മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിയാകുമ്പോള്‍

ടി.എച്ച്. ദാരിമി മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിയാകുമ്പോള്‍ വികാരങ്ങളെ പിശാച് പിന്തുണക്കുമ്പോള്‍ വിവേകത്തെ അല്ലാഹുവിന്റെ കാരുണ്യം പിന്തുണക്കുന്നു. ശരീരത്തിനും മനസ്സിനും അതിവേഗം ആസ്വദിക്കുവാന്‍ കഴിയുന്ന വൈകാരികതകളില്‍ ആരാണ് അഭിരമിക്കുന്നത് എന്നും തന്റെ കാരുണ്യത്തെ ക്ഷമാപൂര്‍വ്വം കാത്തുനിന്ന് അവധാനതയോടെ മാത്രം സുഖ-സംതൃപ്തികളെ പുല്‍കുവാന്‍ ആരാണു ശ്രമിക്കുന്നത് എന്നുമാണ് പരീക്ഷ. അതില്‍ വിജയിക്കുന്നവര്‍ക്ക് നിത്യനിദാന്തമായ സ്വര്‍ഗസുഖം പ്രതിഫലമായി നല്‍കുന്നു; അല്ലാത്തവര്‍ക്ക് നരകവും. ഇതാണ് ഐഹിക ജീവിതത്തിന്റെ ആകെത്തുക. മനുഷ്യരില്‍ ചിലര്‍ പക്ഷേ ഈ വസ്തുത മറന്നുപോയേക്കാം. അത്തരക്കാര്‍ വൈകാരികതകളില്‍ അഭിരമിക്കുന്നു. സുഖങ്ങളുടെ പിന്നാലെ കുതിച്ചുപാഞ്ഞ് അത്തരക്കാര്‍ തന്നെത്തന്നെ മറന്നുപോകുന്നു. തന്നെത്തന്നെ എന്നു പറഞ്ഞാല്‍ താന്‍ സ്രഷ്ടാവിന്റെ പ്രതിനിധിയാണെന്ന സത്യം. ഇങ്ങനെ ഒരു ദുരവസ്ഥ തന്റെ പ്രതിനിധിക്കു സംഭവിക്കാതിരിക്കുവാന്‍ ചില മുന്‍കരുതലുകള്‍ സ്രഷ്ടാവ് തന്നെ സ്വീകരിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് തന്റെ പ്രവാചകന്‍മാരിലൂടെയും ഗ്രന്ഥങ്ങളിലൂടെയും നല്‍കുന്ന ഉപദേശ ഉത്‌ബോധനങ്ങള്‍. മറ്റൊന്നാണ് അവനില്‍തന്നെ നിക്ഷേപിച്ചിരിക്കുന്ന തിരിച്ചറിവുശേഷി. മറ്റൊന്നാണ് അവന്റെ മുമ്പില്‍ നിറഞ്ഞുകിടക്കുന്ന കോടാനുകോടി അമാനുഷികമായ അനുഗ്രഹങ്ങള്‍. ഇവയ്‌ക്കെല്ലാംപുറമെ മറ്റുചില പ്രകൃതിഘടനാപരമായ കാര്യങ്ങള്‍കൂടി ഉണ്ട്, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍. ഭൂമി എന്ന കളിത്തൊട്ടിലിനെ കുറിച്ചുള്ള നമ്മുടെ ചര്‍ച്ചയില്‍ പറയേണ്ട ഒന്നാണത്. അത് അവന്റെ ഭൂതലത്തെ അല്ലാഹു തന്റേതായ ഒരു വിശുദ്ധ കേന്ദ്രത്തിലേക്കു തിരിച്ചുവെച്ചിരിക്കുന്നു എന്നതാണ്. അഥവാ, തന്നെ നിയോഗിച്ച അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മകളില്‍നിന്നും മനസ്സും ശരീരവും തെന്നിപ്പോകാതിരിക്കുവാന്‍ അവനെ പരിശുദ്ധ മക്കയിലെ കഅ്ബാലയത്തിലേക്കു തിരിച്ചുവെച്ചിരിക്കുന്നു എന്ന