എല്ലാം ഒരുക്കിവെച്ച സ്രഷ്ടാവാം അല്ലാഹു

ഇലാഹീ പ്രാതിനിധ്യം വഹിച്ചുകൊണ്ട് സസുഖം ജീവിക്കുവാന്‍ വേണ്ട അന്നത്തിന്റെ വഴി മനുഷ്യന് അല്ലാഹു സ്വന്തം കാല്‍ച്ചുവട്ടില്‍തന്നെ ഒരുക്കിയെന്നാണു നാം മനസ്സിലാക്കിയത്. അതുകൊണ്ട് മതിയാവില്ല. സ്രഷ്ടാവ് മനുഷ്യനു നല്‍കിയ ശരീരവും ജീവിതവുമനുസരിച്ച് അവനു നിലനില്‍ക്കുവാന്‍ ഇനിയും പലതും വേണം. അവയിലൊന്നാണ് പാര്‍പ്പിടം. മറ്റൊന്നാണ് മറ്റുജീവിത സൗകര്യങ്ങള്‍. ഇതെല്ലാം നിവൃത്തിചെയ്യുന്നതിനായി തിരിച്ചും മറിച്ചുമെന്നോണം ഉപയോഗിക്കുവാനുള്ള സ്വത്തും സമ്പാദ്യവും മറ്റൊന്നാണ്. ജീവവായുവിനു വേണ്ടി ഓക്‌സിജനും ദാഹം ശമിപ്പിക്കുവാന്‍ വെള്ളവും കൃഷിചെയ്ത് അന്നം കണ്ടെത്തുവാന്‍ ഭൂമിയില്‍തന്നെ അനുകൂലമായ കൃഷിയിടവും ചൂടും വെളിച്ചവും ഊര്‍ജ്ജവും ലഭിക്കുവാന്‍ സൂര്യ ചന്ദ്രാദികളും ഭൂമി ആടിക്കളിക്കാതിരിക്കുവാന്‍ പര്‍വതങ്ങളും കാലാവസ്ഥയുടെ സന്തുലിതത്വവും വിശപ്പിന്റെ ശമനവും ഉറപ്പുവരുത്തുവാന്‍ സസ്യങ്ങളും മരങ്ങളും കായ്കനികളുമെല്ലാം നല്‍കിയ സ്രഷ്ടാവ് അവന്റെ കാല്‍ച്ചുവട്ടില്‍തന്നെ വീടുവെക്കുവാനുള്ള കല്ലുകള്‍ മുതല്‍ ഉപയോഗിക്കുവാനുള്ള നിേത്യാപയോഗ വസ്തുക്കളുണ്ടാക്കുവാന്‍ വേണ്ട ധാതുക്കളും വിളകളായി യഥേഷ്ടം ഉപയോഗിക്കുവാന്‍ കഴിയുന്ന വിലകൂടിയ ലോഹങ്ങള്‍വരെ ഒരുക്കിവച്ചിരിക്കുന്നു. ഇക്കാര്യം അല്ലാഹു സൂറത്തു അന്നഹ്‌ല് അധ്യായത്തിന്റെ 13ാം സൂക്തത്തില്‍ പറയുന്നുണ്ട്. ഈ അധ്യായത്തില്‍ ബീജത്തില്‍നിന്നും മനുഷ്യനെ പടച്ചെടുത്തതും അവനു വേണ്ടി ആകാശഭൂമികളെ സംവിധാനിച്ചതും കാലികള്‍, ജലം, സസ്യലതാതികള്‍, രാപ്പകലുകള്‍, നക്ഷത്രങ്ങള്‍ തുടങ്ങി ഓരോ അനുഗ്രഹങ്ങളും എണ്ണിപ്പറഞ്ഞതിനു ശേഷം അല്ലാഹു പറയുന്നു: 'വര്‍ണവൈജാത്യങ്ങളുള്ള പലതും നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ സൃഷ്ടിച്ചിരിക്കുന്നു. ചിന്തിച്ച് പാഠമുള്‍ക്കൊള്ളുന്ന സമൂഹത്തിന് അവയില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്.' (സൂറത്തുല്‍ ഹിജ്ര്‍:13). വര്‍ണവൈജാത്യമുള്ള പലതും എന്ന പ്രയോഗത്തിന്റെ പരിധിയില്‍ ഭൂമിക്കടിയിലെ നിക്ഷേപങ്ങളും ധാതുലവണങ്ങളുമെല്ലാം വരുമെന്ന് പഴയതും പുതിയതുമായ പ്രസിദ്ധ വ്യാഖ്യാതാക്കള്‍ പറയുന്നു. (ഉദാ: തഫ്‌സീര്‍ ഇബ്‌നുകസീര്‍, അത്തഫ്‌സീറുല്‍ മുയസ്സിര്‍) ഭൂമിക്കടിയില്‍ മനുഷ്യനുവേണ്ടി അല്ലാഹു ഒരുക്കിവച്ച ജീവല്‍സഹായകങ്ങളാണ് പാറക്കല്ലുകള്‍ മുതല്‍ ലോഹങ്ങള്‍വരെ. ഈ ധാതുക്കളുടെ പട്ടിക നീണ്ടതാണ്. ഭൂമിയുടെ ഉള്‍ഭാഗം ഇന്നും മനുഷ്യന് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു പ്രഹേളികയാണ്. വികാസങ്ങളുടെ കൊടുമുടികയറി എന്ന് മനുഷ്യന്‍ അവകാശപ്പെടുമ്പോഴും ശാസ്ത്രവും സാങ്കേതിക വിദ്യയും ഒരുക്കിയ സൗകര്യങ്ങളുടെ ചിറകിലേറി 225 ദശലക്ഷം കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ചൊവ്വയില്‍വരെ തന്റെ പേടകം എത്തിക്കുവാന്‍ മനുഷ്യനു കഴിഞ്ഞുവെങ്കിലും വെറും പന്ത്രണ്ടോളം കിലോമീറ്റര്‍ മാത്രമേ അവന് ഇതുവരെയും