ചന്ദ്രനും ചാന്ദ്രയാനും

ടി.എച്ച്. ദാരിമി ചന്ദ്രനും ചാന്ദ്രയാനും ചാന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദുലമായി ഇറങ്ങിയതിന്റെ പുളകമാണ് ലോകമെങ്ങും. ഈ പുളകത്തില്‍നിന്ന് ഇസ്‌ലാംമത വിശ്വാസികള്‍ക്ക് മാറിനില്‍ക്കുവാന്‍ കഴിയില്ല എന്നതാണ് വസ്തുത. ലോകത്തുണ്ടാകുന്ന ശാസ്ത്രീയമോ സാമൂഹികമോ രാഷ്ട്രീയപരമോ ആയ ചലനങ്ങളോട് ഒരുതരം അന്യതാബോധം പുലര്‍ത്തുകയും അതൊന്നും ഒരു വിശ്വാസി എന്ന നിലക്ക് താനുമായി ബന്ധപ്പെട്ട കാര്യമല്ല എന്ന ഒരു പൊതുധാരണ എങ്ങനെയോ സമുദായത്തില്‍ വന്നിട്ടും വേരോടുകയും ചെയ്തിട്ടുണ്ട്. അതു വലിയ അനര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. കാരണം, ഇതുകാരണമായി അറിയാതെ വിശ്വാസികളുടെ മനസ്സില്‍ ശാസ്ത്രത്തോടും മറ്റും ഒരു അകല്‍ച്ചയുണ്ടാവുകയും മറ്റെല്ലാ കാര്യങ്ങളെയും പോലെ ഈ അകല്‍ച്ച അധികം വൈകാതെ വെറുപ്പായി പരിണമിക്കുകയും ചെയ്യുന്നു. മാത്രമല്ല, അത്തരം പലരും ഇത്തരം വിഷയങ്ങളിലെല്ലാം നിലവാരമില്ലാത്ത പ്രതികരണങ്ങള്‍ നടത്തുകയും ഭൗതികലോകത്തിനു പരിഹസിക്കാന്‍ വേണ്ട വഴിയൊരുക്കി കൊടുക്കുകയും കൂടിയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. അതുകാരണമായി ചെറിയൊരു അംശത്തിന്റെ ഭാഗത്തു നിന്നാണെങ്കിലും മുസ്‌ലിം സമുദായം വളര്‍ച്ചകളെ സ്വീകരിക്കാന്‍ മടിക്കുന്നു എന്ന ഒരു നിരൂപണം പ്രകടവുമാണ്. വാസ്തവമോ, തികച്ചും വ്യത്യസ്തമാണ്. ശാസ്ത്രത്തിലേക്ക് മതബോധവുമായി ധൈര്യസമേതം നടന്ന് കടന്നുചെല്ലുവാന്‍ കഴിയുന്ന ഏകമതം ഇസ്‌ലാമും ഏക മതക്കാര്‍ മുസ്‌ലിംകളുമാണ്. കാരണം മുസ്‌ലിംകളുടെ പ്രമാണങ്ങള്‍, ആശയങ്ങള്‍ എന്നിവയെല്ലാം മനുഷ്യന്റെ ശരീരത്തിലൂടെയും മനസ്സിലൂടെയും കയറിയിറങ്ങുന്ന അതേസമയംതന്നെ ബുദ്ധിയിലൂടെയും ചിന്തയിലൂടെയും കൂടി കയറിയിറങ്ങുന്നവയാണ്. നിസ്‌കരിക്കാനും നോമ്പ് നോല്‍ക്കാനും മറ്റു കര്‍മങ്ങള്‍ അനുഷ്ഠിക്കാനും സമയങ്ങളും മാസങ്ങളും അളവുകളും ഗ്രഹങ്ങളുടെ ചലനങ്ങളും പ്രാപഞ്ചിക തത്വങ്ങളും മറ്റും ആധാരമാക്കുവാന്‍ സ്രഷ്ടാവിനാല്‍ കല്‍പിക്കപ്പെട്ട ജനതയാണ് മുസ്‌ലിംകള്‍ എന്നതു മാത്രം മതി അതു തെളിയിക്കുവാന്‍. ആയതിനാല്‍, കണക്കും ശാസ്ത്രവും ചന്ദ്രനും ഭൂമിയുമെല്ലാം അവരോട് ഏറ്റവും അടുത്തു കിടക്കുന്നവയാണ്. അതുകൊണ്ടുതന്നെയാണല്ലോ അവര്‍ നൂറ്റാണ്ടുകളായി ശാസ്ത്രമേഖലയിലെ കുലപതികളായിത്തീര്‍ന്നതും. ചാന്ദ്രയാന്‍ മൂന്നിന്റെ വെളിച്ചത്തില്‍ നാം സംസാരിക്കുമ്പോള്‍ ചില അസ്വാരസ്യങ്ങള്‍ സ്വാഭാവികമാണ്. ഒന്ന് ശാസ്ത്രവും മറ്റൊന്ന് മതവുമാണ് എന്നതാണ് പ്രശ്‌നം. രണ്ടും രണ്ടാണെന്നും രണ്ടു വഴിയാണെന്നും ഉള്‍ക്കൊള്ളുന്നവര്‍ക്ക് പക്വതയോടെ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാം. ഇസ്‌റോ ചെയര്‍മാന്‍ എസ്. സോമനാഥന്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ വന്നപ്പോള്‍ അതു സമര്‍ത്ഥമായി വ്യക്തമാക്കുകയുണ്ടായി. ഇതു ശാസ്ത്രമാണ്, ഇതില്‍ ഇടപെടുന്നവര്‍ ചെയ്യുന്ന മതാചാരങ്ങളെ അവരവരുടെ വ്യക്തിപരമായ കാര്യമായും അവര്‍ അതു സ്വന്തം മനസംതൃപ്തിക്കും വേണ്ടി ചെയ്യുന്നതായും കണ്ടാല്‍ മതി എന്നാണദ്ദേഹം പറഞ്ഞത്. മനസംതൃപ്തി എന്നത് തികച്ചും സ്വകാര്യവും വ്യക്തിഗതവുമാണ്. മറ്റൊരാള്‍ക്ക് അതു ബുദ്ധിമുട്ട് വരുത്തിവെക്കുന്നില്ലെങ്കില്‍ ഇതൊന്നും കാര്യമാക്കേണ്ടതില്ല. ഒരു ബഹുമത രാജ്യത്ത് ഇങ്ങനെയൊക്കെ ഉണ്ടാകാം എന്ന് കരുതി സമാധാനിക്കാം. എന്നാല്‍, മറ്റൊരാളുടെ മൂക്കില്‍ തോണ്ടിയാണ് ഒരാള്‍ വിശ്വാസം നടത്തുന്നതെങ്കില്‍ അത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. ഏതായാലും ലഭ്യമായ വിവരങ്ങളും അറിവുകളുംവെച്ച് ചാന്ദ്രയാന്‍ മൂന്ന് പകരുന്ന ചില ചിന്തകളുണ്ട്. അവ പങ്കുവെക്കുകയാണ് ഇവിടെ. അവയില്‍ ഒന്നാമത്തേത് ചന്ദ്രനിലേക്കുള്ള യാത്രയുടെ സാംഗത്യംതന്നെയാണ്. അതിന്റെ സാംഗത്യം അംഗീകരിക്കപ്പെടുന്നതു തന്നെയാണ്. കാരണം സൂര്യനെയും ചന്ദ്രനെയും അല്ലാഹു ആയത്തുകളായിട്ടാണ് ഖുര്‍ആനിലൂടെ അവതരിപ്പിക്കുന്നത്. ആയത്ത് എന്നാല്‍ സൂക്തവും സൂക്തം എന്നാല്‍ ചിന്താവിഷയവുമാണ്. ചിന്താവിഷയം നമുക്ക് ചിത്രമെടുത്തു വെക്കാനും വെറുതെ പറഞ്ഞുനടക്കുവാനും ഒന്നും ഉള്ളതല്ല. അതു കൂടുതല്‍ പഠിക്കാനുള്ളതാണ്. അതിന്റെ വിഷയം ഒരിക്കലും ബാഹ്യമായിരിക്കില്ല. അകത്തേക്ക് ഇറങ്ങിയിറങ്ങി മാത്രമാണ് അതു പഠിക്കാന്‍ കഴിയുക. ചാന്ദ്ര പര്യവേഷണങ്ങള്‍ വിജയിക്കുന്നതിനു മുമ്പ് തന്നെ ചന്ദ്രനെ കുറിച്ചുള്ള ശാസ്ത്രലോകം പകര്‍ന്ന വിവരങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തിയിട്ടുള്ളതാണ്. സൂര്യനെപ്പോലെ ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് ചന്ദ്രന്‍. സൂര്യന്റെ ഗ്രഹവും ഭൂമിയുടെ ഉപഗ്രഹവുമാണിത്. ഭൂമി കറങ്ങിത്തിരിഞ്ഞ് പോകുന്നിടത്തെല്ലാം അതിനെ പ്രദക്ഷിണം ചെയ്ത് കൂടെ ചന്ദ്രനും ഉണ്ടാകണം. അതാണ് അല്ലാഹുവിന്റെ സംവിധാനം. ഇത് അല്ലാഹുവിന്റെ ഒരു കാരുണ്യമാണ്. കാരണം, സൂര്യനില്‍നിന്നുള്ള താപം അടക്കമുള്ള പല സംഗതികളും യഥാവിധം ഭൂമിക്ക് പ്രയോജനപ്പെടണമെങ്കില്‍ ചന്ദ്രന്റെ സേവനം ഭൂമിക്ക് അനിവാര്യമാണ്. ഉദാഹരണമായി, ഭൂമിയില്‍ വേലിയേറ്റം അനുഭവപ്പെടുന്നത് ചന്ദ്രന്റെ പ്രത്യേക ആകര്‍ഷണശക്തി കാരണമാണ്. മനുഷ്യജീവിതത്തിനുവേണ്ടിയുള്ള അല്ലാഹുവിന്റെ സംവിധാനം എന്ന നിലക്ക് ഖുര്‍ആന്‍ അവ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. ചന്ദ്രന്‍, അതിനു നാം പല മണ്ഡലങ്ങളും നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. അങ്ങനെ അതിലൂടെ കടന്നുപോയിക്കൊണ്ട് ഒടുവില്‍ ഈത്തപ്പനയുടെ ഉണങ്ങിയ കുലച്ചില്ലപോലെ ആയിത്തീരുന്നു. (യാസീന്‍: 29) പ്രവാചകരേ, ജനം താങ്കളോട് ചന്ദ്രന്റെ വൃദ്ധിക്ഷയത്തെ കുറിച്ച് ചോദിക്കുന്നു. പറയുക- അത് മനുഷ്യര്‍ക്ക് തിയ്യതികള്‍ തിട്ടപ്പെടുത്തുന്നതിനും ഹജജിന്റെ അടയാളങ്ങളുമാകുന്നു. (അല്‍ബഖറ: 189) അവന്‍ സൂര്യചന്ദ്രന്മാരെ വിധേയമാക്കിയിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ ചലിച്ചുകൊണ്ടിരിക്കും. (ഖുര്‍ആന്‍: 13/2) ചന്ദ്രനെ അതില്‍ ഒരു പ്രകാശഗോളമാക്കിയിരിക്കുന്നു. (നൂഹ്: 16) ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഭൂമിയോട് ഏറെ അടുത്തുകിടക്കുന്നത് ചന്ദ്രനാണ്. 3,82,168 കിലോമീറ്ററാണ് ഭൂമിയില്‍നിന്നും ചന്ദ്രനിലേക്കുള്ള ദൂരം. ഭൂമിയുടെ നാലില്‍ ഒന്ന് വ്യാസമാണ് ചന്ദ്രനുള്ളത്; ഭാരമാകട്ടെ എണ്‍പതില്‍ ഒന്നും. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയുടെ ആറില്‍ ഒന്നു മാത്രമേ ചന്ദ്രനുള്ളൂ. ഭൂമിയില്‍നിന്നും ഏറെ അകലെയല്ലാത്ത അവ രണ്ടിന്റെയും ഗുരുത്വ കേന്ദ്രത്തെ കേന്ദ്രീകരിച്ചാണ് അതിന്റെ സഞ്ചാരം. അതു ഭൂമിക്കും സൂര്യനുമിടയില്‍ വരുമ്പോഴാണ് കറുത്തവാവ് ഉണ്ടാകുന്നത്. ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍ എന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി. സ്വന്തം അക്ഷത്തിലുള്ള കറക്കവും ഭൂമിക്ക് ചുറ്റുമുള്ള കറക്കവും 29 ദിവസം കൊണ്ടാണ് അതു പൂര്‍ത്തിയാക്കുന്നത്. ഈ കറക്കംകാരണം ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ഭൂമിയില്‍ ദൃശ്യമാവുകയുള്ളൂ. സൂര്യനെപ്പോലെയല്ല ചന്ദ്രന്‍ ഭൂമിയിലുള്ളവര്‍ക്ക് ദൃശ്യമാകുന്നത്. അതിന്റെ രൂപം എന്നും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ആദ്യം ചന്ദ്രക്കലയായി ഉദയംചെയ്യുന്നു; പിന്നീട് ഓരോ ദിവസവും അതു വലുതായിവരുന്നു. പതിമൂന്ന് ദിവസംകൊണ്ട് അതു പൂര്‍ണചന്ദ്രനായി പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്നുള്ള ദിനങ്ങളില്‍ അതു ചെറുതായിവരുന്നു. അവസാനം ഏതുരൂപത്തിലാണോ പ്രഥമനാളില്‍ ഉദയംചെയ്തത് അതേ രൂപത്തില്‍തന്നെ ആവുകയും ചെയ്യുന്നു. ഇതു ചന്ദ്രന് ദൈവം നിശ്ചയിച്ച വ്യവസ്ഥയാകുന്നു. ആകൃത്യത തെറ്റുക സാധ്യമല്ല. അതുമുഖേനയാണ് ഭൂമിയിലുള്ളവര്‍ കാലഗണന കണക്കാക്കുന്നത്. പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറബികള്‍ ചന്ദ്രനെയായിരുന്നല്ലോ കാലഗണനക്ക് അടിസ്ഥാനമാക്കിയിരുന്നത്. ലൂണാര്‍ കലണ്ടര്‍ പ്രകാരം ഇന്നും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ് കാലഗണനക്കാധാരം. ചന്ദ്രന്‍ അതിന്റെ വ്യവസ്ഥ തെറ്റിക്കുന്നതോടെ ഈ ഗണനയും തെറ്റുന്നു. ഇതത്രെ ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നത്: സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിനു ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനു വേണ്ടി. യഥാര്‍ഥ പ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അല്ലാഹു തെളിവുകള്‍ വിശിദീകരിക്കുന്നു. (സൂറത്തുയൂനുസ്: 5). ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യന്‍ സ്വയംതന്നെ ചൂടും വെളിച്ചവുമുള്ള ഒരു വിളക്കിന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്. ചന്ദ്രനാകട്ടെ സൂര്യനില്‍നിന്നും പ്രകാശം സ്വീകരിച്ച് അതു ഭൂമിക്ക് നല്‍കുന്ന ശോഭയുടെ സ്ഥാനത്തും നില്‍ക്കുന്നു. അതാണ് ചന്ദ്രനെ അതില്‍ ഒരു പ്രകാശഗോളമാക്കിയിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറഞ്ഞത്. ഇതേ സൂക്തത്തിലെ അതില്‍ എന്ന ഒരൊറ്റ വാക്കാണ് സൗരയൂഥം എന്ന ആശയത്തിലേക്കുതന്നെ മനുഷ്യനെ നയിച്ചത് എന്നത് മറ്റൊരു ചിന്ത. ചാന്ദ്രയാന്‍ ചന്ദ്രന്റെ തെക്ക് ധ്രുവത്തില്‍ ലളിതമായി ഇറങ്ങുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് ഇന്ത്യ വിജയിച്ചിരിക്കുന്നത്. ഇതില്‍ ഇത്ര ആശങ്കപ്പെടാന്‍ എന്താണുള്ളത് എന്നത് ചാന്ദ്രയാനെ ചുറ്റിപ്പറ്റിയുള്ള ചിന്തകളിലെ ഒരു ചോദ്യമായിരിക്കും. അതു മനസ്സിലാകണമെങ്കില്‍ ചന്ദ്രന്റെ ഉപരിതലത്തെ കൃത്യമായി അറിയണം. ചന്ദ്രന്റെ ഉപരിഭാഗം ഉല്‍ക്കാവര്‍ഷം ഉണ്ടാക്കിയ ഗുഹകളും മലകളും വന്‍പര്‍വതങ്ങളും സമതലങ്ങളും ഗര്‍ത്തങ്ങളുംകൊണ്ട് നിറഞ്ഞതും പരുക്കന്‍ ഭാവത്തിലുള്ളതുമാണ്. മൂന്നു കിലോമീറ്ററോളം ഉയരമുള്ള മൂര്‍ച്ചയുള്ള പര്‍വ്വതങ്ങള്‍ ചന്ദ്രനിലുണ്ട്. അവയുടെ അടയാളം ഏകദേശം നമുക്ക് നോക്കിയാല്‍തന്നെ കാണാവുന്നതാണ്. ആയിരക്കണക്കിനു കിലോമീറ്റര്‍ നീളത്തിലുള്ള മൂന്നുതരം ചാലുകള്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ കാണപ്പെടുന്നുണ്ട്. ചിലത് ലാവ ഒഴുകി ഉണ്ടായതാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ചിലയിടത്ത് വിണ്ടുപൊട്ടിയ പോലെയുള്ള നീണ്ട ചാലുകള്‍ കാണപ്പെടുന്നുണ്ട്. ഇത് നബിയുടെ കാലത്ത് ചന്ദ്രന്‍ പിളര്‍ന്നതിന്റെ അടയാളമാണെന്ന് ചില ഇസ്‌ലാമികവായനകളില്‍ അവകാശവാദമുണ്ട്. അതു ശരിയോ തെറ്റോ ആകാമെങ്കിലും ശാസ്ത്രം പറയുന്നത് ഏതു ഗോളവും അതിന്റെ അന്തര്‍ഭാഗത്ത് താപോര്‍ജം തിങ്ങുകയും പുറത്തേക്ക് പ്രവഹിക്കുകയും ചെയ്യുമ്പോള്‍ എത്ര ഘനമുണ്ടെങ്കിലും അത് പൊട്ടുക സ്വാഭാവികമാണ്, അതായിരിക്കാം ഈ സംഭവത്തിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ടാവുക എന്നാണ്. ഏകദേശം 50 കിലോമീറ്റര്‍ ഉയരമുള്ള അന്തരീക്ഷമാണ് അവിടെയുള്ളത്. അതിന്റെ ഉപരിതലത്ത് പതിക്കുന്ന