സത്യം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മനുഷ്യാധിവാസ ഭൂമിയുടെ കേന്ദ്രബിന്ദുവാണ് പരിശുദ്ധ മക്കയും അവിടെയുള്ള കഅ്ബാലയവും. ഇതുപക്ഷേ, കൃത്യമായി മനസ്സിലാകുവാന്‍ ഒരല്‍പ്പം നാം ചിന്തിക്കേണ്ടതുണ്ട്. കാരണം, പെട്ടെന്ന് മനസ്സിലാക്കിയെടുക്കുവാന്‍ കഴിയാത്തവിധം ഗഹനമാണത്. പക്ഷേ, അതിനു ലോകത്തിന്റെ അംഗീകാരമുണ്ട്. ആ അംഗീകാരത്തിന് ഗുണഫലം ഒരു മതക്കാര്‍ക്ക് പോകുമെന്ന വിറളിയില്‍ ശാസ്ത്രമേഖലയിലുള്ളവര്‍ അതിനെ പൊത്തിപ്പിടിക്കുകയോ മൂടിവെക്കുകയോ ആണ് എന്നതാണ് പരമാര്‍ഥം. ആ ചിന്തകള്‍ രണ്ടു പ്രമാണങ്ങളെ വലംവെക്കുന്നു. ഒന്ന്, മതപരമായ പ്രമാണങ്ങള്‍. രണ്ടാമത്തേത് ശാസ്ത്രീയമായ കണ്ടെത്തലുകള്‍. ഇവയെല്ലാം വളരെ ഹ്രസ്വമായി വിവരിക്കുവാന്‍ ഏറ്റവും സഹായകമാണ് പരിശുദ്ധ മക്കയില്‍ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ നടന്ന പത്താം സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധം. പ്രസ്തുത പ്രബന്ധത്തില്‍ ആദ്യം സമര്‍ഥിക്കുന്നത് പരിശുദ്ധ മക്ക ലോകത്തെ കരകളുടെ മധ്യഭാഗമാണ് എന്നത് മതപരമായ പ്രമാണങ്ങളുടെ സഹായത്താലാണ്. അവയില്‍ ഒന്ന് സൂറത്തുല്‍ അന്‍ആമിലെ 92ാം സൂക്തമാണ്. അതില്‍ അല്ലാഹു നബി(സ)യുടെ നിയോഗത്തെ കുറിച്ച് പറയുന്നു: ഉമ്മുല്‍ ഖുറായെയും അതിനു ചുറ്റുമുള്ളവരെയും താക്കീത് ചെയ്യുവാന്‍ വേണ്ടി (അങ്ങയെ നാം നിയോഗിച്ചിരിക്കുന്നു). (സൂറത്തുല്‍ അന്‍ആം:92). ഈ ആയത്തില്‍ രണ്ടു സൂചനകളുണ്ട്. ഒന്ന്, ഉമ്മുല്‍ ഖുറാ നഗരങ്ങളുടെ മാതാവ് എന്ന പ്രയോഗമാണ്. ഇത് മക്ക ഭൂമിയുടെ കേന്ദ്രബിന്ദുവാെണന്ന ആശയം ഉള്‍ക്കൊള്ളുന്നു. രണ്ടാമത്തേത് അതിനു ചുറ്റുമുള്ളവരെയും എന്ന പ്രയോഗമാണ്. നബി(സ)യുടെ നിയോഗം മനുഷ്യലോകത്തിനു മുഴുവനുമാെണന്നതു വ്യക്തമാണ്. അപ്പോള്‍ ചുറ്റും എന്നു പറയുന്നതിന് ഏകദേശം മധ്യഭാഗത്താണ് നബി(സ) വന്നത് എന്ന് അര്‍ഥം കാണാവുന്നതാണ്. ഈ ആയത്തിന്റെ വ്യാഖ്യാനങ്ങള്‍ക്കെല്ലാം ഈ അര്‍ഥത്തിലുള്ള ധ്വനിയുണ്ട്. മക്കാ നഗരത്തിന് ഉമ്മുല്‍ഖുറാ എന്നു പേരു വന്നത് അത് ഭൂമിയുടെ പൊക്കിള്‍ഭാഗവും ഗ്രാമങ്ങളിലെ ജനങ്ങളുടെ ഖിബ്‌ലയും ജനങ്ങള്‍ക്കഭിമുഖമായി നേതൃസ്ഥാനത്തു നില്‍ക്കുന്നതിനാല്‍ ഏറ്റവും