Sunni Afkaar Weekly

Pages

Search

Search Previous Issue

ചിലന്തിയും ചിലതും...

ടി.എച്ച്. ദാരിമി
ചിലന്തിയും  ചിലതും...

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിനെ വിട്ട് മറ്റുപല സംരക്ഷകരെയും വരിച്ചവരുടെ ഉപമ വല നെയ്ത് ഗേഹമുണ്ടാക്കിയ എട്ടുകാലിയുടേതാണ്. ഏറ്റം ദുര്‍ബല ഭവനം എട്ടുകാലിയുടേതു തന്നെ. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നുവെങ്കില്‍...! (29:41) ഈ സൂക്തത്തിന്റെ നേരിട്ടുള്ള അര്‍ത്ഥവും ആശയവും ചിന്താര്‍ഹമാണ്. കാരണം, ഈ സൂക്തം പറയുന്നത് അല്ലാഹുവല്ലാത്ത അവന്റെ സൃഷ്ടികളില്‍പെട്ട എന്തിനെ സംരക്ഷകരായി വരിച്ചാലും അവരുടെ അല്ലെങ്കില്‍ അവയുടെ ഒന്നും സംരക്ഷണം ശക്തമോ കാര്യക്ഷമമോ ആവില്ല, അതു വളരെ ദുര്‍ബലമായ ഒരു സംരക്ഷണം മാത്രമായിരിക്കുമെന്നാണ്. സത്യത്തില്‍ ദുര്‍ബലമായ സംരക്ഷണമെന്നുതന്നെ പറയാന്‍ കഴിയില്ല. കാരണം, അതിനു വേണ്ടി ഉദാഹരിച്ചിരിക്കുന്നത് എട്ടുകാലി വലയെയാണ്. എട്ടുകാലി വല ഒരിക്കലും ഒരു വീടിന്റേതുപോലെയുള്ള ഒരു അഭയസ്ഥാനമാകുന്നില്ല. ഒരു വീടെന്നു പറയുമ്പോളത് അതില്‍ നിവസിക്കുന്ന ആള്‍ക്കാര്‍ക്ക് സുരക്ഷിതത്വവും അഭയവും നല്‍കുന്നതായിരിക്കും. അവരെ ശത്രുക്കളില്‍നിന്നും പ്രതികൂല കാലാവസ്ഥകളില്‍നിന്നുമെല്ലാം സംരക്ഷിക്കുന്നതുമായിരിക്കും. എന്നാല്‍, എട്ടുകാലിയുടെ വീട് വെറും ഒരു വലയാണ്. അതിന് മേല്‍ക്കൂരയോ കവാടമോ ചുമരുകളോ മറഞ്ഞിരിക്കുവാന്‍ കഴിയുന്ന സൗകര്യങ്ങളോ ഒട്ടുമില്ല. അപ്പോള്‍ ഈ ആയത്തിന്റെ നേരെ അര്‍ത്ഥം, തന്നെ സംരക്ഷിക്കുമെന്നു കരുതി അല്ലാഹുവല്ലാത്ത ആരെയെങ്കിലും അല്ലെങ്കില്‍, എന്തിനെയെങ്കിലും ഇലാഹായി വരിക്കുന്ന ആള്‍ക്കാര്‍ സത്യത്തില്‍ വീട് ഉള്ളവരോ സംരക്ഷിതരോ ഒന്നുമല്ല, മറിച്ച് അവര്‍ വെളിപ്പുറത്ത് കഴിയുന്നവരെ പോലെയാണ് എന്നായിത്തീരും. ഈ ഉദാഹരണം എത്രമാത്രം അടഞ്ഞതും അനുയോജ്യമായതുമാണെന്നത് ഈ ആയത്തിന്റെ വ്യക്തമായ അമാനുഷികതയാണ്. വീടല്ല, കെണി വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതകള്‍ക്ക് പൊതുവായ ചില പ്രത്യേകതകളുണ്ട്. അത് എന്താണെന്ന് വെച്ചാല്‍ ഒരു ആശയത്തിലോ ഒരു വിഷയത്തിലോ അമാനുഷികത അവസാനിക്കുകയില്ല എന്നതാണത്. ആ സൂക്തത്തിന്റെ അമാനുഷികത തെളിയിക്കുന്ന കാര്യങ്ങള്‍ ഒരു ശ്രേണിയിലേക്ക് വളരും. എന്നിട്ട് ഖുര്‍ആന്‍ പഠിക്കുന്നയാളെ ആ അമാനുഷികതകളുടെ ശ്രേണി കൈപിടിച്ചു കൊണ്ടുപോകും. അതോടെ മനുഷ്യബുദ്ധിയെ കീഴടക്കി ഖുര്‍ആന്‍ അവനെ പുണരുന്ന