ഉദാഹരണങ്ങളുടെ ഉദാത്ത ഉള്ളടക്കങ്ങള്‍

മനുഷ്യജീവിതത്തിനു വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനവും വിശദീകരണവുമായ തിരുസുന്നത്തും പലപ്പോഴും ഉദാഹരണമായി ഉദ്ധരിക്കുന്നത് സസ്യങ്ങളെയാണ്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു; താനൊന്നിച്ചുള്ളവര്‍ നിഷേധികളോട് കര്‍ക്കശമായി വര്‍ത്തിക്കുന്നവരും അവര്‍ പരസ്പരം കാരുണ്യമുള്ളവരുമാണ്.' അല്ലാഹുവിന്റെ ഔദാര്യവും സംതൃപ്തിയുമര്‍ത്ഥിച്ചുകൊണ്ട്, കുനിഞ്ഞും സാഷ്ടാംഗം നമിച്ചും സുജൂദിന്റെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്-നിസ്‌കരിക്കുന്നതായി താങ്കള്‍ക്കു കാണാം. തൗറാത്തില്‍ ഇപ്രകാരമാണ് അവരുടെ വിശേഷണം. ഇഞ്ചീലില്‍ അവരുടെ ഉപമ ഇങ്ങനെയത്രെ: 'പുഷ്ടിപ്പെട്ട്, കരുത്തു നേടി കൂമ്പ് വെളിപ്പെടുത്തിയ ഒരു കൃഷി. കര്‍ഷകരെ സന്തുഷ്ടരാക്കുംവിധം തണ്ടിന്മേല്‍ അതു നിവര്‍ന്നു നിലകൊണ്ടു. സത്യവിശ്വാസികളെ ഇവ്വിധമാക്കിയത് നിഷേധികളെ രോഷാകുലരാക്കാനാണ്. അവരില്‍നിന്ന് സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.' (സൂറത്തുല്‍ ഫത്ഹ്: 29) ഇഞ്ചീലില്‍ വിശ്വാസിയുടെ ഉദാഹരണം ഇതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുമ്പോള്‍, എങ്കില്‍ ക്രൈസ്തവരുടെ കൈയില്‍ ഇപ്പോള്‍ ഉള്ള ഇഞ്ചീലില്‍ ഉണ്ടോ എന്ന് പരതുന്നത് സ്വാഭാവിക ജിജ്ഞാനം മാത്രമാണ്. അങ്ങനെ പരതുമ്പോള്‍ നമുക്ക് ഇതിനു സമാനമായ ഉദാഹരണം ഇപ്പോള്‍ അവരുടെ കയ്യിലുള്ള ഗ്രന്ഥത്തില്‍ കാണാനാവും. അതു മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെ പറയുന്നു: 'മറ്റൊരു ഉപമ അവന്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു: സ്വര്‍ഗരാജ്യം കടുകുമണിയോടു സദൃശ്യം; അത് ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു. അത് എല്ലാ വിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്ന് അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍തക്കവണ്ണം വൃക്ഷമായിത്തീരുന്നു. അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു: 'സ്വര്‍ഗരാജ്യം പുളിച്ച മാവിനോടു സദൃശ്യം; അതൊരു സ്ത്രീ എടുത്തു മൂന്നു പറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.' 'ഇതൊക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല.' (മത്തായി: 13/31,34) മാര്‍ക്കോസ് എഴുതിയ സുവിശേഷത്തിലും ഈ ആശയത്തിനു സമാനമായ വചനങ്ങള്‍ കാണാം. അതിങ്ങനെയാണ്: 'പിന്നെ അവന്‍ പറഞ്ഞത്, ദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തെറിഞ്ഞ ശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റുമിരിക്കെ അവന്‍ അറിയാതെ വിത്തു മുളച്ചുവളരുന്നതുപോലെയാകുന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരില്‍ നിറഞ്ഞ മണിയും -ഇങ്ങനെ വിളയുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ട് അവന്‍ ഉടനെ അരിവാള്‍ വെക്കുന്നു. പിന്നെ അവന്‍ പറഞ്ഞത്, ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏത് ഉപമയാല്‍ അതിനെ വര്‍ണിക്കേണ്ടൂ? അത് കടുകുമണിയോടു സദൃശ്യം; അതിനെ മണ്ണില്‍ വിതക്കുമ്പോള്‍ ഭൂമിയിലെ എല്ലാ വിത്തിലും ചെറിയത്. എങ്കിലും വിതച്ചശേഷം വളര്‍ന്നു, സകല സസ്യങ്ങളിലും വലുതായിത്തീര്‍ന്നു. ആകാശത്തിലെ പക്ഷികള്‍ അതിന്റെ നിഴലില്‍ വസിപ്പാന്‍തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. അവന്‍ ഇങ്ങനെ പല ഉപമകളാല്‍ അവര്‍ക്ക് കേള്‍പ്പാന്‍ കഴിയുംപോലെ അവരോട് വചനം പറഞ്ഞുപോന്നു. (മാര്‍ക്കോസ്: 4:26-33). നമ്മുടെ ചര്‍ച്ചയിലേക്കു കടക്കുന്നതിനു മുമ്പ് മറ്റൊരു ഖുര്‍ആനിക കൗതുകംകൂടി കാണുവാനാണ് ബൈബിളിലെ ഈ ഉദ്ധരണികള്‍ ഉദ്ധരിച്ചത്. ഇഞ്ചീലില്‍ ആ ഉദാഹരണം പറഞ്ഞിട്ടുണ്ട് എന്നത് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഇഞ്ചീലില്‍ അവര്‍ ധാരാളം കടത്തിക്കൂട്ടലുകള്‍ നടത്തിയിട്ടുണ്ട് എന്നത് അവിതര്‍ക്കിതമാണ്. അതു നാം സലക്ഷ്യം തെളിയിക്കുന്നതുമാണ്. പക്ഷേ, എന്നിട്ടും ഖുര്‍ആന്‍ പറഞ്ഞതുപോലെത്തന്നെ ഇഞ്ചീലില്‍ അതുണ്ട്, പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതു കാണുമ്പോള്‍ അതിലും ഖുര്‍ആന്‍ പരാമര്‍ശം ശരിയാണെന്ന ബോധ്യം നമുക്കുണ്ടാകുന്നു. ഈ ഉപമയിലെ കൃഷി മുഹമ്മദ് നബി(സ്വ) ആകുന്നു. പുഷ്ടിപ്പെട്ട് കരുത്തു നേടിയ കൂമ്പ് സ്വഹാബികളാണ്. സ്വന്തം കാലിലവര്‍ നിവര്‍ന്നുനിന്ന് അന്തസ്സാര്‍ന്നവരായി എന്നാണ് ഇതിന്റെ വ്യാഖ്യാനമെന്നു പല തഫ്‌സീറുകളും പറയുന്നുണ്ട്. എന്നാല്‍, ഈ സൂക്തത്തിന്റെ ഉള്ളടക്കത്തില്‍ വലിയ ആശയങ്ങള്‍ അടങ്ങിയിട്ടുണ്ട്. സത്യത്തില്‍, ഈ ഭൂമിയില്‍ മനുഷ്യ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയത്വം കുടികൊള്ളുന്നത് സസ്യങ്ങള്‍ക്കുമേലാണ്. മനുഷ്യശരീരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം ആശ്രയിക്കുന്നതാകട്ടെ സത്യവിശ്വാസത്തെയുമാണ്. അഥവാ, ഭൂമി അതിന്റെ നിലനില്‍പ്പിനായി ആശ്രയിക്കുന്നത് സസ്യങ്ങളെയാണ്. മനുഷ്യന്റെ ശരീരവും മനസ്സുമാവട്ടെ നിലനില്‍പിനായി ആശ്രയിക്കുന്നത് സത്യവിശ്വാസത്തെയുമാണ്. അതുകൊണ്ടാണ് വിശ്വാസികളെയും സസ്യലതാദികളെയും ഉദാഹരണംവഴി അല്ലാഹുവും അല്ലാഹുവിന്റെ റസൂലും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. സസ്യങ്ങള്‍ സത്യത്തില്‍ ഭൂമിക്കു നല്‍കുന്നത് ജീവന്‍തന്നെയാണ്. സസ്യങ്ങള്‍ ഇല്ലെങ്കില്‍ ഭൂമിയില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പോലും ഭൂമിക്ക് ജീവനുണ്ടാവില്ല. കാരണം, സൂര്യനില്‍നിന്ന് പ്രപഞ്ചത്തിലേക്കു വര്‍ഷിക്കപ്പെടുന്ന ഊര്‍ജ്ജത്തെ മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ട ഭക്ഷ്യങ്ങളും ഊര്‍ജ്ജങ്ങളും അവശ്യഘടകങ്ങളുമാക്കി മാറ്റുന്നത് സസ്യങ്ങള്‍വഴിയാണ്. രവീഹീ ൃീുഹമേെ എന്ന പ്രകാശ സംശ്ലേഷണത്തിനു സഹായിക്കുന്ന സസ്യ ഘടകമാണ് അതിനു പ്രവര്‍ത്തിക്കുന്നത്. മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനുള്ള ആധാരമായ ഈ ഘടകങ്ങളെല്ലാം സസ്യങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ടാണ് സസ്യങ്ങളില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യന്റെ ജീവിതം നിലനില്‍പ്പ് ക്ലേശകരമാകുമെന്ന് പറയുന്നത്. ഇപ്രകാരംതന്നെയാണ് വിശ്വാസിയും. മനുഷ്യന്റെ ജീവിതത്തിന്റെയും നിലനില്‍പിന്റെയും യഥാര്‍ഥ രഹസ്യം വിശ്വാസമാണ്. ജീവന്‍ എന്ന വെള്ളമുണ്ടായാലും വിശ്വാസമെന്ന സസ്യമില്ലെങ്കില്‍ സമാധാന ഭദ്രമായ നിലനില്‍പ്പ് പ്രയാസമാണ്. വിശ്വാസമാണ് സസ്യങ്ങള്‍ ചെയ്യുന്നതു പോലെ പ്രപഞ്ചത്തിലെ മനുഷ്യജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത്. സ്‌നേഹം, കരുണ, ദയ, ആര്‍ദ്രത, വിട്ടുവീഴ്ച തുടങ്ങിയവയെല്ലാം വരുന്ന വഴി വിശ്വാസമാണ്. ശരിയായ, സത്യസന്ധമായ വിശ്വാസം ഇല്ലാതെയാകുമ്പോള്‍ ഈ ഭൂമി ഒരു യുദ്ധക്കളവും ചുടലക്കളവുമെല്ലാമായിത്തീരും. മനുഷ്യത്വം, നീതി, സംസ്‌കാരം തുടങ്ങിയവയെല്ലാം ഇല്ലാതെയാവുകയും മനുഷ്യകുലം പരസ്പരം ശത്രുതയില്‍ മുഴുകുകയും ചെയ്യും. ഇങ്ങനെയാണ് സസ്യങ്ങളും വിശ്വാസങ്ങളും അല്ലെങ്കില്‍ വിശ്വാസികളും തമ്മില്‍ സാമ്യപ്പെട്ടു കിടക്കുന്നത്. സാമ്യതയാണല്ലോ ഒരു ഉദാഹരണത്തിന് നീതീകരിക്കുന്നതും അതിന്റെ സാംഗത്യത്തെ ശരിവെക്കുന്നതും. മറ്റൊരു സാമ്യതയും സാംഗത്യവും ഇങ്ങനെയാണ്. അഥവാ, സസ്യങ്ങള്‍ ഭൗമോപരിതലത്തില്‍നിന്ന് പ്രകാശോര്‍ജ്ജത്തെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെയും മറ്റും വലിച്ചെടുക്കുന്നു. അതോടൊപ്പം ഭൂമിയില്‍നിന്നു വെള്ളം, അന്നജങ്ങള്‍, ലോഹമൂലകങ്ങള്‍, നൈട്രജന്‍ തുടങ്ങിയവയെല്ലാം വലിച്ചെടുക്കുന്നു. എന്നിട്ട് ഭൂമിയിലെ മനുഷ്യന്റെയും അവന്റെ അനിവാര്യതകളുടെയും നിലനില്‍പ്പിനായി അവയെ പാകപ്പെടുത്തി പകര്‍ന്നു ദാനംചെയ്യുകയും ചെയ്യുന്നു. വിശ്വാസിയും ഇപ്രകാരമാണ്. അവന്‍ ഉപരിലോകത്തുനിന്ന് ലഭിക്കുന്ന ആദര്‍ശസംഹിത സ്വീകരിക്കുകയും മനുഷ്യസമൂഹത്തിന് തങ്ങളുടെ നിലനില്‍പ്പിന്റെ ആധാരമായി കൈമാറുകയും ചെയ്യുന്നു. അതായത്, സസ്യങ്ങള്‍ മുകളില്‍നിന്നും താഴെ നിന്നും ഘടകങ്ങള്‍ വലിച്ചെടുത്ത് പാകപ്പെടുത്തി മനുഷ്യനു നല്‍കുന്നു. ഇപ്രകാരംതന്നെ വിശ്വാസി ഉപരിലോകത്തില്‍നിന്നു പ്രവാചകന്മാരിലൂടെയും ഗ്രന്ഥങ്ങളിലൂടെയും സഹചാവബോധത്തിലൂടെയും ലഭിക്കുന്ന ആശയാദര്‍ശങ്ങള്‍ വലിച്ചെടുത്ത് സന്തോഷകരവും സമാധാനഭദ്രവുമായ ഒരു സാമൂഹിക ജീവിതത്തിനു വേണ്ടി മനുഷ്യനു നല്‍കുന്നു. ചുരുക്കത്തില്‍, സസ്യങ്ങള്‍ ഭൂമിയെ നിലനിര്‍ത്തുന്നു. വിശ്വാസികളാവട്ടെ ഭൂമിയിലുള്ളവരെയും നിലനിര്‍ത്തുന്നു. ഇനിയുമുണ്ട് മറ്റൊരു സാമ്യത. അതു മറ്റൊന്നുമല്ല, സസ്യങ്ങള്‍ അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ഡൈഓക്‌സൈഡ് മുതലായ വിഷവാതകങ്ങളെയും ഭൂമിയില്‍നിന്ന് മാലിന്യമുള്ള ലവണങ്ങളെയും വലിച്ചെടുക്കുന്നു. പക്ഷേ, വിഷമയവും ആരോഗ്യരഹിതവുമായ അവയെയൊന്നും അപ്രകാരംതന്നെ ഭൂമിയിലേക്ക് കൈമാറുകയില്ല. മറിച്ച്, അവയെ ശുദ്ധീകരിക്കുകയും മനുഷ്യജീവിതത്തിന് അനുകൂലമാക്കിതീര്‍ക്കുകയും ചെയ്തതിനുശേഷം മാത്രമാണ് അവ നല്‍കുന്നത്. അഥവാ, സസ്യങ്ങള്‍ അപകടങ്ങളെ പിടിച്ചെടുക്കുകയും അവയെ നല്ല ഘടകങ്ങളാക്കി പരിവര്‍ത്തിപ്പിച്ച് മനുഷ്യന് നല്‍കുകയും ചെയ്യുന്നു. വിശ്വാസികളും