പരിഗണനീയവുമായതിനാലാണെന്ന് ഇത്തരം വ്യാഖ്യാനങ്ങളില്‍ കാണാം. (തഫ്‌സീര്‍ നസഫി). സൂറത്തുല്‍ ബഖറയിലെ 143ാം സൂക്തത്തില്‍ നിങ്ങളെ അപ്രകാരം നാം ഒരു മധ്യമസമുദായമാക്കിയിരിക്കുന്നു എന്ന ആയത്തിന്റെ വ്യാഖ്യാനത്തിലും ഇതു ഗ്രാഹ്യമാണ് എന്ന് മറ്റു തഫ്‌സീറുകളില്‍ കാണാം. മക്കയെ ഭൂമിയുടെ മധ്യബിന്ദുവാക്കിയതുപോലെ നിങ്ങളുടെ ഉമ്മത്തിനെ മധ്യമസമുദായമാക്കിയിരിക്കുന്നു എന്നാണ് ഇതു വിവക്ഷിക്കുന്നത് എന്ന് തഫ്‌സീര്‍ ഖുര്‍ത്വുബിയിലുണ്ട്. ഭാഷാ പണ്ഡിതന്‍മാര്‍ ഇതു സമര്‍ഥിക്കുന്നതു പ്രധാനമായും മക്ക എന്ന വാക്കിന്റെ നിഷ്പത്തി വെച്ചാണ്. കാമ്പ് എന്നും ഞണം എന്നുമൊക്കെ അര്‍ഥമുള്ള മകാകത്ത് എന്ന വാക്കില്‍നിന്നാണ് മക്ക എന്ന വാക്ക് നിഷ്പതിച്ചത് എന്നും അതു മക്ക ഭൂമിയുടെ കാമ്പാണ് എന്നു സൂചിപ്പിക്കുന്നു എന്നും ഇമാം സബീദി പറയുന്നുണ്ട്. മക്കയെ ഉമ്മുല്‍ഖുറാ എന്നു വിശേഷിപ്പിക്കുന്നത് അതു ഭൂമിയുടെ മധ്യഭാഗമായതുകൊണ്ടുമാണ്. (താജുല്‍ അറൂസ്) യാഖൂത്തുല്‍ഹമവി പറയുന്നത് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് പരിശുദ്ധ കഅ്ബ നിലകൊള്ളുന്ന സ്ഥലത്തെയാണ് എന്നാണ്. പിന്നീട് അതിനു ചുവട്ടിലൂടെയായി ഭൂമിയെ ചുരുട്ടിയുണ്ടാക്കിയെടുക്കുകയായിരുന്നു. (മുഅ്ജമുല്‍ ബുല്‍ദാന്‍). ഹിജ്‌റ പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭൂമിശാസ്ത്രജ്ഞന്‍ സ്വഫാഖസി (958-1551) ഒരു ഗ്ലോബിനും ലോകമാപ്പിനും രൂപംനല്‍കിയിരുന്നു. അക്കാലത്ത് ചൈനയുടെയും യൂറോപ്പിന്റെയും അറ്റങ്ങളിലുണ്ടായിരുന്ന മുസ്‌ലിങ്ങള്‍ക്ക് ഖിബ്‌ലയുടെ ദിക്ക് കണ്ടുപിടിക്കുവാനുള്ള സൗകര്യത്തിനു വേണ്ടിയാണ് അദ്ദേഹം അത് ആവിഷ്‌കരിച്ചത്. അതിന്റെ കേന്ദ്രം പരിശുദ്ധ മക്കയായിരുന്നു. ഈ മാപ്പിനെയും ഗ്ലോബിനെയും യൂറോപ്യര്‍ വരെ വളരെക്കാലം ആധികാരിക ആധാരമായി ഗണിച്ചുപോന്നിരുന്നു (ആലമുസ്സഊദിയ്യ (2005) ഖാലിദ് അബൂറാസ്). ശാസ്ത്രീയമായി ഇതു തെളിയിക്കുന്ന ധാരാളം പഠനങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ വന്നിട്ടുണ്ട്. അവയിലൊന്ന് ഈജിപ്ഷ്യന്‍ ഗോളശാസ്ത്രജ്ഞനായ ഹുസൈന്‍ കമാലുദ്ദീന്‍ എന്ന ശാസ്ത്രജ്ഞന്റേതാണ്. ഭൂമിയില്‍ എല്ലായിടത്തും സൗകര്യപ്രദമായും സരളമായും ഖിബ്‌ലയുടെ ദിശയും ദിക്കും കണ്ടുപിടിക്കുവാനുള്ള ഒരു മാര്‍ഗം കണ്ടെത്തുവാനുള്ള പരിശ്രമത്തിനിടെയായിരുന്നു ഈ വസ്തുത അദ്ദേഹത്തിനു ബോധ്യപ്പെട്ടത്. തന്റെ പഠനത്തിന്റെ ഭാഗമായി ആദ്യം അദ്ദേഹം മക്കയില്‍നിന്നും ലോകത്ത് നിലവിലുള്ള വന്‍കരകളിലേക്കുള്ള ദൂരം ആദ്യം അളക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിനു ഞെട്ടിക്കുന്ന ഈ സത്യം ദൃഷ്ടിയില്‍പെട്ടത്. മക്കയില്‍നിന്നും ഓരോ വന്‍കരയുടെയും ഏറ്റവും അകലെയുള്ള ബിന്ദുവിലേക്കുള്ള ദൂരം ഏതാണ്ട് ഒരേപോലെയാെണന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. അതു സൂചിപ്പിക്കുന്നത് മനുഷ്യാധിവാസമുള്ള ലോകത്തിന്റെ നടുവിലാണ് മക്ക സ്ഥിതിചെയ്യുന്നത് എന്നതാണ്. (അല്‍ കഅ്ബത്തുല്‍ മുശര്‍റഫ മുഹമ്മദ് അലി സലാമ, കൈറോ). ഇതു സാധാരണക്കാര്‍ക്ക് പോലും സുഗ്രാഹ്യമാകുന്ന ഒരു തെളിവാണ്. കാരണം, നിലവിലുള്ള ഭൂഖണ്ഡങ്ങളും അവയുടെ ഏറ്റവും അകന്ന ബിന്ദുവും കണ്ടുപിടിക്കുവാനും അവയിലേക്ക് മക്കയില്‍നിന്നുള്ള ദൂരം അളക്കുവാനും ഇന്ന് ഒരു ലോകമാപ്പ് ഉപയോഗപ്പെടുത്തിയാല്‍ ആര്‍ക്കും കഴിയാവുന്നതേയുള്ളൂ. വന്‍കരകളുടെ പഴയ ഘടനയനുസരിച്ച് ഉണ്ടായിരുന്നത് മൂന്നു വന്‍കരകളാണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവ. ഇതില്‍ ആഫ്രിക്കയുടെ അങ്ങേതലയിലേക്കു മക്കയില്‍നിന്നുള്ള ദൂരം 9569 കിലോമീറ്ററും ഏഷ്യയുടേതിലേക്കുള്ളത് 6086 കിലോമീറ്ററും യൂറോപ്പിന്റെ അങ്ങേതലയായ ഐസ്ലാന്റ് ദ്വീപിലേക്ക് 6672 കിലോമീറ്ററുമാണ്. അതായത്, ശരാശരി ആറായിരം കിലോമീറ്ററാണ് ഇവിടങ്ങളില്‍ നിന്നും മക്കയിലേക്കുള്ള ദൂരം. പുതിയ ഘടനയനുസരിച്ചാവട്ടെ ഓസ്‌ത്രേലിയയിലേക്ക് 9360, തെക്കന്‍ അമേരിക്കയിലേക്ക് 8693, വടക്കന്‍ അമേരിക്കയിലേക്ക് 8453, ഏഷ്യയിലേക്ക് 9578 കിലോമീറ്ററുകളാണ്. ഈ കണക്കുകളിലും സാമ്യതയും അടുപ്പവും പ്രകടമാണ്. ഗൂഗ്ള്‍ എര്‍ത്ത്, ഖിബ്‌ല ഡയറക്ടര്‍ തുടങ്ങിയ ഉപയോഗിച്ചെല്ലാം ഈ വസ്തുത വേഗത്തില്‍ കണ്ടുപിടിക്കാം. ഈ വസ്തുത ലോകത്തിന്റെ നിലവിലുള്ള ഒരു വിശ്വാസത്തെകൂടി പൊളിച്ചെഴുതുവാന്‍ ഉപയുക്തമാണ്. അത് ഗ്രീന്‍വിച്ച് രേഖ എന്ന സങ്കല്‍പ്പത്തെയാണ്. ഭൂഗോളത്തെ കിഴക്കെന്നും