താഴോട്ട് പോകുവാനിട്ടുള്ളൂ. വെറും ഇത്രയും താഴേക്കു പോയപ്പോള്‍ മാത്രം അവന് കണ്ടുപിടിക്കുവാന്‍ കഴിഞ്ഞത് 4000ല്‍പരം മൂലകങ്ങളാെണന്ന വസ്തുത അല്ലാഹുവിന് മനുഷ്യനോടുള്ള ഔദാര്യത്തിന്റെ തോത് വരയ്ക്കുന്നതാണ്. വരയ്ക്കുവാന്‍ ഉപയോഗിക്കുന്ന പെന്‍സിലിന്റെ മുനയായി ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് മുതല്‍ ഗ്ലാസുകളുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ക്വാര്‍ട്ടസ് എന്ന ധാതു മുതല്‍ ചെമ്പും ഇരുമ്പും സ്വര്‍ണവും വെള്ളിയുമെല്ലാം മനുഷ്യന്റെ കാല്‍ക്കീഴില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ വിലയും വൈപുല്യവും മനസ്സിലാക്കുവാന്‍ ചെറിയ ചില ചിന്തകള്‍ മതിയാകും. ഭൂമിയിലെ നിക്ഷേപങ്ങളില്‍ ഒന്നില്‍നിന്നുതന്നെ ഒന്നിലധികം അമൂല്യവസ്തുക്കള്‍ ഉണ്ടായിത്തീരുന്നു എന്നത് അവയിലൊന്നാണ്. വജ്രം ഒരു ഉദാഹരണമാണ്. കാര്‍ബണിന്റെ പരല്‍രൂപമാണ് വജ്രം. അത് 900 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ വജ്രമായി മാറുന്നു. അതേസമയം, അതേ ധാതുവിന്റെ അയിര് 1000 ഡിഗ്രി ചൂടാക്കുമ്പോള്‍ അതു ഗ്രാഫൈറ്റായി മാറുന്നു. ഭൂമിയില്‍ അടിഞ്ഞുകൂടിയ ഫോസില്‍ ലവങ്ങള്‍ ജന്തുക്കളുടേതാണെങ്കില്‍ അതില്‍നിന്നും പെട്രോളിയം ഉണ്ടാകുന്നു. അവ സസ്യങ്ങളുടേതാണെങ്കില്‍ അതു കല്‍ക്കരിയായി മാറുന്നു. വിവിധ നിറങ്ങളും രൂപങ്ങളും മൂല്യങ്ങളുമുള്ള രത്‌നങ്ങള്‍ എല്ലാം ഏതാണ്ട് ഒരേ തരം അയിരില്‍നിന്നാണ് വരുന്നത്. അവയെ വ്യത്യസ്ത രൂപത്തില്‍ ശുദ്ധീകരിച്ചെടുക്കുമ്പോള്‍ ഓരോന്നിനും വിലയിലടക്കം വൈവിധ്യമുണ്ടാകുന്നു. അതേസമയം, മനുഷ്യന്‍ കുഴിച്ചെടുക്കുന്നതെല്ലാം ഏറ്റവും വിലകൂടിയതിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്താതിരിക്കുവാന്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം ഉപയോഗ മൂല്യം വേര്‍തിരിക്കുകയും ചെയ്തിരിക്കുന്നു. ഏതാണ്ട് നാല്‍പതു കിലോമീറ്റര്‍ വരെ താഴേക്ക് കിടക്കുന്ന ഭൂവല്‍കം മുതല്‍ ധാതുക്കള്‍ നിറഞ്ഞുകിടക്കുകയാണെന്നാണ് ശാസ്ത്രനിഗമനം. ഏറ്റവും മുകളിലുള്ള അടുക്കില്‍തന്നെ അലൂമിനിയം, ഇരുമ്പ്, കാര്‍സ്യം, പൊട്ടാസ്യം, മാഗ്‌നീഷ്യം എന്നിവയുടെ സാന്നിധ്യമുണ്ട്. അസ്തനോസ്ഫിയര്‍ എന്ന ഭൂവല്‍ക്കത്തിന്റെ അടിഭാഗവും മാന്റിലിന്റെ ഉപരിഭാഗവും ചേരുന്ന അടുത്ത അടുക്കില്‍ ഇരുമ്പ് മുതല്‍ മാഗ്‌നീഷ്യം വരെ ഉണ്ട്. അവിടന്നങ്ങോട്ട് 2900 മുതല്‍ 6370 വരെ കിലോമീറ്റര്‍ താഴ്ചയില്‍വരെ വിവിധ ധാതുക്കള്‍ പൂഴ്തിവെക്കപ്പെട്ടിരിക്കുന്നു. 4000ത്തോളംവരുന്ന ഈ ധാതുക്കളില്‍നിന്നാണ് മനുഷ്യന്‍ ഇന്ന് ഉപയോഗിക്കുന്ന ഓരോ സാധനങ്ങളും സാമഗ്രികളും ഉണ്ടാക്കപ്പെടുന്നതെന്നുകൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്, ഇരുമ്പ്, അലൂമിനിയം, ഗ്രാഫൈറ്റ്, സിങ്ക് മുതലായവയില്ലാത്ത ഒരു ലോകത്ത് മൊട്ടുസൂചി മുതല്‍ വിമാനംവരെ ഉണ്ടാവില്ല എന്നത് ഒരു സത്യമാണല്ലോ. ചുണ്ണാമ്പുകല്ല് മുതല്‍ മാര്‍ബിള്‍ വരെയും സ്ഫടികം ഉണ്ടാക്കുവാനുള്ള ക്വാര്‍ട്ടസ് മുതല്‍ സ്ലേറ്റ് പെന്‍സില്‍ വരെയും ഉണ്ടാക്കുവാന്‍ മനുഷ്യന് ഈ ധാതുക്കള്‍ ഉപയോഗപ്പെടുത്തണം. (ഭൗമരഹസ്യങ്ങള്‍ തേടി -എന്‍.