Sunni Afkaar Weekly

Pages

Search

Search Previous Issue

പെണ്ണും ഇണയും

ടി.എച്ച്. ദാരിമി
പെണ്ണും ഇണയും

ജീവിതപങ്കാളിക്ക് പല ഭാഷകളിലും പല വാക്കുകളാണ് ഉപയോഗിച്ചുവരുന്നത്. ഓരോ ഭാഷക്കാര്‍ക്കും തങ്ങളുടെ ഭാഷയിലെ പ്രയോഗമാണ് ശരി എന്ന് പറയുവാനും വാദിക്കുവാനും കൂടുതല്‍ വികാരം കാണും. അതൊക്കെ ന്യായീകരണങ്ങള്‍ മാത്രമാണ്. ഒരു ഭാഗം അനുകൂലമാകുമ്പോള്‍ മറ്റൊരു വശം പ്രതികൂലമാകും. നമ്മുടെ മലയാളത്തിലെ ഭാര്യ എന്ന വാക്ക് തന്നെ അതിന് ഉദാഹരണമാണ്. പുരുഷന്റെ വിധേയ എന്നൊക്കെ അതിനര്‍ഥം കല്‍പ്പിക്കാമെങ്കിലും അവള്‍ ഭരിക്കപ്പെടുന്നവളും ഭരിക്കപ്പെടേണ്ടവളുമാെണന്ന ഒരു പ്രയാസപ്പെടുത്തുന്ന പ്രയോഗം അതില്‍നിന്നു പുറത്തുചാടുന്നുണ്ട്. അങ്ങനെ വിലയിരുത്തിവരുമ്പോള്‍ ഏറ്റവും അര്‍ഥപൂര്‍ണതയും ആശയസമ്പന്നതയുമുള്ള വാക്കും പ്രയോഗവും വിശുദ്ധ ഖുര്‍ആന്റെ സൗജ് എന്ന പ്രയോഗമാണ്. സൗജ് എന്നാല്‍ ഇണ എന്നാണ് അര്‍ഥം. ഭാര്യ ഭരിക്കപ്പെടുന്നവളും ഭര്‍ത്താവ് ഭരിക്കുന്നവനുമെന്ന ധാരണക്ക് ഇണകള്‍ എന്നര്‍ഥംവരുന്ന പാരസ്പര്യത്തിന്റെ ഉള്‍ക്കനമുള്ള സൗജ് എന്ന പദത്തെ പകരംവെക്കുകയാണ് ഖുര്‍ആന്‍. അതോടെ സ്ത്രീപുരുഷന്മാര്‍ പരസ്പര പൂരകവും പരസ്പര സഹായകവുമായ പങ്കാളികളായിക്കൊണ്ടുള്ള, ഇണതുണയെന്ന നിലയ്ക്കുള്ള ഉദാത്ത സങ്കല്‍പ്പം ഉടലെടുക്കുന്നു. പാരസ്പര്യമാണ് അതിന്റെ അകംപൊരുള്‍. അടിച്ചമര്‍ത്തലോ, തല്‍സ്വഭാവത്തിലുള്ള മേധാവിത്വമോ ഈ പാരസ്പര്യത്തില്‍ ഉണ്ടാവുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഭാര്യ ഭര്‍ത്താക്കന്മാരെ വസ്ത്രങ്ങളായും വിശേഷിപ്പിക്കുന്നുണ്ട്. (2: 187). പക്ഷേ, എല്ലാ ഭാര്യമാരെയും അഥവാ ജീവിതപങ്കാളികളെയും ഇണ എന്ന അര്‍ത്ഥമുള്ള സൗജ് എന്ന് ഖുര്‍ആന്‍ പ്രയോഗിക്കുന്നില്ല. ഇത് ഖുര്‍ആന്റെ അമാനുഷികതയുടെ ഒരു തെളിവുകൂടിയാെണന്ന് പഠനങ്ങള്‍ പറയുന്നു. പുരുഷനും സ്ത്രീയും തമ്മില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള സംയോജനമുണ്ടാകുന്ന ബന്ധങ്ങളിലെ സ്ത്രീയെ മാത്രമാണ് ഖുര്‍ആന്‍ സൗജ് എന്ന് വിളിക്കുന്നതും ശരിയായ ജീവിത പങ്കാളിയായി പരിഗണിക്കുന്നതും. അല്ലാത്തവരെ വെറും പെണ്ണ് എന്നാണ് ഖുര്‍ആന്റെ പ്രയോഗം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉണ്ടായിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പരിഗണിക്കുന്ന ഈ യോജിപ്പില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് പരിഗണിക്കുന്നത്. അവയില്‍ ഒന്ന് ഭാര്യയും ഭര്‍ത്താവും ആശയതലത്തില്‍ പൊരുത്തമുണ്ടാവുക എന്നതാണ്. അഥവാ, രണ്ടുപേരും ഒരേ ആദര്‍ശത്തെ പിന്തുടരുന്നവരായിരിക്കുക എന്നത്. ഈ യോജിപ്പില്‍ പരിഗണിക്കുന്ന മറ്റൊരു കാര്യം കുടുംബനാഥനായ പുരുഷന് ഈ ഭാര്യയിലോ തന്റെ മറ്റേതെങ്കിലും ഭാര്യമാരിലോ മക്കള്‍ ഉണ്ടായിരിക്കുക എന്നത്, അഥവാ പുരുഷന് പ്രത്യുല്‍പാദനശേഷി ഉണ്ടായിരിക്കുക എന്നത്. ഇത്തരം വിഷയങ്ങളില്‍ പരിപൂര്‍ണമായ യോജിപ്പ് ഉണ്ടാകുമ്പോള്‍ മാത്രമാണല്ലോ ഒരാണും ഒരു പെണ്ണും ശരിക്കും പരസ്പരം ലയിച്ചുചേര്‍ന്ന് ഒന്നായിത്തീരുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും നേരിട്ട് കുടുംബമെന്ന നൗക വിജയക്കരയിലെത്തിക്കുവാന്‍ അവര്‍ക്ക് കഴിയുക അപ്പോള്‍ മാത്രമാണ്. അല്ലാതെവരുമ്പോള്‍ ആ ബന്ധത്തില്‍ പെണ്ണിന്റെ റോള്‍ കേവലം ഒരു ലൈംഗിക ഉപകരണമെന്നതു മാത്രമായി ചുരുങ്ങുന്നു. അതുകൊണ്ട് ഖുര്‍ആന്‍ അവളെ പെണ്ണ് എന്നുമാത്രം വിളിച്ച് അതില്‍ ഒതുക്കുന്നു. ഇതു പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികതകളില്‍ പെട്ട ഒരു അധ്യായമാണ്. ഉദാഹരണങ്ങള്‍ പരിശോധിക്കാം. മനുഷ്യകുലത്തിലെ ആദ്യത്തെ കുടുംബം തന്നെയാണ് ആദ്യത്തെ ഉദാഹരണം. അതിലെ ആദംനബി(അ)ന്റെയും ഹവ്വാ ബീബി(റ)യുടെയും കുടുംബത്തിലെ ഇണയെ വിശുദ്ധ ഖുര്‍ആന്‍ സൗജ് എന്നുതന്നെയാണ് വിളിക്കുന്നത്. അല്ലാഹു പറയുന്നു: ആദമിനോട് നാം അരുളി- താങ്കളും സഹധര്‍മിണിയും സ്വര്‍ഗത്തില്‍ വസിക്കുകയും അതില്‍നിന്ന് ഇഷ്ടാനുസരണം സുഭിക്ഷമായി ആഹരിക്കുകയും ചെയ്യുക. എന്നാല്‍, ഈ വൃക്ഷവുമായി അടുക്കരുത്; അങ്ങനെ ചെയ്താല്‍ നിങ്ങളിരുവരും അക്രമികളില്‍ പെടും. (സൂറത്തുല്‍ ബഖറ: 35) ഇവിടെ രണ്ടുപേര്‍ക്കുമിടയില്‍ പരിപൂര്‍ണമായ പൊരുത്തവും യോജിപ്പുമുണ്ടായിരുന്നു. മാത്രമല്ല, ആദം നബി(അ)ന് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു. ഈ സംബോധന നടക്കുന്നത് ഭൂമിലോകത്ത് എത്തുന്നതിനു മുമ്പാണ്. മറ്റൊരു ഉദാഹരണം നബി(സ്വ) തങ്ങളുടേതാണ്. നബി(സ്വ)യുടെ ഭാര്യമാരെ കുറിച്ചു പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ സൗജ് എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. കാരണം, നബി(സ്വ) തങ്ങളും ഭാര്യമാരും തമ്മില്‍ സമ്പൂര്‍ണമായ പൊരുത്തങ്ങളുണ്ടായിരുന്നു. നബിതങ്ങള്‍ക്ക് അവരില്‍ രണ്ടു ഭാര്യമാരില്‍ (ഖദീജ, മാരിയ(റ)) കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു. സൂറത്തുല്‍ അഹ്‌സാബില്‍ അല്ലാഹു പറയുന്നതില്‍നിന്ന് ഇതു ഗ്രഹിക്കാം. ഖുര്‍ആന്‍ പറയുന്നു: 'സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തത്തെക്കാള്‍ സമീപസ്ഥരാണ് നബിതിരുമേനി; പ്രവാചക പത്‌നിമാര്‍ അവരുടെ ഉമ്മമാരുമത്രെ. (സൂറത്തുല്‍ അഹ്‌സാബ്: 6) ഇവിടെ അല്ലാഹു സൗജ് എന്ന വാക്കാണ് പ്രയോഗിക്കുന്നത്. അപ്രകാരംതന്നെ, ശരിക്കും ഒരു കുടുംബം രൂപപ്പെടേണ്ടത് ആണും പെണ്ണും ചേര്‍ന്നല്ല ആണും ഇണയും ചേര്‍ന്നാെണന്ന് അല്ലാഹു ദ്യോതിപ്പിക്കുന്നതും കാണാം. ഉദാഹരണമായി വിവാഹത്തെ കുറിച്ച് അല്ലാഹു പറയുന്നിടത്ത്, നിങ്ങള്‍ക്ക് അനുഗ്രഹമായി തന്നിരിക്കുന്നതും ഉണ്ടാവേണ്ടതും സൗജാണ്, അല്ലാതെ ഇംറഅത് അല്ല എന്നത് ഖുര്‍ആന്റെ ധ്വനിയില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. ഉദാഹരണമായി അല്ലാഹു സൂറത്തു റൂമില്‍ ഇരുപത്തി ഒന്നാമത്തെ സൂക്തത്തില്‍ പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രെ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട്, തീര്‍ച്ച. (സൂറത്ത് റൂം: 21) ഇവിടെ ഉപയോഗിച്ചിരിക്കുന്നത് സൗജ് എന്ന വാക്കാണ്. അപ്രകാരംതന്നെ സത്യവിശ്വാസികളെ തങ്ങളുടെ കുടുംബത്തിനും സന്തതികള്‍ക്കും വേണ്ടി നടത്തേണ്ട ഒരു പ്രാര്‍ത്ഥന അല്ലാഹു പഠിപ്പിക്കുന്നുണ്ട്- സൂറത്ത് ഫുര്‍ഖാന്‍ എഴുപത്തിനാലാമത്തെ ആയത്തിലാണ് അത്. അല്ലാഹു പറയുന്നു: നാഥാ സ്വന്തം സഹധര്‍മിണിമാരിലും സന്താനങ്ങളിലും നിന്ന് ഞങ്ങള്‍ക്കു നീ ആനന്ദം നല്‍കുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും അവര്‍. (സൂറത്ത് ഫുര്‍ഖാന്‍: 74) ശരിയായ സത്യവിശ്വാസിയുടെ ലക്ഷണമാണിത്. ഭാര്യമാരും മക്കളുമൊക്കെ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും നിദര്‍ശനങ്ങളും സ്രോതസ്സുകളുമാകണമെന്നും ഏറ്റവും മാതൃകായോഗ്യമായ ജീവിതത്തിന്റെ ഉടമകളാകണമെന്നും അവര്‍ നിരന്തരമായി ആഗ്രഹിക്കുക എന്നതും അതിനായി പ്രാര്‍ഥിക്കുക എന്നതും ഉണ്ടാവണമെങ്കില്‍ അതിനുള്ള പ്രചോദനം മനസ്സില്‍നിന്നുതന്നെ വരണം. അതിന് ദമ്പതികള്‍ക്കിടയില്‍ നല്ല മനപ്പൊരുത്തം ഉണ്ടാവുകയുംവേണം. ഇനി ജീവിതപങ്കാളിയെ വെറും പെണ്ണ് എന്നു വിളിക്കുന്ന, വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിക്കാം. അതു ധാരാളമുണ്ട്. ഉദാഹരണമായി സൂറത്തു അത്തഹ്‌രീം പതിനൊന്നാമത്തെ ആയത്ത് പരിശോധിക്കാം. അതില്‍ അല്ലാഹു പറയുന്നത് ഫറോവയുടെ ഭാര്യയെ കുറിച്ചാണ്. ഫറോവയുടെ ഭാര്യ ആസിയ ബീബി(റ) ആയിരുന്നു. ഫറോവ എന്ന് വിശേഷിപ്പിക്കുന്ന ഈജിപ്ത് ഭരിച്ച കോപ്ടിക്കുകളിലെ റാംസസ് രണ്ടാമന്‍ ചക്രവര്‍ത്തി