സാഹചര്യമുണ്ടായിത്തീരും. അഥവാ, ആ അമാനുഷികത മറ്റൊരുപാട് അമാനുഷികതകളിലേക്ക് വളരുന്നതായി നമുക്ക് കാണാം. ശ്രേണിയിലെ അമാനുഷികതകള്‍ പക്ഷേ, എല്ലാം ഒരേ സമയം ഒറ്റയടിക്ക് പ്രകടമാവുകയോ ഗ്രാഹ്യമാവുകയോ ചെയ്തുകൊള്ളണമെന്നില്ല. അതു മനുഷ്യന്റെ ബൗദ്ധിക വികാസത്തിനനുസൃതമായി കാലങ്ങളായി ഉണ്ടായിവരുന്നതായിരിക്കും. കാലത്തോടൊപ്പം വളരുന്ന ഈ സവിശേഷത ഖുര്‍ആന്റെ മറ്റൊരു പ്രത്യേകതയാണ്. അപ്പോഴാണ് ഖുര്‍ആന്‍ അന്ത്യനാള്‍വരെ ഉള്ള ഒരു അമാനുഷിക ഗ്രന്ഥമായി മാറുക. കാരണം, ലോകത്തോടൊപ്പം മനുഷ്യന്റെ അറിവും ബുദ്ധിയും ഗ്രാഹ്യ ശേഷിയുമെല്ലാം സഞ്ചരിക്കുകയും വളരുകയും ചെയ്യുകയാണ്. അപ്പോള്‍ അതിനോടൊപ്പം ഖുര്‍ആന്‍ വളര്‍ന്നുവന്നില്ലെങ്കില്‍ ഫലം ഖുര്‍ആന്‍ പഴഞ്ചനും അപ്രായോഗികവുമാണെന്ന് മുദ്രകുത്തെപ്പെടലായിരിക്കും. ഉദാഹരണമായി, തേനീച്ചയെ കുറിച്ച് സ്വഹാബിമാര്‍ അനുഭവിച്ച അമാനുഷികതയല്ല ഇന്ന് നാം അനുഭവിക്കുന്നത്. അവയുടെ ജീവിതത്തെ കുറിച്ച് ഇന്ന് നമ്മുടെ ലോകം കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്നാണ് നാമിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതിനുള്ള മറ്റൊരു ഉദാഹരണമാണ് നാം പറഞ്ഞുവരുന്ന എട്ടുകാലിയുടെ കാര്യവും. ഈ സൂക്തത്തിലെ അത്തരം ചിന്തോദ്ദീപകമായ ഒരു പ്രയോഗമാണ് എട്ടുകാലികളിലെ പെണ്ണുങ്ങളാണ് അവരുടെ വീടായ വല ഉണ്ടാക്കുന്നത് എന്നത്. എട്ടുകാലി എന്നതിന് അറബിയില്‍ പറയുന്ന വാക്ക് അന്‍കബൂത്ത്’എന്നാണ്. ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നത് ഈ വാക്കാണ്. ഈ വാക്ക് പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്നത് അറബി ഭാഷാ ഘടനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്കു പറയാന്‍ കഴിയാത്തതാണ്. ആ അഭിപ്രായവ്യത്യാസം ഭാഷാ പണ്ഡിതന്മാരും പ്രകടിപ്പിക്കുന്നുണ്ട്. ചിലര്‍ ഇത് പുല്ലിംഗമാണെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ സ്ത്രീലിംഗമാെണന്ന് പറയുന്നു. എന്നാല്‍, വിശുദ്ധ ഖുര്‍ആനിലെ പ്രയോഗത്തില്‍ അത് സ്ത്രീലിംഗം തന്നെയാണ് എന്നത് ഉറപ്പാണ്. കാരണം, അതിനു ശേഷമുള്ള ക്രിയാവാക്കില്‍ സ്ത്രീലിംഗമാണ് പ്രയോഗിച്ചിരിക്കുന്നത്. അങ്ങനെവരുമ്പോള്‍ ഈ പ്രയോഗത്തിന്റെ അര്‍ത്ഥം എട്ടുകാലികള്‍ വീടുണ്ടാക്കുമ്പോള്‍ അതുണ്ടാക്കുന്നത് അവയിലെ സ്ത്രീകള്‍ മാത്രമാണ് എന്നാകുന്നു. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് എട്ടുകാലി വലയുടെ നിര്‍മ്മാണമോ അതിന്റെ നിര്‍മ്മാതാവിന്റെ ലിംഗമോ സൂക്ഷ്മമായി നിരീക്ഷിക്കുവാനുള്ള ഒരു ശാസ്ത്രീയ സംവിധാനവും വികാസംപ്രാപിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, ജീവശാസ്ത്രം വളരുകയും ഓരോ ജീവിയും നിരീക്ഷണത്തിന്റെ ലെന്‍സിലെത്തുകയും ചെയ്തപ്പോള്‍ ഒരു വസ്തുത മനസ്സിലായി, അത്, വല കെട്ടുവാന്‍ വേണ്ട നൂല് ഉല്പാദിപ്പിക്കുന്നത് സ്ത്രീ എട്ടുകാലികള്‍ മാത്രമാണ് എന്നതാണ്. ഈ കാര്യം വിശുദ്ധ ഖുര്‍ആന്‍ നേരത്തേ പറഞ്ഞു വെച്ചു എന്ന് നമുക്ക് മനസ്സിലാക്കുമ്പോള്‍ അത് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു അമാനുഷികതയായി മാറുകയാണ്. നേരത്തേ പറഞ്ഞതുപോലെ ഈ അമാനുഷികത ഇവിടെനിന്ന് ഇനിയും ചുഴിഞ്ഞിറങ്ങുന്നുണ്ട്. കാരണം, വീടുണ്ടാക്കുന്നത് സ്ത്രീകളാെണന്നു പറയുമ്പോള്‍ എട്ടുകാലികളുടെ സമൂഹത്തിന് ഏതൊക്കെയോ അര്‍ത്ഥത്തിലുള്ള പെണ്‍കോയ്മയുെണ്ടന്നത് സൂചിപ്പിക്കപ്പെടുന്നുണ്ട്. അതിനെക്കുറിച്ച് വീണ്ടുമന്വേഷിക്കുമ്പോള്‍ നമ്മെ ചിന്തിപ്പിക്കുന്ന പല കാര്യങ്ങളും ബോധ്യമാകും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എട്ടുകാലികളുടെ ജീവിതത്തില്‍ കൈകാര്യകര്‍ത്താവായി പ്രവര്‍ത്തിക്കുന്നത് പെണ്ണുങ്ങളാണ് എന്നതാണ്. പെണ്‍ എട്ടുകാലികള്‍ മാത്രമാണ് സാധാരണഗതിയില്‍ വല നെയ്ത് വീടുണ്ടാക്കുന്നത്. നാം കാണുന്ന എട്ടുകാലി വലക്ക് ഉള്ളില്‍ കാണാറുള്ള ചിലന്തികള്‍ പെണ്‍ചിലന്തികളായിരിക്കും. ആണ്‍ചിലന്തികള്‍ സാധാരണഗതിയില്‍ ഇത്തരത്തില്‍ വല നെയ്തു വീടുണ്ടാക്കാറില്ലെന്നു മാത്രമല്ല, അത്തരം വലയില്‍ താമസിക്കാറുമില്ല. പലപ്പോഴും വലയിലല്ലാതെ നടന്നുപോകുന്ന ചിലന്തികളെ കാണാം. ഇവ ആണ്‍ചിലന്തികളായിരിക്കും. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയാണ് ആണ്‍എട്ടുകാലികള്‍. ഇര അന്വേഷിച്ചുകൊണ്ടും, ഇണതേടാന്‍ പെണ്‍ചിലന്തികളെ അന്വേഷിച്ചുകൊണ്ടും സദാ റോന്തുചുറ്റലാണ് ആണ്‍ചിലന്തികളുടെ പണി. വല നെയ്ത് അതു വിരിച്ച് ഇരയെയും കാത്തിരിക്കുക മാത്രമല്ല പെണ്‍ ചിലന്തികള്‍ ചെയ്യുന്നത്, അവ തെല്ല് കാര്‍ക്കശ്യത്തോടെ അവരുടെ ലോകം ഭരിക്കുകതന്നെ ചെയ്യുന്നുണ്ട്. കണ്ടാല്‍ ഫാഷിസ്റ്റ് ഭരണമാണെന്നു തോന്നും. കാരണം, വലയില്‍ ആര് കുടുങ്ങിയാലും അത് ഈ കൊച്ചമ്മക്കുള്ളതാണ്. ഏതു പ്രാണി വന്ന് കുടുങ്ങിയാലും അവള്‍ അത് ഭക്ഷിക്കും. അക്കാര്യത്തിലുള്ള ഏറ്റവും വിചിത്രമായ ഒരു സംഗതി, ഒരു ആണ്‍ ചിലന്തിയെങ്ങാനും വലയില്‍ വന്നു കുടുങ്ങിയാല്‍ അവനെയും അവള്‍ ശാപ്പിട്ടു കളയും എന്നതാണ്. ഇക്കാര്യത്തില്‍ തികച്ചും വിചിത്രമായ ഒരു