ഇപ്രകാരമാണ്. സമൂഹത്തിലെ തെറ്റായ കാര്യങ്ങളെല്ലാം അവര്‍ പിടിച്ചെടുക്കുകയും കുഴിച്ചുമൂടുകയും പകരം അതിലെ നല്ല കാര്യങ്ങളെ മാത്രം ബാക്കിയാക്കി മനുഷ്യനെ നല്‍കുകയും ചെയ്യുന്നു. അസൂയ, അഹങ്കാരം, കുശുമ്പ്, കളവ്, ചതി, വഞ്ചന, നിഷേധം തുടങ്ങിയ വിഷങ്ങളെയാണ് വിശ്വാസി പിടിച്ചെടുക്കുന്നതും നശിപ്പിച്ചു കളയുന്നതും. അവയ്ക്കു പകരം അവന്‍ വിശ്വാസം, സത്യസന്ധത, മാന്യത, നീതി തുടങ്ങിയ ഉന്നത ഗുണങ്ങള്‍ സമൂഹത്തിനു പകരം കൊടുക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, സസ്യങ്ങള്‍ അപകടകരമായതിനെയെല്ലാം അപകടരഹിതമാക്കി നല്‍കുന്നു. വിശ്വാസി ചീത്ത സ്വഭാവങ്ങളെയും സംസ്‌കാരങ്ങളെയും ശുദ്ധീകരിച്ചു നന്മകളാക്കി പകരംനല്‍കുന്നു. വിശ്വാസിയെ സസ്യത്തോട് ഉപമിക്കുന്നത് ഒരിടത്തു മാത്രമല്ല വിശുദ്ധ ഖുര്‍ആനില്‍. പലയിടത്തും ഇതു കാണാം. ഉദാഹരണമായി, നല്ല വചനത്തെ അല്ലാഹു സൂറത്ത് ഇബ്‌റാഹീമില്‍ ഉദാഹരിക്കുന്നത് ഇങ്ങനെയാണ്: ഒരു ഉദാത്ത വചനത്തെ അല്ലാഹു എങ്ങനെയാണ് ഉപമിച്ചിരിക്കുന്നെതന്ന് താങ്കള്‍ ഗ്രഹിക്കുന്നില്ലേ? ഒരു ഉത്തമവൃക്ഷം പോലെ. അതിന്റെ വേര് ഭൂമിയില്‍ ആഴ്ന്നിറങ്ങിയതും ശിഖരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. നാഥന്റെ അനുമതിയോടെ സര്‍വദാ അതു ഫലദായകമായിരിക്കും. ചിന്തിച്ചു ഗ്രഹിക്കാനായി മനുഷ്യര്‍ക്ക് അല്ലാഹു ഉപമകള്‍ പ്രതിപാദിച്ചുകൊടുക്കുന്നു. എന്നാല്‍, ഒരു ഹീനവചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു പറിച്ചെടുക്കപ്പെട്ടതും നിലനില്‍പില്ലാത്തതുമായ ദുഷിച്ച മരം പോലെയാണ്. ഐഹിക പാരത്രിക ലോകങ്ങളില്‍ ദൃഢീകൃത വചനംകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിറുത്തുകയും അക്രമികളെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു പ്രവര്‍ത്തിക്കുന്നതാണ്. (സൂറത്ത് ഇബ്‌റാഹീം:24-27) ഉത്തമ വൃക്ഷവും വിശ്വാസിയും തമ്മിലുള്ള സാമ്യം വ്യക്തമാക്കുന്ന അതിമനോഹരമായ ഉപമയാണ് മുകളില്‍ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങള്‍. ഏതു നന്മമരത്തോടും ഇസ്‌ലാമിനെ ഉപമിക്കാം എന്നതുകൊണ്ടായിരിക്കാം ഒരുപക്ഷേ ഏതു വൃക്ഷമെന്നു പറയാതിരുന്നതിന്റെ രഹസ്യം. പ്രശാന്തിയുടെ തുരുത്താണ് മരങ്ങള്‍. പ്രകൃതിയുടെ ആവാസവ്യവസ്ഥ സന്തുലിതമായി