സി.ആര്‍.ടി) ധാതുക്കളുടെ പ്രാധാന്യം അവിടം കൊണ്ടവസാനിക്കുന്നില്ല. അവന്റെ ആവാസ വ്യവസ്ഥയുടെയും ജീവന്റെ തന്നെയും നിലനില്‍പ്പ് ഈ മൂലകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഭൂമിക്കടിയിലെ ഈ ധാതുലവണങ്ങള്‍ ഇല്ലെ ങ്കില്‍ ആദ്യം താറുമാറാകുക ഭൂമിയുടെ കാന്തികബലമായിരിക്കും. കാന്തികബലം കുറയുന്നതോടെ ഗുരുത്വാകര്‍ഷണ ശക്തി നഷ്ടപ്പെട്ട് ഭൂകമ്പങ്ങളുടെ ചുഴിയില്‍ പെട്ടുപോകും നമ്മുടെ ഭൂമി. അപ്രകാരംതന്നെ ഭൂമിയുടെ ഓസോണ്‍ സംരക്ഷണം നഷ്ടപ്പെടും. സൂര്യനില്‍നിന്നും മറ്റുമുള്ള ഗുരുതരമായ കിരണങ്ങളില്‍നിന്ന് മനുഷ്യനെയും അവന്റെ ജീവനെയും സംരക്ഷിക്കുന്നത് ഓസോണ്‍ പാളികള്‍ എന്ന കുടയാണെന്നത് വളരെ പ്രാഥമികമായ ഒരു അറിവാണല്ലോ. മനുഷ്യന്റെ ശരീരത്തിനു വളരെ അനിവാര്യമായ ഘടകങ്ങള്‍ കൂടിയാണ് ധാതുക്കള്‍. മനുഷ്യശരീരത്തില്‍ മൂന്നു ശതമാനം ധാതുക്കളാണ് എന്നാണ് ജീവശാസ്ത്രം. അവ ഓരോന്നുമാവട്ടെ വളരെ പ്രധാനപ്പെട്ട ദൗത്യങ്ങളാണ് നിര്‍വഹിക്കുന്നത്. ഉദാഹരണമായി കാല്‍സ്യമെടുക്കാം. കാല്‍സ്യത്തിന്റെ സാന്നിധ്യമാണ് എല്ലുകളുടെ വളര്‍ച്ചയും ശക്തിയും നിശ്ചയിക്കുന്നത്. കാല്‍സ്യത്തിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞുപോയാല്‍ എല്ലുകള്‍ നുറുങ്ങുന്ന സാഹചര്യമുണ്ടാകും. പൊട്ടാസ്യവും സോഡിയവും ശരീരവളര്‍ച്ചക്ക് അനുപേക്ഷണീയങ്ങളാണ്. സിങ്കിന്റെ സാന്നിധ്യമാണ് മനുഷ്യന് രോഗപ്രതിരോധശേഷി നല്‍കുന്നത്. മഗ്‌നീഷ്യം ഓര്‍മശക്തിയെ മുതല്‍ ശ്രദ്ധാശക്തിയെ വരെ സ്വാധീനിക്കുന്നുണ്ട് എന്നാണ്. ഇരുമ്പിന്റെ സാന്നിധ്യമാവട്ടെ ശ്വസനവായുവിന്റെ പ്രയോജനത്തിനു വരെ അത്യന്താപേക്ഷിതമാണ്. ചുരുക്കത്തില്‍, മനുഷ്യനു ജീവിക്കുവാന്‍ വേണ്ട എല്ലാം അവന്റെ സ്രഷ്ടാവ് ഇവിടെത്തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. കാര്യങ്ങളെ പരസ്പരം ബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്. ആ ഘടകങ്ങളെ പരിചരിച്ചു നിലനിറുത്തി സസുഖം ജീവിക്കുവാന്‍ വേണ്ട അറിവും ഉപദേശവും അവന്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ പരസ്പരബന്ധിതമായി സൃഷ്ടിച്ചിരിക്കുന്നതും പരിചരിക്കുന്നതില്‍ വെറും ഉപദേശംമാത്രം നല്‍കി മാറിനില്‍ക്കുന്നതും ഭൂമി എന്ന പരീക്ഷണത്തിന്റെ ഭൂമികക്ക് അര്‍ഥമുണ്ടാകുവാന്‍ വേണ്ടിയാണ്. ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്ത് തനിക്കൊരു സ്രഷ്ടാവുണ്ടെന്ന് തിരിച്ചറിഞ്ഞ് അവനു വിധേയനായി ജീവിക്കുന്നുണ്ടോ എന്നതാണ് പരീക്ഷ. അത്തരമൊരു പരീക്ഷയുള്ളതുകൊണ്ടാണ് നേരെ വന്നും ഒപ്പം നിന്നും ഓരോ കാര്യങ്ങളും ചെയ്തുകൊടുക്കാത്തത്. എന്നാല്‍, ഈ പരീക്ഷയില്‍ വിജയിച്ചവനാവട്ടെ അവന്‍ ഒരു പ്രയാസവുമില്ലാത്ത നിതാന്തമായ സുഖം പ്രദാനംചെയ്യുകയും ചെയ്യും. ഭൂമി എന്ന മനുഷ്യാധിവാസത്തിന്റെ കളിത്തൊട്ടിലിനെ കുറിച്ച് പറഞ്ഞുവരുമ്പോള്‍ സ്വാഭാവികമായും