സൂര്യപ്രകാശത്തില്‍ ചതുരശ്ര മീറ്ററിന് 1400 വാട്‌സ് ഊര്‍ജം വീതമുണ്ട്. ഭൂമിയില്‍നിന്ന് 3,28,168 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രന്‍ സ്ഥിതിചെയ്യുന്നത്. ഈ അകലം കൂടുകയാണെങ്കില്‍ ഭൂമിയില്‍ അതുമുഖേന പല ദോഷങ്ങളും സംഭവിക്കും. ഈ അകലം കുറയുകയാണെങ്കില്‍ ഭൂമി ജലപ്രളയംകൊണ്ട് നശിക്കുകയും ചെയ്യും. ഭൂമി ജീവജാലങ്ങള്‍ക്ക് വാസയോഗ്യമല്ലാതായി മാറും. ഈ പ്രത്യേകതകളെല്ലാം പറയുന്നത് നാം പഠിക്കേണ്ട ഒരു അദ്ധ്യായമാണ് ചന്ദ്രന്‍ എന്നാണ്. പഠിച്ചാലോ അതു മതിയാകും വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസം ബലപ്പെടുത്താന്‍. ഇത്തരം പരീക്ഷണങ്ങളും പഠനങ്ങളും നടന്നാല്‍ മാത്രമേ അല്ലാഹു തന്ന ആയത്തിനോടുള്ള കടമ വീടൂ. അതിനാല്‍, ചാന്ദ്ര പര്യവേക്ഷണങ്ങളെ വിശ്വാസികള്‍ ഹൃദയപൂര്‍വ്വം കാണണം; സ്വീകരിക്കണം. ഇതില്‍ അസാംഗത്യം കാണുകയോ അസ്വസ്ഥത പ്രകടപ്പിക്കുകയോ ചെയ്യുന്നവര്‍ സത്യത്തില്‍ അല്ലാഹുവിന്റെ ആയത്തുകളെ സന്ദേഹത്തോടെ കാണുകയാണ്. അങ്ങനെ ഭയപ്പെടാന്‍ ഒന്നുമില്ല. കാരണം, ചാന്ദ്രയാന്‍ എന്തു കണ്ടുപിടിച്ചാലും അതു വിശ്വാസിയുടെ വിശ്വാസത്തിന് ബലമായിത്തീരുക മാത്രമേ ഉള്ളൂ. ഉദാഹരണമായി, ചാന്ദ്രയാന്റെ യാത്ര തന്നെയെടുക്കാം. പേടകം ആദ്യം സ്‌പേസിലേക്ക് ഉയരുന്നു. പിന്നെ ഭൂമിയെ കൃത്യമായി പ്രദക്ഷിണം ചെയ്യുന്നു. ആ ഭ്രമണപഥം താഴേ നിന്നുള്ള കണ്‍ട്രോള്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു. ഉയര്‍ത്തി ഉയര്‍ത്തി അത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നു. പിന്നെ അത് താഴ്ത്തിക്കൊണ്ടുവന്ന് ചന്ദ്രനില്‍ ഇറക്കുന്നു. ഇതാണല്ലോ സംഭവം. ഇതില്‍ ഉയര്‍ത്തലും താഴ്ത്തലുമെല്ലാം ടെക്‌നോളജിക്ക് വിട്ടുകൊടുക്കാം. പക്ഷേ, ഉയര്‍ത്താനും താഴ്ത്താനും ഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കുമെല്ലാം ഭ്രമണപഥമുണ്ട് എന്നത് ദൈവികമായ കാര്യമാണ്. അത് ഖുര്‍ആനില്‍ പറഞ്ഞ സത്യവുമാണ്. അല്ലാഹു പറയുന്നു: അവനത്രേ രാപ്പകലുകളും സൂര്യചന്ദ്രന്മാരെയും സൃഷ്ടിച്ചത്. അവയൊക്കെ ഓരോ ഭ്രമണപഥത്തില്‍ ദ്രുതസഞ്ചാരം നടത്തുകയാണ്.(അമ്പിയാ: 33). ഇതേ പരാമര്‍ശം യാസീന്‍ സൂറത്തിലുമുണ്ട്. ഖുര്‍ആന്‍ പറഞ്ഞ ഈ ഭ്രമണപഥങ്ങള്‍ ഉള്ളതുതന്നെയാണ് എന്ന് മനുഷ്യന്‍ അറിയണമെങ്കില്‍ ഇങ്ങനെ പര്യവേഷണങ്ങള്‍ നടക്കണമല്ലോ. മറ്റൊരു ഉദാഹരണം, ചാന്ദ്രയാന്‍ മൂന്ന് അയച്ച ആദ്യ ഫലങ്ങളില്‍ ഒന്നാണ്. ചന്ദ്രോപരിതലത്തിന്റെ താപനിലയായിരുന്നു അത്. ചാന്ദ്രയാനില്‍ ഘടിപ്പിച്ച ചെസ്‌റ്റേ എന്ന പെലോട്ട് സെന്‍സര്‍ നല്‍കിയ വിവരമനുസരിച്ച് ചന്ദ്രന്റെ ഉപരിതലതാപനില അറുപത് ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്നാല്‍, വെറും എട്ടു