പടിഞ്ഞാറെന്നും സാങ്കല്‍പ്പികമായി വിഭജിക്കുമ്പോള്‍ വരുന്ന പൂജ്യം ഡിഗ്രി രേഖ ആധാരമാക്കിയാണ് ലോകത്തിന്റെ സമയക്രമം നിശ്ചയിക്കുന്നത്. ഈ രേഖാംശരേഖ കടന്നുപോകുന്നത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടന്‍ നഗരത്തിന്റെ സമീപത്തുള്ള ഗ്രീന്‍വിച്ച് എന്ന പ്രാന്തപ്രദേശത്തുകൂടെയാണ് ഈ സമയരേഖ കടന്നുപോകുന്നത് എന്നാണ് ശാസ്ത്രം. തെംസ് നദിയുടെ തെക്കുവശത്താണ് ഗ്രീന്‍വിച്ച് നഗരം. പൂജ്യം ഡിഗ്രി രേഖാംശരേഖ കടന്നുപോകുന്നു എന്ന പേരില്‍ ഈ രേഖയെ ആധാരമാക്കിയാണ് ലോകം സമയക്രമം പുലര്‍ത്തിവരുന്നത്. 1884ലാണ് ഗ്രീന്‍വിച്ചിനെ ഭൂമധ്യരേഖയായി അംഗീകരിച്ചത്. കൊളംബിയയില്‍ ചേര്‍ന്ന ഉച്ചകോടിയിലായിരുന്നു അത്. അെതങ്ങനെ നിശ്ചയിച്ചതും തീരുമാനിച്ചതും ശാസ്ത്രീയമായ ഒരു തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നില്ല എന്നതും അന്നത്തെ ഏറ്റവുംവലിയ കൊളോണിയല്‍ ശക്തിയുടെ മസില്‍പവര്‍ മാത്രം ഉപയോഗിച്ചായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍, ശരിക്കും ലോകത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കേണ്ടത് ഭൂമിയുടെ കൃത്യം മധ്യബിന്ദുവില്‍വെച്ചായിരിക്കണമല്ലോ. അതുപക്ഷേ, ലോകം രണ്ടു വാശി കാരണത്താല്‍ അംഗീകരിക്കുന്നില്ല. ഒന്ന് നിഷേധിക്കുവാന്‍ ഇന്നുവരേക്കും കഴിഞ്ഞിട്ടില്ലെങ്കിലും മക്ക ഭൂമിയുടെ കേന്ദ്രമാണെന്ന സത്യം അവര്‍ അംഗീകരിച്ചുതരുന്നില്ല. രണ്ട്, ശാസ്ത്രീയമായ ആ സത്യം അംഗീകരിക്കുന്നപക്ഷം അതു മുസ്‌ലിംകളുടെ വിശ്വാസത്തിന് ബലവും സാംഗത്യവുമേകുമെന്ന ഭയം. ഈ അന്യായമായ പിടിവാശികൊണ്ടു മാത്രം പലതുംപോലെ ഈ സത്യവും വിഴുങ്ങുവാന്‍ ലോകം നിര്‍ബന്ധിതമായിരിക്കുന്നത് കഷ്ടമാണ്. (അസ്‌റാറുല്‍ കൗന്‍ സഗ്ലൂല്‍ നജ്ജാര്‍) പ്രധാന വായനാവലംബങ്ങള്‍ Knowledge Encyclopeadea?-Hein stein ഭൂമി ഉണ്ടാകുന്നതെങ്ങനെ? -ബൈജു കെ.ആര്‍. ശാസ്ത്രം എത്ര ലളിതം -ഡിസി ബുക്‌സ് സമയത്തിന്റെ ആപേക്ഷികത -ഡോ. ഉസ്മാന്‍ അല്ലാഹു ഖുര്‍ആനില്‍ -കെ.സി. അബ്ദുല്ല മൗലവി എഴാകാശവും ദൈവിക സിംഹാസനവും -പ്രൊഫ എം. അബ്ദുല്‍അലി അല്‍ ഇന്‍സാനു ഫില്‍കൗന്‍ -ഡോ. അബ്ദുല്‍ അലിം ഖിദര്‍ സനുരീഹിം ആയാത്തിനാ -അബ്ദുല്‍മജീദ് സന്‍ദാനി