കടന്നുവരുന്ന ചോദ്യങ്ങളാണ് ഭൂമിക്കു സമാനമായ മറ്റു ഗ്രഹങ്ങള്‍ വല്ലതുമുണ്ടോ? അവിടെ മനുഷ്യേതര ജീവികളുണ്ടോ എന്നെല്ലാം. സൗരയൂഥത്തില്‍ സൂര്യനെ വലംവെക്കുന്ന എട്ടു ഗ്രഹങ്ങളില്‍ ഒന്നായ നമ്മുടെ ഭൂമിയില്‍ മനുഷ്യജീവിതം സാധ്യമായതുപോലെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ അതു സാധ്യമാണോ? അങ്ങനെ ഏതെങ്കിലും ജീവികള്‍ സത്യത്തില്‍ ഉണ്ടോ? പ്രപഞ്ചത്തില്‍ നാം മാത്രമാണോ? തുടങ്ങി ധാരാളം ചോദ്യങ്ങള്‍ മനുഷ്യന്‍തന്നെ ചോദിക്കുവാനും അന്വേഷിക്കുവാനും തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, അതിനൊന്നും കൃത്യവും വസ്തുതാപരവുമായ ഒരു ഉത്തരം ഇന്നുവരേക്കും കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം. ഈ ചോദ്യത്തെ പക്ഷേ, കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി മനുഷ്യന്‍ തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമായി എടുത്തിട്ടുണ്ട്. അത് ഇപ്പോള്‍ ഒരു പ്രത്യേക ശാസ്ത്ര ശാഖയായിത്തന്നെ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ജേ്യാതിര്‍ ജീവശാസ്ത്രം (ലഃീ യശീഹീഴ്യ) എന്നാണ് ആ ശാഖയുടെ പേര്. സൗരയൂഥത്തിലെതന്നെ ഗ്രഹങ്ങളിലേക്കുള്ള വിവിധ പേടകങ്ങള്‍ വിക്ഷേപിക്കപ്പെടുന്നതെല്ലാം സത്യത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ്. ഈ ശ്രമം ആദ്യം തുടങ്ങിവെച്ചത് ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനിലേക്കുള്ള വിക്ഷേപണം വഴിയാണ്. 1959ല്‍ ലൂണ-2 ആണ് ആദ്യമായി ചന്ദ്രോപരിതലത്തിലെത്തിയ പേടകം. അന്നത് അവിടെ ഇറങ്ങുന്നതിനിടെ ഇടിച്ച് തകരുകയായിരുന്നു. ലൂണ-3 പിന്നെ ഭൂമിയുടെ എതിര്‍ ദിശയുടെ ചിത്രമെടുക്കുന്നതില്‍ വിജയിച്ചു. ലൂണ-9 ആണ് ആദ്യമായി ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയ ആദ്യത്തെ പേടകം. 1966ലായിരുന്നു ഇത്. തുടര്‍ന്നു നടന്ന അപ്പോളോ മിഷനുകളില്‍ 11നാണ് ആദ്യമായി മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. ഭൂമിക്കു പുറത്ത് മനുഷ്യന്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ള ഓരേയൊരു ഗ്രഹം ഭൂമിയില്‍നിന്നും 3,84,403 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്‍ എന്ന ഉപഗ്രഹമാണ് ശാസ്ത്രത്തിന്റെ ഭാഷയില്‍. ഈ ദൗത്യങ്ങളെല്ലാം ആത്യന്തികമായി ചന്ദ്രനില്‍ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന അന്വേഷണമായിരുന്നു. അവിടെനിന്നു കിട്ടിയ ചിത്രങ്ങളും എടുത്തുകൊണ്ടുവന്നു എന്ന് പറയപ്പെടുന്ന വസ്തുക്കളും രാസപ്രവര്‍ത്തനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കിയെങ്കിലും അവിടെ ജീവന്റെ സാധ്യത ഇതുവരേയും തെളിയിക്കപ്പെട്ടിട്ടില്ല. സൗരയൂഥത്തിനുള്ളില്‍തന്നെ മനുഷ്യന്റെ ഈ അന്വേഷണം പിന്നീട് നീണ്ടത് ചൊവ്വയിലേക്കാണ്. റഷ്യയുടെ മാര്‍സ് പേടകങ്ങള്‍, അമേരിക്കയുടെ വൈക്കിംഗ് പേടകങ്ങള്‍, റഷ്യയുടെതന്നെ പ്രോബോസ് പേടകങ്ങള്‍, യു എസിന്റെ പാത്‌ഫൈന്‍ഡര്‍ മുതല്‍ ഫീനിക്‌സ് മാര്‍സ് ലാന്‍ഡര്‍, ഇന്ത്യയുടെ മംഗള്‍യാന്‍ തുടങ്ങിയവ ആ പട്ടികയില്‍ സ്ഥാനംപിടിച്ചവയാണ്. ഈ പര്യവേഷണങ്ങള്‍വഴി ചൊവ്വയുടെ ഉപരിതലത്തില്‍ ജലത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും ഇരുമ്പിന്റെയുമെല്ലാം സാന്നിധ്യമുെണ്ടന്നു കണ്ടെത്തപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യജീവിതം സാധ്യമാകുന്ന വിധത്തിലുള്ള ഒരു ആവാസവ്യവസ്ഥിതി അവിടെ ഉണ്ടോ എന്നതിന് ഉത്തരം ഇതുവരേയും കണ്ടെത്തിയിട്ടില്ല. ഇങ്ങനെ, ചന്ദ്രനിലേക്കും ച്ചൊവ്വയിലേക്കും മാത്രമല്ല സൗരയൂഥത്തിനു പുറത്തേക്കും മനുഷ്യ ജീവന്റെ സാധ്യതകള്‍ തേടിയുള്ള അന്വേഷണങ്ങള്‍ നീണ്ടിട്ടുണ്ട്. നമ്മുടെ ക്ഷീരപഥത്തിനു പുറമെ ക്ഷീരപഥത്തെക്കാള്‍ വലിയ കോടിക്കണക്കിന് ഗ്രഹങ്ങളും ലക്ഷക്കണക്കിന് നക്ഷത്രങ്ങളുമെല്ലാം ഉണ്ട് എന്ന് ഇതിനകം മനുഷ്യര്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അവിടങ്ങളില്‍ വല്ല ജീവികളുമുണ്ടോ, ജീവനു സാധ്യതയുണ്ടോ എന്നൊന്നും ഇതുവരെ മനസ്സിലായിട്ടില്ല. അതിന് ഒരുപാട് വലിയ വിഘാതങ്ങള്‍ മുമ്പിലുണ്ടെന്നതാണ് വസ്തുത. അതിലേറ്റവും പ്രധാനം ദൂരമാണ്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലേക്കുതന്നെ നാലു ലക്ഷം കിലോമീറ്റര്‍ ദൂരമുണ്ടെന്നു നാം കണ്ടു. ഭൂമിയോട് അടുത്തു കിടക്കുന്ന നാലാമത്തെ ഗ്രഹമായ ചെവ്വയാണെങ്കില്‍ കോടിക്കണക്കിനു കിലോമീറ്ററുകള്‍ക്കപ്പുറത്താണ് സ്ഥിതിചെയ്യുന്നത്. ഇത്രയുംവലിയ ദൂരം സഞ്ചരിക്കുവാനുള്ള പ്രയാസങ്ങള്‍ ഒരു ഭാഗത്ത്. അവിടേക്ക് മനുഷ്യനെ എത്തിക്കുന്നതില്‍ ഇതുവരേയും ശാസ്ത്രം വിജയിച്ചില്ല എന്ന സത്യം മറ്റൊരു ഭാഗത്ത്. അപ്പോള്‍, ദൂരവും സാങ്കേതിക വളര്‍ച്ചയുടെ കുറവും വലിയ ഒരു കീറാമുട്ടിയായി നിലകൊള്ളുകയാണ്. അതിനാല്‍, അവിടത്തെയൊന്നും കൃത്യമായ അവസ്ഥകള്‍ പഠിച്ചെടുക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണു വസ്തുത. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശാസ്ത്രസമൂഹം നിരന്തരശ്രമങ്ങളില്‍ വ്യാപൃതരാണെന്നതാണ് സത്യം. ഇതെല്ലാം ജീവന്‍ അവിടെ എവിടെയെങ്കിലും സാധ്യമാണോ എന്ന അന്വേഷണത്തിന്റെ കഥ. ഇനി അവിടെ എവിടെയെങ്കിലും വല്ലതരം ജീവികളും സൃഷ്ടികളും ഉണ്ടോ എന്നതും ഇതേ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. ഈ ലക്ഷ്യവുമായി സൗരയൂഥത്തിനുള്ളിലേക്കും പുറത്തേക്കും ധാരാളം സന്ദേശങ്ങള്‍ ഇതിനകം അയക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, മറുപടിയൊന്നും ലഭിച്ചിട്ടില്ല. 1974ല്‍ അമേിക്കയിലെ കാള്‍ സേഗന്‍ എം 13 എന്ന നക്ഷത്രസമൂഹത്തിലേക്കു വിട്ട ഒരു സന്ദേശം അതിനൊരു ഉദാഹരണമാണ്. അത് അയച്ചു എന്നല്ലാതെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അതിന്റെ ഒരു കാരണം ആ നക്ഷത്രസമൂഹം സ്ഥിതിചെയ്യുന്നത് 25,000 പ്രകാശവര്‍ഷം അപ്പുറത്താണെന്നതാണ്. അതുവെച്ച് ഇപ്പോഴും ആ സന്ദേശം അവിടെ എത്തിയിട്ടില്ല. 25,000 വര്‍ഷമെങ്കിലും അതിനു വേണ്ടിവരും. ഇനി അതിനു വല്ല മറുപടിയും കിട്ടുകയാണെങ്കില്‍ അത് ഇവിടെ എത്തുവാനും വേണ്ടിവരും മറെറാരു 25,000 വര്‍ഷം. 