സമൂഹമാണ് ചിലന്തികള്‍. കാരണം, പ്രസവിച്ച അമ്മ സ്വന്തം കുഞ്ഞിനെ പോലും തിന്നുന്ന പ്രകൃതമാണ് അവയുടേത്. അവരുടെ സമൂഹത്തില്‍ എത്ര ആദരിക്കപ്പെടുന്ന ആളാണെങ്കിലും തനിക്കു ഭക്ഷണം ആവശ്യമായിവന്നാല്‍ ഏത് ആണിനെയും പിടിച്ചുതിന്നുന്ന പ്രകൃതമാണ് അവരുടെ പെണ്ണുങ്ങളുടേത്. പെണ്‍ചിലന്തിയെ തിരഞ്ഞുകൊണ്ട് ഇണചേരാനായി ആണ്‍ചിലന്തി പെണ്‍ചിലന്തിയുടെ വലയിലേക്ക് അവളെ തേടിവരും. ഇണചേര്‍ന്നു കഴിഞ്ഞാല്‍ പലപ്പോഴും ആണ്‍ചിലന്തി അതോടെ ചത്തുപോകും. പെണ്‍ചിലന്തി ആണ്‍ചിലന്തിയെ കൊന്ന്, തിന്നുകളയുകയാണ് ചെയ്യുന്നത് എന്നാണ് പൊതുഅറിവ്. പെണ്‍ചിലന്തിയുടെ ഭക്ഷണവും മുട്ടയിടലും കുഞ്ഞുങ്ങളെ വളര്‍ത്തലുമൊക്കെ ഈ വല വീട്ടില്‍തന്നെയാണ്. വീട് വിട്ടൊരു കളി പെണ്‍ ചിലന്തിക്കില്ല. ഇപ്പോള്‍ ഈ സമീപകാലത്ത് ഈ വിഷയത്തില്‍ വിചിത്രമായ ചില കാര്യങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അത് ആണ്‍ചിലന്തികള്‍ അതിജീവനത്തിനായി ചില പോരാട്ടങ്ങള്‍ നടത്തുന്നുണ്ട് എന്നതാണ്. പെണ്‍ ചിലന്തികളുമായി മല്‍പ്പിടുത്തം നടത്താന്‍ ഒന്നും ആണ്‍ചിലന്തികള്‍ക്ക് കഴിയില്ല. അതിനാല്‍ അവരുടെ പോരാട്ടം ബുദ്ധിപരമാണ്. അതായത്, ശക്തിയും ആരോഗ്യവുമുള്ള പെണ്‍ ചിലന്തികളെ മാറ്റിനിര്‍ത്തി ചെറുപ്രായക്കാരായ, തങ്ങളെ കൊല്ലാന്‍മാത്രം കഴിവില്ലാത്തവരായ യുവതി ചിലന്തികളെ മാത്രം ലൈംഗികതയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തി രക്ഷപ്പെടുക എന്നതാണ് അത്. ഓസ്‌ട്രേലിയയിലെ ചില ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണത്തിലാണ് കൗതുകകരമായ ഈ കണ്ടെത്തല്‍. ഈ കണ്ടെത്തലും നേരത്തേ നാം പറഞ്ഞ പെണ്‍കോയ്മയെ ഉറപ്പിക്കുന്നുണ്ട്. മറ്റുചില വസ്തുതകളും ചിലന്തിപ്പെണ്ണുങ്ങള്‍ക്കുണ്ട്. ഒട്ടുമിക്ക ചിലന്തി സ്പീഷീസുകളിലും പെണ്‍ ആണിനെക്കാള്‍ വളരെ വലുതാണ് എന്നതാണ് അതിലൊന്ന്. സ്ത്രീയുടെ കൈകള്‍ കുറച്ചുകൂടി വലുതാണ് എന്നത് മറ്റൊന്ന്. പെണ്‍ ചിലന്തികള്‍ക്ക് വിഷം കൂടുതലാണ് എന്നതും ഇതിലേക്ക് ചേര്‍ത്തുവായിക്കാവുന്ന മറ്റൊന്നാണ്. പെണ്‍ചിലന്തികള്‍ അവരുടെ വലകള്‍ ഉപേക്ഷിക്കാത്തതിനാല്‍, അവയുടെ കൂടുകള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ വിഷം ആവശ്യമാണെന്നതിനാലാവും ഇത് എന്ന് വിശ്വസിക്കപ്പെടുന്നു. ആയുര്‍രേഖയിലും ചിലന്തികളില്‍ പെണ്ണുങ്ങളാണ് മുന്നില്‍. അവളാണ് വീടുവല ഉണ്ടാക്കുന്നത് എന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുമ്പോള്‍ അതു നമ്മെ കൊണ്ടുപോകുന്ന ചിന്താതലങ്ങളാണിവ.