മിന്നുന്നത് പൊന്നാണ്
അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: 'ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ.' (13:12) ഇവിടെ മിന്നല്‍പിണര്‍ ഭയം ജനിപ്പിക്കുന്നുവെന്നത് നമുക്ക് മനസ്സിലാക്കാവുന്നതാണ്. അന്തരീക്ഷത്തില്‍ സംഭവിക്കുന്ന പ്രതിഭാസമായ മിന്നല്‍ അഥവാ ഇടിമിന്നല്‍ പലപ്പോഴും ദുരന്തങ്ങള്‍ ഉണ്ടാക്കാറുണ്ട്. നമ്മുടെ കേരളത്തില്‍ ഇടിമിന്നല്‍കൊണ്ടുള്ള ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഇന്ത്യയില്‍ ഇടിമിന്നലേറ്റ് ഏറ്റവുമധികം മരണവും വസ്തുവഹകള്‍ക്ക് നാശവും സംഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നുമെല്ലാം പഠനറിപ്പോര്‍ട്ടുള്ള നിലക്ക് പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ, ഇടിമിന്നല്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതുവെ ജനങ്ങള്‍ക്ക് ഭീതിയും ഭയവുമുണ്ട്. എന്നാല്‍, മിന്നല്‍പിണര്‍ ആശജനിപ്പിക്കുന്നു, അതുകൊണ്ട് മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങള്‍ ഉണ്ടെന്ന് ഈ ഖുര്‍ആന്‍ സൂക്തം സൂചിപ്പിക്കുന്നതിന്റെ അര്‍ഥം എന്താണ് എന്നത് കാര്യമായി ആരും ചിന്തിക്കുന്നില്ല. ശരിക്കും അല്ലാഹു സൂചിപ്പിക്കുന്ന പ്രയോജനം എന്തായിരിക്കും എന്നതിലേക്ക് പരിപൂര്‍ണമായി നമുക്ക് എത്തിച്ചേരുവാന്‍ കഴിയില്ല. അതിന് രണ്ടു പ്രധാന കാരണങ്ങളുണ്ട്. ഒന്നാമതായി നമ്മുടെ ഗ്രാഹ്യശേഷി അത്രയ്ക്ക് വളര്‍ന്നിട്ടുണ്ടാവില്ല. അതു വളരുവാന്‍ വേണ്ട ഭൗതിക ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ പൂര്‍ണ വളര്‍ച്ചയിലെത്തിയിട്ടുണ്ടാവില്ല. രണ്ടാമതായി, ഖുര്‍ആനില്‍ പറയുന്ന എല്ലാ സൂചനകളും കാലത്തോടൊപ്പം വളരുകയാണ് ചെയ്യുന്നത്. കാരണം, വിശുദ്ധ ഖുര്‍ആന്‍ ഒരു തലമുറക്കോ കാലത്തിനോ മാത്രം വെളിച്ചം കാണിക്കേണ്ട ഗ്രന്ഥമല്ല. അത് ഖിയാമത്ത് നാള് വരെ മനുഷ്യനെ നയിക്കേണ്ട ഗ്രന്ഥമാണ്. അതിനാല്‍, അതിലെ സൂചനകള്‍ കാലത്തിന്റെ പുരോഗതിക്കനുസരിച്ചാണ് അനാവരണംചെയ്യപ്പെടുക. നബി(സ്വ)യുടെ കാലത്തില്ലാത്ത പല സത്യങ്ങളും പില്‍ക്കാലത്ത് പുലര്‍ന്നത് ഇതിന് ഉദാഹരണമാണ്. ഇടിയും മിന്നലും എങ്ങനെയാണ് ആശയും പ്രത്യാശയും പകരുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അല്ലാഹു അങ്ങനെ സൂചിപ്പിച്ച നിലക്ക് അതുണ്ടാകുമെന്നുറപ്പാണ്. അതു നമ്മുടെ കാലത്തിനു വേണ്ട അളവിലെങ്കിലും നമുക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നതും ഉറപ്പാണ്- അരുപക്ഷേ, വിശ്വാസികള്‍പോലും ചിന്തിക്കുന്നില്ല. ഇടിയും മിന്നലും പ്രകൃതിയുടെ ഒരു പ്രതിഭാസം മാത്രമാണെന്നാണ് അധികമാളുകളും വിചാരിച്ചിട്ടുള്ളത്. ഞൊടിയിടയില്‍ മിന്നിമറയുന്നതോടെ ചിന്താശീലമുള്ളവരുടെ മനസ്സുകളില്‍പോലും അതിനെക്കുറിച്ചുള്ള ചിന്തയും മങ്ങുന്നു. എന്നാല്‍, ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍നിന്നും ചിലത് മനസ്സിലാക്കാനുണ്ട്. അതിന്റെ പശ്ചാതലത്തില്‍ ഭൗതിക ശാസ്ത്രത്തിന്റെ അരികുചേര്‍ന്ന് ചിലത് അന്വേഷിക്കാനുണ്ട്. അത് അവന് തന്റെ റബ്ബിലേക്ക് ചേര്‍ന്നുനില്‍ക്കാനുള്ള പ്രചോദനമാണ് എന്നതോടൊപ്പം വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അമാനുഷികത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനുള്ള ഒരു വഴികൂടെ അവന്‍ മുമ്പില്‍ തുറക്കപ്പെടുകയും ചെയ്യും. ഇതു മനസ്സിലാക്കുവാന്‍ ആദ്യം എങ്ങനെയാണ് ഇടിയും മിന്നലും ഉണ്ടാകുന്നത് എന്നതിനെ പറ്റിയുള്ള ശാസ്ത്രത്തിന്റെ നിഗമനം മനസ്സിലാക്കണം. അതനുസരിച്ച് ഭൗമോപരിതലത്തിനു മുകളില്‍ ഏകദേശം ഒന്നു മുതല്‍ പതിനാല് കിലോമീറ്റര്‍ വരെ ഉയരത്തില്‍ മേഘങ്ങള്‍ പാളികളായി കൂടിക്കിടക്കുകയാണ്. ഈ മേഘങ്ങളില്‍ വിവിധങ്ങളായ പദാര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കും. ഇതിലേക്ക് കാറ്റ് കടന്നുവരുന്നു. ഇങ്ങനെ കാറ്റ് കടന്നുവരുന്നതും അവ മേഘപാളികളെ ചലിപ്പിക്കുന്നതും വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഈ കാറ്റില്‍ മേഘപാളികള്‍ താഴേക്കും മുകളിലേക്കും ചലിച്ചുകൊണ്ടിരിക്കും. ഈ ചലനത്തെ തുടര്‍ന്ന് ചെറിയ കണികകള്‍ക്ക് നെഗറ്റീവ് ചാര്‍ജ്ജും വലിയ കണികകള്‍ക്ക് പോസിറ്റീവ് ചാര്‍ജും കൈവരും. വായുപ്രവാഹവും ഗുരുത്വാകര്‍ഷണഫലവും കൂടി ചേരുമ്പോള്‍ അവിടെ ഒരുതരം സമ്മര്‍ദ്ദം ഉളവാകും. ഇപ്രകാരം മേഘത്തിന്റെ കീഴ്ത്തട്ടിലും മേല്‍ത്തട്ടിലും മേഘത്തിന്റെ കീഴ്ത്തട്ടിലും ഭൗമോപരിതലത്തിലും വലിയ വൈദ്യുത വോള്‍ട്ടേജ് ഉണ്ടാവുന്നു. വളരെ ഉയര്‍ന്ന ഈ വോള്‍ട്ടേജില്‍ (മേഘത്തിന്റെ അളവനുസരിച്ച് ഏകദേശം 10 കോടി മുതല്‍ 100 കോടി വരെ) വായുവിന്റെ ഇന്‍സുലേഷന്‍ നഷ്ടപ്പെട്ട് ചാര്‍ജ് അങ്ങോട്ടുമിങ്ങോട്ടും അതിവേഗത്തില്‍ പ്രവഹിക്കുന്നു. അപ്പോഴുണ്ടാവുന്ന വൈദ്യുത സ്പാര്‍ക്കിംഗാണ് മിന്നലായി നമുക്ക് അനുഭവപ്പെടുന്നത്. ചുരുക്കത്തില്‍, മിന്നല്‍ മേഘങ്ങളില്‍ നടക്കുന്ന വിപരീത വൈദ്യുതചാര്‍ജുകളുടെ പ്രവാഹമാണ് ഇടിമിന്നലിനു കാരണം. ഇപ്രകാരമുള്ള വൈദ്യുത പ്രവാഹം ഇടയിലുള്ള വായുവിനെ 20,000 ഡിഗ്രി വരെ ചൂടാക്കുന്നു. ഇത് ചുറ്റുമുള്ള വായുവിനെ ഒരു ഷോക് വേവ് ഉണ്ടാക്കിക്കൊണ്ട് ശാബ്ദാതി വേഗത്തിലുള്ള തരംഗങ്ങള്‍ ഉണ്ടാകാനും ഇവ അല്പദൂരത്തെ സഞ്ചാരത്തിനു ശേഷം മര്‍ദ്ദം കുറഞ്ഞ് അതിഭയങ്കര ശബ്ദത്തോടുകൂടിയുള്ള ശബ്ദതരംഗങ്ങളായി മാറുകയും ചെയ്യുന്നു. ശബ്ദവും ജ്വാലയും ഒരുമിച്ചുതന്നെയാണ് ഉണ്ടാവുന്നതെങ്കിലും ജ്വാല പ്രകാശപ്രവേഗത്തിലും (അഥവാ സെക്കന്റില്‍ മൂന്നു ലക്ഷം കിലോ മീറ്റര്‍) ശബ്ദം ശബ്ദവേഗത്തിലും (സെക്കന്റില്‍ 340 മീറ്റര്‍) സഞ്ചരിക്കുന്നതിനാലാണ് മിന്നല്‍ കണ്ടതിനു ശേഷം മാത്രം നാം ശബ്ദം കേള്‍ക്കുന്നത്. രണ്ടും ഏകദേശം ഒരേ സമയത്തുതന്നെ അനുഭവപ്പെടുകയും ചെയ്യാം. അപ്പോള്‍ മിന്നലില്‍ പ്രസരിക്കുന്ന വോള്‍ട്ടേജും ശബ്ദവും അതിശ്ശക്തമായിരിക്കും. അപ്പോഴാണ് ഇടിമിന്നല്‍ ജീവവസ്തുക്കളില്‍ ഏശുന്നതും അപകടദുരന്തങ്ങള്‍ ഉണ്ടാകുന്നതും. അന്തരീക്ഷവായുവില്‍ വൈദ്യുത ചാലകങ്ങള്‍ ഉള്ളതിനാല്‍ അയണമണ്ഡലത്തില്‍നിന്നും പോസിറ്റീവ് ചാര്‍ജ് ചോര്‍ന്ന് ഭൂമിയിലെത്തുന്നു. ഈ ചോര്‍ച്ച സന്തുലനാവസ്ഥയിലുള്ള വോള്‍ട്ടേജിനു കുറവുവരുത്തുന്നു. ഈ കുറവു പരിഹരിക്കാന്‍ ഇടിമിന്നല്‍ സഹായിക്കുന്നു. നമ്മള്‍ അനുഭവിക്കുന്നതിലും എത്രയോ അധികം ഇടിമിന്നലുകള്‍ ഓരോ സെക്കന്റിലും ഉണ്ടാവുന്നുണ്ട് എന്നാണ്. എന്നാല്‍, ഇവയെല്ലാം അതിതീവ്രമോ ഭയങ്കരമോ ആയ ചാര്‍ജ് ഉളവാക്കുന്നവയല്ല. കരയിലും കടലിലുമൊക്കെ മിന്നലുകള്‍ ഉണ്ടാകുന്നു. എന്നാല്‍, ഭൂമിയിലേക്കിറങ്ങിവന്ന് നാശം വിതക്കുന്ന ഇടിമിന്നലുകള്‍ കുറവാണ്. ഈ വിപരീത വൈദ്യുത പ്രവാഹം കണ്ടെത്തിയത് 1975ല്‍ സഹോദരങ്ങളായ മൈക്ക്, ഷിന്‍ എന്നിവരും അവരുടെ സഹോദരി മേരിയുമാണ്. കാലിഫോര്‍ണിയയിലെ മോരാറോക്ക് എന്ന ഒരു വന്‍ ഗ്രാനൈറ്റ് കുന്ന് കയറുകയായിരുന്നു അവര്‍ മൂന്നുപേരും. അതിനിടെ സഹോദരന്‍മാര്‍ രണ്ടാളുടെയും മുടി പൊങ്ങിവരുന്നത് മേരി കണ്ടു. അന്വേഷണതൃഷ്ണയുണ്ടായിരുന്ന മേരി അതിന്റെ ഫോട്ടോയെടുത്തു. അടുത്ത നിമിഷംതന്നെ മൂന്നു പേര്‍ക്കും മിന്നലേറ്റു. പൊള്ളലേറ്റെങ്കിലും മൂന്നു പേരുടെയും ജീവന്‍ രക്ഷപ്പെട്ടു. മേഘത്തില്‍ രൂപപ്പെട്ട ചാര്‍ജിന് വിപരീതമായ ചാര്‍ജ് അവരുടെ ശരീരത്തില്‍ സംഭരിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ മുടി ഉയര്‍ന്നുനിന്നത് എന്നു വ്യക്തം. വായുവിന്റെ താപനില അത്യധികമായി മിന്നല്‍ ഉയര്‍ത്തുമെന്ന് മനസ്സിലാക്കിയല്ലോ. ഉയര്‍ന്ന ചൂട് കാരണം വായു അത്യധികമായി വികസിച്ച് അതിവേഗം ചലിക്കുന്നതിനാലാണിത്. അതിന്റെ അലയാണ് ഇടിനാദം. മിന്നലുണ്ടാകുന്ന സ്ഥലത്തെ വായുവിന്റെ സാന്ദ്രത പെട്ടെന്ന് നന്നേ കുറയുന്നു. ഇവിടേക്ക് സമീപപ്രദേശങ്ങളില്‍നിന്ന് വായു അത്യധികം വേഗത്തില്‍ ഇടിച്ചുകയറുമ്പോഴുണ്ടാകുന്ന അലകളും ഇടിമുഴക്കം സൃഷ്ടിക്കുന്നു. ശരാശരി 200 കിലോഗ്രാം ടി.എന്‍.ടിയുടെ സ്‌ഫോടനത്തിന് സമാനമായ ആഘാതം വായുവിന്റെ ഈ കൂട്ടിയിടി സൃഷ്ടിക്കുന്നു എന്നാണ്. ഇതാണ് ഇടിശബ്ദം നമ്മെ ഭയപ്പെടുത്തുമാറ് ഉച്ചത്തിലാവാന്‍ കാരണം. ഇനിയാണു നാം ഇടിയും മിന്നലും പകരുന്ന ആശ കണ്ടെത്തേണ്ടത്. അത് ഇടിമിന്നല്‍ അന്തരീക്ഷവായുവിനെ അയണീകരിക്കുകയും നൈട്രജന്‍ ഓക്‌സൈഡ്, ഓസോണ്‍ എന്നീ രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കപ്പെടുവാന്‍ കാരണമാവുകയും ചെയ്യുന്നു എന്നതാണ്. ഒന്നുകൂടി പറഞ്ഞാല്‍, അന്തരീക്ഷത്തിലെ നൈട്രജനെ സസ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പാകത്തിന് നൈട്രേറ്റുകളായി പരിവര്‍ത്തിപ്പിക്കുന്നതില്‍ മിന്നലിന് വലിയ പങ്കുെണ്ടന്നു ചുരുക്കം. ഇവിടെനിന്നാണ് നാം ഇടിയും മിന്നലും പ്രദാനംചെയ്യുന്ന പ്രയോജനത്തിലേക്ക് കടക്കുന്നത്. നൈട്രജന്‍ ജീവലോകത്തിന് ഏറ്റവുമധികം ആവശ്യമുള്ള ഒന്നുമാണ്. അന്തരീക്ഷത്തില്‍ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന ഘടകമാണ് നൈട്രജന്‍. (വ്യാപ്തത്തിന്റെ അടിസ്ഥാനത്തില്‍ 78.084 ശതമാനവും, ഭാരത്തിന്റെ അടിസ്ഥാനത്തില്‍ 75.5 ശതമാനവും). മനുഷ്യശരീരത്തില്‍ 1/3 ശതമാനവും നൈട്രജനാണ്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും അത്യാവശ്യമാണ് നൈട്രജന്‍. സസ്യങ്ങളില്‍നിന്നാണ് മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും നൈട്രജന്‍ ലഭിക്കുന്നത്. ഈ നൈട്രജന്‍ പകുതിയിലധികവും ഇടിമിന്നല്‍ മൂലമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. സസ്യങ്ങള്‍ നേരിട്ട് നൈട്രജന്‍ സ്വീകരിക്കുകയല്ല ചെയ്യുന്നത്. നൈട്രജന്‍ ആറ്റങ്ങളെ തമ്മില്‍ വിഘടിപ്പിക്കണമെങ്കില്‍ വളരെയധികം ഊര്‍ജം ആവശ്യമാണ്. സസ്യങ്ങളെ സംബന്ധിച്ചിടത്തോളം അതു സാധ്യമല്ല. സസ്യങ്ങള്‍ക്ക് നൈട്രജന്‍ ലഭ്യമല്ലെങ്കില്‍ മനുഷ്യനും അതു ലഭിക്കില്ല. പക്ഷേ, പ്രകൃതിയിലെ നൈട്രജനെ സസ്യങ്ങള്‍ക്ക് ഉപകാരപ്പെടുംവിധം എങ്ങനെ പരിവര്‍ത്തനംചെയ്യും? ഈ പ്രശ്‌നത്തിന് ഇടിമിന്നലിനെയാണ് അല്ലാഹു പരിഹാരമായി നിര്‍ണയിച്ചത്. ഇടിമിന്നല്‍ മുഖേന മാറ്റപ്പെടുന്ന നൈട്രേറ്റ് മഴയില്‍ കലര്‍ന്ന് ഭൂമിയില്‍ പതിക്കുന്നു. അതാകട്ടെ സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷണമൊരുക്കുന്നു. ഈ വിഷയത്തില്‍ പഠനം പൂര്‍ത്തിയായിട്ടില്ല. ഒട്ടേറെ നിഗൂഢതകളെ കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. അവയില്‍ ഒന്നാണ് വിശുദ്ധ ഖുര്‍ആന്‍ സൂറത്തുന്നൂര്‍ 44ാം വചനത്തില്‍ ആലിപ്പഴത്തെ പരാമര്‍ശിച്ച കൂട്ടത്തില്‍ മിന്നല്‍പിണരുകളെ എടുത്തുപറയുകയുണ്ടായി എന്നത്. ഇവ രണ്ടുംതമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നത്. അത് തെളിയുന്നപക്ഷം മറ്റൊരു കൗതുകലോകം കൂടി നമുക്കു മുമ്പില്‍ അനാവരണംചെയ്യപ്പെടും. ലോകത്തെവിടെയും മനുഷ്യന്റെ കൂടപ്പിറപ്പായി ഇത്തരം പ്രപഞ്ചപ്പൊരുളുകളറിയാനുള്ള കൗതുകമുണ്ടായിരുന്നു. അതുതന്നെയാണ് ശാസ്ത്രാന്വേഷണമായും ശാസ്ത്രവിജ്ഞാനമായും പരിണമിച്ചത്. സ്രഷ്ടാവിലേക്കുള്ള പാത ലളിതമാക്കാന്‍ അതു മനുഷ്യനെ സഹായിച്ചു. ദൈവം രചിച്ച മറ്റൊരു പുസ്തകം മാത്രമാണ് പ്രകൃതി; എല്ലാ സത്യത്തിന്റെയും രചയിതാവ് ദൈവം തന്നെയാകുന്നു എന്ന് ഗലീലിയോ (1564-1642) പറയുകയുണ്ടായി. ആകാശങ്ങള്‍ ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കുന്നു’എന്നാണ് ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ജോഹന്നസ് കെപ്പര്‍ (1511-1630) പ്രസ്താവിച്ചത്. ഏകദൈവമാണ് ലോകം സൃഷ്ടിച്ചത്; അതുകൊണ്ട് മുഴുവന്‍ പ്രകൃതിയെയും ഒരു ഏകകമായി വേണം വ്യാഖ്യാനിക്കാന്‍ എന്നായിരുന്നു മൈക്കള്‍ ഫാരഡെയുടെ (1791-1867) അഭിപ്രായം. ലൂയി പാസ്ചര്‍ (1822-1895) പറഞ്ഞു- കുറഞ്ഞ ശാസ്ത്രം നിങ്ങളെ ദൈവത്തില്‍നിന്ന് അകറ്റുന്നു. അധികം ശാസ്ത്രം നിങ്ങളെ ദൈവത്തിലെത്തിക്കുന്നു. സൃഷ്ടി മാത്രമാണ് ശാസ്ത്രീയമായ ഏകവ്യാഖ്യാനം എന്ന ന്യൂട്ടന്റെ (1642-1727) പ്രഖ്യാപനം അദ്ദേഹത്തിന്റെ കാലശേഷം കൂടുതല്‍ പ്രസക്തിയാര്‍ജിക്കുന്നതും കാണാന്‍ സാധിക്കുന്നു. വിശ്വാസിയല്ലാത്തൊരു ശാസ്ത്രജ്ഞനെ തനിക്ക് വിഭാവനംചെയ്യാന്‍ കഴിയില്ലെന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ (1879-1955) പറയുകയുണ്ടായത്.