1976ല്‍ ലെജിയോസ് എന്ന ടെലസ്‌കോപ്പ് വഴി സന്ദേശങ്ങളും ചിത്രങ്ങളുംവരെ ഇങ്ങനെ അയക്കുകയുണ്ടായിട്ടുണ്ട്. സൗരയൂഥത്തിനു പൂറത്തേക്കയച്ച ഇത്തരം സന്ദേശങ്ങളില്‍ ആണിന്റെയും പെണ്ണിന്റെയും ചിത്രങ്ങള്‍, ഹൈഡ്രജന്റെ ആറ്റരൂപം, ഭൂമിയുടെ ചിത്രം തുടങ്ങിയവയൊക്കെ ഉണ്ടായിരുന്നു. ഈ ശ്രമങ്ങളൊന്നും പ്രതീക്ഷിച്ച മറുപടി തന്നില്ല. അപ്രകാരംതന്നെ അന്യഗ്രഹജീവികള്‍ വല്ലതുമുണ്ടെങ്കില്‍ അവയുടെ സംവേദന സിഗ്‌നലുകള്‍ പിടിച്ചെടുക്കുവാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതും വിജയിച്ചിട്ടില്ല. എന്നാല്‍, ഈ ശ്രമങ്ങള്‍ മറ്റുപല വിവരങ്ങളിലേക്കും മനുഷ്യനെ നയിച്ചിട്ടുണ്ട്. ഉദാഹരണമായി 1995ല്‍ ആദ്യമായി സൗരയൂഥത്തിനു പുറത്ത് ഗ്രഹം കണ്ടെത്തിയത് ഇത്തരം ശ്രമങ്ങള്‍ക്കിടെയായിരുന്നു. 2009ല്‍ കെപ്ലര്‍ ടെലസ്‌കോപ്പ് സൗരയൂഥത്തിനു പുറത്ത് നമ്മുടെ സൗരയൂഥത്തെക്കാള്‍ വലിയ ധാരാളം ഗാലക്‌സികള്‍ ഉണ്ടെന്നു കണ്ടെത്തുകയുണ്ടായി. ഇത്തരം കണ്ടെത്തലുകള്‍തന്നെയാണ് ഈ വിഷയത്തില്‍ മുന്നോട്ടുപോകുവാനുള്ള ശാസ്ത്രലോകത്തിന്റെ ത്വരയുടെ പ്രചോദനവും. കാരണം, ഓരോ അന്വേഷണവും പ്രപഞ്ചത്തില്‍ നമ്മുടേതല്ലാത്ത നക്ഷത്രയൂഥങ്ങളും ഗാലക്‌സികളും ഗ്രഹങ്ങളുമെല്ലാം ഉണ്ട് എന്നാണ് തെളിയിച്ചത്. അതുവെച്ച് പഠിക്കുമ്പോള്‍ സൂര്യനു സമാനമായ ഏതെങ്കിലും നക്ഷത്രമുണ്ടാകാം എന്നും ആ നക്ഷത്രത്തില്‍നിന്നു കൃത്യമായ ഒരു അകലത്തില്‍ അന്തരീക്ഷമുള്ള ഏതെങ്കിലും ഗ്രഹം ഉണ്ടാകാമെന്നും നിഗമിക്കുന്നത് ന്യായംതന്നെയാണ്. ഭൂമി നിവാസയോഗ്യമാകുന്നത് അതേ തത്വത്തിലാണല്ലോ. സൂര്യനില്‍ നിന്നും ഒരു കൃത്യമായ അകലത്തില്‍ നില്‍ക്കുന്നതു തന്നെയാണല്ലോ ഭൂമിയില്‍ ഒരു ആവാസ വ്യവസ്ഥ ഉണ്ടാകുവാനുള്ള കാരണം. വളരെ കണിശമായ ഒരു അകലമാണിത്. ഒരു മില്ലിമീറ്ററിന്റെ അകലം ഏറുകയോ കുറയുകയോ ചെയ്താല്‍ ഭൂമിയില്‍ ജനവാസം അസാധ്യമാകുമായിരുന്നു എന്നതും കണ്ടുപിടിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഈ ചിന്ത പ്രദാനംചെയ്യുന്ന ത്വരയില്‍നിന്നാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. പക്ഷേ, അപ്പോഴും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാവുന്നുണ്ട്. അന്യഗ്രഹജീവികള്‍ എന്ന ഒന്നുണ്ടെങ്കില്‍ അവരുടെ പ്രകൃതം എന്താണ്, അവര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് എങ്ങനെയാണ് തുടങ്ങിയ ചോദ്യങ്ങള്‍. അതോടൊപ്പംതന്നെ പൊതുജനങ്ങളില്‍ നല്ലൊരു ശതമാനം അന്യഗ്രഹജീവികളുണ്ട് എന്ന ധാരണയിലുമാണ്. അതിനു പ്രധാനമായും കാരണം ചില സയന്‍സ് ഫിക്ഷനുകളാണ്. അന്യഗ്രഹ ജീവികളെ മൂല കഥാപാത്രങ്ങളോ വില്ലന്‍മാരായോ ഒക്കെ നിരത്തിയിട്ടുള്ള ധാരാളം നോവലുകളും സിനിമകളും വന്നിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പൊതുവെ ശാസ്ത്രബോധമില്ലാത്തവരെ പോലും വല്ലാതെ സ്വാധീനിച്ചുപോകുന്നവയാണ്. നമ്മുടെ ഈ പഠനത്തില്‍ നാം ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായ ശാസ്ത്രീയ മുന്നേറ്റങ്ങള്‍ പറയുകയും അവയൊന്നും കൃത്യമായ ഒരു ഉത്തരത്തിലേക്കും എത്തിച്ചേര്‍ന്നിട്ടിെല്ലന്ന് പ്രസ്താവിക്കുകയും ചെയ്യുമ്പോഴും അന്യഗ്രഹ ജീവിതത്തിന്റെയും ജീവികളുടെയും കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ എന്തു പറയുന്നു എന്നതു പ്രധാനമാണ്. ഇക്കാര്യത്തില്‍ ഖുര്‍ആന്‍ തെളിച്ചൊന്നും പറഞ്ഞിട്ടില്ല എന്നതാണ് അതിനുള്ള ആദ്യത്തെ ഉത്തരം. എന്നാല്‍, അത്തരം സാധ്യതകളെ ഖുര്‍ആന്‍ വ്യക്തമായും നിരാകരിക്കുന്നുമില്ല. സയന്‍സിന്റെ ഓരത്തുകൂടെ നടന്ന് ഖുര്‍ആന്‍ ഗ്രഹിക്കുവാന്‍ ശ്രമിച്ച ചില പുതിയ വായനകളില്‍ ചില ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. അന്യഗ്രഹജീവികള്‍ ഉണ്ടാകാം എന്നതിനുള്ള ന്യായമായി ചിലര്‍ അത് ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്. അവയില്‍ ഏറെക്കുറേ ബലമുള്ള ഒന്നാണ് അശ്ശൂറാ സൂറത്തിലെ 29ാം സൂക്തം പറയുന്നത്. അത് ഇങ്ങനെയാണ്: 'ആകാശഭൂമികള്‍ പടച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വിന്യസിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു.' (42:29) ഈ വചനത്തില്‍ അവ രണ്ടിലും എന്നു പറഞ്ഞതും ജീവജാലങ്ങളെ എന്നു പറഞ്ഞതും ചേര്‍ത്തുവെച്ചുനോക്കുമ്പോള്‍ ആകാശത്തുള്ള ജീവജാലങ്ങള്‍ (ദാബ്ബത്ത്) ഏതാവാമെന്ന ചോദ്യം സ്വാഭാവികമായും ഉയരും. അവിടെ ദാബ്ബത്ത് എന്നതുകൊണ്ടുള്ള വിവക്ഷ മലക്കുകളാവാം എന്നു പറയാവതല്ല. കാരണം, അല്ലാഹുവിന്റെ മലക്കുകളെ മറ്റൊരു ആയത്തില്‍ പറയുന്നിടത്ത് ദാബ്ബത്ത് വേറെയും തൊട്ടുടനെയായി മലക്കുകള്‍ എന്നു വേറെയുമായി പറഞ്ഞിട്ടുണ്ട്. (ഉദാഹരണം: 16:49). എന്നാല്‍പിന്നെ അത് ജിന്നുകള്‍ ആയിക്കൂടെ എന്നു ചോദിച്ചാലും ശരിയാവില്ല. കാരണം, അല്ലാഹു തന്നെ മറ്റൊരിടത്ത് ദാബ്ബത്തുകള്‍ എന്ന ജീവജാലങ്ങളെയെല്ലാം പടച്ചത് വെള്ളം കൊണ്ടാണെന്നു പറഞ്ഞതു കാണാം (ഉദാഹരണം: സൂറത്തുന്നൂര്‍ :48). ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അഗ്‌നിജ്വാലയാലാണ് എന്നത് ഖുര്‍ആന്റെ പരാമര്‍ശമാണുതാനും. അങ്ങനെവരുമ്പോള്‍ ഉദ്ധൃത സൂക്തത്തില്‍ പറയുന്ന ദാബ്ബത്തുകളില്‍ ആകാശത്തുള്ളവ അന്യഗ്രഹജീവികളാകാം എന്നാണ് നേരത്തേ പറഞ്ഞ വായനകള്‍ പറയുന്നത്. ഇതേ വായനകളില്‍ കാണുന്ന മറ്റൊരു തെളിവ് 16ാം അധ്യായം സൂറത്തുന്നഹ്‌ലിലെ എട്ടാം സൂക്തമാണ്. അതില്‍ അല്ലാഹു ചില സൃഷ്ടിജാലങ്ങളെ പറഞ്ഞതിനുശേഷം പറയുന്നു: 'നിങ്ങള്‍ക്ക് അറിയാത്തതും അവന്‍ സൃഷ്ടുക്കുന്നതാണ്.' (സൂറത്തുന്നഹ്‌ല്:8). നിങ്ങള്‍ക്കറിയാത്തതും എന്നു പറയുന്നതിന്റെ വിശാലാര്‍ഥത്തില്‍ അന്യഗ്രഹജീവികളെ കൂടി പെടുത്തുകയാണ് ചെയ്യുന്നത്. മറ്റൊന്ന് തൊട്ടടുത്ത സൂറയിലെ 70ാം വചനമാണ്. അതിലല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിനെയും ആദരിച്ചതിനെയും പറഞ്ഞതിനുശേഷം പറയുന്നു: 'നാം പടച്ച മിക്കവരെക്കാളും അവരെ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.' (സൂറത്തുല്‍ ഇസ്‌റാഅ്:70). നമ്മുടെ ഒരു ധാരണയും അറിവും