നിലനിര്‍ത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും അന്തരീക്ഷോഷ്മാവ് ക്രമീകരിക്കുന്നതിനും മരങ്ങള്‍ ഒഴിച്ചുകൂടാന്‍കഴിയാത്ത ഘടകംതന്നെ. പുതിയ പഠനങ്ങളനുസരിച്ച് വൃക്ഷങ്ങള്‍ സമൃദ്ധിയായി വളരുന്ന സ്ഥലങ്ങളില്‍ ശരാശരി മനുഷ്യായുസ്സ് വര്‍ദ്ധിക്കുകയും മാനസികാരോഗ്യത്തിനു മരങ്ങള്‍ ഉത്തമമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. വൃക്ഷങ്ങളുള്ള സ്ഥലത്ത് വീടുകള്‍ നിര്‍മിച്ചാല്‍ 25 ശതമാനം മൂല്യവര്‍ധനവ് ഉണ്ടാവുന്നുവെന്ന് ശാസ്ത്രവായനകളിലുണ്ട്. ഒരു വൃക്ഷത്തിന് അഞ്ചു പ്രധാന ഭാഗങ്ങളാണുള്ളത്. വേര്, കാണ്‍ഠം, ശാഖകള്‍, ഇലകള്‍, ഫലങ്ങള്‍. ഇസ്‌ലാമിലും സുപ്രധാനമായി അഞ്ചു കാര്യങ്ങളാണുള്ളത്. വിശ്വാസങ്ങള്‍, ആരാധനകള്‍, ഇടപാടുകള്‍, ബന്ധങ്ങള്‍, സദ്‌സ്വഭാവം എന്നിവയാണത്. ഒരു സദ്‌വൃക്ഷത്തിന്റെ വേര് വിശ്വാസിയുടെ ഈമാനിനോട് ഉപമിക്കാം. ഇസ്‌ലാമിലെ ആരാധനകളായ നിസ്‌കാരം, സകാത്ത്, വ്രതം, ഹജ്ജ് എന്നിവയെ നമുക്കതിന്റെ കാണ്ഠത്തോട് ഉപമിക്കാം. വിവിധ തരം ഇടപാടുകളെ വൃക്ഷത്തിന്റെ ശാഖകളോടും മാനുഷിക ബന്ധങ്ങളെ ഇലകളോടും ഉപമിക്കാം. ഇനി അവശേഷിക്കുന്നത് വൃക്ഷത്തിന്റെ ഫലങ്ങള്‍ മാത്രം. അതിനെ മനുഷ്യന്റെ സ്വഭാവത്തോടും ഉപമിക്കാവുന്നതാണ്. ഓരോ വിശ്വാസിയും ആ അഞ്ചു ഘടകങ്ങളും സ്വാംശീകരിച്ചു ജീവിക്കുമ്പോള്‍ ഇസ്‌ലാം ലോകത്തിന് ഒരു മധുരഖനിയായി അനുഭവപ്പെടുന്നു. ഖുര്‍ആനില്‍ മാത്രമല്ല ഈ ഉപമയുള്ളത്, ഹദീസിലും കാണാം. ഒരു ഉദാഹരണം നോക്കാം. അബൂ മൂസല്‍ അശ്അരിയില്‍(റ)നിന്ന് നിവേദനം-നബി(സ്വ) പറഞ്ഞു: 'ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസി മധുരനാരങ്ങ പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി തൃപ്തികരവുമാണ്. ഖുര്‍ആന്‍ പാരായണംചെയ്യാത്ത സത്യവിശ്വാസിയുടെ ഉപമ കാരക്കപോലെയുമാണ്. അതിന് വാസനയില്ല, എന്നാല്‍ രുചി തൃപ്തികരമാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കപടവിശ്വാസിയുടെ ഉപമ തുളസിയുടേതു പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി കൈപ്പുള്ളതുമാണ്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത കപടവിശ്വാസിയുടെ ഉപമ ആട്ടങ്ങ പോലെയുമാണ്. അതിനു വാസനയില്ല, എന്നാല്‍ രുചി കൈപ്പേറിയതുമാണ്. (മുസ്‌ലിം)