ക്രൂരനും ഏകദൈവ വിശ്വാസത്തിന് എതിരേ നില്‍ക്കുന്ന ആളുമായിരുന്നു. അതേസമയം, അദ്ദേഹത്തിന്റെ പത്‌നി ആസിയ(റ) മനസ്സുകൊണ്ട് സത്യവിശ്വാസത്തെ സ്വീകരിച്ച ആളായിരുന്നു. അവര്‍ തമ്മില്‍ ആദര്‍ശപരമായ പൊരുത്തം തീരേ ഉണ്ടായിരുന്നില്ല. മനപ്പൊരുത്തം ഇല്ലാത്തതിനാല്‍ അവരെക്കുറിച്ച് പറയുമ്പോള്‍ അല്ലാഹു ഫറോവയുടെ ഇണ എന്നല്ല ഫറോവയുടെ പെണ്ണ് എന്നാണ് പറയുന്നത്- സൗജ് എന്നല്ല ഇംറഅത്ത് എന്ന്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികള്‍ക്ക് ഉപമയായി ഫറോവയുടെ പത്‌നിയെയാണവന്‍ ഉപമിക്കുന്നത്. നാഥാ, നിന്റെ സന്നിധിയില്‍ എനിക്കൊരു സ്വര്‍ഗീയ സദനം പണിതുതരികയും ഫിര്‍ഔനിലും അവന്റെ ക്രൂര ചെയ്തികളിലും അതിക്രമികളായ കൂട്ടരിലും നിന്ന് എനിക്ക് സുരക്ഷയേകുകയും ചെയ്യേണമേ എന്ന് അവര്‍ കേണു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. (സൂറത്ത് ത്തഹ്‌രീം: 11) ഇപ്രകാരംതന്നെ നൂഹ് നബി(അ)ന്റെയും ലൂത്ത് നബിയുടെയും ഭാര്യമാരെ കുറിച്ചും ഖുര്‍ആന്‍ പെണ്ണ് എന്ന് പറയുന്നുണ്ട്. നൂഹ് നബി(അ)ന്റെ ഈ ഭാര്യ ശത്രുക്കളുടെ കൂടെ ചേര്‍ന്ന് നൂഹ് നബി(അ)നെ പരിഹസിക്കുവാനും ഭര്‍ത്സിക്കുവാനും ശ്രമിച്ച ആളായിരുന്നു. ലൂത്ത് നബി(അ)ന്റെ ഭാര്യയാവട്ടെ അന്നത്തെ സ്വവര്‍ഗരതിക്കാരുടെ കൂടെ കൂടുകയും ലൂത്ത് നബി(അ)നെ ആദര്‍ശപരമായി വഞ്ചിക്കുകയും ചെയ്ത ആളായിരുന്നു. ലൂത്ത് നബി(അ)നെ കാണുവാന്‍ സദൂമിലേക്കു വന്ന മലക്കുകളെ അവര്‍ സുന്ദരന്മാരായ പുരുഷന്മാരുടെ രൂപത്തിലായിരുന്നതിനാല്‍ സ്വവര്‍ഗരതിക്കാര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തതും വിവരം ചോര്‍ത്തിക്കൊടുത്തതും ഈ ഭാര്യയായിരുന്നു എന്നാണ്. അല്ലാഹുവിന്റെ ശിക്ഷ രണ്ടുപേരെയും പിടികൂടിയത് ചരിത്രം പറയുന്നുണ്ട്. അല്ലാഹു പറയുന്നു: സത്യനിഷേധികള്‍ക്ക് ഉദാഹരണമായി അല്ലാഹു നൂഹ്(അ)ന്റെയും ലൂത്വിന്റെയും ഭാര്യമാരെ എടുത്തുകാണിക്കുന്നു. അവരിരുവരും സദ്‌വൃത്തരായ നമ്മുടെ രണ്ട് അടിമകളുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. അതിനാല്‍, അവരിരുവര്‍ക്കും അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തില്‍ ഭര്‍ത്താക്കന്മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു: നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില്‍ പ്രവേശിക്കുക. (സൂറത്തുത്തഹ്‌രീം: 10) ഇപ്രകാരംതന്നെ ഈജിപ്ത് ഭരിച്ചിരുന്ന രാജാവിന്റെ പത്‌നിയെ സൂറത്ത് യൂസഫില്‍ പെണ്ണ് എന്നാണു പറയുന്നത്: പട്ടണത്തിലെ ചില കുലീന മഹിളകള്‍ പറഞ്ഞു: അസീസിന്റെ പെണ്ണ് ഭൃത്യനെ പാട്ടിലാക്കാന്‍ ശ്രമിക്കുകയാണ്; പ്രേമം കൊണ്ട് അവന്‍ അവളുടെ മനം കവര്‍ന്നിരിക്കുന്നു. (സൂറത്ത് യൂസുഫ്: 30) അതിന്റെ കാരണം അവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല എന്നതാവാം എന്ന് ചരിത്രങ്ങളില്‍ അനുമാനമുണ്ട്. അല്ലെങ്കില്‍ അവര്‍ക്കിടയില്‍ മനപ്പൊരുത്തത്തിന്റെ കുറവും ഉണ്ടായേക്കാം. ഏതായിരുന്നാലും പരിപൂര്‍ണ അര്‍ത്ഥത്തിലുള്ള, പരസ്പരം മനസ്സുകള്‍ വിലയും പ്രാപിക്കുന്ന തരത്തിലുള്ള ബന്ധം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിട്ടില്ല എന്നതായിരിക്കാം ഇതിനു കാരണം. ഇവിടെ വിശുദ്ധ ഖുര്‍ആന്റെ പ്രയോഗത്തില്‍ മറ്റൊരു സന്ദേഹം സ്വാഭാവികമാണ്. അത് ഇമ്രാനിന്റെ ഭാര്യയെ കുറിച്ച് പെണ്ണ് എന്നാണല്ലോ ഖുര്‍ആന്‍ പ്രയോഗിക്കുന്നത്. അതേസമയം, ഇമ്രാനും അദ്ദേഹത്തിന്റെ പത്‌നി ഹന്നത്ത് ബീവിയും ഒരേ ആദര്‍ശക്കാരും പരസ്പരം മനപ്പൊരുത്തമുള്ളവരുമായിരുന്നു. അവര്‍ക്കാണെങ്കിലോ, മറിയം എന്ന കുഞ്ഞ് ജനിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, നേരത്തേ പറഞ്ഞ ആശയമനുസരിച്ച് ഇമ്രാന്റെ ഭാര്യയെ ഇണ എന്നുതന്നെയാണല്ലോ വിളിക്കേണ്ടത്. പക്ഷേ, എന്നിട്ടും പെണ്ണ് എന്ന് എന്തുകൊണ്ടാണ് വിളിച്ചിരിക്കുന്നത് എന്ന്. ഇതിന്റെ ഉത്തരം പരതുമ്പോള്‍ നാം എത്തിച്ചേരുക ഇമ്രാന്റെ മരണത്തിലാണ്. അതായത്, കുഞ്ഞ് ജനിക്കുന്നതിനു മുമ്പ് ഇമ്രാന്‍ മരണപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്രം. ഈ കുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദസിലേക്കു മാതാപിതാക്കള്‍ നേര്‍ച്ച ചെയ്തതായിരുന്നുവല്ലോ. അവിടെ ആരാണ് കുഞ്ഞിനെ സംരക്ഷിക്കുക എന്നത് ഒരു ചര്‍ച്ചാവിഷയം ആയതും അവസാനം നറുക്കെടുപ്പിലൂടെ സക്കരിയ നബി(അ) അത് ഏറ്റെടുത്തതും വിശുദ്ധ ഖുര്‍ആന്‍തന്നെ മറിയം സൂറത്തില്‍ പറയുന്നുണ്ട്. ഈ പറഞ്ഞുവരുന്ന വിഷയം അതിന്റെ പൂര്‍ണമായ ആശയം പ്രകടിപ്പിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന സംഭവം സക്കരിയ്യ നബി(അ)ന്റെ ചരിത്രമാണ്. ഇസ്രയേല്‍ സന്തതികളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്ന സകരിയ്യ നബി(അ) അവരുടെ പ്രധാന പുരോഹിതനായിരുന്നു. അദ്ദേഹത്തിനു മക്കള്‍ ഉണ്ടായിരുന്നില്ല. മക്കളില്ലാത്ത വിഷമം അദ്ദേഹത്തെ വല്ലാതെ അലട്ടിയപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന രംഗം ഖുര്‍ആനില്‍ കാണാം. അല്ലാഹു പറയുന്നു: അദ്ദേഹം ബോധിപ്പിച്ചു- നാഥാ, എന്റെ അസ്ഥികള്‍ ദുര്‍ബലമാവുകയും തല നരച്ചു വെളുത്തു തിളങ്ങുകയും ചെയ്തിരിക്കുന്നു. നിന്നോടു പ്രാര്‍ത്ഥന നടത്തിയിട്ട് ഇന്നോളം ഞാന്‍ ഭാഗ്യശൂന്യനായിട്ടില്ല നാഥാ. വഴിയെ വരാനുള്ള ബന്ധുക്കളെ കുറിച്ച് എനിക്കു പേടിയുണ്ട്. എന്റെ സഹധര്‍മിണിയാണെങ്കില്‍ വന്ധ്യയാണ്. അതിനാല്‍, നിന്റെയടുത്തുനിന്ന് എനിക്കും യഅ്ഖൂബ് കുടുംബത്തിനും അനന്തരാവകാശിയാകുന്ന ഒരു ബന്ധുവിനെ കനിഞ്ഞേകണേ! രക്ഷിതാവേ, അവനെ സര്‍വര്‍ക്കും സംതൃപ്തനാക്കുകയും ചെയ്യേണമേ! (12:6). ഇവിടെ അദ്ദേഹം ഇംറഅത്ത് അഥവാ പെണ്ണ് എന്നാണ് പ്രയോഗിക്കുന്നത്. അദ്ദേഹവും ഭാര്യയും പരിപൂര്‍ണമായും മനപ്പൊരുത്തമുള്ളവര്‍ തന്നെയായിരുന്നു. പക്ഷേ, അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. അത് അവരുടെ ജീവിതത്തിന് ഒരുതരം അപൂര്‍ണത ഉണ്ടാക്കി. മനസ്സില്‍ തട്ടിയുള്ള സകരിയ നബി(അ)ന്റെ ഈ പ്രാര്‍ത്ഥന അല്ലാഹു കേട്ടു. അതിനുള്ള ഉത്തരമായി അല്ലാഹു ചെയ്ത ദാനമായിരുന്നു യഹ്‌യാ നബി(അ). യഹ്‌യാ നബി(അ)ന്റെ ജനനത്തിനു ശേഷം പിന്നീട് സകരിയ നബി(അ)ന്റെ ഭാര്യയെ കുറിച്ച് പറയുന്നിടത്ത് സൗജ് എന്നാണ് പ്രയോഗിക്കുന്നത് എന്നു കാണാം. അല്ലാഹു പറയുന്നു: തന്റെ നാഥനോട് സകരിയ്യാ നബി (സന്താനത്തിനായി) ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും അനുസ്മരിക്കുക- എന്റെ രക്ഷിതാവേ, എന്നെ ഏകനാക്കി നീ വിടരുതേ; അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റം ഉദാത്തന്‍ നീയാണല്ലോ. തത്സമയം തനിക്കു നാം ഉത്തരം നല്‍കുകയും പുത്രന്‍ യഹ്‌യയെ കനിഞ്ഞേകുകയും അതിനു സഹധര്‍മിണിയെ യോഗ്യയാക്കുകയുമുണ്ടായി. നിശ്ചയം അവര്‍ ശ്രേഷ്ഠകര്‍മങ്ങള്‍ക്കു തത്രപ്പെടുകയും ആശിച്ചും ആശങ്കിച്ചും നമ്മോട് പ്രാര്‍ത്ഥിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നവരായിരുന്നു. (സൂറത്തുല്‍ അമ്പിയാഅ്: 89). ഇവിടെ അസ്‌ലഹല്ലാഹു സൗജഹു അതിന് അദ്ദേഹത്തിന്റെ സഹധര്‍മിണിയെ നാം യോഗ്യയാക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍ ഒരു പെണ്ണിനെ ശരിക്കും ഇണ എന്നു വിളിക്കുവാന്‍ യോഗ്യമാക്കുന്ന ചില ഘടകങ്ങള്‍ ഉെണ്ടന്നും അവ പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ സകരിയ്യ നബി(അ)ന്റെ ഭാര്യക്ക് ആദ്യം ഉണ്ടായിരുന്നില്ല എന്നും മകന്‍ ജനിച്ചതോടെ കൂടെ അത് ഉണ്ടായി എന്നും അതോടെ അവര്‍ സൗജ് എന്ന് വിളിക്കുവാന്‍ യോഗ്യയായി എന്നുമെല്ലാം ഇതില്‍നിന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.