മനുഷ്യനാണ് സൃഷ്ടികളില്‍ ഏറ്റവും ഉത്തമന്‍ എന്നതാണ്. ഉല്‍പത്തി സമയത്ത് അല്ലാഹു മലക്കുകളോട് പറഞ്ഞതും അവരുടെ മുമ്പില്‍ അനുവര്‍ത്തിച്ചതുമായ കാര്യങ്ങളുടെ ധ്വനിയും അതാണ്. അങ്ങനെയാണ് എങ്കില്‍ (കുല്ലിന്‍) എല്ലാവരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു എന്നായിരുന്നു പറയേണ്ടിയിരുന്നത്. എന്നാല്‍, സൃഷ്ടികളില്‍ മിക്കതിനെക്കാളും എന്ന പ്രയോഗത്തില്‍നിന്ന് നമ്മെക്കാള്‍ കരുത്തരോ മറ്റോ ആയ സൃഷ്ടികളുണ്ട് എന്ന ധ്വനി വരുന്നുണ്ട്. അത് ഒരുപക്ഷേ, മലക്കുകളായിക്കൂടാ എന്നുമില്ല എങ്കിലും. മറ്റൊരു തെളിവായി ഉയര്‍ത്തിക്കാട്ടുന്നത് സൂറത്തു ത്വലാഖില്‍നിന്നാണ്. അതിന്റെ 12ാം വചനത്തില്‍ ഏഴ് ആകാശങ്ങളെയും ഭൂമിയില്‍ നിന്നും അത്രക്കുതന്നെയും എന്നു പറയുന്നുണ്ട്. ഇത് ഭൂമിയുടെ അപരന്‍മാരെ ഉദ്ദേശിച്ചായിരിക്കുവാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഭൂമിയുടെ അപരന്‍മാരെ ശാസ്ത്രലോകം ഈയിടെ കണ്ടെത്തിയല്ലോ. ആ അപരഭൂമിയില്‍ ഒരുപക്ഷേ അപര തരം സൃഷ്ടികളും ഉണ്ടായിക്കൂടാ എന്നില്ല എന്ന് ആ നിരീക്ഷണങ്ങള്‍ പറയുന്നു. പക്ഷേ, ഖുര്‍ആനിലെ വെറും സൂചനകളാണ് ഇവയെല്ലാം. ഖുര്‍ആനിലെ ആശയങ്ങള്‍പോലെ തന്നെ സൂചനകളും മനുഷ്യന്റെ കൈയ്യിലോ ബുദ്ധിയിലോ ഒതുങ്ങുന്നതാവണമെന്നില്ല എന്ന ഒരു സത്യം ഇവകള്‍ക്കു മുമ്പിലൊക്കെയുണ്ട് എങ്കിലും ജീവസാധ്യതയുള്ള അന്യഗ്രഹങ്ങളുടെയും ജീവികളുടെയും സാംഗത്യം വിശുദ്ധ ഖുര്‍ആന്‍ തീരെ നിഷേധിച്ചതായി കാണുന്നില്ല എന്നു പറഞ്ഞ് തല്‍ക്കാലം നമുക്ക് ഇനിയും കാത്തിരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. (അല്‍ ഇന്‍സാനു ഫില്‍ കൗന്‍ -ഡോ. അബ്ദുല്‍ അലിം ഖിദര്‍) ചുരുക്കത്തില്‍, തന്റെ പ്രാതിനിധ്യം ഏല്‍പ്പിച്ച് അതു നിര്‍വഹിക്കുവാന്‍ അല്ലാഹു മനുഷ്യന് അന്യൂനമായ സൗകര്യങ്ങളോടുകൂടിയുള്ള വാസസ്ഥലം ഒരുക്കിക്കൊടുത്തിരിക്കുന്നു. അതില്‍ തന്റെ സ്രഷ്ടാവിനെ ഓര്‍ത്തും അനുസരിച്ചും വിധേയത്വംപുലര്‍ത്തിയും അവന്‍ നല്‍കുന്ന ആയുഷ്‌കാലം ജീവിക്കുകയാണ് അവന്റെ ധര്‍മം. അവിടെ അവനു പിഴവു പറ്റുന്നുണ്ടോ എന്നത് അവന്‍ സദാ വീക്ഷിക്കുകയും ചെയ്യുന്നു. ഇതു സൂചിപ്പിക്കുന്നത് അവനു പിഴവ് പറ്റാമെന്നുതന്നെയാണല്ലോ. അങ്ങനെ ഒരു സാധ്യതയില്ലെങ്കില്‍ പിന്നെ അവനെ നിരന്തരമായി വീക്ഷിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. പിഴവുപറ്റാനുള്ള ആ സാധ്യത സൃഷ്ടിപ്പില്‍തന്നെ അല്ലാഹു വെച്ചുകൊടുത്തിട്ടുണ്ട്. ഇതിനെ ചുരുങ്ങിയ വാക്കുകളില്‍ അല്ലാഹു മനുഷ്യനെ വികാരങ്ങളും വിവേകവും കൂട്ടിക്കലര്‍ത്തി സൃഷ്ടിച്ചു എന്നു പറയാം. അല്ലാഹുവിന്റെ കലാമില്‍ ഈ രണ്ടു ഘടകങ്ങളെയും പലപ്പോഴും രണ്ടു വഴികളായാണ് വിവരിക്കുന്നത്. അല്ലാഹു പറയുന്നു: 'അവനു നാം രണ്ടു സ്പഷ്ട മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തില്ലേ?'(സൂറത്തുല്‍ ബലദ്:10). വികാരങ്ങള്‍ക്കല്ലാഹു വളരെ വേഗത്തില്‍ അനുഭവിക്കുവാന്‍ കഴിയുന്ന രസസുഖമാധുര്യ പ്രത്യേകതകളാണ് നല്‍കിയിരിക്കുന്നത്.