സെന്റിമീറ്റര്‍ താഴേക്ക് പോകുമ്പോള്‍ അത് മൈനസ് പത്ത് ആയി കുറയുന്നുണ്ട്. ഇത് എന്തൊക്കെ സ്ഥാപിക്കുന്നു എന്നത് ശാസ്ത്രജ്ഞന്‍മാര്‍ക്കേ അറിയൂ. പക്ഷേ, ഈ കേട്ടതില്‍നിന്നും എല്ലാ പൊതുജനങ്ങള്‍ക്കും അറിയാവുന്ന രണ്ടു സത്യങ്ങളുണ്ട്. ഒന്നാമതായി, നിലവിലുള്ള അവസ്ഥയില്‍ അവിടെ മനുഷ്യവാസം അസാധ്യമാണ്. രണ്ടാമതായി, അവിടുത്തെ താപനില തികച്ചും മനുഷ്യരെ സംബന്ധിച്ചിടത്തോളം വിചിത്രമാണ്. ഇതിന്റെ വെളിച്ചത്തില്‍, നിലവിലുള്ള സാഹചര്യത്തില്‍ അവിടെ മനുഷ്യവാസം സാധ്യമല്ലെന്നു പറയാന്‍ കഴിയും. അതേസമയം, ഒരിക്കലും അതിനു കഴിയില്ല എന്ന് പറഞ്ഞ് ഒരു വിവാദം സൃഷ്ടിക്കുവാന്‍ താല്പര്യമില്ല. നിലവിലുള്ള അന്തരീക്ഷനില വെച്ച് അവിടെ മനുഷ്യന് താമസിക്കണമെന്നുണ്ടെങ്കില്‍ ഈ അന്തരീക്ഷത്തെ കൃത്രിമമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിയന്ത്രിക്കേണ്ടതായിവരും. അതിനെ സംബന്ധിച്ചൊന്നും ഇപ്പോള്‍ ആരുടെയും പഠനങ്ങള്‍ എത്തിയിട്ടില്ല. ഈ കാര്യത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. ഗോളാന്തരയാത്രകളുടെ ഉദ്ദേശങ്ങളില്‍ ഒന്ന് അവിടെ മനുഷ്യവാസം സാധ്യമാണോ എന്നത് പരിശോധിക്കല്‍ ആണല്ലോ. എന്നാല്‍ നിങ്ങള്‍ക്ക് ഭൂമിയില്‍തന്നെ നിശ്ചയിക്കപ്പെട്ട കാലം ജീവിക്കാനുള്ള വിഭവങ്ങളുണ്ട് എന്ന് അല്ലാഹു പറയുന്നുണ്ട്. (അല്‍ബഖറ: 36, അഅ്‌റാഫ്: 24). അതു ഗ്രഹങ്ങളില്‍ പോയി സ്ഥിരതാമസത്തിന്റെ സാധ്യത നിരാകരിക്കുന്നുണ്ട്. മാത്രമല്ല, ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ഉല്‍പ്പത്തി ചരിത്രത്തില്‍ പറയുന്നത് മനുഷ്യനെ ഭൂമിയിലേക്കുള്ള പ്രതിനിധിയാക്കി എന്നാണ്. അപ്പോള്‍ മനുഷ്യാധിവാസത്തിന്റെ തൊട്ടില്‍ ഭൂമി തന്നെയാണ്. ഇത്തരം മാനോഹരമായ ചിന്തകളിലേക്കെല്ലാം നമ്മെ തിരിച്ചുവിടുന്നുണ്ട് ചാന്ദ്രയാനും ദൗത്യവും അതിന്റെ കണ്ടെത്തലുകളും. ജീവികളോ ജീവനു നിലനില്‍ക്കാനുള്ള സാഹചര്യമോ ചന്ദ്രനില്‍ ഇല്ല എന്നതാണ് നിലവിലുള്ള ശാസ്ത്രസങ്കല്പം. ജലരഹിതമായ ചന്ദ്രനില്‍ ആകെക്കൂടി കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, മീതൈന്‍ തുടങ്ങിയ വാതകങ്ങളും മറ്റുചില രാസപദാര്‍ഥങ്ങളുമാണ് ഉള്ളതായി കരുതപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഓക്‌സിജന്റെ വരെ സാന്നിധ്യം ചാന്ദ്രയാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചാന്ദ്രയാന്‍ ഒന്ന് തന്നെ അതിന്റെ ഓര്‍ബിറ്റര്‍ മാപ്പിങിലൂടെ വെള്ളത്തിന്റെ സാന്നിധ്യം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ ഓക്‌സിജന്‍ വരെയുള്ള മൂലകങ്ങളുടെ സാന്നിധ്യം ചാന്ദ്രയാന്‍ മൂന്നിലൂടെ ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഭൂമിയില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ പലതും അവിടുത്തെ മണ്ണില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് നേരത്തെ ശാസ്ത്രലോകം അനുമാനിച്ചിരുന്നു. ഇപ്പോള്‍ പ്രഗ്യാന്‍ റോവറിലെ ലേസര്‍ ഇന്‍ഡൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്‌ട്രോസ്‌കോപ്പ് ഡിവൈസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള ചന്ദ്രോപരിതലത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. A-l (അലൂമിനിയം), C-a (കാല്‍സ്യം), എല (അയണ്‍), Cr (ക്രോമിയം), T-i (ടൈറ്റാനിയം), Mn (മാംഗനീസ്), S-i (സിലിക്കണ്‍), O (ഓക്‌സിജന്‍) എന്നിവയും ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ കൂട്ടത്തില്‍ ശാസ്ത്രലോകം ഏറ്റവും ജിജ്ഞാസയോടെ പരിഗണിക്കുന്ന വിഷയം സള്‍ഫറിന്റെ സാന്നിധ്യം തന്നെയാണ്. സള്‍ഫറിന്റെ സാന്നിധ്യം ഉറപ്പിക്കപ്പെട്ടാല്‍ ചന്ദ്രന്‍ എങ്ങനെ ഉണ്ടായി എന്നത് വായിച്ചെടുക്കാന്‍ കഴിയും എന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. കാരണം, ശക്തമായ അഗ്‌നിപര്‍വത സ്‌ഫോടനം നടന്നാല്‍ ആണ് സള്‍ഫറിന്റെ അംശം കാണപ്പെടുക. അത്തരം ഒരു സ്‌ഫോടനത്തിലേക്ക് എത്തിച്ചേര്‍ന്നാല്‍ ഒരുപക്ഷേ ഭൂമി ഉണ്ടാകുവാന്‍ നിമിത്തമായി എന്ന് ശാസ്ത്രവും ഖുര്‍ആനും പറയുന്ന ബിഗ് ബാംഗ് പോലെയുള്ള എന്തെങ്കിലുമൊക്കെ ഉരുത്തിരിഞ്ഞു എന്നുവരാം. രണ്ടാമത്തേത്, സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ഹൈഡ്രജന്റെ സാന്നിധ്യം ഉണ്ടോ എന്ന അന്വേഷണത്തിലേക്ക് ഒന്നുകൂടി അടുക്കാന്‍ കഴിയും. ഏറ്റവും പ്രധാനം ഹൈഡ്രജന്റെ സാന്നിധ്യം ഉണ്ടോ എന്നത് കണ്ടെത്തല്‍തന്നെയാണ്. ചാന്ദ്രയാനെ പോലെ ചാന്ദ്രയാന്‍ മൂന്നിന്റെ ശില്‍പ്പി മലയാളിയായ എസ് സോമനാഥന്‍ സാറും നമ്മുടെ ചിന്തകള്‍ക്ക് ചന്തം പകരുന്നുണ്ട്. ദൗത്യ വിജയത്തിനു ശേഷം കേരളത്തിലെത്തിയ അദ്ദേഹം ഒരു മാധ്യമവുമായി സംസാരിക്കവെ ഒരു സത്യം സരളമായി പറഞ്ഞു. ലോകാന്ത്യം എന്ന വിശ്വാസത്തെ കുറിച്ച് ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലക്ക് താങ്കളുടെ കാഴ്ചപ്പാട് എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് അത് തികച്ചും യാഥാര്‍ഥ്യം തന്നെയാണ് എന്നാണ്. ഇതു പല ശാസ്ത്രജ്ഞരും പറഞ്ഞതുതന്നെയാണ്. നമ്മുടെ കാലം കണ്ട ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഇക്കാര്യം പറഞ്ഞതാണ്. 600 വര്‍ഷത്തിനുള്ളില്‍ ഭൂമി ഒരു തീഗോളമായി മാറുമെന്നും ജനസംഖ്യാ വര്‍ദ്ധനവും ഉയര്‍ന്ന തോതിലുള്ള ഊര്‍ജ്ജ ഉപഭോഗവുമാണ് ഭൂമിയെ തീഗോളമാക്കി മാറുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളുമെന്നാണ് അദ്ദേഹം ബീജിംഗില്‍ നടന്ന ടെന്‍സന്റ് വി ഉച്ചകോടിയില്‍ പറഞ്ഞത്. ശാസ്ത്രം വിവിധ കാരണങ്ങളിലും പേരിലും ഇതു കാണുന്നുണ്ട്. അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ക്കു ശേഷമാണ് ഭൂമി ഇന്നത്തെ അവസ്ഥയിലെത്തിച്ചേര്‍ന്നത്. ഇനിയും കാലംചെല്ലുംതോറും സൂര്യനില്‍നിന്നു കിട്ടുന്ന വെളിച്ചവും കൂടിക്കൊണ്ടിരിക്കും. തല്‍ഫലമായി സമുദ്രജലം വറ്റും. ജീവനുള്ള വസ്തുക്കളെല്ലാം നശിക്കും. അന്തരീക്ഷം സ്‌പേസിലേക്ക് പറന്നുപോവും. ക്രമേണ ചൂടു കുറഞ്ഞുകുറഞ്ഞ് അന്ത്യഘട്ടത്തിലെത്തിച്ചേരും എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക പറയുന്നു. (വാള്യം 10, പുറം 91). ഇപ്പോള്‍തന്നെ ഭൂമിയുടെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. 2080 ആകുന്നതോടെ അന്തരീക്ഷ ഊഷ്മാവ് മൂന്ന് സെല്‍ഷ്യസ് വരെ വര്‍ധിച്ച് കടുത്ത കുടിവെള്ളക്ഷാമം മൂലം 2060 കോടി ജനങ്ങള്‍ മരിക്കുമെന്ന് കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലിന്റെ റിപ്പോര്‍ട്ടിലും കാണാം. ചുരുക്കത്തില്‍, ശാസ്ത്രം പ്രപഞ്ചനാശം മുന്നില്‍ കാണുന്നു. ഇപ്പോള്‍ എസ് സോമനാഥന്‍ പറയുന്നതും അതുതന്നെയാണ്. ഈ ഭൂമി അതിന്റെ കേന്ദ്രമായ സൂര്യന്‍ നശിക്കുകവഴി അവസാനിക്കും എന്നാണ്. സൂര്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമായതിനാല്‍ ആ സൂര്യന്റെ നാശംതന്നെയാണ് ലോകത്തിന്റെ നാശവും. അതിനെ ഓരോരുത്തരും ഓരോ പേരില്‍ വിളിക്കുകയും തങ്ങളുടെ ആശയ ലോകത്തിനനുസൃതമായി സംസാരിക്കുകയും ചെയ്യുന്നു എന്നു മാത്രം. ഉദാഹരണമായി, ഇതേ കാര്യം വിശുദ്ധ ഖുര്‍ആന്‍ രണ്ടിടങ്ങളില്‍ പറയുന്നുണ്ട്. അതായത്, സൂര്യന്‍ കെട്ടുപോകുന്ന പ്രതിഭാസത്തെ കുറിച്ച്. അല്ലാഹു പറയുന്നു: സൂര്യന്‍ ചുരുട്ടപ്പെടുമ്പോള്‍... (സൂറത്തുല്‍ അന്‍ഫാല്‍: 1:1) മറ്റൊരിടത്ത് ഇങ്ങനെ കാണാം: സൂര്യചന്ദ്ര സഞ്ചാരം ഒരു നിശ്ചിത കണക്ക് പ്രകാരമാണ്. (സൂറത്തുറഹ്മാന്‍:5) ഈ സൂക്തങ്ങള്‍ എല്ലാം സൂചിപ്പിക്കുന്നത് സൂര്യന്റെ നിലവിലുള്ള ഗതിക്കും പ്രവര്‍ത്തനത്തിനും ഒരറ്റം ഉണ്ടാകും എന്നതു തന്നെയാണ്. അങ്ങനെവരുമ്പോള്‍ സൂര്യനെ ആശ്രയിച്ച് മാത്രം നിലനില്‍ക്കുന്ന ഭൂമി അതോടെ താളംതെറ്റുകയും അവസാനിക്കുകയും ചെയ്യുമെന്ന് പറയാതെവയ്യ. അന്ത്യനാളുണ്ടാകുമെന്ന വിശ്വാസം ഇസ്‌ലാമിക വിശ്വാസത്തിന്റെ അനിവാര്യഭാഗമാണ്. സൂറതുല്‍ഹിജ്‌റിലൂടെ അല്ലാഹു ഉണര്‍ത്തുന്നു: തീര്‍ച്ചയായും അന്ത്യസമയം വരികതന്നെ ചെയ്യും. അതിനാല്‍ നിങ്ങള്‍ അവര്‍ക്ക് ഭംഗിയായി മാപ്പ് നല്‍കുക. ഇത്തരം ചിന്തകളെല്ലാം പൊടിതട്ടിയെടുക്കുവാനും ഒന്നുകൂടി വിചാരണകള്‍ക്ക് വിധേയമാക്കുവാനും നമുക്ക് അവസരം തുറന്നിരിക്കുകയാണ് ചാന്ദ്ര ദൗത്യം എന്ന് ചുരുക്കം. അതിനാല്‍ ചാന്ദ്രയാന്‍ നല്‍കുന്നതെല്ലാം ചന്തമുള്ള ചിന്തകളാണ്.