധ്യത്തില്‍നിന്ന് കഴിക്കാതിരിക്കുക. അറ്റത്തുനിന്ന് മാത്രം കഴിക്കുക. ഉമറുബ്‌നു അബീസലമയോട് റസൂലുല്ലാഹി(സ) പറഞ്ഞു: 'മോനേ, ബിസ്മി ചൊല്ലുക. വലതുകൈകൊണ്ട് ഭക്ഷിക്കുക. നിന്റെ അടുത്ത ഭാഗത്തുനിന്ന് ഭക്ഷിക്കുക.' (ബുഖാരി: 5366) അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്നു- നബി(സ) പറഞ്ഞു: 'വലത് കൊണ്ട് തിന്നുക, വലത് കൊണ്ട് കുടിക്കുക, വലതുകൊണ്ട് എടുക്കുക, വലതുകൊണ്ട് കൊടുക്കുക. നിശ്ചയം, ശൈത്വാനാണ് ഇടതുകൊണ്ട് തിന്നുകയും കുടിക്കുകയും കൊടുക്കുകയും എടുക്കുകയും ചെയ്യുക.' (ഇബ്‌നുമാജ: 3266) അബ്ദുല്ലാഹിബ്‌നു ഉമര്‍ നിവേദനം ചെയ്യുന്നു- റസൂല്‍(സ്വ) പറഞ്ഞു: 'നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ വലതുകൈ കൊണ്ട് കഴിക്കുക. കുടിക്കുകയാണെങ്കിലും വലതുകൈ കൊണ്ട് കുടിക്കുക. നിശ്ചയം, ശൈത്വാന്‍ ഇടതുകൊണ്ട് കഴിക്കുകയും കുടിക്കുകയും ചെയ്യുന്നു.' (മുസ്‌ലിം: 5884) നന്നായി ചവച്ച് കഴിക്കുക പാത്രം കഴുകുന്നതിനു മുമ്പായി നന്നായി വടിച്ച് വൃത്തിയാക്കുക. ജാബിര്‍(റ) നിവേദനം ചെയ്യുന്നു: 'നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാല്‍ തന്റെ വിരലുകള്‍ നാവുകൊണ്ട് വടിച്ച് വൃത്തിയാക്കുന്നതിനു മുമ്പോ, വൃത്തിയാക്കപ്പെടുന്നതിനു മുമ്പോ തുടച്ചുകളയരുത്. തീര്‍ച്ചയായും അവനറിയില്ല, അവന്റെ ഏതു ഭക്ഷണത്തിലാണ് ബറകത്തുള്ളതെന്ന്.'’(അഹ്മദ്: 14221) ഭക്ഷണത്തില്‍നിന്ന് എന്തെങ്കിലും വീണുപോയാല്‍ അതിലെ കേട് നീക്കംചെയ്ത് ഭക്ഷിക്കുക. ജാബിര്‍(റ) നിവേദനം ചെയ്യുന്നു- നബി(സ) പറഞ്ഞു: 'നിങ്ങളിലൊരാളുടെ ഭക്ഷണസാധനം വല്ലതും താഴെ വീണുപോയാല്‍, അതിലെ ഉപദ്രവം നീക്കി അവനത് കഴിക്കട്ടെ. ശൈത്വാനു വേണ്ടി അവനത് ബാക്കിയാക്കാതിരിക്കട്ടെ. അവന്‍ തന്റെ വിരലുകള്‍ വടിച്ച് വൃത്തിയാക്കുന്നതിനു മുമ്പോ, വൃത്തിയാക്കപ്പെടുന്നതിനു മുമ്പോ തുടച്ചുകളയരുത്. തീര്‍ച്ചയായും അവനറിയില്ല, അവന്റെ ഏതു ഭക്ഷണത്തിലാണ് ബറകത്തുള്ളതെന്ന്.' (മുസ്‌ലിം: 5421) ഭക്ഷണത്തില്‍ ഊതാതിരിക്കുക ചൂട് കൊണ്ട് കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തണുക്കുന്നതുവരെ തിന്നാതിരിക്കുക. കുടിക്കുന്ന സമയം വെള്ളത്തില്‍ ഊതാതിരിക്കുക. പാത്രത്തിനു വെളിയില്‍ ശ്വാസംവിടുക. ഭക്ഷണത്തിലോ പാനീയത്തിലോ ഊതാന്‍ പോയിട്ട് പാത്രത്തില്‍ ശ്വാസോഛ്വാസം ചെയ്യാന്‍പോലും പാടില്ല എന്നാണ് പ്രവാചകന്റെ നിര്‍ദേശം. അങ്ങനെ ചെയ്യുന്നത് അവിടുന്ന് ശക്തമായി വിലക്കിയിട്ടുണ്ട്. ഒരാള്‍ സ്വയം കഴിക്കുന്ന ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും കാര്യമാണ് ഇപ്പറഞ്ഞത്. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ക്ക് വിളമ്പുന്നവയുടെ കാര്യം പറയാനുണ്ടോ! ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'ഭക്ഷണത്തിലോ വെള്ളത്തിലോ ഊതുന്ന പതിവ് റസൂലി(സ)ന് ഉണ്ടായിരുന്നില്ല. ഭക്ഷണപാത്രത്തിലേക്ക് ശ്വാസം വിടുകയും ചെയ്തിരുന്നില്ല.' (ഇബ്‌നുമാജ: 3288) ഇതിന്റെ വിശദീകരണത്തില്‍ ഇമാം മുനാവി പറയുന്നു: 'ചൂടു കൊണ്ടാണ് ഊതേണ്ടിവരുന്നതെങ്കില്‍ ചൂടാറുംവരെ ക്ഷമിക്കുകയാണു വേണ്ടത്. ഇനി വല്ല കരടും കണ്ടിട്ടാണെങ്കില്‍ അത് വിരല്‍തുമ്പു കൊണ്ടോ കോലുകൊണ്ടോ എടുത്തുകളയുകയാണ് വേണ്ടത്. അല്ലാതെ ഊതേണ്ട കാര്യമില്ല. കാരണം, അതു പാനീയത്തിന്റെ ശുദ്ധസ്വഭാവം മാറ്റും, അതു ഭക്ഷണം കഴിച്ചതുകൊണ്ടുണ്ടായ വായയുടെ മാറ്റം കാരണമാകാം, ദന്തശുദ്ധിവരുത്താത്തതുകൊണ്ടാകാം, അതല്ലെങ്കില്‍ ആമാശയത്തില്‍നിന്നുള്ള ഗ്യാസ് മേല്‍പ്പോട്ടുയരുന്നതു കാരണമാകാം.' (ഫൈളുല്‍ഖദീര്‍: 6924) അതുകൊണ്ടാണ് ഭക്ഷണപാനീയ മര്യാദകളുടെ കൂട്ടത്തില്‍ കുടിക്കുന്ന സമയം വെള്ളത്തില്‍ ഊതാതിരിക്കുക, പാത്രത്തിനുവെളിയില്‍ ശ്വസിക്കുക എന്നൊക്കെ നബിതിരുമേനി(സ്വ) പഠിപ്പിച്ചത്. അബ്ദുല്ലാഹിബ്‌നു അബീഖതാദ(റ) തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു- നബി(സ്വ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും വെള്ളം കുടിക്കുകയാണെങ്കില്‍ പാനപാത്രത്തില്‍ ഊതരുത്. മൂത്രമൊഴിക്കുകയാണെങ്കില്‍ വലതുകൈ കൊണ്ട് തന്റെ ലിംഗം സ്പര്‍ശിക്കരുത്. ശൗച്യം ചെയ്യുകയാണെങ്കില്‍ വലതുകൈ കൊണ്ട് വൃത്തിയാക്കരുത്.' (ബുഖാരി: 5630) അനസ്(റ) പറയുന്നു: 'നബി(സ്വ) വെള്ളം കുടിക്കുമ്പോള്‍ മൂന്നു പ്രാവശ്യമായി കുടിക്കും. എന്നിട്ടിങ്ങനെ പറയും- ഈ രീതിയാണ് ദാഹത്തിനു ശമനവും മുക്തിയും നല്‍കുക. ഇതാണ് മാന്യന്മാരുടെ രീതി.' അനസ്(റ) പറയുന്നു: 'ഞാന്‍ പാനംചെയ്യുമ്പോള്‍ മൂന്നു പ്രാവശ്യം ശ്വാസംവിടാറുണ്ട്.' (മുസ്‌ലിം: 5406) അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: 'തീര്‍ച്ചയായും നബി(സ്വ) കുടിക്കുന്ന വെള്ളത്തില്‍ ഊതുന്നത് നിരോധിച്ചിരിക്കുന്നു.' (തിര്‍മിദി: 2008) ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'പാത്രത്തില്‍ ശ്വസിക്കുന്നതും ഊതുന്നതും നബി(സ്വ) വിലക്കിയിട്ടുണ്ട്.' (തിര്‍മിദി: 2009) അബൂസഈദില്‍ ഖുദ്‌രിയ്യില്‍നിന്ന് നിവേദനം: 'പാനീയത്തില്‍ ഊതുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു. ഒരാള്‍ ചോദിച്ചു: 'പാത്രത്തില്‍ കരട് കണ്ടാലോ?' അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അത് ഒഴിച്ചുകളയുക.' (തിര്‍മിദി: 2008) ഇരിക്കുന്നവരില്‍ വലതുഭാഗത്ത് ഇരിക്കുന്നവരെ മുന്തിക്കുക. ഏറ്റവും ഒടുവില്‍ മാത്രം അവന്‍ കുടിക്കുക. അനസുബ്‌നു മാലിക് നിവേദനം ചെയ്യുന്നു- 'റസൂലി(സ)ന്റെ അടുക്കലേക്ക് വെള്ളം ചേര്‍ത്ത പാല്‍ കൊണ്ടുവന്നു. അവിടുത്തെ വലതുഭാഗത്ത് ഒരു ഗ്രാമീണനും വലതുഭാഗത്ത് അബൂബക്‌റു (റ) മായിരുന്നു. അവിടുന്ന് ഗ്രാമീണന് പാല്‍ കൊടുത്ത ശേഷം പറഞ്ഞു: ആദ്യം വലതുവശത്തിരിക്കുന്നവന്‍, പിന്നീട് അതിനടുത്തുള്ളവര്‍.' (മുസ്‌ലിം: 5408) തന്റെ വലതുവശത്തിരുന്ന ഇബ്‌നുഅബ്ബാസ്(റ)നോട് അനുവാദം ചോദിച്ച ശേഷം റസൂല്‍(സ) തന്റെ ഇടതു ഭാഗത്തുള്ള മുതിര്‍ന്ന ആളുകള്‍ക്ക് വെള്ളം കൊടുക്കുകയുണ്ടായി. അതിനു കാരണം, ഇരിക്കുന്നവരില്‍ ആദ്യം ഭക്ഷണപാനീയങ്ങള്‍ക്ക് അര്‍ഹന്‍ വലതു വശത്ത് ഇരിക്കുന്നവനാണ് എന്നതാണ്. അബ്ദുല്ലാഹിബ്‌നു അബീ ഔഫ് നിവേദനം ചെയ്യുന്നു- നബി(സ്വ) പറഞ്ഞു: 'ഒരു കൂട്ടര്‍ക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നവന്‍ അവരില്‍ ഏറ്റവും ഒടുവിലായിരിക്കണം കുടിക്കുന്നത്.' (അബൂദാവൂദ്: 3727) സുഹൃത്തിനെയോ അതിഥിയെയോ ഭക്ഷിക്കൂ, കഴിച്ചോളൂ തുടങ്ങിയ വാക്കുകള്‍കൊണ്ട് ബുദ്ധിമുട്ടിക്കാതിരിക്കുക. പകരം, മടിക്കാതെ അയാളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക. ഇല്ലെങ്കില്‍ അതൊരുപക്ഷേ അതിഥിക്ക് പ്രയാസം സൃഷ്ടിച്ചേക്കാം. ബിസ്മി കൊണ്ട് തുടക്കം ഏതു നല്ല കാര്യത്തിന്റെയും തുടക്കത്തില്‍ ബിസ്മി ചൊല്ലല്‍ സുന്നത്താണ്. പാത്രങ്ങള്‍ അടച്ചുവെക്കുമ്പോള്‍ ബിസ്മി ചൊല്ലണം. ഇല്ലെങ്കില്‍ ഒരു കൊള്ളിക്കഷ്‌നം വിലങ്ങനെ വെക്കണം. ഉറങ്ങാന്‍ നേരത്ത് വിളക്ക് കെടുത്തണം. (ഫത്ഹുല്‍മുഈന്‍) പാല്‍ കുടിക്കുമ്പോള്‍ മറ്റു പാനീയം കുടിക്കുംപോലെ മൂന്നു മുറുക്കായി കുടിക്കല്‍ സുന്നത്തില്ല. മറിച്ച് ഒരുമിച്ചു കുടിക്കലാണ് സുന്നത്ത്. അനുവദനീയമായ ഭക്ഷണം കഴിക്കുമ്പോഴാണ് ബിസ്മി ചൊല്ലല്‍ സുന്നത്തുള്ളത്. ഹറാമായ ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലല്‍ ഹറാമാണ്. മാത്രമല്ല, അതു മതത്തില്‍നിന്ന് പുറത്തുപോകുന്ന കാര്യമാണ്. ഭക്ഷണം കഴിച്ച ശേഷം അല്‍ ഹംദുലില്ലാഹി അലാകുല്ലി ഹാല്‍ എന്നു പറയലാണ് ഏറ്റവും പുണ്യം.